Wednesday, October 9, 2024

ad

Homeനാടകംകുട്ടിക്കളിയല്ലാ കുട്ടികളുടെ നാടകം

കുട്ടിക്കളിയല്ലാ കുട്ടികളുടെ നാടകം

ബഷീർ മണക്കാട്

കുട്ടികളുടെ നാടകം അവരുടെ വിദ്യാഭ്യാസപരവും കലാപരവും സാഹിത്യപരവുമായ ശേഷികളെ വികസിപ്പിക്കുന്ന കരുത്തുറ്റ കലാരൂപമെന്നാണ് നാടകാചാര്യൻ ജി.ശങ്കരപ്പിള്ള പറഞ്ഞിട്ടുള്ളത് .നൂതനാശയങ്ങൾ ജനമനസ്സിൽ എത്തിക്കാൻ ഏത് കലയേക്കാളും നാടകത്തിന് കരുത്തുണ്ട്.ഇത് തിരിച്ചറിയാൻ നമുക്കെന്തേ കഴിയാതെ പോയത്? നാടകപ്രവർത്തകർ ഗൗരവപരമായി സഞ്ചരിച്ച ദൂരത്തിനൊത്ത് നടക്കാൻ വിദ്യാഭ്യാസ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ടോ? പാഠ്യപദ്ധതിയിൽ കുട്ടികളുടെ തിയേറ്ററിന് അർഹമായ പ്രാധാന്യം നൽകാനാവാത്തതെന്തേ? സിനിമ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായപ്പോൾ എന്തുകൊണ്ട് നാടകം മാത്രം പാഠ്യപദ്ധതിയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നു? ബാലസാഹിത്യമെന്ന ശാഖപോലെതന്നെ കുട്ടികളുടെ നാടകവേദിയേയും നാം ഇതേ വരെ പരിഗണിക്കാത്തതെന്തുകൊണ്ട്? ഈ വേനലവധിക്കാലത്ത് നാടുനീളെ കുട്ടികളുടെ നാടകക്കളരികൾ സംഘടിപ്പിക്കപ്പെട്ടപ്പോൾകുട്ടികളുടെ മനസ്സറിഞ്ഞ, കുട്ടികളുടെ നാടകമെ ന്തന്നറിഞ്ഞ നാടക അധ്യാപകരെ പരിഗണിക്കാതെ കുട്ടികളുടെ നാടകം വെറും കുട്ടികളിയാണെന്ന തെറ്റായ ധാരണയോടെ കുട്ടികളെ കളിപ്പാവകളാക്കി മാറ്റുന്നവരെ ചുമതലക്കാരാക്കുകയും പരിശീലകരാക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?

ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടില്ലെങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം കുട്ടികളുടെ നാടകമെന്താണെന്ന അറിവില്ലായ്മയാണ് ഇതിനൊക്കെ കാരണം.കുട്ടികൾക്കായി ഒരു സ്ഥിരം നാടകവേദി എന്ന ആശയം കേരളത്തിൽ ശക്തമായി അവതരിപ്പിക്കുകയും സാക്ഷാത്കരിക്കുകയും അതിനായി ജീവിതത്തിന്റെ നല്ല നാളുകൾ മാറ്റിവെയ്ക്കുകയും ചെയ്ത ജി.ശങ്കരപ്പിള്ളയും രാമാനുജവും നമ്മെ പഠിപ്പിച്ചത് കുട്ടികളുടെ മനസ്സറിഞ്ഞ് അവരുടെ സദസ്സിനായി അവർക്കായി രൂപപ്പെടുത്തുന്ന നാടകങ്ങളാണ് കുട്ടികൾക്കുള്ള നാടകമെന്ന പാഠമാണ്.മുതിർന്നവരും ആസ്വാദകരായി മാറുന്ന കുട്ടികളുടെ ലോകം അവരുടെ അറിവിനേയും അനുഭവത്തെയും ബന്ധപ്പെടുത്തി നിർമ്മിക്കുന്നവയാണ്. മാത്രമല്ലാ കുട്ടികളുടെ സദസ്സിന് ആസ്വദിക്കാൻ കഴിയുന്നതേ കുട്ടികളുടെ നാടകമെന്ന പരിഗണനയിൽ വരു.അത് കുട്ടികൾക്ക് മനസ്സിലാവുന്നവയും രസിപ്പിക്കുന്നവയുമായിരിക്കണം. ഒപ്പം ചിന്തയുടെ അംശങ്ങൾ കലാപരമായി ലയിച്ചുചേർക്കുകയും വേണം.

കുട്ടികൾക്കു നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന കളിമുറ്റങ്ങളെ തിരിച്ചുപിടിക്കുന്ന ഒരിടമായി കുട്ടികളുടെ നാടകവേദി മാറണം.ഓരോ കുട്ടിയുടെയും പ്രായത്തിന് നിരക്കുന്ന വിഷയങ്ങൾ കണ്ടെത്തുകയും അതിന് നിരക്കുന്ന രംഗഭാഷ ഒരുക്കുകയുമാണ് വേണ്ടത്. കുട്ടികൾ കളിക്കുന്ന ഇടം മുഴുവൻ അരങ്ങാക്കി മാറ്റപ്പെടണം. ആടിയുംപാടിയും ചുവടു വെച്ചും കുട്ടികൾ അവരുടേതായ നാടകമൊരുക്കട്ടെ. വെറും കുട്ടിക്കളിയല്ല നാടകമെന്ന് തെളിയിക്കാനാവട്ടെ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + five =

Most Popular