ചിരിയില്‍ കാണാതെ പോവുന്ന സങ്കടങ്ങളായിരുന്നു മാമുക്കോയയുടെ കോമഡികള്‍. മഴയത്ത് നടക്കുമ്പോള്‍ അതിനിടയില്‍ കരഞ്ഞാലും അറിയില്ലെന്നു പറഞ്ഞ ചാപ്ലിനെപ്പോലെ; സ്വന്തം കല്യാണത്തിന് ചെരുപ്പ് വാങ്ങാന്‍ കാശു തികയാതെ പ്രമുഖര്‍ക്കൊപ്പം നടന്നു നീങ്ങിയ ഏറ്റവും സാധാരണക്കാരനായ തൊഴിലാളിയായിരുന്നു മാമുക്കോയ. കല്ലായിയിലെ മരമില്ലുകളിലും കടവുകളിലും മരത്തടികളുടെ അളവെടുപ്പുകാരനായി ജോലി ചെയ്യുകയും കോഴിക്കോട്ടെ തെരുവുകളിലും അരങ്ങുകളിലും പീടികമുറികളിലും മാളികമുകളുകളിലും എല്ലാം നാടകം കളിച്ചുനടന്ന മാമുക്കോയ, മലയാള സിനിമയുടെ നാലു പതിറ്റാണ്ടുകാലത്തെ അനിവാര്യ ഘടകമായി പിന്നീട് പരിണമിച്ചു.
സത്യന്‍ അന്തിക്കാട് പറയാറുള്ളതു പോലെ, അദ്ദേഹത്തിന്റെ ഏതു സിനിമകളിലും സ്ഥിരസാന്നിദ്ധ്യക്കാരായിരുന്നു ശങ്കരാടിയും ഒടുവില്‍ ഉണ്ണികൃഷ്ണനും ഇന്നസെന്റും കെപിഎസി ലളിതയും ഫിലോമിനയും ബോബി കൊട്ടാരക്കരയും മാമുക്കോയയും മറ്റും. സത്യന്‍ അന്തിക്കാട് എടുക്കുന്ന സിനിമകളില്‍, കഥയേതെന്നും സന്ദര്‍ഭമേതെന്നും കണക്കാക്കാതെ തന്നെ ഉള്‍പ്പെടുത്താവുന്ന തരത്തിലുള്ള ഹൃദയബന്ധവും അടുപ്പവും ഇവര്‍ തമ്മിലുണ്ടായിരുന്നുതാനും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, സിനിമാഭാഷയിലെ പ്രോപ്പര്‍ടികളിലൊന്നായിരുന്നു മാമുക്കോയ.മലബാര്‍ മാപ്പിള എന്ന മാറ്റമില്ലാത്ത സ്ഥിരവ്യവസ്ഥയായി മലയാള സിനിമയുടെ പ്രോപ്പര്‍ടികളിലൊന്നായി മാമുക്കോയ അലിഞ്ഞുചേര്‍ന്നു.
കോഴിക്കോട്ടെ പള്ളിക്കണ്ടിയാണ് മാമുക്കോയയുടെ നാട്. ബ്രിട്ടീഷ് പ്രവിശ്യയായിരുന്ന മദ്രാസ് സ്റ്റേറ്റിലെ മലബാര്‍ എന്ന ജില്ലയുടെ ആസ്ഥാനമായിരുന്നല്ലോ കോഴിക്കോട്. ആധുനികതയും നാട്ടുജീവിതവും എല്ലാം എപ്പോഴും സമ്മേളിക്കുന്ന അപൂര്‍വ്വമായ ഒരു നഗരപ്പച്ചയാണ് കോഴിക്കോട്. കേരളത്തിന്റെ സാഹിത്യ-സംസ്‌ക്കാര-നാടക-പ്രസാധന ഘടനകളുടെയെല്ലാം ഒരു കേന്ദ്രബിന്ദുവാണ് കോഴിക്കോട്. മറ്റു പ്രദേശങ്ങളുടെ പ്രാധാന്യം കുറച്ചു കാണാനല്ല ഈ പ്രാദേശികമേന്മ എടുത്തുപറയുന്നത്. ഏതു വിധത്തിലും കേരളവും മലയാളവുമാണ് കോഴിക്കോട്. എസ് കെ പൊറ്റെക്കാട്, തിക്കോടിയന്‍, എം ടി, ഉറൂബ്, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, കെ ടി മുഹമ്മദ്, എന്‍ പി മുഹമ്മദ്, ശാന്താദേവി, വാസുപ്രദീപ്, പി എം താജ്, കോഴിക്കോട് അബ്ദുള്‍ ഖാദര്‍, ടി ദാമോദരന്‍ എന്നിങ്ങനെ കോഴിക്കോടിന്റെ സാംസ്‌ക്കാരിക ബഹുത്വങ്ങളുടെ ലാളിത്യവും ഗാംഭീര്യവും മാമുക്കോയയില്‍ നിറഞ്ഞുനിന്നു.
കോഴിക്കോടന്‍ വിശേഷങ്ങളും മലബാര്‍ സംസ്‌ക്കാരവും മാപ്പിള ജീവിതങ്ങളും എല്ലാം മുമ്പും മലയാള സിനിമയില്‍ ധാരാളമായി വന്നിട്ടുണ്ട്. ഉമ്മയും അച്ഛനും ബാപ്പയും ഓളവും തീരവും നീലിസാലിയും കണ്ടം ബെച്ച കോട്ടും കുട്ടിക്കുപ്പായവും സുബൈദയും പോര്‍ട്ടര്‍ കുഞ്ഞാലിയും കുപ്പിവളയും തങ്കക്കുടവും കാത്തിരുന്ന നിക്കാഹും കദീജയും കസവുതട്ടവും മരവും മാത്രമല്ല, നീലക്കുയിലും രാരിച്ചന്‍ എന്ന പൗരനും മുസ്ലിം (പ്രത്യേകിച്ച് മലബാറിലെ മാപ്പിള) ജീവിതത്തെ വേണ്ടത്ര പ്രാധാന്യത്തോടെ പരിചരിച്ചു.
ഓളവും തീരവും എന്ന ചിത്രത്തില്‍ ഏറെക്കുറെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ മലബാറിലുള്ള മുസ്ലിം വംശജരാണ്. കഥാന്ത്യത്തില്‍ പരാജയപ്പെടുന്നവനെങ്കിലും നീതിബോധവും സദാചാരവും കാരുണ്യബോധവും സ്വപ്രത്യയസ്ഥൈര്യവും കൈവിടാത്ത നായകന്‍ (ബാപ്പുട്ടി), നായകനുമായുള്ള പ്രണയം സാക്ഷാത്ക്കരിക്കപ്പെടാതെ പോകുകയും പ്രതിനായകനാല്‍ ചാരിത്രഭംഗം കൈവരുകയും ചെയ്യുന്ന നായിക (നെബീസു), പ്രവാസിജീവിതം കഴിഞ്ഞ് പുത്തന്‍പണക്കാരനായി തിരിച്ചുവരുകയും നായികയെ ബലാത്സംഗം ചെയ്യുകയും നായകന്റെ തല്ല് ഏറ്റുവാങ്ങുകയും ചെയ്യുന്ന വിടുവായനായ പ്രതിനായകന്‍(കുഞ്ഞാലി), നായകനെ ഉപദേശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന മുതിര്‍ന്ന കഥാപാത്രം (മമ്മദ്ക്കാ), വ്യഭിചാരിണി (ബീവാത്തുമ്മ), നായകന് പ്രേരണയാകുന്ന വിധത്തില്‍ ധീരമായി ജീവിക്കുകയും അതേസമയം കുടുംബപരമായി ഒറ്റപ്പെടല്‍ സ്വയം വരിക്കുകയും ചെയ്ത് മരിച്ചു പോവുന്ന അപരനായകൻ (അബ്ദു), പലിശക്കാരി (ആയിശുമ്മ), നാട്ടുചട്ടമ്പി (സുലൈമാന്‍), കെട്ടുകയും ആവശ്യം കഴിയുമ്പോള്‍ മൊഴിചൊല്ലുകയും ചെയ്യുന്നതിലൂടെ തിരക്കഥാകാരന് മതവിമര്‍ശനം നടത്താനും കഷ്ടപ്പെടുന്ന സ്ത്രീത്വത്തോട് ഐക്യപ്പെടാനും ഉതകുന്ന കഥാപാത്രം (മൊല്ലാക്ക) എന്നിങ്ങനെ ഇതിവൃത്തത്തിന്റെ എല്ലാ അരികുകളും നിറയ്‌ക്കാന്‍ പാകത്തില്‍ പല സ്വഭാവമുള്ള കഥാപാത്രങ്ങളെ മുസ്ലിം സമുദായത്തില്‍നിന്ന് സധൈര്യം സ്വീകരിച്ച സിനിമയായിരുന്നു ഓളവും തീരവും. ഒരുപക്ഷേ, അത്തരത്തില്‍ വിവിധ സ്വഭാവം പ്രകടിപ്പിക്കുന്നതും നന്മ-തിന്മ കാലുഷ്യങ്ങളൊക്കെയും ആരോപിക്കാവുന്നതുമായ വ്യത്യസ്ത മുസ്ലിം കഥാപാത്രങ്ങളെ പ്രധാനമായും ഉള്‍പ്പെടുത്തിയ അവസാനത്തെ ജനപ്രിയ മലയാള സിനിമയുമായിരിക്കും ഓളവും തീരവും. ഓളവും തീരവും തിരക്കഥയില്‍ സീന്‍ 34 ഇപ്രകാരം ആരംഭിക്കുന്നു: ബീവാത്തുമ്മയുടെ പറമ്പിനടുത്ത്: വേലിക്കരുകില്‍ നാട്ടുപെണ്ണുങ്ങള്‍. ഒരു വശത്ത് ബീവാത്തുമ്മ മറുവശത്ത് ചെറുമി, നീലി, ഒരുമ്മ, ഒരു ഹിന്ദുസ്ത്രീ. (ഓളവും തീരവും തിരക്കഥ-എം ടി വാസുദേവന്‍ നായര്‍-കറന്റ് ബുക്‌സ് തൃശൂര്‍ – പേജ് 50). എഴുപതുകളിലും അതിനുശേഷവും എഴുതപ്പെട്ട ഏതെങ്കിലും തിരക്കഥയില്‍ ഒരു ഹിന്ദുസ്ത്രീ എന്ന പ്രയോഗം കാണാനിടയില്ല. അത്തരം ഒരാവശ്യം വരുമ്പോള്‍ ഒരു സ്ത്രീ എന്നേ എഴുതേണ്ടതുള്ളൂ. എന്നാല്‍ ഒരു മുസ്ലിം സ്ത്രീ എന്നാണെങ്കില്‍ അപ്രകാരം എഴുതുകയും വേണം.
എന്നാല്‍, എഴുപതുകളോടെ മാറി മറിഞ്ഞ മലയാള സിനിമയില്‍ മുസ്ലിം ജീവിതവും പ്രത്യേകിച്ച് മലബാര്‍ മാപ്പിള ജീവിതവും അപ്രസക്തമാവുകയോ, അല്ലെങ്കില്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുകയോ ചെയ്തു. ഈ സ്റ്റീരിയോടൈപ്പിങ്ങില്‍ മലബാര്‍ മാപ്പിള എന്ന പ്രതിനിധാനത്തിന് കൃത്യമായ ആത്മാവും വേഷവും വര്‍ത്തമാനവും സ്വഭാവവും നല്‍കിയത് മിക്കപ്പോഴും മാമുക്കോയയായിരുന്നു. വിമോചനസമരാനന്തര കേരളം വലതുപക്ഷ സാംസ്‌ക്കാരികമേല്‍ക്കോയ്മയ്ക്ക് കീഴ്‌പ്പെട്ടുതുടങ്ങിയ കാലമായിരുന്നു അത്. ജന്മി നാടുവാഴികളും തമ്പുരാക്കന്മാരും രാജാക്കന്മാരും സവര്‍ണ പുരുഷശരീരാധിക്യങ്ങളും മലയാള സിനിമയെ അടക്കിവാണു. ഈ അധികാരവാഴ്ചയ്ക്ക് പരിഹസിക്കാനും എടുത്തുകളയാനും മാറ്റിനിര്‍ത്താനും മലബാര്‍ മാപ്പിള എന്ന അപരന്‍ അനിവാര്യമായിരുന്നു. ആ അപരനായിരുന്നു മാമുക്കോയ.
പ്രാദേശിക വാര്‍ത്തകള്‍ (കമല്‍/രഞ്ജിത്) എന്ന ചിത്രത്തിലെ, മാമുക്കോയ അവതരിപ്പിക്കുന്ന സിനിമാതിയേറ്റര്‍ ഓപ്പറേറ്ററായ ജബ്ബാറെന്ന കഥാപാത്രത്തെ ഉദാഹരണമായെടുക്കുക. ഉത്സവപ്പറമ്പുകളിലും മറ്റും തരികിടകളിച്ചു നടന്നിരുന്ന ജബ്ബാര്‍ ഫിലിം ഓപ്പറേറ്റര്‍ എന്ന പ്രൊഫഷണലായെത്തുന്നത്, മാമുക്കോയയുടെ അതിശയകരമായ ആത്മവിശ്വാസത്തോടെയാണ്. തിയറ്ററുടമയായ കേശവനുണ്ണി (ജയറാം)യുടെ അച്ഛന്‍ റിട്ടയേര്‍ഡ് പോലീസുകാരനായ കുഞ്ഞമ്പുനായര്‍ (ഇന്നസെന്റ്) ജബ്ബാറിനോട് നായരാണോ എന്നുചോദിക്കുന്നു. നായരല്ല, നമ്പൂരിയാണ് എന്നാണ് ജബ്ബാറിന്റെ തഗ്ഗ് മറുപടി. നമ്പൂരിക്കല്ലേ ജബ്ബാര്‍ എന്നു പേരുണ്ടാവുക എന്ന് അടിക്കുറിപ്പും. ഫിലിം റപ്രസന്റേറ്റീവുമായുള്ള ബന്ധവും ഷേണായീസ്, സംഗം എന്നീ തിയേറ്ററുകളെക്കുറിച്ചുള്ള വിടുവായത്തവും, തിയേറ്ററിനകത്തെ അവിഹിതവും എല്ലാം ചേര്‍ന്ന് തല്ലുകൊള്ളിയുടെ വേഷമാണ് മാമുക്കോയ കളിക്കുന്നത്. പന്ത്രണ്ടാം റീല്‍ കഴിഞ്ഞ് നേരെ പതിനാലാം റീല്‍ കളിച്ചതെന്തിന് എന്ന ഉടമയുടെ ചോദ്യത്തിന് ജബ്ബാര്‍ പറയുന്ന മറുപടി ഇങ്ങനെയാണ്: കുറച്ച് ലാഗിംഗ് (ഇഴച്ചില്‍) ഉണ്ടായിരുന്നു. ഓഡിയന്‍സിനെ ബോറടിപ്പിക്കാന്‍ എനിക്കുദ്ദേശ്യമില്ല. നായകന് ക്യാന്‍സര്‍, നായികക്കും തുടങ്ങിയേക്കും. അതാ ഞാന്‍ ഓടിച്ചത്. യഥാര്‍ത്ഥത്തില്‍, പല തിരക്കഥാകൃത്തുക്കളുടെയും സംഭാഷണ രചയിതാക്കളുടെയും സംവിധായകരുടെയും ഇഴച്ചിലുകളെ, ബോറടിയില്‍ നിന്ന് രക്ഷിച്ചെടുത്തത് മാമുക്കോയയുടെ ഈ തത്സമയബുദ്ധിയാണെന്ന് ആലോചിച്ചാലറിയാം. കാരണം, അദ്ദേഹം ജീവിതത്തിന്റെ അടിത്തട്ടിലെ മാനുഷികമായ സന്ദര്‍ഭങ്ങളെ എപ്പോഴും ഓര്‍ത്തെടുത്ത് അവതരിപ്പിച്ചു.
തരികിട അല്ലെങ്കില്‍ തല്ലുകൊള്ളിത്തരം എന്ന നാടന്‍ സ്വഭാവസ്ഥിരതയിലേയ്ക്ക് മലബാര്‍ മാപ്പിളയെ ഉറപ്പിക്കാനുള്ള വലതുപക്ഷ സിനിമാ തീരുമാനത്തിനനുസരിച്ചുള്ള വേഷങ്ങളാണ് മാമുക്കോയയ്ക്ക് മിക്കവാറുമുണ്ടായിരുന്നത്.
ദൂരെ ദൂരെ ഒരു കൂടു കൂട്ടാ (സിബിമലയില്‍/ശ്രീനിവാസന്‍)മിലെ അറബിമാഷ് കോയ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ(സത്യന്‍ അന്തിക്കാട്/ശ്രീനിവാസന്‍) കഥാപാത്രം, സന്മനസ്സുള്ളവര്‍ക്ക് സമാധാന(സത്യന്‍ അന്തിക്കാട്)ത്തിലെ മാമു, രാരീരത്തിലെ റിക്ഷാ ഡ്രൈവര്‍, നാടോടിക്കാറ്റി (സത്യന്‍ അന്തിക്കാട്/ശ്രീനിവാസന്‍)ലെ ഗഫൂര്‍ക്ക, എന്നുതുടങ്ങി കാലംമാറി കഥമാറിയിലെ പരീദ്, നാല്‍ക്കവലയിലെ കോയ, ഇരുപതാം നൂറ്റാണ്ടിലെ കോയ, അടിമകള്‍ ഉടമകളിലെ പോക്കര്‍, ആഗസ്റ്റ് ഒന്നിലെ അബൂബക്കര്‍, ധ്വനിയിലെ മാമു, ഊഹക്കച്ചവടത്തിലെ അബ്ദുള്ള, പട്ടണപ്രവേശത്തിലെ ഗഫൂര്‍ക്ക, പൊന്മുട്ടയിടുന്ന താറാവിലെ അബൂബക്കര്‍, വടക്കുനോക്കിയന്ത്രത്തിലെ ഫോട്ടോഗ്രാഫര്‍, അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നുവിലെ കോയ, കിരീടത്തിലെ കോണ്‍സ്റ്റബിള്‍ ഹമീദ്, മഴവില്‍ക്കാവടിയിലെ കുഞ്ഞിക്കാദര്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ പിസി പെരുവണ്ണാപുരം, റാംജിറാവ് സ്പീക്കിംഗിലെ ഹംസക്കോയ, ഞങ്ങളുടെ കൊച്ചുഡോക്ടറിലെ ബഷീര്‍, വരവേല്‍പ്പിലെ ഹംസ, മുദ്രയിലെ മാമു, നായര്‍സാബിലെ പാചകക്കാരന്‍ കോയ, വര്‍ണത്തിലെ മാമുക്കോയ, അനന്തവൃത്താന്തത്തിലെ താനൂര്‍താഹ, ചെറിയ ലോകവും വലിയ മനുഷ്യനുമിലെ അബു, സൂപ്പര്‍സ്റ്റാറിലെ ഖാദര്‍, പൊന്നരഞ്ഞാണത്തിലെ ഉമ്മുക്കോയ, ശുഭയാത്രയിലെ കരീംഭായ്, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ജമാല്‍, കൗതുകവാര്‍ത്തകളിലെ അഹമ്മദ് കുട്ടി, രാജവാഴ്ചയിലെ മുഹമ്മദ്കുട്ടി, സാന്ദ്രത്തിലെ അബ്ദു, തൂവല്‍സ്പര്‍ശത്തിലെ മൂസ്സാക്ക, ദൈവസഹായം ലക്കി സെന്ററിലെ ഉസ്മാനിക്ക, സുന്ദരിക്കാക്കയിലെ സുലൈമാന്‍, കനല്‍ക്കാറ്റിലെ മൊയ്തീന്‍, കാക്കത്തൊള്ളായിരത്തിലെ അക്ബര്‍, ചെപ്പുകിലുക്കണചങ്ങാതിയിലെ ഖാദര്‍, ഇന്നത്തെ പ്രോഗ്രാമിലെ മൂസ, കടിഞ്ഞൂല്‍ കല്യാണത്തിലെ ഇമ്പിച്ചിക്കോയ, എന്നും നന്മകളിലെ ഖാദര്‍, ഒരു തരം രണ്ടു തരം മൂന്നു തരത്തിലെ മമ്മു, ഒന്നാം മുഹൂര്‍ത്തത്തിലെ സുലൈമാന്‍, ആമിന ടൈലേഴ്‌സിലെ മലപ്പുറം മൊയ്തീന്‍ എന്ന ബാപ്പുട്ടി, സാന്ത്വനത്തിലെ കരീംഭായ്, പാരലല്‍ കോളേജിലെ റഷീദ്, ആധാരത്തിലെ കുഞ്ഞാപ്പു, അപാരതയിലെ ജമാല്‍, വസുധയിലെ ജമാല്‍, കള്ളനും പോലീസുമിലെ പിസി അബ്ദുള്ള, കമലദളത്തിലെ കലാമന്ദിരം ഹൈദ്രോസ്, എന്റെ പൊന്നു തമ്പുരാനിലെ മമ്മൂട്ടി മാസ്റ്റര്‍, ഏഴരപ്പൊന്നാനയിലെ ഐമുട്ടിക്കോയ, മാന്യന്മാരിലെ അത്തപ്പാടി അന്ത്രു, ആഗ്നേയത്തിലെ മുക്കത്ത് മൂസ, അമ്മയാണെ സത്യത്തിലെ മുജീബ് റഹ്മാന്‍, ഘോഷയാത്രയിലെ കുട്ടിമൂസ സാഹിബ്, കളിപ്പാട്ടത്തിലെ ഇസ്മായില്‍, പ്രവാചകനിലെ ജാഫര്‍ ഷെറീഫ്, അദ്ദേഹം എന്ന ഇദ്ദേഹത്തിലെ സൈതാലി, വക്കീല്‍ വാസുദേവിലെ എസ് ഐ ജബ്ബാര്‍, ബന്ധുക്കള്‍ ശത്രുക്കളിലെ ഹംസ, കാവടിയാട്ടത്തിലെ കോയ, ജനത്തിലെ കോയക്കുട്ടി സാഹിബ്, ചെങ്കോലിലെ കോണ്‍സ്റ്റബിള്‍ ഹമീദ്, ഗസലിലെ മൊല്ലാക്ക, ചകോരത്തിലെ പൂക്കുഞ്ഞ്, വാരഫലത്തിലെ ബ്രോക്കര്‍ ഹംസ, കാബിനറ്റിലെ അബ്ദുക്ക, ദാദയിലെ മൂസ, ആലഞ്ചേരി തമ്പ്രാക്കളിലെ കുഞ്ഞാലി ഹാജി, ബോക്‌സറിലെ മഞ്ചേരി മമ്മദ്, കല്യാണ്‍ജി ആനന്ദ്ജിയിലെ ബഷീര്‍, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയിലെ കരിപ്പൂര്‍ കോയ, രജപുത്രനിലെ സയ്യിദ് ജബ്ബാര്‍ തങ്ങള്‍, തൂവല്‍ കൊട്ടാരത്തിലെ മൊയ്തീന്‍ ഹാജ്യാര്‍, ജൂനിയര്‍ മാന്‍ഡ്രേക്കിലെ കോണ്‍സ്റ്റബിള്‍ അബു, അസുരവംശത്തിലെ മൂസ, ഗുരുശിഷ്യനിലെ മുസ്തഫ, ചന്ദ്രലേഖയിലെ ബീരാന്‍, കഥാനായകനിലെ ബീരാന്‍ കുട്ടി, കല്യാണ ഉണ്ണികളിലെ അല്‍ ഖോബാര്‍ അന്ത്രുമാന്‍, മന്ത്രമോതിരത്തിലെ അബ്ദുക്ക, ഒരാള്‍ മാത്രത്തിലെ കുഞ്ഞാലിക്കുട്ടി, ചിന്താവിഷ്ടയായശ്യാമളയിലെ ഉസ്മാന്‍, മായാജാലത്തിലെ മൂസ, കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെ കുഞ്ഞഹമ്മദ് കുട്ടി, കല്ലു കൊണ്ടൊരു പെണ്ണിലെ കബീര്‍, ആലിബാബയും ആറര കള്ളന്മാരുമിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പീറു മുഹമ്മദ്, ദീപസ്തംഭം മഹാശ്ചര്യത്തിലെ സൈതാലി, ഓട്ടോബ്രദേഴ്‌സിലെ സൈതിക്ക, പഞ്ചപാണ്ഡവരിലെ ഗഫൂര്‍ക്ക, ജോക്കറിലെ ഖാദര്‍, ഉന്നതങ്ങളിലെ മമ്മു, ഗോവയിലെ ബഷീര്‍, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയിലെ അലിയാര്‍, സ്വര്‍ണമെഡലിലെ ഇമ്പായി, യാത്രക്കാരുടെ ശ്രദ്ധയ്ക്കിലെ കുഞ്ഞഹമ്മദ്, മനസ്സിനക്കരെയിലെ കുഞ്ഞിക്കാദര്‍, അമ്മക്കിളിക്കൂടിലെ പരീക്കുട്ടി, പട്ടാളത്തിലെ ഹംസ, പാഠം ഒന്ന് ഒരു വിലാപത്തിലെ ഹസ്സന്‍ മൊയ്തു, ഫ്രീഡത്തിലെ മൂസ്സാക്ക, വെട്ടത്തിലെ ഹംസ, തസ്‌കരവീരനിലെ ബീരാന്‍ കുട്ടി, ബോയ്ഫ്രണ്ടിലെ ഖാദര്‍, നരനിലെ അഹമ്മദിക്ക, കിലുക്കം കിലുകിലുക്കത്തിലെ ഗഫൂര്‍ക്ക, ആകാശത്തിലെ മമ്മാലിക്ക, മായാവിയിലെ കോയ, കൈയൊപ്പിലെ ആലിക്കോയ, മാജിക് ലാംപിലെ മാമുക്കോയ, പരുന്തിലെ കുഞ്ഞിക്ക, മലബാര്‍ വെഡ്ഡിംഗിലെ മൂങ്ങ അവുക്കര്‍ അബൂബക്കര്‍, ഇന്നത്തെ ചിന്താവിഷയത്തിലെ ഷാജഹാന്‍, ട്വന്റി ട്വന്റിയിലെ ഖാദര്‍, സന്മനസ്സുള്ളവന്‍ അപ്പുക്കുട്ടനിലെ മൂസ, മേഘതീര്‍ത്ഥത്തിലെ അബ്ദുക്ക, ചങ്ങാതിക്കൂട്ടത്തിലെ അലിയാര്‍, ശുദ്ധരില്‍ ശുദ്ധനിലെ ജബ്ബാര്‍, കറന്‍സിയിലെ കോയാലിക്ക, ഭാഗ്യദേവതയിലെ പരീത്, കോക്ക്‌ടെയിലിലെ ഹക്കീം സേഠ്, കൂട്ടുകാരിലെ ഇക്ക, ഖാണ്ഡഹാറിലെ മുല്ല, കളഭമഴയിലെ കുഞ്ഞാലി, സെവന്‍സിലെ ഉസ്മാന്‍, സ്‌നേഹവീടിലെ സെയ്താലി, ഒരു മരുഭൂമിക്കഥയിലെ മമ്മദ്ക്കുട്ടി ഭായ്, ഇന്ത്യന്‍ റൂപ്പിയിലെ രായിനിക്ക, ഫേസ് ടു ഫേസിലെ ആലിക്കോയ, മോളി ആന്റി റോക്ക്‌സിലെ സലിം, ഉസ്താദ് ഹോട്ടലിലെ ഉമ്മര്‍, മുസാഫിറിലെ കുഞ്ഞുമുഹമ്മദ്, ബ്രേക്കിംഗ് ന്യൂസ് ലൈവിലെ ബീരാന്‍ കോയ, ബല്ലാത്ത പഹയനിലെ സൈതാലിക്ക, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കാസിം, ടു ലെറ്റ് അമ്പാടി ടാക്കീസിലെ തങ്ങള്‍, പോളി ടെക്‌നിക്കിലെ ഹബീബ്, മസാല റിപ്പബ്ലിക്കിലെ ബീരാന്‍ക്ക, സലാല മൊബൈല്‍സിലെ മമ്മദ്, ജോണ്‍ ഹൊനായിയിലെ ഗഫൂര്‍, കെ എല്‍ പത്ത് പത്തിലെ ഹംസക്കുട്ടി, ഒരു സെക്കന്റ് ക്ലാസ് യാത്രയിലെ ആലിക്കോയ, രാജമ്മ @ യാഹൂവിലെ ഐമൂട്ടിക്ക, ഒപ്പത്തിലെ കുഞ്ഞിക്ക, മരുഭൂമിയിലെ ആനയിലെ ഗഫൂര്‍, ഗോദയിലെ പോക്കറിക്ക, പുത്തന്‍ പണത്തിലെ അവുക്ക്, ആന അലറലോടറലിലെ ഇബ്രാഹിം, ആട് രണ്ടിലെ ഇരുമ്പു അബ്ദുല്ല, എന്റെ ഉമ്മാന്റെ പേരിലെ ഹംസക്കോയ, ഹലാല്‍ ലവ് സ്‌റ്റോറിയിലെ അബുക്ക, വണ്ണിലെ ഇബ്രാഹിം, കുരുതിയിലെ മൂസ ഖാദര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, ഒരു താത്വിക അവലോകനത്തിലെ അസീം ഭായ്, തട്ടാശ്ശേരിക്കൂട്ടത്തിലെ ബീരാന്‍, തീര്‍പ്പിലെ മുസലിയാര്‍, എന്നിങ്ങനെ വിക്കിപ്പീഡിയയില്‍ നിന്ന് മാമുക്കോയയുടെ ഫിലിമോഗ്രഫി എടുത്താല്‍ അതില്‍ തൊണ്ണൂറു ശതമാനവും മാപ്പിള കഥാപാത്രങ്ങളാണെന്നു കാണാം. ഇതില്‍ ബഹുഭൂരിപക്ഷവും, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാറെന്നതു പോലെ തരികിടകളായ മാപ്ലയാണെന്നും കാണാം.
പെരുമഴക്കാല (കമല്‍/ടി എ റസാക്ക്)ത്തിലെ അബ്ദു എന്ന കഥാപാത്രം മറ്റു ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഭര്‍ത്താവിന്റെ വധശിക്ഷ ഒഴിവാക്കാന്‍ അബദ്ധത്തില്‍ അദ്ദേഹത്താല്‍ കൊല്ലപ്പെട്ട രഘുരാമന്റെ ഭാര്യയായ ഗംഗയെ തേടി കല്പാത്തിയിലെത്തുന്ന റസിയയുടെ വാപ്പയാണ് അബ്ദു. ഈ വേഷത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മാമുക്കോയയ്ക്ക് പ്രത്യേക പരാമർശം ലഭിച്ചു.ദേശീയ അവാര്‍ഡ് നേടിയ ബ്യാരി(സുവീരന്‍)യിലും ഇതിനു സമാനമായ വേഷം അദ്ദേഹം ചെയ്തിരുന്നു.കുരുതിയിലെ മൂസഖാദറുടെ വേഷവും മാമുക്കോയ അനശ്വരമാക്കി.
കണ്‍കെട്ടിലെ കീലേരി അച്ചുവും തലയണ മന്ത്രത്തിലെ കുഞ്ഞനന്തന്‍ മേസ്ത്രിയും സന്ദേശത്തിലെ കെ ജി പൊതുവാളും ശ്രീധരന്റെ ഒന്നാം തിരുമുറിവിലെ നാരായണനും അര്‍ത്ഥത്തിലെ കുഞ്ഞിക്കണ്ണനും ദ് ന്യൂസിലെ പരമശിവവും വര്‍ണത്തേരിലെ അപ്പുണ്ണിയും ആറ്റിനക്കരെയിലെ നാണു നായരും ജീവിതം ഒരു രാഗത്തിലെ ശങ്കരനും നേരുന്നു നന്മകളിലെ അപ്പുണ്ണിയും വിദ്യാരംഭത്തിലെ വെങ്കിടേശനും പാവം പാവം രാജകുമാരനിലെ ശങ്കരേട്ടനും കളിക്കളത്തിലെ ഉണ്ണിനായരും ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടിയും നഗരങ്ങളില്‍ ചെന്നു രാപാര്‍ക്കാമിലെ ചെറിയ രാമന്‍നായരും ഒരുക്കത്തിലെ പരമുവും രണ്ടാം വരവിലെ ദാമുവും സസ്‌നേഹത്തിലെ അപ്പുക്കുട്ടനും ആകാശക്കോട്ടയിലെ സുല്‍ത്താനിലെ ക്ലീറ്റസും അപൂര്‍വ്വം ചിലരിലെ രാജനും സവിധത്തിലെ ബാലകൃഷ്ണനും അയലത്തെ അദ്ദേഹത്തിലെയും കിങ്ങിണിയിലെയും കുട്ടപ്പനും ഉത്സവമേളത്തിലെ നായരും ഗോളാന്തരവാര്‍ത്തയിലെ കുറുപ്പും സ്ഥലത്തെ പ്രധാന പയ്യന്‍സിലെ കുമാരനും പക്ഷേയിലെ നാണപ്പനും സ്വയംവരപ്പന്തലിലെ ചന്ദ്രനും നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ നമ്പീശനും ഷാര്‍ജ ടു ഷാര്‍ജയിലെ വേലായുധനും പട്ടണത്തില്‍ സുന്ദരനിലെ കണാരനും തിളക്കത്തിലെ പത്രോസും ഭരത് ചന്ദ്രന്‍ ഐപിഎസ്സിലെ കുഞ്ഞീശ്വരന്‍ പിള്ളയും കഥ പറയുമ്പോളിലെ ദേവസ്യയും വിനോദയാത്രയിലെ അനന്തനും കഥ തുടരുന്നുവിലെ മാമച്ചനും കുഞ്ഞിരാമായണത്തിലെ വെല്‍ഡണ്‍ വാസുവും കക്ഷി അമ്മിണിപ്പിള്ളയിലെ ഷണ്മുഖനും മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണനും അടക്കം കുറെ വേഷങ്ങള്‍ മാപ്പിളയല്ലാത്ത കഥാപാത്രങ്ങളായും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അതിനര്‍ത്ഥം അനുഗൃഹീത നടനായ അദ്ദേഹത്തിന് ഏതു കഥാപാത്രവും ചേരുമെന്നു തന്നെയാണ്. എന്നാല്‍ പിന്നെയും പിന്നെയും മാമുക്കോയയെ മലബാര്‍ മാപ്പിളയായി തളച്ചിടാനുള്ള ചില കാന്തിക വിചാരങ്ങള്‍ സിനിമാ ഭാവനയുടെ പൊതുബോധത്തെ നിര്‍ണയിച്ചു പോന്നു. പോക്കറ്റടി മുതല്‍ കള്ളക്കടത്തും മനുഷ്യക്കടത്തും വരെ നടത്തുന്ന എന്തിനും പോന്ന മാപ്പിളയായി മാമുക്കോയ, പൊതുബോധത്തെ വീണ്ടും വീണ്ടും ഉറപ്പിച്ചു.
മുഖ്യധാരാ വലതുപക്ഷ വീക്ഷണത്തില്‍ പരിഹാസ്യനാക്കാന്‍ നിയോഗിക്കപ്പെട്ട മലബാര്‍ മാപ്പിളയെ, അവരുടെ ഉദ്ദേശ്യങ്ങള്‍ സഫലീകരിച്ചുകൊണ്ടു തന്നെ; സ്വതസ്സിദ്ധതയുടെയും തനിമയുടെയും മണ്‍ശരികള്‍ കൊണ്ട് മാമുക്കോയ പുനര്‍ നിര്‍മ്മിച്ചു. അതായത് വലതുപക്ഷം അപരവത്ക്കരിക്കാനായി കൊണ്ടുവന്ന മാപ്പിളത്തത്തെ ഏറ്റെടുത്ത് സാമാന്യമാക്കി, എല്ലാ ജനങ്ങളിലേയ്ക്കും പടര്‍ത്തി അവരുടെ ഇഷ്ടങ്ങളിലൊന്നാക്കി മാമുക്കോയ മാറ്റിത്തീര്‍ത്തു. അപൂര്‍വ്വവും വിസ്മയകരവുമായ സര്‍ഗാത്മകത കൊണ്ടും ജീവിതാവബോധംകൊണ്ടുമാണത് സാധ്യമായത്. ഇല്ലാതാക്കാനായി കൊണ്ടുവന്നതിനെ വീണ്ടും വീണ്ടും ഉണ്ടാക്കിത്തിരിച്ചേല്പിക്കുകയായിരുന്നു അദ്ദേഹം.
മാമുക്കോയയുടെ പ്രമുഖ തര്‍ക്കുത്തര മറുപടികള്‍ ട്രോളുകള്‍ക്ക് അടിവളമായി പില്‍ക്കാലത്ത് സോഷ്യല്‍ മീഡിയയെയും ഭരിച്ചു പോന്നു.
ഇന്നസെന്റിനോട് ഡോക്ടറാണോ എന്ന മാമുക്കോയയുടെ ചോദ്യത്തിന് പ്രതികരണം: സ്റ്റെതസ്‌കോപ്പ് കഴുത്തില്‍ തൂക്കിയിടുന്നത് പിന്നെ ഡോക്ടറല്ലാതെ എന്താ?
മാമുക്കോയ: അത് നോക്കണ്ട, പരമശിവന്‍ പാമ്പിനെ കവുത്തില്‍ തൂക്കിട്ട് നടക്കുന്നത് മൂപ്പര് പാമ്പിനെ പിടുത്തക്കാരനായിട്ടാ?
ക്ഷേത്രക്കാരനായ ഇന്നസെന്റ്: താനെന്ത് തെമ്മാടിത്തരാടോ കാണിച്ചേ, ഇവിടെ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല.
മാമുക്കോയ: ഞമ്മളതിന് അഹിന്ദുവാ? മുസ്ലിമല്ലേ!
നാട്ടുചായക്കടയിലേക്ക് കയറിവരുന്ന ഇന്നസെന്റ്: മധുരം കുറച്ചൊരു ചായ.
കടക്കാരന്‍: കഴിക്കാനെന്തെങ്കിലും വേണോ?
അവിടെയിരുന്ന് പത്രം വായിക്കുന്ന മാമുക്കോയ: കഴിക്കാനല്ലേ ചായ, അല്ലാണ്ടെ കയ്യും കാലും കഴുകാനാ?
മണ്ണുറോഡ് സൈഡില്‍ ഇസ്തിരിയിടുന്ന മാമുക്കോയയോട് അതിലേ വരുന്ന ഇന്നസെന്റ് : ഈ റോഡിപ്പോ എങ്ങടാ പോണേ?
മാമുക്കോയ: ഈ റോഡ് ഇപ്പോ എങ്ങട്ടും പോണില്ല. ഒരു പത്തു മുപ്പതു കൊല്ലായിട്ട് ഇവിടെ തന്നെ കിടക്കാണ്.
പൊലീസുകാരനായ മാമുക്കോയ പൊലീസ് ജീപ്പിനകത്ത്, നല്ല പെടക്കണ അയിലണ്ട്, ഞമ്മക്കല്ല എന്റെ കെട്ടിയോള്‍ക്ക്. ഓള് എപ്പോ കണ്ടാലും അയില വേണമെന്ന് പറയും.
മുമ്പിലെ സീറ്റിലിരിക്കുന്ന എസ് ഐ (പപ്പു): നെന്റെ കെട്ട്യോള്ക്ക് അയില കൊണ്ടു പോകാനാണോടോ സര്‍ക്കാര്‍ വണ്ടി?
മാമുക്കോയ: പിന്നെ നാല് അയിലയ്ക്ക് ഞാന്‍ ടെമ്പോ ബുക്ക് ചെയ്യ്യേ?
ഇതു പോലത്തെ നിരവധി രംഗങ്ങള്‍ ഏതു മാമുക്കോയ സിനിമയില്‍ നിന്നും കണ്ടെടുക്കാനാവും. ഇവിടെയെല്ലാം തന്നെ തരികിടകളായ മലബാര്‍ മാപ്പിളമാരായി പല അവതാരങ്ങളദ്ദേഹം എടുക്കുകയായിരുന്നു. കാണികള്‍ക്ക് ഒരുകാലത്തും മടുക്കാത്ത വിധത്തില്‍ പുതിയ നമ്പറുകള്‍ ഇറക്കാനുള്ള കരുതല്‍ ശേഖരം ഇനിയും മാമുക്കോയയുടെ പക്കലുണ്ടായിരുന്നു. എന്തു ചെയ്യാം. കാലം അതിനനുവദിച്ചില്ല.
നാടകത്തിലൂടെ കലാജീവിതത്തിലെത്തിയ മാമുക്കോയയുടേത് തികഞ്ഞ രാഷ്ട്രീയ ജാഗ്രത പുലര്‍ത്തിയ സാംസ്‌ക്കാരിക വ്യക്തിത്വവുമായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരനായകനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നയങ്ങളോട് അനുഭാവം പുലര്‍ത്തുന്ന, മതേതരവും വര്‍ഗീയ വിരുദ്ധവും ഫാസിസ്റ്റ് വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവും ആയ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്.വൈക്കം മുഹമ്മദ് ബഷീറും എന്‍ പി മുഹമ്മദും കെടി മുഹമ്മദും നിലമ്പൂര്‍ ആയിഷയും വെട്ടിത്തുറന്ന തുറസ്സായ സാമാന്യ ജീവിതത്തിന്റെയും മുസ്ലിം നവോത്ഥാനത്തിന്റെയും വഴിയിലാണ് മാമുക്കോയയും സഞ്ചരിച്ചത്.
കമ്യൂണിസ്റ്റുകാരനായിരുന്നില്ലെങ്കിലും മാമുക്കോയ ഇടതുപക്ഷത്തോട് എല്ലായ്‌പ്പോഴും സഹകരിച്ചിരുന്നു. കെ ആര്‍ മോഹനന്‍, പിടി കുഞ്ഞുമുഹമ്മദ്, മണിലാല്‍, പ്രിയനന്ദനന്‍, വികെ ജോസഫ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണ വീഡിയോയില്‍ ജോസ് പെല്ലിശ്ശേരി, കുതിരവട്ടം പപ്പു എന്നിവരോടൊപ്പം മാമുക്കോയയും അഭിനയിച്ചിരുന്നു.
ആദരാഞ്ജലികള്‍ ♦