Tuesday, September 17, 2024

ad

Homeലേഖനങ്ങൾനിശ്ചയദാർഢ്യത്തോടെ ഇടതുപക്ഷം

നിശ്ചയദാർഢ്യത്തോടെ ഇടതുപക്ഷം

ഡോ. കീർത്തിപ്രഭ

കേരള ഗവൺമെന്റിന്റെ എക്കാലത്തുമുള്ള നിയമസഭാ രേഖകൾ വിവരിക്കുന്ന ഒരു വെബ്സൈറ്റ് ആണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി (kla) പ്രൊസീഡിങ്സ്. കണ്ണൂർ എയർപോർട്ട്, മെട്രോ, ഐടി പാർക്ക്, വിഴിഞ്ഞം പോർട്ട്‌ ഇങ്ങനെ പല വികസനങ്ങൾക്കും കാരണം ആരാണെന്ന അവകാശവാദങ്ങളും തർക്കങ്ങളും സ്ഥിരമായി ഇവിടെയുള്ള കാഴ്ചയാണ്.അവിടെയാണ് കെ എൽ എ പ്രോസീഡിംഗ്സിന്റെ പ്രസക്തി. ഓരോ സർക്കാരുകളുടെയും കാലത്തു നടന്നിട്ടുള്ള നിയമസഭ പ്രവർത്തനങ്ങളും ചർച്ചകളും അംഗങ്ങൾ തമ്മിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വികസന പ്രവർത്തനങ്ങൾ അടക്കം നടത്തിയ എല്ലാ പ്രക്രിയകളുടെയും രേഖകളും തീയതി സഹിതം ഈ വെബ്സൈറ്റിൽ ലഭിക്കും.എന്താണ് അറിയേണ്ടത് എന്ന് ടൈപ്പ് ചെയ്തു കൊടുത്താൽ മാത്രം മതി.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് നടപ്പിലാക്കി എന്ന് കോൺഗ്രസ് പ്രവർത്തകർ കൊട്ടിഘോഷിച്ച് പറയുന്ന വിഴിഞ്ഞം പോർട്ട്‌,മെട്രോ,കണ്ണൂർ എയർപോർട്ട് തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനങ്ങൾ ബഹുഭൂരിപക്ഷവും ചെയ്തിരിക്കുന്നത് ഏതു ഭരണകാലത്താണ് എന്ന് കൃത്യമായി ഈ വെബ്സൈറ്റിൽ കാണാം. അതിനകത്ത് കൊച്ചി മെട്രോ എന്ന് ടൈപ്പ് ചെയ്താൽ ഓരോ സർക്കാറിന്റെ ഭരണകാലത്തും കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്, നിയമസഭയിൽ നടന്ന ചർച്ചകൾ, അതുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം തീയതി അടക്കം കൃത്യമായി അറിയാൻ സാധിക്കും. അങ്ങനെ നോക്കിയാൽ കേരളത്തിൽ ഇപ്പോൾ കോൺഗ്രസുകാർ ഞങ്ങളുടെത് എന്നു വിളിച്ചു പറയുന്ന ബഹുഭൂരിപക്ഷം പദ്ധതികളുടെയും തുടക്കം വിവിധ ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണ് എന്നു കാണാം. നായനാർ സർക്കാറിന്റെ കാലത്താണ് കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങിയ പദ്ധതികളുടെ ഭൂരിപക്ഷം പ്രവർത്തനങ്ങളും നടന്നിട്ടുള്ളത്. പദ്ധതികളെക്കുറിച്ചുള്ള പഠനം നടക്കുന്നതും അതിനുള്ള ആദ്യത്തെ ഫണ്ട് നീക്കിവെക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതും ഇടതുപക്ഷ സർക്കാരുകളാണ്. പക്ഷേ ഇതിന്റെ ഭാഗമായിട്ടുള്ള ചില കൺസ്ട്രക്ഷൻ വർക്കുകൾ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയിട്ടുണ്ട്. കണ്ണൂർ എയർപോർട്ട് ആയി ബന്ധപ്പെട്ട 192.18 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അവസാനത്തെ (1996-‐2001)നായനാർ സർക്കാരാണ്. അതുകഴിഞ്ഞ് വന്ന ഉമ്മൻചാണ്ടി ഗവൺമെന്റ് ഒരു സെന്റ് ഭൂമി പോലും അതിനുവേണ്ടി ഏറ്റെടുത്തിട്ടില്ല. പിന്നീട് ബാക്കി 1086 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അച്യുതാനന്ദൻ സർക്കാരാണ്. പിന്നീട് അവസാനത്തെ ഉമ്മൻചാണ്ടി സർക്കാർ വന്നപ്പോൾ ആദ്യത്തെ രണ്ടുവർഷം ഒന്നും ചെയ്തില്ല. പിന്നീട് തുടർഭരണം ലഭിക്കാനുള്ള സാധ്യതകൾ കണക്കിലെടുത്തുകൊണ്ട് രണ്ടുവർഷത്തിനു ശേഷം ഉമ്മൻചാണ്ടി സർക്കാർ അതിന്റെ കൺസ്ട്രക്ഷൻ വർക്കുകൾ നടത്തുകയാണ്. അപ്പോൾ കോൺഗ്രസ്‌ അതു മുഴുവനായും ഉമ്മൻചാണ്ടി സർക്കാരിന്റെ പദ്ധതിയായി അങ്ങ് പ്രഖ്യാപിക്കുന്നു. മെട്രോയുടെ കഥയും വേറൊന്നല്ല. നായനാർ സർക്കാരിന്റെയും അച്യുതാനന്ദൻ സർക്കാറിന്റെയും കാലത്താണ് മെട്രോയെ കുറിച്ചുള്ള വലിയ ചർച്ചകളും പഠനങ്ങളും പ്രവർത്തനങ്ങളും നടക്കുന്നത്. ഇങ്ങനെ പല വികസനങ്ങളുടെയും സുപ്രധാന പ്രവർത്തനങ്ങളുടെ സിംഹഭാഗവും ഏറ്റവും വിഷമകരമായ ഭൂമി ഏറ്റെടുക്കൽ പോലെയുള്ള പ്രവർത്തനങ്ങളും ഇടതുപക്ഷ സർക്കാരുകളുടെ ഭരണകാലത്ത് തുടങ്ങി വെച്ചിട്ടുണ്ട്.

വിഴിഞ്ഞം വികസനത്തെക്കുറിച്ച് പറയുമ്പോഴും സ്ഥിതി മറ്റൊന്നല്ല. തിരുവിതാംകൂർ രാജവംശത്തിന്റെ കാലത്ത് സി പി രാമസ്വാമി അയ്യർ വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം ഉണ്ടാക്കണം എന്ന ആവശ്യങ്ങൾ മുന്നോട്ട് വച്ചതായി കേട്ടിട്ടുണ്ട്. പിന്നീട് അതിൽ വലിയ പുരോഗതിയൊന്നും ഉണ്ടായതുമില്ല. അതിുെശേഷം 1977ലാണ് വിഴിഞ്ഞം തുറമുഖത്തേക്കുറിച്ചുള്ള ചർച്ചകൾ കുറച്ചു കൂടി സജീവമായത്. പക്ഷെ അതും പിന്നീട് ഉപേക്ഷിക്കപ്പെട്ടു. വിഴിഞ്ഞം അപ്പോഴൊക്കെ ഒരു മത്സ്യബന്ധന തുറമുഖമായിരുന്നു എങ്കിലും ചരക്ക് തുറമുഖം ആയിരുന്നില്ല. പിന്നീട് കെ കരുണാകരൻ മന്ത്രിസഭയിലാണ് വിഴിഞ്ഞം ചരക്ക് തുറമുഖം ആക്കാനുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചത്. ചെന്നൈ ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി ചില ധാരണകളും അന്നുണ്ടായിരുന്നു. അതിനുശേഷം 1995‐-1999 കാലഘട്ടത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന ഇ.കെ നായനാർ സർക്കാർ ആണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുറിച്ചുള്ള ചർച്ചകളും കൂടുതൽ ഫലപ്രദമായ തീരുമാനങ്ങളും എടുക്കുന്നത്. അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ തീരുമാനത്തെത്തുടർന്ന് തുറമുഖത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. കുമാർ ഏജൻസിസ് എന്ന ഒരു കമ്പനിയുമായി കരാർ ഒപ്പുവെച്ചു. തുടർന്ന് അധികാരത്തിൽ വന്ന എ കെ ആന്റണി സർക്കാർ ഈ പഠനം പൂർത്തിയാക്കാതെയാണ് ടെൻഡർ നടപടികളിലേക്ക് കടന്നത്. ആന്റണിയുടെ ടെൻഡർ നടപടികൾ പ്രകാരം കരാർ നേടിയ കൺസോർഷ്യത്തിന് കേന്ദ്രസർക്കാർ നിർണായക സുരക്ഷാ അനുമതി നിഷേധിച്ചു.

2006-ൽ വി എസ് അച്യുതാനന്ദൻ സർക്കാർ തുറമുഖവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുകയും അനുമതിക്കായി കേന്ദ്ര സർക്കാരിന് വീണ്ടും അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ വീണ്ടും അപേക്ഷ നിരസിച്ചു. അക്കാലത്ത് ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള ഒരു കമ്പനി, ലാങ്കോ ഗ്രൂപ്പ്, സർക്കാർ നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് സംസ്ഥാനത്തിന് തുടർച്ചയായ ലാഭം വാഗ്ദാനം ചെയ്യുന്ന ലേലം (നെഗറ്റീവ് ടെൻഡർ) സമർപ്പിച്ചു. ഈ ലേലം സ്വീകരിക്കുകയുമുണ്ടായി. എന്നാൽ, ലാങ്കോ കൊണ്ടപ്പള്ളിക്ക് ചൈനീസ് കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ടെൻഡർ നടപടികളിൽ പങ്കെടുത്ത ചില കമ്പനികൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ലാങ്കോ ടെൻഡറിൽ നിന്ന് പിന്മാറിയത്. അന്നത്തെ യുപിഎ സർക്കാർ ആ കമ്പനിക്ക് രാജ്യസുരക്ഷാ കാരണങ്ങൾ എന്നപേരിൽ അനുമതി നിഷേധിക്കുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ട് വി എസ് സർക്കാർ ഒരു സർവ്വകക്ഷി യോഗം വിളിക്കുന്നു. അതിനുശേഷമാണ് പൊതു സ്വകാര്യ പങ്കാളിത്തം (PPP- പബ്ലിക് പ്രൈവറ്റ് പ്രോപ്പർട്ടി) എന്ന സേവനം മാതൃകയായി നിർദ്ദേശിക്കപ്പെട്ടത്. ആ മാതൃക പ്രകാരം കരാർ വിളിക്കുന്നതിന്റെ ഭാഗമായി ഒരു ആഗോള മീറ്റ് നടത്തുകയും ചെയ്തു. പദ്ധതിയുടെ സാമ്പത്തിക യുക്തിയുടെ അന്തർലീനമായ സാധ്യത കാരണം പിപിപി മാതൃകയിൽ വിളിച്ച രണ്ട് റൗണ്ട് ലേലങ്ങളും ടെൻഡറുകളും പരാജയപ്പെട്ടു. കേന്ദ്രത്തിൽ നിന്ന് സുരക്ഷാ അനുമതി ലഭിക്കാത്ത ചൈനീസ് കമ്പനിക്കാണ് ആദ്യ റൗണ്ട് അനുമതി ലഭിച്ചത്. രണ്ടാം റൗണ്ട് ആദ്യം ലാങ്കോ ഗ്രൂപ്പിന് ലഭിച്ചു. തുടർന്ന് യുഡിഎഫ് സർക്കാരിന്റെ കാലത്ത് കരാറിന്റെ ഭാഗമായിരുന്ന സൂം ഡെവലപ്പേഴ്‌സ് എന്ന കമ്പനി കേരള ഹൈക്കോടതിയിൽ ഇതിനെതിരെ നീങ്ങുകയും അത് ലാങ്കോ ഗ്രൂപ്പിന്റെ പിൻവാങ്ങലിലേക്ക് നയിക്കുകയും ചെയ്തു. തുടർന്ന് സർവകക്ഷിയോഗം ചേരുകയും പുതിയ ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി തുറമുഖ നിർമാണത്തിനായി നിക്ഷേപകരെ ആകർഷിക്കാൻ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ഈ മീറ്റിൽ വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി പങ്കെടുത്തു. അക്കാലത്താണ് ആഗോള ടെൻഡറിന് വേണ്ടിയുള്ള നടപടികളൊക്കെ ആരംഭിക്കുന്നത്. വിഎസ് സർക്കാർ ലോക ബാങ്കിന്റെ കീഴിലുള്ള ഇന്റർനാഷണൽ ഫൈനാൻസ് കമ്മീഷൻ (IFC) നെ ഈ പദ്ധതിയുടെ വിദഗ്ധ ഉപദേശകരായി നിയമിച്ചു. ഐ എഫ് സി ബ്രിട്ടൻ ആസ്ഥാനമായുള്ള ഡ്യൂറി കമ്പനിക്ക് ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള കുറിച്ചുള്ള മാർക്കറ്റിംഗ് പഠനത്തിന് ചുമതല നൽകി. പൊതുസ്വകാര്യ പങ്കാളിത്തം എന്ന ആശയത്തിനു പകരം സർക്കാർ ഉടമസ്ഥതയിൽ ഈ പദ്ധതി കൊണ്ടുവരുന്നതാവും കേരളത്തിൽ ഉചിതം എന്നാണ് ഡ്യൂറി നിർദേശിച്ചത്.പിന്നീട് വിഎസ് സർക്കാർ അതിനനുസരിച്ച് മുന്നോട്ടുപോകാനും ആരംഭിച്ചു. ഇത്രയും വലിയ തുക സർക്കാറിന് ഒറ്റയ്ക്ക് ചിലവഴിക്കുക സാധ്യമല്ല എന്നതുകൊണ്ട് തന്നെ ഒരു സ്വകാര്യ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വി എസ് സർക്കാറിന്റെ കാലത്ത് നടത്തി. അതിന്റെ ഭാഗമായി സർക്കാർ 120 ഏക്കർ സ്ഥലം ഏറ്റെടുക്കുകയും ആ ഭാഗത്തേക്കുള്ള ശുദ്ധജലവിതരണ സംവിധാനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്തു. ദേശീയപാതയിൽനിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള നാലുവരിപ്പാതയുടെ നിർമ്മാണപ്രവർത്തനങ്ങളും റെയിൽ ഗതാഗതത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളും അന്ന് ആരംഭിച്ചു. 2010 ലാണ് തുറമുഖം നിർമ്മിക്കാൻ ആവശ്യമായിട്ടുള്ള സ്ഥലത്തിന്റെ പരിസ്ഥിതി ക്ലിയറൻസിന് വേണ്ടി കേന്ദ്രസർക്കാരിനെ സമീപിക്കുന്നത്. കേരളത്തിൽനിന്ന് എ കെ ആന്റണിയും വയലാർ രവിയും അടക്കം പ്രമുഖരായ നേതാക്കൾ കേന്ദ്രമന്ത്രിമാരായി അധികാരത്തിലുള്ള അന്നത്തെ യുപിഎ സർക്കാർ വളരെ വിചിത്രമായ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് പാരിസ്ഥിതിക അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. തൊട്ടടുത്ത് വല്ലാർപാടവും തൂത്തുക്കുടിയും ചെന്നൈയും ഒക്കെ തുറമുഖങ്ങൾ ആയി ഉള്ളപ്പോൾ വിഴിഞ്ഞത്തിന്റെ പാരിസ്ഥിതിക ആഘാതപഠനത്തിന് അനുമതി നൽകാൻ ആകില്ല എന്നാണ് അന്ന് യു പി എ സർക്കാർ പറഞ്ഞത്. പരിസ്ഥിതി ക്ലിയറൻസിന് വീണ്ടും അപേക്ഷ കൊടുത്തെങ്കിലും അതും നിഷേധിക്കുകയാണ് ഉണ്ടായത്.

ഐ എഫ് സി യുടെ ലാഭക്ഷമതാ പഠനത്തിനുശേഷം 2011-‐2016 ൽ ഉമ്മൻ‌ചാണ്ടി സർക്കാർ കാലത്ത് എയ്കോം, എച്ച് എസ് എ അഡ്വക്കേറ്റ്സ്, ഏണസ്റ്റ് ആൻഡ് യങ് തുടങ്ങിയ കമ്പനികളോടും ലാഭക്ഷമതാപഠനത്തിന് ആവശ്യപ്പെടുകയുണ്ടായി. വിവിധ കമ്പനികളുടെ ലാഭക്ഷമതാ പഠനങ്ങൾക്ക് ശേഷം വളരെ വലിയ മുടക്കുമുതൽ ആയതിനാൽ സർക്കാരിന്റെ അകമഴിഞ്ഞ സഹായമില്ലാതെ ഈ പദ്ധതി ലാഭകരമാവില്ല എന്നതുകൊണ്ട് പല സ്വകാര്യ കമ്പനികളും ഈ പദ്ധതിയിൽ നിന്ന് പിന്മാറുകയുമുണ്ടായി. ആ കാലത്താണ് ഈ പദ്ധതിയുടെ ടെൻഡർ അദാനി ഗ്രൂപ്പ്‌ ലേലം വിളിച്ച് എടുക്കുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ചുമതല അദാനി ഗ്രൂപ്പിന് നൽകുന്നതിനുള്ള നടപടികളെല്ലാം ഏതാണ്ട് പൂർത്തിയായതിനു ശേഷം മാത്രമാണ് പദ്ധതി ലാഭകരമാവില്ല എന്ന പല കമ്പനികളുടെയും റിപ്പോർട്ട് വെളിച്ചം കാണുന്നത്. വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകിക്കൊണ്ടുള്ള കരാർ ഒപ്പുവയ്ക്കുന്നതിനു മുമ്പേ ടെൻഡർ സംബന്ധിച്ച എല്ലാ രേഖകളും വിഴിഞ്ഞം തുറമുഖ കമ്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാകും എന്ന് പറഞ്ഞ ഉമ്മൻചാണ്ടി അന്തിമ തീരുമാനമാകാതെ ഒന്നും പുറത്തുവിടാൻ കഴിയില്ല എന്ന തീരുമാനത്തിലേക്ക് പിൻവലിയുകയായിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നത് 2014 ജനുവരി മൂന്നിനാണ്. കെ വി തോമസ് എംപിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അദാനിയുമായി മിനിറ്റ്സ് ഇല്ലാത്ത രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനായിരുന്നു എന്നതിനും സുതാര്യത ഉണ്ടായിരുന്നില്ല. 2014 വരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ രീതിയിൽ കേൾക്കാത്ത അദാനി എന്ന പേര് ഇത്ര വലിയ വ്യവസായ പ്രമുഖ സ്ഥാനത്തേക്ക് എത്തിയത് തന്നെ 2014ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷമാണ്. അദാനിയും ആയുള്ള ടെൻഡർ പ്രകാരം ആകെ തുകയുടെ 57 ശതമാനം സംസ്ഥാന സർക്കാരും 11% കേന്ദ്രസർക്കാരും 32% അദാനി ഗ്രൂപ്പും വഹിക്കണം എന്ന ധാരണയാണ് ഉണ്ടായത്. ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് വി എം സുധീരനും വി ഡി സതീശനും അടക്കം അന്ന് പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് അന്ന് ഇടതുപക്ഷ പ്രസ്ഥാനവും പറഞ്ഞതും എതിർത്തതും. ഒരു പദ്ധതിയുടെ പൊതുസ്വകാര്യ പങ്കാളിത്തത്തിൽ സ്വകാര്യ കമ്പനിക്ക് ലാഭം എടുക്കാനുള്ള അനുമതി 30 വർഷത്തേക്കൊക്കെയാണ് സാധാരണ കൊടുക്കുക. പക്ഷേ ഉമ്മൻചാണ്ടി സർക്കാർ 40 വർഷത്തേക്ക് പദ്ധതിയിൽ നിന്ന് ലാഭം എടുക്കാനായി അദാനി ഗ്രൂപ്പിന് സഹായം ചെയ്തു കൊടുക്കുകയാണ് ആ വ്യവസ്ഥ വഴി നടപ്പാക്കുവാൻ ഉദ്ദേശിച്ചത്. 5000 കോടി രൂപയോളമുള്ള അഴിമതി ഇതിനു പുറകിൽ നടന്നിട്ടുണ്ട് എന്നത് തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ അന്ന് ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും എതിർപ്പുകൾ ഉണ്ടായത്. വിഴിഞ്ഞം തുറമുഖം വരുന്നതിനെതിരായി ഇടതുപക്ഷം പ്രവർത്തിച്ചു എന്ന രീതിയിലാണ് പരിഹാസങ്ങൾ പലതും.കരാർ വ്യവസ്ഥകളിലെ ചില പ്രശ്നങ്ങൾക്ക് എതിരെയാണ് അന്ന് കടൽ കൊള്ള എന്ന് പറഞ്ഞത് എന്ന് മനസിലാക്കാനുള്ള സാമാന്യബോധംപോലും ചിലർക്കില്ല. 2016 ഏപ്രിൽ 25‐ാം തീയതിയിലെ ദേശാഭിമാനി പത്രത്തിൽ ആണ് കടൽക്കൊള്ള എന്ന തലക്കെട്ടിലുള്ള വാർത്ത വന്നത്. ആ വാർത്ത വായിച്ചു നോക്കിയാൽ തന്നെ വ്യക്തമാണ് കാര്യങ്ങൾ.സർക്കാരുകൾ എപ്പോഴും ഒരു തുടർച്ചയാണ്.പദ്ധതിക്കെതിരെ അല്ല ഇടതുപക്ഷം പ്രതിഷേധിക്കുന്നത്, സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടാക്കും വിധമുള്ള കരാറിനെതിരെയാണ് പ്രതിഷേധം. തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി വാർത്തയിൽ പറയുന്നുണ്ട്.

2011 ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ പ്രവർത്തകർ സഭയ്ക്കകത്തും പുറത്തും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത് പഴയ വാർത്തകൾ എടുത്തുനോക്കിയാൽ തന്നെ അറിയാൻ സാധിക്കും. വിഴിഞ്ഞത്തു നിന്നും സെക്രട്ടറിയേറ്റിലേക്ക് അന്ന് ഇടതുപാർട്ടികൾ മനുഷ്യചങ്ങല തന്നെ സംഘടിപ്പിച്ചത് സകലരും മറന്നുപോയിരിക്കും. 262 ദിവസം നീണ്ടുനിന്ന സമരങ്ങൾ വരെ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്ന് ഇടതുപക്ഷം നടത്തിയിരുന്നു. 2010 ആഗസ്റ്റിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ചെറിയ രീതിയിലെങ്കിലും നടത്തികൊണ്ട് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നിർവഹിച്ചിരുന്നു എന്നും ഓർക്കണം. അദാനിയുമായി സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ കരാർ ഉണ്ടാക്കിയതിനുശേഷം വിഴിഞ്ഞം പദ്ധതിക്ക് ഒരു തറക്കല്ലിട്ടുകൊണ്ടാണ് ഉമ്മൻചാണ്ടി ഗവൺമെന്റ് പടിയിറങ്ങുന്നത്. അതിനുമുൻപുള്ള വി എസ് അച്യുതാനന്ദൻ സർക്കാർ വിഴിഞ്ഞത്ത് നടത്തിയിട്ടുള്ള സ്ഥലം ഏറ്റെടുക്കലും റോഡ് വികസനവും പോലെയുള്ള അടിസ്ഥാന വികസന സൗകര്യങ്ങളോട് നീതിപുലർത്തുന്ന പ്രവർത്തനങ്ങൾ ഉമ്മൻചാണ്ടി സർക്കാറിന് നടത്താനായിട്ടില്ല.

പിന്നീട് 2016ൽ അധികാരത്തിലെത്തിയ പിണറായി സർക്കാർ ഉമ്മൻചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാറിൽ തന്നെ മുന്നോട്ടുപോകും എന്ന് പറഞ്ഞു. വീണ്ടും ഒരു റീ ടെൻഡർ എന്നത് നിയമനൂലാമാലകളിൽപെട്ട് മുൻപ് ഉണ്ടായതുപോലെ വിഴിഞ്ഞം പദ്ധതിയിൽ ഇനിയും കാലതാമസം ഉണ്ടാക്കും എന്നും ഇനി കരാറിൽ നിന്ന് പിന്നോട്ട് പോയാൽ ഭീമമായ നഷ്ടം വീണ്ടും വരിക സംസ്ഥാന സർക്കാരിന് തന്നെയായിരിക്കുമെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് ആ തീരുമാനം.

കഴിഞ്ഞ കുറച്ചു വർഷക്കാലത്തെ പിണറായി സർക്കാരിന്റെ നിരന്തര പരിശ്രമങ്ങൾ തന്നെയാണ് ഈ പദ്ധതി യഥാർഥ്യമാക്കിയത്. 5500 കോടി രൂപയോളമാണ് നിലവിലുള്ള സർക്കാർ ഇതിനുവേണ്ടി ചിലവഴിച്ചത്. 818 കോടി രൂപ കേന്ദ്രസർക്കാരും ബാക്കിയുള്ള തുക അദാനി ഗ്രൂപ്പും ആണ് ചിലവഴിച്ചത്. വി എസ് ഗവണ്മെന്റ് ഏറ്റെടുത്ത 120 ഏക്കറിന് പുറമെ ഭൂമി ഏറ്റെടുക്കുകയും ഉമ്മൻ‌ചാണ്ടി സർക്കാർ കാലത്ത് പദ്ധതിക്ക് വേണ്ടി അദാനിക്ക് കൈമാറിയിട്ടുള്ള ആവശ്യമില്ലാത്ത ഭൂമി തിരിച്ചുപിടിക്കുകയും കരിങ്കൽ ക്ഷാമമുണ്ടായപ്പോൾ നിർമാണപ്രവർത്തനത്തിനു വേണ്ടിയുള്ള കരിങ്കൽ ക്വാറികൾ തുടങ്ങുകയും ഉൾപ്പെടെ വിവിധ വകുപ്പുകളെ കൂട്ടിച്ചേർത്തുകൊണ്ട് കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് വിഴിഞ്ഞം ഇന്ന് യാഥാർഥ്യമായിരിക്കുന്നത്. 2019ൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം പദ്ധതിക്ക് ഓഖിയും പ്രളയവും കാരണം കാലതാമസം വരികയും പിന്നീട് കോവിഡ് മഹാമാരി എത്തിയതോടെ പ്രവർത്തനങ്ങളെല്ലാം നിലയ്ക്കുന്ന അവസ്ഥയുമുണ്ടായി. ഈ പ്രശ്നത്തിൽ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോര്‍ട്ട് ലിമിറ്റഡും വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും പ്രശ്നം നീണ്ടുപോകുന്നത് പദ്ധതിയുടെ പൂർത്തീകരണത്തെ ബാധിക്കുമെന്ന് കണ്ട് സർക്കാർ ഇടപെടുകയും വിവിധ വ്യവസ്ഥകളോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ പെട്ടന്ന് തന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തു.

വലിയ വികസനപദ്ധതികൾ വിഭാവനം ചെയ്യുവാൻ സാമൂഹികമായ പല കാരണങ്ങൾ കൊണ്ടും കേരളത്തിൽ പൊതുവെ കാലതാമസം ഉണ്ടാവാറുണ്ട്. പക്ഷേ അതിനെയൊക്കെ ന്യായപൂർവ്വം മറികടന്നുകൊണ്ട് സാധ്യമാകില്ല എന്ന് കരുതുന്ന സ്വപ്ന പദ്ധതികൾ നമ്മുടെ നാട്ടിലേക്കും വന്നു ചേരുകയാണ്.സർക്കാരുകളും അവരുടെ പ്രവർത്തനങ്ങളും ഒരു തുടർച്ചതന്നെയാണ്.വിഴിഞ്ഞം പദ്ധതിയിൽ എൽഡിഎഫും യുഡിഎഫും അവരുടേതായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് എങ്കിലും ഈ പദ്ധതിക്ക് കേന്ദ്രത്തിൽ ഉണ്ടായിരുന്ന യുപിഎ സർക്കാർ പല സമയങ്ങളിൽ തടസം നിന്നതും വിസ്മരിക്കാനാവില്ല. പക്ഷെ പല പദ്ധതികളും നീതിയുക്തമായി സാധ്യമാക്കാൻ ഇടതുപക്ഷ സർക്കാരുകളോളം മറ്റാരും ശ്രമിച്ചിട്ടും ഇല്ല. അടിസ്ഥാനമില്ലാത്ത നിരവധി ആരോപണങ്ങളും അധിക്ഷേപങ്ങളും കൊണ്ട് നിരന്തരം ആക്രമണങ്ങൾ നേരിട്ടിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ഇതുപോലുള്ള പല വികസന പദ്ധതികൾക്കും നിശ്ചയദാർഢ്യത്തോടെ മുന്നിൽനിന്ന് നയിക്കുന്നത് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷ വീണ്ടും വീണ്ടും ഉയർത്തുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × one =

Most Popular