Wednesday, February 28, 2024

ad

Homeലേഖനങ്ങൾപൂർണബധിരന്റെ സംഗീത നിരൂപണം

പൂർണബധിരന്റെ സംഗീത നിരൂപണം

അനിൽകുമാർ എ വി

മാധ്യമങ്ങളും പരമ്പരാഗത ബുദ്ധിജീവികളും മാമൂൽസ്ഥാപനങ്ങളും ഇപ്പോഴും പിന്തുടരുന്ന അശ്ലീല പ്രയോഗമാണ്‌ രാജകുടുംബം എന്നത്‌? വാസ്‌തവത്തിൽ മുൻ രാജകുടുംബമെന്നതല്ലേ യുക്തിഭദ്രം. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല ആചാരങ്ങളും രൂപമെടുക്കും. സാമൂഹ്യ പുരോഗതിക്ക്‌ തടസ്സമാകുമ്പോൾ പിന്നെയവ അനാചാരങ്ങളാണ്‌. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2023 നവംബർ 19ന്‌ മധ്യപ്രദേശിൽനിന്നുള്ള വിചിത്ര വാർത്ത സമകാലിക ഇന്ത്യയുടെ യഥാർഥ ചിത്രമായി. രത്‌ലം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പരസ് സത്‌ലേച്ച വിജയം ഉറപ്പിക്കാൻ ഫക്കീർ അബ്ബയെന്ന വയോധികനായ യാചകന്റെ ചെരിപ്പുകൊണ്ടുള്ള അടി ഇരന്നുവാങ്ങി. കുറേ പ്രഹരമേറ്റശേഷം നിർത്തൂവെന്ന് അപേക്ഷിക്കേണ്ടിയുംവന്നു. ദുഷ്ടശക്തികളുടെ കണ്ണേറിൽനിന്നും രക്ഷിക്കുന്ന അയാളുടെ ദിവ്യശക്തിയെ കുറിച്ച്‌ പ്രദേശവാസികൾ വാചാലരാവാറുണ്ട്‌. തനിക്കുണ്ടായ കണ്ണേറ് ദോഷം ഫക്കീർ മാറ്റിയെടുത്തുവെന്നാണ്‌ വിമർശനങ്ങളോട്‌ പരസ്‌ പ്രതികരിച്ചത്‌.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സംഘടിത കുറ്റകൃത്യമാണ്‌ ഒന്നേകാൽ ലക്ഷം വ്യാജ തിരിച്ചറിയൽ കാർഡ്‌ നിർമിച്ച്‌ നടത്തിയ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്‌‌. വോട്ട്‌ ചെയ്തവരിൽ ചെറുപ്പക്കാരനായ 63 വയസ്സുകാരനുമുണ്ടായി. കള്ളനോട്ടടിക്ക്‌ സമാനമായ രാജ്യദ്രോഹക്കുറ്റം. കള്ളവോട്ടിലൂടെ സിംഹാസനത്തിൽ കയറിയ രാഹുൽ മാങ്കൂട്ടത്തിലിനെ കേരള രാഹുൽ ഗാന്ധിയാക്കുകയാണ്‌ മാധ്യമങ്ങൾ. ആലുവയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന്‌ നൽകിയ സർക്കാർ സഹായം തട്ടിയെടുത്ത മഹിളാ കോൺഗ്രസ് നേതാവിന്റെയും ഭർത്താവിന്റെയും നടപടി, യൂത്തുകോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽനിന്ന് രണ്ടര കിലോ കഞ്ചാവ് പിടിച്ചത്‌, പൊതുഗതാഗതം തകർക്കുകയെന്ന ലക്ഷ്യത്തോടെ റോബിൻ ബസ് ഫാൻസുകാർക്ക്‌ നൽകുന്ന നാണംകെട്ട പിന്തുണ‐ എല്ലാറ്റിന്റെയും ജാള്യത മറയ്ക്കണം. അതിന്‌ അടിയുടെ ഭിക്ഷാടനത്തിനിറങ്ങിയിരിക്കയാണ്‌ യൂത്തന്മാർ. ഏഴുവർഷം തുടർച്ചയായി ഭരിച്ച എൽഡിഎഫ്‌ സർക്കാർ ചെയ്തതെന്ത്, ഇനിയെന്തെല്ലാം വേണം‐ തുടങ്ങി പുതിയ ആവശ്യങ്ങളും പരാതികളും പരിശോധിക്കുന്ന നവകേരള സദസിനോട്‌ കോൺഗ്രസും മാധ്യമങ്ങളും ഇത്ര അസഹിഷ്‌ണുത കാണിക്കേണ്ടതില്ല. അതിന്റെ ആരംഭം തൊട്ട്‌ കടുത്ത വിമർശനങ്ങളായിരുന്നു. കണ്ണൂർ ജില്ലയിലെ എരിപുരത്ത്‌ കലക്കിക്കളയാനും ശ്രമമുണ്ടായി.കാൽലക്ഷത്തിലധികം ജനങ്ങൾ തിങ്ങിനിറഞ്ഞിടത്തേക്ക്‌ കൈവിരലിലെണ്ണാവുന്ന ചാവേറുകളെ ഇളക്കിവിടുക. പൊലീസ്‌ നടപടിയോ പ്രവർത്തകരുടെ ചെറുത്തുനിൽപ്പോ ഉണ്ടായാൽ കലാപം ആളിപ്പടർത്താം. അതിന്റെ സൂചനയാണ്‌ വി ഡി സതീശന്റെ പ്രസ്‌താവന. തിരുവനന്തപുരംവരെ കരിങ്കൊടി ഉയർത്തുമെന്നാണ്‌ ഭീഷണി. യൂത്ത് കോൺസിന്റെ പുതിയ ടീമിനെ സിപിഐ എം ഭയപ്പെടുന്നുവെന്നാണ്‌ മാങ്കൂട്ടത്തിൽ മൊഴിഞ്ഞത്‌. സാമൂഹ്യവിരുദ്ധരായ ഈ വ്യാജന്മാരെ പേടിക്കേണ്ടതുണ്ട്‌. വേണ്ടിവന്നാൽ ആ ബസിൽ കയറാനും മടിക്കില്ലെന്ന റിജിൽ മാക്കുറ്റിയുടെ വെല്ലുവിളി അതിമോഹമാണ്‌.

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട 57,400 കോടി രൂപയോ 19,000 കോടി വായ്പ നിഷേധിച്ചതോ, റവന്യു കമ്മി ഗ്രാൻഡില്‍ 8,400 കോടി കുറച്ചതോ, ജിഎസ്ടി നഷ്ടപരിഹാരം 12,000 കോടി ഇല്ലാതായതോ മാധ്യമങ്ങൾ അറിഞ്ഞിട്ടില്ല. സംസ്ഥാനത്ത്‌ ചെലവും കെടുകാര്യസ്ഥതയും കുറയുകയാണ്. കടമെടുപ്പ്‌ കോര്‍പ്പറേറ്റുകള്‍ ഇളവ് നല്‍കാനല്ല, അടിസ്ഥാന സൗകര്യ വികസനത്തിനാണ്. ക്ഷേമ പെൻഷനുകൾ യുഡിഎഫ്‌ അഞ്ചു വർഷം നൽകിയത് – 9,011 കോടിയാണ്‌. അന്ന് – മാസം 600 രൂപ. ഏഴുവർഷം കൊണ്ട് എൽഡിഎഫ്‌ അനുവദിച്ചതാകട്ടെ 58,504 കോടിയും‐ -മാസം 1,600 രൂപ. പല രംഗങ്ങളിലും കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നത്‌ സാമൂഹിക അന്തരം കുറച്ചുകൊണ്ടുവന്ന എൽഡിഎഫ്‌ സർക്കാരിന്റെ നിശ്‌ചയദാർഢ്യമുള്ള ശ്രമങ്ങളാലാണ്. റിസർവ്‌ ബാങ്ക്‌ റിപ്പോർട്ട്‌ പ്രകാരം കർഷക തൊഴിലാളികളുടെ ദിവസക്കൂലി ദേശീയ ശരാശരി -345.7 രൂപയാണെങ്കിൽ കേരളത്തിലത്‌ -764.3 രൂപ. മാധ്യമങ്ങളുടെ ‘സ്വർഗ’മായ ഗുജറാത്തിൽ ദേശീയ ശരാശരിയിലും താഴെ -241.9 രൂപ. ഉമ്മൻചാണ്ടി ജനസമ്പർക്കത്തിൽ രോഗിയായ പരാതിക്കാരന്റെ എക്സ്റേ അതിസൂക്ഷ്‌മമായി പരിശോധിക്കുന്ന ചിത്രം ഒന്നാം പേജിൽ വിന്യസിച്ചവർ, പരാതികൾ ചവറ്റുകൊട്ടയിൽനിന്ന്‌ കണ്ടെടുത്തതിലും അസ്വഭാവികത മണത്തില്ല. 2011-‐16 കാലയളവിലെ ജനസമ്പർക്ക പരിപാടിയിൽ വിതരണംചെയ്‌ത ചികിത്സാ സഹായം 808 കോടിയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍, ഓൺലൈൻ അപേക്ഷകളിന്മേൽമാത്രം നൽകിയത്‌ 5715.95 കോടി. കഴിഞ്ഞ രണ്ടര വർഷം 1917.33 കോടികൂടി വിതരണം ചെയ്‌തു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും നവകേരള സദസിനു വേണ്ടി 5.5 കോടി (യഥാർഥ വില 1.02 കോടി) വിലയുള്ള ലക്ഷ്വറി ബസ്‌ വാങ്ങിയെന്ന്‌ ആരോപിച്ചവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ചിത്രം വിദേശ രാജ്യത്തിൽനിന്നുള്ളതാണ്‌. മന്ത്രിമാരുടെ വാഹന വ്യൂഹത്തിനും സുരക്ഷയ്‌ക്കുമുള്ള ചെലവ് ചുരുക്കാനാനാണ്‌ പുതിയ സംവിധാനം. സദസ്‌ കഴിഞ്ഞാല്‍ കെ എസ് ആര്‍ ടിക്ക് ഉപയോഗിക്കാം. ബസിൽ കയറാൻ ലിഫ്റ്റും കോൺഫറൻസ് ഹാളും മുഖ്യമന്ത്രിക്ക്‌ പ്രത്യേക കാബിനും 180 ഡിഗ്രി കറങ്ങുന്ന ചൈനീസ്‌ ഇരിപ്പിടവുമെന്ന ഇല്ലാക്കഥകൾ മെനഞ്ഞു. നീന്തൽക്കുളവും മാക്‌ഡൊണാൾഡ്‌സിന്റെ ഔട്ട്‌ലെറ്റും സിനിമ കാണാൻ ഹോം തിയറ്റർ സൗകര്യവും പാട്ടുകേൾക്കാൻ സഞ്ചരിക്കുന്ന കച്ചേരിയും ഉണ്ടെന്ന്‌ പറയാഞ്ഞത്‌ മലയാളിയുടെ നിലവാരം മനസിലാക്കിയിട്ടാവണം. യാത്രക്കിടെ ബസിന് സാങ്കേതിക തകരാർ പറ്റിയെന്ന്‌ ഒരു വാര്‍ത്താചാനല്‍ കൂവിവിളിക്കുകയായിരുന്നു. എന്‍.എച്ച് അറുപത്തിയാറിന്റെ ആദ്യ പ്രവൃത്തി പൂര്‍ത്തിയായത് കാണാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇറങ്ങിയതായിരുന്നു. സീറ്റ്‌ മെയ്ഡ് ഇൻ ചൈന എന്നെഴുതിയതാണെന്ന മനോരമയുടെ നുണ,അവരുടെ സ്ഥിരം അജൻഡയായ ‘ചൈനാപ്പേടി’യിൽനിന്ന്‌ ജന്മമെടുത്തതാണ്‌. നവംബർ മൂന്നിന്‌ ബീജിങ്ങില്‍ സമാപിച്ച ഓൾ ചൈന വിമെൻസ് ഫെഡറേഷൻ കോണ്‍ഗ്രസ് ആ പത്രം റിപ്പോർട്ടുചെയ്‌തും മുൻവിധിയോടെ. സ്ത്രീകള്‍ ഇനി വീട്ടിലിരുന്നാല്‍ മതി, വിവാഹം കഴിക്കുക, കുട്ടികളെ പ്രസവിക്കുക, വളര്‍ത്തുക, വൃദ്ധരെ പരിപാലിക്കുക‐ ഇതാണ് നയംമാറ്റത്തിന്റെ ചുരുക്കം എന്ന വാർത്തയ്‌ക്ക്‌ ‘പെണ്ണാണോ, കുട്ടികളെ നോക്കിയാല്‍ മതി; ലിംഗസമത്വം കടലിലെറിഞ്ഞ് ചൈന’ എന്ന ശീർഷകവും നൽകി. പ്രസിഡന്റിന്റെ പ്രസംഗം ഉദ്ധരിച്ചായിരുന്നു വ്യാജവാർത്ത. പുരോഗതിക്ക്, ആധൂനികവൽക്കരണത്തിന് സ്ത്രീകൾ കൂടുതൽ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഈന്നിയതിനൊപ്പം സ്ത്രീകളുടെ വ്യക്തിഗത വികസനം മാത്രമല്ല, കുടുംബവും സാമൂഹികവുമായ ഐക്യവും രാജ്യ വികസനവും പ്രോത്സാഹിപ്പിക്കണമെന്ന ഉള്ളടക്കമാണ്‌ മനോരമ വളച്ചൊടിച്ചത്‌.

മനോരമയുടെ ‘ചൈനപ്പേടി’
അഹമ്മദാബാദ്‌ ക്രിക്കറ്റ് സ്റ്റേഡിയത്തിന് വല്ലഭായി പട്ടേലിനെ ചുരണ്ടിമാറ്റി സ്വന്തം പേരു പതിപ്പിച്ച നരേന്ദ്ര മോദിയല്ല, പിണറായി വിജയൻ. മോദി സ്വന്തം ആവശ്യത്തിനുള്ള രണ്ടു വിമാനത്തിന്‌ പൊടിച്ചത് 9,000 കോടി രൂപയാണ്‌. സ്യൂട്ടും, കോൺഫറൻസ് ഹാളുകളും മീഡിയ ‐പ്രസ് ബ്രീഫിങ്‌‐ കമ്യൂണിക്കേഷൻസ് ‐ വിശാല ഓഫീസ്‐ മെഡിക്കൽ റൂമുകളടക്കം മൂന്നു തട്ടുകളിലായി 4000 ചതുരശ്ര അടി വിസ്തീർണമുള്ള ആകാശവാഹനം ലോകത്തിലെതന്നെ ഏറ്റവും ആഢംബരങ്ങളുള്ള വിമാനങ്ങളിൽ ഇടംനേടിയതാണ്‌. അവ ഇറക്കുമതി ചെയ്‌തതാകട്ടെ കോവിഡ്‌ മരണനൃത്തമാടിയപ്പോഴും. പാർലമെന്റ് മന്ദിരം ആധുനിക സൗകര്യങ്ങളോടെ നിലനിർത്താൻ ശ്രമിക്കുന്നതിനു പകരം സെൻട്രൽ വിസ്റ്റ പദ്ധതി ഏറ്റെടുത്തു. 13,450 കോടിയാണ്‌ പ്രതീക്ഷിത ചെലവ്‌. മാധ്യമ പ്രവർത്തനം ക്രിയാത്മക വിമർശനമാണാകേണ്ടത്‌.നാടിന്റെ വികസനത്തെയും പുരോഗതിയെയും സംബന്ധിച്ച്‌ അഭിപ്രായം രൂപീകരിക്കുന്നതിനുമാവണം അത്‌. സിപിഐ എമ്മിനോടും മുഖ്യമന്ത്രിയോടുമുള്ള ശത്രുത പത്രപ്രവർത്തകരുടെ വിശ്വാസ്യത ഒരിക്കലുമില്ലാത്തവിധം ഇടിച്ചിരിക്കയാണ്‌. സകല മാധ്യമങ്ങളും ഒരേ തെറ്റ് വരുത്തുമ്പോൾ അത് ബോധപൂർവമെന്നേ പറയാനാവൂ. നവകേരള സദസുകൾ സമാപിച്ച്‌ ജനങ്ങൾ ഒഴിഞ്ഞുപോയ നേരത്ത്‌ യുഡിഎഫുകാർ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം പ്രസിദ്ധീകരിച്ച ചുരുക്കം പത്രങ്ങളുമുണ്ട്‌. ന്യൂയോർക്ക് ടൈംസ് മുൻ പേജിൽ ‘അച്ചടിക്കാൻ യോഗ്യമായതെല്ലാം വാർത്തകളാണ്‌’ എന്ന സത്യവാങ്‌മൂലം അച്ചടിച്ചിട്ടുണ്ട്‌. മിക്ക വായനക്കാരും അതിന്റെ ബാനർ പ്രദർശിപ്പിക്കുന്ന ആ വാക്കുകൾ അവഗണിക്കുകയാണെന്നാണ്‌ ക്രിസ്റ്റഫർ ഹിച്ചൻസ്‌ കുറിച്ചത്‌. സോവിയറ്റ്‌ യൂണിയൻ, ഹിറ്റ്‌ലറുടെ ഹോളോകോസ്‌റ്റ്‌, ഇസ്രയേലിന്റെ പലസ്‌തീൻ അധിനിവേശം തുടങ്ങിയ വിഷയങ്ങളിൽ തലതിരിഞ്ഞ നിലപാടാണ്‌ അത്‌ കൈക്കൊണ്ടുവന്നത്‌. കമ്യൂണിസ്‌റ്റുകാർ അധികാരത്തിലെത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന്‌ തുറന്നടിച്ച മനോരമപോലെ, ചുരുങ്ങിയ കാലയളവിൽ ബോൾഷെവിക് ഭരണം തകർച്ചയുടെ വക്കിലാണെന്ന് തൊണ്ണൂറിലധികം പ്രാവശ്യം ടൈംസ്‌ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. ഗാസയെ ഇസ്രയേൽ ശവപ്പറന്പാക്കുന്നതിൽ പ്രതിഷേധിച്ച്‌ ലിറ്ററി എഡിറ്റൻ ജാസ്മിൻ ഹ്യൂസ് രാജിവെക്കുകയും ചെയ്‌തു. പത്രങ്ങളുടെ ബധിരത മുൻനിർത്തി ഇസഡോറ ഡങ്കൻ ആത്മകഥയിൽ എഴുതിയത്‌ ഇപ്പോഴും പ്രസക്തമാണ്‌. തന്നെ എപ്പോഴും വിമർശിക്കുന്ന ബെർലിൻ നിരൂപകനെക്കുറിച്ച്‌ സൂചിപ്പിച്ചാണ്‌ അതിന്റെ തുടക്കം. അവർക്ക്‌ തീരെ സംഗീതബോധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌. തീരെ സഹികെട്ടപ്പോൾ ഒന്നു കാണാൻ ഇസഡോറ കത്തിലൂടെ ആഗ്രഹമറിയിച്ചു. നിരൂപകൻ എത്തി. ഞെട്ടിച്ചുകളഞ്ഞ യാഥാർഥ്യം പെട്ടെന്ന്‌ ഉൾക്കൊള്ളാൻ ആ വിശ്രൂത അമേരിക്കൻ നർത്തകിക്കായില്ല. അദ്ദേഹം പൂർണ ബധിരനായിരുന്നു. അങ്ങനെയൊരാളാണ്‌ അവരുടെ നൃത്താവിഷ്‌കാരത്തിലെ പശ്‌ചാത്തല സംഗീതം ശരിയല്ലെന്ന്‌ ശകാരിച്ചുകൊണ്ടിരുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × three =

Most Popular