മുതലാളിത്തത്തിന്റെ കഴുത്തറുപ്പൻ തന്ത്രങ്ങളും ആധുനിക സങ്കേതങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കലുമെല്ലാം പൊതുമേഖലാസ്ഥാപനങ്ങളിലും പ്രയോഗിച്ച് ക്രമേണ അവയെ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുകയെന്നത് മൂന്നാം മോഡി വാഴ്‌ചക്കാലത്തും അതിവേഗം നടപ്പാക്കപ്പെടുകയാണ്. ഇത്തരത്തിൽ, പൊതുമേഖലയിലെ ദീർഘകാല പാരന്പര്യമുള്ള പശ്ചിമബംഗാളിലെ ദുർഗാപൂർ സ്റ്റീൽ പ്ലാന്റും വിൽപനയ്‌ക്ക് വച്ചിരിക്കുകയാണ്.
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 1959ൽ ബ്രിട്ടന്റെ സഹായത്തോടെയാണ് ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായത്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയിൽ) നിയന്ത്രണത്തിലുള്ള അഞ്ച് സംയോജിത സ്റ്റീൽ പ്ലാന്റുകളിലൊന്നായ ഈ സ്റ്റീൽ പ്ലാന്റ് ദുർഗാപൂരിലെ ഒരു വ്യവസായകേന്ദ്രമാക്കി വളർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. 1960‐70കളിൽ ഏകദേശം 35,000 തൊഴിലാളികളുണ്ടായിരുന്ന ദുർഗാപൂർ സ്റ്റീൽ പ്ലാന്റിൽ ഇപ്പോൾ താൽക്കാലിക തൊഴിലാളികളുൾപ്പെടെ 13000ത്തോളം പേർ മാത്രമാണുള്ളത്. ഈ തൊഴിലാളികളാകട്ടെ കടുത്ത മാനസിക സമ്മർദങ്ങളും മനുഷ്യാവകാശലംഘനങ്ങളും നേരിടുകയാണ്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജോലിചെയ്യുന്നത് പലരെയും രോഗബാധിതരാക്കി. മതിയായ സുരക്ഷാക്രമീകരണങ്ങളുടെ അഭാവം തൊഴിലാളികളുടെ മരണത്തിനിടയാക്കിയ സംഭവങ്ങളുണ്ടായി. ഇത്തരത്തിൽ മരണമടഞ്ഞ തൊഴിലാളികളുടെ അവകാശികൾക്ക് നിയമപരമായി കിട്ടേണ്ട ജോലി ഇതുവരെ ആർക്കും ലഭിച്ചിട്ടില്ല. ഇവിടെ പ്രവർത്തിക്കുന്ന, സിഐടിയുവുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള ഹിന്ദുസ്ഥാൻ സ്റ്റീൽ എംപ്ലോയീസ് യൂണിയൻ ഈ വിഷയത്തിൽ കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന് നിരവധിതവണ കത്തെഴുതിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. നിലവിൽ 5500 കരാർ തൊഴിലാളികൾ ദിവസവേതനത്തിനു ജോലി ചെയ്യുന്നുണ്ട്. അവർക്ക് തൊഴിലാളികളെന്ന നിലയിലുള്ള യാതൊരു അവകാശങ്ങളുമില്ല. ശന്പള കരാർ ഓരോ അഞ്ചുവർഷവും പുതുക്കണമെന്നാണ്. എന്നാൽ 2017ലാണ് ഇത്തരമൊരു കരാർ അവസാനമായി ഉണ്ടായത്. രാത്രി ഷിഫ്‌റ്റ് അലവൻസുകൾ, പ്രതിമാസ ഇൻസന്റീവുകൾ ഇതിനെക്കുറിച്ചൊന്നും 2007നുശേഷം ഒരു ചർച്ചയുമുണ്ടായിട്ടില്ല.
ഇത്തരം വിഷയങ്ങളെല്ലാം ഉന്നയിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ തുടർച്ചയായ പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ അധികാരികൾ ഈ പ്രതിഷേധങ്ങളെയെല്ലാം അടിച്ചമർത്താൻ പല തന്ത്രങ്ങളും പ്രയോഗിക്കുന്നു. സംഘടനയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പു നൽകുന്ന സർക്കുലറുകളിറക്കി. ഇതിനെല്ലാം പുറമേ തൊഴിലാളികളെ അവരുടെ എല്ലാ ചലനങ്ങളും നിരീക്ഷിക്കുന്നതിനായി ബയോമെട്രിക് കാർഡുകൾ അടിച്ചേൽപ്പിക്കാനൊരുങ്ങുകയുമാണ് അധികാരികൾ.
ഇങ്ങനെ തൊഴിലാളികളുടെ അവകാശങ്ങളെല്ലാം ഇല്ലാതാക്കിയും സംഘടനാസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടും തൊഴിലാളികളെ നിർബന്ധപൂർവം തങ്ങളുടെ തൊഴിൽ ഉപേക്ഷിക്കാനുള്ള സാഹചര്യത്തിലേക്ക് കണ്ടെുചെന്നെത്തിച്ചിരിക്കുകയാണ്. തീർച്ചയായും സമീപഭാവിയിൽ ദുർഗാപൂർ സ്റ്റീൽ പ്ലാന്റിനെ സ്വകാര്യവൽക്കരിക്കുന്നതിലേക്കുള്ള നടപടിയുടെ ഭാഗമാണിതെന്ന് തൊഴിലാളികളും ഭാരതീയ മസ്‌ദൂർ സംഘിന്റെ നേതാക്കൾ ഉൾപ്പെടെ പറയുന്നു.
എന്തായാലും ദുർഗാപൂർ സ്റ്റീൽ പ്ലാന്റിനെ സ്വകാര്യവൽക്കരിക്കുന്നതിലേക്ക് നയിക്കുന്ന നടപടിക്കെതിരെ തൊഴിലാളികളും സിഐടിയുവിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട സംഘടനകളും കൂട്ടായ പ്രതിഷേധസമരങ്ങൾക്ക് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. ♦