വിപ്ലവപാതയിലെ ആദ്യപഥികർ‐ 43
തമ്പാനൂർ റെയിൽവേ മൈതാനത്തുതന്നെ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ അടുത്തദിവസം മറ്റൊരു റാലി നടന്നു. ഗാന്ധിജിയുടെ സമ്മതത്തോടെയേ സമരം പറ്റൂ എന്ന നിലപാടിലായിരുന്നല്ലോ സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വം. 1114 ചിങ്ങം ഒന്നിന് സമരം തുടങ്ങാൻ അനുവാദമാവശ്യപ്പെട്ട് ഗാന്ധിജിക്ക് എഴുതിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. മറുപടി ലഭിക്കാതിരുന്നതിനാൽ സമരം അനിശ്ചിതത്വത്തിലായി. ഈ സമയത്താണ് യൂത്തുലീഗ് ശക്തമായ നിയമലംഘനസമരവുമായി മുന്നോട്ടുവന്നതെന്ന് സൂചിപ്പിച്ചു. അതിന്റെ ഭാഗമായി നടത്തിയ റാലിയിൽ പൊന്നറ ശ്രീധർ, ശങ്കരനാരായണൻ തമ്പി, പുതുപ്പള്ളി രാഘവൻ, കെ.ദാമോദരൻ എന്നിവർ നിയമം ലംഘിച്ച് പ്രസംഗിച്ചു. ആ പ്രസംഗത്തിലാണ് കെ.ദാമോദരൻ രാജാവിനെ നേരിട്ട് കടന്നാക്രമിച്ചത്. രാജഭരണം പോയി ജനാധിപത്യം വരണം. രാജാധിപത്യത്തെ കളിയാക്കിയും നിശിതമായി വിമർശിച്ചുമുള്ള ആ പ്രസംഗം തിരുവിതാംകൂറിൽ നടാടെയായിരുന്നു. രാജാധിപത്യത്തോടുള്ള എതിർപ്പും ദിവാനോടുള്ള എതിർപ്പായി പൊതിഞ്ഞുപറയലായിരുന്നു അതിനുമുമ്പത്തെ രീതി. അതിനുപോലും പട്ടത്തെപ്പോലുള്ളവർ തയ്യാറായിരുന്നില്ല. അവിടെയാണ് ദാമോദരൻ ആഞ്ഞടിച്ചത്. ദാമോദരനടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കി. ഈ സംഭവങ്ങളെല്ലാം നിരീക്ഷിക്കുകയും കെ.ദാമോദരനടക്കമുള്ളവരുടെ പ്രവർത്തനങ്ങളിൽ ആവേശംകൊള്ളുകയുംചെയ്ത കെ.സി.ജോർജ് അപ്പോഴും യൂത്ത് ലീഗിൽ ചേർന്നിരുന്നില്ല. ദാമോദരനെ ജയിലിൽപോയി കണ്ട് വക്കാലത്തൊപ്പിടീച്ച് ജാമ്യത്തിന് വാദിക്കുന്നത് ജോർജാണ്. ജാമ്യം അനുവദിച്ചില്ല, പക്ഷേ ആവേശഭരിതനായ ജോർജ് വക്കീൽ ഗൗൺ ഊരിവെച്ച് യൂത്ത് ലീഗിൽ സജീവമാവുകയാണ്, കമ്മ്യൂണിസത്തിലേക്കടുക്കുകയാണ്.
യൂത്തുലീഗ് സമരം ശക്തമാക്കിയതോടെ സ്റ്റേറ്റ് കോൺഗ്രസ് സമരത്തിന് നിർബന്ധമായി. ചിങ്ങം ഒന്നിന് സമരംചെയ്യാൻ പാകത്തിൽ ഗാന്ധിജിയുടെ അനുമതി ലഭിച്ചില്ലെങ്കിലും അതിനുള്ള കത്ത് ഒരാഴ്ചയ്‌ക്കകം കിട്ടി. അതോടെ പട്ടമടക്കമുള്ളവർ സമരം നടത്തി ജയിലിലായി. കെ.സി.ജോർജും ജയിലിലായത് സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ലേബലിൽ. യൂത്ത് ലീഗിന്റെ ലേബലിൽ ജയിലിലായ കെ.ദാമോദരന്റെ അടുത്തേക്കാണിവരെല്ലാം എത്തുന്നത്. യൂത്തുലീഗ് ഇടതുപക്ഷത്താണെങ്കിലും കമ്മ്യൂണിസ്റ്റ് ലൈനിലേക്ക് വന്നിരുന്നില്ല. പൊന്നറയടക്കമുള്ളവർ മിതവാദി ലൈനിലോ ട്രോട്സ്‌കിയിസ്റ്റ് ലൈനിലോ ആയിരുന്നു. കമ്മ്യൂണിസത്തെക്കുറിച്ച് തിരുവിതാംകൂറിൽ വേണ്ടത്ര സന്ദേശമെത്തിയിട്ടുണ്ടായിരുന്നില്ല. കെ.ദാമോരനെ തിരുവനന്തപുരത്തേക്ക് നിയോഗിച്ചത് ഈ പ്രശ്നത്തിന്റെ പരിഹാരത്തിനായിരുന്നു. ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭത്തിലെ ആദ്യ നേതാക്കൾക്ക് ‐ പട്ടം താണുപിള്ളയടക്കമുള്ളവർക്ക്‐ ദാമോദരൻ ദിവസം ഒരുമണിക്കൂർവെച്ച് ക്ലാസെടുക്കുകയാണ്. ഹിന്ദി ക്ലാസാണ്. ആ ക്ലാസിൽ സോഷ്യലിസവും കടന്നുവന്നു. അതിൽ ക്ലാസിനികത്തുതന്നെ എതിർപ്പുുമുണ്ടായി. നിരീശ്വരവാദമാണ് പ്രശ്നം. ഹിന്ദി ക്ലാസിൽ പങ്കെടുക്കുന്ന ഇടതുപക്ഷക്കാർക്ക് മാത്രമായി വേറെയും ക്ലാസ് നടത്താൻ ദാമോദരൻ തയ്യാറായി. അത് തിരുവിതാംകൂറിൽ മാർക്സിസ്റ്റാശയത്തിന്റെ പ്രചാരണത്തുടക്കത്തിന് സഹായകമായി..മാർക്സിസ്റ്റ് വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൃഷ്ണപിള്ള ദാമോദരനെ തിരുവിതാംകൂറിലേക്ക് പ്രത്യേകം നിയോഗിച്ചതെന്നതും ശ്രദ്ധേയമാണ്.
തൊള്ളായിരത്തിമുപ്പതുകളുടെ അവസാനത്തോടെ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ രൂപീകരിച്ചുവെങ്കിലും പാർട്ടി നേതാക്കളായ കെ.ദാമോദരനടക്കമുള്ളവർ കോൺഗ്രസ്സിന്റെ നേതാക്കളായിത്തന്നെ തുടരണമെന്ന തന്ത്രപരമായ തീരുമാനമാണ് പാർട്ടി എടുത്തത്. അതിനാൽ ഇ.എം.എസ്. ഒഴിവായ കെ.പി.സി.സി. ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് കെ.ദാമോദരൻ നിയോഗിക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനപ്രകരം കെ.പി.സി.സി. സെക്രട്ടറി കെ.ദാമോദരനാണ് 1940 സെപ്റ്റംബർ 15ന്റെ മർദനപ്രതിഷേധ‐ വിലക്കയറ്റവിരുദ്ധ റാലിക്ക് ആഹ്വനംചെയ്തത്. ആ സമരമാണ് മൊറാഴയിൽ രണ്ടു പോലീസുദ്യോഗസ്ഥരും മട്ടന്നൂരിൽ ഒരു പോലീസുകാരനും കൊല്ലപ്പെട്ട, തലശ്ശേരിയിൽ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായ സംഭവങ്ങളിലേക്കെത്തിച്ചത്. അതേ തുടർന്ന് കെ.പി.സി.സി. അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം പിരിച്ചുവിടുകയും ആന്ധ്രയിൽ നിന്നുള്ള ഒരാളെ കേരളാ പ്രദേശ് കോൺഗ്രസ് ആക്ടിങ്ങ് പ്രസിഡണ്ടായി നിയോഗിക്കുകയുംചെയ്തു. സെപ്റ്റംബർ 15ലെ സംഭവങ്ങളുടെ പേരിൽ കെ.ദാമോദരനെ പ്രധാന പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുകയും ദാമോദരനെ ജയിലിലടയ്‌ക്കുകയുംചെയ്തു. അഞ്ചുവർഷത്തേക്കാണ് ഈ കേസിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. 1942‐ൽ രണ്ടാം ലോകയുദ്ധം സംബന്ധിച്ച പാർട്ടി നയത്തിൽ മാറ്റംവന്നു. യുദ്ധത്തിനെതിരായിരുന്ന പാർട്ടി നയത്തിൽ മാറ്റം വരുകയും സഖ്യശക്തികൾക്കനുകൂലമായ നിലപാട് പ്രഖ്യാപിക്കുകയും ചെയ്‌തു. സോവിയറ്റുയൂണിയനെ ജർമനി ആക്രമിച്ചതോടെ അനാക്രമണസന്ധി തകരുകയും സോവിയറ്റ് യൂണിയൻ സഖ്യശക്തികളോടൊപ്പം ചേരുകയുമായിരുന്നല്ലോ. അതോടെയാണ് ഇന്ത്യയിലെ പാർട്ടിയും നിലപാട് മാറ്റിയത്. ഇതോടെ കേരളത്തിലെയും കമ്യൂണിസ്റ്റ് നേതാക്കളെയും പ്രവർത്തകരെയും ജയിലിൽനിന്ന് വിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി അതോടെയാണ് പരസ്യപ്രവർത്തനം ആരംഭിക്കുന്നത്. പ്രവർത്തകരെ പട്ടാളത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കുകയും ജാപ്പുവിരുദ്ധമേള നടത്തുകയുമായിരുന്നു അക്കാലത്ത് പാർട്ടി. അതേസമയം കോൺഗ്രസ് അക്കാലത്ത് ആഗസ്ത് സമരം എന്നറിയപ്പെട്ട ക്വിറ്റ് ഇന്ത്യാസമരത്തിലായിരുന്നു. യുദ്ധം സംബന്ധിച്ച പാർട്ടിയുടെ നയംമാറ്റം സംഘടനയ്ക്കത്തും പുറത്തും വലിയ അഭിപ്രായസംഘർഷത്തിനിടയാക്കി. ജയിലിൽ തടവുകാരായ പാർട്ടിനേതാക്കൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ദാമോദരനടക്കമുള്ളവരുടെ നിലപാട് പുതിയ നയത്തിനെതിരായിരുന്നു. അക്കാര്യം എ.കെ.ജി. ആത്മകഥയിൽ നേരിട്ടുള്ള അനുഭവമെന്നനിലയിൽ വ്യക്തമാക്കുന്നുണ്ട്. ഏതായാലും പാർട്ടി നേതാക്കളിൽ ഭൂരിപക്ഷത്തെയും ജയിലിൽനിന്ന് മോചിപ്പിച്ച് ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ ദാമോദരനെ വിട്ടയച്ചില്ല. വർഷങ്ങൾക്ക് ശേഷം താരിഖ് അലിക്ക് നൽകിയ പ്രസിദ്ധമായ അഭിമുഖത്തിൽ കെ.ദാമോദരൻ പറയുന്നത് ബ്രിട്ടീഷ് രഹസ്യപോലീസ്, ജയിലിൽ പാർട്ടിക്കകത്തുനടന്ന ചർച്ചയെക്കുറിച്ച് മനസ്സിലാക്കിയതിനാലാണ് തന്നെ മോചിപ്പിക്കാതിരുന്നത് എന്നാണ്. ദാമോദരന്റെ അതേ നിലപാട് സ്വീകരിച്ച സി.എച്ച്.കണാരൻ, ടി.കെ.രാജു എന്നിവരെ പാർട്ടി ചുമതലകളിൽനിന്ന് നീക്കിയ കാര്യം മുമ്പ് വിശദീകരിച്ചതാണ്. പാർട്ടി സംസ്ഥാന കമ്മിറ്റി പിരി്ച്ചുവിട്ടതും കേന്ദ്ര കമ്മിറ്റി ഇടപെട്ടതുമടക്കമുള്ള കാര്യങ്ങളും നേരത്തെ സൂചിപ്പിക്കുകയുണ്ടായി. ഈ പ്രശ്നത്തിൽ ദാമോദരനും സംഘടനാപരമായ തിരസ്കാരത്തിന് വിധേയനായി.
രണ്ടാം ലോകയുദ്ധവുമായി ബന്ധപ്പെട്ട് ഇത്രയും വിശദീകരിക്കുമ്പോൾ ഓർക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. 1940‐ൽ പുണെയിൽ നടന്ന എ.ഐ.സി.സി. സമ്മേളനത്തിൽ ലോകയുദ്ധത്തിൽ ബ്രിട്ടനെ നമ്മൾ സഹായിക്കണം എന്ന പ്രമേയം ഗാന്ധിജി അവതരിപ്പിക്കുകയുണ്ടായി. ആ പ്രമേയത്തിന് പ്രധാനപ്പെട്ട ഒരു ഭേദഗതി കൊണ്ടുവന്നത് കേരളാ പ്രദേശ് കോൺഗ്രസ് സെക്രട്ടറി കെ.ദാമോദരനാണ്. യുദ്ധത്തിന്റെ സാഹചര്യത്തിൽ പുതിയ ബഹുജനപ്രക്ഷോഭത്തിന് കോൺഗ്രസ് തയ്യാറാകണം എന്ന ഭേദഗതിയാണ് ദാമോദരൻ അവതരിപ്പിച്ചത്. അതിനെ പിന്തുണച്ച് സംസാരിച്ചത് സാക്ഷാൽ ജവാഹർലാൽ നെഹ്റുവും. അക്കാലത്തെ അതേ നിലപാട് 1942‐ൽ ജയിലിൽവെച്ചും പിന്തുടരുകയായിരുന്നു അദ്ദേഹമെന്നാണ് തർക്കവിഷയവുമായി ബന്ധപ്പെട്ട് താരിഖ് അലിയുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം വെളിപ്പെടുത്തുന്നത്. ശിക്ഷ അഞ്ചുവർഷത്തേക്കായിരുന്നെങ്കിലും 1945 ഒക്ടോബറിൽ ദാമോദരനെ ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ ജയിൽമുക്തനാക്കി. യുദ്ധം കഴിഞ്ഞ് അഞ്ച് മാസത്തിനുശേഷം മാത്രമാണ് വിട്ടയച്ചത്. മർദനപ്രതിഷേധദിനാചരണത്തിന് ആഹ്വാനംചെയ്തുവെന്ന കുറ്റത്തിനാണ് ഇത്രയും വൈരനിര്യാതനബുദ്ധ്യാ ദാമോദരനോട് പെരുമാറിയത്. യുദ്ധകാലത്ത് ബ്രിട്ടനെ പിന്താങ്ങുന്നതിനെതിരായി നിലപാട് സ്വീകരിച്ചതിന്റെ പേരിൽ സംഘടനാപരമായി ഉണ്ടായ നടപടിക്കെതിരെ ദാമോദരൻ കേന്ദ്ര കമ്മറ്റിക്ക് നൽകിയ അപ്പീലിൽ അനുകൂല നടപടിയാണുണ്ടായത്.
1945‐ൽ പുറത്തുവന്ന ദാമോദരൻ മലബാറിലെ പാർട്ടി സംഘാടന പ്രവർത്തനത്തിലാണ് പിന്നീട് മുഴുകിയത്. എന്നാൽ 1937‐മുതൽത്തന്നെ അദ്ദേഹത്തിൽ നിക്ഷിപ്തമായ ഒരു ചുമതലയുണ്ടായിരുന്നു. കേരളത്തിലെ രാഷ്ട്രീയ‐സാമൂഹ്യമേഖലയിൽ മാർക്സസിസത്തിന്റെ സന്ദേശമെത്തിക്കുക എന്ന ചുമതല. ദേശീയതലത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ പ്രേംചന്ദുമായി ദാമോദരന് അടുത്ത സുഹൃദ്ബന്ധമാണുണ്ടായിരുന്നത്. ബനാറസിലെ പഠനകാലത്തുതന്നെ പുരോഗമനസാഹിത്യപ്രസ്ഥാനവുമായി ബന്ധമുള്ള ദാമോദരൻ കേരളത്തിൽ തിരിച്ചെത്തിയശേഷം ഇവിടെ ജീവൽസാഹിത്യ പ്രസ്ഥാനമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. 1937‐ൽ പൊന്നാനിയിൽ കർഷകസമ്മേളനത്തിൽ പാട്ടബാക്കി അവതരിപ്പിച്ചത് അതിന്റെ സർഗാത്മക തുടക്കമായി കാണാം.. ജീവത്സാഹിത്യസംഘടനയുടെ ആദ്യ സമ്മേളനം 1937 ഏപ്രിൽ 14‐ന് തൃശൂരിൽ എ.ഡി.ഹരിശർമയുടെ അധ്യക്ഷതയിലാണ് ചേർന്നത്. കെ.ദാമോദരൻ, ഇ.എം.എസ്., എൻ.പി.ദാമോദരൻ, എ.മാധവൻ എന്നിവർ അവതരിപ്പിച്ച രേഖകൾ അംഗീകരിക്കുകയും എ.മാധവനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയുംചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പാണ് ജീവത്സാഹിത്യസംഘടനയുടെ പിറവിയെങ്കിലും അത് പൂർണമായും പാർട്ടിവകയായിരുന്നു. ജീവത്സാഹിത്യപ്രസ്ഥാനത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് സംഘടനയക്കു പുറത്തുള്ള കേസരി ബാലകൃഷ്ണപിള്ളയും സംഘടനാ നേതാക്കളായ കെ.ദാമോദരനും ഇ.എം.എസ്സും അക്കാലത്ത് നിരവധി ലേഖനങ്ങളെഴുതി. രണ്ടാം ലോകയുദ്ധത്തോടെ പക്ഷേ സംഘടനയുടെ പ്രവർത്തനം നിലച്ചു. പിന്നീട് 1944‐ലാണ് പുരോഗമനസാഹിത്യ സംഘടനയെന്ന പേരിൽത്തന്നെ പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനം. അപ്പോൾ പ്രധാനപ്പെട്ട ഒരു വ്യത്യാസമുണ്ടായിരുന്നു. നേരത്തെ കമ്യൂണിസ്റ്റാശയക്കാർ മാത്രമാണ് നേതൃത്വത്തിലെങ്കിൽ പുരോഗമന സാഹിത്യസംഘടനയിൽ സാമ്രാജ്യത്വവിരുദ്ധ ആശയക്കാർ, കമ്മ്യൂണിസ്റ്റുകാരല്ലെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധരല്ലാത്തവർ, ഫാസിസ്റ്റ് വിരുദ്ധർ, ചൂഷണവിരുദ്ധർ എന്നിവരെല്ലാം ഉൾപ്പെടുമായിരുന്നു. അതായത് ഒരു ഐക്യമുന്നണി. എം.പി.പോൾ, കേശവദേവ്, തകഴി, ചങ്ങമ്പുഴ, മുണ്ടശ്ശേരി എന്നിവരെല്ലാം അതിന്റെ പ്രധാന ചുമതലക്കാരായി. ഈ സമ്മേളനത്തിൽ കെ.ദാമോദരന് പങ്കെടുക്കാൻ കഴിഞ്ഞില്ല‐ജയിലിലായിരുന്നു.. 45‐ൽ കോട്ടയത്ത് നടന്ന പ്രസിദ്ധമായ രണ്ടാം സമ്മേളനത്തിലും ദാമോദരന് പങ്കെടുക്കാനായില്ല. അന്നും ദാമോദരൻ ജയിലിൽത്തന്നെയായിരുന്നു.
1948 ജനുവരിയിൽ തൃശൂരിൽ നടന്ന മൂന്നാം സമ്മേളനം ആ സംഘടനയുടെ കഥ കഴിക്കുന്നേടത്തോളമുള്ള തർക്കത്തിലാണെത്തിയത്. അതിൽ പാർട്ടി പക്ഷവും മുണ്ടശ്ശേരി, കേശവദേവ്, എം.പി.പോൾ അടക്കമുള്ള ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നത്. ഈ സമ്മേളനത്തിൽ പാർട്ടിപക്ഷത്തെ നയിച്ചത് ഇ.എം.എസ്സും കെ.ദാമോദരനുമാണ്. മൂന്ന് പ്രധാന വിഷയങ്ങളാണ് സമ്മേളനത്തിൽ തർക്കത്തിനിടയാക്കിയത്. 1947 ഓഗസ്റ്റ് 15‐ന് ലഭിച്ച സ്വാതന്ത്ര്യം യഥാർഥ സ്വാതന്ത്ര്യമല്ല, കേവലം ഭരണകൈമാറ്റം മാത്രമാണ് എന്ന സി.പി.ഐ.യുടെ അഭിപ്രായം‐ അതിനെതിരെ എം.പി.പോൾ പക്ഷത്തിന്റെ രൂക്ഷ വിമർശം. രണ്ടാമത് സോവിയറ്റു് യൂണിയനിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ സോഷ്യൽഫാസിസമാണ് നടക്കുന്നതെന്ന പ്രചാരണത്തിന് പുരോഗമനസാഹിത്യ പ്രസ്ഥാനത്തിലും അനുകൂലപ്രതികരണമുണ്ടായത്‐ അതായത് സ്റ്റാലിനിസത്തെ ശക്തിയായി എതിർക്കണെമന്ന് എം.പി.പോൾ അധ്യക്ഷ പ്രസംഗത്തിൽ നടത്തിയ പരോക്ഷ ആഹ്വാനം… മൂന്നാമതായി മുണ്ടശ്ശേരിയുടെ രൂപഭദ്രതാവാദം.‐ അതോടൊപ്പംതന്നെ പാർട്ടി അംഗത്വം എഴുത്തുകാർക്ക് ഹൃദയച്ചുരുക്കമുണ്ടാക്കുമെന്ന മുണ്ടശ്ശേരിയുടെ വാദം. രൂക്ഷമായ തർക്കംകാരണം ഇ.എം.എസ്സും ദാമോദരനുമെല്ലാം ചേർന്ന് തയ്യാറാക്കിയ നയപ്രഖ്യാപനരേഖ ഔദ്യോഗികമായി അവതരിപ്പിക്കുകപോലും ചെയ്യാതെ പിൻവലിക്കേണ്ടിവന്നു. ഈ സമ്മേളനംകഴിഞ്ഞ് രണ്ടുമാസത്തിനകം കൊൽക്കത്താ തീസിസ് വന്നു, പാർട്ടി നിരോധിക്കപ്പെട്ടു.. ഫലത്തിൽ പുരോഗമനസാഹിത്യപ്രസ്ഥാനം തകർന്നു. രൂപഭദ്രത, ഹൃദയച്ചുരുക്കം തുടങ്ങിയ വിഷയങ്ങളിൽ മുണ്ടശ്ശേരിപക്ഷത്തെ അതിശക്തമായി, യുക്തിയുക്തമായ വിമർശിച്ചത് ദാമോദരനാണ്. വളരെ വിശദമായ ഒരു വിഷയമായതിനാൽ ഇവിടെ അത് പ്രതിപാദിക്കുന്നില്ല. മുണ്ടശ്ശേരിയുടെ രൂപഭദ്രതാവാദം തനി മൂഢത്വമാണെന്ന് യുക്തിയുക്തം ദാമോദരൻ സ്ഥാപിക്കുന്നുണ്ട്. ഭാവഭദ്രമാകുമ്പോൾ രൂപഭദ്രമാകാതിരിക്കുന്നതെങ്ങനെയെന്നു ചോദിച്ചുകൊണ്ട് മുണ്ടശ്ശേരിക്ക് സാഹിത്യനിരൂപണത്തിൽ സ്ഥൈര്യമില്ലെന്ന് സ്ഥാപിക്കുന്നുണ്ട്. 1949‐ൽ കൊല്ലത്തുനടന്ന നാലാം സമ്മേളനത്തിൽ സ്വാഭാവികമായും കമ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കെടുക്കാനായില്ല. ഇ.എം.എസ്. ഒളിവിലും ദാമോദരൻ ജയിലിലുമായിരുന്നു. വള്ളത്തോൾ വിഭാഗവും വള്ളത്തോൾ വിരുദ്ധവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽപോലെയും കൂടിയായി ആ സമ്മേളനത്തിലെ തർക്കം. അതിൽ വോട്ടെടുപ്പും നടന്നു. തകർച്ച പൂർണമാവുകയുംചെയ്തു.
സാഹിത്യത്തെക്കുറിച്ചും പുരോഗമനസാഹിത്യത്തക്കുറിച്ചും കമ്മ്യൂണിസ്റ്റുകാരെ ബോധവൽക്കരിക്കുകയെന്ന് ലക്ഷ്യത്തോടെ എന്താണ് സാഹിത്യം, പുരോഗമനസാഹിത്യം എന്ത്‐എന്തിന്, സാഹിത്യനിരൂപണം എന്നീ പുസ്തകങ്ങൾ ദാമോദരൻ എഴുതിയിട്ടുണ്ട്.
മലയാളികളെ മാർക്സിസം പഠിപ്പിക്കുന്നതിന് ഏറ്റവും വലിയ പങ്കുവഹിച്ചത് കെ.ദാമോദരനാണെന്ന് മുമ്പേ സൂചിപ്പിച്ചു. പാർട്ടിയിലേക്ക് കടന്നുവരുന്നവരെയും പാർട്ടിയുടെ കാഡർമാരാകുന്നവരെയും പ്രത്യയശാസ്ത്രത്തിൽ നിപുണരാക്കുന്നതിനായി ദാമോദരൻ ആദ്യമെഴുതിയ ഗ്രന്ഥങ്ങളിലൊന്നാണ് മനുഷ്യൻ. ഭൂമിയുടെ ഉല്പത്തി, ജീവൻ, പരിണാമവാദം, മൃഗത്തിനും മനുഷ്യനുമിടയിൽ, മൃഗത്തിൽനിന്ന് മനുഷ്യനിലേക്ക്, ഭാഷ എന്നിങ്ങനെയുള്ള അധ്യായങ്ങളിൽ തുടങ്ങി മുതലാളിത്തം, സാമ്രാജ്യാധിപത്യം, തൊഴിലാളിവർഗം ഒരു സാമൂഹ്യശക്തി, സോഷ്യലിസത്തിലൂടെ കമ്യൂണിസത്തിലേക്ക് എന്നതുവരെയുള്ള 27 അധ്യായങ്ങളിലായി ഏറ്റവും ലളിതവും സുതാര്യവുമായ ഭാഷയിൽ സുദീർഘമായ സ്റ്റഡിക്ലാസുതന്നെയാണ് മനുഷ്യൻ എന്ന മഹത്തായ ഗ്രന്ഥം.
മലയാളികളെ മാർക്സിസത്തിന്റെ അടിസ്ഥാനപാഠങ്ങളും പ്രയോഗരീതിയും പഠിപ്പിക്കുന്നതിനായി തയ്യാറാക്കിയ പത്ത് ലഘുഗ്രന്ഥങ്ങളാണ് മാർക്സിസം‐ 10 ഭാഗങ്ങൾ. പത്തുഭാഗങ്ങളടങ്ങിയ ഈ പുസ്തകമാണ് കേരളത്തിലെ ആദ്യകാല മാർക്സിസ്റ്റുകാരെ‐നേതാക്കളെയും പ്രവർത്തകരെയും‐ ആശയപരമായി ആയുധമണിയിച്ചത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സമഷ്ടിവാദവിജ്ഞാപനം എന്ന പേരിൽ ആദ്യം വിവർത്തനംചെയ്ത് പ്രസിദ്ധീകരിച്ചതും ദാമോദരൻതന്നെ. ഇ.എം.എസ്സുമായി ചേർന്ന് റഷ്യൻ വിപ്ലവം എന്ന കൃതി രചിച്ചു. ധനശാസ്ത്രപ്രവേശിക, ഉറുപ്പിക, ധനശാസ്ത്ര തത്വങ്ങൾ, ഇന്നേത്തെ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി എന്നിങ്ങനെ മാർക്സിസ്റ്റ് വീക്ഷണത്തിൽ ധനകാര്യസംബന്ധമായ അധ്യാപനങ്ങൾ ആദ്യം നടത്തിയ മലയാളിയും ദാമോദരൻതന്നെ. ഇന്ത്യയുടെ ആത്മാവ്, അത് കുറേക്കൂടി വിപുലമാക്കി പരിഷ്കരിച്ച ഭാരതീയചിന്ത എന്നീ പുസ്തകങ്ങൾ തത്വശാസ്ത്രമേഖലയിൽ മലയാളത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉജ്ജ്വലമായ സംഭാവനകളാണ്. കെ.ദാമോദരൻ മാർക്സിസ്റ്റ് വീക്ഷണത്തോടെ നടത്തിയ രചന. അത് ഇംഗ്ലീഷിലും ഹിന്ദിയിലുംകൂടി വന്നതോടെ ഇന്ത്യയിൽ രാഹുൽസാം കൃത്യാനെപ്പോലുള്ള മഹാരഥന്മാരുടെ ശ്രേണിയിൽ ദാമോദരനും ഇടംപിടിച്ചു. പിൽക്കാലത്ത് ഇംഗ്ലീഷിൽ എഴുതിയ ഭാരതീയ ദർശനത്തിലെ വ്യക്തിയും സമൂഹവും, മാർക്സും ഹെഗലും ശ്രീ ശങ്കരനും പി.സി.ജോഷിയോടൊപ്പംചേർന്ന് എഴുതിയ മാർക്സ് ഇന്ത്യയിലേക്ക് എന്നീ കൃതികൾ തത്വശാസ്ത്രമേഖലയിൽ ദാമോദരൻ എന്ന മാർക്സിസ്റ്റിന്റെ ഉജ്ജ്വലമായ സംഭാവനകൾ, മൗലികമായ സംഭാവനകൾ തെളിച്ചത്തോടെ കാണാം. മാർക്സിസ്റ്റ് വീക്ഷണത്തോടെ സമ്പൂർണ കേരളചരിത്രം രചിച്ചതും മറ്റാരുമല്ലെന്ന് ഓർക്കേണ്ടതുണ്ട്. പ്രാചീനകേരളചരിത്രം സംഘകാലത്തിൽ ഊന്നിക്കൊണ്ട് ദാമോദരൻ കേരളചരിത്രത്തിൽ വിശകലനംചെയ്യുന്നുണ്ട്. പലവിധ കാരണങ്ങളാൽ ദാമോദരന്റെ കേരളചരിത്ര, സാഹിത്യചരിത്രകൃതികൾ ഇരുട്ടിൽത്തന്നെ തുടരുകയാണെന്നത് കേരളത്തിലെ ധൈഷണികലോകത്തെ വലിയ ന്യൂനതയാണ്. 1976‐ൽ ബ്രിട്ടീഷ്‐ പാക് പത്രപ്രവർത്തകനായ താരിഖ് അലിക്ക നൽകിയ ആത്മകഥാപരമായ അഭിമുഖമാണ് ദാമോദരനെ സംബന്ധിച്ച് ഈയടുത്തകാലത്ത് പോതുവേദിയിലുള്ളത്. സ്വയംവിമാർശാത്മകമായി അദ്ദേഹം നടത്തുന്ന തിരിഞ്ഞുനോട്ടം. എന്നാൽ അദ്ദേഹത്തിന്റെ യഥാർഥ സംഭാവനകൾ അടുത്തകാലത്തായി പൂർണമായും കാണാമറയത്താണ്.. കേരളത്തിന്റെ യഥാർഥ ഗുരുക്കളിലൊരാളായ ദാമോദരന്റെ മഹത്തായ സംഭാവനകളെക്കുറിച്ച്, ഇടതുപക്ഷ പുരോഗമനപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവെന്നനിലയിലുള്ള ഉജ്ജ്വലസംഭാവനകളെക്കുറിച്ച് ഇനിയെങ്കിലും പഠിക്കാൻ തുടങ്ങുമെന്ന് പ്രത്യാശിക്കാമെന്നുമാത്രം. ♦