2018ന് വിടപറഞ്ഞ ചിത്രകാരനും ശിൽപിയുമായ അശാന്തന്റെ ഓർമകൾ സജീവമാക്കുകയാണ് ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ സാംസ്‌കാരികമായ ഇടപെടലുകളിലൂടെ. അശാന്തന്റെ പേരിലുള്ള ചിത്രപ്രദർശനം, ‘അശാന്തം’ ചിത്ര പുരസ്‌കാരങ്ങൾ എന്നിവ കഴിഞ്ഞ മൂന്നുവർഷമായി (കോവിഡ് 19നാൽ ഒരുവർഷമൊഴിച്ച്) ബാങ്ക് വിജയകരമായി നടത്തിവരുകയാണ്. കൃത്യമായ ശ്രദ്ധയോടെയും നീതിപൂർവകമായും.
ഇന്ന് നാം ജീവിക്കുന്ന പേടിപ്പെടുത്തുന്ന ചുറ്റുപാടുകളിൽനിന്നുള്ള മോചനവും പ്രതിരോധവും കൂടിയാണ് സർഗാത്മകമായ സമൂഹത്തെ നിർമിക്കുകയെന്നത്. ശ്രമകരമായ അത്തരമൊരു ദൗത്യം ഏറ്റെടുത്ത് നടപ്പാക്കുകയാണ് ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ സാരഥികളായ പ്രസിഡന്റ് എ ജെ ഇഗ്‌നേഷ്യസും സെക്രട്ടറി ഒ ജി ശ്രീജിയും ചിത്രകാരനായ ബാലകൃഷ്‌ണൻ കതിരൂരും. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കാർഷികമേഖല, ആതുരസേവനം, പാലിയേറ്റീവ് കെയർ, ജനസേവനകേന്ദ്രം എന്നീ പദ്ധതികൾക്കൊപ്പമാണ് സാംസ്‌കാരികരംഗത്തും ഇടപെടുന്ന സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന ബാങ്കുകളിലൊന്നായി ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് സുവർണശോഭയോടെ അടയാളപ്പെടുത്തുന്നത്.
ഒരു കലാസൃഷ്ടി നമ്മോട് സംവദിക്കുന്നത് ഒരു ചിത്രം അല്ലെങ്കിൽ ശിൽപം ആത്മഗതമാകുമ്പോൾ മാത്രമാണ്. വേദനയും സംഘർഷവും അസ്വസ്ഥതകളുമൊക്കെ ഓരോ കലാകാരനെയും പ്രതിസന്ധിയിലാക്കുന്നതോടൊപ്പം അനുഭവങ്ങളിൽനിന്നുള്ള ഊർജത്തെ പ്രകാശപൂർണമാക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ ധാരാളം രചനകൾ നമുക്ക് മുന്നിലുണ്ട്. നമ്മുടെ ചിത്ര‐ശിൽപകലാരംഗത്തെ അവ സമ്പന്നമാക്കുന്നതോടൊപ്പം ലോകശ്രദ്ധയിലേക്കെത്തിക്കുകയും ചെയ്യുന്നു. അശാന്തന്റെ ചിത്രങ്ങളുടെ പ്രസക്‌തിയും ഇവടേക്കാണ് വിരൽചൂണ്ടുന്നത്. ‘അനുഭവ’ങ്ങളുടെ നിയന്ത്രണമില്ലാതെ ഭാവനയുടെ വഴിയിലൂടെയാണ് തന്റെ കലാവിഷ്‌കാരങ്ങളെന്ന അശാന്തന്റെ വാക്കുകളും ഈ ലേഖകൻ ഓർക്കുന്നു. ആശയങ്ങളേയും ആദർശങ്ങളേയും ദുർവ്യയം ചെയ്യാതെ ധിഷണാപരമായ പ്രായോഗിക പ്രസക്തി ഉൾക്കൊള്ളുംവിധമാണ് തന്റെ ചിത്രതലങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. കലയോടുള്ള സത്യസന്ധതയും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഒട്ടും ചോർന്നുപോകാതെ അശാന്തൻ ആവിഷ്‌കരിച്ചു.
പ്രകൃതിയുടെ ഭാവങ്ങളെ മനുഷ്യരൂപങ്ങളുമായി ഇഴചേർന്ന് നവീനമായ നിറസങ്കലനത്തിലൂടെയുള്ള ആവിഷ്‌കാരങ്ങളാണ് അശാന്തന്റെ ചിത്രങ്ങളിലധികവും. യഥാതഥമായ രൂപക്കാഴ്‌ചകളാണ് ചിത്രകാരൻ സ്വീകരിച്ചിട്ടുള്ളതെങ്കിലും ഭൂമിയും ആകാശവും പുഴയും മണ്ണുമൊക്കെ ചേർന്ന ചുറ്റുപാടുകളിലൂടെ കാലഘട്ടത്തെയും കൂടി ഇഴചേർത്തുകൊണ്ടാണ് അദ്ദേഹം തന്റെ ചിത്രതലങ്ങളെ സന്പന്നമാക്കുന്നത്. ചരിത്രത്തോടൊപ്പം മൂന്നറുന്ന നിസ്വരുടെ ജീവിതത്തിലെ ആകുലതകളിൽ ഒറ്റപ്പെട്ട പ്രത്യാശയുടെ വെളിച്ചമാണ് ചില ചിത്രങ്ങളിൽ പ്രകടമാകുന്നത്. വെളിച്ചത്തിന് ഏറെ പ്രാധാന്യമുള്ളവയാണ് അശാന്തന്റെ പെയിന്റിങ്ങുകളിൽ ഇരുണ്ട രൂപമാതൃകയാണ് ഡ്രോയിങ്ങുകളിൽ അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ജാതിവ്യവസ്ഥയുടെയും ഉച്ചനീചത്വത്തിന്റെയുമൊക്കെ ഇരുട്ടിൽനിന്നുള്ള മോചനമാണ് കേരളമണ്ണിലുള്ളതെന്നും വെളിച്ചത്തിന്റെ ആവരണം ഇവിടെയുണ്ടെന്ന ബോധ്യവുമാണ് അശാന്തന്റെ ചില ചിത്രങ്ങളിൽ തെളിയുന്നത്. ഭൂഭാഗ ദൃശ്യങ്ങൾക്കൊപ്പം ജലദൃശ്യങ്ങളും അശാന്തൻ രചിച്ചിട്ടുണ്ട്. തന്റെ ചുറ്റുമുള്ള ജലസ്രോതസ്സുകളുടെ സംരക്ഷണം തന്റെ കലാവിഷ്‌കാരങ്ങളിലൂടെ അദ്ദേഹം ശാന്തമായി സംവദിക്കുന്നു. ഒട്ടേറെ പരിമിതികളോട് സമരം ചെയ്യുന്ന സാധാരണ മനുഷ്യരരോടൊപ്പം ചേർന്നുനിന്ന കലാകരനാണ് അശാന്തനെന്ന് അദ്ദേഹത്തിന്റെ സൗഹൃദങ്ങളിൽനിന്നാണ് കൂടുതലറിയാൻ കഴിഞ്ഞത്. എന്നിക്കദ്ദേഹത്തിന്റെ ചിത്രങ്ങൾ പരിചിതമായിരുന്നു. അത്രയടുപ്പം അശാന്തനുമായുണ്ടായിരുന്നില്ല.
ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ ‘അശാന്തം’ ചിത്രകലാപുരസ്‌കാരങ്ങളുടെ വിതരണവും ചിത്രപ്രദർശവും മെയ് അവസാനയാഴ്‌ച കൊച്ചി ഡർബാർ ഹാളിൽ നടക്കുകയാണ്. ശൈലീസങ്കേതങ്ങളിൽ വ്യത്യസ്‌തത പുലർത്തുമ്പോൾ തന്നെ കാഴ്ചയുടെ പ്രത്യയശാസ്‌ത്രത്തിൽ ഏറെ സമാനതകൾ പുലർത്തുന്ന നിലവാരമുള്ള 73 ചിത്രങ്ങളാണ് പ്രദർശനത്തിലേക്ക് തിരഞ്ഞെടുത്തത്‐ അവയിൽനിന്ന് പുരസ്‌കാരത്തിനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജീവന്റെ തുടിതാളം, പ്രകൃതിയുടെ താളംതെറ്റൽ, അതിജീവനത്തിനായുള്ള പോരാട്ടം നിഷ്‌ക്രിയമായിത്തീരുന്ന പ്രകൃതിസംരക്ഷണത്തിന്റെ ഓർമപ്പെടുത്തൽ, ഗ്രാമവിസ്‌മൃതിയിലെ ശിഥിലക്കാഴ്‌ചകൾ ഇങ്ങനെ വ്യത്യസ്‌തമായ കാഴ്‌ചകളൊരുക്കുന്നതാണ് പുരസ്‌കാരം ലഭിച്ചതടക്കമുള്ള കലാസൃഷ്ടികൾ.
സമ്പന്നമായ ചിത്രകലാ പാരമ്പര്യത്തിന്റെ തുടർച്ചയാകുന്ന ചിത്രശിൽപകലയുടെ സഞ്ചാരവഴികൾ, അശാന്തനിലൂടെ ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ കലാദർശനങ്ങളിലൂടെ തുടരുന്ന സർഗാത്മക യാത്രയ്‌ക്ക് അഭിവാദനങ്ങൾ അർപ്പിക്കാം. ♦