ഡോ. ബട്ടു സത്യനാരായണ എന്നൊരാളെപ്പറ്റി കേട്ടിട്ടുണ്ടോ? ആർ.എസ്.എസിന്റെ കേന്ദ്രത്തിൽ തന്നെ ദീർഘനാൾ പ്രവർത്തിച്ചയാളും കടുത്ത ഹിന്ദുത്വ പ്രചാരകനുമാണ് അയാൾ. ആർ.എസ്.എസ് നിർദ്ദേശാനുസരണം അയാളെ കേരളത്തിൽ ഒരു സർവ്വകലാശാല വൈസ് ചാൻസലറാക്കി കൊണ്ടുവരാനാണ് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതത്രെ.ഇത് മാധ്യമം പത്രമടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നാലുവർഷ ബിരുദ കോഴ്സടക്കം തുടങ്ങി ലോകനിലവാരത്തിലേക്ക് കേരളത്തിലെ സർവ്വകലാശാലകളെ ഉയർത്താനുള്ള ഭഗീരഥപ്രയത്നം കേരളത്തിൽ നടക്കുമ്പോഴാണ് ഈ കുത്സിത ശ്രമം എന്നത് കാണണം. നമ്മുടെ രാജ്യത്ത് നിന്ന് വിദേശ സർവ്വകലാശാലകളിലേക്ക് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഒഴുകുന്നതിന്നിടയിലാണ് നൂറുകണക്കിന് വിദേശവിദ്യാർത്ഥികൾ നമ്മുടെ എം.ജി., കേരള സർവ്വകലാശാലകളിലേക്ക് അഡ്മിഷനായി ഇത്തവണ അപേക്ഷിച്ചിട്ടുള്ളത് .നമ്മുടെ സർവ്വകലാശാലകളും ഗുണനിലവാരത്തിൽ രാജ്യത്തെ മികച്ചവയായി മാറിക്കൊണ്ടിരിക്കയാണ്. അപ്പോഴാണ് ഇതുപോലുള്ള ചില കൂപമണ്ഡൂകങ്ങളെ ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിക്കാനുള്ള നീക്കം.
ഏറെ ഖേദകരം നമ്മുടെ ലീഗ് അടക്കമുള്ള പ്രതിപക്ഷവും ഈ അഞ്ചാംപത്തി പണിക്ക് ഗവർണർക്ക് കൂട്ടുനിൽക്കുന്നുവെന്നതാണ്. നമ്മുടെ വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനും പുതുതലമുറയെ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് വർഗ്ഗീയവൽക്കരിക്കാനുമുള്ള ഹിന്ദുത്വ അജൻഡക്കാണ് ഇവർ കൂട്ടുനിൽക്കുന്നത്. ഏതുവിധേനയും ഇടതുഭരണം അവസാനിപ്പിച്ച് തങ്ങൾക്ക് അധികാരത്തിലേറണം എന്ന ഒരൊറ്റ അജൻഡയുമായിട്ടാണ് യുഡിഎഫ് നീങ്ങുന്നത്.
ഇന്ത്യയിലാകെ ഹിന്ദുത്വ അജണ്ടക്കെതിരായ ശരിയായ ആശയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതും പ്രത്യക്ഷ പ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും തുടക്കമിടുന്നതും പാർലമെന്റംഗങ്ങളുടെ എണ്ണംകൊണ്ട് തീരെ ചെറുതുമാത്രമാണെങ്കിലും ഇടതുപക്ഷപാർട്ടികളും വിശേഷിച്ചു സി.പി.ഐ.എമ്മുമാണെന്നത് തർക്കമറ്റതാണ്.
ബി.ജെ.പിയുടെ അമിതാധികരവാഴ്ച്ച ആദ്യമായി അടിയറവ് പറഞ്ഞ കർഷകസമരം ആരാണ് ആദ്യമായി ഉയർത്തിക്കൊണ്ടു വന്നത്?നാസിക്കിൽ നിന്നും സി.പി.ഐ.എമ്മിൻ്റെയും കിസാൻ സഭയുടേയും നേതൃത്വത്തിൽ പതിനായിരക്കണക്കിന് ആദിവാസികളടക്കമുള്ള കർഷക, കർഷക തൊഴിലാളികളെ അണിനിരത്തി ബോംബേയിലേക്ക് നടത്തിയ ലോങ്ങ് മാർച്ച് ആയിരുന്നു ആദ്യ കർഷക സമരം. അതിന്റെ വിജയത്തിന്റെ ചുവടുപിടിച്ചാണ് പഞ്ചാബിലെയും ഹരിയാണയിലേയും രാജസ്ഥാനിലേയും പശ്ചിമ യുപിയിലേയും കർഷകർ കിസാൻ സഭയടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ ദില്ലിയിലേക്ക് ട്രാക്ടറുകളുമായി മാർച്ചു ചെയ്തത്.
യഥാർത്ഥത്തിൽ ബി.ജെ.പി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മേഖലകളിലാണ് ഏറ്റവും വലിയ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതെന്നത് കേവലം യാദ്രച്ഛികതയല്ല.
ബി.ജെ.പി.യുടെ അഴിമതിവിരുദ്ധ മുഖംമൂടി കീറിയെറിഞ്ഞത് വാസ്തവത്തിൽ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സുപ്രീം കോടതി നൽകിയ വിധിയല്ലേ? ഇന്ത്യയിൽ ഇലക്ടറൽ ബോണ്ട് സ്വീകരിക്കാത്തത് ഇടതുപാർട്ടികൾ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അതിന്നെതിരെ കടുത്ത നിലപാട് കൈക്കൊണ്ടതും സുപ്രീം കോടതിയിൽ അതിനെതിരെ കേസ് നൽകിയതും സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയായിരുന്നു.അതോടെയല്ലേ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ ഗ്രാഫ് താഴോട്ട് പതിക്കാൻ തുടങ്ങിയത്?
രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ ക്ഷണം കിട്ടിയപ്പോൾ ആ ചടങ്ങ് ബി.ജെ.പിയുടെ കേവലം ഒരു രാഷ്ട്രീയ ചടങ്ങു മാത്രമാണെന്നതിനാൽ അതിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് തുറന്നടിക്കാനുള്ള ആർജ്ജവം ആദ്യം കാണിച്ച പാർട്ടി സി.പി.ഐ.എം അല്ലേ? അതേ തുടർന്നല്ലേ മറ്റു പ്രതിപക്ഷകക്ഷികളും അതേ നിലപാടു സ്വീകരിച്ചത്? ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളെല്ലാം സി.പി.ഐ.എം പാത പിന്തുടർന്നപ്പോൾ മറ്റു ഗത്യന്തരമില്ലാത്തത് കൊണ്ട് മാത്രമാണ് കോൺഗ്രസ് ആ ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. അതിനെ കേവലമൊരു രാഷ്ട്രീയ ചടങ്ങു മാത്രമായി വിലയിരുത്താൻ ജനങ്ങൾക്ക് കഴിഞ്ഞതും ആ ബഹിഷ്‌കരണവും അതുണ്ടാക്കിയ പ്രചരണവും കൊണ്ടല്ലേ? വാസ്തവത്തിൽ അയോദ്ധ്യ നിലകൊള്ളുന്ന ഫൈസാബാദിലടക്കം, യു.പി.യിലാകെ ബി.ജെ.പിയുടെ രാമക്ഷേത്ര പ്രചരണം ഏശാതിരിക്കുവാനും ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ അത് ഗുണം ചെയ്യാതിരിക്കാനും ആ ബഹിഷ്‌കരണ തീരുമാനം എത്ര കണ്ട് സഹായകമായി.
ദില്ലിയിൽ നടന്ന വർഗ്ഗീയ കലാപത്തെ തുടർന്ന് കലാപത്തിലെ പങ്കാളിത്തമാരോപിച്ച് മുസ്ലീം വീടുകൾ പൊളിച്ചുനീക്കാനായി എത്തിയ ബുൾഡോസറുകൾക്ക് മുന്നിൽ കയറിനിന്ന് തടയാൻ ധൈര്യം കാണിച്ചത് സി.പി.ഐ.എം പിബി അംഗമായ ബ്രിന്ദാ കാരാട്ട് മാത്രമല്ലേ?
ബിൽക്കിസ് ബാനു കേസിൽ ഇരയോടൊപ്പം നിന്ന് കേസു കൊടുത്ത്, വിട്ടയച്ച പ്രതികളെ മുഴുവൻ വീണ്ടും ജയിലിലടപ്പിച്ചത് സി.പി.ഐ.എമ്മിന്റെ മുൻകയ്യിലല്ലേ?
ഇങ്ങനെ പാർലമെന്റിൽ വേണ്ടത്ര പ്രാതിനിധ്യമില്ലാഞ്ഞിട്ടുപോലും ബി.ജെ.പിക്കെതിരായ പോരാട്ടത്തിനുള്ള ആശയാടിത്തറ ഒരുക്കിയത് ഇടത് പാർട്ടികളാണെന്നത് അവിതർക്കിതമായ ഒരു വസ്തുതയാണ്.
സ്വാഭാവികമായും ആ പാർട്ടിയേയും ഇടത് പക്ഷത്തേയും നിശ്ശേഷം ഇല്ലാതാക്കാനാണ് ബി.ജെ.പി. ഏറ്റവുമധികം ആഗ്രഹിക്കുന്നതും.
സി.പി.ഐ.എമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന പശ്ചിമ ബംഗാളിൽ മമത ബാനർജിയെ മുന്നിൽ നിർത്തി മറ്റെല്ലാ വിഷജീവികളെയും യോജിപ്പിച്ച് ഒരു മഴവിൽസഖ്യം രൂപപ്പെടുത്തി ഇടത് മുന്നണിയെ അധികാര ഭ്രഷ്ടമാക്കുന്നതിൽ ബി.ജെ.പിയടക്കമുള്ള ഭരണവർഗ്ഗ പാർട്ടികൾ വഹിച്ച പങ്ക് ചെറുതല്ല. മറ്റൊരു ശക്തികേന്ദ്രമായ ത്രിപുരയിൽ ബി.ജെ.പിക്ക് ഒരു എം.എൽ.എ പോലുമില്ലാത്തിടത്ത് കോൺഗ്രസിൻ്റെ പത്തിലധികം വരുന്ന എം.എൽ.എ.മാരടുങ്ങുന്ന നിയമസഭാകക്ഷിയെ മൊത്തത്തിൽ വിലയ്‌ക്കുവാങ്ങി ബി.ജെ.പിയിൽ ചേർത്ത് നടത്തിയ രാഷ്ട്രീയക്കളികൾക്കൊടുവിലല്ലേ ഇടതുമുന്നണിയെ അധികാരത്തിൽ നിന്നും പുറത്താക്കിയത്?
ഇനി ഇന്ത്യയിൽ അവശേഷിക്കുന്ന തുരുത്തിൽ നിന്നു കൂടി സി.പി.ഐ.എമ്മിനെയും ഇടതുപക്ഷത്തേയും തുരത്തണം. അതാണ് സംഘപരിവാറിന്റെ പദ്ധതി.
There is no alternative (ബദലില്ല) എന്ന മൂലധനശക്തികളുടെ നിരന്തര പ്രചരണങ്ങളുടെ മുനയൊടിക്കുന്നത് കേരള സംസ്ഥാനത്തെ ഇടത് ജനാധിപത്യമുന്നണി സർക്കാർ കഴിഞ്ഞ എട്ടുവർഷക്കാലമായി നടപ്പിലാക്കുന്ന ബദൽ നയങ്ങളാണ്. മറ്റൊരു ലോകം സാധ്യമാണെന്ന് അത് നിരന്തരം നമ്മുടെ രാജ്യത്തിന് കാണിച്ചുകൊടുക്കുന്നുണ്ട്. ജനക്ഷേമകരമായ നിരവധി പദ്ധതികൾ നടപ്പിലാക്കിയും, അഭൂതപൂർവ്വമായ വികസന പ്രവർത്തനങ്ങൾ നടത്തിയും, സർവ്വോപരി മതനിരപേക്ഷതയിൽ അടിയുറച്ചു നിന്നുകൊണ്ടും അത് സൃഷ്ടിക്കുന്ന മാതൃക ഇന്ത്യയാകെ ഉറ്റുനോക്കുന്നുണ്ട്. ഭരണവർഗ്ഗത്തെ തെല്ലൊന്നുമല്ല ഇത് അലോസരപ്പെടുത്തുന്നത്. അതുകൊണ്ട് ഏതുവിധേനയും ആ ഭരണത്തെ ഇല്ലായ്മ ചെയ്യണം. അതിന് പതിനെട്ടടവുകളും പയറ്റുകയാണ് സംഘപരിവാറുകാർ.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർക്കതിൽ ചില്ലറ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. നാളിന്നുവരെയില്ലാത്ത വിധം 20% നടുത്ത് വോട്ടുകൾ ബി.ജെ.പി സഖ്യത്തിന് കേരളത്തിൽ നേടിയെടുക്കാൻ കഴിഞ്ഞു. ഹിന്ദുക്കളിലെ പിന്നോക്കക്കാരിലെ സമ്പന്നവിഭാഗത്തെയും അവരുടെ നേതൃത്വത്തിലുള്ള സംഘടനകളേയും അവർക്കനുകൂലമാക്കുവാൻ ഒരുപരിധിവരെ സാധിച്ചു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് സൃഷ്ടിച്ചെടുത്ത സോഷ്യൽ മീഡിയാ കൂട്ടായ്മകൾവഴി കടുത്ത നുണപ്രചരണങ്ങളും വർഗ്ഗീയതയും വ്യാപകമായി പ്രചരിപ്പിച്ചും, വലിയതോതിൽ സാമ്പത്തിക സഹായങ്ങൾ നൽകിയും ഹിന്ദു വിഭാഗങ്ങളിലെ ഒരു ചെറു ന്യൂനപക്ഷത്തെയെങ്കിലും ഒപ്പം നിർത്താൻ അവർക്കായി. ജോസഫ് മാഷുടെ കൈവെട്ടിയ സംഭവവും, ഹാദിയ സോഫിയ പള്ളി പ്രശ്നവും ഉയർത്തിയ മുസ്ലീംവിരുദ്ധത മുതലെടുത്തു ഒരു ഭാഗത്തും, പ്രലോഭനങ്ങളും, ഭീഷണികളും വഴി മറുഭാഗത്തും ഒരു വിഭാഗം ക്രിസ്തീയ വോട്ടുകളും തങ്ങളോടൊപ്പം നിർത്തുവാൻ അവർക്കായി.
ഈ തിരഞ്ഞെടുപ്പുഫലം നൽകുന്ന ഇത്തരം അപകടസൂചനകളൊന്നും പക്ഷേ യു.ഡി.എഫ് പരിഗണിക്കുന്നതു പോയിട്ട് പരിശോധിക്കുന്നു പോലുമില്ല. അവർക്കിപ്പോഴും എങ്ങിനെയെങ്കിലും സംസ്ഥാനത്ത് അധികാരത്തിലെത്തണമെന്ന ഒറ്റ ചിന്തയേയുള്ളൂ. അതിനവർ ഏതറ്റംവരെയും പോകാൻ സന്നദ്ധമാണ്. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന എല്ലാ വിവേചന നിലപാടുകളേയും അവർ പ്രോത്സാഹിപ്പിക്കുകയാണ്. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ളതടക്കം കേരള ഗവർണ്ണറുടെ എല്ലാ ജനവിരുദ്ധ, സംസ്ഥാന വിരുദ്ധ നിലപാടുകളെയും, അവ ഇടത് സർക്കാരിന് എതിരാണ് എന്ന ഒറ്റക്കാരണത്താൽ മാത്രം അവർ സർവ്വാത്മനാ പിന്തുണയ്‌ക്കുകയാണ്.
യു.ഡി.എഫിലെ ഘടകകക്ഷിയായ ലീഗ് ആകട്ടെ ഇടതുപക്ഷത്തെ തോല്പിക്കാനായി എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി പോലെയുള്ള തീവ്ര വർഗ്ഗീയ കക്ഷികളുമായി പോലും കൈകോർക്കുകയാണ്. ബി.ജെ.പിക്ക് ചൂണ്ടിക്കാണിക്കാനും മതേതരരായ ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെ പോലും തങ്ങളോടൊപ്പം അണിനിരത്താനും ഇതിലും സഹായകമായി മറ്റെന്തുണ്ട്?
ഉത്തരേന്ത്യയിൽ ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ക്ഷീണം സംഭവിച്ചുവെന്നത് ആശ്വാസകരമാണ്. എന്നാൽ ദക്ഷിണേന്ത്യയിൽ അവരുടെ സ്വാധീനം വർദ്ധിക്കുകയാണ് ചെയ്തത്.
ബാലികേറാമലയായി കണക്കാക്കപ്പെട്ടിരുന്ന കേരളത്തിൽ പോലും അവർക്ക് ഒരു പാർലമെന്റ് അംഗത്തെ വിജയിപ്പിച്ചെടുക്കാനായി.
കേന്ദ്രഭരണം ഉപയോഗിച്ച് കേരളത്തിലെ പ്രബല ഹിന്ദുസംഘടനകളേയും ക്രിസ്ത്യൻ സംഘടനകളെയും സമ്മർദ്ദത്തിലാക്കാൻ അവർക്കിപ്പോഴും ആകും. പത്ത് പതിനൊന്ന് നിയമസഭാ നിയോജക മണ്ഡലങ്ങളിലെങ്കിലും ഈ തിരഞ്ഞെടുപ്പിൽ അവർ ഒന്നാം സ്ഥാനത്തെത്തി എന്നത് നിസ്സാരമായി കണ്ടുകൂട. ഇടതുപക്ഷ സർക്കാരിനെ നിഷ്കാസനം ചെയ്യാൻ അവർ നിരുപാധികം യു.ഡി.എഫിനെ സഹായിക്കാൻ വരെ തയ്യാറായിക്കൂടെന്നില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലാകെ ഇടത് രാഷ്ട്രീയത്തിന്റെ സ്വാധീനം തകർക്കേണ്ടത് അനിവാര്യമാണ്. കേരളത്തിൽ ഇടത് സർക്കാർ ഉയർത്തിപ്പിടിക്കുന്ന ബദൽ നയങ്ങളുടെ ഭീഷണിയും അവസാനിപ്പിക്കേണ്ടതുണ്ട്. രണ്ടക്കം കടക്കുന്ന സീറ്റുകൾ ബി.ജെ.പിക്ക് നിയമസഭയിൽ ലഭിച്ചാൽ ത്രിപുരയിൽ ചെയ്തപോലെ കോൺഗ്രസ് നിയമസഭാകക്ഷിയെ ഒന്നടങ്കം വിലക്കെടുക്കാൻ പോലും അവർ സന്നദ്ധരാകും. കാരണം അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കടമ്പ കേരളത്തിലെ മതനിരപേക്ഷ സർക്കാരും അതിന്റെ ബദൽ നയങ്ങളുമാണ്. അതിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് ഇന്ത്യയിലാകെ ബദൽ നയങ്ങൾക്കായുള്ള പ്രക്ഷോഭ സമരങ്ങൾക്ക് ഊർജ്ജം പകരുന്നത്.അതുകൊണ്ട് ഇന്ത്യയെ വർഗ്ഗീയതയ്‌ക്ക് കീഴ്പ്പെടുത്താൻ അവർക്ക് ആത്യന്തികമായി കേരളത്തെ കീഴ്‌പ്പെടുത്തേണ്ടതുണ്ട്.
ഈ അപകടം കേരളത്തിലെ മതന്യൂനപക്ഷങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ബി.ജെ.പി.ക്കെതിരായ ഗ്യാരണ്ടി മതനിരപേക്ഷ കേരളത്തിന്റെ നിലനിൽപ്പാണ്. അതിന് ഇടത്പക്ഷത്തേയും, ഇടതുപക്ഷ സർക്കാരിനേയും നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് കേരള ജനത പൊതുവേയും മതന്യൂനപക്ഷങ്ങൾ വിശേഷിച്ചും തിരിച്ചറിയേണ്ടതുണ്ട്.
സോവിയറ്റ് യൂണിയൻ ഇല്ലാത്ത ലോകത്തെ നിങ്ങൾ കാണുന്നില്ലേ?
പരിമിതമായ തോതിലെങ്കിലും ഇടതുപക്ഷം കൂടിയില്ലാത്ത ഇന്ത്യയെ നിങ്ങൾ ഒന്ന് സങ്കൽപ്പിച്ചുനോക്കൂ.