പൂക്കൾക്ക് രാഷ്‌ട്രീയം പറയാൻ കഴിയുമോ? അതിന് രാഷ്‌ട്രീയമായ സംവേദനം സാധ്യമാണോ? ചരിത്രത്തിൽനിന്നും അനുകൂലമായ വസ്‌തുതകൾ കണ്ടെത്താൻ സാധിക്കുമോ? എം സ്വരാജിന്റെ പൂക്കളുടെ പുസ്‌തകം, അത്തരത്തിൽ ഒരു ഗവേഷണപദ്ധതി മുന്നോട്ടുവയ്‌ക്കുന്നുണ്ട്. സൗന്ദര്യശാസ്‌ത്രപരവും കാൽപനികവുമായ ഒരു തലത്തിൽനിന്നും പൂക്കളുടെ ചരിത്രത്തെ വിമോചിപ്പിക്കാനുള്ള ഒരു രാഷ്‌ട്രീയ ശ്രമമാണ്, ഈ പുസ്‌തകത്തിലൂടെ എം സ്വരാജ് നടത്തുന്നത്.
ലോകമെന്പാടും നടന്ന മനുഷ്യപക്ഷ പോരാട്ടങ്ങൾക്ക് പ്രതീകമാകാനുള്ള ഗതി മനുഷ്യവംശ ചരിത്രത്തിൽ പല ഘട്ടങ്ങളിലായി പൂക്കൾക്ക് വന്നുചേർന്നിട്ടുണ്ട്.
മനുഷ്യന്റെ അതിവൈകാരികതയും വിപ്ലവാവേശവും ഒരുപോലെ ഉൾച്ചേരുന്ന സമയങ്ങളിലെല്ലാം പൂക്കൾക്ക് അതിപ്രാധാന്യം ലഭിക്കുകയുണ്ടായി. അതിനു പിന്നിൽ വൈകാരികവും രാഷ്‌ട്രീയവുമായി ഒരു ഭൂതകാലം ഇഴചേർന്നു.
മനുഷ്യനെ മോഹിപ്പിക്കുന്ന അനന്യമായ പ്രതീകമാകാൻ പൂക്കൾക്ക് സാധിച്ചു.
പുക്കകളുടെ പുസ്തകത്തിൽ ഓരോ അധ്യായത്തിലും പറയുന്ന ഓരോ പൂക്കളും ആ അർഥത്തിൽ ചരിത്രത്തിലെ വ്യത്യസ്‌ത കാലങ്ങളിൽ മനുഷ്യനോട്, വൈകാരികമായും രാഷ്‌ട്രീയമായും സംവദിച്ചിരുന്നു.
സസ്യശാസ്‌ത്രത്തിന്റെ ശാസ്‌ത്രീയതകളിൽ നിന്നും കലയുടെ കാൽപനികതയിൽനിന്നും രാഷ്‌ട്രീയ വിമോചനം സാധ്യമാക്കാൻ ഇത്തരത്തിൽ ഒരു വസ്‌തുവിന് കഴിയും എന്നതിനുള്ള സൂചകമായി ഈ പുസ്തകം മാറുന്നുണ്ട്.
സ്വരാജെന്ന രാഷ്ട്രീയ പ്രവർത്തകനിൽ നിന്നും എഴുത്തുകാരനിലേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന്റെ ചരിത്രത്തിലെ സൂക്ഷ്മതയെയും വിജ്ഞാനദാഹത്തെയും പരാമർശിക്കാതിരിക്കാൻ കഴിയില്ല. ഒരു വസ്തുവിൽ നിന്നും അതിന്റെ ചരിത്രപരവും സാമൂഹികപരവുമായ സാധ്യതകളിലേക്ക് നീളുന്ന നിരീക്ഷണം ബൗദ്ധികമായ ജിജ്ഞാസ കൂടിയാണ്. പൂവുകളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യേകതകൾ അങ്ങനെ കണ്ടെത്തപ്പെടുന്നുണ്ട്. തങ്ങൾക്ക് പ്രിയപ്പെട്ട ഒന്നിനെ ചരിത്രത്തിന്റെയും പ്രതിരോധത്തിന്റെയും കാഴ്ചയിൽ വായിച്ചെടുക്കുക എന്ന അനിതര സാധാരണമായ പ്രവൃത്തി ഇവിടെ സംഭവിക്കുന്നു.
പറയൻചെടി എന്ന് മലയാളത്തിൽ പേരുള്ള മേന്തോന്നിയുടെ ചരിത്രത്തിൽ നിന്നാണ് പുസ്തകത്തിലെ ആദ്യ അധ്യായം ആരംഭിക്കുന്നത്. കാർത്തികൈ പൂവ് എന്ന് തമിഴിൽ പേരുള്ള ഈ ചെറിയ പൂവ് സിംഹള വീര്യചരിത്രത്തിന്റെ പ്രതീകം പേറുന്നുണ്ട് എന്ന ചരിത്ര വസ്തുതയിൽ നിന്നും ശ്രീലങ്കയുടെ രാഷ്ട്രീയ ലോകങ്ങളിലേക്കും അതിന്റെ സ്വാതന്ത്ര്യ വാഞ്‌ചയിലേക്കും സമർത്ഥമായി കടന്ന് രാഷ്ട്രീയ ധിക്ഷണം അവതരിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഓരോ പൂവും മനുഷ്യന്റെ പോരാട്ടങ്ങളുടെ പ്രതീകം എന്ന നിലയിൽ നടത്തുന്ന രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നത് മലയാളഭാഷയിൽ വ്യത്യസ്തമായ ഒരു ആഖ്യാനമാണ്.
ഒരുപക്ഷെ എഴുത്തുകാരന്റെ സ്വകാര്യ ഇഷ്ടങ്ങളിൽപെട്ട പൂവുകളിലൂടെ ഒരു യാത്ര തന്നെയാണ് ഓരോ അധ്യായങ്ങളും.അൽപ്പായുസ്സുക്കളായ ഈ ചെറിയ സൃഷ്ടികൾ എങ്ങനെ മനുഷ്യന്റെ ജീവിതത്തെയും ബൗദ്ധികതയേയും വിപ്ലവങ്ങളെയും വൈകാരികതയേയും സ്വാധീനിക്കുന്നു എന്നതിന്റെ സൂക്ഷ്‌മ വീക്ഷണത്തോടൊപ്പം അതിന്റെ രാഷ്ട്രീയവും പൂക്കളുടെ പുസ്തകം പേറുന്നുണ്ട്. സസ്യമേഖലകളുടെ നരവംശശാസ്ത്ര ബന്ധങ്ങളും സാമൂഹിക ജീവിതവും വായനക്ക് ശേഷം വല്ലാതെ പിടിച്ചുലക്കുന്നുണ്ട്.സസ്യങ്ങൾ ഒരു രാഷ്ട്രീയവസ്തുവായി പ്രതീകവൽക്കരിക്കപ്പെടേണ്ടതിന്റെ സാധ്യത.മനുഷ്യന്റെ പ്രകൃതിയുമായുള്ള വൈകാരിക സാധ്യതകൾ. അങ്ങനെ പലപല തോന്നലുകൾ ഉല്പാദിപ്പിക്കപ്പെടാൻ പൂക്കളെ പറ്റിയുള്ള ഹ്രസ്വമായ ഈ നിരീക്ഷണങ്ങളും കണ്ടെത്തലുകളും സഹായിക്കുമെന്ന് ഉറപ്പാണ്. പുസ്തകത്തിലെ ഓരോ അദ്ധ്യായവും വായിക്കുമ്പോൾ അതിൽ നിന്നുള്ള കലാസാധ്യതകളിൽ കൂടി വായനക്കാരന് സഞ്ചരിക്കാൻ സാധിക്കുന്നു.
ന്യൂയോർക്ക് ഗാലറിയിൽ ടാറിൻ സൈമണിന്റെ പൂക്കളുടെ ഇൻസ്റ്റലേഷനുകളുടെ പ്രദർശനത്തെക്കുറിച്ചറിയാനും അവയിലും രാഷ്ട്രീയവും സാംസ്കാരികവുമായ സാധ്യതകളെ ഉൾക്കൊള്ളാനും ഈ പുസ്തകവായന സഹായിച്ചു എന്നത് അതിശയോക്തിയാവില്ല.അതിനുമപ്പുറം ഈ ചെറിയ കാര്യങ്ങൾ എത്രത്തോളം മനുഷ്യജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്നുവെന്ന തിരിച്ചറിവുകൂടി അവശേഷിക്കുന്നുണ്ട്. ♦