Wednesday, November 13, 2024

ad

Homeപുസ്തകംഒരു ഇന്ത്യൻ കുട്ടിയുടെ അനുഭവകഥ

ഒരു ഇന്ത്യൻ കുട്ടിയുടെ അനുഭവകഥ

പി ടി രാഹേഷ്

രു മനുഷ്യന്റെ ജീവിതാനുഭവങ്ങളുടെ ആകെ തുകയാണ് പലപ്പോഴും ആത്മകഥയായി മാറുന്നത്. ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് മിക്കവാറും ആത്മകഥകൾ എഴുതപ്പെടാറുള്ളത്. ഒരു കുട്ടിയുടെ ബാല്യകാലാനുഭവങ്ങളിൽനിന്ന് രൂപപ്പെട്ട ആത്മകഥയേക്കാൾ തീഷ്ണമായ ജീവിതകഥയാണ് ‘ഒരു ഇന്ത്യൻ കുട്ടിയുടെ അനുഭവകഥ’ എന്ന പുസ്തകം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കുട്ടികൾ പങ്കെടുത്തിരുന്നോ എന്ന ചോദ്യം ഞങ്ങൾ കുട്ടികൾക്കിടയിൽ ചോദിക്കാറുണ്ട്. ചെറുപ്രായത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഈ ചൂളയിലേക്ക് ചാടിവീണ ഭഗത് സിങ്ങിനേയും, ഉദ്ദം സിംഗിനേയും, ചന്ദ്രശേഖരർ ആസാദിനെയുമെല്ലാം ചരിത്രത്തിലെ ഉശിരുള്ള കുട്ടികളായി പരിചയപ്പെടുത്താറുമുണ്ട്. ഉപ്പുസത്യാഗ്രഹത്തിലെ ജയലക്ഷ്മിയും, കയ്യൂർ സമരത്തിലെ ചൂരിക്കോടൻ കൃഷ്ണൻനായരും, പുന്നപ്ര വയലാർ സമരത്തിലെ അനഘാശയനും, കേരളത്തിന്റെ സ്വാതന്ത്രസമര ചരിത്രത്തിലെ പോരാളികളായ കുട്ടികളാണ്. സ്വതന്ത്ര ഇന്ത്യയിൽ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ ഒരു കുട്ടിയുടെ ആത്മകഥയാണ് ഈ പുസ്തകം പറയുന്നത്. ഇത്രയേറെ സംഘർഷഭരിതവും, ഭീകരതയും നിറഞ്ഞ ബാല്യം ഏതെങ്കിലുമൊരു ഇന്ത്യൻ കുട്ടിക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ടാകുമോ എന്നത്‌ ഓരോ വായനക്കാരനും പുസ്തകം വായിക്കുമ്പോൾ തോന്നുക സ്വാഭാവികം. അടിയന്തരാവസ്ഥയുടെ ഇരുട്ട് ഇന്ത്യയാകെ പടർന്നപ്പോൾ ഇരുളിന്റെ മറവിൽ സംഭവിച്ച പലതും ഇപ്പോഴും പുറത്തുവന്നിട്ടില്ല. കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും അടിയന്തരാവസ്ഥക്കാലത്തെ പോരാളികൾ നമ്മോട് പറഞ്ഞിട്ടുണ്ട്. പുറത്തുവരാത്ത അനേകം കഥകളിലെ അധികമാരുമറിയാത്ത ഒരേട് പുറത്തുകൊണ്ടുവരികയാണ് ടി. ഗോപി എഴുതിയ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്. ലളിതമായി വായിക്കാനാവുമെങ്കിലും, അത്ര ലളിതമായി ഉൾകൊള്ളാനാവാത്ത ഉള്ളടക്കമാണ് പുസ്തകത്തിലുള്ളത്.

നക്സലൈറ്റ് മുദ്രകുത്തപ്പെട്ട് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത പ്രായത്തിൽ വേട്ടയാടപ്പെട്ട ഒരു കുട്ടിയായ അപ്പുവിന്റെ കഥ ഉള്ളു കലങ്ങിയും, കണ്ണുനിറഞ്ഞുമല്ലാതെ നമുക്ക് വായിച്ചു തീർക്കാനാവില്ല. സ്വന്തം നാട്ടിൽനിന്ന് ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് പലായനം ചെയ്യപ്പെടേണ്ടി വരികയും, ബാലവേലയും, അടിമ ജീവിതവും നയിക്കേണ്ടിവരികയും ചെയ്ത അപ്പു നമ്മോട് പറയുന്നത് സ്വതന്ത്ര ഇന്ത്യയിലെ ഒരു കാലഘട്ടത്തിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങൾ കൂടിയാണ്. ഭരണകൂടഭീകരത വിടാതെ പിന്തുടരുകയും, തല്ലിച്ചതയ്‌ക്കുകയും ചെയ്ത ഒരു കുട്ടിയെ വായിക്കുമ്പോൾ ഫാസിസത്തിന്റെ ക്രൂരമുഖം കൂടിയാണ് നമുക്ക് വ്യക്തമാവുക. രക്ഷപ്പെട്ടുവെന്ന് കരുതുന്ന ഓരോ ഘട്ടത്തിലും വീണ്ടുംവീണ്ടും വിടാതെ പിന്തുടർന്നെത്തുന്ന ക്രൂരത ഒരു കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർചിത്രമാണ് വരച്ചുകാട്ടുന്നത്. മിടുക്കനായ ഒരു കുട്ടിയെ സംശയങ്ങളുടെ പേരിൽ തല്ലിച്ചതയ്‌ക്കുകയും ജയിലിലടയ്‌ക്കുകയ്യും ചെയ്യുന്ന സന്ദർഭങ്ങൾ വായനക്കിടയിൽ ഒരു സിനിമാക്കഥപോലെ തോന്നിയേക്കാം. എത്രയോ വർഷങ്ങൾ ജീവിതത്തിന്റെ പച്ചപ്പിൽനിന്നും അടർത്തിമാറ്റപ്പെട്ടപ്പോഴും, തളരാതെ ഒറ്റയ്ക്ക് പോരാടിയ ഒരു കുട്ടിയാണ് അപ്പു. നമുക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത തരത്തിലുള്ള ദുരനുഭവങ്ങൾ ഏറ്റുവാങ്ങി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചുവരിൽ ചോര കൊണ്ടെഴുതിച്ചേർത്ത പേരായി അപ്പുവിനെ നമുക്ക് വായിച്ചെടുക്കാനാവും. വർഗീയതയും, അടിയന്തരാവസ്ഥയും നക്സലിസവും കെട്ടുപിണഞ്ഞു കിടക്കുന്ന നാൾവഴിയിലൂടെ നടന്നുപോകാനാണ് അപ്പുവിന്റെ ജീവിതകഥ നമ്മെ സഹായിക്കുന്നത്. സ്നേഹത്തിലും ഐക്യത്തിലും കഴിയുന്ന, ഭൂരിപക്ഷം തൊഴിലാളികകളുള്ള ഒരു ദേശത്തെ ജാതിമത സ്പർദ്ധ സൃഷ്ടിച്ചുകൊണ്ട് കൊലപാതങ്ങളിലേക്കും പിന്നീട് വർഗീയകലാപത്തിലേക്കും നയിച്ച ദുരവസ്ഥയാണ് ഒരു കുട്ടിയുടെ ജീവിതം ഇത്രമേൽ ദുസ്സഹമാക്കിയത്. ജനാധിപത്യത്തിന്റെ ശവപ്പറമ്പായ അടിയന്തരാവസ്ഥയിൽ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും കൂച്ചുവിലങ്ങിടുന്ന അതി പൈശാചികമായ ഒരു ഭരണസംവിധാനത്തെണ് നാം കണ്ടത്. രാജ്യത്താകമാനം ജനാധിപത്യം കശാപ്പുചെയ്യപ്പെടുകയും, പ്രതിപക്ഷ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യുകയും, തടവിലടക്കുകയും ചെയ്തു. കേരളത്തിൽ ജനപ്രതിനിധികളെയടക്കം മർദിക്കുകയും ജയിലിലടക്കുകയും ചെയ്തു. രാജൻ കൊലക്കേസ് അടിയന്തരാവസ്ഥയുടെ ഇരുണ്ട അടയാളമായി നമ്മുടെയെല്ലാം മനസ്സിലുണ്ട്. വാർത്തകൾ പുറത്തുവരാതിരിക്കാൻ പത്രങ്ങളുടെ വായ മൂടിക്കെട്ടിയതും അടിയന്തരാവസ്ഥയുടെ ഭീകരമുഖം തന്നെയാണ്. ഇക്കാലത്തിനിടയിൽ തന്നെയാണ് ജീവിതത്തിന്റെ നൂൽപ്പാലത്തിലൂടെ കടന്നുപോയ അപ്പുവിന്റെ കഥയും സംഭവിക്കുന്നത്.

നമ്മൾ അറിയേണ്ടതും, നമ്മൾ അറിയാത്തതുമായ ഒരാളെ പരിചയപ്പെടുത്താനാണ് ഈ നോവൽ ശ്രമിക്കുന്നതെങ്കിലും, ഒരു കാലത്തെ അടയാളപ്പെടുത്താനുള്ള ചരിത്രപുസ്തകമായും ഈ കഥ മാറുന്നുണ്ട്. ഒരു കുട്ടിയുടെ ചോരകിനിയുന്ന അനുഭവങ്ങൾ വായിക്കുമ്പോൾ ഭരണകൂടഭീകരതയുടെ നെറികേടിനെതിരെ പൊരുതാൻ ഓരോരുത്തരെയും വിദ്യാഭ്യാസവൽക്കരിക്കുക കൂടിയാണ് ഈ പുസ്തകം ചെയ്യുന്നത്. ഓരോ നാട്ടിലും പൊട്ടിപ്പുറപ്പെടുന്ന കലാപങ്ങൾ ആ നാട്ടിലെ കുട്ടികളെ എങ്ങനെയാണ് സ്വാധീനിക്കുകയെന്നും, അടിയന്തരാവസ്ഥ ഇന്ത്യയിലെ ഒരു കുട്ടിയുടെ ജീവിതത്തിൽ പോലും എത്രമാത്രമാണ് മുറിവേൽപ്പിച്ചതെന്നു തിരിച്ചറിയാനുള്ള രേഖ കൂടിയാണ് ഈ പുസ്തകം. സ്വതന്ത്ര ഇന്ത്യയിൽ പോലീസ് ഭീകരത അപ്പുവിന്റെ കുടുംബത്തെയും, സൗഹൃദങ്ങളെയും മൃഗീയമായി തച്ചുതകർക്കുന്നത് നമുക്ക് കാണാനാവും. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ പലയിടത്തും നടന്ന കൊലപാതകങ്ങൾ കേരളത്തിലെ ഒരു കുട്ടിയുടെ തലയിൽ കെട്ടിവയ്ക്കുന്നത് എങ്ങനെയെന്നും നമുക്കിവിടെ കാണാം. ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർത്തിയ ഒരു ജനത ഏകാധിപത്യത്തിനും ഫാസിസത്തിനുമെതിരായി സൃഷ്ടിച്ചെടുത്ത പോരാട്ടവീര്യം തന്നെയാണ് അപ്പുവിനേയും മരണമുഖങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. വർഗീയകലാപങ്ങൾ നടത്തി മുതലെടുപ്പ് നടത്തുന്നവരെയും, മതമൈത്രിക്ക് തുരങ്കംവെക്കുന്നവരെയും, ജനാധിപത്യധ്വംസനം നടത്തുന്നവരെയും തിരിച്ചറിയാനും, ജനങ്ങളുടെ സ്വാതന്ത്ര്യം അപഹരിക്കുകയും, ജനങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന മർദ്ദക ഭരണകൂടങ്ങളെ അടിയറവ് പറയിക്കാനും സമൂഹത്തിൽ ഒത്തൊരുമയും മൈത്രിയുമാണ് വേണ്ടതെന്ന സന്ദേശം നൽകിക്കൊണ്ട് കൂടിയാണ് അപ്പുവിന്റെ കഥ അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഇന്ത്യൻ കുട്ടിയുടെ അനുഭവകഥ നമ്മുടെ രാജ്യത്തെ സമകാലിക രാഷ്ട്രീയത്തിലും പ്രസക്തമാണ്. സ്വേഛാദിപത്യത്തിനെതിരെ പൊരുതി നിൽക്കാനും, ഭരണകൂട ഭീകരതയെ പ്രതിരോധിക്കാനുമുള്ള ഒരു പാഠപുസ്തകം കൂടിയാണ്. കുട്ടികൾക്കിണങ്ങിയ ഒരു നാടായി നമ്മുടെ രാജ്യത്തെ രൂപപ്പെടുത്താനുള്ള ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അപ്പുവിന്റെ കഥ നമുക്കെല്ലാം പ്രചോദനം നൽകുന്നതാണ്. കരുത്തും, കരളുറപ്പമുള്ള കുട്ടികളായി മാറാൻ ഓരോ കുട്ടിക്കും വായിക്കാനായി നൽകാവുന്ന സമാനതകളില്ലാത്ത ജീവിതാനുഭവങ്ങളുടെ ചോരയും കണ്ണീരും കിനിയുന്ന ഒരു കുട്ടിയുടെ ബാല്യകഥ നാമാരും വായിക്കാതെ പോകരുത്. നാമിതുവരെ വായിച്ച ബാല്യകാലസ്മരണകളിൽ നിന്ന് വ്യത്യസ്തമായി ഞെട്ടലോടു കൂടിയല്ലാതെ വായിച്ചുതീർക്കാൻ കഴിയാത്ത, കളിച്ച് നടക്കേണ്ട പ്രായത്തിൽ ഒരു കുട്ടി അനുഭവിച്ചുതീർത്ത പൊള്ളുന്ന ജീവിതകഥ ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിൽ വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 1 =

Most Popular