Monday, November 25, 2024

ad

Homeപലസ്തീൻഒറ്റപ്പെട്ടവന്‍ (പലസ്‌തീൻ കഥ)

ഒറ്റപ്പെട്ടവന്‍ (പലസ്‌തീൻ കഥ)

അദാനിയ ശിബിലി

ലസ്തീന്‍ സാഹിത്യത്തിലെ പുതുശബ്ദങ്ങളില്‍ പ്രമുഖയാണ് അദാനിയ ശിബിലി. 1948ലെ നക്ബയെ തുടര്‍ന്നുണ്ടായ കുടിയൊഴിക്കല്‍ ഘട്ടത്തില്‍ അരങ്ങേറിയ ഒരു ക്രൂരകൃത്യത്തെ കുറിച്ച് ഇടതുപക്ഷ പത്രമായ ഹാരെറ്റ്സ് അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തതിനെ ആസ്പദമാക്കി അവര്‍ രചിച്ച Minor Detail ഈയടുത്ത കാലത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ നോവലുകളില്‍ ഒന്നാണ്. പുസ്തകത്തിനു പ്രഖ്യാപിച്ച പുരസ്കാര സമര്‍പ്പണത്തില്‍ നിന്ന് രാഷ്ട്രീയ കാരണങ്ങളാല്‍ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ഇക്കഴിഞ്ഞ ദിവസം പിൻമാറിയത് വിവാദമായിരുന്നു.

ഏതു നിമിഷവും ഭീകരതയുടെ കടന്നുകയറ്റം ഭയപ്പെട്ടു കഴിയേണ്ടിവരുന്ന മനുഷ്യരുടെ ഒറ്റപ്പെടലും ഭീതിയും ചിത്രീകരിക്കുന്ന സവിശേഷ രചനയാണ് അദാനിയ ശിബിലിയുടെ ‘ഒറ്റപ്പെട്ടവന്‍’ എന്ന ചെറുകഥ. മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന കഥ ‘കുരുടന്‍ മൂങ്ങ’ പോലുള്ള ക്ലാസിക്കുകളെയും ഓര്‍മ്മിപ്പിക്കുന്നു.

അനാരോഗ്യകരവും ഭീഷണവുമായ, തിരക്കേറിയ നഗരകേന്ദ്രത്തില്‍ നിന്നു പുറത്തുകടക്കാനും ഇത്തിരി സ്വച്ഛതയും ശാന്തതയും തേടിയുമാണ് അയാള്‍ നഗരത്തില്‍നിന്നു ഏറെദൂരെ വടക്കന്‍ പ്രാന്തങ്ങളിലെ നദിയോരത്തുള്ള ഈ ഒറ്റപ്പെട്ട വീട്ടിലേക്കു താമസം മാറിയത്. അയാളുടെ വീടിന്റെ ടെറസിനും നദിയോരത്തിനുമിടയില്‍ എപ്പോഴും ഒഴിഞ്ഞു കിടക്കുന്നതുകൊണ്ടു അസാധാരണമാംവിധം വിശാലമായി തോന്നിച്ച ആരും തിരിഞ്ഞുനോക്കാത്ത ഒരങ്കണം മാത്രമാണുണ്ടായിരുന്നത്. തറനിരപ്പില്‍ നിന്നു ഒരു മീറ്റര്‍ മാത്രം ഉയരമുണ്ടായിരുന്ന ടെറസുതന്നെ, ആകാശവും ബാലഭാവനപോലുള്ള ഒരു രേഖാചിത്രം എത്തിനോക്കുന്ന ജനാലയും പോലെ വിശാലമായിരുന്നു. ആ മഹാവിശാലത തന്നെ കീഴ്പ്പെടുത്താന്‍ അയാള്‍ ആകെ ചെയ്യേണ്ടിയിരുന്നത് ആദ്യദിനം മുതല്‍ അയാള്‍ എന്നും ചെയ്തുവന്ന ഒരു കാര്യം തന്നെയായിരുന്നു: ടെറസിന്റെ വാതിലിലൂടെ പുറത്തോട്ട് ചുവടുവെയ്ക്കുക. അയാള്‍ കോഫി തയ്യാറാക്കും, അതുമായി ടെറസിലേക്ക് പോകും, ചുമരില്‍ പുറംചാരിയിരുന്നു അങ്കണത്തെയും പിറകിലൂടെ ഒഴുകുന്ന നദിയില്‍നിന്നു അതിനെ വേര്‍തിരിക്കുന്ന വൃക്ഷനിരകളെയും നോക്കിയിരിക്കും. വൃക്ഷനിരയിലെ ഏറ്റവും പിറകിലുള്ളതിന്റെ ഉച്ചിയില്‍ സൂര്യകിരണങ്ങള്‍ പതിക്കുന്നത് അയാള്‍ നോക്കിയിരിക്കും, പിന്നെ അത് സാവധാനം മരത്തിലാകെ വ്യാപിക്കും, പിന്നീട് അടുത്ത രണ്ടു മരങ്ങളിലേക്ക്, പിന്നീട് വൃക്ഷനിരകളിലാകെ, ഒടുവില്‍ അങ്കണത്തിലാകെ. ആ വെളിച്ചത്തെപ്പോലെ, തടസ്സമേതും കൂടാതെ മുന്നിലെ ശൂന്യതയിലൂടെ അനായാസം ചലിക്കാന്‍ തനിക്കും കഴിയുന്നതായി അയാള്‍ക്കു തോന്നി. ചിലപ്പോള്‍ അയാള്‍ ടെറസില്‍നിന്നു താഴോട്ട് ചാടുകയും അങ്കണത്തിലെ വെയിലു വീണ മൂലകളിലൂടെ ഉലാത്തുകയും ചെയ്തു, പിന്നീട് തണലില്‍ പോയിരുന്നു. ഇതായിരുന്നു ആയാളാഗ്രഹിച്ച ശാന്തി. അതിപ്പോള്‍ അയാള്‍ ടെറസിലേക്ക് ചുവടുവെച്ചപ്പോഴൊക്കെയും, അതുമല്ലെങ്കില്‍ അങ്ങോട്ടു തുറക്കുന്ന ഏതെങ്കിലും ജനാലയുടെ അരികില്‍ ചെന്നപ്പോഴൊക്കെയും, അയാളെ കാത്തിരുന്നു.

ഒരു രാത്രി, അസാധാരണമായ ഒരു വിലാപസ്വരം അയാളെ ഉണര്‍ത്തി. ആദ്യമൊന്നും അതെവിടെനിന്നാണെന്ന് അയാള്‍ക്ക് തിരിച്ചറിയാനായില്ല. അത് തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ പോലും. മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ഏതോ പക്ഷിസ്വനം പോലെ അത് തുളച്ചുകയറുന്നതും ആവര്‍ത്തിക്കുന്നതും ആയിരുന്നു. ടെറസിലേക്ക് തുറക്കുന്ന ജനാലയുടെ തൊട്ടു പുറകില്‍നിന്നാണ് അതു വന്നതും. ഈ വിലാപം അയാളുടെ ഹൃദയതാളത്തെ ചൊടിപ്പിക്കുകയും നേരിയതെങ്കിലും അമ്പരപ്പിക്കുന്ന ഭയം ഉടലില്‍ പടര്‍ത്തുകയും ചെയ്തു. രാത്രിയുടെ ഈ യാമത്തില്‍ ഏതുതരം പക്ഷിയാകും പാടുന്നത്? ഒടുവില്‍, ഉറക്കം കീഴ്പ്പെടുത്തുംവരെ ആ അസാധാരണ ശബ്ദം അയാളെ ക്ഷണിക്കുന്നത് തുടര്‍ന്നു.

രാവിലെ ജനാലവിരികള്‍ നീക്കിയപ്പോള്‍ ടെറസും അങ്കണവും വൃക്ഷനിരകളും കാഴ്ചയിലെത്തി. എല്ലാം വളരെ വിശാലമായിത്തോന്നി, ഒന്നാമത്തെ വൃക്ഷത്തിന്റെ ഉച്ചിയിലും ഇളകിയാടുന്ന ചില്ലകളിലും തൊടാന്‍ ശ്രമിക്കുന്ന, സൂര്യകിരണങ്ങളോട് കിന്നരിക്കുന്ന ഇളംകാറ്റൊഴികെ എല്ലാം പതിവുപോലെ ശാന്തവും സുരക്ഷിതവുമായി കാണപ്പെട്ടു.

ഏതാനും രാത്രികള്‍ക്കുശേഷം, കൂടുതല്‍ അസാധാരണവും ഉച്ചത്തിലുള്ളതുമായ ഒരു പുതിയ ശബ്ദം അയാളെ ഉറക്കമുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിഗൂഢമായ ആ രാക്കിളി സ്വരത്തിന്റെ ഓര്‍മ്മ അയാളില്‍ നിന്ന് തീര്‍ത്തും ഇല്ലാതായേനേ. ഇത്തവണ എന്തായാലും ഒരേസമയം ആ ശബ്ദവും ഭയവും ചേര്‍ന്നാണ് അയാളെ ഉണര്‍ത്തിയത്. അത് ലോഹം ലോഹത്തില്‍ അടിക്കുന്ന വന്യശബ്ദമായിരുന്നു, കിടപ്പറയ്‌ക്കുള്ളില്‍ നിന്നെന്നോണം തൊട്ടടുത്തു നിന്നായിരുന്നു അത് വന്നതും. എന്നാല്‍ അയാള്‍ കണ്ണുകള്‍ തുറന്നപ്പോള്‍ അതിത്തിരി പിറകോട്ടുപോയി, പുറത്തു ടെറസിലെത്തി. അയാള്‍ അതിവേഗം കിടക്കയില്‍ നിന്നെഴുന്നേറ്റ്, മുട്ടിയത് ആരായിരുന്നാലും അതയാളെ ഉണര്‍ത്തിയെന്നും അവര്‍ ഉടന്‍ സ്ഥലം വിടുന്നതാണ് നല്ലത് എന്നും അറിയിക്കാന്‍ വേണ്ടി ലൈറ്റിട്ടു. അയാള്‍ ലൈറ്റിട്ട നിമിഷം ശബ്ദം തിരോഭവിച്ചു. ടെറസ് ജനാലക്കരികിലേക്ക് നീങ്ങി അയാള്‍, മുട്ടിയ ആള്‍ ഇപ്പോഴും അവിടെയുണ്ടാകുമോ അതോ മരങ്ങള്‍ക്ക് പിറകിലൊളിക്കാന്‍ വേണ്ടി അങ്കണത്തിലൂടെ ഓടിയിട്ടുണ്ടാകുമോ എന്നറിയാതെ ജനാല തുറക്കാതെത്തന്നെ അവിടെ നിന്നു. ചുറ്റുമുള്ള നിശ്ശബ്ദതയും ജനാല തകര്‍ക്കപ്പെട്ടിട്ടില്ല എന്ന ബോധ്യവും ചേര്‍ന്നപ്പോള്‍ മാത്രമാണ് അയാള്‍ക്ക് ധൈര്യം വീണ്ടുകിട്ടിയത്. എന്നാല്‍ കിടക്കയിലേക്ക് തിരികെ പോവുമ്പോഴും അങ്കലാപ്പും ഭയവും അയാളെ വിട്ടുപോയില്ല.

അടുത്ത പ്രഭാതത്തില്‍, ഒന്നാമത്തെ വൃക്ഷത്തിന്റെ ഉച്ചിയില്‍ സൂര്യകിരണങ്ങളെത്തുംമുമ്പേ വാതില്‍ തള്ളിത്തുറന്ന് ടെറസ് പരിശോധിക്കാനായി അയാള്‍ പുറത്തിറങ്ങി. സംശയകരമായി ഒന്നും കണ്ടില്ല; അവിടെയുണ്ടായിരുന്ന ലോഹനിര്‍മ്മിതമായ ഏകവസ്തുവായിരുന്ന ഓടജല പൈപ്പുകളില്‍ പാടുകളോ വിള്ളലുകളോ ഉണ്ടായിരുന്നില്ല. എല്ലാം സുരക്ഷിതമായിരുന്നു. വൃക്ഷങ്ങള്‍ക്കുമുകളില്‍ വെളിപ്പെടുന്ന സൂര്യോദയം നോക്കിയിരുന്ന് പതിവുപോലെ കാപ്പി കുടിക്കാമെന്ന പദ്ധതിയോടെ അതുണ്ടാക്കാനായി അയാള്‍ അകത്തേക്കു പോയി. തലേരാത്രിയിലെ പരിഭ്രമത്തിന്റെ അവശിഷ്ടങ്ങള്‍ ഉടലില്‍നിന്നു അങ്ങനെ കുടഞ്ഞുകളയാമെന്ന് അയാള്‍ പ്രതീക്ഷിച്ചു. എന്നാല്‍ അയാള്‍ തിരികെയെത്തുമ്പോഴേക്കും സൂര്യപ്രകാശം വൃക്ഷനിരകളില്‍ മുഴുവനും പരന്നുകഴിഞ്ഞിരുന്നു. എന്നാലും, ചുറ്റുമുള്ള പ്രാശാന്തമായ കാഴ്ചകള്‍ അയാളുടെ ശാന്തഭാവം തിരികെ നല്‍കുകയും തലേരാത്രിയുടെ വന്യമായ അസ്വാസ്ഥ്യത്തെ മനസ്സില്‍നിന്നു നീക്കം ചെയ്യുകയും ചെയ്തു. അതെന്തായിരിക്കാം എന്നതിനെ കുറിച്ചുള്ള അവ്യക്തമായ ചാഞ്ചല്യത്തിന്റെ രൂപത്തില്‍ ഒരനുരണനം മാത്രമാണ് അവശേഷിച്ചത്.

അങ്ങനെയിരിക്കെ ഒരു പ്രഭാതത്തില്‍ എന്തെന്നറിയാത്ത ഒരു ഭയവും അസ്വസ്ഥതയും അയാളെ കീഴ്പ്പെടുത്തി. സത്യത്തില്‍ അത് തികച്ചും സാധാരണമായ ഒരു പ്രഭാതമായിരുന്നു. എന്തുകൊണ്ടങ്ങനെ എന്ന് ആ വലിയ ജനാലയിലൂടെ പുറത്തേക്ക് നോക്കുംവരെ അയാള്‍ക്ക് തിരിച്ചറിയാനായില്ല. ആദ്യമൊന്നും താന്‍ കാണുന്നതെന്താണ് എന്ന് അയാള്‍ക്ക് ഉറപ്പില്ലായിരുന്നു. അഥവാ, ഒരുപക്ഷേ താന്‍ കൊണ്ടുകൊണ്ടിരുന്നതെന്തോ അത് ശരിക്കും ഉള്ളതാണെന്ന് അയാള്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നില്ല. ശൂന്യവും വിശാലവുമായ തുറസ്സില്‍, അങ്കണത്തിലെ വൃക്ഷനിരകളുടെ അറ്റത്ത്, ഒരു ഇരുണ്ട രൂപം നിന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു ഭീകരസത്വമായിത്തീരുന്നതായി കാണപ്പെട്ടു. അയാള്‍ക്ക് അത് അയാളെത്തന്നെ തുറിച്ചു നോക്കുന്നതായി ത്തോന്നി. താന്‍ കാണുന്നതെന്ത് എന്ന് ഉറപ്പായതോടെ അയാള്‍ അതിവേഗം ജനാലക്കല്‍ നിന്നു പിന്‍വാങ്ങി, കാഴ്ചയില്‍ നിന്നൊളിച്ചു. അന്നുരാവിലെ, ആ വീട്ടിലെത്തിയ ശേഷം എല്ലാപ്രഭാതത്തിലെയുമെന്ന പോലെ ടെറസിലേക്കു പോകുന്നതിനു പകരം, അയാള്‍ കാപ്പിക്കപ്പുമായി കിടപ്പറയിലേക്ക് തന്നെ പോയി. പിന്നീട് ധൈര്യം സംഭരിച്ചതിനുശേഷം മാത്രമാണ് പുറത്തുള്ള ഇരുണ്ട രൂപത്തെ കാണാന്‍ വേണ്ടി അയാള്‍ ജനാലയ്‌ക്കലേക്കു നീങ്ങിയത്. എന്നാല്‍, അവിടം തീര്‍ത്തും സാധാരണത്വത്തിലേക്ക് തിരികെ പോയിരുന്നു, നേരത്തെ കണ്ട വന്‍സത്വത്തിന്റെ ഒരടയാളവും ബാക്കിയുണ്ടായിരുന്നില്ല. എന്നാലും അയാളെ സംബന്ധിച്ച് അതുല്‍പ്പാദിപ്പിച്ച ഭയം ആ ദൃശ്യസ്ഥലിക്ക് മുകളില്‍ അടയാളം പതിപ്പിച്ചിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കുശേഷം, വീടിന്റെ പിറകുവശം, ജനാലക്കല്‍ നിന്നു എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നോക്കാന്‍പോലും കഴിയാത്തത്ര കാതടപ്പിക്കുന്ന മുട്ടല്‍കൊണ്ട് ആക്രമിക്കപ്പെട്ടു. കരുവാനും അയാളുടെ സഹായിയും ടെറസിന് ചുറ്റുമതില്‍ കെട്ടാന്‍വേണ്ടി അന്ന് പുലര്‍ച്ചെ എത്തിയിരുന്നു. അതവര്‍ ഉച്ചയോടെ തീര്‍ക്കുകയും ചെയ്തു. അവര്‍ പോയപ്പോള്‍ അവിടവിടെയായി കുറേ ലോഹത്തുണ്ടുകളും ഒപ്പം തീര്‍ത്തും പുതിയൊരു കാഴ്ചയും ബാക്കിവെച്ചു. അങ്കണം ഇപ്പോള്‍ മുഴുവന്‍ കാണാന്‍ കഴിയുമായിരുന്നില്ല, ഇപ്പോള്‍ വൃക്ഷനിരകള്‍ ആകാശം മുട്ടുന്ന അങ്ങേ അറ്റംമാത്രമേ ദൃശ്യമായുള്ളൂ. കസേര വലിച്ചിട്ട്‌ ഇരുന്നപ്പോള്‍, ആ പഴയ ദൃശ്യത്തിന്റെ നേരിയ ശകലംപോലും അപ്രത്യക്ഷമായി. മതിലിനു മുകളിലും ടെറസിന്റെ റൂഫിനും ഇടയിലൂടെ ദൃശ്യമായ ഒരാകാശക്കീറ് മാത്രമാണ് പിന്നെ ബാക്കിയായത്. ആദ്യമൊക്കെ അയാള്‍ മതിലിന്റെ കമ്പികള്‍ക്കിടയിലെ വിടവുകളിലൂടെ കണ്ണു കൂര്‍പ്പിച്ചുനോക്കാന്‍ ശ്രമിച്ചു, എന്നാല്‍ അത് കണ്ണുകളെ അതിവേഗം ക്ഷീണിപ്പിച്ചു. ഒടുവില്‍ മുകളിലേക്കോ താഴോട്ടോ നേരിയ തോതില്‍പോലും കണ്ണുപായിക്കാന്‍ ശ്രമിക്കാതെ ആകാശത്തേക്ക് മാത്രം നോക്കിയിരുന്നാല്‍ മതിയെന്ന മട്ടിലായി അയാള്‍. അല്ലാത്തപക്ഷം അയാളുടെ നോട്ടം ഒന്നുകില്‍ അതിനു മുമ്പൊരിക്കലും അയാള്‍ നോക്കിയിട്ടുപോലുമില്ലാതിരുന്ന ടെറസിന്റെ മച്ചുമായോ അല്ലെങ്കില്‍ ഇരുണ്ട ലോഹമതിലുമായോ ഇടറി നില്‍ക്കും. എന്നാലും ഏറ്റവും ചുരുങ്ങിയത് വീണ്ടും സുരക്ഷിതത്വബോധം അനുഭവപ്പെടുകയെങ്കിലും ചെയ്തു അയാള്‍ക്ക്.

പക്ഷേ അതും നീണ്ടുനിന്നില്ല. ഏതാനും രാത്രികള്‍ക്കുശേഷം, ആ അപൂര്‍വ്വജീവിയുടെ കരച്ചില്‍ കേട്ട് ഒരിക്കല്‍ക്കൂടി അയാളുണര്‍ന്നു. ഇത്തവണ അത് മുമ്പത്തേക്കാള്‍ ഉച്ചത്തിലായിരുന്നു. പിന്നീട്, കുറേ രാത്രികള്‍ കഴിഞ്ഞ്, ഉറങ്ങിക്കിടക്കുമ്പോള്‍, തല പിളര്‍ക്കുംവിധം കാതടപ്പിക്കുന്ന ഒരു ശബ്ദം അയാളെ ഉണര്‍ത്തി. ഇതും മുമ്പെന്നത്തേക്കാളും ഉച്ചത്തിലായിരുന്നു, അത് മതിലിന്റെ എല്ലാഭാഗത്തു നിന്നും വരുന്നതുപോലെ തോന്നിച്ചു.

ആ രാത്രി മുതല്‍, അയാള്‍ തന്റെ പ്രഭാതത്തിലെ കാപ്പി മുഴുവനാക്കിയ ശേഷം, നേരെ കിടപ്പറയിലേക്ക് പോകും. എന്നിട്ട് ആ വലിയ ജനാലയ്‌ക്കല്‍ വന്ന്‌ പുറത്തേക്ക് നോക്കി നില്‍ക്കും. കാരണം അവിടുന്നുള്ള കാഴ്ച് മതില്‍ കെട്ടിയ ടെറസില്‍ നിന്നുള്ളതിനേക്കാള്‍ വിശാലമായിരുന്നു, ആ ഭീമന്‍സത്വം വരുന്നപക്ഷം ഉടന്‍തന്നെ അതിന്റെ ഇരുണ്ട ഏകദേശരൂപം കണ്ടെത്താന്‍ അവിടെനിന്നായിരുന്നു എളുപ്പം. അയാള്‍ അതിനായി കാത്തിരിക്കും.

(കാതറിന്‍ ഹാള്‍സ് അറബിക്കില്‍ നിന്നു ‘sIolated’ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയതിന്റെ മലയാള വിവര്‍ത്തനം)

വിവ: ഫസല്‍ റഹ്മാന്‍

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + three =

Most Popular