Thursday, November 21, 2024

ad

Homeനാടകംപാട്ടുകൊണ്ടൊരു ചൂട്ടുകെട്ടി "നാട്ടിലെ പാട്ട്’’ വീണ്ടും അരങ്ങിൽ

പാട്ടുകൊണ്ടൊരു ചൂട്ടുകെട്ടി “നാട്ടിലെ പാട്ട്’’ വീണ്ടും അരങ്ങിൽ

വിനോദ് ആലന്തട്ട

നാട്ടകം തന്നെ നാടകം കളിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന തരത്തിൽ നാടകമവതരിപ്പിക്കുകയാണ് കാസർഗോഡ് ജില്ലയിലെ കനൽ കൂട്ടായ്മ തങ്ങളുടെ ‘നാട്ടിലെ പാട്ട് ‘ എന്ന നാടകത്തിലൂടെ. 1960 കളിലെ കണ്ണൂർ കുറ്റ്യാട്ടൂർ ഗ്രാമത്തിലെ സാധാരണ മനുഷ്യരിലൂടെ ജാതീയതയ്ക്കെതിരെ കമ്യൂണിസ്റ്റ് പ്രതിരോധത്തിന്റെ നേർചിത്രമാണ് നാടകം അവതരിപ്പിക്കുന്നത്. എൻ ശശിധരൻ എഴുതിയ നാടകത്തിൽ വ്യത്യസ്തമായ രംഗഭാഷയൊരുക്കി സംവിധാനം ചെയ്തത് യുവതലമുറയിലെ ശ്രദ്ധേയനായ നാടക പ്രവർത്തകൻ വിജേഷ് കാരിയാണ്. പ്രൊസീനിയം തിയേറ്ററിന്റെയും തെരുവരങ്ങിന്റെയും സാധ്യതകളെ പരമാവധി ഉപയോഗിച്ചാണ് ഇദ്ദേഹം രംഗഭാഷ്യം ഒരുക്കിയിരിക്കുന്നത്.

മൺമറഞ്ഞുപോയ കർഷകത്തൊഴിലാളികൾ വയൽ തെയ്യങ്ങളായി ഉറഞ്ഞാടുന്ന ആദ്യരംഗം തന്നെ നാടകത്തെ പ്രേക്ഷക ശ്രദ്ധയിൽ നിർത്തുന്നു. വ്യത്യസ്തമായ രംഗചിത്രങ്ങളൊരുക്കാൻ രചിത പാഠത്തിൽ നിന്നും നിരവധി മാറ്റങ്ങൾ സംവിധായകൻ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ നാടകത്തെ കൂടുതൽ മിഴിവുറ്റതാക്കുന്നുണ്ട് എന്ന് നാടകത്തിന്റെ ആദ്യാവതരണം കണ്ടവർ ഒന്നടങ്കം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് മിഠായിത്തെരുവിൽ നിന്നുമാണ് നാടകത്തിന്റെ കഥാതന്തു തുടങ്ങുന്നത്. പ്രശസ്ത സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ ശിഷ്യനും പഴയകാല കർഷകത്തൊഴിലാളിയുമായ ദാമുവിനെ അന്വേഷിച്ച് സംഗീതസ്നേഹിയായ ഫഹദ് അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ എത്തുന്നു. തുടർന്ന് ദാമുവിന്റെ ഓർമ്മകളിലൂടെയാണ് നാടക കഥ അരങ്ങുണർത്തുന്നത്.

തെയ്യങ്ങളെ പോരാടുന്ന കർഷകരുടെ പ്രതീകങ്ങളായി അവതരിപ്പിക്കുന്നതും ഏറെ വ്യത്യസ്തവും ശ്രദ്ധേയവുമായി തോന്നി. ദാമു നമ്പ്യാരും ജാനകിയും തമ്മിലുള്ള പ്രണയവും അതിനോടുള്ള ദാമുവിന്റെ ജ്യേഷ്ഠൻ ഭാസ്കരൻ നമ്പ്യാർക്കുള്ള എതിർപ്പും നാടകത്തിലെ പ്രധാന പ്രമേയമാകുന്നു. അതോടൊപ്പം ദാമുവും കൃഷ്ണനും തമ്മിലുള്ള സുഹൃദ്ബന്ധവും പ്രധാനാശയത്തോടൊപ്പം ചേർന്നു നിൽക്കുന്നു. അക്കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ എങ്ങനെയാണ് സാധാരണക്കാരുടെ കരുത്താകുന്നത് എന്ന് ടി.കെ. ഗോവിന്ദൻ എന്ന കഥാപാത്രത്തിലൂടെ വ്യക്തമാക്കുന്നു.

കുടുംബത്തേക്കാളുപരി നാടിനെ സ്നേഹിച്ച മണിയറച്ചാലിൽ കൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ ജീവിതാവസ്ഥകൾ ആസ്വാദകരുടെ മനസ്സിൽ നൊമ്പരമായി അവശേഷിക്കും.

മീൻകാരൻ മമ്മദ്, കണ്ണൻ വൈദ്യർ, കോരൻ, സരോജിനി, തുടങ്ങിയ കഥാപാത്രങ്ങളെല്ലാം സാധാരണക്കാരന്റെ ജീവിതനൊമ്പരത്തിന്റെ അടയാളപ്പെടുത്തലുകളാണ്.

ജാനകിയുടെ കൊലപാതകമാണ് നാടകത്തിലെ സംഘർഷത്തിന്റെ തുടക്കം. കേരളത്തിലെ ജാതീയതയുടെ രക്തസാക്ഷിയാണ് ജാനകി എന്ന് നാടകം സാക്ഷ്യപ്പെടുത്തുന്നു. ജാതീയതയും ജന്മിത്തവും അവസാനിച്ചിട്ടും ചിലരുടെ മനസ്സിൽ പതുങ്ങിയിരിക്കുന്ന ജാതീയതയുടെ വൃത്തികെട്ട മനോവ്യാപാരത്തെ നാടകം തുറന്നു കാട്ടുന്നു. നാടകത്തിലെ കഥാപാത്രങ്ങൾ അധികവും കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ എന്ന കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ ജീവിച്ചിരുന്നവരാണ്.

എൻ ശശിധരന്റെ ശക്തമായ രചനയെ വ്യത്യസ്തമായ രീതിയിൽ രംഗത്തെത്തിച്ചത് ഏറെ വെല്ലുവിളിയായിരുന്നു എന്ന് സംവിധായകൻ വിജേഷ് കാരി നാടകാവതരണത്തിനുശേഷം രചയിതാവിന്റെ മുന്നിൽ വെച്ച് തന്നെ പറഞ്ഞു.

ചെറുവത്തൂരിൽ നടന്ന ആദ്യ അവതരണം കാണാൻ എൻ ശശിധരൻ, മുൻ എം.പി പി. കരുണാകരൻ, വി.പി.പി. മുസ്തഫ, പി.വി.ഷാജികുമാർ, ബാബു അന്നൂർ, ഉദിനൂർ ബാലഗോപാലൻ,ഇ പി രാജഗോപാലൻ, ശിവകുമാർ കാങ്കോൽ, രാജേഷ് അഴീക്കോടൻ, സന്തോഷ് പുതുക്കുന്ന് തുടങ്ങി കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ എത്തിച്ചേർന്നു. കൂടാതെ നാടകത്തിലെ യഥാർത്ഥ കഥാപാത്രങ്ങളുടെ ബന്ധുക്കളടക്കം തങ്ങളുടെ പ്രിയപ്പെട്ടവരെ അരങ്ങിൽ കാണാൻ കുറ്റ്യാട്ടൂരിൽ നിന്നും ഒരുപാടുപേർ എത്തിയിരുന്നു. തിമിരി, കൊടക്കാട്ട്, കുട്ടമത്ത് എന്നിവിടങ്ങളിലായാണ് പരിശീലനം പൂർത്തിയാക്കിയത്. കുട്ടികളടക്കം കണ്ണൂർ കാസർഗോഡ് ജില്ലകളിലെ പ്രമുഖ കലാകാരരാണ് കഥാപാത്രങ്ങളായി രംഗത്ത് എത്തിയത്. നിരവധി അമേച്വർ നാടകങ്ങളിൽ അഭിനയിച്ച മുൻപരിചയമുള്ള എഴുപത്തിരണ്ടുകാരനായ, അപ്പക്കച്ചവടക്കാരനും നോവലിസ്റ്റും കഥാകൃത്തുമായ അമ്പു രാജ് നീലേശ്വരം ഈ നാടകത്തില െവൈദ്യരായി, പ്രായം തളർത്താത്ത ആത്മവീര്യത്തോടെ രംഗത്ത് ജീവിക്കുകയായിരുന്നു. അതുപോലെ ഒ പി ചന്ദ്രൻ, സുകേഷ് ചോയംകോട്, രാമചന്ദ്രൻ പാട്ടത്തിൽ, ജ്യോതി ചന്ദ്രൻ മുളിയാർ, മധു പള്ളിക്കര, ശോഭ ബാലൻ, ദിപീഷ് പാലത്തര, കെ.പി രാമകൃഷ്ണൻ,ശശി നടക്കാവ്, പ്രേമചന്ദ്രൻ കലാവേദി, ലക്ഷ്മണൻ, ജനാർദ്ദനൻ, ഗോപാലകൃഷ്ണൻ, രവികുമാർ, പ്രമോദ്, ശ്രീധരൻ, പി.സിന്ധു, മൃദുലഭായി,ജ്യോതി ലക്ഷ്മി,രവി കെ ഞാണംകൈ, ശശി നടക്കാവ് തുടങ്ങി മുപ്പത്തഞ്ചോളം വരുന്ന ഈ നാടകത്തിലെ അഭിനേതാക്കൾ മിക്കവരും മറ്റ് പല തൊഴിൽ മേഖലകളിലും ജോലി ചെയ്യുന്നതിന്റെ ഇടവേളകളിൽ സമയം കണ്ടെത്തിയാണ് നാടകത്തിൽ അഭിനയിച്ച് തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയത് എന്നറിയുമ്പോഴാണ് അതിന്റെ മാറ്റ് കൂടുന്നത്. ഭാസിവർണ്ണലയം, മനു നടക്കാവ്, സുനിൽകുമാർ,സുരാഗ് ചന്തേര, ജോൺസൺ പുഞ്ചക്കാട്,ഉമേഷ് നീലേശ്വരം, സജീവൻ വെങ്ങാട്ട്, രവീന്ദ്രൻ കൊടക്കാട്,ബാലചന്ദ്രൻ തിമിരി തുടങ്ങിയവർ പിന്നരങ്ങിലും പ്രവർത്തിക്കുന്നു. പ്രശസ്ത സിനിമാനടൻ വിജയരാഘവൻ, നാടക- സിനിമാ സംവിധായകനും ഭാരത് ഭവൻ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ, പ്രശസ്ത നാടകകൃത്തും നോവലിസ്റ്റുമായ പി വി കെ പനയാൽ തുടങ്ങിയവർ റിഹേഴ്സൽ കാമ്പ് സന്ദർശിച്ചത് ഈ നാടക പ്രവർത്തകർക്ക് ആദ്യാവതരണത്തിന് മുമ്പ് വലിയ ആത്മവിശ്വാസമാണ് നൽകിയത്.തീർച്ചയായും വടക്കു വടക്കിന്റെ നാട്ടരങ്ങുകൾ വീണ്ടും വിസ്മയകരമായ പുതിയ നാടകക്കാഴ്ചകളുമായി അരങ്ങുണർത്തുകയാണ്. അതിന്റെ നേർസാക്ഷ്യമായി നമുക്കീ നാടകാവതരണത്തെ വായിച്ചെടുക്കാം.. ഇനിയും പുതിയ കാലത്തോട് “ഇന്നലകൾ തൻ കനൽ ജ്വാലയിൽ നിന്നും ഉൺമയുടെ ദീപം കൊളുത്തി. നേരും നെറിയും തിരിച്ചറിഞ്ഞ് നാളെയുടെ തീപ്പാട്ട് പാടാൻ’ ആഹ്വാനം ചെയ്യുന്ന ഇത്തരം നാട്ടുനാടക വേദികൾ ചരിത്രബോധം നഷ്ടമാവുന്ന ഈ കാലത്തിന്റെ ഉണർത്തുപാട്ടുകളാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − two =

Most Popular