Sunday, July 14, 2024

ad

Homeലേഖനങ്ങൾകേരളത്തെ വലതുപക്ഷവത്‌കരിക്കാൻ ശ്രമിക്കുമ്പോൾ

കേരളത്തെ വലതുപക്ഷവത്‌കരിക്കാൻ ശ്രമിക്കുമ്പോൾ

കെ എ വേണുഗോപാലൻ

വോത്ഥാനത്തെ കമ്യൂണിസ്റ്റുകാർ ബൂർഷ്വാ നവോത്ഥാനം എന്നാണ് പൊതുവിൽ വിളിക്കാറുള്ളത്. ഫ്യൂഡലിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്കുള്ള വളർച്ചയിൽ ഉൽപാദന ബന്ധങ്ങൾക്കിടയിൽ വരുന്ന മാറ്റങ്ങൾക്കൊപ്പിച്ചോ അതിനുമുന്നോടിയായോ ബൗദ്ധിക തലത്തിൽ സംഭവിച്ച മാറ്റങ്ങളുടെ ആകെത്തുകയെയാണ് നവോത്ഥാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ മുതലാളിത്ത സാമ്പത്തികവളർച്ചയ്ക്ക് അരങ്ങൊരുക്കിയ ആശയരംഗത്തെ കുതിച്ചുചാട്ടമാണ് നവോത്ഥാനം. സാഹിത്യം, കല, രാഷ്ട്രീയം, മതം, ശാസ്ത്രം, സാങ്കേതികവിദ്യ, ദർശനം തുടങ്ങി ബൗദ്ധിക മേഖലയിലാകെയുണ്ടായ പുതിയ ഉണർവിനെയാണ് നവോത്ഥാനം എന്നു വിളിക്കുന്നത്. നവോത്ഥാനം ഇറ്റലിയിൽ നിന്ന് ആരംഭിക്കുകയും ക്രമേണ ഉത്തര പശ്ചിമ യൂറോപ്യൻ മേഖലയിലാകെ വ്യാപിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. എങ്കിലും ഈജിപ്തിൽനിന്ന് ആരംഭിച്ച് ഗ്രീസിലൂടെ യൂറോപ്യൻ മേഖലയിലേക്ക് വ്യാപിച്ചു എന്ന് പറഞ്ഞാലേ യൂറോ കേന്ദ്രിത നിലപാടിൽ നിന്ന് വിമുക്തമായ സമഗ്രമായ നിലപാടാകൂ.

യൂറോപ്പിൽ നവോത്ഥാനകാലത്ത് സംഭവിച്ചത് എന്തെന്ന് പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ എംഗത്സ് വ്യക്തമാക്കിയിട്ടുണ്ട്. “പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിൽ ആരംഭിച്ച കാലഘട്ടമാണത്. നഗരവാസികളുടെ (ബർഗർമാർ) പിന്തുണയോടെ രാജാക്കന്മാർ നാടുവാഴി പ്രഭുക്കളുടെ അധികാരശക്തിയെ തകർത്തു. മുഖ്യമായും ദേശീയ ജനവിഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയ വമ്പിച്ച രാജാധിപത്യ രാജ്യങ്ങൾ അവർ സ്ഥാപിച്ചു. അവയ്ക്കുള്ളിൽ ആണ് ആധുനിക യൂറോപ്യൻ രാജ്യങ്ങളും ആധുനിക ബൂർഷ്വാ സമൂഹവും വളർന്നുവന്നത്.ബർഗർമാരും പ്രഭുക്കന്മാരും പരസ്പരം പൊരുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ ജർമ്മനിയിലെ കർഷക യുദ്ധം ഭാവിയിലെ വർഗസമരത്തിലേക്ക് വിരൽചൂണ്ടി. അത് കലാപകാരികളായ കർഷകരെ അരങ്ങത്തേക്ക് കൊണ്ടുവന്നുവെന്നു മാത്രമല്ല (അതൊരു പുതുമയല്ലാതായി കഴിഞ്ഞിരുന്നു ) ചെങ്കൊടി കൈയിലും സാധനങ്ങൾ പൊതു ഉടമയിലാകണമെന്ന ആവശ്യം നാവിൻ തുമ്പത്തുമുള്ള ആധുനിക തൊഴിലാളിവർഗത്തിന്റെ പ്രാരംഭകരെകൂടി അവരുടെ പിന്നാലെ രംഗത്തിറക്കി. ബൈസാന്റിയത്തിന്റെ പതനത്തെ തുടർന്ന് രക്ഷിക്കാൻ കഴിഞ്ഞ കയ്യെഴുത്തു പ്രതികളിലും റോമിന്റെ നാശാവശിഷ്ടങ്ങളിൽ നിന്ന് കുഴിച്ചെടുത്ത പൗരാണിക പ്രതിമകളിലും പ്രാചീന ഗ്രീസിന്റേതായ ഒരു പുതിയ ലോകം അത്ഭുതാധീനരായ പാശ്ചാത്യരുടെ കൺമുമ്പിൽ അനാവരണം ചെയ്യപ്പെട്ടു. അതിന്റെ ഭാസുരരൂപങ്ങളുടെ മുമ്പിൽ മധ്യയുഗത്തിന്റെ പ്രേതങ്ങൾ തിരോധാനം ചെയ്തു. ഇറ്റലിയിൽ കല സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാനാകാത്തവണ്ണം തഴച്ചു വളർന്നു. ക്ലാസിക്കൽ പൗരാണികതയുടെ പ്രതിബിംബങ്ങളാണോ അതെന്ന് തോന്നിപ്പോയി. ആ സ്ഥിതി പിന്നീട് ഒരിക്കലും കൈ വന്നിട്ടില്ല. ഇറ്റലിയിലും ഫ്രാൻസിലും ജർമ്മനിയിലും പുതിയൊരു സാഹിത്യം ഉണർന്നു വന്നു. അതായിരുന്നു ആദ്യത്തെ ആധുനിക സാഹിത്യം. അധികം താമസിയാതെ ഇംഗ്ലീഷ് സാഹിത്യത്തിലെയും സ്പാനിഷ് സാഹിത്യത്തിലെയും ക്ലാസിക്കൽ കാലഘട്ടങ്ങൾ വന്നു. പഴയ ലോകത്തിന്റെ സീമകൾ ഭേദിക്കപ്പെട്ടു. ആദ്യമായി ലോകം യഥാർത്ഥത്തിൽ കണ്ടുപിടിക്കപ്പെട്ടത് ഇപ്പോൾ മാത്രമാണ്. തുടർന്നുണ്ടായ ലോകവാണിജ്യത്തിനും കൈത്തൊഴിലിൽ നിന്ന് നിർമ്മാണ തൊഴിലിലേക്കുള്ള (മാനുഫാക്ചറിങ്) പരിവർത്തനത്തിനും അടിത്തറപാകിയത് അപ്പോഴാണ്. നിർമ്മാണ തൊഴിലാണല്ലോ ആധുനിക വൻകിട വ്യവസായത്തിന് തുടക്കംകുറിച്ചത്. മനുഷ്യമനസ്സുകളുടെമേൽ പള്ളിക്കുണ്ടായിരുന്ന സർവ്വാധിപത്യം തകർക്കപ്പെട്ടു. പ്രൊട്ടസ്റ്റൻഡ് മതം സ്വീകരിച്ച ഭൂരിപക്ഷം ജർമനി ജനതകളും പ്രത്യക്ഷമായിത്തന്നെ അത് വലിച്ചെറിഞ്ഞു. ലത്തീൻ ജനതകൾക്കിടയിൽ ആവട്ടെ അറബികളിൽ നിന്നെടുത്തതും പുതുതായി കണ്ടുപിടിക്കപ്പെട്ട യവന തത്വചിന്തയിൽ നിന്ന് പോഷണം ലഭിച്ചതുമായ സ്വതന്ത്രചിന്തയുടെ ഉന്മേഷദായകമായ ഒരു ചൈതന്യം കൂടുതൽ വേരൂന്നി. അത് പതിനെട്ടാം നൂറ്റാണ്ടിലെ ഭൗതികവാദത്തിന് കളമൊരുക്കി “(എംഗത്സ്) അങ്ങനെ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പരിശോധിച്ചാൽ സാംസ്കാരികവും ആശയപരവുമായ രംഗങ്ങളിൽ അല്ലെങ്കിൽ ബൗദ്ധിക രംഗത്താകെ തന്നെ സമഗ്രമായ മാറ്റം വരുത്തിയ ഒന്നായിരുന്നു യൂറോപ്പ് കണ്ട നവോത്ഥാന പ്രസ്ഥാനം എന്ന് പറയാനാവും.

എന്നാൽ ഇന്ത്യയിൽ നവോത്ഥാന പ്രസ്ഥാനത്തോടൊപ്പം പുനരുദ്ധാന പ്രസ്ഥാനവും രൂപപ്പെട്ടതായി കാണാൻ കഴിയും. മാത്രമല്ല പല സ്ഥലത്തും അത് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി ഒതുങ്ങിപ്പോവുകയും ചെയ്തു. ഇന്ത്യയിൽ മുതലാളിത്ത വ്യവസ്ഥയുടെ വളർച്ചയിൽ ഉണ്ടായ അസന്തുലിതാവസ്ഥയും ഭൂപ്രഭുത്വവുമായി സന്ധി ചെയ്താണ് അതിന്റെ വളർച്ച ഉണ്ടായത് എന്നതുമാണ് ഇതിന് കാരണം. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയർത്തപ്പെട്ട മുദ്രാവാക്യങ്ങളിലും ഈ ഏറ്റിറക്കങ്ങൾ പ്രകടമാണ്. നമ്പൂതിരിമാർക്കിടയിൽ അത് ജാതീയമായ പരിഷ്കരണം മാത്രമായിരുന്നെങ്കിൽ പിന്നാക്ക ജാതിക്കാർക്കിടയിൽ ഉയർത്തപ്പെട്ടത് ജാതിരാഹിത്യത്തിന്റെ മുദ്രാവാക്യമാണ്.

കേരളത്തിൽ തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മയാണ് ചെറുകിട രാജാക്കന്മാരുടേയും മാടമ്പിമാരുടേയും ഭൂസ്വത്തുക്കൾ കണ്ടുകെട്ടി പണ്ടാരവകയാക്കിയത്. തുടർന്ന് ഈ ഭൂമിയിലെ കുടിയാന്മാർക്ക് അദ്ദേഹം പല ആനുകൂല്യങ്ങളും അനുവദിച്ചു. ഇത് കൃഷി അഭിവൃദ്ധിപ്പെടുത്തി. തുടർന്ന് അദ്ദേഹം വിദേശവ്യാപാരം മുഴുവൻ സർക്കാർ കുത്തകയാക്കി. മുതലാളിത്തത്തിന് വളർന്നുവരാനുള്ള അരങ്ങൊരുക്കലായാണ് ഇത് ഫലത്തിൽ മാറിയത്. തുടർന്ന് തിരുവിതാംകൂറിൽ വാണിജ്യകൃഷി വ്യാപകമായി. അതോടെ കാർഷികവിഭവങ്ങൾ സംസ്കരിക്കുന്നതിനും കയറ്റുമതിക്കായി തയ്യാറാക്കുന്നതിനുമുള്ള വ്യവസായങ്ങൾ വളർന്നുവരാൻ തുടങ്ങി. “തേയില ഫാക്ടറികൾ, കാപ്പിക്കുരു സംസ്കരിക്കുന്ന സ്ഥാപനങ്ങൾ, റബ്ബർ ഫാക്ടറികൾ തുടങ്ങിയവ തോട്ടപ്രദേശങ്ങളിൽ ഉടലെടുത്തു.ഇവയെക്കാൾ ഏറെ പ്രധാനം കേര കൃഷിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വ്യവസായങ്ങൾ ആയിരുന്നു. കൊപ്ര ഉണക്കി കാളച്ചക്ക് കൊണ്ട് ആട്ടി എണ്ണയാക്കുന്ന സമ്പ്രദായമാണ് ആദ്യം നിലവിലിരുന്നത്. എന്നാൽ ഒന്നാം ലോകയുദ്ധത്തിനുശേഷം ആവി അല്ലെങ്കിൽ ഡീസൽ എൻജിൻ ഉപയോഗിച്ചുകൊണ്ട് എണ്ണയാട്ടുന്ന മില്ലുകൾ രൂപംകൊണ്ടു. ആലപ്പുഴ യായിരുന്നു വെളിച്ചെണ്ണ വ്യവസായത്തിന്റെ കേന്ദ്രം. ” (കേരളം മണ്ണും മനുഷ്യനും: ഡോ. ടി എം തോമസ് ഐസക്) 1859 ൽ ആലപ്പുഴ കടപ്പുറത്ത് ജെയിംസ് എന്ന അയർലണ്ട് കാരൻ സായിപ്പ് കയറ്റുപായ നിർമാണത്തിനുള്ള ഒരു നിർമ്മാണശാല സ്ഥാപിച്ചു. തുടർന്ന് നിരവധി കയർ വ്യവസായ ശാലകൾ കേരളത്തിൽ വളർന്നുവന്നു. അത് തുടങ്ങിയവരിൽ മലയാളി വ്യവസായികളുമുണ്ടായിരുന്നു. കശുവണ്ടിവ്യവസായം, ഓടുവ്യവസായം, ബീഡിവ്യവസായം എന്നിവയും വളർന്നു വരാനാരംഭിച്ചു. ഒരു വ്യവസായ ശാലയ്‌ക്കകത്ത് തൊഴിലാളികൾക്ക് ഒരുമിച്ച് പണിയെടുക്കണമെങ്കിൽ ജാതിവ്യവസ്ഥയുടെ ഭാഗമായി അന്ന് നിലവിലുണ്ടായിരുന്ന തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ മാറിയേ പറ്റു എന്ന ഭൗതിക യാഥാർത്ഥ്യം ഉയർന്നുവന്നു. അതു മുതലാളിത്ത വളർച്ചയ്‌ക്ക് അനിവാര്യമായ ഒരു ഘടകമായിരുന്നു. ഇതാണ് നവോത്ഥാന പ്രസ്ഥാനം ഉയർന്നുവന്നതിന്റെ പിന്നിലെ സാമ്പത്തികാടിത്തറ.

വ്യാവസായികമായി വലിയ വളർച്ചയൊന്നും നേടാൻ കഴിയാതിരുന്ന ബ്രിട്ടീഷ് മലബാറിൽ നിന്ന് വാഗ്ഭടാനന്ദനൊഴികെ കാര്യമായി നവോത്ഥാന നായകരൊന്നും വളർന്നു വരാതിരുന്നതിന് കാരണവും ഇതു തന്നെയാണ്. മലബാറിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ കടമ നിർവഹിച്ചത് കർഷക പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായിരുന്നു. എന്നാൽ 1957 ൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നതോടെ നവോത്ഥാന പ്രസ്ഥാനത്തിന്റെയും സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെയും ഭാഗമായി പ്രവർത്തിച്ചിരുന്ന സംഘടനകൾ പലതും ജാതിസംഘടനകളായി അധഃപതിച്ചു. അവയുടെ നേതൃത്വത്തിലുള്ള സമ്പന്നവിഭാഗത്തിന് കമ്യൂണിസ്റ്റ് ഭരണ നടപടികൾ ഉൾക്കൊളാനാവുമായിരുന്നില്ല. അതിനാൽ അവർ “വിമോചന സമരത്തിൽ പങ്കാളികളായി. സമരവിജയം കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തെ പിറകോട്ടടിപ്പിച്ചു. എസ്എൻഡിപിയുടെ നേതൃത്വത്തിൽ എസ്ആർപിയും എൻ എസ്എസിന്റെ നേതൃത്വത്തിൽ എൻഡിപിയും രൂപീകരിച്ചതും രണ്ടു കൂട്ടരും കരുണാകരൻ മന്ത്രിസഭയിൽ അംഗങ്ങളായതുമൊക്കെ ചരിത്രം.

ജാതിരാഷ്ട്രീയം പിന്നീട് നവലിബറൽ ഘട്ടത്തിൽ സ്വത്വ രാഷ്ട്രീയത്തിന് വഴി മാറി. മായാവതിയുടെ അധികാരാരോഹണം കൊട്ടിഘോഷിക്കപ്പെട്ടു. എന്നാൽ സ്വത്വരാഷ്ട്രീയ വാദികളായി വന്നവരെ പലരെയും സോഷ്യൽ എഞ്ചിനിയറിംഗിന്റെ പേരിൽ വിലയ്‌ക്കെടുക്കാനും വിശാല ഹിന്ദുമുന്നണി രൂപപ്പെടുത്താനും ഹിന്ദുത്വരാഷ്ട്രീയത്തിന് കഴിഞ്ഞു. കോൺഗ്രസ്സാവട്ടെ മൃദു ഹിന്ദുത്വനിലപാടിലാണ് ഇന്ന് കേരള രാഷ്ട്രീയം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്.

നവലിബറൽ നയങ്ങളുടെ ഭാഗമായി തൊഴിലാളിവർഗം വൻതോതിൽ അസംഘടിതമേഖലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇടത്തരക്കാരിലാവട്ടെ ഒരു പുത്തൻ മധ്യവർഗം വളരുന്നുമുണ്ട്. ഇതിന്റെയൊക്കെ പ്രത്യാഘാതങ്ങൾ കാർഷിക രംഗത്തും പ്രകടമാണ്. ഇതെല്ലാം ചേർന്ന് ഇന്ന് കേരളത്തെ സംഘടിതമായി വലതു പക്ഷവത്കരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷക്കാരും ജനാധിപത്യ മതനിരപേക്ഷവാദികളുമായ മുഴുവൻ ജനങ്ങളേയും കക്ഷിരാഷ്ട്രീയ ഭേദമെന്യെ അണിനിരത്തിക്കൊണ്ടു മാത്രമേ ഈ വെല്ലുവിളിയെ നേരിടാനാകു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 4 =

Most Popular