Tuesday, May 28, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർഎം കെ കേളു: ‌‌‌‌‌എല്ലാവരുടെയും കേളു ഏട്ടൻ

എം കെ കേളു: ‌‌‌‌‌എല്ലാവരുടെയും കേളു ഏട്ടൻ

ഗിരീഷ്‌ ചേനപ്പാടി

സ്വാതന്ത്ര്യസമരസേനാനി, മുതിർന്ന കമ്യൂണിസ്റ്റ്‌, സമാരാധ്യനായ സംഘാടകൻ, കർഷകനേതാവ്‌, ട്രേഡ്‌ യൂണിയനിസ്റ്റ്‌, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എം കെ കേളു പ്രായഭേദമെന്യേ നേതാക്കളുടെയും പ്രവർത്തകരുടെയും കേളു എട്ടനായിരുന്നു. സിപിഐ എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം അന്തരിക്കുമ്പോൾ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

1991 ജൂലൈ 25ന്‌ നിയമസഭ പാസാക്കിയ അനുശോചനപ്രമേയത്തിൽ ഇങ്ങനെ പറയുന്നു: ‘‘അധ്യാപകനായി ജീവിതം ആരംഭിച്ച ശ്രീ കേളു ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമാകുകയും സ്വാതന്ത്ര്യസമരത്തിലൂടെ പൊതുജീവിതത്തിലേക്ക്‌ കടന്നുവരികയും ചെയ്‌തു. നിസ്സഹകരണ പ്രസ്ഥാനത്തിലും ഉപ്പുസത്യാഗ്രഹത്തിലും സജീവമായി പങ്കെടുത്തുകൊണ്ട്‌ അദ്ദേഹം നിരവധിതവണ അറസ്റ്റ്‌ വരിച്ചിട്ടുണ്ട്‌. കോൺഗ്രസിനകത്ത്‌ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന ശ്രീ. കേളു പിന്നീട്‌ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. തുടർന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആവിർഭാവംമുതൽ അതിൽ അംഗമായ ശ്രീ. കേളു വടകരയിലെ പാർട്ടിയുടെ പ്രധാന പ്രവർത്തകനായി മാറി. വടക്കേ മലബാറിൽനിന്ന്‌ മദിരാശിവരെ നടന്നുപോയ ആദ്യത്തെ പട്ടിണിജാഥയിൽ അദ്ദേഹം അംഗമായിരുന്നു. മലബാർ പ്രദേശത്ത്‌ കർഷകസംഘങ്ങൾ രൂപീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തുകൊണ്ട്‌ സാമ്രാജ്യവിരുദ്ധ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കുവാൻ വിശ്രമരഹിതമായി പ്രവർത്തിച്ച ശ്രീ. കേളു കുടിയായ്‌മ ഭേദഗതി ബിൽ, പാട്ടക്കോടതി എന്നിവയ്‌ക്കുവേണ്ടിയുള്ള സമരങ്ങൾക്ക്‌ ധീരമായ നേതൃത്വം നൽകി. കമ്യൂണിസ്റ്റ്‌ പാർട്ടി മലബാർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഭിന്നിപ്പിനെത്തുടർന്ന്‌ മാർക്‌സിസ്റ്റ്‌ പാർട്ടിയിൽ തുടർന്ന അദ്ദേഹം മാർക്‌സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. വടകര പഞ്ചായത്ത്‌ മെന്പർ, വടകര മുനിസിപ്പൽ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചുകൊണ്ട്‌ ശ്ലാഘനീയമായ പ്രവർത്തനം കാഴ്‌ചവച്ചു. ശ്രീ. കേളു വടകരയിലെ വിവിധ സാമൂഹ്യ‐സാംസ്‌കാരികരംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.’’

കുട്ടിക്കാലത്തുതന്നെ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളും ജാതിവിരുദ്ധ പ്രവർത്തനങ്ങളും കേളു ഏട്ടനെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. വടക്കേ മലബാറിലെ സാമൂഹ്യ പരിഷ്‌കരണങ്ങൾക്ക്‌ സമർത്ഥമായ നേതൃത്വം നൽകിയ വാഗ്‌ഭടാനന്ദൻ, വടകരയിൽ ജാതിവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ കരുത്തുറ്റ നേതൃത്വം നൽകിയ പ്രകാശാനന്ദ സ്വാമികൾ എന്നിവരുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധം പൊതുപ്രവർത്തന രംഗത്തേക്ക്‌ കേളു എട്ടനെ വളരെവേഗം ആകർഷിക്കുകയും അടുപ്പിക്കുകയും ചെയ്‌തു.

ആരോഗ്യമുള്ള ഉറച്ച ശരീരവും എന്തിനെയും നേരിടാനുള്ള തന്റേടവും കുട്ടിക്കാലത്തുതന്നെ കേളുവിനെ യുവാക്കളുടെ ഹീറോയാക്കി. ജന്മിമാരുടെയും അവരുടെ ഗുണ്ടകളുടെയും അടിച്ചമർത്തലുകളെയും തോന്ന്യാസങ്ങളെയും അദ്ദേഹം ചെറുത്തു.

കോൺഗ്രസ്‌ നേതാവും ആദർശശുദ്ധിയുടെ ആൾരൂപവുമായിരുന്ന മൊയാരത്ത്‌ ശങ്കരനായിരുന്നു കേളു ഏട്ടന്റെ രാഷ്‌ട്രീയ ഗുരു. 1927ൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ കേളു പഴയ കുറുമ്പ്രനാട്‌ താലൂക്കിൽ ദേശീയപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. ഖാദി പ്രചാരണം, ഹിന്ദി ക്ലാസുകൾ സംഘടിപ്പിക്കൽ, അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവയായിരുന്നല്ലോ ദേശീയപ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ. ഈ പ്രവർത്തനങ്ങൾ അസാധാരണമായ ആത്മാർത്ഥതയോടെ ഏറ്റെടുത്ത്‌ പ്രവർത്തിച്ച കേളു എട്ടൻ 1935ൽ കെപിസിസി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാർട്ടി രൂപീകരിക്കപ്പെട്ടതോടെ അദ്ദേഹം അതിന്റെയും സജീവ പ്രവർത്തകനായി.

1973ൽ കേളു ഏട്ടന് മർദനം ഏറ്റപ്പോൾ

1936ൽ കിസാൻസഭ രൂപീകരിക്കപ്പെട്ടതോടെ കർഷകപ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനും നേതാവുമായി അദ്ദേഹം വളരെ വേഗം മാറി. അതേവർഷം തന്നെ മൊകേരിയിൽ കുറുമ്പ്രനാട്‌ താലൂക്ക്‌ കർഷകസംഘം രൂപീകരിക്കാൻ കേളു ഏട്ടൻ മുൻകൈയെടുത്തു. കേളു ഏട്ടന്റെയും സഹപ്രവർത്തകരുടെയും അവിശ്രമമായ പ്രവർത്തനത്തിന്റെ ഫലമായി കർഷകസംഘം ശക്തിപ്രാപിച്ചു. അതോടെ കേളു ഏട്ടന്റെ പ്രവർത്തനമേഖലയും വിപുലീകരിക്കപ്പെട്ടു. വാരം പത്തിനൊന്ന്‌ എന്ന മുദ്രാവാക്യമുയർത്തി കരിങ്ങാട്ടുമലയിലെ കർഷകരെ സംഘടിപ്പിച്ച്‌ അദ്ദേഹം ശക്തിയായ പ്രക്ഷോഭം നടത്തി. മുക്കത്ത്‌ അലിക്കുട്ടി സാഹിബും ഗുണ്ടകളും തോക്കുമായി കർഷകരെ നേരിടാനെത്തി. അവരെ നോക്കി ചങ്കുറപ്പോടെ കേളു എട്ടൻ ചോദിച്ചു: ‘‘നിങ്ങൾക്ക്‌ ജീവിക്കണോ തോക്ക്‌ താഴെയിടുന്നോ?’’

ആ ചോദ്യത്തിനു മുന്നിൽ പതറിപ്പോയ ജന്മിയും ഗുണ്ടകളും സ്ഥലംവിട്ടു. അതായിരുന്നു കേളു ഏട്ടന്റെ ആജ്ഞാശക്തി.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ ഈടുറ്റ അധ്യായമാണ്‌ എ കെ ജിയുടെ നേതൃത്വത്തിൽ 1936ൽ നടന്ന പട്ടിണിജാഥ. മലബാറിൽനിന്ന്‌ മദ്രാസ്‌ വരെ കാൽനടയായി സഞ്ചരിച്ചു നടന്ന ജാഥ അഞ്ഞൂറിലേറെ യോഗങ്ങളിൽ ജനങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ്‌ സമാപിച്ചത്‌. ആ ജാഥയിലെ ഒരംഗമായിരുന്നു കേളു എട്ടൻ.

1939 ഡിസംബറിലാണല്ലോ പിണറായി പാറപ്രം സമ്മേളനം നടന്നത്‌. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയൊന്നാകെ കമ്യൂണിസ്റ്റ്‌ പാർട്ടിയായി ആ സമ്മേളനത്തോടെ മാറി. പാറപ്രം സമ്മേളനത്തിൽ പങ്കെടുക്കുത്തവരിൽ ഒരാൾ കേളു ഏട്ടനായിരുന്നു.

രണ്ടാം ലോകയുദ്ധക്കാലത്ത്‌ സമാനതകളില്ലാത്ത പട്ടിണിയും ദാരിദ്ര്യവുമായിരുന്നു നാട്ടിലൊട്ടാകെ. അതോടൊപ്പം കേളറപോലെയുള്ള മഹാമാരിയും പടർന്നുപിടിച്ചു. കോളറ രോഗികളെ സഹായിക്കാനും അതുസംബന്ധിച്ച്‌ ജനങ്ങൾക്കുണ്ടായിരുന്ന ഭീതിയും ആശങ്കയും പരിഹരിക്കുന്നതിനും കേളു ഏട്ടൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങി. വീട്ടുകാർപോലും ഉപേക്ഷിച്ചുപോയ കോളറരോഗികളെ ശുശ്രൂഷിക്കാൻ സമർപ്പണമനോഭാവത്തോടെ അവർ മുന്നിട്ടിറങ്ങി.

ആതുരരോടുള്ള ഈ ദീനാനുകന്പ ജീവിതകാലം മുഴുവൻ കേളു ഏട്ടൻ ഉയർത്തിപ്പിടിച്ചു. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ വികസനസമിതി അംഗമെന്ന നിലയിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ സാധാരണക്കാരായ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും വലിയ ആശ്വാസമായിരുന്നു. പരിചയത്തിൽപെട്ട ആരുടെയും ചികിത്സയ്‌ക്കായി പരമാവധി സഹായങ്ങൾ എത്തിക്കുന്നതിന്‌ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

ഗാന്ധിജിയെ അറസ്റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ പ്രകടനം നടത്തിയതിനും 1939ലെ അധ്യാപകസമരത്തെ പിന്തുണച്ച്‌ പ്രസംഗിച്ചതിനുമുൾപ്പെടെ പലതവണ അദ്ദേഹം ജയിൽവാസം അനുഷ്‌ഠിച്ചു. 1932 മുതൽ 1965 വരെയുള്ള കാലഘട്ടത്തിൽ 12 വർഷത്തിലേറെക്കാലം അദ്ദേഹം ജയിൽവാസം അനുഷ്‌ഠിച്ചു. ദീർഘകാലം അദ്ദേഹം ഒളിവിൽ പ്രവർത്തിച്ചു. ജയിൽവാസക്കാലത്ത്‌ ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളുമായും കേരളത്തിനുള്ളിലും പുറത്തുമുള്ള പല വിപ്ലവകാരികളുമായും അടുത്തിടപഴകാനുള്ള സാഹചര്യം അദ്ദേഹത്തിന്‌ ലഭിച്ചു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയബോധ്യം ഉറയ്‌ക്കുന്നതിനും കമ്യൂണിസ്റ്റ്‌ ചിന്താഗതി ശക്തിപ്പെടുത്തുന്നതിനും ഇത്‌ വളരെയേറെ സഹായകമായി.

കൂത്താളി സമരം
കേളു ഏട്ടന്റെ നേതൃപാടവത്തിന്റെയും തളരാത്ത ആത്മവിശ്വാസത്തിന്റെയും ഉത്തമ ഉദാഹരണമാണ്‌ പല ഘട്ടങ്ങളിലായി നടന്ന കൂത്താളി സമരവും അതിന്റെ വിജയവും. ഇന്നത്തെ ചങ്ങരോത്ത്‌, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്‌ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 30,000 ഏക്കർ കുന്നുംപ്രദേശമാണ്‌ കൂത്താളി. കൂത്താളി മൂപ്പിൽ നായരായിരുന്നു ഈ പ്രദേശത്തെ ജന്മി. 12000 രൂപ ബ്രിട്ടീഷ്‌ സർക്കാരിന്‌ ഭൂനികുതി നൽകിക്കൊണ്ടായിരുന്നു ഈ പ്രദേശം കൈയടക്കിയത്‌. ബ്രിട്ടീഷുകാരിൽനിന്ന്‌ 1750 രൂപ മാലിക്‌ ഖാന്‌ മൂപ്പിൽ നായർക്ക്‌ ലഭിക്കുകയും ചെയ്‌തിരുന്നു. മൂപ്പിൽ നായർ കൈയടക്കിവച്ചിരുന്ന ഭൂമിയിൽ 6000 ഏക്കർ നിബിഡവനമായിരുന്നു. ബാക്കിഭാഗം അതാത്‌ 24,000 ഏക്കർ കൃഷിക്ക്‌ അനുയോജ്യമായിരുന്നു. ഈ ഭൂമി പുനംകൃഷിക്കായി പാട്ടത്തിനു നൽകിയിരുന്നു.

1936ൽ മരുമക്കത്തായ ക്രമമനുസരിച്ച്‌ പിന്തുടർച്ചാവകാശിയില്ല എന്ന കാരണം പറഞ്ഞ്‌ മദ്രാസ്‌ ഗവൺമെന്റ്‌ ഭൂമി ഏറ്റെടുത്തു. മുണ്ടകൻകൃഷിക്ക്‌ നൽകിയിരുന്ന പാട്ടഭൂമി പോലും വനനിയമങ്ങൾ ചൂണ്ടിക്കാടി ഗവൺമെന്റ്‌ പുനംകൃഷിക്ക്‌ നൽകാൻ തയ്യാറായില്ല. 1942ൽ ഈ മേഖല പൂർണമായി വനപ്രദേശമായി പ്രഖ്യാപിച്ച്‌ കൃഷിപ്പണികൾ നിരോധിച്ചു.

ഇതോടെ അവിടെ കൃഷിചെയ്‌ത്‌ ജീവിതം തള്ളിനീക്കിയ പാവപ്പെട്ട കർഷകരുടെ ഉപജീവനമാർഗം അടഞ്ഞു.

1941ൽ തന്നെ കൂത്താളിയിലെ പുനംകൃഷിക്കാരുടെ പ്രശ്‌നത്തെ മുൻനിർത്തി ഒരു യോഗം കൽപത്തൂരിൽ കർഷകസംഘം സംഘടിപ്പിച്ചു. കൂത്താളിയിലെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്‌ സംബന്ധിച്ച്‌ വ്യാപകമായ കൂടിയാലോചനകൾ ഈ യോഗത്തിൽ നടന്നു. കൂത്താളി എസ്‌റ്റേറ്റ്‌ പുനംകൃഷിക്കായി കർഷകർക്ക്‌ വിട്ടുനൽകണമെന്നാവശ്യപ്പെട്ട്‌ മലബാറിലെ സബ്‌ കലക്ടർക്ക്‌ കർഷകർ കൂട്ടമായി ഒപ്പിട്ട്‌ നിവേദനം നൽകി. എന്നാൽ അതിനോട്‌ നിഷ്‌ഠുരമായ നിസ്സംഗതയാണ്‌ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ വച്ചുപുലർത്തിയത്‌.

ജീവിതമാർഗം അടഞ്ഞ കർഷകർ സമരസന്നദ്ധരായി മുമ്പോട്ടുവന്നു. കൂത്താളി പ്രശ്‌നം ഉയർത്തിപ്പിടിച്ചുകൊണ്ട്‌ സമരം ചെയ്യാൻ കർഷകസംഘം തീരുമാനിച്ചു. 1943 സെപ്‌തംബർ മുതൽ നടന്നുവരുന്ന ഭക്ഷ്യ ഉത്‌പാദനം വർധിപ്പിക്കുന്നതിനുള്ള പ്രക്ഷോഭവുമായി കൂത്താളി സമരത്തെ കണ്ണിചേർക്കാൻ കർഷകസംഘം തീരുമാനിച്ചു. അതോടെ കർഷകർ ചെറുസംഘങ്ങളായി കൂത്താളി എസ്‌റ്റേറ്റിൽ പ്രവേശിച്ചു. അവർ കാട്‌ വെട്ടിത്തെളിച്ച്‌ കൃഷിയാരംഭിച്ചു. ‘‘ചത്താലും ചെത്തും കൂത്താളി’’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കപ്പെട്ട ഈ സമരം വന്പിച്ച ജനപിന്തുണയാർജിച്ചു. ആ പ്രദേശമാകെ സമരത്തിന്റെ ആവേശം വ്യാപിച്ചു.

അതോടെ കർഷകരെ തടയാനും അവരെ കൃഷിചെയ്‌ത സ്ഥലത്തുനിന്ന്‌ പുറത്താക്കാനും ശക്തമായ സന്നാഹങ്ങളോടെ പൊലീസ്‌ എത്തി. നിരോധനാജ്ഞ പുറപ്പെടുവിച്ച സർക്കാർ സമരനേതാക്കളായ കേളു ഏട്ടൻ ഉൾപ്പെടെയുള്ള നേതാക്കളെയും കർഷകസംഘം പ്രവർത്തകരെയും അറസ്റ്റുചെയ്‌ത്‌ ജയിലിലടച്ചു. സമരം മുന്നോട്ടുപോകുന്നത്‌ സംഘത്തെ ദുർബലമാക്കുമെന്ന ബോധ്യത്തിൽ സമരം തൽക്കാലം കർഷകസംഘം പിൻവലിച്ചു. കൂടുതൽ സമരവീര്യത്തോടെ സമരംചെയ്യാനുള്ള പിന്മടക്കം മാത്രമായിരുന്നു അത്‌.

1946ലെ ആഗസ്‌ത്‌ പ്രഖ്യാപനത്തോടെ തൊഴിലാളി‐കർഷക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിലൂടെ ജന്മിത്തം അവസാനിപ്പിക്കുന്നതടക്കമുള്ള സാമൂഹ്യ മാറ്റങ്ങൾ സാധ്യമാക്കാൻ കഴിയുമെന്ന ബോധ്യത്തിലേക്ക്‌ കർഷകസംഘം എത്തി. കുറുമ്പ്രനാട്‌ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കർഷകസരങ്ങളുടെ മുൻനിരയിൽ കേളു ഏട്ടൻ ഉണ്ടായിരുന്നു. 1943ലെ സമരത്തിന്റെ പരാജയം ഉൾക്കൊണ്ടുകൊണ്ടുള്ള സമരതന്ത്രങ്ങൾക്ക്‌ രൂപം നൽകപ്പെട്ടു. 1947 ഫെബ്രുവരി 27ന്‌ കർഷകർ കൃഷിചെയ്യാൻ സമരസജ്ജരായി കൂത്താളിയിൽ എത്തണമെന്ന്‌ തിരുമാനിക്കപ്പെട്ടു.

ഈ സമരത്തെ ഏതുവിധേനയും പരാജയപ്പെടുത്തുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ എംഎസ്‌പിക്കാർ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും കർഷകസംഘത്തിന്റെയും പ്രവർത്തകരെ വ്യാപകമായി അറസ്റ്റ്‌ ചെയ്‌തു. എന്നാൽ സമരഭടന്മാരെ ഭീഷണിപ്പെടുത്താമെന്ന ഗവൺമെന്റിന്റെ വ്യാമോഹം അസ്ഥാനത്തായി. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ സമരഭടന്മാർ കൃഷിചെയ്യുകയും ചെങ്കൊടി ഉയർത്തുകയും ചെയ്‌തു. നിരവധി സമരഭടന്മാരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. എന്നിട്ടും സമരം മുന്നോട്ടുപോയി.

സ്വാതന്ത്ര്യം ലഭിച്ചതോടെ കൂത്താളി സമരത്തിന്റെ രണ്ടാംഘട്ടം പിൻവലിക്കപ്പെട്ടു.

സ്വാതന്ത്ര്യാനന്തരം അധികാരത്തിൽ വന്ന കോൺഗ്രസ്‌ സർക്കാരും കർഷകവിരുദ്ധ സമീപനംതന്നെയാണ്‌ സ്വീകരിച്ചത്‌. മദിരാശിയിൽ ടി പ്രകാശത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഗവൺമെന്റ്‌ 1550 ഏക്കർ ഭൂമി പുനംകൃഷിക്കായി കർഷകർക്ക്‌ വിതരണം ചെയ്‌തെങ്കിലും ഭൂമിയുടെമേലുള്ള ഉടമസ്ഥാവകാശം കർഷകർക്ക്‌ നൽകാൻ തയ്യാറായില്ല. ഇതിനെതിരെ പ്രതിഷേധ സമരവുമായി കർഷകസംഘം രംഗത്തുവന്നു. സമരങ്ങളെ അടിച്ചമർത്തുക എന്ന സമീപനമാണ്‌ പുതിയ സർക്കാരും സ്വീകരിച്ചത്‌. 1950 മെയ്‌ 19ന്‌ കൂത്താളി സമരത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ച കെ ചോയിയെ വെടിവെച്ചു കൊന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ്‌ നാട്ടിലെന്പാടും ഉണ്ടായത്‌.

1954ൽ ‘‘കൃഷിഭൂമി കർഷകന്‌ വിതരണംചെയ്യുക’’ എന്ന മുദ്രാവാക്യമുയർത്തി കൂത്താളിയിൽ കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ വീണ്ടും സമരം ആരംഭിച്ചു. കൂത്താളി എസ്‌റ്റേറ്റിൽ പ്രവേശിച്ച്‌ കൃഷിഭൂമിയിൽ ചെങ്കൊടി നാട്ടി കർഷകന്റെ അവകാശം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു സമരരീതി. കേളു ഏട്ടൻ, എ വി കുഞ്ഞന്പു തുടങ്ങിയവരായിരുന്നു ആ സമരത്തിന്‌ നേതൃത്വം നൽകിയത്‌.

താമസിയാതെ സത്യാഗ്രഹത്തിന്റെ കേന്ദ്രം കോഴിക്കോട്ടേക്ക്‌ മാറ്റി. കൂത്താളി കർഷകപ്രശ്‌നങ്ങളെക്കുറിച്ച്‌ ബഹുജനങ്ങളിൽ അവബോധമുണ്ടാക്കാനായിരുന്നു അങ്ങനെ ചെയ്‌തത്‌. പുതിയറയിൽ ക്യാന്പുചെയ്‌ത സമര വളണ്ടിയർമാർ ദിവസവും മാനാഞ്ചിറയിലെത്തി സത്യാഗ്രഹമിരുന്നു; സമരകാരണങ്ങളടങ്ങിയ ലഘുലേഖകൾ അവർ അവിടെ വിതരണംചെയ്‌തു. 66 ദിവസം നീണ്ടുനിന്ന ഈ സത്യഗ്രഹത്തിന്റെയും സമരപരിപാടികളുടെ നേതാവ്‌ കേളു ഏട്ടനായിരുന്നു. സമരത്തെത്തുടർന്ന്‌ 1955 മേയിൽ മദിരാശി സർക്കാർ കർഷകസംഘം നേതാക്കളെ ചർച്ചയ്‌ക്ക്‌ വിളിച്ചു. റവന്യൂ മന്ത്രിയുടെയും മലബാർ കലക്ടറുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 1200 ഏക്കർ ഭൂമി കർഷകർക്ക്‌ വിതരണംചെയ്യാനും അതിന്റെ ഉടമസ്ഥാവകാശം അവർക്ക്‌ കൈമാറാനും തീരുമാനമായി. അതോടൊപ്പം മുതുകാട്‌ പ്രദേശത്തുനിന്ന്‌ കുടിയിറക്കിയവർക്കും പുനംകൃഷിക്ക്‌ തയ്യാറുള്ളവർക്കും ഭൂമി നൽകാനും ധാരണമായി.

1957ൽ അധികാരത്തിലെത്തിയ ഇ എം എസ്‌ സർക്കാർ അധഃസ്ഥിതർക്ക്‌ വീട്‌ നിർമിച്ച്‌ കൈമാറാൻ ഉദ്ദേശിച്ചെങ്കിലും ആ സർക്കാരിനെ കോൺഗ്രസ്‌ സർക്കാർ പിരിച്ചുവിട്ടതിനാൽ അത്‌ നടന്നില്ല.

1964ൽ കേളു ഏട്ടന്റെ നേതൃത്വത്തിൽ സമരം വീണ്ടും ആരംഭിച്ചു. ഇത്‌ സമരത്തിന്റെ നാലാംഘട്ടമായിരുന്നു. അന്നത്തെ സർക്കാർ കർഷകരുടെ ആവശ്യങ്ങൾനേരെ മുഖംതിരിക്കുകയായിരുന്നു. എന്നാൽ 1967ൽ അധികാരത്തിലെത്തിയ ഇ എം എസ്‌ ഗവൺമെന്റ്‌ കൂത്താളിയിലെ കർഷകർക്ക്‌ പട്ടയം നൽകി.

1980ൽ അധികാരത്തിലെത്തിയ നായനാർ സർക്കാർ മുതുകാട്‌ പ്രദേശത്തെ ഭൂരഹിതരായ 200 കർഷകർക്ക്‌ 2.5 ഏക്കർ ഭൂമിവീതം വിതരണംചെയ്‌തു. പിന്നീട്‌ 850 കുടുംബങ്ങൾക്ക്‌ 50 സെന്റ്‌ വീതം വിതരണം ചെയ്യപ്പെട്ടു.

അങ്ങനെ നിരവധി കർഷക കുടുംബങ്ങളെ കൃഷിഭൂമിയുടെ ഉടമസ്ഥരാക്കി മാറ്റിയ, പതിറ്റാണ്ടുകൾ നീണ്ടുനിന്ന കൂത്താളി കർഷകസമരത്തിന്‌ ആദ്യംമുതൽ അവസാനംവരെ നേതൃത്വം നൽകിയ പ്രക്ഷോഭകാരിയാണ്‌ കേളു ഏട്ടൻ.

സഹകരണപ്രസ്ഥാനത്തെ തൊഴിലാളികൾക്ക്‌ അനുകൂലമാക്കിത്തീർക്കൻ കേളു ഏട്ടൻ എന്നും ശ്രദ്ധിച്ചിരുന്നു. ദിനേശ്‌ ബീഡി സഹകരണസംഘത്തിന്റെ പരിധിയിൽ കോഴിക്കോട്‌ ജില്ലയെ കൂടി ഉൾപ്പെടുത്താൻ മുന്നിട്ട്‌ പ്രവർത്തിച്ചത്‌ കേളു ഏട്ടനായിരുന്നു. വടകരയിൽ ദിനേശ്‌ ബീഡിയുടെ പ്രവർത്തനം വ്യാപിപ്പിച്ചപ്പോൾ അവിടെ സഹകരണസംഘം രൂപീകരിക്കുന്നതിനു നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. ദീർഘകാലം വടകരയിലെ ദിനേശ്‌ ബീഡി സഹകരണസംഘത്തിന്റെ പ്രസിഡന്റ്‌ കേളു ഏട്ടനായിരുന്നു.

ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുടെ മനസ്സ്‌ കണ്ടറിഞ്ഞ്‌ പ്രവർത്തിച്ച സാമാജികനായിരുന്നു അദ്ദേഹം. വടകര പഞ്ചായത്തംഗം, അത്‌ മുനിസിപ്പാലിറ്റിയാക്കപ്പെട്ടപ്പോൾ മുനിസിപ്പൽ കൗൺസിലർ, മുനിസിപ്പൽ ചെയർമാൻ എന്നീ നിലകളിൽ വലിയ സ്വീകാര്യതയാണ്‌ അദ്ദേഹം നേടിയത്‌. 1957ൽ വടകര നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചത്‌ കേളു ഏട്ടനാണ്‌. 1967ൽ അദ്ദേഹം മേപ്പയൂർ നിയമസഭാ മണ്ഡലത്തെയാണ്‌ നിയമസഭയിൽ പ്രതിനിധീകരിച്ചത്‌.

1973 ആഗസ്‌ത്‌ രണ്ടിന്‌ നടന്ന സമരത്തിൽ പങ്കെടുത്ത കേളു ഏട്ടന്‌ ഭീകരമായ മർദനം ഏൽക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ പ്രായംപോലും വകവെക്കാതെയാണ്‌ പൊലീസുകാർ തലങ്ങും വിലങ്ങും അദ്ദേഹത്തെ മർദിച്ചത്‌. വാർധക്യത്തിലും അദ്ദേഹം ഭീഷണികളെയും മർദനങ്ങളെയും തെല്ലും വകവെച്ചില്ല. 1985ൽ നടന്ന മാവൂർ ഗ്വാളിയോർ റയോൺസിലെ തൊഴിലാളികളുടെ പണിമുടക്കുമായി ബന്ധപ്പെട്ടുണ്ടായ സംഭവം അതിനുദാഹരണമാണ്‌. 1985 ജൂലൈ 7‐ാം തീയതിമുതൽ മാവൂർ റയോൺസിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി സമരപ്പന്തൽ കെട്ടിയിരുന്നു. ആ സമരപ്പന്തൽ പൊലീസ്‌ പൊളിച്ചുമാറ്റി; സമര വളണ്ടിയർമാരെ അറസ്റ്റ്‌ ചെയ്യുകയും മർദിക്കുകയും ചെയ്‌തു. ഇതിൽ പ്രതിഷേധിച്ച തൊഴിലാളികളെ മുഴുവൻ പൊലീസ്‌ വളഞ്ഞുവെച്ച്‌ മർദിച്ചു. തുടർന്ന്‌ മാവൂരിൽ വലിയ പ്രതിഷേധം നടന്നു. ജനങ്ങളെയും തൊഴിലാളികളെയും ക്രൂരമായി മർദിക്കുന്നതറിഞ്ഞ്‌ അവിടെയത്തിയ കേളു ഏട്ടൻ അവിടെയുണ്ടായിരുന്ന പൊലീസ്‌ കമീഷണറുമായി സംസാരിച്ചു. കമീഷണർ വളരെ ധീക്കാരത്തോടെ പറഞ്ഞു: ‘‘നിങ്ങളെയും അറസ്റ്റ്‌ ചെയ്യും. എന്താണ്‌ ചെയ്യുക’’

കേളു ഏട്ടനിലെ പോരാളിയുടെ കാർക്കശ്യം വളരെവേഗം പൊലീസ്‌ ഓഫീസർ അറിഞ്ഞു. പൊട്ടിത്തെറിച്ചുകൊണ്ട്‌ കേളു ഏട്ടൻ പറഞ്ഞു: ‘‘ബ്രിട്ടീഷുകാരന്റെ പൊലീസിനെ കണ്ടവനാണ്‌ ഈ കേളു. ഇവിടെവച്ച്‌ തൂക്കിക്കൊല്ലാനുള്ള അധികാരമൊന്നും നിങ്ങൾക്കില്ലല്ലോ? നിങ്ങൾ ഈ കളികളിച്ചാൽ മാവൂർ കത്തിയെരിയും.’’

‘‘നമുക്കൊരു കൈ നോക്കാം’’ എന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പറഞ്ഞിട്ട്‌ കേളു ഏട്ടൻ സ്‌റ്റേഷന്‌ പുറത്തേക്കിറങ്ങി. അതോടെ പൊലീസുകാർ എങ്ങനെയും പ്രശ്‌നം തീർക്കണമെന്ന നിലപാടിലെത്തി. അങ്ങനെയാണ്‌ മർദനമുറകൾ പൊലീസ്‌ അവസാനിപ്പിച്ചത്‌. രാത്രിയിൽ വീടുകളിൽ നൂറുകണക്കിന്‌ പൊലീസുകാർ റെയ്‌ഡു നടത്തുന്ന കിരാത നടപടികളിൽനിന്നും പൊലീസ്‌ പിന്മാറി. അതായിരുന്നു വാർധക്യത്തെയും തോൽപിക്കുന്ന ഉറച്ച കമ്യൂണിസ്റ്റിന്റെ സമരോത്സുകത.

കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തെ ജീവനുതുല്യം സ്‌നേഹിച്ച കേളു ഏട്ടൻ അവിവാഹിതരായിരുന്നു. പാർട്ടി ഓഫീസ്‌ ആയിരുന്നു അദ്ദേഹത്തിന്റെ വീട്‌. 1991 മെയ്‌ 20ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

കടപ്പാട്‌: കേളു ഏട്ടൻ‐ പി പി ശങ്കരൻ സ്‌മാരകമന്ദിര ഉദ്‌ഘാടന സുവനീർ

കേളു ഏട്ടൻ പഠനഗവേഷണകേന്ദ്രം തയ്യാറാക്കി ചിന്ത പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച കോഴിക്കോട്‌ ജില്ല: കമ്യൂണിസ്റ്റ്‌ പാർട്ടി ചരിത്രം സഞ്ചിക‐ 2 എന്ന പുസ്‌തകം.

കേളു ഏട്ടന്റെ സഹായിയായി ദീർഘകാലം പ്രവർത്തിച്ച എൻ ശശീധരൻ

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − 1 =

Most Popular