ഗാന്ധിജി ഹരിജനിൽ 1946 ജൂലെെ 14ന് പ്രസിദ്ധീകരിച്ച ലേഖനം
ജൂത – അറബ് വിവാദത്തെ സംബന്ധിച്ച് പൊതുവായി എന്തെങ്കിലും പ്രതികരിക്കുന്നതിൽനിന്ന് ഞാൻ ഇതുവരെ ഒഴിഞ്ഞുനിൽക്കുകയായിരുന്നു. തക്കതായ കാരണങ്ങളാലാണ് ഞാൻ അങ്ങനെ ചെയ്തത്. ആ പ്രശ്നത്തിൽ എനിക്ക് താൽപര്യമൊന്നും ഇല്ലാത്തതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത് എന്ന് അതിനർഥമില്ല; നേരെ മറിച്ച്, ആ വിഷയം കെെകാര്യം ചെയ്യാനുള്ള അറിവ് വേണ്ടത്ര എനിക്കുളളതായി ഞാൻ കരുതുന്നില്ല എന്നേ അതിനർഥമുള്ളൂ. ഇതേ കാരണത്താൽ തന്നെ പല ലോക സംഭവവികാസങ്ങളെക്കുറിച്ചും പ്രതികരിക്കാതെ ഒഴിഞ്ഞു മാറാനാണ് ഞാൻ ശ്രമിക്കുന്നത്. അവയെല്ലാം കൂടി ഏറ്റുപിടിക്കാതെ തന്നെ എനിക്ക് പിടിപ്പത് പണിയുണ്ട്. പക്ഷേ, ഒരു ദിനപ്പത്രത്തിലെ പംക്തിയിലെ നാലു വരികൾ ആ പ്രശ്നം പരിഹരിക്കാൻ ഉതകുന്നതായി; ഞാൻ അത് നേരത്തെ കാണാതിരുന്നതുകൊണ്ട് എന്റെ ഒരു സുഹൃത്ത് അതിനെക്കുറിച്ച് ഒരു കത്തെഴുതുകയും ആ പത്രത്തിന്റെ കട്ടിങ് അയച്ചു തരികയുമുണ്ടായി; ആ പത്രത്തിലെ കുറിപ്പിലേക്ക് എന്റെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു ആ സുഹൃത്ത്; ഈ വിഷയം ആ സുഹൃത്താണ് എന്റെ ശ്രദ്ധയിൽപെടുത്തിയത്. ലൂയി ഫിഷറുമായി ഞാൻ നടത്തിയ സുദീർഘമായ ഒരു സംഭാഷണത്തിനിടയിൽ ഈ വിഷയം സംബന്ധിച്ച് ഞാൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. ലോകം ജൂതരോട് ക്രൂരമായി പെരുമാറിയിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ മനസ്സിലാക്കിയതു പ്രകാരം യൂറോപ്പിന്റെ പല ഭാഗങ്ങളിലും ജൂതർ പാർക്കുന്ന പ്രദേശങ്ങളെ ചേരികൾ (Ghetto) എന്നാണ് വിളിക്കാറുള്ളത്. എന്നാൽ, യൂറോപ്യർ നടത്തിയ ഹൃദയശൂന്യമായ ആ വേട്ടയാടലുകൾക്ക് പരിഹാരമല്ല പലസ്തീനിലേക്ക് ജൂതരെ പറഞ്ഞയക്കുന്നത്. ലോകമാകെ തന്നെ അവരുടെ ഭവനമാണ്; ലോകത്തിന് അവർ നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് എങ്കിൽ മാത്രമേ പ്രതിഫലമാകുകയുള്ളൂ.
എന്നാൽ എന്റെ അഭിപ്രായത്തിൽ, അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെയും ഇപ്പോൾ നഗ്നമായ ഭീകര പ്രവർത്തനത്തിലൂടെയും പലസ്തീനിൽ അവർ വലിഞ്ഞുകയറാൻ ശ്രമിക്കുന്നത് ഗുരുതരമായ തെറ്റാണ്. ലോകത്തെ അവരുടെ പൗരത്വം ഏതു രാജ്യത്തിന്റെയും അതിഥികളാകാൻ അവരെ യോഗ്യരാക്കിയിരിക്കുന്നു. അവരുടെ സമ്പാദ്യശീലം, അവരുടെ സവിശേഷമായ നെെപുണ്യം, അവരുടെ മഹത്തായ പരിശ്രമ ശീലം എന്നിവ ലോകത്ത് എവിടെയും സ്വാഗതം ചെയ്യപ്പെടേണ്ടവരാക്കി അവരെ മാറ്റിയിരിക്കുന്നു. ജൂതർക്കെതിരായ മുൻവിധിയോടുകൂടി ബെെബിളിലെ പുതിയ നിയമത്തെ തെറ്റായ വിധം വായിച്ച് ജൂതരെ ഒറ്റപ്പെടുത്തിയത് ക്രിസ്ത്യൻ ലോകത്തെ സംബന്ധിച്ചിടത്തോളം വലിയൊരു കളങ്കം തന്നെയാണ്. ‘‘ഒരു ജൂതൻ ഒരു തെറ്റ് ചെയ്യുകയാണെങ്കിൽ അതിന് ജൂതസമൂഹത്തെയാകെയാണ് കുറ്റപ്പെടുത്തേണ്ടത്’’. ഐൻസ്റ്റീനെപോലെ ജൂതനായ ഒരു വ്യക്തി മഹത്തായ ഒരു കണ്ടുപിടുത്തം നടത്തുകയോ മറ്റൊരാൾ അതിമനോഹരമായ സംഗീതം ചിട്ടപ്പെടുത്തുകയോ ചെയ്താൽ അതിന്റെ നേട്ടം അത് ചെയ്തവർക്ക് മാത്രമായിരിക്കും ലഭിക്കുക; ഒരിക്കലും ആ വ്യക്തി ഉൾപ്പെടുന്ന സമൂഹത്തിനാകെ അത് ലഭിക്കുകയില്ല.
അതിജീവനക്ഷമമല്ലാത്ത ദയനീയ അവസ്ഥയിൽ കഴിയുന്ന ജൂതരോട് എനിക്ക് സഹതാപം ഉള്ളതിൽ അൽഭുതപ്പെടേണ്ട. അവർ നേരിടുന്നത് മഹാവിപത്താണെന്ന് കാണുന്ന ഒരാൾ അവരെ സമാധാനത്തിന്റെ പാഠങ്ങളാണ് പഠിപ്പിക്കേണ്ടത്. സ്വാഗതാർഹമല്ലാത്ത ഒരു ഭൂപ്രദേശത്ത് ബലപ്രയോഗത്തിലൂടെ കടന്നുകയറാൻ അവർ എന്തിനാണ് അമേരിക്കക്കാരുടെ പണത്തേയോ ബ്രിട്ടീഷുകാരുടെ ആയുധങ്ങളെയോ ആശ്രയിക്കുന്നത്? ബലപ്രയോഗത്തിലൂടെ പലസ്തീനിൽ കടന്നുകയറുന്നതിന് അവർ എന്തിനാണ് ഭീകരതയെ അവലംബമാക്കുന്നത്? അവരുടെ ഒന്നാം നിര പ്രവാചകർ തന്നെ പ്രയോഗിച്ചിട്ടുള്ള അക്രമരാഹിത്യത്തിന്റെ സമാനതകളില്ലാത്ത ആയുധം അവർ സ്വീകരിക്കുകയാണെങ്കിൽ (വേദനിക്കുകയും വിലപിക്കുകയും ചെയ്യുന്ന ലോകത്തിനുള്ള ഒസ്യത്താണ് സന്തോഷപൂർവം മുൾക്കിരീടം ധരിച്ചതിലൂടെ ജൂതനായ യേശു നൽകിയത്‍) മറ്റു പലതിനുമൊപ്പം ലോകത്തിന് ജൂതർ നൽകുന്ന ഏറ്റവും മികച്ച, ഏറ്റവും തിളക്കമാർന്ന സംഭാവനയെന്ന കാര്യത്തിൽ എനിക്കു സംശയമേയില്ല. രണ്ടു പ്രാവശ്യം ഇത് അനുഗ്രഹിക്കപ്പെടും. ഇതവരെ ശരിയായ അർഥത്തിൽ തന്നെ സന്തുഷ്ടരും സമ്പന്നരുമാക്കി മാറ്റും; ഇത് വേദനിക്കുന്ന ലോകത്തിനുള്ള മികച്ച വേദന സംഹാരിയായിരിക്കും. ♦