Monday, May 6, 2024

ad

Homeആമുഖംആമുഖം

ആമുഖം

വീണ്ടുമൊരു മെയ്ദിനം കൂടി. മെയ്ദിനം ആചരിക്കാൻ തുടങ്ങിയിട്ട് 134 –ാം വർഷം. 1889 മെയ് ഒന്നിനാണ് വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും അന്താരാഷ്ട്ര ഫെഡറേഷൻ തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലും മറ്റും ഈ ദിനാചരണം ആരംഭിച്ചത്. പിന്നീട് അന്താരാഷ്ട്രാടിസ്ഥാനത്തിൽ ആചരിക്കുന്ന തൊഴിലാളി ദിനമായി മെയ് ഒന്ന് മാറി. മുതലാളിത്തത്തിനെതിരായി തൊഴിലാളിവർഗം ആചരിക്കുന്ന ദിനമാണിത്. 1886 മെയ് ഒന്നിന് അമേരിക്കയിലെ ചിക്കാഗോയിലെ മാർക്കറ്റ് മൈതാനത്ത് തൊഴിലാളികൾ എട്ടു മണിക്കൂർ ജോലി, എട്ടുമണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യമുയർത്തി പ്രകടനം നടത്തിയപ്പോൾ അവരുടെ നേരെ ബോംബാക്രമണം നടത്തി; പൊലീസ് വെടിവെപ്പുമുണ്ടായി. 11 തൊഴിലാളികളാണ് തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രക്തസാക്ഷികളായത്. വർഷംതോറും അവരുടെ സ്മരണയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയും തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതിന് ആരംഭിച്ച ദിനാചരണം പിന്നീട് ലോകമാകെ ആചരിക്കുന്ന മെയ് ദിനമായി മാറി. തൊഴിലാളികളുടെ അവകാശങ്ങൾക്ക് പിന്തുണ നൽകുന്ന ദിനാചരണം.

കഴിഞ്ഞ 134 വർഷങ്ങളിലൂടെ കണ്ണോടിച്ചാൽ കാണാൻ കഴിയുക, തൊഴിലാളികളോടുള്ള സമീപനത്തിൽ ഇക്കാലയളവിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റമാണ്. തൊഴിലാളികൾ ലോകത്താകെ പണിയെടുക്കുന്നവർക്കിടയിൽ വലിയ ശക്തിയാണ്. ക്ലിപ്തമായ ജോലി സമയത്തിനും വേതനത്തിനും തൊഴിൽ സാഹചര്യങ്ങൾക്കും തൊഴിൽ സ്ഥിരതയ്ക്കും മറ്റ് ആനുകൂല്യങ്ങൾക്കുംവേണ്ടി തൊഴിലാളികൾ ആരംഭിച്ച പ്രസ്ഥാനം തൊഴിലെടുത്തു ജീവിക്കുന്നവരുടെയാകെ കാഴ്ചപ്പാടിൽ മാറ്റം വരുത്തി. തൊഴിലെടുത്തു ജീവിക്കുന്നവർക്ക് നൽകുന്ന വേതനം, ജോലിസമയം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിലെല്ലാം 134 വർഷങ്ങൾക്കിടയിൽ വലിയ മാറ്റം വന്നു.

തൊഴിലാളികൾ സംഘടിച്ച് വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ തുടങ്ങിയത് ഇതര ജനവിഭാഗങ്ങളും സംഘടിക്കാൻ ഇടയാക്കി. ജനാധിപത്യ അവകാശങ്ങൾക്കും ഭരണരീതിക്കും വേണ്ടിയുള്ള ജനങ്ങളുടെ സമരം ഉയർന്നുവന്നതും തൊഴിലാളികൾ സംഘടിച്ച് അവകാശ സമരങ്ങൾ നടത്താൻ തുടങ്ങിയതിനെ തുടർന്നാണ്. ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വളർച്ചയിലും തൊഴിലാളി സംഘടനകളുടെ സംഭാവന അവിസ്മരണീയമാണ്.

അവരുടെ സംഘടിത സമരം സ്ഥായിയായതോടെ മുതലാളിമാർ തൊഴിലാളി സമരങ്ങളെ നേരിടാൻ തുടങ്ങി എന്നു മാത്രമല്ല, സർക്കാരുകളിൽനിന്നു പലപ്പോഴും അതിരുവിട്ട് ആനുകൂല്യങ്ങൾ നേടിയെടുക്കാനും തുടങ്ങി. കുത്തക മുതലാളിത്തത്തിന്റെ രംഗപ്രവേശത്തോടെ അത്തരക്കാർ ഭരണകൂടത്തിനുമേൽ സമ്മർദ്ദം ചെലുത്തി അനർഹമായ പല ആനുകൂല്യങ്ങളും നേടിയെടുക്കുന്ന സ്ഥിതിയുണ്ടായി. ടാറ്റ, ബിർള, ഗോയങ്കമാരും മറ്റും സ്വാതന്ത്ര്യലബ്ധിയെ തുടർന്ന് സർക്കാരിൽ സമ്മർദ്ദം ചെലുത്തി ആനുകൂല്യങ്ങൾ നേടുന്ന പതിവ് ഇന്ന് അദാനി – അംബാനിമാർ തുടർന്നു വരുന്നു.

ഇന്ത്യയിലെ ഭരണനയങ്ങൾ കരുപ്പിടിപ്പിക്കുന്നത് ഇവർക്ക് കൊള്ളലാഭമടിച്ച് തടിച്ചുകൊഴുക്കാൻ പറ്റിയ വിധത്തിലാണ്-– അതായത് കോർപറേറ്റ‍് മുതലാ‍ളിത്തത്തിനുവേണ്ടിയുള്ള ഭരണമാണ് ഇന്ന് നടക്കുന്നത്.

ഈ നയങ്ങൾക്കെതിരായി, അധ്വാനിക്കുന്നവരെ കണ്ണിൽ ചോരയില്ലാതെ ചൂഷണംചെയ്യുന്ന നയങ്ങൾക്കെതിരായി ഇന്ത്യയിൽ അധ്വാനിക്കുന്നവരുടെ സമരെെക്യം രൂപപ്പെട്ടുവരുന്ന പശ്ചാത്തലത്തിലാണ് ഈ വർഷത്തെ മെയ്ദിനം നാം ആഘോഷിക്കുന്നത്. തൊഴിലാളികൾക്കൊപ്പം കർഷകജനസാമാന്യവും കെെകോർത്ത് മുന്നേറുകയാണ് ഇന്ന് ഇന്ത്യയിൽ. ഈ മുന്നേറ്റത്തെ ശിഥിലമാക്കാൻ കോർപറേറ്റ് മുതലാളിമാർക്കുവേണ്ടി വർഗീയശക്തികൾ അണിനിരക്കുകയുമാണ്. കോർപറേറ്റ്– വർഗീയ അവിശുദ്ധ കൂട്ടുകെട്ടിനെയും അതിന് സാരഥ്യം വഹിക്കുന്ന സേ-്വച്ഛാധിപത്യ സ്വഭാവമുള്ള സംഘപരിവാർ വാഴ്ചയെയും തറപറ്റിക്കുന്നതിനുള്ള വിശാലമായ ജനകീയ ഐക്യവും രൂപപ്പെടുകയാണ്. ഉരുത്തിരിഞ്ഞുവരുന്ന ഈ സമരനിരയിലാണ് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ ഭാവി കുടികൊള്ളുന്നത്.
മെയ്ദിനം നീണാൾ വാഴട്ടെ! ♦
– ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 + nineteen =

Most Popular