സൈമൺ കമ്മീഷനെതിരെ അതിശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് 1927‐28 കാലത്ത് ഇന്ത്യയൊട്ടാകെ നടന്നത്. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് അവതരിപ്പിക്കാൻ നിയമിക്കപ്പെട്ട കമ്മീഷനായിരുന്നു അത്. സൈമൺ അധ്യക്ഷനായ ആ കമ്മിറ്റിയിൽ ഇന്ത്യക്കാരായ ഒരംഗംപോലും ഉണ്ടായിരുന്നില്ല എന്നത് പ്രതിഷേധത്തിന്റെ ശക്തി വർധിപ്പിച്ചു. ‘‘സൈമൺ കമ്മീഷൻ മടങ്ങിപ്പോകുക’’ എന്ന മുദ്രാവാക്യം രാജ്യമാകെ വ്യാപിച്ചു. എവിടെയൊക്കെ കമ്മീഷൻ പര്യടനം നടത്തിയോ അവിടെയെല്ലാം മേൽപറഞ്ഞ മുദ്രാവാക്യവും കരിങ്കൊടി പ്രകടനങ്ങളുമാണ് കമ്മീഷനെ എതിരേറ്റത്. അന്ന് ഉത്തർപ്രദേശിലുണ്ടായിരുന്ന രാമമൂർത്തിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സി ഭാസ്‌കരൻ ഇങ്ങനെ രേഖപ്പെടുത്തുന്നു:
‘‘ലക്‌നൗവിൽ അതിശക്തമായ കരിങ്കൊടി പ്രകടനം. ബനാറസിൽ അത് ആവർത്തിക്കുമോ എന്നു ഭയന്ന് കമ്മീഷൻ അംഗങ്ങളെ ബോട്ടുവഴി ഗംഗാനദിയുടെ മറുകര കടത്താൻ അധികൃതർ പരിപാടി തയ്യാറാക്കി. അവിടെയായിരുന്നു കമ്മീഷൻ അംഗങ്ങൾക്ക് താമസിക്കാൻ ഏർപ്പാട് ചെയ്‌തത്. വിവരമറിഞ്ഞ പി ആറും സഖാക്കളും രഹസ്യമായി 30 ചെറിയ ബോട്ടുകൾ വാടകയ്‌ക്കെടുത്തു. നദിയുടെ പല ഭാഗങ്ങളിലായി ബോട്ടുകൾ നിലയുറപ്പിക്കാൻ ഏർപ്പാട് ചെയ്‌തു. കമീഷൻ അംഗങ്ങളെയും വഹിച്ചുകൊണ്ടുള്ള സ്റ്റീമർ പ്രത്യക്ഷപ്പെടേണ്ട താമസം പല ഭാഗങ്ങളിലായി നിലയുറപ്പിച്ച ബോട്ടുകൾ അങ്ങോട്ടേക്കു നീങ്ങി, അതിനെ വളഞ്ഞ് കരിങ്കൊടി പ്രകടനം നടത്തി. വിജയകരമായ ഈ പരിപാടിയുടെ സൂത്രധാരൻ പി ആർ ആയിരുന്നു. പൊലീസുകാരെപോലും അത്ഭുതപ്പെടുത്തി ഈ സംഭവം. അവർ ആരെയും അറസ്റ്റ് ചെയ്‌തില്ല.’’
ലാഹോർ സമ്മേളനത്തിലെ പ്രതിനിധി
1929ൽ ലാഹോറിൽ ചേർന്ന കോൺഗ്രസ് സമ്മേളനമാണല്ലോ പൂർണ സ്വരാജ് അഥവാ ഇന്ത്യയ്‌ക്ക് പൂർണ സ്വാതന്ത്ര്യം എന്ന പ്രമേയം പാസാക്കിയത്. 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആചരിക്കാനും ആ സമ്മേളനം തീരുമാനിച്ചു. ലാഹോർ സമ്മേളനത്തിലെ പ്രതിനിധികളിലൊരാളായിരുന്ന രാമമൂർത്തി.
രണ്ടാം നിയമഘംഘന പ്രസ്ഥാനത്തിന്റെ തുടക്കം ഈ സമ്മേളനത്തെ തുടർന്നായിരുന്നു. ഉപ്പ് സത്യാഗ്രഹം വ്യാപകമായി നടന്നു. അതോടൊപ്പം വിദേശവസ്‌ത്ര ബഹിഷ്‌കരണവും വ്യാപകമായി നടന്നു. വിദേശവസ്‌ത്രങ്ങൾ വിൽക്കുന്ന കടകളുടെ മുമ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാപകമായ പിക്കറ്റിങ് നടന്നു.
22‐ാം വയസ്സിൽ ജയിൽവാസം
1930 ഏപ്രിലിൽ രാജ്യമൊട്ടാകെ വിദേശവസ്‌ത്ര ബഹിഷ്‌കരണം നടന്നുവരുന്ന സന്ദർഭം. യുവ സ്വാതന്ത്ര്യസമര സേനാനികളോടൊപ്പം ബനാറസിലാണ് രാമമൂർത്തി പിക്കറ്റിങ്ങിനായി നിയോഗിക്കപ്പെട്ടത്. ഹിന്ദിയിൽ സംസാരിക്കാനും നന്നായി പ്രസംഗിക്കാനുമുള്ള കഴിവ് ഇതിനകം അദ്ദേഹം നേടിയിരുന്നു. ബനാറസിൽ ഏറ്റവും കൂടുതൽ വിദേശവസ്‌ത്രം വിറ്റഴിക്കുന്ന കടയുടെ മുമ്പിൽ രാമമൂർത്തി ആവേശത്തോടെ പ്രസംഗം ആരംഭിച്ചു. അവിടെ കൂടിയ വലിയ ജനക്കൂട്ടം ഈ യുവാവ് പറയുന്നത് സാകൂതം കേട്ടു. പ്രേക്ഷകരിൽനിന്ന് പ്രക്ഷോഭകാരികൾക്കനുകൂലമായ പ്രതികരണമുണ്ടായി. പ്രസംഗം അവസാനിപ്പിച്ചയുടൻ തന്നെ പി ആർ, പോക്കറ്റിൽ കരുതിയിരുന്ന ഒരു കഷണം വിദേശത്തുണയെടുത്ത് കത്തിച്ചു. അവിടെയുണ്ടായിരുന്ന പൊലീസ് ആ യുവാവിനുമേൽ ചാടിവീണു.
കോടതിയിൽ ഹാജരാക്കപ്പെട്ട പി ആർ, ബ്രിട്ടീഷുകാർ എഴുതിയുണ്ടാക്കിയ നിയമം താൻ മനഃപൂർവം ലംഘിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അതോടെ കോടതി അദ്ദേഹത്തെ ആറുമാസത്തേക്ക് തടവിന് ശിക്ഷിച്ചു. അങ്ങനെ അദ്ദേഹം 22‐ാം വയസ്സിൽ ജയിൽശിക്ഷ അനുഭവിച്ചു.
ആറുമാസത്തെ തടവുശിക്ഷയ്‌ക്കുശേഷം ജയിൽമോചിതനായ അദ്ദേഹം നേരെ മദ്രാസിലേക്കാണ് എത്തിയത്. വിദേശവസ്‌ത്ര വ്യാപാര കടകൾ പിക്കറ്റിങ് തമിഴ്‌നാട്ടിലും തുടർന്നു. സമരത്തെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സദാസമയവും മുഴുകി. വളണ്ടിയർമാരെ റിക്രൂട്ട് ചെയ്യുന്നതിനും അവരെ സമരകേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചത്. വളണ്ടിയർമാരെ കൂട്ടത്തോടെ മദ്രാസിലെത്തിക്കുന്നതിൽ അദ്ദേഹവും സഹപ്രവർത്തകരും വിജയിച്ചു. വളണ്ടിയർമാർക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഒരുക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതിനുവേണ്ടിയുള്ള ചെലവുകൾക്കായി പൊതുജനങ്ങളിൽനിന്ന് പിരിവെടുത്തു.
പൊലീസിൽനിന്ന് അതിശക്തമായ അടിച്ചമർത്തൽ സമീപനമാണ് സമരക്കാർക്ക് നേരിടേണ്ടിവന്നത്. പ്രക്ഷോഭകാരികളോട് യാതൊരു മാനഷുക പരിഗണനയും കാണിക്കാതെ അവരെ പൊലീസ് അതിക്രൂരമായി മർദിച്ചു; കള്ളക്കേസുകൾ ചമച്ചു. സമരത്തെ പൊളിക്കാനുള്ള എല്ലാ ശ്രമങ്ങളും പൊലീസ് നടത്തി. അതൊന്നും സമരഭടന്മാരുടെ ആത്മവീര്യം കെടുത്തിയില്ല.
തെക്കേ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സമരകേന്ദ്രമെന്ന നിലയിൽ ദേശീയനേതാക്കൾ നിരന്തരം മദ്രാസിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവന്നു. ജയപ്രകാശ് നാരായണൻ മൂന്നുതവണ മദിരാശി സന്ദർശിച്ചു. ആ സമയങ്ങളിലെല്ലാം രാമമൂർത്തി അദ്ദേഹത്തെ സന്ദർശിച്ച് ഉപദേശനിർദേശങ്ങൾ തേടി.
പൊലീസിന്റെ നോട്ടപ്പുള്ളികളിൽ പ്രധാനപ്പെട്ട ഒരാളായതോടെ രാമമൂർത്തി ഒളിവിൽ പ്രവർത്തിക്കാൻ നിർബന്ധിതനായി. 1932 ആഗസ്‌തിൽ വളണ്ടിയർമാരുടെ ഒരു രഹസ്യയോഗം രാമമൂർത്തിയും കൂട്ടരും സംഘടിപ്പിച്ചു. യോഗസ്ഥലം പൊലീസ് വളഞ്ഞു. രാമമൂർത്തിയും കൂട്ടരും പൊലീസ് വലയത്തിനുള്ളിലായി. ഭീകരമായ മർദനമാണ് പിന്നീട് പി ആർ ഉൾപ്പെടെയുള്ള സമരഭടന്മാർക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി.
ഇത്തവണ ആറുമാസത്തെ തടവും 500 രൂപ പിഴയുമാണ് രാമമൂർത്തിക്ക് കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസത്തെ തടവുശിക്ഷ കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു. ആദ്യം മദിരാശി ജയിലിലും പിന്നീട് മധുര ജയിലിലുമാണ് അദ്ദേഹത്തെ താമസിപ്പിച്ചത്. മധുര ജയിലിൽ തടവുകാരോടുള്ള അധികൃതരുടെ പെരുമാറ്റം അങ്ങേയറ്റം മനുഷ്യത്വഹീനമായിരുന്നു. അതിനെതിരെ നിരാഹാരസമരം ഉൾപ്പെടെയുള്ള പ്രതിഷേധമാർഗങ്ങൾ സംഘടിപ്പിക്കുന്നതിൽ രാമമൂർത്തി മുൻനിന്നു പ്രവർത്തിച്ചു.
ഹരിജൻ സേവക് സംഘ്
ഇന്ത്യയിലെ തൊട്ടുകൂടായ്‌മ നിർമാർജനം ചെയ്യുന്നതിനും ദളിതരുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുന്നതിനുവേണ്ടി ഗാന്ധിജി 1932ൽ സ്ഥാപിച്ച സംഘടനയാണ് ഹരിജൻ സേവക് സംഘ്. ദളിതർ അധിവസിക്കുന്ന ചേരികളിൽ എണ്ണയും സോപ്പും വിതരണം ചെയ്യുക എന്നതായിരുന്നു ഹരിജൻ സേവക് സംഘിന്റെ ആദ്യപ്രവർത്തനം. മദ്രാസിൽ ഈ സംഘടനയുടെ പ്രവർത്തനങ്ങളുമായി പി ആർ നല്ല രീതിയിൽ സഹകരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ വേണ്ടത്ര ചലനങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു.
ട്രിപ്ലിക്കെനിലെ പ്രശസ്‌തമായ വൈഷ്‌ണവ ക്ഷേത്രത്തിൽ പ്രദക്ഷിണത്തിന് ബ്രാഹ്‌മണർക്കു മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. ക്ഷേത്രപരിസരത്തെ ചെരുപ്പുകുത്തികളെ സമഘടിപ്പിച്ച് ബ്രാഹ്മണർക്കൊപ്പം പ്രദക്ഷിണം ചെയ്യിക്കുന്നതിൽ രാമമൂർത്തി വിജയിച്ചു. വലിയ ഒരു സാമൂഹ്യവിപ്ലവമായിരുന്നു യുവാവായ പി ആർ അതിലൂടെ നിർവഹിച്ചത്. യാഥാസ്ഥിതികരെ ചൊടിപ്പിച്ച സംഭവമായിരുന്നു അത്. ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു യാഥാസ്ഥിതികരുടെ ഗാന്ധിജിയോടുള്ള അഭ്യർഥന. എന്നാൽ അതിൽ ഇടപെടാനോ നിരുത്സാഹപ്പെടുത്താനോ ഗാന്ധിജി തയ്യാറായില്ല. ക്ഷേത്രത്തിൽ ആരാധനയ്‌ക്കുള്ള ചില അവകാശങ്ങൾ ചെരുപ്പുകുത്തികൾക്ക്, മേൽ സംഭവത്തോടെ അനുവദിച്ചുകിട്ടി.
1933ൽ കോൺഗ്രസിന്റെ സമ്മേളനം കൊൽക്കത്തയിൽ നടത്താൻ തീരുമാനിക്കപ്പെട്ടു. എന്നാൽ സമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് ബ്രിട്ടീഷ് അധികൃതർ എടുത്തത്. സമ്മേളനം നടത്തുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിടുകയും ചെയ്‌തു. എന്നാൽ നിരോധനം ലംഘിച്ചുകൊണ്ട് പി ആർ ഉൾപ്പെടെയുള്ള സമരഭടന്മാർ സമ്മേളനസ്ഥലത്തെത്തി. പൊലീസ് വലയം ഭേദിച്ചുകൊണ്ട് മൈതാനമധ്യത്ത് ത്രിവർണ പതാക ഉയർത്തപ്പെട്ടു. പൊലീസ് അതിനിഷ്‌ഠൂരമായാണ് പി ആർ ഉൾപ്പെടെയുള്ളവരെ മർദിച്ചത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ അമീർ ഖൈദർ ഖാനുമായി രാമമൂർത്തി പരിചയപ്പെട്ടത് 1932ൽ ആയിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളെക്കുറിച്ചും പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുമൊക്കെ കൂടുതൽ കാര്യങ്ങൾ ഖൈദർ ഖാനിൽനിന്ന് അറിയാൻ ഇടയായി. അതിനിടയിൽ ഖൈദർ ഖാൻ അറസ്റ്റ് ചെയ്യപ്പെടുകയും രണ്ടുവർഷത്തെ തടവിന് കോടതി അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്‌തു. അതുമൂലം ഖൈദർ ഖാനുമായി പി ആറിനുണ്ടായിരുന്ന സന്പർക്കം ഇല്ലാതായി.
1934ൽ രാമമൂർത്തി തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയിലേക്കും പ്രവർത്തകസമിതിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണേന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ ചുമതലപ്പെട്ട പി സുന്ദരയ്യയുമായി രാമമൂർത്തി പരിചയപ്പെടുന്നത് ഈ കാലയളവിലാണ്. ഉശിരന്മാരായ യുവ കോൺഗ്രസ് പ്രവർത്തകർക്കും കമ്യൂണിസ്റ്റുകാർക്കുമെതിരെ ഗൂഢാലോചന കുറ്റം ഉൾപ്പെടെയുള്ള കള്ളക്കേസുകൾ ബ്രിട്ടീഷ് അധികാരികൾ കെട്ടിച്ചമച്ചിരുന്നു. അത്തരം കേസുകൾ കോടതികളിൽ വന്നുകഴിയുമ്പോൾ സമർഥമായി വാദിക്കുന്നതിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതിന് പി ആർ കഠിനാധ്വാനം ചെയ്‌തു. അഭ്യുദയകാംക്ഷികളിൽനിന്ന് സംഭാവനകൾ സ്വീകരിച്ചും അനുഭാവികളായ അഭിഭാഷകരിൽനിന്ന് സൗജന്യ നിയമസഹായം തേടിയുമാണ് പി ആറും കൂട്ടരും ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനിടയിൽ സുനദരയ്യ 1934ൽ അറസ്റ്റ് ചെയ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപാഹ്വാനം നടത്തിക്കൊണ്ടുള്ള പ്രസംഗം നടത്തി എന്നതായിരുന്നു സുന്ദരയ്യക്കെതിരായ ആരോപണം. കേസ് മദ്രാസിലാണ് വിചാരണയ്‌ക്ക് വന്നത്. സുന്ദരയ്യയുടെ കേസ് വാദിക്കാൻ വക്കീലന്മാരെ ഏർപ്പാട് ചെയ്‌തത് രാമമൂർത്തിയായിരുന്നു.
1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടതോടെ ആ സംഘടനയിൽ രാമമൂർത്തി ആകൃഷ്‌ടനായി. പാട്‌നയിൽ നടന്ന രൂപീകരണസമ്മേളനത്തിലും തുടർന്ന് ബോംബെയിലും മീറത്തിലും നടന്ന സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു.
താമസിയാതെ മദിരാശിയിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഘടകം രൂപീകരിക്കപ്പെട്ടു. ജീവാനന്ദം ഉൾപ്പെടെയുള്ളവർ അതിന്റെ ഉശിരൻ പ്രവർത്തകരായി മാറി. കോൺഗ്രസിലും സോഷ്യലിസ്റ്റ് പാർട്ടിയിലുമായി രാപ്പകൽ ഭേദമില്ലാതെയാണ് രാമമൂർത്തി പ്രവർത്തിച്ചത്. 1936ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, തൊഴിലാളികളെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. മദ്രാസ് ലേബർ പ്രൊട്ടക്‌ഷൻ ലീഗ് എന്ന ട്രേഡ് യുണിയൻ സംഘടന സുന്ദരയ്യയും എസ് വി ഘാട്ടെയും ചേർന്ന് സംഘടിപ്പിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് രാമമൂർത്തി ആവേശത്തോടെ പ്രവർത്തിച്ചു.
1936ൽ അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ജവഹർലാൽ നെഹ്‌റു മദ്രാസ് സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം തമിഴിലേക്ക് പരിഭാഷപ്പെടുത്താൻ നിയോഗിക്കപ്പെട്ടത് രാമമൂർത്തിയായിരുന്നു. വളരെ ഭംഗിയായി അദ്ദേഹമത് നിർവഹിക്കുകയും ചെയ്‌തു. എന്നാൽ ആദ്യയോഗം കഴിഞ്ഞയുടൻ രാമമൂർത്തി അറസ്റ്റ് ചെയ്യപ്പെട്ടു.
ഒരുവർഷത്തെ തടവുശിക്ഷയ്‌ക്ക് ശേഷം ജയിൽമോചിതനായ രാമമൂർത്തി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനാണ് കൂടുതൽ ഊന്നൽ നൽകിയത്. മധുരയിലെയും കോയന്പത്തൂരിലെയും മറ്റും ടെക്‌സ്‌റ്റൈൽ തൊഴിലാളികൾ, ഗ്രം തൊഴിലാളികൾ എന്നിവരെയൊക്കെ അദ്ദേഹം ഈ കാലയളവിൽ സംഘടിപ്പിച്ചു. ജീവാനന്ദവും ശ്രീനിവാസ റാവുവും മറ്റും അദ്ദേഹത്തോടൊപ്പം ഊർജസ്വലമായി പ്രവർത്തിച്ചു.
1939ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചുവല്ലോ. അതേവർഷം തന്നെ മധ്യപ്രദേശിലെ ത്രിപുരിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പി ആർ പങ്കെടുത്തു. ത്രിപുരി സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ അദ്ദേഹം മദ്രാസിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. മദ്രാസിൽനിന്ന് അദ്ദേഹത്തെ നാടുകടത്താനാണ് ഇത്തവണ അധികാരികൾ തീരുമാനിച്ചത്. കുംഭകോണത്തിനടുത്ത് സ്വന്തം ഗ്രാമത്തിലേക്കാണ് അദ്ദേഹം നാടുകടത്തപ്പെട്ടത്. l
(തുടരും)