Tuesday, September 17, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്‘പൂർണമായും മത്സരാത്മകമായ കമ്പോളം’ എന്ന മിഥ്യ

‘പൂർണമായും മത്സരാത്മകമായ കമ്പോളം’ എന്ന മിഥ്യ

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 50

പഭോക്തൃ സമൂഹമായി പരിണമിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് രാവിലെ ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നവരെ, നമ്മുടെ നിത്യജീവിതത്തിൽ എണ്ണമറ്റ ഉല്പന്നങ്ങളും, സേവനങ്ങളും നാം ഉപയോഗിക്കുന്നുണ്ട്, പ്രത്യേകിച്ച് വാങ്ങൽ ശേഷിയുള്ള മധ്യവർഗസമൂഹം രാവിലെ പല്ലു തേയ്‌ക്കുമ്പോൾ ഉപയോഗിക്കുന്ന പേസ്റ്റും കുളിക്കുമ്പോൾ ഉപയോഗിക്കുന്ന സോപ്പും വായിക്കുന്ന പത്രവും മണിക്കൂറുകളോളം ഉപയോഗിക്കുന്ന ടെലിവിഷൻ സെറ്റും 24X7 ഉപയോഗിക്കുന്ന ഇന്റർനെറ്റ് സേവനങ്ങളും മൊബൈൽ ഫോണും വിവരങ്ങൾക്കായി പരതുന്ന സെർച്ച് എൻജിനും വിവരങ്ങൾ പങ്കുവെയ്ക്കാൻ ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമങ്ങളും തുടങ്ങി ഈ നിര നീളും. ആരാണ് ഈ ഉല്പന്നങ്ങളും സേവനങ്ങളും നമുക്കു നൽകുന്നത്? വിരലിലെണ്ണാവുന്ന ഏതാനും വൻകിട കമ്പനികളാണ് ഈ ഉല്പന്നങ്ങളും സേവനങ്ങളും നമുക്കിന്നു നൽകുന്നത്. ഉപഭോക്തൃ ഉത്പന്നങ്ങളുടെ ലോകം അടക്കി വാഴുന്നത് ഇവരാണ്‌.

കണ്ണുതുറന്നു നോക്കിയാൽ കാണാൻ കഴിയുന്ന കാര്യമാണിത്. ഹിന്ദുസ്ഥാൻ ലിവർ, റിലൈൻസ്, ടാറ്റാ, ആദിത്യ ബിർള ഗ്രൂപ്പ്, ഐടിസി, ഭാരതി എന്റർപ്രൈസസ്, ഗോദ്‌റേജ്‌, മഹിന്ദ്ര, പ്രോക്ടർ ആൻഡ് ഗാംബിൾ തുടങ്ങിയ കമ്പനികൾ നൽകുന്ന ടൂത്ത്‌പേസ്റ്റ് മുതൽ വാഹനങ്ങൾ വരെയുള്ള ഉല്പന്നങ്ങളും വിവിധ തരത്തിലുള്ള സേവനങ്ങളുമാണ് ഇന്ത്യൻ മാർക്കറ്റിൽ ഇന്നു ലഭ്യമായിട്ടുള്ളത്തിൽ നല്ലൊരു പങ്കും. ലോകത്തെ ഏതു രാജ്യത്തെ കാര്യമെടുത്താലും ഇതുതന്നെയാകും സ്ഥിതി. ഇന്ത്യൻ ടെലികോം മാർക്കറ്റിന്റെ 70 ശതമാനവും റിലൈൻസിന്റെയും എയർടെൽ ഉടമയായ ഭാരതിയുടെയും കയ്യിലാണ്. ഓട്ടോമൊബൈൽ വിപണിയുടെ നാലിലൊന്നും ടാറ്റായുടെ കൈവശമാണ്. നൂഡിൽസ് വിപണിയുടെ 60 ശതമാനവും നെസ്‌ലെയുടെ മാഗിയും, വെളിച്ചെണ്ണ വിപണിയുടെ 60 ശതമാനവും മാറിക്കോയുടെ പാരച്യൂട്ടിന്റെയും കയ്യിലാണ്. പ്രകൃതിജന്യ ആരോഗ്യ ഉല്പന്നങ്ങളുടെ 60 ശതമാനവും ഡാബറിന്റെ കയ്യിലാണ്.

യഥാർത്ഥ കമ്പോളത്തിന്റെ സ്ഥിതി ഇതാണെങ്കിൽ നമ്മുടെ ഇക്കണോമിക്സ് പാഠപുസ്തകങ്ങൾ അർത്ഥശാസ്ത്ര തത്വങ്ങൾ പഠിപ്പിക്കാൻ ആധാരമായെടുക്കുന്ന ‘പൂർണമായും മത്സരാത്മകമായ കമ്പോളം’ വെറുമൊരു സങ്കല്പമാണോ. ഈ മിഥ്യാലോകത്തെ ആധാരമാക്കിയാണോ പല സാമ്പത്തികശാസ്ത്ര നിയമങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്. മുതലാളിത്ത ലോകത്തെ കമ്പോളങ്ങളെ കാൽചുവട്ടിലാക്കി നിർത്തിയിരിക്കുന്ന പടുകൂറ്റൻ കോർപറേഷനുകൾ മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിത്തറയായി വർത്തിക്കുന്ന Perfect Competition എന്ന സങ്കല്പത്തെ അർത്ഥശൂന്യമാക്കുകയും അതിനെ ഉപജീവിച്ച് രൂപപ്പെടുത്തിയിരിക്കുന്ന സിദ്ധാന്തങ്ങളുടെ നിരർത്ഥകതയിലേക്ക് വിരൽ ചൂണ്ടുകയുമാണ്. ജൊവാൻ റോബിൻസൺ ഇതു സംബന്ധിച്ച് നടത്തിയ വിമർശനം ഇപ്രകാരമാണ്. ‘‘യാഥാസ്ഥിതിക മൈക്രോ ഇക്കണോമിക് സിദ്ധാന്തം, കെയിൻസിനെ ഉറക്കികിടത്തുകയും Perfect competion നെയും Optimum firmനെയും തിരികെ കൊണ്ടുവരികയും പുത്തൻ വ്യവസായിക രാഷ്ട്രങ്ങൾ നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച സംവാദങ്ങളെയെല്ലാം അവഗണിക്കുകയുമാണ്. ഇതേ സമയത്തുതന്നെ അധികാരം ബഹുരാഷ്ട്ര കുത്തകകളിൽ അമിതമായി കേന്ദ്രീകരിക്കുകയും ദേശീയ തൊഴിൽ നയങ്ങളുടെ യുഗത്തിന് വിരാമമിടുകയും ചെയ്തിരിക്കുകയുമാണ്. Perfectly competitive market എങ്ങനെയാണ് ഉത്പാദക സ്ഥാപനങ്ങളുടെ വലുപ്പം പരിമിതപ്പെടുത്തി നിർത്തുന്നത് എന്നതു സംബന്ധിച്ച U – shaped രേഖകളുടെ ചിത്രങ്ങളാണ് ഇന്നും നമ്മുടെ പാഠപുസ്തകങ്ങളിൽ. നിക്കോളാസ് കൽഡോർ ഇതു സംബന്ധിച്ച് പറഞ്ഞത് ‘ചിന്തയുടെ ഉപകരണങ്ങൾ എന്ന നിലയിൽ ഇവ ഇത് തീർത്തും അപ്രസക്തമാണ്’ എന്നാണ്. പ്രൊഫഷണൽ സാമ്പത്തികശാസ്ത്രജ്ഞർ തന്നെ വളരെ നിശിതമായ വിമർശനം നടത്തുന്ന ഒന്നായി Perfectly competitive market മാറിയിരിക്കുന്നു. എങ്കിലും നമ്മുടെ എല്ലാ തലത്തിലുമുള്ള സാമ്പത്തികശാസ്ത്ര ക്ലാസ്സുകളിലും ഇത് ആവർത്തിച്ചു പഠിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

ആദം സ്മിത്തിന്റെ കാലം മുതൽക്കുതന്നെ നിലനിന്നിരുന്ന സാമ്പത്തികശാസ്ത്ര സങ്കല്പമാണ് Perfectly competitive market അഥവാ സമ്പൂർണമായും മത്സരാത്മകമായ കമ്പോളം . സ്വതന്ത്രമായ മത്സരത്തെ ആസ്പദമാക്കിയായാണ് ‘സ്വാഭാവിക വില’ (natural price) എന്ന ആദം സ്മിത്തിന്റെ ആശയം നിലനിൽക്കുന്നത് . ചരക്കുകളുടെ കമ്പോളവില എപ്പോഴൊക്കെ അതിന്റെ സ്വാഭാവിക വിലയിൽ നിന്നും മറ്റ് എന്തെങ്കിലും കാരണങ്ങളാൽ വ്യതിചലിക്കുന്നുവോ അപ്പോഴൊക്കെ കമ്പോളത്തിന്റെ അദൃശ്യകരങ്ങൾ അതിൽ ഇടപെടുകയും സ്വാഭാവിക വിലയിലേക്ക് അതിനെ തിരികെയെത്തിക്കുകയും ചെയ്യും എന്നതാണ് ആദം സ്മിത്തിന്റെ സിദ്ധാന്തം . ഏതെങ്കിലും ഒരു ചരക്കിന്റെ ഉല്പാദനഘടകങ്ങളിൽ – അധ്വാനശക്തി , അസംസ്കൃത വസ്തുക്കൾ, ഭൂമി – വിലവ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ കമ്പോളത്തിന്റെ കാര്യങ്ങൾ അതിൽ ഇടപെട്ട് മറ്റ് ചരക്കുകളുടെ ഉല്പാദനത്തിലേക്ക് വഴിതിരിച്ചുവിടും. ഇതിൽ അനാവശ്യമായി ആരും കൈകടത്താതിരിക്കുക. ഇതാണ് സ്വതന്ത്ര കമ്പോളത്തെയും Perfectly competitive market നെയും അടിസ്ഥാനമാക്കിയ സാമ്പത്തികശാസ്ത്ര സിദ്ധാന്തത്തിന്റെ കാതൽ. റിക്കാർഡോയുടെ സ്വാഭാവിക വില സിദ്ധാന്തവും ഈ സങ്കൽപങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

ക്ലാസിക്കൽ അർത്ഥശാസ്ത്രകാരന്മാർ ജീവിച്ചിരുന്ന കാലഘട്ടം ഇത്തരം ആശയങ്ങൾ രൂപപ്പെടാൻ സഹായകമായ ഒന്നായിരുന്നു. വ്യവസായ സ്ഥാപനങ്ങൾ രൂപപ്പെട്ടു തുടങ്ങിയ കാലഘട്ടം. അവ തമ്മിൽ പരസ്പരം കടുത്ത മത്സരാത്മകത നിലനിന്നിരുന്നു. അതേസമയം എവിടെയെങ്കിലും കമ്പോളത്തെ നിയന്ത്രിച്ചിരുന്നുവെങ്കിൽ അത് സ്റ്റേറ്റിന്റെ ഇടപെടൽ മൂലമായിരുന്നു. കുത്തകവൽക്കരണത്തെ സ്റ്റേറ്റ് പിന്താങ്ങാതിരുന്നാൽ കമ്പനി ഉടമകളും തൊഴിലാളികളും തമ്മിലുള്ള സംഘർഷങ്ങൾ സ്വാഭാവികമായി ഉണ്ടാകും എന്നുകൂടി ആദം സ്മിത്ത് വിശ്വസിച്ചിരുന്നു. Natural എന്ന വാക്ക് ക്ലാസിക്കൽ എക്കണോമിസ്റ്റുകളുടെ കൃതികളിൽ ആവർത്തിച്ച് വരുന്നതുകാണാം. ഭൗതികശാസ്ത്രം വസ്തുക്കളുടെ ചലന നിയമങ്ങൾ കണ്ടെത്തുന്നതുപോലെ, ജീവശാസ്ത്രം ജീവിവർഗങ്ങളുടെ വളർച്ചയുടെയും നിലനില്പിന്റെയും നിയമങ്ങൾ അനാവരണം ചെയ്യുന്നതു പോലെ സാമ്പത്തിക ശാസ്ത്രം ചരക്കുകളുടെ ഉല്പാദനത്തിന്റെയും വിതരണത്തിന്റെയും സ്വാഭാവിക നിയമങ്ങൾ (natural laws) കണ്ടെത്തുന്ന ഒന്നാണെന്ന് ഇവർ അടിയുറച്ചു വിശ്വസിച്ചിരുന്നു. ദൈവവചനങ്ങൾ പോലെയുള്ള അർത്ഥശാസ്ത്ര സങ്കല്പങ്ങളെയാണ് മാർക്സ് നിശിത വിമർശനത്തിനിരയാക്കിയത്. Critique of political economy എന്നാണ് മാർക്സ് തന്റെ പ്രോജക്ടിന് നൽകിയ പേര്. അതേസമയം മുതലാളിത്തത്തിന്റ മത്സരാത്മകതയെ ഒരു ബെഞ്ച് മാർക്കായി എടുത്തുകൊണ്ടു തന്നെയാണ് മാർക്സ് അതെങ്ങനെ തൊഴിലാളിയുടെ അധ്വാനത്തെ മിച്ചമൂല്യം കവർന്നെടുക്കുന്നതെന്നതു സംബന്ധിച്ച തന്റെ അന്വേഷണവുമായി മുന്നോട്ടുപോയത്. തന്റെ കാലഘട്ടത്തിൽ Perfectly competitive market എന്ന സങ്കല്പത്തെ ചോദ്യം ചെയ്യേണ്ട ആവശ്യകത മാർക്സിന് അനുഭവപ്പെട്ടിരുന്നില്ല. പിൽകാലത്ത് ഹിൽഫെർഡിങ്ങും ലെനിനുമാണ് ഈ കുത്തകവൽക്കരണത്തെ സിദ്ധാന്തവൽക്കരിക്കുന്നത്. സ്വാതന്ത്രകമ്പോളം എന്ന സങ്കൽപം ഉടഞ്ഞുതുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്.

നിയോ ക്ലാസിക്കൽ അർത്ഥശാസ്ത്രകാരരും മുതലാളിത്ത ഉല്പാദന സമ്പ്രദായത്തെ ന്യായീകരിക്കാനായി ഉപയോഗപ്പെടുത്തിയത് Perfectly competitive market എന്ന ആശയത്തെയാണ്. 1930കളുടെ മധ്യത്തിൽ, ആസൂത്രണ സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെ ആഞ്ഞടിക്കാൻ ലയണൽ റോബിൻസും ഹയ്ക്കും ഇത്തരത്തിൽ സാധൂകരണങ്ങൾ കണ്ടെത്തിയവരാണ്. ഉപഭോക്താക്കളും ഉല്പാദകരും തമ്മിൽ സ്വതന്ത്രമായ കൊടുക്കൽ വാങ്ങലുകൾ നിലനിൽക്കുകയാണെങ്കിൽ, ഒരു ഉല്പാദനശൃംഖലയിൽ നിന്നും മറ്റൊന്നിലേക്ക് ഉല്പാദന വിഭവങ്ങൾക്ക് ചലനാത്മകതയുണ്ടെങ്കിൽ, ഓഹരികമ്പോളങ്ങൾ പൂർണമായും നിക്ഷേപങ്ങളെ നിയന്ത്രിക്കുന്നുവെങ്കിൽ, സമ്പദ്‌വ്യവസ്ഥ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുമെന്നാണ്‌ ഇവർ പറഞ്ഞത്. അങ്ങിനെയെങ്കിൽ പരിമിതമായ വിഭവങ്ങൾ ഏറ്റവും മികച്ച രീതിയിൽ വിന്യസിക്കപ്പെടുമെന്നും ഉപഭോക്താക്കൾക്ക് ഏറ്റവുമുയർന്ന സംതൃപ്തി ലഭിക്കുമെന്നും നിയോ ക്ലാസിക്കൽ അർത്ഥശാസ്ത്രകാരന്മാർ പറഞ്ഞത് ആധുനിക മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രമായി മാറി. മുഖ്യധാരാ സാമ്പത്തികശാസ്ത്ര സിദ്ധാന്തം മുതലാളിത്തത്തിന്റെ ആശയ കേന്ദ്രമായി മാറുന്നത് അങ്ങനെയാണ്. അതിനെ അപനിർമിക്കുകയും വിമർശിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അതിനാലാണ്.

മത്സരാത്മകമായ സ്വതന്ത്ര കമ്പോളം സ്വാഭാവികമായും കുത്തകവൽക്കരണത്തിലേക്ക് നീങ്ങുമെന്ന മാർക്സിയൻ വിമർശനങ്ങളെ സാധൂകരിക്കുന്ന കാഴ്ചയാണ് രണ്ടാംലോക യുദ്ധാനന്തരമുള്ള കാലഘട്ടം കാട്ടിത്തരുന്നത്. ഈ കുറിപ്പിന്റെ ആരംഭത്തിൽ ചൂണ്ടിക്കാട്ടിയ ഉദാഹരണങ്ങൾ പോലെ, സമ്പൂർണമായും വൻകിട കുത്തകകളുടെ പിടിയിലാണ് ഇന്നത്തെ ഉല്പാദനമേഖല. പല ലോക രാഷ്ട്രങ്ങളെക്കാളും ആസ്തിയും അധികാരവുമുള്ള അതിഭീമൻ സ്ഥാപനങ്ങളാണ് ഇന്നത്തെ കുത്തകകൾ. ഭരണവർഗ്ഗത്തെ പൂർണമായും നിയന്ത്രിക്കുകയും ഏത് എതിരാളിയെയും ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് അവ അജയ്യയാത്ര തുടരുകയാണ്. ഓൺലൈൻ വിപണി ആമസോൺ സ്വന്തമാക്കിയതു പോലെ, കംപ്യൂട്ടർ വിപണി മൈക്രോസോഫ്‌റ്റും ആപ്പിളും ഐബിഎമ്മും പിടിച്ചടിക്കിയതു പോലെ, ഇന്റർനെറ്റ് ഗൂഗിൾ സ്വന്തമാക്കിയതുപോലെയാണ് സാമ്പത്തിക ലോകത്തെ കാര്യങ്ങൾ ഏതാണ്ട് മുഴുവനും. ഈ ലോകത്ത് Perfectly competitive market വളരെ വിചിത്രമായ, യഥാർത്ഥ ലോകവുമായി പുലബന്ധം പോലുമില്ലാത്ത ഒരു ആശയമായി പരിണമിച്ചിരിക്കുന്നു. മുഖ്യധാരാ സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങൾ യാഥാർഥ്യത്തിൽ നിന്നും എത്രകണ്ട് ദൂരെയാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ഇതു മാറുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × two =

Most Popular