Monday, September 9, 2024

ad

Homeസംഗീതംവി എം കുട്ടി ‐ മാപ്പിളപ്പാട്ടിലെ പകരക്കാരില്ലാത്ത ആൾറൗണ്ടർ

വി എം കുട്ടി ‐ മാപ്പിളപ്പാട്ടിലെ പകരക്കാരില്ലാത്ത ആൾറൗണ്ടർ

ബഷീർ ചുങ്കത്തറ

ഗാനരചയിതാവ്, സംഗീത സംവിധായകൻ, പ്രഭാഷകൻ, ഗവേഷകൻ, ഗ്രന്ഥകാരൻ, സംഘാടകൻ, അഭിനേതാവ്, ചിത്രകാരൻ, അദ്ധ്യാപകൻ എന്നീ വ്യത്യസ്-ത മേഖലകളിൽ ഒരേ സമയം നിറഞ്ഞുനിന്നിരുന്ന പ്രതിഭയായിരുന്നു വിടവാങ്ങിയ വി. എം. കുട്ടി.

കേരളവുമായുള്ള അറബികളുടെ ബന്ധത്തിന് സഹസ്രാബ്-ദങ്ങളുടെ പഴക്കമുണ്ട്-. അറേബ്യയിൽ ഇസ്ലാം മതം ആവിർഭവിക്കന്നതിനും മുമ്പുതന്നെ അവരുടെ പത്തേമാരികൾ ഇവിടെയെത്തിയിരുന്നു. ഈ ബന്ധം കാരണം അറേബ്യയിൽ ഇസ്ലാം മതം അവതരിപ്പിക്കപ്പെട്ടതിന് ശേഷം അധികം താമസിയാതെ അത് ഇങ്ങോട്ടുമെത്തി. വ്യാപാരാവശ്യാർത്ഥം കേരളത്തിലെത്തിയിരുന്ന അറബികളിൽ പലർക്കും ഇവിടെ മാസങ്ങളോളമോ ചിലപ്പോൾ വർഷങ്ങളോളമോ തങ്ങേണ്ടിവന്നിരുന്നു. അങ്ങിനെയുള്ളവരിൽ പലരും ഇവിടെനിന്നും വിവാഹം കഴിച്ച് ഇവിടുത്തുകാരായി കൂടി. അവരെയാണ് മാപ്പിളമാർ എന്ന് വിളിക്കാൻ തുടങ്ങിയത്. കാലക്രമത്തിൽ അവർ ഇവിടെ ഒരു പ്രത്യേക സമൂഹമായി വളർന്നു.

കേരളമടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും എത്തിയിരുന്ന അറബികൾ ഇസ്ലാംമതത്തിന്റെ ആവിർഭാവത്തിനുശേഷം വ്യാപാരാവശ്യങ്ങളോടൊപ്പം മതപ്രചരണവും അവരുടെ ജീവിത ദൗത്യമായി ഏറ്റെടുത്തു. കേരളത്തിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും ഇസ്ലാം മതത്തിലേക്ക്- ആദ്യം ആകർഷിക്കപ്പെട്ടത്- അധഃസ്ഥിതരാണ്. അവരെ സംബന്ധിച്ചിടത്തോളം ജാതിവിവേചനത്തിൽനിന്നുള്ള ഒരു മോചനമാർഗ്ഗമായിരുന്നു മതപരിവർത്തനം. ജാതിവ്യവസ്ഥിതിയുടെ ക്രൂരതയിൽ അറിവ്- നിഷേധിക്കപ്പെട്ടിരുന്ന അവർക്ക്- മാതൃഭാഷപോലും സംസാരിക്കാമെന്നല്ലാതെ എഴുതാനും വായിക്കാനും വശമുണ്ടായിരുന്നില്ല.

ഈ പ്രതികൂല സാഹചര്യം കാരണം ഇസ്ലാംമതത്തിലേക്ക്- വന്നവർക്ക് മതപരമായ കാര്യങ്ങൾ പാട്ടുരൂപത്തിലായിരുന്നു പഠിപ്പിച്ചു കൊടുത്തിരുന്നത്. മനപ്പാഠമാക്കാനുള്ള ഒരു എളുപ്പമാർഗ്ഗം എന്ന നിലയിലായിരുന്നു ആ പാട്ടുകൾ ഉണ്ടാക്കിയിരുന്നത്. അതായിരുന്നു മാപ്പിളപ്പാട്ടുകളുടെ തുടക്കം. ക്രമേണ ആ പാട്ടുകൾ അവരുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളുടെയും ആവിഷ്-കാരരൂപമായി. അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന നാടൻ പാട്ടുകളുടെ ഈണങ്ങളും അറബി ബെയ്-ത്തുകളുടെ രീതികളും കൂടിച്ചേർന്ന് മാപ്പിളപ്പാട്ടുകളുടെ ഇശലുകൾ രൂപം കൊണ്ടു. സഹസ്രാബ്-ദങ്ങളായി രണ്ടു ജനതകൾ തമ്മിൽ നിലനിന്നുപോന്ന സുഹൃദ്-ബന്ധത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞു വന്ന ഒരു സാംസ്കാരിക സമന്വയത്തിന്റെ ഉൽപ്പന്നമായി മാപ്പിളപ്പാട്ടുകളും കലകളും വളർന്നുവന്നു.

പുതുതായി ഇസ്ലാം മതത്തിലേക്ക്- വന്നവർക്ക് ഖുർആൻ വായിക്കുന്നതിനുവേണ്ടി അറബി അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നു. തങ്ങൾക്ക് സംവേദിക്കാനുള്ള കാര്യങ്ങളെ ലിഖിത രൂപത്തിലുംകൂടി ജനങ്ങളിലെത്തിക്കാനുള്ള ഇസ്ലാം മത പ്രവർത്തകരുടെ ശ്രമത്തിന്റെ ഫലമായിരുന്നു അറബി മലയാളത്തിന്റെ തുടക്കം. ആളുകളെ മലയാളം അക്ഷരങ്ങൾ പഠിപ്പിച്ച് എഴുത്തും വായനയും പരിശീലിപ്പിക്കുന്നതിനേക്കാൾ മികച്ച ഒരു എളുപ്പവഴി അവർ കണ്ടെത്തുകയായിരുന്നു. ഖുർആൻ വായിക്കുന്നതിനുവേണ്ടി അവർ പഠിച്ചിട്ടുള്ള അറബി അക്ഷരങ്ങൾക്ക് ആവശ്യമുള്ളിടത്ത് ചെറിയ ഭേദഗതികൾ വരുത്തി മലയാളത്തിലെ എല്ലാ അക്ഷരങ്ങൾക്കും അവർ പകരം അക്ഷരങ്ങൾ ഉണ്ടാക്കി. അക്ഷരങ്ങൾ എല്ലാം അറബിയാണെങ്കിലും തനി മലയാളത്തിൽ വായിക്കാവുന്ന ഒരു ഭാഷ; അതാണ് അറബി മലയാളം.

വളരെ വേഗംതന്നെ മലയാളത്തിന്റെ ഈ കൈവഴിയിൽ ഗ്രന്ഥങ്ങൾ പുറത്തുവന്നു. മതഗ്രന്ഥങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്നുവെങ്കിലും ചരിത്രം, ശാസ്ത്രം, കഥകൾ, നോവൽ, ചികിത്സ ഗ്രന്ഥങ്ങൾ എന്നിവയടക്കം എല്ലാതരം വിഷയങ്ങളും പ്രതിപാദിക്കുന്ന അറബി മലായാള കൃതികൾ ഉണ്ടായി. ആദ്യഘട്ടത്തിൽ എല്ലാ വിഷയങ്ങളും അവതരിപ്പിക്കപ്പെട്ടത് കാവ്യഗ്രന്ഥങ്ങളായിട്ടായിരുന്നു. മലയാളത്തിന്റെ കരുത്തുറ്റ ഒരു ശാഖയായി വികസിച്ച അറബി മലയാളത്തോടൊപ്പം അതിന്റെ സാഹിത്യവും കലയും വളർന്നു.

ആദ്യകാല മുസ്ലിം പണ്ഡിതൻമാരിൽ മഹാഭൂരിപക്ഷവും സാമ്രാജ്യത്വ അധിനിവേശത്തിനും ജന്മിത്വ ചൂഷണത്തിനും എതിരുനിന്നവരായിരുന്നു. അവരുടെ സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായ ആശയങ്ങൾ പിൽക്കാലത്ത്- വികലമായ വ്യാഖ്യാനങ്ങൾക്ക് വിധേയമായി. ബ്രിട്ടീഷുകാരുടെ ഭാഷയായ ഇംഗ്ലീഷും അവരെ സഹായിക്കുന്ന ജന്മിമാരുടെ ഭാഷയായ മലയാളവും പഠിക്കുന്നതിൽനിന്നും മുസ്ലീങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു സമീപനത്തിലേക്ക് അവരിൽ പലരും മാറി. അതിനാൽ മാപ്പിളമാർ എന്ന് വിളിക്കപ്പെട്ടുപോന്ന കേരളത്തിലെ ഒരു വലിയ ജനവിഭാഗത്തിന് അനേകം നൂറ്റാണ്ടുകൾ തങ്ങളുടെ ആവിഷ്കാരങ്ങൾ നടത്താൻ കഴിഞ്ഞത് അറബി മലയാളത്തിൽ മാത്രമായിരുന്നു എന്നൊരു അവസ്ഥയിതുണ്ടാക്കി.

തങ്ങൾക്ക് സംവേദിക്കാനുള്ള സമൂഹത്തിന് അറിയാവുന്ന ഒരേയൊരു ഭാഷ എന്ന നിലയ്‌ക്ക് മോയീൻകുട്ടി വൈദ്യർ അടക്കമുള്ള ആദ്യകാല മാപ്പിളപ്പാട്ടു കവികളെല്ലാം രചന നടത്തിയത് അറബി മലയാളത്തിലായിരുന്നു. മാപ്പിളപ്പാട്ടിനെയും മാപ്പിള കലകളേയും മലയാളി പൊതുസമൂഹത്തിന്റെ ഭാഗമാക്കുന്നതിന് ഇത്- വലിയ തടസ്സമായി. ഏതാണ്ട്- 1950കൾവരെ ഈ അവസ്ഥ തുടർന്നു.

അമുസ്ലീങ്ങളായ കമ്പളത്ത് ഗോവിന്ദൻ നായർ, പി. ഭാസ്കരൻ എന്നിവർ 1944‐ൽ മലബാർ കലാപം സംബന്ധിച്ച് എഴുതിയ ബ്രിട്ടീഷ് വിരുദ്ധ മാപ്പിളപ്പാട്ടുകൾ നിരോധിക്കപ്പെടുകയും എഴുത്തുകാർക്കെതിരെ അധികാരികളുടെ നടപടികൾ ഉണ്ടാകുകയും ചെയ്തതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ വസ്തുതയാണെങ്കിലും മാപ്പിളപ്പാട്ടുകൾ ബഹുഭൂരിപക്ഷവും എഴുതപ്പെട്ടിരുന്നത്- അറബി മലയാളത്തിൽ തന്നെയായിരുന്നു. മോയിൻകുട്ടി വൈദ്യരുടെതടക്കമുള്ള അതിപ്രശസ്-ത കാവ്യകൃതികൾപോലും മലയാളം ലിപിയിൽ ലഭ്യമായിരുന്നില്ല.

ഇന്നിപ്പോൾ മാപ്പിളപ്പാട്ടും കലകളും മലയാളികളുടെ പൊതുസ്വത്താണ്. ഈ അവസ്ഥ സംജാതമാക്കുന്നതിന്, മാപ്പിളപ്പാട്ടിന്റെ ജനകീയവൽക്കരണത്തിനും മതേതരവൽക്കരണത്തിനുംവേണ്ടി പരിശ്രമിച്ചവരിൽ മുൻനിരയിലാണ് വി. എം. കുട്ടിയുടെ സ്ഥാനം.

മുസ്ലീങ്ങൾക്കിടയിൽ മാത്രമായി ഒതുങ്ങിനിന്നിരുന്ന മാപ്പിളപ്പാട്ടിനെ പൊതുസമൂഹത്തിന്റേതാക്കി മാറ്റിയെടുത്തതിൽ വലിയ പങ്കുവഹിച്ചിട്ടുള്ളത്- അഞ്ച്- ഘടകങ്ങളാണ് എന്ന് നിരീക്ഷിക്കാവുന്നതാണ്. അതിൽ ഒന്നാമത്തേത്- മാപ്പിളപ്പാട്ടിന്റെ നാടകത്തിലേക്കുള്ള വരവാണ്. കെ.ടി. മുഹമ്മദ്-, ഇ. കെ. അയമു, ചെറുകാട്, എന്നിവർ തങ്ങളുടെ സാമൂഹ്യ പ്രസക്തിയുള്ളതും അതിപ്രശസ്-തി നേടിയിട്ടുള്ളതുമായ നാടകങ്ങളിൽ ഉൾപ്പെടുത്തിയ മാപ്പിളപ്പാട്ടുകൾക്ക്- വലിയ പൊതു സ്വീകാര്യത കിട്ടി. നാടകത്തിലേക്കുള്ള പ്രവേശനത്തിന് സമാന്തരമായി തന്നെ സംഭവിച്ച ഒന്നായിരുന്നു മാപ്പിളപ്പാട്ടുകളുടെ സിനിമയിലേക്കുള്ള പ്രവേശനം. ഇതായിരുന്നു രണ്ടാമത്തെ ഘടകം. “നീലക്കുയിലി”ൽ പി. ഭാസ്-കരൻ രചിച്ച്- കെ.രാഘവൻ മാസ്റ്റർ സംഗീതം കൊടുത്ത്- അദ്ദേഹം തന്നെ ആലപിച്ച “കായലരികത്ത് ” എന്ന ഗാനവും “കുട്ടിക്കുപ്പായം” പോലുള്ള സിനിമകളിലൂടെ പെരുമഴയായി പെയ്-തിറങ്ങിയ മാപ്പിളപ്പാട്ടുകളും മലയാളികളുടെ മനം കവർന്നു. മാപ്പിളപ്പാട്ടിന്റെ മതേതരവൽക്കരണത്തെ ശക്തിപ്പെടുത്തിയ ഒന്നായിരുന്നു സിനിമയിലേക്കുള്ള അതിന്റെ പ്രവേശനം. സിനിമയിലൂടെ വന്ന മാപ്പിളപ്പാട്ടുകളിൽ യേശുദാസ്, ചിത്ര, മാർക്കോസ്- എന്നിവർ പാടിയ പാട്ടുകൾക്ക് ഈണം പകർന്ന സംഗീത സംവിധായകൻ കൂടിയായിരുന്നു വി. എം. കുട്ടി.

മാപ്പിളപ്പാട്ടിന്റെ ജനകീയവൽക്കരണത്തിൽ വലിയ പങ്കു വഹിച്ച മൂന്നാമത്തെ ഘടകമായിരുന്നു ഗാനമേളകൾ. സ്വന്തമായി ഒരു ട്രൂപ്പ് സംഘടിപ്പിച്ച് ആധുനിക സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ വി. എം. കുട്ടിയും സംഘവും നടത്തിയ ജൈത്രയാത്ര മാപ്പിളപ്പാട്ടിന്റെ ആധുനികവൽക്കരണത്തെയും ശക്തിപ്പെടുത്തി. പിന്നെയും ഒട്ടേറെ ഗായകസംഘങ്ങൾ അതിന്റെ തുടർച്ചയായി രംഗത്ത് വന്നിരുന്നുവെങ്കിലും അതിന്റെ തുടക്കക്കാരൻ അദ്ദേഹമായിരുന്നു. മാപ്പിളപ്പാട്ടുകളെക്കൊണ്ട് മാത്രമായി ഗാനമേളകൾ നടത്താൻ ആദ്യം മുന്നോട്ടുവന്നത് വി. എം. കുട്ടിയാണ്. ഈ ഗാനമേളകളിൽ ആയിരക്കണക്കിനാളുകൾ ജാതിമത വ്യത്യാസമില്ലാതെ പങ്കെടുത്തു. 1957 ൽ തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ സ്വന്തമായി ഒരു ട്രൂപ്പ് സംഘടിപ്പിച്ച് ഗാനമേള അവതരിപ്പിച്ചു തുടങ്ങിയ ആ യുവാവ് മാപ്പിളപ്പാട്ടിന്റെ ഒരു മുഖമായി വളരെ വേഗംതന്നെ മാറി. ഈ രംഗത്ത് ഏറ്റവും ദീർഘകാലം തുടരാൻ കഴിഞ്ഞ കലാകാരനും വി. എം. കുട്ടി തന്നെയായിരിക്കും.

മാപ്പിളപ്പാട്ടിന്റെ പൊതുസ്വീകാര്യത ഉയർത്തിയതിൽ വലിയ പങ്ക്- വഹിച്ചിട്ടുള്ള നാലാമത്തെ ഘടകം ആകാശവാണി ഈ കലയ്‌ക്ക് നൽകിയിരുന്ന പ്രോത്സാഹനമാണ്. 1935 ൽ ജനിച്ച വി. എം. കുട്ടി ഏഴാമത്തെ വയസ്സുമുതൽ വേദികളിൽ പാടാൻ തുടങ്ങിയിരുന്നു. 1955ൽ ഇരുപതാം വയസ്സിൽ ആകാശവാണിയിൽ ആദ്യമായി ഗായകനായെത്തിയ വി.എം. കുട്ടിയുടെ മാപ്പിളപ്പാട്ടുകൾ പിന്നീട് തുടർച്ചയായി മലയാളികൾ റേഡിയോവഴി കേട്ടുതുടങ്ങി. റിക്കാർഡ് ചെയ്യപ്പെട്ട ഗാനങ്ങൾവഴി അത് ഇപ്പോഴും തുടരുന്നു.

മാപ്പിളപ്പാട്ടിന്റെ ജനകീയവൽക്കരണത്തെ ശക്തിപ്പെടുത്തിയ ഘടകങ്ങളിൽ ഏറ്റവുമൊടുവിൽ വന്നത് ദൃശ്യമാധ്യമങ്ങളുടെ ഇടപെടലായിരുന്നു. കൈരളി ടി.വി. തുടങ്ങിയ “പട്ടുറുമാൽ” എന്ന റിയാലിറ്റി ഷോ പരിപാടിക്ക് കിട്ടിയ സ്വീകാര്യത എല്ലാ ചാനലുകളും സമാനമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് പ്രേരണയായി. പുതിയ തലമുറയിൽ പെട്ട അനേകം മാപ്പിളപ്പാട്ടു ഗായകർക്ക് അവസരം തുറന്നു കിട്ടിയ ഒരു പ്രവർത്തനം കൂടിയായി അത്- മാറി. പല ചാനലുകളുടെയും മാപ്പിളപ്പാട്ട്- റിയാലിറ്റി ഷോ പരിപാടികളിൽ അതിഥിയായും വിധികർത്താവായും രംഗത്തെത്തിയിരുന്ന വി. എം. കുട്ടി ഇവിടെയും തന്റെതായ പങ്കുവഹിച്ചു.

മാപ്പിളപ്പാട്ടിന്റെ നവോത്ഥാനത്തിന് ചൈതന്യം പകർന്നവരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നയാളെന്ന് സുകുമാർ അഴീക്കോട് വിശേഷിപ്പിച്ച വി. എം. കുട്ടിയെ സുഹൃത്തും ഗായകനുമായ വി.ടി.മുരളി വിളിച്ചത് ‘ആധുനിക മാപ്പിളപ്പാട്ട് ശാഖയുടെ പിതാവ്’ എന്നാണ്. ആധുനിക കാലത്തിന്റെ കമ്പനങ്ങളിൽപെട്ട് മുങ്ങിത്താണുപ്പോകാതെ മാപ്പിളപ്പാട്ട് എന്ന ഗാനസാഹിതീശാഖയെ നിലനിർത്തുകയും അതിന്റെ ആസ്വാദനത്തിന് മതേതരവും ജനകീയവുമായ മുഖം നൽകുകയും ചെയ്തവരിൽ ഒന്നാമനാണ് വി. എം. കുട്ടി എന്നാണ് എം.എൻ.കാരശ്ശേരി വിശേഷിപ്പിച്ചത്. ആധുനിക കേരളത്തിലെ മാപ്പിളപ്പാട്ടിന്റെ പര്യായപദം എന്ന്‌ ആലങ്കോട് ലീലാകൃഷ്ണൻ വിശേഷിപ്പിച്ച വി. എം. കുട്ടി ഈ രംഗത്ത്- പകരക്കാരില്ലാത്ത ഒരു ആൾറൗണ്ടർ തന്നെയായിരുന്നു.

ഈ നിരീക്ഷണം ഒട്ടുംതന്നെ അതിശയോക്തിപരമല്ല. മാപ്പിളപ്പാട്ടു കവികളും ഗാനരചയിതാക്കളുമായവരുടെ ഒരു നീണ്ട നിര നമുക്കുണ്ട്. അവരിൽ ഒരാളായി നമുക്ക് വി. എം. കുട്ടിയെ കാണാം. എന്നാൽ നൂറുകണക്കിന് പാട്ടുകളുടെ രചയിതാവായിരിക്കെത്തന്നെ ഒരു ഗായകൻ എന്ന നിലയിൽ വി.എം. കുട്ടിയോളം അംഗീകാരം നേടിയ വേറെ ആരെങ്കിലും ഉണ്ടാവാൻ ഇടയില്ല. പ്രശസ്-തനായ ഗാനരചയിതാവും ഗായകനും ആയിരിക്കെ തന്നെ മാപ്പിളപ്പാട്ട്- ശാഖയെക്കുറിച്ച്- പഠനങ്ങൾ നടത്തുകയും വിലപ്പെട്ട അനേകം ഗ്രന്ഥങ്ങൾ മലയാളത്തിന് നൽകുകയും ചെയ്-ത മറ്റൊരാളും നമുക്കില്ല. അതിനാൽ അദ്ദേഹം ഈ രംഗത്ത്- പകരക്കാരില്ലാത്ത ഒരു ആൾ റൗണ്ടർ തന്നെയായിരുന്നു.

വി.എം. കുട്ടിയുടെ കൃതികളുടെ പേരുകളിൽ നിന്നുതന്നെ അദ്ദേഹം മാപ്പിളകലകൾക്കുവേണ്ടി നടത്തിയിട്ടുള്ള അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും സ്വഭാവം വ്യക്തമാകും. “മാപ്പിളപ്പാട്ടിന്റെ ലോകം” “മാപ്പിളപ്പാട്ടിന്റെ ചരിത്രവും വർത്തമാനവും”, “മാപ്പിളപ്പാട്ടിന്റെ ചരിത്രസഞ്ചാരങ്ങൾ”,“മാപ്പിളപ്പാട്ടിന്റെ തായ്-വേരുകൾ”, “മാപ്പിളപ്പാട്ടിന്റെ ഗതിമാറ്റം” (എല്ലാം പഠനങ്ങൾ), “മഹിമ” (നാടകം), “ഖുറൈശി കന്യക” (നോവൽ പരിഭാഷ), “കിടപ്പറകൾ” (നോവൽ), “കുരുവിക്കുഞ്ഞ്-” (ബാലസാഹിത്യം), “വട്ടപ്പാട്ട് എന്ന ഒപ്പന” (പഠനം), “മഹാകവി മോയിൻ കുട്ടി വൈദ്യർ” (ജീവചരിത്രം), “മോയിൻകുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം”, “ഭക്തിഗീതങ്ങൾ”, “മൈത്രീഗാനങ്ങൾ”, “ഇശൽ നിലാവ്‌” (തെരഞ്ഞെടുത്ത സ്വന്തം രചനകൾ), “കനിവും നിനവും” (ഓർമ്മക്കുറിപ്പുകൾ) ഇത്രയും കൃതികൾ ഈ ലേഖകന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതാണ്. അതിൽ ഉൾപ്പെടാത്തവ വേറെയും ഉണ്ടാവും.

പതിനായിരക്കണക്കിന് ഗാനങ്ങളും നൂറ് കണക്കിന് കാവ്യഗ്രന്ഥങ്ങളും കൊണ്ട്- സമ്പന്നമായ മാപ്പിളപ്പാട്ടിന്റെ ഒരു പരിമിതി അവയിൽ മഹാഭൂരിപക്ഷവും ഊന്നുന്നത് ഭക്തി, പ്രണയം എന്നീ വിഷയങ്ങളിൽ മാത്രമാണ് എന്നതാണ്. അതു-കൊണ്ടുതന്നെ ആ വിഷയങ്ങളിലുള്ള രചനകളിൽ ആവർത്തനത്തിന്റെയോ വ്യത്യസ്തതയില്ലായ്-മയുടെയോ വിരസത പലപ്പോഴും അനുഭവപ്പെടാറുണ്ട്-. വി.എം. കുട്ടിയുടെ രചനകളിലും നല്ലൊരു പങ്ക് ഭക്തി ഗാനങ്ങളാണ്. അവയെല്ലാം ഉന്നത നിലവാരം പുലർത്തുന്ന വ്യത്യസ്ത രചനകളാണ് എന്ന അഭിപ്രായമില്ല. പക്ഷേ “ഹജ്ജിന്റെ രാവിൽ ഞാൻ ഖഅബം കിനാവ് കണ്ടു” എന്ന് തുടങ്ങുന്ന ഗാനം പോലുള്ള നല്ല ഭാവനയും കലാപരതയുമുള്ള രചനകൾ അവയിലുണ്ട്.

ഭക്തി, പ്രണയം എന്നിവയല്ലാത്ത മറ്റു വിഷയങ്ങൾകൂടി തന്റെ ഗാനങ്ങളിൽ ഉൾപ്പെടുത്താൻ ബോധപൂർവ്വം ശ്രമിച്ചിരുന്ന മാപ്പിളപ്പാട്ടു രചയിതാവായിരുന്നു അദ്ദേഹം. തന്റെ തിരഞ്ഞെടുക്കപ്പെട്ട രചനകളുടെ സമാഹാരമായ ഇശൽ നിലാവിൽ, വീരഗാഥകൾ, മൈത്രീഗാനങ്ങൾ, കത്ത് പാട്ടുകൾ, സമൂഹഗാനങ്ങൾ എന്നിവയ്‌ക്കുവേണ്ടി പ്രത്യേകം വിഭാഗങ്ങൾ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്-. ചരിത്രപുരുഷൻമാരായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ആലി മുസ്ലിയാർ, കുഞ്ഞാലി മരക്കാർ, പൂക്കോട്ടൂർ രക്തസാക്ഷികൾ, ഉണ്ണിമൂസ്സ മൂപ്പൻ എന്നിവരെക്കുറിച്ചെല്ലാം വി. എം. കുട്ടി മാപ്പിളപ്പാട്ടെഴുതിയിട്ടുണ്ട്. അബ്ദുറഹ്മാൻ സാഹിബിനെക്കുറിച്ചുമാത്രം നാല് പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

വി. എം. കുട്ടിയുടെ മൈത്രീഗാനങ്ങളിൽ ഉൾപ്പെടുന്ന
“മനസ്സുകൾ തമ്മിലിടഞ്ഞോരെ
മാനവമൈത്രി തകർത്തോരെ
മതിലുകൾ കെട്ടി മനുഷ്യരെ തമ്മിൽ
അകറ്റണതെന്തിനുടയോരേ”
എന്നു തുടങ്ങുന്ന ഗാനം വർത്തമാനകാല ഇന്ത്യയിൽ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്.
“ഇശൽ നിലാവി”ൽ സാമൂഹ്യഗാനങ്ങൾക്ക്- ഒരു പ്രത്യേക വിഭാഗം തന്നെ നീക്കിവെച്ചിട്ടുണ്ട്-. പണക്കാരായ വൃദ്ധൻമാർക്ക്- ബാലികമാരെ വിവാഹം കഴിച്ചു കൊടുക്കുന്ന ശീലം ഒരു കാലത്ത്- മുസ്ലീങ്ങൾക്കിടയിൽ സാധാരണയായിരുന്നു. അതിനെതിരെ മൂർച്ചയുള്ള വിമർശനം ഉയർത്തുന്ന ഒരു ഗാനം വി. എം. കുട്ടിയെഴുതിയത്- അക്കാലത്തെ ഹിറ്റായിരുന്നു.

“പൂരം കാണ്ണ ചേല്ക്ക്- ഞമ്മളെ
തുറിച്ച്- നോക്കണ കാക്കാ നിങ്ങളെ
സ്വർണ്ണം പൂശിയ പല്ലുകൾ കണ്ട്- മയങ്ങൂലാ..
പടച്ചോനാണേ വണ്ടീ ഞമ്മള് കേറൂല”…
ഏറനാടൻ ഭാഷയിലുള്ള അതിലെ വരികൾക്ക് വലിയ പ്രശസ്തികിട്ടിയിരുന്നു.

വിരഹദുഖം എല്ലാ കാലത്തും കവികളുടെ ഇഷ്-ട വിഷയമാണ്. കുഞ്ഞിനെ നഷ്-ടപ്പെട്ട അമ്മയുടെ ദുഖം മനസ്സുലയ്‌ക്കുന്ന ഭാഷയിൽ ആവിഷ്-കരിച്ചിട്ടുള്ള വൈലോപ്പിള്ളിയുടെ “മാമ്പഴം” മലയാളത്തിന്റെ നിത്യനൂതനമായ കവിതകളിൽ ഒന്നാണ്. അതോടൊപ്പം ചേർത്തുപറയാവുന്ന ഒരു വിരഹഗാനം വി. എം. കുട്ടിയുടെ തൂലികയിൽനിന്നും വന്നിട്ടുണ്ട്. മാതാപിതാക്കൾ മരിച്ചുപോയ ഒരു അനാഥ ബാലിക തന്റെ വീടിന്റെ സമീപത്തെ പള്ളിയുടെ മിനാരത്തിന് മുകളിൽ ചുറ്റിപ്പറന്നുകൊണ്ടിരുന്ന കിളിയോട് തന്റെ ദുഖങ്ങൾ പങ്കുവെക്കുന്ന വി. എം. കുട്ടിയുടെ ആ ഗാനത്തോളം ഹൃദയസ്-പർശിയായി ഒരു അനാഥയുടെ ദുഖം ആവിഷ്കരിക്കുന്ന വേറെ ഒരു രചന മലയാളത്തിലുണ്ടെന്ന് തോന്നുന്നില്ല.

“സുബഹിക്ക് മിനാരത്തെ വലംവെച്ച് പറക്കുന്ന
ദിക്ർ പാടിക്കിളിയെ നീ ചൊല്ല്
നീല മേലാപ്പിട്ടോരാകാശത്തിന്നതൃപ്പങ്ങൾ
കാണുന്നുണ്ടോ ചൊല്ല്”.
എന്ന് തുടങ്ങുന്ന ആ ഗാനത്തിൽ വളരെ ഉയരത്തിൽ നിന്ന് നോക്കുമ്പോൾ കിളിക്ക് തന്റെ ഉപ്പയും ഉമ്മയും പോയ ഇത്താത്തയും ഓത്തുപള്ളി മൊല്ലാക്കയും പറഞ്ഞു തന്നിട്ടുള്ള സ്വർഗ്ഗം കാണാൻ കഴിയുന്നുണ്ടോ എന്ന് ചോദിക്കുന്ന കുട്ടി തുടർന്നു പാടുന്നു.

“കണ്ണൻ ചിരട്ടയിൽ ഞാൻ ചോറ് വെച്ച്- കളിക്കുമ്പം
കൂട്ടുകാരോടൊപ്പം കൂടി കണ്ണ് പൊത്തിക്കളിക്കുമ്പം
ബാപ്പയത്- കാണാറുണ്ടോ
മേലെ നിന്നെന്നുമ്മച്ചി ചിരിക്കാറുണ്ടോ”
തുടർന്നു തന്റെ ബാപ്പയും ഉമ്മച്ചിയും പോയ സ്വർഗ്ഗത്തിലേക്ക് തന്നെക്കൂടി കൊണ്ടുപോകാൻ കുട്ടി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടാണ് ഗാനം അവസാനിപ്പിക്കുന്നത്-. ഓരോ തവണ കേൾക്കുമ്പോഴും വിതുമ്പിപ്പോയിരുന്ന ഒരു ബാല്യകാല സ്മരണയാണ് ഈ ലേഖകന് ആ ഗാനം. അന്ന് അത്- ആരുടെ രചനയാണെന്നൊന്നും അറിയുമായിരുന്നില്ല.

വി. എം. കുട്ടി മാപ്പിളപ്പാട്ടിനും മാപ്പിളകലകൾക്കുംവേണ്ടി ചെയ്തിട്ടുള്ള വിലപ്പെട്ട മറ്റൊരു സംഭാവന കേരളത്തിനകത്തും പുറത്തുമായി അദ്ദേഹം നടത്തിയിട്ടുള്ള ആയിരക്കണക്കിന് പ്രഭാഷണങ്ങളാണ്. സദസ്സിൽ കേൾവിക്കാരനായി ഇരുന്നും വേദിയിൽ ഒപ്പമിരുന്നും ആ പ്രഭാഷണങ്ങൾ പല തവണ കേൾക്കാൻ അവസരം കിട്ടിയിട്ടുണ്ട്. തന്റെ പ്രഭാഷണങ്ങളിൽ അദ്ദേഹം ഊന്നാൻ ശ്രമിച്ചിരുന്ന ഒരു കാര്യം മാപ്പിളകലകളുടെ മതേതര പാരമ്പര്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. വേദി മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട ഒന്നല്ലാത്ത സന്ദർഭങ്ങളിൽപോലും തന്റെ പ്രഭാഷണത്തെ അതിലേക്ക് ബോധപൂർവ്വം അദ്ദേഹം വഴിതിരിച്ചുവിടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

പ്രൊഫഷണൽ കലാകാരൻ പൊതുവിൽ ഉള്ള ഒരു സമീപനം പ്രത്യക്ഷമായി തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാതിരിക്കുക എന്നതാണ്. തങ്ങളുടെ കലാവൈഭവം മാർക്കറ്റ് ചെയ്യുന്നതിന് അത് ദോഷകരമായിരിക്കും എന്ന തോന്നലിന്റെ ഭാഗമായുള്ള ഒരു കരുതലാണിത്. എന്നാൽ ഇക്കാര്യത്തിലും മറ്റുള്ളവരിൽനിന്നും വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കാൻ ആർജ്ജവം കാണിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തോടും സി. പി. ഐ (എം) എന്ന പാർട്ടിയോടും അനുഭാവമുണ്ടായിരുന്ന അദ്ദേഹം അത് വ്യക്തമാക്കാൻ മടിച്ചിരുന്നില്ല. മാപ്പിളപ്പാട്ടു പോലുള്ള ഒരു കലയിൽ പ്രൊഫഷണൽ കലാകാരനായിരിക്കുമ്പോൾ പ്രത്യക്ഷത്തിൽ കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്നറിയുന്നത്- ദോഷകരമാവും എന്ന ന്യായമായ ഒരു സംശയംപോലും അദ്ദേഹം പുലർത്തിയിരുന്നില്ല. സൗകര്യപ്പെടുമ്പോഴൊക്കെ പാർടി വേദികളിൽ അദ്ദേഹം പരസ്യമായി രംഗത്തുവന്നു. യുവാവായിരിക്കുമ്പോൾ പാർട്ടിയുടെ കൊണ്ടോട്ടി ഏരിയയിലെ പെരിയമ്പലം ബ്രാഞ്ച് കമ്മറ്റി അംഗമായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് തിരക്കുള്ള ഗായകനായി മാറിയപ്പോൾ അത് നിലനിർത്താനായില്ല. എന്നാൽ അവസാന വർഷങ്ങളിൽ സ്വന്തം ട്രൂപ്പുമായി ഓടി നടന്നു പരിപാടികൾ അവതരിപ്പിക്കുന്ന തരത്തിലുള്ള കലാപ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ഒരു പ്രഭാഷകനെന്ന നിലയിൽ പൊതുപ്രവർത്തനം തുടരുകയും ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തിൽ തന്റെ പാർട്ടി അംഗത്വം പുതുക്കാൻ അദ്ദേഹം മടികാണിച്ചതുമില്ല. മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ ആ കലാകാരന്റെ മൃതശരീരം പൊതുദർശനത്തിന് വെച്ചിരുന്നത് രക്തപതാക പുതപ്പിച്ചായിരുന്നു.

പുരോഗമന കലാസാഹിത്യസംഘത്തിന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി അദ്ദേഹം രണ്ട് സമ്മേളന കാലയളവിൽ ഉണ്ടായിരുന്നു. ആ സമയത്ത് ഈ ലേഖകനായിരുന്നു പു.ക.സ യുടെ മലപ്പുറം ജില്ലാ സെക്രട്ടറി. മരിക്കുമ്പോഴും അദ്ദേഹം കമ്മിറ്റിയുടെ രക്ഷാധികാരികളിൽ ഒരാളായിരുന്നു.

കലാപരിപാടികൾക്കും പ്രഭാഷണങ്ങൾക്കുമായി കേരളത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്തുകൊണ്ടിരുന്ന തിരക്കുള്ള ഒരു പ്രൊഫഷണൽ കലാകാരനായിരുന്ന വി. എം. കുട്ടിയെ ജില്ലാ കമ്മിറ്റി അംഗമായി എടുക്കുന്നതിനുള്ള തീരുമാനം വന്നപ്പോൾ ഞാനടക്കമുള്ളവർ പ്രതീക്ഷിച്ചത് നാട്ടിലുള്ളപ്പോൾ ഏതെങ്കിലും ക്യാമ്പയിൻ പരിപാടികളിൽ അദ്ദേഹത്തെ പ്രയോജനപ്പെടുത്താൻ കഴിയും എന്ന് മാത്രമായിരുന്നു. എന്നാൽ അദ്ദേഹം അതിനെ കണ്ടത് അങ്ങിനെയല്ല-. കഴിയുന്നത്ര കമ്മിറ്റികളിൽ സമയം കണ്ടെത്തി അദ്ദേഹം പങ്കെടുത്തു. കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ തന്റേതായ പങ്കാളിത്തം ഉണ്ടാക്കാൻ ആ വലിയ കലാകാരൻ കാണിച്ചിരുന്ന ആത്മാർത്ഥത പലപ്പോഴും വിസ്മയിപ്പിച്ചിരുന്നു.

ജില്ലയിലെ സാംസ്കാരിക വിശേഷങ്ങൾ ഉൾപ്പെടുത്തി ഒരു സുവനീർ പ്രസിദ്ധീകരിക്കാനുള്ള കമ്മിറ്റി തീരുമാനം വന്നപ്പോൾ അദ്ദേഹത്തിൽനിന്നുമുണ്ടായ പ്രതികരണം ഓർക്കുന്നു. ജില്ലാ കമ്മിറ്റിക്ക് ഉണ്ടായിരുന്ന ചില കടങ്ങൾ വീട്ടാനുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ പരസ്യങ്ങൾവഴി ഒരു തുക സമാഹരിക്കാനും ആ സുവനീർകൊണ്ട് ഉദ്ദേശിച്ചിരുന്നു. പരസ്യം ശേഖരിക്കുന്നതിനുള്ള താരിഫ്- ഫോമുകൾ വിതരണം ചെയ്ത കമ്മിറ്റി യോഗം പിരിഞ്ഞപ്പോൾ സെക്രട്ടറിയായിരുന്ന എന്നെ അദ്ദേഹം അരികിലേക്ക് വിളിച്ച് ഒരു താരിഫ് ഫോം ആവശ്യപ്പെട്ടു. ഫോമിലെ ഏറ്റവും കുറഞ്ഞ പരസ്യ തുകയായിരുന്ന 600/‐ രൂപയുടെ കോളത്തിൽ ശരിയടയാളപ്പെടുത്തിയിട്ട് ഒപ്പിട്ട് അത് അദ്ദേഹം തിരിച്ചുതന്നു. ഞാൻ ചോദിച്ചു.

“പരസ്യത്തിന്റെ മാറ്റർ…..?”

ഉടൻ തന്നെ ഫോം തിരിച്ചു വാങ്ങി മറുപുറത്ത് എഴുതിത്തന്നു.
“ആശംസകളോടെ…..
ചെന്താര തിയേറ്റേഴ്സ്
പുളിക്കൽ ‐ കൊണ്ടോട്ടി.”

കുറച്ച് മുമ്പുവരെ അദ്ദേഹം നേതൃത്വം കൊടുത്തിരുന്ന കലാട്രൂപ്പിന്റെ പേരായിരുന്നു അത്. എന്നാൽ ആ സമയത്ത്- ആ സംഘം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങൾ സ്ഥാപനങ്ങളെയും വ്യക്തികളെയും ബന്ധപ്പെട്ട് പരസ്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം നടത്തുമ്പോൾ അതിൽ ഭാഗഭാക്കാവാൻ തനിക്ക്- സമയം കിട്ടാനിടയില്ലാത്തതുകൊണ്ട് അദ്ദേഹം കണ്ട ഒരു പരിഹാരമാർഗ്ഗമായിരുന്നു ആ സ്വന്തം പരസ്യം. വി. എം. കുട്ടി പ്രതിഭാശാലിയായ ഒരു കലാകാരൻ മാത്രമല്ല, ആത്മാർത്ഥതയുള്ള ഒരു സംഘടനാ പ്രവർത്തകൻ കൂടിയായിരുന്നു എന്ന് ബോധ്യപ്പെടുത്തിയ ഒരു അനുഭവമായിരുന്നു അത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 1 =

Most Popular