(സ്റ്റേജിലേക്ക് ചാഞ്ഞു കിടക്കുന്ന മരക്കൊമ്പ്. നദി ഒഴുകുന്ന ശബ്ദം. ഒരു പെൺകുട്ടി നദിയെക്കുറിച്ചു പാടുന്നു . ഏകദേശം 22 വയസ്സുണ്ടവൾക്ക്. പാട്ടിനൊടുവിൽ മധ്യവയസ്കയായ സ്ത്രീ പ്രവേശിക്കുന്നു.)
നദി: നിനക്കു വിശക്കുന്നില്ലേ? സമയം എത്രയായെന്നാ വിചാരം? വീട്ടിലേക്കു വാ. നല്ല പുഴമീൻ കറിയുണ്ട്. വാ (പെൺകുട്ടിയുടെ കൈ പിടിച്ചു വലിക്കുന്നു.)
പെൺകുട്ടി: (കൈ വിടുവിച്ച്) ഇല്ല എനിക്കു വിശപ്പും ദാഹവും ഇല്ല. ഇനി ഉണ്ടെങ്കിൽ തന്നെ അതീ നദി തീർത്തുകൊള്ളും.
സ്ത്രീ: ഇതെന്തൊരു പാഴ്ജന്മം! നീ ആരെയാ കാത്തിരിക്കുന്നത്? നദി കടന്ന് ആരും വരാൻ പോകുന്നില്ല.
നീയും ഞാനുമൊഴികെ മറ്റൊരൽഭുതവും സംഭവിക്കില്ല. (മുന്നോട്ട് നടന്നിട്ട് അൽപ്പം നിൽക്കുന്നു. എന്തോ ഓർത്തതു പോലെ തിരികെ വരുന്നു.)
ഈ മരം നോക്ക്. കാത്തു കാത്തിരുന്ന് അതു പൂക്കാൻ മറന്നു പോയി. നിന്നെപ്പോലെ.
(പെൺകുട്ടി മരത്തോട്) ആണോ മരമേ? നിനക്കും അഹങ്കാരി എന്നു പേരുണ്ടോ? നീ തന്റേടിയാണോ? ആ പോട്ടെ. പൂക്കാതെ ഇങ്ങനെ തഴച്ചു കൊഴുത്തു നിൽക്കുന്നതിൽ നിനക്കു നാണക്കേടുണ്ടോ?
സ്ത്രീ: ഇതു ശുദ്ധ ഭ്രാന്തു തന്നെ! ഞാൻ പോകുന്നു.
നീ ഇരുന്നു മടുക്കുമ്പോൾ വാ. എന്നെത്തേയും പോലെ . (പുറത്തേക്കു പോകുന്നു)
പെൺകുട്ടി: എത്രയോ നാളായി ആ കഥയ്ക്ക് ഉത്തരം തേടുകയാണ്.
ഞാൻ: ഈ മരക്കൊമ്പിൽ ഹൃദയം വച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുതലയിൽ നിന്നും രക്ഷപ്പെട്ട കുരങ്ങച്ചാരുടെ കഥയ്ക്ക്. (കുറച്ചു കല്ലുകൾ വാരിയെടുത്ത് കൊത്താങ്കല്ലാടുന്നു)
എന്തിനാവും കുരങ്ങച്ചനെ കൊല്ലാൻ കൂട്ടുകാരൻ തുനിഞ്ഞത്? ഭാര്യയ്ക്കു വേണ്ടിയാവുമോ? സൗഹൃദങ്ങൾക്ക് അങ്ങനെ ഒരു മുഖമുണ്ടോ? സ്വാർഥതയ്ക്കായി ഉറ്റവരെ കൊല്ലാൻ തോന്നുമോ?
(നദിയൊഴുകുന്ന ശബ്ദം ഉച്ചത്തിലാകുന്നു.)
നദി: ദേവതയാണു ഞാൻ. മൂന്നാമതും അത്യാഗ്രഹത്തോടെ സ്വർണക്കോടാലി തേടി എന്നിലേക്കിറങ്ങിയവനെ ആഴത്തിൽ വലിച്ചു കൊണ്ടുപോയി ഞെരിച്ചു കൊന്നു ഞാൻ.
(ശബ്ദം അകന്നകന്നു പോകുന്നു.)
പെൺകുട്ടി: ഹോ! മനസ്സാക്ഷിയില്ലാത്തവൾ! വെറും കഥകളല്ലേ കേട്ടവയൊന്നും?
അല്ല കുട്ടീ.
(ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കുന്നു)
അവൾക്കു പിന്നിലായി നിഴൽ രൂപം തെളിയുന്നു.
ചിലത് കഥകളാവുകയാണ്. ആക്കുകയാണ്.
ഞാനൊരു പറവയായിരുന്നു. കൊത്തിപ്പെറുക്കി ജീവിച്ചവൾ. പക്ഷേ നിരവധി വർണത്തൂവലുകൾ വച്ചുകെട്ടി കുറ്റവിചാരണ നടത്തി പക്ഷിക്കൂട്ടം എന്നെ ചുട്ടുകൊന്നു. എനിക്ക് സുന്ദരിയാവാനേ ആഗ്രഹമുണ്ടായിരുന്നില്ല.
സ്വാതന്ത്ര്യമായിരുന്നു എന്റെ ചിറകിന്റെ ബലം.
(പെൺകുട്ടി ഓടിച്ചെന്ന് നിഴൽ രൂപത്തിന്റെ കൈപിടിച്ചു കൊണ്ടുവന്ന് അടുത്തിരുത്തുന്നു)
നിഴൽ: നിനക്ക് ഒന്നിനും ഉത്തരം കിട്ടില്ല നീയൊരു പെൺകുട്ടിയല്ലേ കഥകൾക്കുത്തരം തേടരുത്!
(മുഴക്കമുള്ള സ്ത്രീശബ്ദം കേൾക്കുന്നു.)
അവൾ ഉത്തരം കണ്ടെത്തിയാലോ
(പെൺകുട്ടി എഴുന്നേറ്റ് അത്ഭുതത്തോടെ)
പൂക്കാ മരമേ! നീയോ?
പൂക്കാമരം: അതേ, ഞാൻ തന്നെ. നീ ഈ നദീ തീരത്ത് ഉപേക്ഷിക്കപ്പെടുകയായിരുന്നു. നിനക്ക് വലിയ രണ്ടു കമ്മലുകൾ ഉണ്ടായിരുന്നു. ഒരു കള്ളൻ വന്ന് അതഴിച്ചെടുത്തു കൊണ്ടുപോയി. നീ ഒരു രാജകുമാരിയുടെ മകളാണ്.
പെൺകുട്ടി: പൂക്കാമരമേ, ഇതൊരു ആൺകഥയല്ലേ?
നിഴൽ: അവളെത്ര നാളായി ഈ നിൽപ്പു തുടരുന്നു. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു.
പൂക്കാമരം: അല്ല. പെൺകുട്ടിയായതുകൊണ്ട് നീ ഉപേക്ഷിക്കപ്പെടുകയായിരുന്നു. നിന്റെ അന്നത്തെ കരച്ചിൽ കേട്ടവരാരും മറക്കില്ല.
പെൺകുട്ടി: ആരായിരിക്കുമത്? എന്നെ വേണ്ടെന്ന് വച്ചത്?
നിഴൽ: ഇതൊക്കെ ഇന്നും നടക്കുന്നുണ്ട്. ഈ നദി എത്ര പെൺകുഞ്ഞുങ്ങളെ തിന്നു!
പൂക്കാമരം: പെൺകുട്ടീ, നിന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടുന്ന ദിനം ഞാൻ പൂത്തുലയും.
പെൺകുട്ടി – സത്യം?
നിഴൽ:- ഹഹഹ, നല്ല നടക്കാത്ത സ്വപ്നം!
പെൺകുട്ടി: എന്റെ പൂക്കാമരമേ, കഥകൾക്കുത്തരം തേടുന്ന ജീവിതം ഞാനവസാനിപ്പിക്കുകയാണ്. എങ്കിലോ!
മരം: ആത്മഹത്യയോ, നീ എന്നെ നാണം കെടുത്തരുത്! അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
നിഴൽ:- അവൾ ചെയ്യട്ടെന്നേ, ശല്യം തീരുമല്ലോ.
(പെൺകുട്ടി മുന്നിലേക്കു വരുന്നു ഒരു നൃത്തം ആരംഭിക്കുന്നു. കുറച്ചു മാത്രം. നൃത്തം അവസാനിക്കുന്നു കണ്ണടച്ചു നിൽക്കുന്നു)
പെൺകുട്ടി – കുരങ്ങച്ചൻ ഹൃദയമെന്നു പറഞ്ഞത് അവന്റെ കുടുംബത്തെയാണ്. അവർ ഈ മരച്ചില്ലകളിൽ ഉണ്ടായിരുന്നു.
(അങ്ങോട്ടുമിങ്ങോട്ടും നടന്ന്)
നദി: ദേവത ആരെയും കൊന്നില്ല. ആ അത്യാഗ്രഹി നിരാശ കൊണ്ട് ജീവിതമവസാനിപ്പിച്ചതാണ്.
ഇനി നീ (നിഴൽ രൂപത്തിനു നേരെ തിരിഞ്ഞ്)
നീ ഇപ്പോഴും മൃഗശാലയ്ക്കുള്ളിലാണ്. അഴികൾക്കുള്ളിൽ നിന്റെ മനസ്സ് സ്വതന്ത്രമായി ഈ നദീതീരത്തലഞ്ഞു നടക്കുന്നു. കൂട്ടിലടയ്ക്കപ്പെട്ട എല്ലാ സ്ത്രീകളെയും പോലെ.
ഇനി എന്റെ കഥ
(കൈത്തണ്ട ഉയർത്തിക്കാട്ടുന്നു)
നോക്കൂ. ഈ ബാൻഡിൽ എന്റെ പേരും വിലാസവുമുണ്ട്. എന്നെ ഉപേക്ഷിച്ചവരുടെ ഔദാര്യം! എനിക്കതറിയേണ്ട കാര്യമില്ല. ഞാനത് നദിക്കു നൽകുകയാണ്. എനിക്കു ജീവിക്കാൻ ഒരു വിലാസം വേണമെന്നില്ല. പുതിയ കഥകൾ പറയാൻ മെനയാൻ നല്ല ബുദ്ധിയും കഴിവുമുണ്ടെനിക്ക്.
(നിഴൽരൂപം മായുന്നു. പൂക്കാമരം പൊട്ടിച്ചിരിക്കുന്നു)
ഒരു പെൺകുട്ടിക്ക് എന്തിനാണ് ഉത്തരമില്ലാത്തത്! അവൾക്കു കണ്ടെത്താനും സൃഷ്ടിക്കാനും കഴിയാത്തതായി എന്തുണ്ട്!
ഞാനൊന്ന് അടിമുടി പൂത്തോട്ടെ (പൂക്കൾ ചിതറുന്നു)
പെൺകുട്ടി ആഹ്ലാദനൃത്തം തുടങ്ങുന്നു. ജുഗൽബന്ദി നേർത്തുവരുന്നു.
മധ്യവയസ്കയായ സ്ത്രീ പ്രവേശിക്കുന്നു. കൈകൾ കോർത്ത് അവരിരുവരും നൃത്തം ചെയ്യുന്നു. (കർട്ടൻ വീഴുന്നു) ♦