തിരുവനന്തപുരത്തിന്റെ തെക്ക് കിഴക്കായി പ്രകൃതി അനുഗ്രഹിച്ച ഗ്രാമം ആണ് അമ്പൂരി. വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട പ്രദേശം. എന്നാൽ അവിടെയുള്ള ഹരിതകർമസേനാംഗങ്ങൾക്ക് ജീവിതം അത്ര സുന്ദരമല്ല. അമ്പൂരി ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളിൽപ്പെട്ട തൊട്ടുമലയിലും കൊമ്പയിലും മറ്റും ഇവർ മാലിന്യം ശേഖരിക്കാൻ പോകുന്നത് സാഹസികമായാണ്. ആനയെയും കാട്ടുപന്നിയെയും പാമ്പിനെയും ആണ് അവർക്ക് നേരിടേണ്ടി വരുന്നത്. 26 സ്ത്രീകളും ഒരു പുരുഷനുമാണ് ഹരിതകർമസേനയിൽ ഉള്ളത്. കാട്ടിനുള്ളിൽ ഊരുകളിൽ പോയി മാലിന്യം ശേഖരിക്കുമ്പോൾ കിലോമീറ്ററുകൾ ദിവസവും നടക്കേണ്ടി വരുന്നു. ഒരു വീട് കുന്നിന്റെ മുകളിൽ ആണെങ്കിൽ മറ്റൊരു വീട് കുന്നിന്റെ താഴെയാകും. കൊമ്പയിലാണ് രണ്ടു വര്ഷം മുൻപ് ഒരു 12 വയസ്സുള്ള പെൺകുട്ടിയെ ആന കുത്തിക്കൊന്നത്. കാട്ടിനുള്ളിൽ പോകുമ്പോൾ വിഡിയോകോളിലൂടെയും മറ്റും അവർ തന്നെ വിളിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി സിന്ധു റെജി പറഞ്ഞു. കാടിനുള്ളിലേക്ക് പുറത്തുള്ളവർക്ക് പോകാൻ പ്രത്യേക അനുമതി വേണ്ടതു കൊണ്ട് വേറെയാർക്കും പോകാൻ കഴിയില്ല. പലവീട്ടുകാരും ഇപ്പോഴും മാലിന്യനിർമാർജനം എന്ന പ്രശ്നത്തെ ഗൗരവത്തിൽ എടുത്തിട്ടില്ല. അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ചുമതലയും ഹരിതകർമ്മസേനയ്‌ക്കുണ്ട്. അത് അമ്പൂരിയുടെ മാത്രം പ്രശ്നമല്ല. തിരുവനന്തപുരം നഗരത്തിൽ പോലും ചിലർ മാലിന്യനിർമാർജനത്തിനു പ്രാധാന്യം നൽകുന്നില്ലെന്ന് ഹരിതകർമസേനക്കാർ പറയുന്നു.
തൈക്കാട് ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ സംസ്ഥാന വനിതാ കമ്മീഷൻ നടത്തിയ യോഗത്തിലാണ് തിരുവനന്തപുരം ജില്ലയിലെ ഹരിതകർമ സേനയിലെ അംഗങ്ങൾ തങ്ങളുടെ ജീവിതം തുറന്നു പറഞ്ഞത്. വിവിധ തൊഴിൽമേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുമായി വനിതാ കമ്മീഷൻ നടത്തി വരുന്ന പബ്ലിക് ഹിയറിങ് പരിപാടിയുടെ ഭാഗമായാണ് ഹരിതകർമ്മസേനയിലെ അംഗങ്ങൾക്ക് തുറന്നു പറയാൻ അവസരം നൽകിയത്.
കേരള സർക്കാർ നടപ്പാക്കുന്ന ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2017ലാണ് ഹരിത കർമ്മസേനയുടെ രൂപീകരണം നടന്നത് . സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർ ഫീ ഈടാക്കി ഹരിതകർമ്മസേന അംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വൃത്തിയാക്കിയ അജൈവ മാലിന്യങ്ങളും ചില സന്ദർഭങ്ങളിൽ ജൈവ മാലിന്യങ്ങളും വാതിൽപടി ശേഖരണം നടത്തുന്നു. കൃത്യമായ ഇടവേളകളിൽ ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ മെറ്റീരിയൽ ശേഖരണ കേന്ദ്രത്തിൽ എത്തിക്കുന്നു. ഇവിടെനിന്ന് മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലേക്ക് അയക്കുന്നു. അവ പുനരുപയോഗത്തിനോ പുനരുൽപ്പാദനത്തിനോ വേണ്ടി കൈമാറുന്നു. ശരാശരി 50 വീടുകളിൽ എങ്കിലും ഒരാൾ മാലിന്യ ശേഖരണത്തിനായി കയറേണ്ടി വരും. മാലിന്യമുക്തകേരളത്തിനായി തൊഴിൽസംരംഭകരായ ഈ സ്ത്രീകൾ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പ്രാധാന്യവും പ്രസക്തിയും കൂടി വനിതാകമ്മീഷൻ നടത്തിയ പരിപാടിയിലൂടെ വെളിച്ചത്തുകൊണ്ടുവരാൻ കഴിഞ്ഞു.
ഓരോ വാർഡിൽ നിന്നും രണ്ടുപേർ വീതം പങ്കെടുക്കണമെന്നാണ് വനിതാകമ്മീഷൻ ആവശ്യപ്പെട്ടതെങ്കിലും കൂടുതൽ പേർ പങ്കെടുക്കുകയും സജീവമായി ഇടപെടുകയും ചെയ്തു. വനിതാകമ്മീഷൻ അധ്യക്ഷ അഡ്വ സതീദേവി, ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ ടി എൻ സീമ എന്നിവരുടെ മുന്നിലാണ് അവർ തങ്ങളുടെ നേട്ടങ്ങളും ഒപ്പം പ്രശ്നങ്ങളും പങ്കു വെച്ചത്.
മുതലാളിത്ത ആധുനിക കാലഘട്ടത്തിൽ ഏറ്റവും പ്രധാന വികസന പ്രശ്നമായി മാറിയിട്ടുള്ള മാലിന്യശേഖരണവും സംസ്കരണവും നിർമ്മാർജ്ജനവും കേരളത്തിൽ എല്ലാ ജില്ലകളിലും ഏറ്റെടുത്തിരിക്കുന്നത് ഹരിതകർമസേനയാണ്. ഏകദേശം 36000 പേരാണ് ഹരിതകർമസേനയിൽ സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിലെ 100 വാർഡുകളിലായി 1162 പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നു. കുറച്ചു പുരുഷന്മാരുമുണ്ടെങ്കിലും ഭൂരിപക്ഷവും സ്ത്രീകളാണ്.
മാലിന്യനിർമാർജനം ഉപജീവനമാർഗമായിരിക്കുമ്പോഴും ഒരു സാമൂഹ്യ സേവനം കൂടിയാണ് ഈ സ്ത്രീകൾ ചെയ്യുന്നത്. എന്നാൽ ഇവരെ അംഗീകരിക്കാൻ കഴിയുന്ന തരത്തിൽ നമ്മുടെ സമൂഹം വികസിച്ചിട്ടില്ലെന്നാണ് ഇവരുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
കുട്ടികളെ പഠിപ്പിക്കുവാനും പട്ടിണി മാറ്റാനും തങ്ങളുടെ തൊഴിൽ സഹായിക്കുന്നുവെന്ന് അഭിമാനത്തോടെ ഇവർ പറയുന്നു. 5000 മുതൽ 25000 രൂപ വരെ മാസത്തിൽ വേതനം ഇവർക്ക് ലഭിക്കുന്നുണ്ട്. വീടുകളുടെ എണ്ണവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കാര്യക്ഷമതയും അനുസരിച്ച് വേതനത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും.
എല്ലാത്തരത്തിലുമുള്ള മാലിന്യം ഹരിതകർമ്മസേനാംഗങ്ങൾ ശേഖരിക്കുകയും ജൈവം അജൈവം എന്ന തരത്തിൽ വേർതിരിക്കുകയും എം സി എഫിൽ (material collection facility) സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ നാട്ടുകാരുടെ സമീപനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല കുടുംബങ്ങളും ഇപ്പോഴും സഹകരിക്കാൻ തയാറല്ല. ഇവർക്ക് അമ്പതോ നൂറോ രൂപ യൂസർ ഫീ കൊടുക്കാൻ വിസമ്മതിക്കുന്നവരിൽ സർക്കാർ ജീവനക്കാർ പോലുമുണ്ടെന്നാണ് പലരും പറഞ്ഞത്. തീരപ്രദേശത്തിപ്പോഴും പല വീട്ടുകാരും യൂസർ ഫീ കൊടുക്കാൻ തയാറാകുന്നില്ലെന്ന് ആ പ്രദേശത്തു നിന്നും വരുന്ന സ്ത്രീകൾ അറിയിച്ചു. സ ഹകരിക്കാത്തവരിൽ നിന്നും പിഴ ഈടാക്കണമെന്നാണ് ഇവരുടെ ഒരാവശ്യം. പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ടെങ്കിലും പലരും നൽകില്ല. എന്നിട്ട് രാത്രി ആരും കാണാതെ കത്തിക്കും. ചില കടക്കാർ ആകട്ടെ പ്ലാസ്റ്റിക് ഒരു ചാക്കിന് 200 രൂപ നൽകാമെന്നു സമ്മതിക്കും. ചിലപ്പോൾ ഒന്നിന് പകരം 25 ചാക്ക് പ്ലാസ്റ്റിക് ഉണ്ടാകും. എന്നാൽ യൂസർ ഫീ കൂടുതൽ നല്കുകയുമില്ല.
പലരും ഡയപ്പറും സാനിറ്ററി നാപ്കിനും വൃത്തിയാക്കാതെയും പൊതിയാതെയും മാലിന്യത്തിന്റെ കൂടെ ഇടും. കുപ്പിച്ചില്ലും പൊട്ടിയ ബൾബും വേർതിരിക്കാതെ ജൈവ മാലിന്യത്തിന്റെ ഒപ്പം കൂട്ടിവെക്കും. നഗരത്തിലെ ബോട്ടിൽ ബൂത്തുകളിൽ മലമൂത്ര വിസർജനം വരെ ചെയ്യുന്ന നഗരവാസികൾ ഉണ്ട്.
ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്താൽ പിന്നെ ശകാരവും അസഭ്യവർഷവുമാണ്.
ശേഖരിച്ച മാലിന്യം കൊണ്ടുവയ്‌ക്കുന്നതിനെ ചൊല്ലിയുള്ള വഴക്ക് സ്ഥിരം സംഭവമാണ്. പലരും സ്ത്രീകളെ കയ്യേറ്റം പോലും ചെയ്തിട്ടുണ്ട്. എത്രയോ സംഭവങ്ങൾ പൊലീസ് കേസിൽ വരെ എത്തിയിട്ടുണ്ട്. ലൈംഗികാതിക്രമങ്ങൾക്കിരയാകുന്നതും മാലിന്യമെടുക്കാൻ വീടുകളിൽ ചെല്ലുമ്പോൾ അപമര്യാദയായി പെരുമാറുന്നതും പല സ്ത്രീകളും നേരിടുന്ന ഗുരുതരമായ മറ്റൊരു പ്രശ്നമാണ്. സ്ത്രീകൾ വീട്ടിൽ ഇല്ലാത്തപ്പോൾ പുരുഷന്മാർ കയറി പിടിച്ച കേസുകൾ നിരവധിയാണെന്ന് പലരും വനിതാ കമീഷനു മുന്നിൽ പറയുന്നുണ്ടായിരുന്നു. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള പോഷ് നിയമം എങ്ങനെ ഇവർക്ക് കൂടി ബാധകമാക്കാമെന്നും അധികൃതർ ആലോചിക്കേണ്ടതാണ്.
യൂസർഫീ ആയ 50 രൂപ ചോദിച്ചതിലുള്ള അമർഷം ചിലർ അപവാദപ്രചാരണത്തിലൂടെയാണ് തീർക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവർ സ്ത്രീകളെ അപമാനിക്കുകയും കള്ളപ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നു.
ശേഖരണകേന്ദ്രങ്ങളിൽ അനധികൃതമായി ചവറുകൊണ്ട് വന്ന് രഹസ്യമായി വച്ചിട്ട് പോകുന്നവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കും ഉത്തരം പറയേണ്ടി വരുന്നത് ഹരിത കർമസേനാംഗങ്ങളാണ്.
തെരുവ് നായ്ക്കളുടെയും പെരുച്ചാഴികളുടെയും ശല്യമില്ലാതെ മാലിന്യം ശേഖരിച്ചു വക്കാൻ സ്ഥലം വേണമെന്നതാണ് പലരുടെയും ഒരു പ്രധാന ആവശ്യം. സ്ഥലം കണ്ടെത്തുന്നതും അതിനു വാടക കൊടുക്കുന്നതും ഹരിതകർമസേനക്കാർ തന്നെയാണ് . മാലിന്യം താല്കാലികമായി സൂക്ഷിക്കാൻ സ്ഥലം കൊടുക്കാൻ പലരും മടിക്കുന്നു. മാലിന്യം ശേഖരിക്കുന്ന ചാക്കിനും അമിതവില ഇവർക്ക് കൊടുക്കേണ്ടി വരുന്നുണ്ട്.
ചില പഞ്ചായത്തുകൾ വാഹനം കൊടുത്തിട്ടുണ്ടെങ്കിലും ഒരിക്കൽ അവ കേടായാൽ പിന്നെ നന്നാക്കാനുള്ള സംവിധാനമില്ല. അതുകൊണ്ട് അമിത കൂലി കൊടുത്ത് ഓട്ടോ റിക്ഷയിൽ കൊണ്ടുപോകേണ്ടി വരും. ഇലക്ട്രിക്ക് വാഹനം അനുവദിക്കണമെന്നത് ഇവരുടെ ദീർഘകാല ആവശ്യമാണ്.സൈക്കിളവണ്ടി ആണ് തങ്ങൾക്ക് കൂടുതൽ സൗകര്യമെന്നവർ പറയുന്നു.
അപകട ഇൻഷുറൻസ്, ഹെൽത്ത് കാർഡ് എന്നീ സൗകര്യങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തണമെന്നും ഇവർ ഏക സ്വരത്തിലാവശ്യപെടുന്നു. ആരോഗ്യപരിശോധന ക്യാമ്പുകൾ കൃത്യമായി നടത്തേണ്ടതും അനിവാര്യമാണ്. ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ ഒരു തൊഴിലാണ് തങ്ങൾ ചെയ്യുന്നതെന്നവർ ഓർമിപ്പിക്കുന്നു. പലരും വേഗത്തിൽ രോഗികളാകുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളും ത്വക്ക് രോഗങ്ങളും സാധാരണമാണ് അപകടം നിത്യസംഭവമാണ്. അപകടം മൂലവും രോഗം മൂലവും തൊഴിൽ ചെയ്യാൻ കഴിയാതെയായ പലരും ഇക്കൂട്ടത്തിൽ ഉണ്ട്. സ്ത്രീകൾ പിരിവെടുത്താണ് ഇവരെ സഹായിക്കുന്നത്.
മഴക്കാലത്താണീ തൊഴിൽ ഏറ്റവും ദുഷ്കരമാകുന്നത്. മാലിന്യം കൂട്ടി വക്കാനാകില്ല. കുടയോ മഴക്കോട്ടോ ഇല്ല. കയ്യുറയും യൂണിഫോമും നനച്ചുണക്കി എടുക്കാൻ മഴക്കാലത്തു കഴിയില്ല. കാലുറയും ഷൂസും ഉണ്ടാവില്ല. എലിപ്പനിക്കെതിരെ മരുന്ന് കൊടുക്കുന്നുണ്ടെങ്കിലും അതിന്റെ പ്രാധാന്യം അറിയാത്തതിനാൽ പലരു അത് കഴിക്കുന്നില്ല. എല്ലാത്തരം രോഗങ്ങൾക്കും ഏറ്റവും പെട്ടെന്ന് വശംവദരാകുന്നവരാണ് ഹരിതകർമ സേനക്കാർ. അതുകൊണ്ടാണ് ആരോഗ്യ ഇൻഷുറൻസ് എന്ന ആവശ്യം ഇവർ ഉന്നയിക്കുന്നത്. സോപ്പ്, സാനിറ്ററി ലോഷൻ, ഡെറ്റോൾ തുടങ്ങിയതൊന്നും ഇവർക്ക് ലഭിക്കുന്നില്ല.
ബിരുദധാരികൾ ഉൾപ്പടെ മാലിന്യനിർമാർജനം തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. വടിവൊത്ത കൈപ്പടയിൽ അവരിൽ പലരും തങ്ങളുടെ ആവശ്യങ്ങൾ വനിതാകമ്മീഷന് എഴുതി നൽകി.
മാലിന്യനിർമാർജനവുമായി സഹകരിക്കാത്ത വീടുകൾക്ക് കരം അടക്കാൻ അനുമതി നല്കാതിരിക്കാനുള്ള നിയമം വേണമെന്ന് വരെ ഇവരിൽ പലരുമാവശ്യപെടുന്നുണ്ടായിരുന്നു. വീടുകളിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്ന സമ്പ്രദായം ഉണ്ടെങ്കിലും സാങ്കേതികമായ അറിവില്ലായ്മ കാരണം അത് പ്രയോജനപ്പെടുത്താനാവില്ല.
ആവശ്യത്തിന് വാഹനമില്ലാതെ, ശുചിമുറി സൗകര്യങ്ങൾ ഇല്ലാതെ, ആരോഗ്യ പരിരക്ഷ ഇല്ലാതെ ആയിരക്കണക്കിന് സ്ത്രീകൾ ആണ് നമ്മുടെ നാടിനെ ഒരുപരിധിവരെ മാലിന്യരഹിതമായി കാത്ത് സൂക്ഷിക്കുന്നതെന്ന ബോധം പൊതുസമൂഹത്തിനുണ്ടാകണം . ആരോഗ്യ ഇൻഷുറൻസുൾപ്പടെയുള്ള ആവശ്യങ്ങളോട് അനുഭാവപൂർണമായ പ്രതികരണമാണ് കോർപ്പറേഷൻ അധികൃതർക്കുണ്ടായിരുന്നത്. വനിതാകമ്മീഷൻ അവരുടെ ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിദ്യാഭ്യാസത്തിലും അറിവിലും മുന്നിലാണെന്ന് അഭിമാനിക്കുന്ന കേരളീയരുടെ പ്രബുദ്ധമുഖത്തിന്റെ മറ്റൊരു വശമാണ് ഹരിതകർമ സേനക്കാർ തുറന്നു കാട്ടിയത്. ഒരു തൊഴിലാളി എന്ന തരത്തിലും സംരംഭക എന്നതരത്തിലും ഉള്ള എല്ലാ അവകാശങ്ങളും ഇവർ അർഹിക്കുന്നു. മനുഷ്യത്വപരമായ സമീപനം ഇവരോട് ഉണ്ടാക്കിയെടുക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം. കുടുംബശ്രീ എന്ന ഏറ്റവും വലിയ സ്ത്രീപ്രസ്ഥാനത്തിന്റെ ഭാഗമായ ഇവർ കൂടുതൽ അംഗീകാരവും ബഹുമാനവും അർഹിക്കുന്നു. l