സംഗീതത്തിന്റെ വൈപുല്യത്തെയും വൈവിധ്യത്തെയും തിരിച്ചറിഞ്ഞ് പുതിയ ആശയങ്ങളെ സംഗീതലോകത്ത് അവതരിപ്പിച്ച ഉൽപതിഷ്ണുവായ കലാകാരനായിരുന്നു കാരൈക്കുടി മണി. കർണാടക സംഗീത സമ്പ്രദായത്തിൽ താളവാദ്യം വായിച്ചുതുടങ്ങിയ മൃദംഗ വിദ്വാൻ ലോകത്തെ വ്യത്യസ്ത സംഗീത സമ്പ്രദായങ്ങളുമായി ചേർന്ന് പുതിയ ആശയങ്ങളെ സംഗീത വേദികളിൽ അവതരിപ്പിച്ചപ്പോൾ ലോകസംഗീതത്തിലെ നാനാത്വത്തിൽ ഏകത്വം എന്ന സത്യമാണ് തെളിഞ്ഞുവന്നത്. രാഗവും താളവും ലോകത്തെല്ലായിടത്തും ഒന്നു തന്നെയാണ്. വ്യത്യസ്ത രീതിയിൽ അവ പ്രയോഗിക്കുന്നുവെന്നു മാത്രം. ഈ വിശ്വസത്യം തിരിച്ചറിഞ്ഞാൽ വേർതിരിക്കലും താൻപോരിമ പറയലും എത്ര പൊള്ളയായ അഭ്യാസങ്ങളാണെന്ന് ബോധ്യപ്പെടും. ഓസ്‌ട്രേലിയൻ പിയാനിസ്റ്റ് പോൾ ഗ്രാബൗസ്കി, ഫിന്നിഷ് സംഗീതകാരൻ ഈറോ ഹമീനിമി എന്നിവർക്കൊപ്പം കാരൈക്കുടി മണി അവതരിപ്പിച്ച ജുഗൽബന്ദികൾ ലോകമാകെയുള്ള സംഗീതാസ്വാദകർ തുറന്ന മനസ്സോടെ സ്വീകരിച്ചിരുന്നു. കാരൈക്കുടി മണിക്കൊപ്പം അവതരിപ്പിച്ച സംഗീതപരിപാടി തന്റെ സംഗീതജീവിതത്തിലെ വിലമതിക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് ഈറോ ഹമീനിമി പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. മണിക്കൊപ്പം വേദി പങ്കിട്ടത് തന്റെ സൗഭാഗ്യമെന്നാണ് പോൾ ഗ്രാബൗസ്കി പറഞ്ഞത്.
ബഹുദാരി രാഗത്തിൽ കാരൈക്കുടി മണി ചിട്ടപ്പെടുത്തി പോൾ ഗ്രാബൗസ്‌കി ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീത ആൽബം ആസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബെഹാഗ് രാഗത്തിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ കൃതി ഫിൻലണ്ടിലെ നാദ ഗ്രൂപ്പ് ‘അൺമാച്ച്ഡ്’ എന്ന പേരിൽ ആൽബമാക്കി. വ്യത്യസ്ത സംഗീതധാരകളുടെ സുന്ദരമായ സംയോഗമായിരുന്നു ഇവ. ഇങ്ങനെ എത്രയോ പുതിയ ആശയങ്ങളുടെ അവതാരകനായിരുന്നു മണി. പഴകിയ ആശയങ്ങളിൽ തന്നെ കടിച്ചുതൂങ്ങാതെ പുതിയ ലോകത്തേക്ക് ചുവടുവെക്കാൻ അദ്ദേഹം മടിച്ചില്ല. അനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും ലക്ഷ്മണരേഖകളെ അദ്ദേഹം സധൈര്യം മുറിച്ചുകടന്നു.
തനിയാവർത്തന കച്ചേരി എന്ന പുതിയ സംഗീത ഇനം അവതരിപ്പിച്ചത് കാരൈക്കുടി മണി ആയിരുന്നു. 1993 ൽ ഗഞ്ചിറ കലാകാരൻ ജി ഹരിശങ്കറിനൊപ്പം അദ്ദേഹം ആരംഭിച്ച തനിയാവർത്തന കച്ചേരിയോടെ താളവാദ്യങ്ങൾക്കു മാത്രമായി ഒരു കച്ചേരിയെന്ന പുതിയ മേഖല തുറന്നു. ശ്രുതിലയ എൻസെംബിൾ അദ്ദേഹം ആരംഭിച്ചത് താളവാദ്യങ്ങളുടെ ഉയർച്ചക്ക് വേണ്ടിയായിരുന്നു. പുതിയ നിരവധി മൃദംഗവാദകരെ സൃഷ്ടിച്ചുവെന്നു മാത്രമല്ല, താളവാദ്യ കച്ചേരികൾക്കായി പുതിയ നിരവധി ആശയങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു ശ്രുതിലയ.
സംഗീതം കേവലം വിനോദമല്ല; അത് ആത്മാവിനെ ഉണർത്തുന്നതാണ് എന്നതായിരുന്നു കാരൈക്കുടി മണിയുടെ സിദ്ധാന്തം. ഇതനുസരിച്ചാണ് അദ്ദേഹം തന്റെ കലാജീവിതത്തെ രൂപപ്പെടുത്തിയത്. നിരന്തര സാധനയും ചിന്തയും എന്നതായിരുന്നു അദ്ദേഹത്തിന്റെ വഴി. മറ്റൊരു കുറുക്കുവഴിയും സ്വീകരിച്ചില്ല. അതുകൊണ്ടാണ് മൃദംഗത്തിന്റെ കേവലനാദത്തിൽ നിന്ന് ആത്മനാദത്തെ കണ്ടെത്തുന്ന കലാകാരനായി അദ്ദേഹം മാറിയത്. ആസ്വാദകരുടെ ഹൃദ്സ്പന്ദനങ്ങളുമായി മൃദംഗ ധ്വനികളെ കൂട്ടിയിണക്കിയാണ് മണി സംഗീതലോകം കീഴടക്കിയത്.
കാരൈക്കുടിയിൽ ജനിച്ച ഗണപതി സുബ്രഹ്മണ്യം കാരൈക്കുടി മണിയായി മാറിയത് മൃദംഗ ചക്രവർത്തിയായ പാലക്കാട് മണി അയ്യരോടുള്ള അകമഴിഞ്ഞ ആരാധന കൊണ്ടാണ്. മൂന്നു വയസ്സു മുതൽ കർണാടക സംഗീത കീർത്തനങ്ങൾ നന്നായി പാടിയിരുന്ന മണി അഞ്ചു വയസ്സിനുള്ളിൽ എല്ലാ പഞ്ചരത്ന കീർത്തനങ്ങളും നന്നായി ആലപിച്ചിരുന്നു. ഏഴാം വയസ്സിൽ കാരൈക്കുടിയിലെത്തിയ പ്രശസ്തനായ ഭജന കലാകാരൻ പിത്തുക്കുളി മുരുകദാസ് തന്റെ സംഗീത പരിപാടിക്ക് മൃദംഗം വായിക്കാൻ ഏഴു വയസ്സുകാരനായ മണിയെ ക്ഷണിച്ചതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്. പാലക്കാട് മണി അയ്യരെ മനസ്സിൽ പ്രതിഷ്ഠിച്ച കാരൈക്കുടി മണി വേഷഭൂഷകളിലും മണി അയ്യരെ അനുകരിച്ചു. മൃദംഗവാദനത്തിലും മണി അയ്യരെപ്പോലെയാകണമെന്ന ആഗ്രഹം മൂത്താണ് ഗൗരവമായ പഠനത്തിന് മദിരാശി നഗരത്തിലേക്ക് പോയത്.
പതിനഞ്ചാം വയസ്സിൽ മദിരാശിയിലെത്തി ടി ആർ ഹരിഹര ശർമയുടെ ശിഷ്യനായി. ദിവസം 15 മണിക്കൂർ വരെ നീണ്ടിരുന്ന മൃദംഗ സാധന. രാവിലെ ഒരു കുപ്പി വെള്ളവുമായി ഇറങ്ങി കഴിഞ്ഞാൽ ഉച്ചവരെ അതുമാത്രം കുടിച്ചാണ് മൃദംഗ പരിശീലനം നടത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാൽ പിന്നീട് രാത്രി വരെ തുടർച്ചയായ മൃദംഗ പരിശീലനം. മൂന്നു വർഷം ഒരു ഇടവേളയുമില്ലാതെ നടന്ന ഈ അഖണ്ഡ പരിശീലനത്തിൽ നിന്നാണ് മണി എന്ന മൃദംഗവാദകൻ ഉയർന്നുവന്നത്. മൃദംഗത്തിന്റെ സാധ്യതകളെക്കുറിച്ച് വഴികാട്ടിയത് പ്രധാനമായും കെ എം വൈദ്യനാഥനായിരുന്നു. പുതിയ ആശയങ്ങളിലേക്ക് എത്താതെ മൃദംഗത്തിന് ആളെ പിടിച്ചിരുത്താൻ ആവില്ലെന്ന് മണി കരുതി. പാലക്കാട് മണി അയ്യർ മൃദംഗം വായിക്കുന്ന കച്ചേരികളിൽ മൂന്നു തവണ വരെ തനിയാവർത്തനം ഉണ്ടായിരുന്നു. പാട്ട് പാടുമ്പോൾ പുറത്തുപോയി നിൽക്കുന്ന ആസ്വാദകർ പാലക്കാട് മണിയുടെ തനിയാവർത്തനം തുടങ്ങിയാൽ ഹാളിനകത്തേക്ക് തന്നെ വന്നിരിക്കും. ആസ്വാദകരുടെ ആവശ്യമനുസരിച്ചാണ് ഒരു കച്ചേരിയിൽ തന്നെ മൂന്ന് തനിയാവർത്തനം വരെ മണി അയ്യർ വായിച്ചിരുന്നത്. മൃദംഗത്തിന്റെ ഈ പ്രോജ്ജ്വല കാലത്തിന് കുറേശ്ശെ മങ്ങലേറ്റു എന്ന് തോന്നിയതിനാലാണ് ഒരു സാധാരണ മൃദംഗ വാദകനായി താൻ തുടരില്ല എന്ന് കാരൈക്കുടി മണി തീരുമാനിച്ചത്. അതിന് അദ്ദേഹം കണ്ടെത്തിയ വഴി തുടർച്ചയായ അന്വേഷണമായിരുന്നു. മൃദംഗം വായിച്ചു കൊണ്ടിരിക്കുക, മൃദംഗത്തിലെ പുതിയ താള ഫോർമുലകളെ പറ്റി ചിന്തിച്ചു കൊണ്ടിരിക്കുക. ഇതായിരുന്നു അര നൂറ്റാണ്ടു കാലം മണിയുടെ ലോകം.
താളവാദ്യ തനിയാവർത്തന കച്ചേരിക്ക് മാത്രമായി അദ്ദേഹം കൃതികൾ ചിട്ടപ്പെടുത്തിയിരുന്നു. വാക്കുകൾ കുറവും ചൊല്ലുകൾ കൂടുതലുമുള്ള കൃതികൾ. അവ രാഗാധിഷ്ഠിതമായി ചിട്ടപ്പെടുത്തി. പക്ഷെ കേട്ടാൽ താളകേന്ദ്രീകൃതമായ കൃതികളെന്ന് ബോധ്യമാകും. പുതിയ വഴികളിലൂടെ അദ്ദേഹം താളവാദ്യ സേവനം തുടർന്നു. ലോകത്തിന്റെ വ്യത്യസ്ത താളപദ്ധതികളെ കോർത്തിണക്കിയ ഈ പരീക്ഷണം ആധുനിക സംഗീത ലോകത്ത് ഏറെ സ്വീകാര്യമായി.
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, എം എസ് സുബ്ബലക്ഷ്മി, ഡി കെ പട്ടമ്മാൾ, മഹാരാജപുരം സന്താനം, കെ വി നാരായണസ്വാമി, ഡി കെ ജയരാമൻ തുടങ്ങി പ്രശസ്തരായ നിരവധി പേർക്ക് കച്ചേരിക്ക് വായിച്ചിട്ടുള്ള മണി പിന്നീട് പക്കവാദ്യ കലാകാരനായിരിക്കാൻ സ്വയം ചില വ്യവസ്ഥകൾ ഉണ്ടാക്കി. അതനുസരിച്ച് തെരഞ്ഞെടുത്ത കച്ചേരികൾക്ക് മാത്രമാണ് പക്കവാദ്യം വായിച്ചത്. ലാൽഗുഡി ജി ജയരാമൻ, എം എസ് ഗോപാലകൃഷ്ണൻ, ടി എൻ കൃഷ്ണൻ തുടങ്ങിയവരുടെ വയലിൻ കച്ചേരികൾക്കും കാരൈക്കുടി മണി അനിവാര്യമായ ഘടകമായിരുന്നു.
മണി വായിക്കുന്ന കച്ചേരികൾക്ക് അസാധാരണമായ ഒരു ആത്മീയ ഔന്നത്യം ലഭിച്ചിരുന്നു. കൃത്യമായി ശ്രുതിചേർത്ത മൃദംഗത്തിന്റെ നാദം തന്നെ പ്രത്യേകമായ ഒരു സംഗീതാന്തരീഷം സൃഷ്ടിച്ചിരുന്നു. താളത്തിന്റെ ഓരോ മാത്രയേയും വ്യത്യസ്തമായി അവതരിപ്പിച്ച് നൃത്തമാടിച്ചിരുന്നതാണ് മണിയുടെ തനിയാവർത്തനങ്ങൾ.
മൃദംഗത്തെ കേവല താളവാദ്യമായി കാണാതെ സംഗീതത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ആയി അടയാളപ്പെടുത്തിയതാണ് മണിയെ വ്യത്യസ്തനാക്കിയത്. അന്നത്തെ രാഷ്ട്രപതിയായിരുന്ന സർവേപ്പള്ളി രാധാകൃഷ്ണനിൽ നിന്ന് പതിനെട്ടാം വയസ്സിൽ യുവമൃദംഗ കലാകാരനുള്ള ദേശീയ പുരസ്കാരം വാങ്ങിയ അദ്ദേഹം 40 വർഷത്തിനുശേഷം രാഷ്ട്രപതി കെ ആർ നാരായണനിൽ നിന്നാണ് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം സ്വീകരിച്ചത്. ഇതിനിടയിൽ തേടിയെത്തിയ പല പുരസ്കാരങ്ങളും അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു. സംഗീതത്തിൽ പൂർണമായും മനസ്സ് അർപ്പിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു മണി. “ശ്രുതിലയ’ എന്ന പേരിൽ ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച താള വാദ്യ സ്കൂൾ കോവിഡ് കാലത്താണ് ഭാഗികമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയത്. ലോകത്തെമ്പാടുമായി നിരവധി യുവ ശിഷ്യർ മണിയുടെ നിബന്ധനകൾക്ക് വിധേയമായി ഈ സ്കൂളിൽ പരിശീലനം നേടി. രണ്ടു വർഷമെങ്കിലും തുടർച്ചയായി പഠിക്കണം എന്നതായിരുന്നു ശ്രുതിലയയിൽ പഠിക്കാൻ മണി മുന്നോട്ടുവെച്ച നിബന്ധന. കാരൈക്കുടിയിലെ ശ്രുതിലയയിൽ വന്നു താമസിക്കുന്നവർക്ക് താമസവും ഭക്ഷണവും സൗജന്യമായി നൽകി എന്നു മാത്രമല്ല 3000 രൂപയുടെ സ്കോളർഷിപ്പും മണി തന്നെ നൽകി. ശുദ്ധമായ കല നെഞ്ചേറ്റുന്ന പുതിയ തലമുറയെ വാർത്തെടുക്കുന്നതിനുവേണ്ടി ജീവിതം സമർപ്പിച്ച ഒരു യഥാർത്ഥ കലാകാരനാണ് അദ്ദേഹം. ലോകമെങ്ങുമുള്ള അദ്ദേഹത്തിന്റെ ശിഷ്യർ അദ്ദേഹത്തിന്റെ സംഗീതയാത്ര തുടരുമെന്ന് പ്രതീക്ഷിക്കാം. ♦