തലശ്ശേരിയിലെ സർക്കസ് കൂടാരത്തിലേക്ക്, കളി കാണാനുള്ള അദമ്യമായ ആഗ്രഹത്തോടെ (പണമില്ലാത്തതിനാൽ ടിക്കറ്റെടുക്കാതെ) അനുവാദരഹിതമായി നുഴഞ്ഞുകയറിയ ബാലനെ കണ്ടുപിടിച്ച സർക്കസ് സംഘാടകർ തൂക്കിയെടുത്ത് പുത്തേക്ക് വിട്ടെങ്കിലും ഇന്ത്യൻ സർക്കസിന്റെ കുലപതിയെന്ന് വിശേഷിപ്പിക്കുന്ന കീലേരി കുഞ്ഞിക്കണ്ണനു കീഴിൽ ആ ബാലൻ പഠിതാവായി പിൽക്കാലത്ത് എത്തി. തലശ്ശേരി സർക്കസ് പോലെ തന്നെ നെഞ്ചോടു ചേർത്തുവെക്കുന്ന കളരിപ്പയറ്റിന്റെ ആയോധന ശീലങ്ങൾക്കൊത്ത് ഇളംപ്രായത്തിൽ തന്നെ ശരീരത്തെ പാകപ്പെടുത്താൻ കൂടി കഴിഞ്ഞ ശങ്കരൻ എന്ന ബാലന് സർക്കസ് എന്ന അത്ഭുതകലയുടെ രസതന്ത്രങ്ങൾ കൂടി സ്വായത്തമാക്കാൻ കഴിഞ്ഞതോടെ ഇന്ത്യൻ സർക്കസ് കീലേരിക്ക് ശേഷം അടയാളപ്പെടുത്തപ്പെട്ടത് ജമിനി ശങ്കരൻ എന്ന പേരുതന്നെയായി.
1924 ജൂൺ 13ന് തലശ്ശേരിക്കടുത്ത കൊളശ്ശേരിയിൽ കാവിണിശ്ശേരി രാമൻ നായരുടെയും മൂർക്കോത്ത് കല്യാണിയമ്മയുടെയും മകനായി ജനിച്ച ശങ്കരൻ ഏഴാംക്ലാസ് വരെയുള്ള പഠനശേഷം മൂന്നുവർഷം സർക്കസ് പഠനത്തിനായാണ് മാറ്റിവെച്ചത്. യൗവനാരംഭത്തിൽ തന്നെ പട്ടാളത്തിൽ ചേർന്നെങ്കിലും രണ്ടാം ലോകയുദ്ധത്തിനുശേഷം പട്ടാളജീവിതം ഉപേക്ഷിക്കുകയുണ്ടായി. 1946ൽ തിരികെയെത്തിയ അദ്ദേഹം എം കെ രാമനിൽനിന്ന് സർക്കസിന്റെ തുടർപരിശീലനം സ്വായത്തമാക്കുകയും കൊൽക്കത്തയിലെ ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേരുകയുമുണ്ടായി. പിന്നീട് ഫ്‌ളയിംഗ് ട്രപ്പീസിയത്തിൽ ഉൾപ്പെടെ അസാമാന്യ പാടവം പ്രകടമാക്കിയ അദ്ദേഹം റെയ്‌മൺ സർക്കസിലും ജോലിചെയ്‌തു. 1951ൽ വിജയ സർക്കസ് ആറായിരം രൂപയ്ക്ക് വിലയ്‌ക്കുവാങ്ങിയതോടെ ശങ്കരൻ എന്ന ഭാഗ്യാന്വേഷിയുടെ ജീവിതരേഖ നേരെയാകുകയായിരുന്നു. തന്റെ ജന്മനക്ഷത്ര പേരുതന്നെ (ജമിനി) പുതിയ സർക്കസിന് നൽകിക്കൊണ്ടുള്ള യാത്ര, പ്രതിസന്ധികൾ ഏറെയുള്ളതായിരുന്നെങ്കിലും എല്ലാം സ്വതസിദ്ധമായ മന്ദസ്‌മിതത്തോടെ നേരിട്ട് വിജയപഥത്തിലെത്തിക്കാനായ കാഴ്‌ചയാണ് നമുക്ക് കാണാനായത്. ജംബോ സർക്കസ്, ഗ്രേറ്റ് ഓറിയന്റൽ എന്നിവയുടെ ഉടമസ്ഥൻ കൂടിയായി മാറാൻ അദ്ദേഹത്തിന് സാധിച്ചെങ്കിലും ആദ്യം തുടക്കംകുറിച്ച ജമിനിയുടെ പേരിനൊപ്പം നീങ്ങിയ ശങ്കരനെയാണ് കേരളം പിന്നീട് കണ്ടത്.
കൊൽക്കത്തയിലെ ബോസ് ലയൺ സർക്കസിലെ തികഞ്ഞ മെയ്യടക്കത്തോടെയുള്ള അനിതരസാധാരണ പാടവം, റെയ്‌മൺ സർക്കസിലെ ഗോപാലൻ കാണാനിടയായി. അതോടെ വലിയ ശന്പളം വാഗ്‌ദാനംചെയ്‌ത് അദ്ദേഹത്തെ റെയ്‌മൺസിലേക്ക് വിളിച്ചുകൊണ്ടുപോയി. രണ്ടുവർഷം അവരോടൊപ്പവും ജോലിചെയ്‌തു. സഹജീവിസ്‌നേഹം ജീവിതത്തിലുടനീളം മുഖമുദ്രയായി കൊണ്ടുനടന്ന ആളായിട്ടാണ് ഏവരും ജമിനി ശങ്കരൻ എന്ന സർക്കസ് പ്രചാരകനെ കാണുന്നത്. സങ്കടക്കടൽ നീന്തിമാത്രം ജീവിതം ദിനേന മുന്നോട്ടു കൊണ്ടുപോകുന്ന തൊഴിലിടമാണ് സർക്കസിന്റേത്. മറ്റു തൊഴിൽപരിസരങ്ങളെ അപേക്ഷിച്ച് ഏതർത്ഥത്തിലും ചൂഷണത്തിന്റെ പെരുമഴതന്നെയാണ് ടെന്റിനകത്തും പുറത്തും കലാകാരന്മാർ അനുഭവിക്കേണ്ടിവരാറ്. എന്നാൽ സർക്കസിന്റെ നടത്തിപ്പുകാരൻ കൂടിയായി മാറിയ സർക്കസ് കലാകാരൻ ജമിനി ശങ്കരൻ എന്ന മനുഷ്യനെ സ്ഥാപന ഉടമയായി കാണാൻ സർക്കസ് കലാകാരികൾക്കും കലാകാരന്മാർക്കും സാധിക്കുമായിരുന്നില്ല. അത്രമാത്രം മനുഷ്യസ്‌നേഹത്തിന്റെ കരസ്‌പർശം പകർന്നു നൽകാൻ തയ്യാറായ ഹൃദയവിശാലത അദ്ദേഹം മുറുകെപ്പിടിച്ചിരുന്നു. തന്നോടൊപ്പം നിൽക്കുന്ന സർക്കസ് കലാകാരന്മാരുടെ പരിഭവങ്ങൾക്കും പരിവേദനങ്ങൾക്കും അദ്ദേഹം എന്നും കാതുകൊടുത്തു. അവരുടെ ജീവിതപ്രയാസങ്ങളുടെ ആഴം തിരിച്ചറിഞ്ഞ്, തന്നാലാവുന്ന പരിഹാരമാർഗം കാണാൻ ആത്മാർഥശ്രമം നടത്തിയതുകൊണ്ടാണ് കലാകാരന്മാർ തങ്ങളിലൊരാളായി അദ്ദേഹത്തെ കണ്ടത്.
സർക്കസിൽ പക്ഷിമൃഗാദികൾ അവിഭാജ്യ ഘടകമായതുകൊണ്ടുതന്നെ, അവർക്ക് മനുഷ്യനോടെന്നതിനു സമാനമായ പരിഗണന നൽകുന്നതിൽ നല്ല ശ്രദ്ധതന്നെയാണ് ജമിനി ശങ്കരൻ നൽകിയത്. ജമിനി സർക്കസിലെ കലാകാരന്മാരെ കടൽകടന്ന് വിദേശങ്ങളിൽ എത്തിക്കുന്നതിലും അവിടത്തെ കലാകാരന്മാരെ ഇവിടേക്ക് കൊണ്ടുവരുന്നതിലും പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു അതീവ താൽപര്യം പുലർത്തിയിരുന്നതായി ജമിനി ശങ്കരൻ ഓർക്കാറുണ്ട്. കലാകാരന്മാരോട് സഹാനുഭൂതി പുലർത്തുന്ന കാര്യത്തിലും അവരുടെ സർഗാത്മകതയ്‌ക്ക് അർഹമായ ഇടംനൽകുന്നതിലും നെഹ്‌റു വഹിച്ചിരുന്ന പങ്ക് ചെറുതായിരുന്നില്ലെന്നു തന്നെയാണ് അവർ ഓർത്തെടുക്കുന്നത്.
തന്പിനകത്ത് കാണികൾക്ക് ആഹ്ലാദിക്കാൻ അവസരങ്ങൾ അണിയിച്ചൊരുക്കുമ്പോഴും ഓരോ കലാകാരന്റെ ഉള്ളിലും സങ്കടങ്ങളുടെ കനൽക്കൂന തന്നെയായിരുന്നു എരിഞ്ഞുകൊണ്ടിരുന്നത്. ഇതെല്ലാം ഇതിവൃത്തമാക്കി പൊതുസമൂഹത്തിന്റെ മുന്പാകെ എത്തിക്കുന്നതിന് സർക്കസ് കലാകാരനും എഴുത്തുകാരനുമായ ശ്രീധരൻ ചന്പാടിന്റെ തന്പ്, മേള തുടങ്ങിയ സിനിമകൾ വെളിച്ചം കണ്ടിട്ടുണ്ട്. പക്ഷേ പല സർക്കസ് കന്പനികളിലും ജോലിചെയ്‌തു പോന്നിരുന്ന കലാകാരന്മാർ ജീവിതത്തിന്റെ ദുരിതപർവങ്ങൾക്ക് മുന്നിലാണ് ചായംതേച്ച് മന്ദസ്‌മിതം തൂകി കാഴ്‌ചക്കാരെ ആഹ്ലാദിപ്പിച്ചുകൊണ്ടിരുന്നത്.
കമ്യൂണിസ്റ്റ് രാഷ്‌ട്രീയത്തോടുള്ള സഹവർത്തിത്വം ചെറുപ്പം മുതലേ ജീവവായുപോലെ കൊണ്ടുനടന്ന ജമിനി ശങ്കരൻ കമ്യൂണിസ്റ്റ് രാഷ്‌ട്രീയക്കാരുമായെല്ലം അടുത്ത സൗഹൃദമാണ് പുലർത്തിയത്. എന്നും പതിതപക്ഷ മനസ്സ് ചേർത്തുവെയ്‌ക്കുന്ന ജമിനി ശങ്കരൻ എന്ന മഹാനായ പ്രതിഭാശാലിക്ക്, തൊഴിലാളിവർഗ രാഷ്‌ട്രീയത്തിന്റെ ജനകീയമുഖം അറിയാവുന്നതുകൊണ്ടാണ് ജീവിതാന്ത്യംവരെ അതിനൊപ്പം ചേർന്നുനടക്കാൻ അദ്ദേഹം തയ്യാറായത്. നിസ്വവർഗത്തിന്റെ ചൂടും ചൂരും സ്വന്തമെന്നപോലെ തിരിച്ചറിഞ്ഞുതന്നെയാണ് സർക്കസ് അഭ്യാസമുറയുടെ ജീവിത ട്രപ്പീസിയത്തിൽ മാറിമാറി ആടിക്കൊണ്ടിരുന്നത്.
ഏഴുപതാം വയസ്സിൽ സർക്കസ് ട്രപ്പീസിയത്തിന്റെ പടിയിറങ്ങി നാട്ടിൻപുറ ജീവിതത്തിന്റെ സൗഹൃദം പൂക്കുന്ന പച്ചപ്പിലേക്ക് ജീവിതം പിന്നെയും വിളക്കിച്ചേർക്കാൻ ജമിനി ശങ്കരൻ ശ്രമിച്ചുകൊണ്ടേയിരുന്നു. മക്കളായ അശോകനും അജയും ജമിനി, റോയൽ, ജംബോ സർക്കസുകളിലൂടെ ദേശാന്തരങ്ങൾ താണ്ടുമ്പോഴും അഭിമാനിക്കുന്ന ഒരു മനസ്സ് കണ്ണൂർ വാരത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്നുണ്ടായിരുന്നു. സർക്കസ് കലാകാരന്മാരുടെ പോയനാളിന്റെ പൊള്ളുന്ന ജീവിതാനുഭവങ്ങളും നൊന്പരങ്ങളും കേൾക്കാൻ അദ്ദേഹം എവിടെയും ഓടിയെത്തുമായിരുന്നു. മരിക്കുന്നതിനും ഒന്നരമാസം മുമ്പേ അങ്ങനെയാണ്, കതിരൂർ പഞ്ചായത്ത് ആർട്ട് ഗ്യാലറിയിൽ കതിരൂരിലെ പഴയകാല സർക്കസ് കലാകാരികൾ ഒത്തുചേരുന്ന വിവരമറിഞ്ഞ് പ്രായാധിക്യത്തിന്റെ അവശതകൾ വകവെക്കാതെ തൊണ്ണൂറ്റി ഒന്പതാം വയസ്സിലും അദ്ദേഹം സാന്നിധ്യം ഉറപ്പാക്കിയത്. സർക്കസിൽ പ്രവർത്തിച്ച കലാകാരികളുടെ ജീവിതാനുഭവങ്ങളുടെ വളച്ചുകെട്ടില്ലാത്ത പറച്ചിനിടയിൽ ശങ്കരേട്ടന്റെ കണ്ണുനിറയുന്നുണ്ട്. അതിനകത്ത് ബൈക്ക് റൈഡിന്റെ മരണക്കിണർ പ്രതിബിംബിക്കുംപോലെ…
ജമിനി സർക്കസിൽ മൃഗപരിപാലകനായി ജോലിചെയ്‌തിരുന്ന ബീഹാർ സ്വദേശി മുന്നലാൽ റായി വാരത്തെ വീട്ടുവളപ്പിൽ തന്റെ ഷെഡിനകത്ത് സങ്കടങ്ങൾ ഒതുക്കി ജീവിതം തുടരുന്നുണ്ട്. വീട്ടിൽ അവശേഷിക്കുന്ന അപൂർവയിനം തത്തകൾക്കും ശങ്കരേട്ടൻ ജീവനുതുല്യം സ്‌നേഹിക്കുന്ന ചെടികൾക്കും ഭക്ഷണം നൽകിക്കൊണ്ട് ആ ജീവിതം തുടരുന്നു. ♦