Monday, July 22, 2024

ad

Homeശ്രദ്ധാഞ്ജലിപി വത്സല: മാനവികതയുടെ കഥാകാരി

പി വത്സല: മാനവികതയുടെ കഥാകാരി

ആർ പാർവതി ദേവി

ണ്ണിന്റെയും പെണ്ണിന്റെയും ചൂടും ചൂരും കരുത്ത് പകർന്ന ഒരു പിടി കഥകൾ മലയാളത്തിന് നൽകിയ മാനവികതയുടെ കഥാകാരി പി വത്സല മൺമറഞ്ഞു. മലയാള സാഹിത്യത്തിൽ തികച്ചും വേറിട്ട പാത കോറിയിട്ടാണ് വത്സല ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നത്. പ്രമേയത്തിലും കഥാഘടനയിലും ഭാഷയിലും വത്സലയുടെ കഥകൾ തനത് വ്യക്തിത്വം പുലർത്തുന്നു.

എം ടി വാസുദേവൻ നായരും കോവിലനും കെ സുരേന്ദ്രനും ഉൾപ്പെട്ട ധാരയിലോ എം മുകുന്ദനും ഒ വി വിജയനും മാധവിക്കുട്ടിയും എം പി നാരായണപിള്ളയും ആനന്ദും മറ്റും ഉൾപ്പെട്ട ആധുനികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ധാരയിലോ വത്സലക്ക് ആരും ഇടം നൽകിയിട്ടില്ല. അല്ലെങ്കിൽ മേല്പറഞ്ഞ പട്ടികകളിൽ അല്ല വത്സലയുടെ സ്ഥാനം. അതുകൊണ്ടാണോ എന്നറിയില്ല മലയാളസാഹിത്യകാരന്മാരുടെ/കാരികളുടെ പട്ടിക വിക്കിപീഡിയ കൊടുത്തതിലും വത്സല ഇല്ല. (കൗതുകകരമെന്നേ പറയാനാവൂ സാറ ജോസഫിന്റെ പേരും ഇല്ല) അതുകൊണ്ടാണ് സ്വന്തമായി പാത വെട്ടിത്തുറക്കുകയും അതിലേ തല ഉയർത്തിപ്പിടിച്ച് അവസാനം വരെയും വത്സല നടന്നു പോയതും.

നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നീ മൂന്ന് നോവലുകളിലൂടെ ആദിവാസി ജീവിതത്തെ അവർ മലയാളിക്ക് പരിചയപ്പെടുത്തി. അന്ന് ആദിവാസി അവകാശങ്ങളെക്കുറിച്ച് പൊതുസമൂഹം ഇന്നത്തെ അത്ര ഊർജസ്വലമായി ചർച്ച ചെയ്യാത്ത കാലമായിരുന്നു.

നാരായൺ എന്ന ആദിവാസി എഴുത്തുകാരൻ 1999ൽ മാത്രമാണ് താൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ അനുഭവങ്ങൾ ‘കൊച്ചരേത്തി’ യിലൂടെ പറഞ്ഞത്.

നെല്ല് സിനിമയായപ്പോൾ ആവശ്യത്തിന് മസാല ചേർത്ത് കൊഴുപ്പിച്ചെങ്കിലും വത്സലയുടെ നോവൽ ജനങ്ങൾ ശ്രദ്ധിക്കാൻ ഈ സിനിമ സഹായിച്ചു എന്നത് സത്യം. പിന്നീട് വന്ന പല മലയാള സിനിമകളിലും ആദിവാസി സ്ത്രീയുടെ മാതൃക നെല്ലിലെ ജയഭാരതിയുടെ ആയിരുന്നു. ഇന്നത്തെ വിലയിരുത്തലിൽ അത് ആദിവാസി സ്ത്രീയെ ആക്ഷേപിക്കൽ ആണെന്ന് പറഞ്ഞാലും തെറ്റില്ല. എന്നാൽ വത്സലയുടെ മാരി ജയഭാരതി ആയിരുന്നില്ല. പലപ്പോഴും നെല്ല് എന്ന സിനിമ തനിക്ക് പൂർണമായി സംതൃപ്തി നൽകിയിട്ടില്ല എന്നർ സൂചിപ്പിച്ചിട്ടും ഉണ്ട്.

അനുഭവങ്ങളുടെ പ്രതിഫലനം തന്നെയാണ് സാഹിത്യം. എന്നാൽ സ്വാനുഭവത്തെ മാത്രമല്ല എഴുത്തുകാർ പ്രമേയം ആക്കുന്നത്. പ്രത്യേകിച്ചും പ്രതിബദ്ധതയുള്ള എഴുത്തുകാർ. കുമാരനാശാന്റെ കൃതികൾ ആവർത്തിച്ചു ചർച്ച ചെയ്യപ്പെടുന്നത് സാവിത്രിയും മാതംഗിയും ചാത്തൻ പുലയനും കവിതകൾക്ക് പ്രമേയം ആയതു കൊണ്ടാണ്. വൈയക്തിക ദുഃഖവും സന്ത്രാസങ്ങളും സ്വത്വ പ്രതിസന്ധിയും പ്രതിഭയുള്ള എഴുത്തുകാരുടെ തൂലികയിൽ തെളിയുമ്പോൾ വായനക്കാർക്ക് താദാത്മ്യം പ്രാപിക്കാൻ ആകുകയും രചനകൾ ആസ്വാദ്യകരമാകുകയും ചെയ്യും എന്നത് ഉറപ്പ്.

എന്നാൽ മാറ്റത്തിനുള്ള രാസത്വരകം ആയി സാഹിത്യം വർത്തിക്കണമെങ്കിൽ സഹജീവികളോട് അനുതാപം കൂടി ഉണ്ടാകണം. പല രചനകളും കലാതിവർത്തിയാകുന്നത് അപ്പോഴാണ്. അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനേയും ഒക്കത്തെടുത്ത് തിരുനെല്ലിയിൽ പോയാണ് വത്സല നെല്ല് എഴുതിയത്. ഒരിക്കൽ അല്ല പലവട്ടം അവിടെ പോകുകയും അവിടെയുള്ള സ്ത്രീകളുടെ ജീവിതം കണ്ടറിയുകയും ചെയ്തതിന്റെ ഫലമാണ് നെല്ലും ആഗ്നേയവും കൂമൻകൊല്ലിയും. അതാത് കാലഘട്ടത്തിന്റെ മാറ്റങ്ങളും ഈ നോവലുകളിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ കഴിയും. കാലത്തിന്റെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് സർഗാത്മകമായി ആവിഷ്കരിക്കുകയും ചെയ്തപ്പോൾ ആണ് മണ്ണിന്റെ ലഹരിപിടിപ്പിക്കുന്ന ഗന്ധം ആവാഹിക്കുവാൻ ആ രചനകൾക്ക് കഴിഞ്ഞത്. സാധാരണക്കാരാണ് വത്സലയുടെ കഥാപാത്രങ്ങൾ. അവരുടെ ദൈനംദിന ജീവിതത്തിലൂടെ ഒരു ദർശനം വത്സല മുന്നോട്ട് വക്കുന്നു. അവരുടെ വാക്കുകളിലൂടെ വത്സല പറയുന്നത് ഈ സമൂഹത്തിലെ അരികുവൽകരിക്കപെട്ടവരുടെ വേദനകൾ ആണ്. അതിൽ സ്ത്രീയും തൊഴിലാളിയും ആദിവാസിയുമുണ്ട്. അവരിലേക്ക് വായനക്കാരെ എത്തിക്കുവാൻ കഴിയുന്ന, മണ്ണിൽ ഉറച്ചു നിൽക്കുന്ന രാഷ്ട്രീയം വത്സലക്കുണ്ട്. അത് മറച്ചു വെക്കാൻ വത്സല ശ്രമിക്കുന്നില്ല. എന്നാൽ മുദ്രാവാക്യത്തിന്റെ മുഴക്കം അല്ല അവരുടെ കഥകൾക്ക് ശക്തി നൽകുന്നത്. മാനവികതയുടെ ഊഷ്മളതയാണ്.

സ്ത്രീവിമോചനത്തിന്റെ സൈദ്ധാന്തിക നിലപാടുകൾ അല്ല വത്സലയെ നയിച്ചിരുന്നത്. മറിച്ച്, വിശാലമായ മാനവികതയുടെ ദർശനമായിരുന്നു. ആണധികാര സമൂഹത്തിലെ വീട്ടടിമയായ സ്ത്രീയെയും അവളുടെ അതിജീവന രീതികളെയും വ്യത്യസ്തമായ തരത്തിൽ കഥകളിൽ അടയാളപ്പെടുത്തിയതായി കാണാം. മിക്കവാറും കഥകൾ സ്ത്രീ കേന്ദ്രീകൃതവുമാണ്. റോസ്മേരിയുടെ ആകാശം ,അനുപമയുടെ കാവൽക്കാരൻ, കോട്ടയിലെ പ്രേമ, അരുന്ധതി കരയുന്നില്ല, പേമ്പി, മൈഥിലിയുടെ മകൾ, അന്നമേരി ഇങ്ങനെ കഥകളുടെ ശീർഷകത്തിൽ തന്നെയുണ്ട് സ്ത്രീപക്ഷം. വത്സലയുടെ മരണാനന്തരം പ്രസിദ്ധീകരിച്ച ചില ഓർമ്മകുറിപ്പുകളിൽ പെണ്ണെഴുത്തിന്റെ ആനുകൂല്യം ആവശ്യം ഇല്ലാത്ത ആളായിരുന്നു വത്സല എന്ന് കാണാൻ ഇടയായി. പെണ്ണെഴുത്ത് എന്ന പ്രയോഗം പലരും തെറ്റായാണു മനസ്സിലാക്കുന്നത്. സ്ത്രീവാദം പോലെ തന്നെ പലതരം വ്യാഖ്യാനങ്ങൾ നൽകി അതിന്റെ പ്രസക്തിയും പ്രാധാന്യവും ഇല്ലാതാക്കുന്ന രീതി പെണ്ണെഴുത്തിനോടും കാണാം.

ഒരു വർഗാധിഷ്ഠിത സമൂഹത്തിൽ ജാതി, മത, വർണ, ലിംഗ, വംശ, വർഗപരമായ ഭിന്നതകൾ നിലനിൽക്കുമ്പോൾ സ്വാഭാവികമായും ഓരോ വിഭാഗത്തിന്റെയും അനുഭവവും വ്യത്യസ്തമായിരിക്കും. എങ്കിൽകൂടി ആധിപത്യം വഹിക്കുന്ന വിഭാഗങ്ങളുടെ മൂല്യവ്യവസ്ഥയെ ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നവരാണ് ഏറെയും. എന്നാൽ തങ്ങളുടെ അനുഭവത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും അനീതിയുടെ പുകപടലങ്ങൾ ശ്വാസം മുട്ടിക്കുകയും അതിൽനിന്നും കുതറിമാറാനുള്ള ഊർജം സ്വായത്തമാക്കുകയും ചെയ്തവരാണ് ചരിത്രം സൃഷ്ടിക്കുന്നത്. ലിംഗപരമായ അടിച്ചമർത്തലുകളുടെ ഭാരം പേറുന്ന സ്ത്രീകളെയും അവരുടെ ജീവിതത്തെയും അനുതാപത്തോടെ നോക്കുകയും അത് അതേ തീവ്രതയിൽ രചനകളിൽ ആവിഷ്കരിക്കുകയും ചെയ്യുമ്പോഴാണ് പെണ്ണെഴുത്ത് ഉരുവംകൊള്ളുന്നത്. ആ അർത്ഥത്തിൽ വത്സലയും സ്ത്രീപക്ഷ എഴുത്തുകാരി ആകുന്നു.

എന്ന് മാത്രമല്ല, സ്ത്രീ എന്ന പോലെ വത്സല പ്രകൃതിയെയും കാണുന്നു. പരിസ്ഥിതി സ്ത്രീവാദത്തിന്റെ മിന്നലുകൾ ആണ് പല രചനകളിലും കാണാൻ ആകുന്നത്.കാടും പുഴകളും മലകളും കാറ്റും മഴയും കിളിയും വത്സലയുടെ ഇഷ്ട വിഷയങ്ങളാണ്. ആത്മകഥയുടെ പേര് തന്നെ ‘കിളിക്കാലം’ എന്നാണല്ലോ. വയനാടൻ പച്ചമണ്ണിന്റെ ജീവൻതുടിക്കുന്ന കഥകൾ മണ്ണിൽ പണിയുന്നവരുടെ വിയർപ്പ് വീണു കുതിർന്നതാണ്. പ്രകൃതിയും മനുഷ്യനും എന്ന എന്നത്തേയും അത്ഭുതം ഈ കഥാകാരിയെയും ആവേശപ്പെടുത്തുന്നു.

ഒരു കാട്ടുപാതയിലൂടെ ഒറ്റയ്‌ക്ക് നടക്കുന്ന ഒരു മനുഷ്യസ്നേഹിയുടെ തൂലികയിൽ നിന്നും ഉതിർന്നുവീണ സ്നേഹക്കണികകൾ ആണ് 17 നോവലും 25 കഥാസമാഹാരങ്ങളും രണ്ട് യാത്രാവിവരണങ്ങളും അനേകം ബാലസാഹിത്യകൃതികളും.. മലയാള സാഹിത്യ ഭണ്ഡാരത്തിലെ അപൂർവ മുത്തുകളായി ഇവ ശോഭിച്ചുകൊണ്ടേയിരിക്കും.

കൂടുതൽ പഠനവും വിലയിരുത്തലുകളും ഗവേഷണങ്ങളും പി വത്സല അർഹിക്കുന്നു. പുതിയ തലമുറ ആ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − fourteen =

Most Popular