Wednesday, November 13, 2024

ad

Homeസംസ്ഥാനങ്ങളിലൂടെബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ ത്രിപുരയിൽ പ്രതിഷേധം

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ ത്രിപുരയിൽ പ്രതിഷേധം

ഷുവജിത്ത്‌ സർക്കാർ

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ ത്രിപുരയിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ വമ്പിച്ച ബഹുജനറാലി സംഘടിപ്പിച്ചു. വിവിധ മത‐സമുദായങ്ങളിൽനിന്നുള്ള ആയിരക്കണക്കിനുപേർ ഒത്തുകൂടി, ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആവർത്തിച്ചുള്ള അക്രമസംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. ദുർബലവിഭാഗങ്ങളുടെ സംരക്ഷണവും അവർക്ക്‌ നീതിയും ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങൾക്കൊപ്പം, അവർക്കെതിരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളെ അപലപിക്കുന്നതിലുള്ള ഐക്യവും മാർച്ചിൽ പ്രകടമായി.

സിപിഐ എമ്മിന്റെ പ്രമുഖ നേതാക്കൾ നേതൃത്വം നൽകിയ റാലിയിൽ തൊഴിലാളികൾ, വിദ്യാർഥികൾ, ആക്ടിവിസ്റ്റുകൾ, ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽനിന്നുമുള്ള വിപുലമായ പങ്കാളിത്തമുണ്ടായി. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കുമേൽ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ടും വളർന്നുകൊണ്ടിരിക്കുന്ന അസ്വസ്ഥതകൾക്ക്‌ പരിഹാരം നേരിടുന്നതിന്‌ അടിയന്തര നടപടികൾ ബംഗ്ലാദേശ്‌ ഗവൺമെന്റ്‌ കൈക്കൊള്ളണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുമുള്ള ബാനർ റാലിയിൽ പങ്കെടുത്തവർ ഉയർത്തി. പ്രതിഷേധമാർച്ചിനെ തുടർന്ന്‌ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ മണിക്‌ സർക്കാർ ബംഗ്ലാദേശിൽ നടക്കുന്ന അതിക്രമങ്ങളിൽ പ്രത്യേകിച്ച്‌ അവിടത്തെ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ അതിയായ ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നത്‌ ബംഗ്ലാദേശിൽ ഭൂരിപക്ഷസമുദായത്തിന്റെ ഉത്തരവാദിത്തമാണെന്ന്‌ അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഈ ആക്രമണങ്ങൾക്കുനേരെ ബംഗ്ലാദേശിലെ കാവൽ മന്ത്രിസഭയ്‌ക്ക്‌ ഇനിയും നിശബ്ദമായി തുടരാനാവില്ല; അടിയന്തരവും ശക്തവുമായ നടപടി ഭരണകൂടത്തിൽനിന്ന്‌ ഉണ്ടാകണം‐ അദ്ദേഹം ആവശ്യപ്പെട്ടു. അക്രമവും വർഗീയാതിക്രമങ്ങളും ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാന ഘടനയെത്തന്നെ തകർക്കും. ബംഗ്ലാദേശിലെ വലിയ ജനവിഭാഗം ഈ അനീതിക്കും അസഹിഷ്‌ണുതയ്‌ക്കുമെതിരെ നിലകൊള്ളേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ മണിക്‌ സർക്കാർ എടുത്തുകാട്ടി. പ്രത്യേകിച്ച്‌ ഇരു രാജ്യങ്ങളും പങ്കിട്ട സാംസ്‌കാരിക പൈതൃകത്തിലേക്കും മതനിരപേക്ഷ മൂല്യങ്ങളിലേക്കുമത്‌ വിരൽചൂണ്ടുന്നു. എല്ലാ വിശ്വാസങ്ങളിലുംപെട്ടവർക്കും സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു ബഹുസ്വരസമൂഹത്തെ വിഭാവനം ചെയ്‌ത, ബംഗ്ലാദേശിന്റെ സ്ഥാപകനേതാവ്‌ ഷെയ്‌ക്‌ മുജീബുർ റഹ്‌മാന്റെ ആദർശങ്ങൾ അനുസ്‌മരിച്ചുകൊണ്ട്‌ എല്ലാ ഭിന്നതകൾക്കുമതീതമായി ഉയരണമെന്ന്‌ അദ്ദേഹം ബംഗ്ലാദേശിലെ ജനങ്ങളോട്‌ അഭ്യർഥിച്ചു. ‘‘1971ലെ ആ ഊർജം വിസ്‌മരിക്കാനാവില്ല. മതനിരപേക്ഷവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ബംഗ്ലാദേശിനായി ജനങ്ങൾ നൽകിയ ത്യാഗങ്ങൾ നാം ഓർക്കണം’’‐ ബംഗ്ലാദേശിന്റെ വിമോചനപോരാട്ടത്തെ പരാമർശിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി, വർഗീയസംഘങ്ങൾ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ വർധിച്ചുവരുന്നതിന്‌ ബംഗ്ലാദേശ്‌ സാക്ഷ്യം വഹിച്ചു. മതന്യൂനപങ്ങൾക്കെതിരായ പ്രത്യേകിച്ച്‌ ഹിന്ദുക്കൾക്ക്‌ നേരെയുള്ള ആക്രമണങ്ങൾ രാജ്യത്തിനകത്തും അതിർത്തിക്കപ്പുറവും ആശങ്ക ഉയർത്തിയിട്ടുണ്ട്‌.

ബംഗ്ലാദേശിന്‌ ത്രിപുരയുമായുള്ള ഭൂമിശാസ്‌ത്രപരമായ സാമീപ്യവും സാംസ്‌കാരികമായ ബന്ധവും കണക്കിലെടുക്കുമ്പോൾ അവിടത്തെ സംഭവവികാസങ്ങൾ സംസ്ഥാനത്തെ ജനങ്ങളിൽ ശക്തമായി പ്രതിഫലിച്ചിട്ടുണ്ട്‌. റാലിയിൽ പങ്കെടുത്തവർ തങ്ങളുടെ പ്രസംഗങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും മേഖലയിൽ ഐക്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ അടിവരയിട്ടു. വർഗീയകലാപം ഈ ഉപഭൂഖണ്ഡത്തെയാകെ അസ്ഥിരപ്പെടുത്തുമെന്നും അവർ ഊന്നിപ്പറയുകയുണ്ടായി.

തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിന്‌ ബംഗ്ലാദേശിനുമേൽ അന്താരാഷ്‌ട്രതലത്തിൽ സമ്മർദം ചെലുത്തേണ്ടതിന്റെ അനിവാര്യത പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്ത സിപിഐ എം നേതാക്കൾ ആവർത്തിച്ചു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉയർത്തിപ്പിടിക്കുന്നുവെന്ന്‌ ഉറപ്പാക്കാനും ഈ വിഷയത്തിൽ ഇടപെടാനും ആഗോള മനുഷ്യാവകാശസംഘടനകളോടും ഐക്യരാഷ്‌ട്രസഭയോടും സിപിഐ എം അഭ്യർഥിച്ചു. ‘‘ഈ ഘട്ടത്തിൽ അന്താരാഷ്‌ട്ര ഐക്യദാർഢ്യം നിർണായകമാണ്‌’’ എന്നും ‘‘ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്‌ട്ര നിയമത്തിനു കീഴിലുള്ള പ്രതിബദ്ധതയെപ്പറ്റി ബംഗ്ലാദേശിനെ ഓർമിപ്പിക്കണമെന്നും’’ റാലിയിൽ പങ്കെടുത്തവരിൽ ചിലർ പറയുകയുണ്ടായി.

വിവിധ വിദ്യാർഥി, തൊഴിലാളി യൂണിയനുകളിൽ നിന്നുള്ള അംഗങ്ങളുടെ വലിയ പങ്കാളിത്തം ഈ വിഷയത്തിൽ വ്യാപകമായുള്ള ആശങ്കയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. മനുഷ്യാവകാശങ്ങളും സാമുദായിക സൗഹാർദവും സംരക്ഷിക്കപ്പെടുന്നുവെന്ന്‌ ഉറപ്പാക്കിക്കൊണ്ട്‌ ഈ വിഷയത്തിൽ ഇടപെടുന്നതിന്‌ ഇന്ത്യാ ഗവൺമെന്റിന്റെ നയതന്ത്രശ്രമങ്ങൾ ശക്തമാക്കണമെന്ന്‌ റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. അഗർത്തലയിലെ ബഹുജന പ്രതിഷേധം കേവലം ഐക്യദാർഢ്യപ്രകടനം മാത്രമല്ല ബംഗ്ലാദേശിലെ അധികാരികൾക്കുള്ള വ്യക്തമായ സന്ദേശം കൂടിയാണ്‌. സാമുദായിക സൗഹാർദത്തിന്റെ സമ്പന്നമായ ചരിത്രമുള്ള ത്രിപുരയിൽനിന്നുയർന്ന, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന ആഹ്വാനം ആഴത്തിൽ മാറ്റൊലിക്കൊണ്ടു. അതിർത്തിക്കപ്പുറമുള്ള ഏത്‌ അതിക്രമവും ഇന്ത്യയിലെ, പ്രത്യേകിച്ച്‌ ത്രിപുര പോലുള്ള സംസ്ഥാനങ്ങളില സാമൂഹ്യ‐രാഷ്‌ട്രീയ സുസ്ഥിരതയിൽ അനുരണനങ്ങളുണ്ടാക്കുമെന്ന്‌ മണിക്‌ സർക്കാരിനെ പോലുള്ള ഇടത്‌ നേതാക്കൾ ഊന്നിപ്പറയുകയുണ്ടായി.

അനീതിക്കെതിരെ ശക്തമായി നിലകൊള്ളുമെന്നും അതിർത്തികൾക്കതീതമായി എല്ലാ ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞയോടെയാണ്‌ റാലി സമാപിച്ചത്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − 11 =

Most Popular