Wednesday, December 4, 2024

ad

Homeചിത്രകലഫാസിസത്തിനെതിരെ ചിത്രപ്രദർശനം

ഫാസിസത്തിനെതിരെ ചിത്രപ്രദർശനം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

രു രാജ്യത്തിന്റെ ഭരണസംവിധാനത്തെ ഭരണാധികാരികളുടെ താൽപര്യങ്ങൾക്കനുസരിച്ച്‌ ഉടച്ചുവാർക്കലാണ്‌ ഫാസിസം ലക്ഷ്യമിടുന്നത്‌. മനുഷ്യത്വം തൊട്ടുതീണ്ടാതെ സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി നിയമങ്ങളും അധികാരവും വളച്ചൊടിക്കുന്ന രീതിശാസ്‌ത്രം കൂടിയാകുന്നു ഫാസിസം. ഇറ്റാലിയൻ ഭാഷയിൽ Fasces എന്ന വാക്കിൽനിന്ന്‌ ലത്തീൻ ഭാഷയിലെ Fasces എന്ന വാക്കിൽനിന്നുമാണ്‌ ഫാസിസം എന്ന പദമുണ്ടായതെന്ന്‌ വിദഗ്‌ധർ പറയുമ്പോഴും പല അർഥതലങ്ങളിലൂടെ ഫാസിസം ലോകത്തെ വെട്ടയാടിയ അനുഭവങ്ങൾ ചരിത്രം അടിയാളപ്പെടുത്തുന്നു. അതിന്റെ തുടർച്ചയാണ്‌ ഫാസിസം വേരോടിയ ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ഭരണരീതികളിലൂടെയുള്ള ദുരിതക്കയത്തിൽ മനുഷ്യർ എരിഞ്ഞൊടുങ്ങിയത്‌. ഫാസിസത്തിനെതിരെ പ്രതികരിക്കുന്ന കലാവിഷ്‌കാരങ്ങൾ ഫാസിസത്തിന്റെ പിറവിയോടൊപ്പംതന്നെ വിവിധ കലാരൂപങ്ങളായി രൂപപ്പെട്ടിട്ടുണ്ട്‌, ഒറ്റപ്പെട്ട രീതിയിലാണെങ്കിൽപോലും. ഇവിടെ ചിത്രകലയാണ്‌ പരാമർശിക്കുന്നത്‌. ഫാസിസത്തിനെതിരെ ഉൾക്കരുത്തുള്ള കലാസാന്നിധ്യമായിരുന്നു പിക്കാസോയുടെ രചനകൾ, ഗൂർണിക്കയടക്കം. അതിനു തുടർച്ചയായി നിരവധി വിഖ്യാത ചിത്ര ശിൽപരചനകൾ ലോകത്തുണ്ടായിട്ടുണ്ട്‌.

ഫാസിസത്തിന്റെ അലയൊലികൾ പല രൂപത്തിലും ഭാവത്തിലുമാണ്‌ നമ്മുടെ രാജ്യത്ത്‌ (ഇന്ത്യയിൽ) ഇന്ന്‌ നടമാടുന്നത്‌. അതിനെതിരെയുള്ള പ്രതികരണങ്ങളിൽ ചിത്രകാരരുടെ പങ്കും വലുതാണ്‌. അതിന്റെ ഭാഗമാണ്‌ തലശ്ശേരിയിൽ പുരോഗമനകലാസംഘം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ചിത്രകാരൻ പൊന്ന്യം ചന്ദ്രന്റെ ഏകാംഗ ചിത്രപ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്‌. ‘ഫാസിസത്തിനെതിരെ’ എന്ന്‌ പേരിട്ട പ്രദർശനം ഇന്ത്യയിൽ സാമാന്യജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ കഴിഞ്ഞ എഴുപത്തിയെട്ട്‌ വർഷങ്ങളിലെ ചരിത്രമടക്കമായാണ്‌ അവതരിപ്പിക്കുന്നത്‌. ഫാസിസത്തിന്റെ തീവ്രമായ അവസ്ഥകളെ നവീന ദൃശ്യബിംബങ്ങളായി, സൂക്ഷ്‌മകലാംശങ്ങളായി പൊന്ന്യം ചന്ദ്രൻ വലിയ ക്യാൻവാസിൽ ആവാഹിച്ചിരിക്കുന്നു. ഏറെ പുതുമ അവകാശപ്പെടുന്നില്ലെങ്കിലും രചനയിലെ സവിശേഷമായ ചിന്താരാധകളെ രൂപങ്ങളായും പശ്ചാത്തല ടെക്‌സ്‌ചറുകളായും ചിത്രതലത്തെ വർണാഭമാക്കുന്നു‐ കറുപ്പിന്റെയും ചുവപ്പിന്റെയും കരുത്തിലൂടെ മാത്രം. നമുക്കു ചുറ്റുമുള്ള പ്രകൃതിയെയും മറ്റ്‌ വസ്‌തുക്കളെയും ചരിത്ര വ്യക്തിത്വങ്ങളെയും അവയുടെ ഉള്ളൊഴുക്ക്‌ നിലനിർത്തിക്കൊണ്ടുതന്നെ ഫാസിസത്തിന്റെ ചിഹ്നങ്ങളായി ഈ ചിത്രതലത്തിൽ കാണാനാവുന്നു. ഒരു കലാസൃഷ്ടി കലയായി തീരണമെങ്കിൽ അവയിൽ പ്രതിനിധാനം ചെയ്യപ്പെടുന്ന രൂപങ്ങളെയും അവയുടെ മനോവ്യാപാരങ്ങളെയും സത്യസന്ധമായി സൗന്ദര്യം കൂടി ഇഴചേർത്തുകൊണ്ടാണ്‌ പൊന്ന്യം വരച്ചിട്ടിരിക്കുന്നത്‌. നമ്മുടെ രാജ്യം വർഷങ്ങളായി നേരിടുന്ന ഫാസിസ്റ്റ്‌ അതിക്രമങ്ങൾ പുതിയൊരു കാഴ്‌ചാനുഭവമാക്കി മാറ്റുകയാണ്‌ ഈ 40 അടി നീളമുള്ള ക്യാൻവാസ്‌ ചിത്രം. കലാസ്വാദകർക്കും പുതുതലമുറയും ഫാസിസത്തിന്റെ നാൾവഴികളിലൂടെ സഞ്ചരിക്കുമ്പോൾ അവർക്ക്‌ ഇതേക്കുറിച്ച്‌ അവബോധമുണ്ടാക്കാനും അവസരമുണ്ടാകുന്നു.

ഫാസിസത്തിനെതിരെയുള്ള ഈ ചിത്രങ്ങൾക്ക്‌ പിൻബലമായ ചിന്തകളെക്കുറിച്ച്‌, സൗന്ദര്യശാസ്‌ത്ര പ്രതിരോധതലങ്ങളെക്കുറിച്ച്‌ പൊന്ന്യം ചന്ദ്രന്റെ വാക്കുകൾ കൂടി ചേർത്തുവായിക്കേണ്ടതാണ്‌.

‘ഫാസിസം അതിന്റെ അധീശാധിപത്യം നിലനിർത്തുന്നതിനായി എന്തുംചെയ്യുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌. അധികാരം നിലനിർത്താൻ ഫാസിസ്റ്റ്‌ ശക്തികൾ സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടുകളും മതതീവ്രസംഘടനകൾ രാഷ്‌ട്രീയാധികാരം കയ്യാളാനായി ലോകമെങ്ങും നടത്തുന്ന മനുഷ്യത്വവിരുദ്ധ നിലപാടുകളും ‘ഫാസിസത്തിനെതിരെ’ എന്ന ചിത്രം രചിക്കാൻ എനിക്ക്‌ പ്രേരണയാകുന്നത്‌. ഐഎസ്‌ ഭീകരതയിലേക്ക്‌ പോലും ചാവേറുകളാകാൻ പുതിയ തലമുറ ആകർഷിക്കപ്പെടുന്ന കാലത്ത്‌ എങ്ങനെ പ്രതികരിക്കാതിരിക്കാനാവും. നാടിന്റെ മോചനവും നല്ല ജീവിതവും സ്വപ്‌നം കണ്ട്‌ ജനജീവിതത്തിന്റെ മുഖ്യധാരയിലേക്ക്‌ ഇറങ്ങിത്തിരിച്ച്‌ ജീവത്യാഗം ചെയ്യേണ്ടിവന്ന മഹാത്മാഗാന്ധി, ഭഗത്‌സിംഗ്‌, മിച്ചിലോട്ട്‌ മാധവൻ തുടങ്ങി അനേകായിരങ്ങളുടെ സ്വപ്‌നം ഇപ്പോഴും പാതിവഴിയിലാണ്‌.

ഹിറ്റ്‌ലറും മുസോളിനിയും നടപ്പാക്കിയ ഫാസിസ്റ്റ്‌ ഭരണക്രമത്തിന്റെ ആവർത്തനം സ്വതന്ത്ര ഇന്ത്യയിൽ 78 വർഷങ്ങൾക്കുശേഷവും തിമിർത്താടിക്കൊണ്ടിരിക്കുമ്പോൾ രൂപപ്പെട്ടതാണ്‌ ഈ വലിയ പെയിന്റിംഗ്‌. 1942 സെപ്‌തംബർ 21ന്‌ ഫ്രാൻസിൽ വെടിയേറ്റ്‌ രക്തസാക്ഷിത്വം വരിച്ച മിച്ചിലോട്ട്‌ മാധവൻ, അടിയന്തരാവസ്ഥ എന്ന ഫാസിസ്റ്റ്‌ ഭരണക്രമം, മഹായുദ്ധങ്ങളുടെ പാതകങ്ങൾ എന്നിവയെല്ലാം 40 അടി നീളവും ആറടി ഉയരവുമുള്ള ചിത്രത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്‌. കൊളാഷ്‌ ചിത്രങ്ങളുടെ മാതൃകകൾ ഉൾപ്പെടെ ചില ഭാഗങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്‌. അത്‌ വളരെ പ്രധാനപ്പെട്ട ചില സംഭവങ്ങളുടെ സംവേദനത്തിന്‌ സഹായിക്കാൻ കൂടിയാണ്‌. മതേതരത്വത്തിന്റെ കാവലാളായി അറിയപ്പെടുന്ന ഗാന്ധിജിയുടെ മതേതരമൂല്യങ്ങളെ തകർത്തെറിയാൻ മതഭ്രാന്തർ നടത്തുന്ന ശ്രമങ്ങളും ചിത്രത്തിലുണ്ട്‌. ഗാന്ധിജിക്ക്‌ ചുറ്റും അവർ അവസാനമായി ഉച്ചരിച്ച ഹേറാം എന്ന വാക്കുകൾ അവർക്കു ചുറ്റും നിറഞ്ഞുനിൽക്കുന്നുണ്ട്‌. ഗാന്ധിയൻ വീക്ഷണങ്ങളെ തകർക്കുന്നത്‌ അദ്ദേഹത്തിന്റെ കണ്ണടയുടെ തകർച്ചയിലൂടെയാണ്‌ ചിത്രീകരിക്കാൻ ശ്രമിച്ചത്‌. 1992 ഡിസംബർ ആറിന്‌ ബാബറി മസ്‌ജിദ്‌ തകർക്കുന്നതിലൂടെ മതനിരപേക്ഷതയുടെ നെടുങ്കൻ തൂണുകളും തകർത്തെറിഞ്ഞത്‌. സ്വസ്‌തിക ചിഹ്നത്തിൽ തുടങ്ങി സ്വസ്‌തിക ചിഹ്നത്തിൽ പുതിയ ത്രിശൂലങ്ങൾ രൂപപ്പെട്ടതാണ്‌ അവസാനഭാഗ ചിത്രത്തിന്റെ പ്രമേയം.

വേരുകളുടെ സംയോജനത്തിൽ നിന്നും സ്വസ്‌തിക ചിഹ്നം രൂപപ്പെടുകയായിരുന്നു. ‘സു’ എന്നാൽ നല്ലത്‌ എന്നും ‘ആസ്‌’ എന്നത്‌ ആയിരിക്കുന്നത്‌ എന്നുമാണ്‌ അർഥം. നന്നായിരിക്കുന്നത്‌ എന്ന അർഥത്തിലുള്ള ചിഹ്നം ഹിറ്റ്‌ലറിസത്തിന്റെ മുദ്രയായി മാറുകയും എല്ലാ നന്മയും തകർക്കുകയുമായിരുന്നു. ഇവിടെയും എല്ലാ തിന്മയും എടുത്ത്‌ പ്രയോഗിക്കാൻ നന്മയെക്കുറിച്ച്‌ മാത്രം പറഞ്ഞുകൊണ്ടിരിക്കും. തടസ്സമില്ലാത്ത പുരോഗതിയെ സൂചിപ്പിക്കുന്ന സ്വസ്‌തിക ചിഹ്നം ഉപയോഗിച്ചാണ്‌ എല്ലാ ഭീകതകളും ലോകത്ത്‌ അരങ്ങേറിയത്‌. ഫാസിസത്തിനെതിരെ ശക്തമായി പ്രതികരിച്ച പാബ്ലോ പിക്കാസോയുടെ ചരമദിനമായ 2024 ഏപ്രിൽ എട്ടിന്‌ ആരംഭിച്ച്‌ അടിയന്തരാവസ്ഥ പ്രഖ്യാപനദിനമായ ജൂൺ 25 വരെയുള്ള 79 ദിവസംകൊണ്ടാണ്‌ ഫാസിസത്തിനെതിരെയുള്ള ചിത്രം പൂർത്തിയാക്കിയത്‌. ദുരിതപൂർണമായ ജനജീവിതത്തിന്റെ അടയാളമായി കറുപ്പും പ്രതീക്ഷാഭരിതമായ ചുവപ്പും നിറങ്ങൾ മാത്രമാണ്‌ ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്‌. അർധ അമൂർത്ത ശൈലിയിലാണ്‌ വരച്ചിട്ടുള്ളത്‌’’.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 5 =

Most Popular