മലയാള നാടകവേദിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് ‘നിരീക്ഷ’ എന്ന സ്‌ത്രീനാടകവേദി. അതിന്റെ പ്രധാന പ്രവർത്തകരായ കെ വി സുധി, രാജരാജേശ്വരി എന്നിവരുമായി ചിന്ത പത്രാധിപ സമിതിയിലെ നക്ഷത്ര മനോജ് നടത്തിയ അഭിമുഖം
നിങ്ങൾ എങ്ങനെയാണ് നിരീക്ഷയിൽ എത്തിച്ചേർന്നത്?
കെ വി സുധി: ഞങ്ങൾക്ക് രണ്ടുപേർക്കും രണ്ടുതരത്തിലുള്ള അനുഭവങ്ങളാണ്. എന്നാൽ കോമണായിട്ടുള്ള അനുഭവങ്ങളും ധാരാളമുണ്ട്.
1980കൾ ഇവിടെ സ്‌ത്രീമുന്നേറ്റങ്ങളൊക്കെ സജീവമായ ഒരു കാലഘട്ടമായിരുന്നു. ആ കാലത്ത് ഉണ്ടായിരുന്ന ആളുകൾ എന്ന നിലയിൽ സ്വാഭാവികമായും നമുക്കീ പ്രവർത്തനങ്ങളുടെ ഭാഗമാകാനുള്ള താൽപര്യം ഉണ്ടാവുമല്ലോ. ഈ സമയത്ത് വളരെ സൂക്ഷ്‌മമായി തന്നെ എന്താണ് സ്‌ത്രീവിമോചനപ്രസ്ഥാനം, എന്താണ് അതിന്റെ പ്രവർത്തനങ്ങൾ എന്നൊക്കെ മനസ്സിലാക്കാൻ കഴിയുന്നു. അങ്ങനെ ഇതിനെക്കുറിച്ച് അറിയുകയും പഠിക്കുകയും ചെയ്യുന്ന സമയത്താണ് സ്‌ത്രീവിമോചന പ്രസ്ഥാനത്തിന്റെയൊക്കെ ഭാഗമായി നിന്നുകൊണ്ട് സാറ ടീച്ചറൊക്കെ (സാറാ ജോസഫ്) തെരുവുനാടകങ്ങൾ ചെയ്‌തിരുന്നത്.
സ്‌ത്രീവിമോചന പ്രസ്ഥാനങ്ങളുടെ തന്നെ ഒരു ഭാഗമാണ് അജിറ്റ് പ്രോപ് (Ajit-‐ Prop) നാടകങ്ങൾ. സ്‌ത്രീകളുടെ പ്രശ്‌നങ്ങളൊക്കെ മുൻനിർത്തി തെരുവിൽ ചെയ്യുന്ന നാടകങ്ങൾ. ഇതിനൊക്കെ ശേഷമാണ്, അതായത് എൺപതുകളുടെ അവസാനത്തോടെയാണ് ഞാൻ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നത്. അപ്പോഴേക്കും നമ്മളിൽ ഈ ചിന്തകളൊക്കെ വന്നിരുന്നു. നേരത്തെ നമ്മൾ പഠിച്ചതോ ചിന്തിച്ചതോ ആയ കാര്യങ്ങളിൽനിന്നും വ്യത്യസ്‌തമായിട്ട് നമ്മളെ വേറൊരു തലത്തിലേക്ക് രൂപപ്പെടുത്തുന്ന കാലം കൂടിയായിരുന്നു അത്. മോഡേൺ തിയേറ്ററിനെക്കുറിച്ച് അറിയുന്നു. അങ്ങനെ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠനത്തിനായി പോകുന്നു. അവിടത്തെ കോഴ്‌സുകൾ, സിലബസ്, ക്ലാസുകൾ ഇതിലൊക്കെ സ്‌ത്രീക്ക് എന്താണ് ഒരു സ്‌പെയ്‌സ് എന്ന നിലയ്‌ക്കുള്ള ആലോചനകളൊക്കെ ആ സമയത്ത് ഉണ്ടായിരുന്നു. ഇതൊന്നും ഡയറക്ടറായുള്ള ആലോചനയൊന്നുമായിരുന്നില്ല. പക്ഷേ എവിടെയൊക്കെയോ നമുക്ക് ഫീൽ ചെയ്യും. പക്ഷേ ഇതിനെക്കുറിച്ച് ചർച്ചകൾ നടത്താനുള്ള ഒരു സ്‌പെയ്‌സ് അവിടെ അന്നുണ്ടായിരുന്നില്ല.
ഈ സമയത്ത് സമതയുടെ നേതൃത്വത്തിലുള്ള, സ്‌ത്രീകൾ ചെയ്യുന്ന നാടകങ്ങളൊക്കെ കാണാൻ പോകുമായിരുന്നു. സമത ചെയ്‌തിരുന്ന പ്രവർത്തനങ്ങളൊക്കെ സ്‌ത്രീകൾക്കുനേരെ ഉയർന്നുവരുന്ന ആക്രമണങ്ങൾക്കും അതുപോലെതന്നെ അവരെ സമൂഹത്തിൽനിന്നും മാറ്റിനിർത്തുന്നതിനുമെല്ലാം എതിരെയുള്ള നാടക ഇടപെടലുകളായിരുന്നു. ഉഷാകുമാരി ടീച്ചറുടെയൊക്കെ നേതൃത്വത്തിലായിരുന്നു ഈ നാടകങ്ങളൊക്കെ നടന്നിരുന്നത്.
സമത എന്നു പറയുന്നത് സിപിഐ എമ്മിന്റെ വനിതാവിഭാഗമായിരുന്നു.
ഈയൊരു കാലഘട്ടത്തിൽ സിലബസിലൊന്നും ഫെമിനിസ്റ്റ് തിയേറ്റർ എന്നൊരു ഭാഗം വന്നിട്ടില്ല. കൂടുതൽ അന്വേഷിക്കുമ്പോൾ ഫെമിനിസ്റ്റ് തിയേറ്റർ ഉണ്ട്. അങ്ങനെ ഞാൻ എന്റെ ഡിസർട്ടേഷൻ ഫെമിനിസ്റ്റ് തിയേറ്റർ ചെയ്യാമെന്നു തീരുമാനിക്കുന്നു. പക്ഷേ എനിക്ക് മലയാളത്തിൽനിന്ന് മെറ്റീരിയൽസ് ഒന്നും കിട്ടുന്നില്ല. കൂടുതലും ലഭിക്കുന്നത് വിദേശഭാഷയിലുള്ള പുസ്‌തകങ്ങളാണ്. അത് ഇവിടെയൊന്നും അത്ര ഫെമിലിയറും ആയിരുന്നില്ല. അത്ര മെച്ചപ്പെട്ടത് എന്നു പറയാൻ കഴിയില്ലെങ്കിലും അതിനെക്കുറിച്ച് കൂടുതൽ പഠിക്കുകയും ആ ഡെസർട്ടേഷൻ പൂർത്തിയാക്കുകയും ചെയ്തു. ഈ സമയത്താണ് ശ്രീലതയും സജിതയുമൊക്കെ കടന്നുവരുന്നത്. അപ്പോഴേക്കും ഫെമിനിസവുമായി ബന്ധപ്പെട്ട ചിന്താഗതികൾക്ക് വളരെ പ്രാധാന്യം ലഭിക്കുന്ന കാലമാണ്. ഇതിനിടയിൽ കൂത്താട്ടുകുളത്തുവച്ച് സ്‌ത്രീകൾക്ക് മാത്രമായി മിനി സുകുമാരന്റെ നേതൃത്വത്തിലുള്ള ഒരു ‘സ്‌ത്രീ നാടക പഠന കളരി’ സംഘടിപ്പിച്ചു. സ്‌ത്രീകൾ നാടകത്തിന്റെ വിവിധ മേഖലയെക്കുറിച്ച് പഠിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ കേരളത്തിലെ പ്രഥമ വർക്ക്‌ഷോപ്പായിരിക്കും അത്. ഇതിൽ പങ്കെടുത്തപ്പോൾ നാടകത്തിനുവേണ്ടി കൂടുതൽ പ്രവർത്തിക്കണമെന്ന ആലോചന ശക്തമാവുന്നു. അഭിനേത്രിയെന്ന ഒരു നാടകസംഘം രൂപീകരിക്കുന്നു. ഞാനും സജിതയും ശ്രീലതയുമൊക്കെയാണ് രൂപീകരണത്തിന് നേതൃത്വം വഹിച്ചതെങ്കിലും അതിന്റെ കൂടെ പ്രവർത്തിച്ചവരിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു ആർ പാർവതിദേവി. ഇതിനെക്കുറിച്ച് എഴുതുകയും പഠിക്കുകയുമൊക്കെ ചെയ്‌ത് ഞങ്ങൾക്കൊപ്പം നിന്നയാളാണ് പാർവതി. ‘ചിറകടിയൊച്ച’ എന്ന നാടകമാണ് ആദ്യം ചെയ്യുന്നത്. ജി ശങ്കരപ്പിള്ള സാറിന്റെ സ്‌ക്രിപ്‌റ്റ്. അത് സോളോ പ്ലെ ആയിരുന്നു. അതെടുത്ത് ഞാനാണ് സ്‌ക്രിപ്‌റ്റ് ഉണ്ടാക്കിയത്. ആ നാടകത്തിന് ധാരാളം വേദികൾ ലഭിച്ചു. അതിനു മുന്പുള്ള നാടകങ്ങളിൽനിന്ന് വ്യത്യസ്‌തമായി ‘അഭിനേത്രി’യിലൂടെ നാടകത്തിന്റെ ഈസ്‌തറ്റിക് എന്താണെന്ന് അന്വേഷിക്കാൻ തുടങ്ങി. രണ്ടുവർഷത്തോളം അത് നിലനിന്നു. പിന്നീട് ശ്രീലത ഫ്രാൻസിലേക്ക് ഒരു തിയേറ്റർ ഗ്രൂപ്പിന്റെ കൂടെ വർക്ക് ചെയ്യാൻ പോയി. സജിത രവീന്ദ്രഭാരതിയിലേക്ക് തിയേറ്റർ പഠിക്കാനും പോയി. പിന്നെ ‘അഭിനേത്രി’ മുന്നോട്ട് കൊണ്ടുപോകാൻ കുറേ ബുദ്ധിമുട്ടുകൾ നേരിട്ടു. അതിനൊരു തിയേറ്റർ സ്‌പെയ്‌സ് ഉണ്ടായിരുന്നില്ല. കൃത്യമായ ഒരു സ്‌ട്രക്‌ചറിലല്ല വർക്ക് ചെയ്‌തിരുന്നത്. അത് പിന്നെ സജീവമല്ലാതായി.
സജീവമായി സ്‌ത്രീപ്രശ്‌നങ്ങളിലും സമരങ്ങളിലുമൊക്കെ പ്രവർത്തിച്ചുതുടങ്ങിയൊരു കാലത്താണ് ഞാനും രാജേശ്വരിയും തമ്മിൽ കാണുന്നത്. ആദ്യം ഞങ്ങൾ ചെയ്യുന്നത് ‘കൂടാരം’ എന്ന സിനിമയാണ്. സ്‌ക്രിപ്‌റ്റ് രാജേശ്വരി ചെയ്‌തു. ഞാൻ ഡയറക്ട് ചെയ്‌തു. ആ സിനിമയ്‌ക്ക് ശേഷമാണ് തിയേറ്ററിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും അങ്ങനെയൊരു തിയേറ്റർ സ്‌പെയ്‌സ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും അങ്ങനെ ഞങ്ങളന്നു താമസിച്ച വാടക വീട്ടിലാണ് ആദ്യമായൊരു സ്‌പെയ്‌സ് ക്രിയേറ്റ് ചെയ്യുന്നത്. രണ്ട് പെൺകുട്ടികൾ ഞങ്ങൾക്കൊപ്പം ചേരുകയും ആദ്യമായി ഒരു നാടകം ചെയ്യുകയുമായിരുന്നു. ‘പ്രവാചക’ എന്നൊരു നാടകമൊക്കെ അക്കാലത്താണ് ഉണ്ടായത്. അതുവരെയുണ്ടായിരുന്ന നാടകരചനയുടെ ചുവടുപിടിച്ചായിരുന്നില്ല ‘പ്രവാചക’ എന്ന നാടകം ഉണ്ടാവുന്നത്. വ്യത്യസ്‌തമായ ഡിസൈനും സ്‌ക്രിപ്‌റ്റുമായിരുന്നു അതിന്റേത്. നേരിട്ടല്ലെങ്കിലും സംസ്‌കൃത നാടകങ്ങളുടെ ഒരു സ്വാധീനം അക്കാലത്തെ മിക്ക നാടകങ്ങളിലും ഉണ്ടായിരുന്നു. ഒന്നുകിൽ സ്‌ത്രീ സൗമ്യമായി സംസാരിക്കുന്നു അല്ലെങ്കിൽ പൊട്ടിത്തെറിക്കുന്നു. ഇതിനപ്പുറത്തേക്ക് സ്‌ത്രീകളുടെ മാനസികവ്യാപാരം തുറന്നുകാട്ടുന്ന സ്‌ത്രീ കഥാപാത്രങ്ങളെ മലയാള നാടകവേദിക്ക് പരിചയമില്ലായിരുന്നു. അത്തരമൊരു കഥാപാത്രം പ്രവാചകയിലാണ് ആദ്യമുണ്ടാവുന്നത്. സംഗീതനാടക അക്കാദമിയുടെ നാടകോത്സവത്തിൽ തിരഞ്ഞെടുക്കപ്പെട്ട 18 നാടകങ്ങളിൽ പ്രവാചകയും ഉൾപ്പെട്ടിരുന്നു. ഫൈനൽസ് വരെ ഈ നാടകം എത്തിയിരുന്നു. ബെസ്റ്റ് ആക്ടർ അവാർഡ് ഇതിൽ അഭിനയിച്ച ആതിര എന്ന നടിക്കാണ് ലഭിച്ചത്. കേരളത്തിൽ ഈ നാടകത്തിനെക്കുറിച്ച് വലിയ ചർച്ചകളൊന്നും നടന്നില്ലെങ്കിലും വ്യത്യസ്‌തമായ വിഷ്വലിനെ അംഗീകരിക്കുന്ന ഓഡിയൻസ് അതിനൊപ്പം ഉണ്ടായിരുന്നു. നാഷണൽ തലത്തിലും ഇന്റർനാഷണൽ തലങ്ങളിലും നടന്ന ഫെസ്റ്റിവലുകളിൽ സെലക്ടാവുന്നു. അങ്ങനെ ഡൽഹി എൻഎസ്‌ടി നടത്തുന്ന രംഗ് മഹോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നു. പിന്നെ അത് വിശാഖപട്ടണത്തിൽ നടന്ന ദക്ഷിണ മഹോത്സവത്തിലേക്ക് തിരഞ്ഞെടുത്തു. ലക്‌നൗവിലേക്ക് പോയി. അവിടെയൊക്കെ അത് അംഗീകരിക്കപ്പെട്ടു എന്നത് സന്തോഷമാണ്. ഭാഷ മലയാളമായിരുന്നിട്ടും അവർക്കത് കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു തിയേറ്റർ ലാംഗ്വേജ് അതിനുണ്ടായിരുന്നു എന്നതാണ്.
ഞങ്ങളെപ്പോഴും നേരിടുന്നൊരു ചോദ്യം വളരെ ലളിതമായിട്ട് നിങ്ങൾക്ക് നാടകം ചെയ്‌തുകൂടെ എന്നതാണ്. അതിന്റെ പൊളിറ്റിക്‌സ് ഏത് കാലത്തോടും ഏത് ജനതയോടും കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കണം. പ്രവാചകയ്‌ക്ക് ശേഷം നിരന്തരമായി നാടകങ്ങൾ ചെയ്യാനുള്ള ആലോചനയിലേക്ക് വരുന്നു. അങ്ങനെയാണ് നാടകത്തിനായി ഒരു സ്‌പെയ്‌സ് ക്രിയേറ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത്.
രാജരാജേശ്വരി: പ്രവാചകയായിരുന്നു എന്റെ ആദ്യത്തെ ഒറിജിനൽ സ്‌ക്രിപ്‌റ്റ്. ഞാനിപ്പോഴും നിരീക്ഷയിൽ നിൽക്കുന്നതിൽ എന്റെ പ്രാധാന ദൗത്യം പ്ലേ റൈറ്റ് എന്നതാണ്. ഇടയ്‌ക്ക് ഒരു നാടകം ഡയറക്ട് ചെയ്‌തിട്ടുണ്ട്. അതൊക്കെ പിന്നീട് വന്നതാണ്. പക്ഷേ പ്രാഥമികമായും ഞാനൊരു പ്ലേ റൈറ്ററാണ്. എന്റെ ആദ്യത്തെ സ്‌ക്രിപ്‌റ്റ് ആണ് പ്രവാചക എന്നു പറഞ്ഞല്ലോ. ആദ്യമായി നിരീക്ഷയ്‌ക്കു വേണ്ടി ഒരു ഫുൾ ലെങ്‌ത് പ്ലേ എന്നു പറഞ്ഞാൽ മേജറായിട്ട് ഒരു പ്രൊഡക്‌ഷൻ ചെയ്യാൻ തീരുമാനിക്കുമ്പോൾ എന്ത് തീമാണ് പറയേണ്ടത് എന്ന് ആലോചിച്ചപ്പോഴാണ് കസാൻഡ്ര എന്ന ഗ്രീക്ക് മിതോളജിയിലുള്ള ഒരു കഥാപാത്രത്തെയാണ് പ്രവാചകയായി എടുത്തുചേർത്തത്. അവരുടെ പ്രത്യേകത എന്നു പറഞ്ഞാൽ അവർ പ്രവചിക്കാൻ കഴിവുള്ള സ്‌ത്രീയാണെങ്കിലും ആരും അവരെ വിശ്വസിച്ചിരുന്നില്ല എന്നാണ് മിത്ത് പറയുന്നത്. അപ്പോളോ ദേവന്റെ ശാപം കാരണം അവരെ ആരും വിശ്വസിച്ചിരുന്നില്ല. മാത്രമല്ല അവരെ മിത്തിൽ ചിത്രീകരിക്കപ്പെടുന്നത് ഭ്രാന്തിയായിട്ടാണ്. ആ മിത്തിനെ ഞങ്ങൾ വേറൊരു രീതിയിൽ വ്യാഖ്യാനിച്ചു. എന്തെന്നാൽ സ്‌ത്രീകൾ എന്തെങ്കിലും പറയുമ്പോൾ അത് അംഗീകൃത രീതിയിലല്ല അല്ലെങ്കിൽ പൊതുബോധത്തിനു നിരക്കാത്തതാണെങ്കിൽ ഭ്രാന്താണെന്നു പറയുന്ന ഒരു രീതിയുണ്ട്. ആ രീതിയിൽ അതിനെ ഡെവലപ്പ് ചെയ്യുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഒരുപാട് റിസർച്ച് കഴിഞ്ഞിട്ടാണ് ഞാൻ ആ നാടകം ചെയ്‌തത്. എനിക്കിത് പറയണമെന്നുണ്ട്. സംഗീതനാടക അക്കാദമിയിൽ ഇത് ഫൈനൽസിൽ വന്നപ്പോൾ സ്‌ക്രിപ്‌റ്റിനെക്കുറിച്ച് പറഞ്ഞത് ഇത് ഒരു ഗ്രീക്ക് നാടകത്തിന്റെ അഡാപ്‌റ്റേഷൻ ആണെന്നായിരുന്നു. സത്യത്തിൽ അങ്ങനെയൊരു ഗ്രീക്ക് പ്ലേ ഉണ്ടായിരുന്നില്ല. ഈ ഒരു കാരണം പറഞ്ഞ് അവാർഡിന് പ്രവാചക നാടകം പരിഗണിച്ചില്ല. ഒരുപക്ഷേ ഡിഫറന്റ് ആയിട്ടുള്ള ഒന്നിനെ സ്വീകരിക്കാനുള്ള താൽപര്യമില്ലായ്‌മകൊണ്ടായിരിക്കാമത്. എന്റെ നാടകങ്ങളൊന്നും പബ്ലിഷ് ആകാത്തതുകൊണ്ടുമാകാം. ഇത് മാത്രമേ ‘കേളി’യിൽ വന്നിട്ടുമുള്ളൂ. പക്ഷേ ഇത് സ്‌കൂൾ ഓഫ് ഡ്രാമയുടെ എടിഎസ് സിലബസിലുണ്ട്.
അന്നും ഇന്നും നാടകങ്ങളിൽ സ്‌ത്രീകളുടെ സംഭാഷണങ്ങൾക്കും പ്രതികരണങ്ങൾക്കുമൊക്കെ ഒരു രീതിയുണ്ട്. ഒന്നുകിൽ സ്‌നേഹത്തിന്റെ പ്രതീകം, അല്ലെങ്കിൽ ഭയങ്കരമായി അലറിവിളിച്ച് ചെയ്യുന്ന കഥാപാത്രം.
ഒരു പുരുഷന്റെ കഥാപാത്രത്തിന് കിട്ടുന്ന വൈവിധ്യമോ അതിന്റെ ആഴമോ വ്യത്യസ്‌തതകളോ സ്‌ത്രീകഥാപാത്രങ്ങൾക്ക് അങ്ങനെ കിട്ടാറില്ല. എന്നാൽ അത്തരം സ്‌ക്രിപ്‌റ്റുകളുണ്ടാവാനുള്ള ഒരു സാധ്യതയാണ് ‘നിരീക്ഷ’ മുന്നോട്ടുവെയ്‌ക്കുന്നത്. നിരന്തരം പ്രൊഡക്‌ഷൻ നടക്കുന്ന ഒരു സംഘമാണ് നല്ല സ്‌ക്രിപ്‌റ്റുകൾക്ക് വഴിയൊരുക്കുക. അല്ലെങ്കിൽ എഴുതി അവിടെയിടും.
2013ൽ പാമാംകോട് കുറച്ച് സ്ഥലം വാങ്ങിച്ചിരുന്നു. ഞങ്ങള് ഷെയർ ചെയ്‌താണ് പൈസ ഇട്ടതെങ്കിലും ‘നിരീക്ഷ’ എന്നു പറഞ്ഞ ഒരു സംഘടനയുടെ പേരിലാണ് ഇത് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അതിന്റെ ഗുണമെന്തെന്നു പറഞ്ഞാൽ നമ്മൾക്കു ശേഷവും അത് സംഘത്തിന്റേതായിരിക്കും. അവിടെ ഒരു ട്രെയ്‌നിങ് സെന്റർ ഉണ്ടാക്കുന്നു. അതിന് സേവ (Self em-ployed women association‐ SEWA)യുടെ നളിനി നായക് ഒക്കെ സഹായിച്ചിരുന്നു. പിന്നെ താമസിക്കാനൊക്കെ പറ്റുന്ന ഒരു ബിൽഡിങ് സൈഡിൽ പണിതു. പത്ത് സെന്റിൽ നിറഞ്ഞുനിൽക്കുന്ന ഒരു ക്യാന്പസായി പിൽക്കാലത്ത് അത്. നമുക്ക് ഇപ്പുറത്തെ സൈഡിൽ ഒരു ഓപ്പൺ സ്‌പെയ്‌സുണ്ട്. അവിടെ പെർഫോമൻസ് നടത്താം. ഇതുപോലൊരിടം ഉണ്ടാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങൾക്ക് സന്തോഷം. 2013 മുതൽ അവിടെയാണ് നിരീക്ഷ പ്രവർത്തിച്ചുവരുന്നത്. ഒരുപാട് സ്‌ത്രീകൾക്ക് അവിടെ വന്ന് താമസിച്ച് നാടകം ചെയ്യാം. ഞങ്ങളുടെ നാടകത്തിലെ പുരുഷ കഥാപാത്രങ്ങൾ പുരുഷന്മാർ തന്നെയാണ് ചെയ്യുന്നത്. എല്ലാവർക്കും വന്ന് താമസിച്ച് നാടകം ചെയ്യാനുള്ള സ്‌പെയ്‌സ് യാഥാർഥ്യമായി എന്നതാണ് പ്രത്യേകത.
2015 മുതൽ നിരീക്ഷയ്‌ക്ക് പുറത്തും സ്‌ത്രീകൾക്കിടയിലേക്ക് കടന്നുചെന്ന് നാടകസംഘങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. കുടുംബശ്രീയിലെ സ്‌ത്രീകളെ വെച്ച് രംഗശ്രീ കമ്യൂണിറ്റി തിയേറ്റർ രൂപീകരിക്കാൻ കഴിഞ്ഞു. അതിനുശേഷം മുംബൈ മലയാളി കൂട്ടായ്‌മയ്‌ക്ക് വേണ്ടി ഒരു സംഘമുണ്ടാക്കി. അവിടെ നാടകം ചെയ്‌തു. നിരന്തരം ഇവർക്കെല്ലാം വേണ്ടി വർക്ക്‌ഷോപ്പുകൾ നടത്തുന്നുണ്ട്. ഒരുപാട് വ്യത്യസ്‌ത കമ്യൂണിറ്റികളിൽ തിയേറ്റർ വർക്ക്‌ഷോപ്പുകൾ ചെയ്യുന്നുണ്ട്. സ്റ്റുഡൻസ്‌സ്, ട്രൈബൽ ഏരിയകളിലൊക്കെ വർക്ക്‌ഷോപ്പ് ചെയ്യുന്നുണ്ട്. പല വ്യത്യസ്‌ത മേഖലകളിലും കടന്നുചെന്ന് പ്രവർത്തനങ്ങളും നമ്മൾ നടത്തുന്നുണ്ട്.
രണ്ട് സ്‌ത്രീകൾ നാടകം കളിക്കുന്നു എന്നു കേൾക്കുമ്പോൾ ആളുകളുടെ സമീപനം എങ്ങനെയായിരുന്നു?
കെ വി സുധി: 1990 ഒക്കെ ആയപ്പോഴേക്കും കാലം ഒരുപാട് മാറിയിരുന്നു. സ്‌ത്രീനാടകങ്ങൾ എന്നത് കേരളത്തിന് അപ്പോഴേക്കും വളരെ പരിചിതമായിക്കഴിഞ്ഞിരുന്നു. മാത്രമല്ല ആക്ടിവിസത്തിലേക്ക് ഒരുപാട് സ്‌ത്രീകൾ വന്നു. ഞങ്ങളൊക്കെ വർക്ക് ചെയ്‌ത് തുടങ്ങുന്നത് നാടകം എന്നു പറയുന്നത് അവശ്യഘടകമായിട്ട് ആക്ടിവിസത്തിന്റെയൊക്കെ ഭാഗമായി വരുന്ന കാലഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് സപ്പോർട്ടാണ് കിട്ടിയത്. പ്രതിഷേധം ഉണ്ടായോ എന്ന് ചോദിച്ചാൽ, ആ പ്രതിഷേധത്തെ മറികടക്കാൻനുള്ളൊരു ഇച്ഛാശക്തിയോട് കൂടിയാണ് ഈ രംഗത്തേക്ക് വരുന്നത്. കൃത്യമായി ഒരു സ്‌ത്രീബോധം ഉണ്ടാവുക. സ്‌ത്രീകളുടെ സ്‌പെയിസിനെക്കുറിച്ചുള്ള ആലോചനകളുണ്ടാവുക എവിടെയൊക്കെ ഗ്യാപ്പുകളുണ്ടോ അവിടെയൊക്കെ ഫിൽ ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞിറങ്ങുന്നവർക്ക് എന്ത് പ്രതിഷേധം വന്നാലും അത് നേരിടാനുള്ള കരുത്തുമുണ്ടാകും. സത്യത്തിൽ അങ്ങനെയൊരു പ്രതിഷേധം ഞങ്ങൾക്ക് നേരിടേണ്ടി വന്നില്ലെന്നോ, അങ്ങനെ വന്നവയെ നമ്മൾ കാര്യമായി എടുത്തില്ലെന്നോ വേണം പറയാൻ.
രാജരാജേശ്വരി: പണ്ടുകാലത്ത് നേരിട്ട അത്രത്തോളം പ്രശ്‌നങ്ങൾ ഇന്ന് ഇല്ലെന്നുവേണം പറയാൻ. കാലം മാറിയിട്ടുണ്ട്. 1990കളുടെ അവസാനത്തിലാണ് നിരീക്ഷ ആരംഭിക്കുന്നത്. പൊതുവേ സ്‌ത്രീകളുടെ പ്രവർത്തനത്തിനു നേരെയുണ്ടാവുന്ന പറച്ചിലുകൾ അവിടെയും ഇവിടെയും ഉണ്ടായിട്ടുണ്ട്. അത് ഏത് മേഖലയിലായും സ്‌ത്രീകൾക്കുനേരെ ഉയർന്നുവരാറുള്ളതുമാണ്. അതുണ്ടാവും. നമ്മൾ പ്രവർത്തിച്ചുകൊണ്ടേയിരിക്കുക എന്നതാണ്. നമ്മുടെ പ്രവർത്തനത്തെ ഹനിക്കുന്ന തരത്തിൽ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.
ഇതിനോട് ചേർന്നുനിന്നുകൊണ്ടുതന്നെ ചോദിക്കട്ടെ, ഒരു സ്‌ത്രീ തുറന്നുപറച്ചിലുകൾ നടത്തുക, അവർ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക എന്നതൊക്കെ സോ കാൾഡ് പാട്രിയാർക്കൽ സൊസൈറ്റിക്ക് വിപരീതമായിട്ടാണെങ്കിൽ തീർച്ചയായും അവളെ സൊസൈറ്റിയിൽനിന്ന് മാറ്റിനിർത്തുന്നത് കാണാൻ കഴിയും. ആട്ടക്കാരി, ഫെമിനിച്ചി, അഴിഞ്ഞാട്ടക്കാരി എന്നൊക്കെ മുദ്രകുത്തുന്നത് കാണാം. ഇതിന് ഏറ്റവും പുതിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സമയത്തെ പൊതുസമൂഹത്തിന്റെ പ്രതികരണം. സ്‌ത്രീകൾ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ തുറന്നുപറഞ്ഞ സമയത്ത് അതിനെതിരെ അവരെ കുറ്റക്കാരാക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്. (സോഷ്യൽ മീഡിയയിലൊക്കെ ധാരാളമായി). ഇത്തരത്തിലുള്ള പാട്രിയാർക്കൽ സൊസൈറ്റിയുടെ പൊതുസമീപനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
സുധി: തീർച്ചയായും പാട്രിയാർക്കിയാണ് നാടകവേദിയെ ഭരിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ തീരുമാനങ്ങളും മറ്റുമൊക്കെ എടുക്കുന്നത് അവരുതന്നെയാണ്. പക്ഷേ അതിൽനിന്ന് വ്യത്യസ്‌തമായി പ്രവർത്തിക്കാൻ വരുമ്പോൾ നേരിടേണ്ടിവരുന്ന പ്രശ്‌നം എന്നു പറയുന്നത് ഈ മെയിൻ സ്‌ട്രീമിൽനിന്ന് നിരന്തരം നമ്മൾ പുറത്താക്കപ്പെട്ടുകൊണ്ടിരിക്കും എന്നതാണ്. പ്രവാചകയുടെ വിജയത്തിനു ശേഷവും നിരീക്ഷയ്‌ക്ക് സ്‌ട്രഗിൾ ചെയ്യേണ്ടിവന്നിട്ടുണ്ട്. അതൊരു നിരന്തര സ്‌ട്രഗിൾ ആണെന്ന് തിരിച്ചറിയണം. ഉദാഹരണത്തിന് ഒരു പത്ത് സ്‌ക്രിപ്‌റ്റ് എടുത്താൽ അതിലൊക്കെ സ്‌ത്രീകളുടെ ക്ഷേമപ്രവർത്തനങ്ങളേ കാണൂ. സ്‌ത്രീകളുടെ അവകാശമാണ് അവരുടേതായ ഒരു സ്‌പെയ്‌സ് എന്നത് പുരുഷാധിപത്യ സമൂഹത്തിന് ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഒരു നാടകം വിജയിക്കുമ്പോൾ അടുത്ത നാടകം വിജയിക്കുമെന്നൊന്നും വിചാരിക്കാറില്ല. എല്ലാ മേഖലയിൽനിന്നും ഞങ്ങളെ തൂത്തുമാറ്റിയതുപോലെ മാറ്റപ്പെട്ടിട്ടുണ്ട്. പക്ഷേ വീണ്ടും നമ്മൾ നാടകവുമായി വരും. ഓഡിയൻസ് എവിടെയോ ഉണ്ട് നമ്മളെ കാത്ത്. ആ ഒരു പ്രതീക്ഷയിലാണ് നമ്മൾ മുന്നോട്ടുപോകുന്നത്.
രാജരാജേശ്വരി: ഫെസ്റ്റിവലുകളിലൊക്കെ നമുക്ക് എൻട്രിയേ കിട്ടുന്നില്ല. പിന്നെ പിന്നെ ഞങ്ങൾ അയക്കാതെയായി. ഇതിനു പിന്നിൽ പല കാരണങ്ങളുമുണ്ടാകും. പ്രധാന കാരണമായി തോന്നുന്നത് സ്‌ത്രീകളുടെ ഒരു സംഘം, അവര് നാടകവുമായി വരുമ്പോൾ അവർക്ക് അങ്ങനെ നമ്മൾ സ്‌പെയ്‌സ് കൊടുക്കണ്ടെന്ന പുരുഷാധിപത്യ ചിന്തകൊണ്ടാകാം. പല കാരണങ്ങൾ പറഞ്ഞ് മാറ്റിനിർത്തുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇത് ആര് നടത്തുന്നുവെന്ന് ചോദിച്ചാൽ അറിയില്ല. നമ്മുടെ നാടകങ്ങളെ ഫെസ്റ്റിവലിനോട് അടുപ്പിക്കില്ല. ഇതിന്റെ ഭാഗമായിട്ടുള്ള തീരുമാനമായിരുന്നു സ്‌ത്രീകളുടെ നാടക ഫെസ്റ്റിവൽ നടത്തുകയെന്നത്. അപൂർവത്തിൽ അപൂർവമായേ സ്‌ത്രീകളുടെ നാടകോത്സവങ്ങൾ നടന്നിട്ടുള്ളൂ. അതിനാണെങ്കിൽ സ്‌ത്രീകളുടെ തീമിനായിരിക്കും പ്രാധാന്യം കൊടുക്കുക. പുരുഷന്മാര് സംവിധാനം ചെയ്യുന്ന നാടകങ്ങൾ തന്നെയാവും മിക്കതും. 2022‐23 കാലത്ത് നിരീക്ഷയുടെ നേതൃത്വത്തിൽ നാടകോത്സവങ്ങൾ നടത്തിയപ്പോൾ അതിൽ പ്രധാനമായി തീരുമാനിച്ചത് സ്‌ത്രീകൾ ഡയറക്ട് ചെയ്‌ത നാടകങ്ങളാണ് പരിഗണിക്കേണ്ടത് എന്നാണ്. ഞങ്ങളെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ധാരാളം എൻട്രികളുണ്ടായി നാടകോത്സവത്തിന്. ഓൾ ഓവർ ഇന്ത്യയിൽനിന്ന് പത്തറുപത്തിയഞ്ച് എൻട്രി എന്നു പറയുന്നത് അതെന്താണ് കാണിക്കുന്നത്. ഞങ്ങളുടെ അനുഭവം ഒറ്റപ്പെട്ടതല്ലെന്നും സ്‌ത്രീകളുടെ എന്ത് ആർട്ടിസ്റ്റിക് പ്രൊഡക്‌ഷൻസിനും അതിനു കിട്ടേണ്ട അംഗീകാരം കിട്ടുന്നില്ല. അപ്പോൾ ഇതൊരു കോമൺ ഫാക്ടറാണ്. ഇത് നമ്മുടെ കേരളത്തിന്റെ മാത്രം അവസ്ഥയല്ല.
ഇത് ഞങ്ങളുടെ രണ്ടാമത്തെ എഡിഷനായിരുന്നു, നാടകോത്സവത്തിന്റെ. പുറത്തൊക്കെ നിരീക്ഷയെ ആരറിഞ്ഞു. പക്ഷേ ഇങ്ങനെ സ്‌ത്രീകളുടെ നാടകോത്സവം എന്നു പറഞ്ഞപ്പോൾ എൻട്രികൾ വരികയാണ്. അതാണ് കണ്ണുതുറപ്പിക്കുന്നത്. സ്‌ത്രീകളായ എല്ലാവരുടെയും അനുഭവമാണ്, ഒരു ആണധികാരം ഈ മേഖലയിൽ ആകെയുണ്ട്. അത് നമുക്ക് അത്ര പെട്ടെന്നൊന്നും മാറ്റാൻ കഴിയില്ല. കൂടുതൽ കൂടുതൽ സ്‌ത്രീകൾ രംഗത്തുവരണം.
ഹേമാ കമ്മിറ്റി തുറന്നുകാട്ടിയത് എന്താണ്. സ്‌ത്രീകൾ പ്രൊഡക്‌ഷന്റെ നിയന്ത്രണത്തിൽ കുറവാണ്. ആരാണ് സ്‌ക്രിപ്‌റ്റ് സെലക്ട് ചെയ്യുന്നത്, ഡയറക്ട് ചെയ്യുന്നത്. ഇതൊക്കെ കൂടുതൽ പുരുഷന്മാരാണ്. നടിയായിട്ട് മാത്രമൊക്കെയാവും സ്‌ത്രീകൾ പ്രവർത്തിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടർ, കോസ്‌റ്റ്യൂം മേഖല, ഡയറക്‌ഷൻ തുടങ്ങിയ മേഖലകളിലൊക്കെ വളരെ കുറഞ്ഞ ശതമാനം മാത്രമേ സ്‌ത്രീകളുള്ളൂ. ഇങ്ങനെ വരുമ്പോൾ അവർക്ക് ഒരു ‘വോയ്‌സ്’ ഉണ്ടാകുന്നില്ല. ഇത് തുല്യമായിട്ട് പരസ്‌പരം കാണാനോ റെസ്‌പക്ട് അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കാനോ കഴിയാതെവരുന്നു.
കെ വി സുധി: മറ്റൊന്ന് ഞങ്ങൾക്ക് പ്രശ്‌നമുണ്ടായില്ലെന്നു പറഞ്ഞാൽ മലയാള നാടകവേദിയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നല്ല. നാടകമായിരുന്നല്ലോ തുടക്കംമുതലേ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ തുടക്കംമുതലേ വലിയ രീതിയിൽ ചൂഷണങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. സ്‌ത്രീകൾ പ്രശ്‌നങ്ങളനുഭവിക്കുന്നു, അവർക്ക് വേണ്ട അവസരങ്ങൾ ലഭിക്കുന്നില്ല എന്നിടത്തുനിന്നുതന്നെയാണ് നിരീക്ഷയുടെയും ആരംഭം.
എല്ലാ മേഖലയിലും സ്‌ത്രീകൾ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. എല്ലാ മേഖലയിലും സ്‌ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ നാടകമേഖലയിൽ സ്‌ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മുഖ്യധാരയിലേക്ക് എത്തുന്നില്ല, അവർക്ക് വേണ്ട അവസരങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുന്നുവെന്ന് തോന്നിയിട്ടുണ്ടോ?
കെ വി സുധി: അത്രയും സുരക്ഷിതത്വം ലഭിക്കുന്ന ഒരിടവും നമുക്ക് ലഭിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഒരുപാട് അനുഭവങ്ങൾ കേട്ടിട്ടുണ്ട്, ഓലമറയൊക്കെ പൊളിച്ച് സ്‌ത്രീകളെ ആക്രമിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നത് ആർക്കും എളുപ്പം സമീപിക്കാൻ കഴിയുന്നവരാണ് സ്‌ത്രീകൾ എന്നൊരു തെറ്റായ ധാരണയാണ്. കലാരംഗത്ത് നിൽക്കുന്ന സ്‌ത്രീകളോട് ഇങ്ങനെതന്നെയാണ് എല്ലാ കാലവും ആളുകൾക്കുണ്ടാകുന്ന മനോഭാവം. ഇതെല്ലാം മാറണം. തൊഴിലിടത്ത് ലഭിക്കേണ്ട സുരക്ഷിതത്വം അവർക്ക് ലഭിക്കണം.
ഞങ്ങൾ സ്‌ത്രീകൾക്ക് സുരക്ഷിതത്വം ഒരുക്കുന്നതുപോലെ തന്നെ പുരുഷന്മാർക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാറുണ്ട്. അവരുടെ പ്രൈവസിയെ റെസ്‌പെക്ട് ചെയ്യാറുണ്ട്. പക്ഷേ പ്രൊഫഷണൽ നാടകരംഗത്ത് പ്രവർത്തിക്കുന്ന സ്‌ത്രീകൾക്കൊന്നും ഇത് വേണ്ടത്ര രീതിയിൽ ലഭിക്കുന്നില്ല. ഇതിനൊക്കെ എതിരായി നിയമം വരണം. എങ്കിൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ.
രാജരാജേശ്വരി: നടനും നടിയും കാമുകീകാമുകന്മാരായിട്ട് അഭിനയിച്ചുകഴിഞ്ഞാൽ അതിൽനിന്ന് പെട്ടെന്നുതന്നെ പുറത്തുവരണം. ഉടൻതന്നെ നമ്മളായി മാറണം. അവിടെ മിനുറ്റുകളുടെ വ്യത്യാസം വന്നാൽപോലും ചൂഷണം നടന്നേക്കാം. ഇൻസ്റ്റിറ്യേൂഷനിലൊക്കെ ജെൻഡർ പ്രോബ്ലംസിനെ മനസ്സിലാക്കുന്നവരുണ്ട്. ആർട്ടിസ്റ്റിനെ എങ്ങനെ ഒരു വ്യക്തിയായി പരിഗണിക്കണമെന്ന ധാരണയുള്ള മനുഷ്യന്മാരുണ്ടാവുന്നുണ്ട്. നിയമങ്ങൾ കൊണ്ടുവരുമ്പോഴും നിരന്തരം ബോധവൽക്കരണം നടത്തണം.
സോഷ്യൽ മീഡിയയിൽ ഇത്തരം നിയമങ്ങൾ വരുമ്പോൾ തെറിപറയുന്ന ഒരുത്തി/ഒരുത്തൻ നേരിട്ട് അത്തരമൊരു റിയാക്‌ഷൻ നടത്തണമെന്നില്ല. എപ്പോഴും നെഗറ്റീവിനെ ഉൽപാദിപ്പിക്കുന്ന ഒരു പ്രവണത സോഷ്യൽ മീഡിയയ്‌ക്കുണ്ട്. നിരീക്ഷ സോഷ്യൽ മീഡിയയെ അതിന്റെ പ്രവർത്തനങ്ങളെ പുറംലോകത്തെ അറിയിക്കാനുള്ള ഒരു മാധ്യമം എന്നതിനപ്പുറത്തേക്ക് ഉപയോഗിക്കാറില്ല. ക്രിയേറ്റഡ് ഫാൾസ് വേൾഡ് ആണത്. ഇൻവിസിബിലിറ്റി നൽകുന്ന ധൈര്യമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. മനുഷ്യന്മാർക്കിടയിൽ ഇതുപോലത്തെ ആളുകൾ ഉണ്ടാകും. പക്ഷേ അവർ മുഖാമുഖം ഇത്രയധികം പറയില്ല.
ഒരു നാടകസംഘത്തിൽ ഒരു സ്‌ത്രീക്ക് ഇവിടെയൊരു പ്രശ്‌നമുണ്ട് എന്ന് ഏതൊരു അവസ്ഥയിലും തുറന്നുപറയാൻ സാധിക്കണം. അത് മറ്റുള്ളവർ മനസ്സിലാക്കുകയും വേണം. ആ സ്‌പെയ്‌സ് കൊടുക്കുന്ന നാടകസംഘങ്ങൾ വരണം.
കലാരംഗത്ത് ഇടപെടുന്ന സ്‌ത്രീകൾ എന്ന നിലയിൽ കേരളീയ കലാരംഗത്തുനിന്നുണ്ടായപ്രതികണം?
കെ വി സുധി: രണ്ടുതരത്തിലുള്ള പ്രതികരണമുണ്ടായിട്ടുണ്ട്. അംഗീകരിക്കുന്ന ഒരു വിഭാഗവുമുണ്ട്, അംഗീകരിക്കാത്ത ഒരു വിഭാഗവുമുണ്ട്. അംഗീകരിക്കുന്ന ഒരു വിഭാഗം കൂടെയുള്ളതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് ഇത്ര സുഗമമായി പ്രവർത്തിക്കാൻ കഴിയുന്നത്.
രാജരാജേശ്വരി: അംഗീകരിക്കാത്ത ഒരുവിഭാഗം മുന്പുള്ളതിനേക്കാൾ നിശബ്ദരാണിപ്പോൾ. പഠിക്കുന്ന വിദ്യാർഥികളൊക്കെ നിരീക്ഷയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ മുന്നോട്ടുവരുന്നുണ്ട്. അതൊക്കെത്തന്നെ ജെൻഡർ കോൺഷ്യൻസിന്റെ പ്രോഗ്രസ്സാണ് എന്നാണ് വിചാരിക്കുന്നത്.
കെ വി സുധി: നിരീക്ഷ സുധിയുടെയും രാജിയുടെയും മാത്രമല്ല. കേരളത്തിലെ സ്‌ത്രീമുന്നേറ്റ ചരിത്രത്തിന്റെ ഒരു ഭാഗം കൂടിയാണത്.
രാജരാജേശ്വരി: നാടകത്തിൽ ഞങ്ങൾ പ്രവർത്തിക്കുന്നു എന്നേയുള്ളൂ. പക്ഷേ അത് നിലനിൽക്കുന്നതിൽ ഒരുപാട് സ്‌ത്രീകളുടെ സപ്പോർട്ടുണ്ട്. അല്ലാതെ 25 വർഷം നിരീക്ഷയ്‌ക്ക് നിലനിൽക്കാൻ കഴിയുമായിരുന്നില്ല. ഒരുപാടാളുകളുടെ പിന്തുണ ഇതിനു പിന്നിലുണ്ട്.
സ്‌ത്രീകളുടെ കൾച്ചറൽ സ്‌പെയ്‌സ് എന്ന നിലയിൽ പുതിയകാലത്തെ സ്‌ത്രീകൾ നിരീക്ഷയെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത്?
രാജരാജേശ്വരി: കൾച്ചറൽ സ്‌പെയ്‌സ് എന്നത് രണ്ടുതരത്തിലാണ്. ഫിസിക്കൽ സ്‌പെയ്‌സും കോൺസെപ്‌റ്റിന്റെ സ്‌പെയ്‌സും. വർക്ക്‌ഷോപ്പുകൾ, ശിൽപശാലകൾ, സ്‌ത്രീകളുടെ തിയേറ്റർ എന്താണെന്ന പഠനം, സ്റ്റുഡൻസ്‌സും ടീച്ചേഴ്‌സുമൊക്കെ വർക്ക്‌ഷോപ്പിന് വരുന്നതൊക്കെ കോൺസെപ്‌റ്റിന്റെ സ്‌പെയ്‌സിൽ വരുന്നതാണ്.
വർക്ക്ഷോപ്പാണ് തിയേറ്ററിന്റെ ചിന്താഗതിയെ മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത്. ജി ശങ്കരപ്പിള്ള സാറൊക്കെ നാടകക്കളരികൾ സംഘടിപ്പിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ ഇപ്പോഴും മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നത് നാടക കളരികളിൽക്കൂടെയാണ്. അത് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നുണ്ട്.
കെ വി സുധി: റിസർച്ചിന്റെ ഭാഗമായി ധാരാളം ആൺകുട്ടികളും പെൺകുട്ടികളും നിരീക്ഷയുടെ ഭാഗമാകുന്നുണ്ട്. പുതിയ തലമുറയിലെ ധാരാളം പെൺകുട്ടികളും നാടകമേഖലയിലേക്ക് വരുന്നുണ്ട്. ഇതിന്റെ ഒരു പരിമിതി ഇങ്ങനെ കടന്നുവരുന്നവർക്ക് മുഴുവൻസമയ നാടകപ്രവർത്തിനത്തിൽ ഏർപ്പെടാൻ കഴിയുന്നില്ല എന്നതാണ്. അതിനായി ഗവൺമെന്റിന്റെ നേതൃത്വത്തിലൊക്കെ ഒരു സപ്പോർട്ടിങ് സിസ്റ്റം കൊണ്ടുവരേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവർക്ക് മുന്നോട്ട് നിലനിൽക്കാൻ കഴിയൂ.
നാടകമേഖലയിലെ ടെക്‌നിക്കൽ രംഗത്തെ സ്‌ത്രീകളുടെ ഇടപെടലിനെക്കുറിച്ച്?
രാജരാജേശ്വരി: ടെക്‌നിക്കൽ സൈഡിൽ, അതായത്, തിയേറ്ററിലെ ലൈറ്റ്, സൗണ്ട്‌സ്, സെറ്റ് & പ്രോപ്പർട്ടീസ് അടക്കമുള്ള കാര്യങ്ങളിൽ സ്‌ത്രീകളുടെ പങ്കാളിത്തം ഇല്ലെന്നുതന്നെ പറയാം. നടിമാരാണ് ഏറ്റവും കൂടുതലുള്ളത്. എഴുതുന്നവരും ഡയറക്ട് ചെയ്യുന്നവരുമായ സ്‌ത്രീകളും വിരലിലെണ്ണാവുന്നവരേ ഉണ്ടാകൂ. ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് ജെൻഡർ എന്ന ചോദ്യം വരുന്നത്. ഒരു പൊതു നാടകവേദിയിലേക്ക് വരുമ്പോൾ ഇവര് നടിയായിട്ടു മാത്രമാണ് വരുന്നത്. അവർക്ക് അതിനുമപ്പുറത്തേക്ക് പ്രൊഡക്‌ഷന്റെ ഭാഗമാകാൻ കഴിയുന്നില്ല. ടെക്‌നിക്കൽ സൈഡിലും സ്‌ത്രീകൾ മുന്നോട്ടുവരണം. ഞങ്ങൾ ഒന്നുരണ്ട് വർക്ക്‌ഷോപ്പൊക്കെ നടത്തിയെങ്കിലും തുടർന്ന് പ്രാക്ടീസ് ചെയ്യാനുള്ള ഒരു സാഹചര്യം അവർക്ക് ലഭിക്കുന്നില്ല. ഒരു കോഴ്‌സ് നടത്തിക്കൊണ്ട് സ്‌ത്രീകളെ ടെക്‌നിക്കൽ സൈഡിലേക്ക് കൊണ്ടുവരാനുള്ള ബോധപൂർവമായ ഇടപെടലുകൾ നടത്തണം.
സ്‌കൂൾ കലോത്സവങ്ങളിലൊക്കെ പുറത്തുവരുന്ന നാടകങ്ങൾ കൂടുതലും പുരുഷന്മാരായ ടീച്ചേഴ്‌സിന്റെ ശിഷ്യത്വത്തിൽനിന്നുണ്ടായവയാണ്. നാടക ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നും പഠനം പൂർത്തിയാക്കി പുറത്തുവരുന്ന സ്‌ത്രീകളുടെ ഇടപെടലുകൾ മുഖ്യധാരയിൽ വലിയതോതിൽ കണ്ടുവരുന്നില്ല. ഇതിന്റെ കാരണം എന്താവും?
കെ വി സുധി: സ്‌കൂൾ യുവജനോത്സവങ്ങളിൽ നാടകം ഒരു പ്രധാന മത്സരയിനമാണ്. ഒരുപാട് നാടകങ്ങൾ ചെയ്യുന്നുണ്ട്. പുതിയ ആശയങ്ങൾ വരുന്നുണ്ട്. പുതിയ കുട്ടികൾ വൈബ്രന്റാണ്. പക്ഷേ അവിടെയും സ്‌ത്രീകൾ വളരെ കുറവാണ് നാടകം പഠിപ്പിക്കുന്നത്. ക്വാളിഫൈഡായ നാടക അധ്യാപികമാർ കലോത്സവരംഗത്ത് എന്തുകൊണ്ട് വലിയതോതിൽ കടന്നുവരുന്നില്ല എന്നത് അന്വേഷിക്കേണ്ടതുതന്നെയാണ്. നാടകം പഠിക്കാനെത്തുന്ന കുട്ടികളെ അധ്യാപകൻ ചൂഷണംചെയ്ത ഒരു വാർത്ത കൊല്ലത്തുനിന്നും പുറത്തുവരികയുണ്ടായി. അതൊരു ചെറിയ കാര്യമല്ല. ഇത്തരത്തിലൊന്ന് സംഭവിക്കാൻ പാടില്ല. നാടകപ്രവർത്തനം ഒരു സ്‌ത്രീയെ ചൂഷണം ചെയ്യാനുള്ള എളുപ്പവഴിയായി തിരഞ്ഞെടുക്കരുത്. അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർക്കശമായ നടപടിയെടുക്കണം. ഇങ്ങനെ വരുമ്പോൾ പരാതിപ്പെടാൻ ഒരിടമുണ്ടാവണം. ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവരെ നാടകമേഖലയിൽ തുടരാൻ അനുവദിക്കാത്ത തരത്തിലുള്ള നിയമങ്ങൾ വരണം. ഒരു പെൺകുട്ടിയും ഒരു സ്‌ത്രീയും അവർക്ക് നാടകത്തിന്റെയോ സിനിമയുടെയോ ഭാഗമാകാനുള്ള ആഗ്രഹത്തിന്റെ പുറത്ത് ചൂഷണം ചെയ്യപ്പെടാൻ പാടില്ല.
രാജരാജേശ്വരി: പുതിയ തലമുറയിലെ പെൺകുട്ടികൾ നാടകക്കളരികളൊക്കെ നടത്താൻ മുന്നോട്ടുവരുന്നുണ്ട്. പണ്ടുകാലത്ത് നിലനിന്നതിൽനിന്നും വ്യത്യസ്‌തമായ ഒരു സമീപനം പുതിയ തലമുറയുടെ ഭാഗത്തുനിന്നുമുണ്ടാവുന്നുണ്ട്. അത് സന്തോഷമുണ്ടാക്കുന്നതാണ്.
കെ വി സുധി: സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നൊക്കെ പുറത്തുവരുന്ന ആൺകുട്ടികൾക്ക് എളുപ്പം ഒരു നാടകസംഘവുമായി ചേർന്നുപ്രവർത്തിക്കാൻ കഴിയുന്നു. പെൺകുട്ടികൾക്ക് പലപ്പോഴും അത്തരം അവസരങ്ങൾ ലഭിക്കുന്നില്ല. ഇതിനെതിരെ ഇന്റേൺഷിപ്പുകൾ നടത്തുന്നതിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ പെൺകുട്ടികൾ അവിടെ സുരക്ഷിതരാവില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്യാറുള്ളത്. പെൺകുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ടുപോകാതെ ഇത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളിലുള്ളവർ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.
നിരീക്ഷയുടെ ഭാവി പദ്ധതികൾ എന്താണ്?
കെ വി സുധി: you can do anything on stage അതൊരു മാജിക്കൽ സ്‌പെയ്‌സാണ്. നിങ്ങൾ വരൂ, നിങ്ങൾക്കത് ചെയ്യണമെങ്കിൽ അതിനുള്ള സപ്പോർട്ട് സിസ്റ്റം ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. നിരന്തരം സ്‌ത്രീകളുടെ പ്രൊഡക്‌ഷൻസ് ഉണ്ടാവുന്ന ഒരു സാഹചര്യം അതിനുവേണ്ടി എല്ലാവിധ ടെക്‌നിക്കൽ സപ്പോർട്ടും ചെയ്‌തുകൊണ്ട് നിരീക്ഷയ്‌ക്ക് മുന്നോട്ടുപോകണം. അതാണ് ഏറ്റവും വലിയ സ്വപ്‌നം. പുതിയ സ്‌ത്രീകൾ വരും അവര് കേരളത്തിനകത്തോ പുറത്തോ ഉള്ളവരാകട്ടെ അവരെ ഉൾപ്പെടുത്തിക്കൊണ്ട് നാടകം ചെയ്യണം.
രാജരാജേശ്വരി: കൂടുതൽ സ്‌ത്രീകൾക്ക് ടെക്‌നിക്കൽ രംഗത്തേക്ക് വരാനുളള സാഹചര്യമൊരുക്കുക, നിരന്തരം പ്രൊഡക്‌ഷൻസ് ഉണ്ടാവുക. അതിനു പിറകിൽ സ്‌ത്രീകൾ തന്നെ പ്രവർത്തിക്കണം. ടെക്‌നിക്കൽ മേഖലയിൽ സ്‌ത്രീകൾക്ക് കൂടുതൽ കഴിവ് തെളിയിക്കാനുള്ള അവസരമൊരുക്കുക എന്നതാണ് ആഗ്രഹം. തലയുയർത്തിപ്പിടിച്ച് മുന്നോട്ടു നടക്കാൻ സ്‌ത്രീകൾ തയ്യാറാവുമ്പോൾ അവർക്കൊപ്പം അവസരങ്ങളൊരുക്കി കൂടെനിൽക്കാൻ നിരീക്ഷ ആഗ്രഹിക്കുന്നുണ്ട്. ഇത്തരം സ്വപ്‌നങ്ങളൊക്കെ ബാക്കിനിൽക്കുമ്പോഴും അതിലേക്ക് കടക്കാനുള്ള സാന്പത്തികമായ ഒരു ഉറവിടം നിരീക്ഷ കണ്ടെത്തേണ്ടിയിരിക്കുന്നു. അതുണ്ടാക്കിയെടുത്താൽ മാത്രമേ ഞങ്ങളുടെ ഈ ആഗ്രഹങ്ങൾ നടപ്പിലാക്കാനും വിജയിപ്പിക്കാനും കഴിയുകയുള്ളൂ. അതിനുള്ള ശ്രമങ്ങളിലൂടെയാണ് നിരീക്ഷ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. l