ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചെടുത്തശേഷം, കഴിഞ്ഞ ആറുവർഷക്കാലമായി അവിടെ ജനാധിപത്യത്തെ കൊന്നുകൊണ്ടിരിക്കുകയാണ്. ഒരു ജനാധിപത്യരാജ്യത്ത്, അതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യത്ത് ഇത്തരം പ്രവണതകൾ സാധ്യമാണെന്നത് ആർക്കും വിശ്വസിക്കാനാവില്ല. എന്നാൽ ത്രിപുരയിൽ അത്തരമൊന്ന് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും തകർക്കപ്പെട്ടിരിക്കുന്നു. എതിർശബ്ദങ്ങളെയെല്ലാം നിരന്തരം അടിച്ചമർത്തുന്നു. 2023ൽ ബിജെപി ബിപ്ലവ് ദേബിനെ പുറത്താക്കി മണിക് സാഹയെ അവരോധിച്ചപ്പോൾ ത്രിപുരയിലെ ചിലർ മണിക് സാഹ വളരെ മാന്യമാണെന്നും അദ്ദേഹത്തിനു കീഴിലുള്ള സർക്കാർ ബിപ്ലവ്‌ദേബ് സർക്കാരിനെപോലെയാകില്ലെന്നും പറഞ്ഞു. നമുക്കറിയാവുന്നതുപോലെ ഫാസിസ്റ്റുകളാൽ നയിക്കപ്പെടുന്ന ബിജെപിയിൽ വ്യക്തി എന്നതല്ല കാര്യം; മറിച്ച് അതിന്റെ പ്രത്യയശാസ്‌ത്രമാണ്. ജനാധിപത്യ ശബ്ദങ്ങൾക്കെതിരാണ് ബിജെപി; വിയോജിപ്പിന്റെ സ്വരങ്ങൾക്കെതിരാണ് ബിജെപി. സംസ്ഥാനത്ത് വരാൻപോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ആരെങ്കിലും മത്സരിച്ചാൽ അവരെ കൊലപ്പെടുത്തുമെന്ന് ബിജെപി നേതാക്കൾ പരസ്യമായി കൊലവിളി നടത്തുകയും സിപിഐ എമ്മിനെയും മറ്റ് എതിർസ്വരങ്ങളെയും ഇല്ലായ്‌മ ചെയ്യുമെന്നും ഭീഷണി മുഴക്കുകയാണ്.
2024 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാമനിർദേശം നൽകിയ സിപിഐ എം സ്ഥാനാർഥിയെ ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് കൊലപ്പെടുത്തി.
ത്രിപുരയിലെ ജനങ്ങളാകെ ഭയചകിതരാണ്; ത്രിപുരയിൽ തങ്ങൾ നടത്തുന്ന അക്രമങ്ങളെക്കുറിച്ചുള്ള വിവരം സംസ്ഥാനത്തിനു പുറത്തുപോകാതെ, പുറംലോകമറിയാതെ മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ് ബിജെപി. ഈയിടെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുുടെ സീറ്റുകൾ കുറയുകയും ഇന്ത്യ കൂട്ടായ്‌മ പാർലമെന്റിൽ ഗണ്യമായ സീറ്റുകൾ നേടുകയും ചെയ്‌തത് ബിജെപിയെ അസ്വസ്ഥതപ്പെടുത്തി; പ്രതിപക്ഷത്തിന്റെ ഉയർച്ചയിൽ കടുത്ത നിരാശയിലുമാണ് ബിജെപി.
ത്രിപുരയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആക്രമണം അഴിച്ചുവിടുകയും കൃത്രിമം കാട്ടുകയും ചെയ്‌തു. ബിജെപിയെ മുന്പ് എതിർത്തിരുന്ന തിപ്രമോതയും ബിജെപിക്കൊപ്പമുണ്ട്. നിലവിൽ സിപിഐ എമ്മാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷം. സിപിഐ എമ്മിന്റെ ജിതേന്ദ്ര ചൗധരിയാണ് പ്രതിപക്ഷനേതാവ്.
വരുന്ന ആഗസ്‌തിൽ നടക്കാനിരിക്കുന്ന ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ ബിലോണിയ രാജ്‌നഗറിലെ സിപിഐ എം നേതാവ് ബാദൽ സീലിനെ ബിജെപിക്കാർ കൊലപ്പെടുത്തി. ആക്രമണത്തിൽ കുത്തേറ്റ് ഗുരുതരമായ നിലയിലായ അദ്ദേഹത്തിന് ഒരു സഹായവും ലഭിച്ചില്ലെന്നു മാത്രമല്ല കുറ്റക്കാർക്കെതിരെ പൊലീസും ഭരണകൂടവും ഒരു നടപടിയും സ്വീകരിച്ചുമില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനാകട്ടെ കനത്ത മൗനം പാലിച്ചു. സംസ്ഥാനത്തെങ്ങും ബിജെപിയുടെ ഗുണ്ടാ വിളാട്ടമാണ്. ബിജെപി മുഖ്യമന്ത്രി ഡോ. മണിക് സാഹ, കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയിൽനിന്നാകെ ബിജെപി ഭരണത്തെ തുടച്ചുനീക്കേണ്ടത് അത്യാവശ്യമാണ്. ത്രിപുരയിലെ സിപിഐ എം നേതാവും പ്രതിപക്ഷനേതാവുമായ ജിതേന്ദ്ര ചൗധരി തിരഞ്ഞെടുപ്പ് കമീഷനെ നേരിട്ടു കാണുകയും മാധ്യമങ്ങൾക്കു മുന്നിൽ സർക്കാരിനെതിരെ കടുത്ത വിമർശനമുന്നയിക്കുകയും ചെയ്‌തു.
ബിജെപി സംസ്ഥാനത്തെ ജനാധിപത്യ ഇടം തകർക്കുകയാണ്. വരാൻപോകുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന ഒരു സ്ഥാനാർഥി കൊല്ലപ്പെടുന്നത് നിങ്ങൾക്കാർക്കെങ്കിലും സങ്കൽപിക്കാനാവുമോ? ഇതാണ് ബിജെപി വാഴ്‌ചയിൽ ത്രിപുരയിലെ ജനാധിപത്യം.
ഇടതുപക്ഷ വിമർശകർ പലരും ഈ വീഷയത്തിൽ ബിജെപി ഗവൺമെന്റിനെ വിമർശിക്കുകയാണ്. സിപിഐ എം സംസ്ഥാന കമ്മിറ്റി 12 മണിക്കൂർ ബന്ദിന് ആഹ്വാനം നൽകി. രാജ്യത്ത് ബിജെപി അധികാരത്തിലിരിക്കുന്ന ഇടങ്ങളിലെപോലെ ത്രിപുരയിലും ജനാധിപത്യം കടുത്ത പ്രതിസന്ധിയിലാണ്. ബിജെപിയെ എങ്ങനെയും അധികാരത്തിൽനിന്ന് പുറത്താക്കി എത്രയും പെട്ടെന്ന് ജനാധിപത്യം പുന:സ്ഥാപിക്കപ്പെടണം. ♦