Friday, November 8, 2024

ad

Homeലേഖനങ്ങൾകവിതയുടെ സ്വരരാഗപ്രഭ

കവിതയുടെ സ്വരരാഗപ്രഭ

പ്രൊഫ. എം കൃഷ്‌ണൻ നമ്പൂതിരി

പ്രഭാവർമയുടെ ശാസ്‌ത്രീയസംഗീത കൃതികളെക്കുറിച്ചുള്ള വിചാരം

വിവിധങ്ങളായ കാവ്യരൂപങ്ങൾ, നോവൽ, നിരൂപണം, മാധ്യമപഠനം, സാമൂഹ്യവിമർശനം, യാത്രാവിവരണം, ഓർമക്കുറിപ്പുകൾ, ആത്മകഥ എന്നിങ്ങനെ വ്യത്യസ്‌ത സാഹിത്യരൂപങ്ങളിലായി നാൽപതോളം കൃതികൾ പ്രഭാവർമയുടേതായിട്ടുണ്ട്‌. കാവ്യരൂപങ്ങളിൽത്തന്നെ ലഘുകവനം, ഭാവഗീതം, ലളിതഗാനം, ചലച്ചിത്രഗാനം, ഖണ്ഡകാവ്യം, കാവ്യാഖ്യായിക എന്നിങ്ങനെ ശിൽപവൈവിധ്യം പുലർത്തുന്ന രചനകളും നിരവധിയുണ്ട്‌. ഇവ കൂടാതെ കർണാടകസംഗീതം, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയുടെ അവതരണത്തിനായി ശാസ്‌ത്രീയ സംഗീതകൃതികളും പ്രഭാവർമ രചിച്ചിട്ടുണ്ട്‌. ആധുനിക‐ഉത്തരാധുനിക മലയാളകവികളിൽ മറ്റാരും ചെയ്‌തിട്ടില്ലാത്ത ശാസ്‌ത്രീയസംഗീത രചനാരൂപങ്ങൾ പ്രഭാവർമയുടെ കവിവ്യക്തിത്വത്തെ അനന്വയമാക്കുന്നു. ത്യാഗരാജസ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്‌ത്രീകൾ, പുരന്ദരദാസൻ, സ്വാതിതിരുനാൾ, ഇരയിമ്മൻതമ്പി, കുട്ടിക്കുഞ്ഞിത്തങ്കച്ചി, കെ സി കേശവപിള്ള, ആർ രാമചന്ദ്രൻനായർ, ചേർത്തല ഗോപാലൻനായർ തുടങ്ങി കീർത്തനസാഹിത്യത്തിൽ സമ്പന്നമായ പാരമ്പര്യം സൃഷ്ടിച്ച പൂർവകവികൾ ഏറെയുണ്ട്‌. അവരുടെ നിരയിലേക്കാണ്‌ ക്ലാസിക്കൽ കർണാട്ടിക്‌ രചനകളുമായി പ്രഭാവർമ കടന്നുവരുന്നത്‌.

സംഗീതവും സാഹിത്യവും ഒരുപോലെ സമന്വയിക്കുന്ന വാഗ്ഗേയരൂപത്തിന്‌ മികച്ച മാതൃകയാണ്‌ പ്രഭാവർമയുടെ ക്ലാസിക്കൽ കർണാട്ടിക്‌ സംഗീതരചനകൾ. അദ്ദേഹത്തിന്റെ ചലച്ചിത്രഗാന രചനകളിൽ സംഗീതസാഹിത്യലയം മലയാളി മുമ്പുതന്നെ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്‌. ‘‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ’’ (രാഗം‐ ശ്രീരാഗം, സിനിമ‐ സ്ഥിതി) എന്ന ഒറ്റ ഗാനം മതി ഇതിനു തെളിവ്‌. ‘‘പൂന്തേൻ നേർമൊഴീ, മധുമുഖീ മധുരമൊഴീ പാടുകനീ’’ (രാഗം‐ ഖരഹരപ്രിയ, സിനിമ‐ നഗരവധു) എന്ന ഗാനം രചനയിലും സംഗീതാവിഷ്‌കാരത്തിലും പൂർണമായും ക്ലാസിക്കൽ കർണാട്ടിക്‌ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ളതാണെന്നും ഓർക്കാം. കർണാട്ടിക്‌ സംഗീതാവിഷ്‌കാരത്തിന്‌ ഏറ്റവും അനുയോജ്യമാംവിധം പല്ലവി, അനുപല്ലവി, ചരണം എന്ന ഘടനയിൽ, ലക്ഷണയുക്തമായ ശാസ്‌ത്രീയസംഗീത കൃതികളാണ്‌ പ്രഭാവർമയുടെ തൂലികയിൽനിന്നും മലയാളകവിതയ്‌ക്കും കേരളീയ കർണാട്ടിക്‌ സംഗീതത്തിനും ഇപ്പോൾ ലഭിച്ചിരിക്കുന്നത്‌. നാൽപതിനടുത്തു വരുന്ന ഈ കൃതികളോരോന്നും കവിതയുടെ സ്വരരാഗപ്രഭകൊണ്ട്‌ വേറിട്ടുനിൽക്കുന്നവയാണ്‌. ഇവയിൽ മുപ്പതോളം രചനകൾ രാഗതാളബദ്ധമായി ചിട്ടപ്പെടുത്തിയതും അരങ്ങിൽ കച്ചേരിയായി അവതരിപ്പിച്ചതും പ്രശസ്‌ത സംഗീതാധ്യാപികയും ഗായികയുമായ ഡോ. കെ ആർ ശ്യാമയാണ്‌. ഡോ. ബി അരുന്ധതി, കാവാലം ശ്രീകുമാർ, കളത്തിമേക്കാട്‌ സന്ദീപ്‌ തുടങ്ങിയ പ്രശസ്‌ത സംഗീതജ്ഞരും പ്രഭാവർമയുടെ കൃതികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌.

സംഗീതകൃതികളിലെ പ്രഭാമുദ്രകൾ
ക്ലാസിക്കൽ സംഗീതക്കച്ചേരിയുടെ പാരമ്പര്യത്തെ നവീനമായ രചനാസംസ്‌കാരത്തിലും ഭാവദർശനത്തിലും വിലയിപ്പിച്ച്‌ പുതിയൊരു സംഗീതഭാവുകത്വം രൂപപ്പെടുത്തുകയാണ്‌ പ്രഭാവർമയുടെ ശാസ്‌ത്രീയസംഗീത രചനകൾ. സാധാരണ സംഗീതക്കച്ചേരികളിൽ ആലപിക്കപ്പെടുന്ന കീർത്തനങ്ങൾ കേവലം ഈശ്വരസ്‌തുതികളായിരിക്കും. ദൈവമഹത്വ വർണനയിലൂടെ ഭക്തിയും മോക്ഷവും ലക്ഷ്യമാക്കുന്നവയാണ്‌ അവയിൽ മിക്കതും. ഭക്തനോ ദാസനോ ആയ വാഗ്ഗേയകാരനെയല്ല പ്രഭാവർമയുടെ കീർത്തനങ്ങളിൽ കാണുന്നത്‌. പ്രകൃതിഭാവങ്ങളിലും പ്രപഞ്ചഘടനയിലും ഈശ്വരീയത ദർശിക്കുന്ന യോഗാത്മകകവിയെ (Mystic Poet)യാണ്‌ പ്രഭാകീർത്തനങ്ങളിൽ കാണാനാവുക. ഇതേപ്പറ്റി പ്രഭാവർമ പറയുന്നതിങ്ങനെയാണ്‌‐ ‘‘പതിവു ശൈലിയിലുള്ള ദേവതാസ്‌തുതികളല്ല, മറിച്ച്‌ ദൈവഭാവങ്ങളെയാണ്‌ കൂടുതൽ എഴുതുവാൻ ശ്രദ്ധിച്ചിട്ടുള്ളത്‌. അന്നപൂർണേശ്വരി, അർധനാരീശ്വരൻ തുടങ്ങിയ ഭാവങ്ങളെ മുൻനിർത്തി എഴുതുകയായിരുന്നു’’. വിശ്വപ്രപഞ്ചത്തെയും അതിന്റെ ഭാവവൈവിധ്യങ്ങളെയും സൂക്ഷ്‌മപ്രകൃതിയെയും അതിന്റെ മനോഹാരിതകളെയും ലഘുകീർത്തനങ്ങളുടെ ഘടനയിലേക്ക്‌ ആവാഹിച്ചിരുത്തുന്ന കവിഭാവനയാണ്‌ സംഗീതകൃതികൾക്കു പിന്നിലുള്ളത്‌. പ്രകൃതി പ്രതിഭാസങ്ങളും പ്രപഞ്ചപരിണാമങ്ങളും ഋതുഭേദങ്ങളും കവിമനസ്സിൽ സൃഷ്ടിക്കുന്ന അത്ഭുതാദരങ്ങൾ കീർത്തനശീലുകളിൽ തുടിച്ചുനിൽക്കുന്നു. പ്രകൃതിയുടെ ജീവതാളം അതിൽ ലയംകൊണ്ടിരിക്കുന്നു.

‘ശ്രീഗണനാഥം’, ‘ആനന്ദവിനായകം’, ‘പ്രണമാമ്യഹം’, ‘ഉപാസ്‌മഹേ’ തുടങ്ങിയ കീർത്തനങ്ങൾ ശ്രദ്ധിക്കുക. കേവലം ഗണപതിസ്‌തുതികളല്ല ഈ രചനകൾ. ഗണങ്ങളുടെ (കൂട്ടത്തിന്റെ‐സമൂഹത്തിന്റെ)നാഥൻ എന്ന സങ്കൽപത്തിലാണ്‌ ശ്രീഗണനാഥം രചിക്കപ്പെട്ടിരിക്കുന്നത്‌. പുരാണേതിഹാസ പരിവേഷത്തിലല്ല, പ്രകൃതിഭാവ പ്രകാശത്തിലാണ്‌ കീർത്തനങ്ങളിൽ ഗണനാഥന്റെ സാന്നിധ്യം എന്നത്‌ ശ്രദ്ധിക്കുക. സദ്‌ഗുണാഞ്ചിതം, ഭൂതസംഘാതസേവ്യം, വിഘ്‌നസംഹാരോന്മുഖം, ശൈലജാസുതൻ തുടങ്ങിയ വിശേഷണങ്ങൾ ഗണപതിക്ക്‌ പ്രകൃതിനായകത്വം നൽകുന്നു. ശ്രീരഞ്‌ജിനിരാഗത്തിൽ, ആദിതാളത്തിൽ ഡോ. കെ ആർ ശ്യാമ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ശ്രീഗണനാഥം കവിഭാവനയുടെ ഗീതകാർച്ചനയായി മാറുന്നു. ഉമാമഹേശ്വര നന്ദനസ്‌തുതിയാണ്‌ ‘ഉപാസ്‌മഹേ’ എന്ന ഗാനത്തിലുള്ളത്‌. ഉമാമഹേശ്വരസങ്കൽപത്തിന്റെ‐ ഭാവതലത്തിൽ നിന്നുകൊണ്ടുള്ള ഗണപതിദർശനമാണ്‌ ‘ഉപാസ്‌മഹേ’ നൽകുന്നത്‌. ആനന്ദഭൈരവി രാഗത്തിൽ സന്ദീപ്‌ കളത്തിമേക്കാട്‌ ഈ കീർത്തനം ചിട്ടപ്പെടുത്തുമ്പോൾ, പ്രകൃതി പുരുഷഭാവത്തിന്റെ അദ്വൈതതലത്തിലേക്ക്‌ സംഗീതാസ്വാദകൻ സ്വയം എത്തിച്ചേരുന്നു. വിഘ്‌നങ്ങളും വിഷമങ്ങളും തീർത്ത്‌ വിശ്വപാലനം ചെയ്യുന്ന വിനായകനെ പ്രകീർത്തിക്കുന്ന ‘ആനന്ദവിനായകം’ (രാഗം‐ കേദാരം, താളം‐ ഖണ്ഡചാപ്‌, അവതരണം‐ ഡോ. കെ ആർ ശ്യാമ) ലോകക്ഷേമം ആശംസിക്കുന്ന കീർത്തനരചനയാണ്‌. സത്യദർശനപ്രദമായ, ജഗദാധിപരൂപമാണ്‌ ‘പ്രണമാമ്യഹം’ എന്ന രചനയിൽ ഗണപതിക്കു നൽകിയിട്ടുള്ളത്‌. ഇപ്രകാരം ഗണനായകൻ സംസ്‌തുത്യമാകുന്ന സംഗീതകൃതികളിലെല്ലാം ദുഃഖനാശോന്മുഖനായി, വിശ്വപാലനത്തിൽ മുഴുകിയ, ലോകരക്ഷകന്റെ ഭാവരൂപമാണ്‌ ഗണപതിക്കു നൽകിയിട്ടുള്ളത്‌.

സരസ്വതീഭാവത്തെ സംഗീതരചനകളിലൂടെ ഉപാസിക്കുന്ന കൃതികൾ സത്‌കവിതയുടെയും ശുദ്ധസംഗീതത്തിന്റെയും മേളനംകൊണ്ട്‌ ഹൃദ്യാനുഭൂതി പകരുന്നവയാണ്‌. അമൃതവർഷിണി രാഗത്തിൽ ഒരുക്കിയെടുത്ത ‘‘ആനന്ദാംബുധി വർധനകാരിണി ആനന്ദാമൃതവർഷ വിഹാരിണി’’ എന്നു തുടങ്ങുന്ന ഗാനം ഭാഷകൊണ്ടും ഭാവംകൊണ്ടും മികച്ചുനിൽക്കുന്നതാണ്‌.

‘‘ആനന്ദാംബുധി വർധനകാരിണി
ആനന്ദാമൃതവർഷ വിഹാരിണി
അനവദ്യാമൃത സ്വരസഞ്ചാരം
ജീവാമൃതരാഗം വിശ്വശ്രുതിയിതിനാധാരം
പ്രണവാമൃത സൻമംഗളനാദം
കാലത്തുടിതാളം
മൗനം കടയുമൊരേകാന്തത്തുടിനാദം
ലയമധുരിതമമൃതം
സർഗപ്രഭതൻ സ്വരതാരം
പ്രാണശ്രുതിയിതിനാധാരം’’

ശബ്ദാലങ്കാരത്തിന്റെയും അർഥാലങ്കാരത്തിന്റെയും ചമത്‌കാരത്താൽ ഈ സരസ്വതീസ്‌തവം ഉദാത്തകവിതയായി മാറുന്നു. സരസ്വതി, ഇവിടെ ദേവതാപരിവേഷത്തിൽ നിന്നും ഇറങ്ങി സംഗീതശിൽപത്തിന്റെ ഭാവകോടിയിലേക്കു വളരുന്നു. തന്ത്രീലയവാദ്യവിശാരദയും സങ്കീർത്തനകാവ്യവിരാജിതയും സ്വരസാരസ്വതതാത്മകയുമായ ദേവീഭാവത്തെ സാക്ഷാത്‌കരിക്കുന്ന കൃതിയാണ്‌ ‘വരദേ ശാരദേ’ എന്നു തുടങ്ങുന്നത്‌. അനവദ്യാനുഭൂതിയുടെ അഴകായും നിരവദ്യാമുതത്ത്വത്തിന്റെ നിറവായും തെളിഞ്ഞു വഴിഞ്ഞൊഴുകുന്ന, സംഗീതസാഹിത്യ തത്വങ്ങളെ തോറ്റിയുണർത്തുന്ന, രചനാവിരുതും ആലാപനചാതുരിയും ഈ കീർത്തനത്തിൽ സമ്മിളിതമായിരിക്കുന്നു.

‘‘അരുണാരുണ കിരണാവലി
അഖിലേശനു ദീപാവലി’’
എന്നാരംഭിക്കുന്ന കീർത്തനം ഈശ്വരഭാവത്തെ ഒന്നാകെ പ്രപഞ്ചത്തിൽ വിലയിപ്പിച്ചെടുക്കുകയാണ്‌. പ്രത്യേകമായ ഒരു പേരു കൽപിക്കപ്പെടുന്ന ഈശ്വരൻ ഇവിടെയില്ല. അഖിലേശൻ എന്നുമാത്രമേ കവി സംബോധന ചെയ്യുന്നുള്ളൂ. ഉലകിൻ ശ്രീകോവിലിൽ മന്ത്രമൂർത്തിയായി കുടികൊള്ളുന്ന ശക്തിചൈതന്യമാണത്‌. പ്രപഞ്ചത്തിലെങ്ങും വ്യാപിച്ചുനിൽക്കുന്ന പരംപൊരുളിനെ ധ്യാനിക്കുന്ന നിരണം കവികളുടെ (കണ്ണശ്ശകവികൾ) പാരമ്പര്യവും പ്രഭാവർമയുടെ കീർത്തനങ്ങളിൽ വന്നുചേരുന്നുണ്ട്‌. നാമവും രൂപവുമില്ലാത്ത അഖിലേശസങ്കൽപത്തിൽ മതേതരഭക്തിയുടെ കേവലഭാവവും കുടികൊള്ളുന്നുണ്ട്‌. അരുണാരുണ കിരണാവലികൊണ്ട്‌ ദീപാവലി ഒരുക്കുന്ന കവിഭാവന യോഗാത്മക കവിതയുടെ ഭാവലോകവും തുറന്നുതരുന്നു. ഭാവാത്മകമായ സൂക്താവലികളാലും താളാത്മകമായ നൃത്താഞ്ജലികളാലും പ്രപഞ്ചപ്പൊരുളിനെ വണങ്ങുന്ന നിർമല കവിതയായി കീർത്തനം രൂപാന്തരപ്പെടുകയാണിവിടെ. കീരവാണിരാഗവും രൂപകതാളവും ചേർന്ന്‌ ഡോ. കെ ആർ ശ്യാമ ഈ കീർത്തനം ആലപിക്കുമ്പോൾ അഖിലേശനു സമർപ്പിക്കുന്ന സംഗീതാർച്ചനയായി അതു സ്വയം പരിണമിക്കുകയും ചെയ്യുന്നു.

സ്‌ത്രീപുരുഷ സമന്വയത്തിലൂടെ മാത്രമേ ലോകാഭിരാമമായ അവസ്ഥ കൈവരിക്കയുള്ളൂ എന്ന സത്യത്തെ മുന്നോട്ടുവയ്‌ക്കുന്ന രചനയാണ്‌ ‘‘രാമം അഭിരാമം ലോകാഭിരാമം ശ്രീരാമം’ എന്നത്‌. സീതാന്വേഷണവ്യഗ്രനായ രാമനെ അവതരിപ്പിക്കുന്ന കീർത്തനമാണിത്‌. രാമനെ തേടുന്ന സീതയെയല്ല, സീതയെ തേടുന്ന രാമനെയാണ്‌ പ്രഭാവർമ കാട്ടിത്തരുന്നത്‌. സീതാസവിധത്തിൽ മാത്രം പൂർണനാകുന്ന പുരുഷനാണ്‌ പ്രഭാവർമയുടെ രാമൻ. കാംബോജിരാഗത്തിൽ, ആദിതാളത്തിൽ സംവിധാനം ചെയ്‌തിട്ടുള്ള ഈ കൃതി സംഗീതാവിഷ്‌കാരത്തിലെ മനോധർമ ചാരുതയ്‌ക്ക്‌ നിദർശനം കൂടിയാണ്‌.

‘‘ഇലമേൽ ആലിലമേൽ അരയാലിലമേൽ’’ എന്ന കൃതി അടിമുടി ദൃശ്യബിംബങ്ങളാൽ പ്രത്യക്ഷാനുഭൂതിദായകമാകുന്നുണ്ട്‌. കൃഷ്‌ണൻ എന്നോ കണ്ണൻ എന്നോ എവിടെയും പേരുപറയാതെ കാവ്യബിംബങ്ങളിലൂടെ കൃഷ്‌ണസങ്കൽപത്തെ സാക്ഷാത്‌കരിക്കുകയാണ്‌ പ്രഭാവർമ. നീരാഴിയിലും കടലലയിലും ഉലകിലെവിടെയും നിനവിലെവിടെയും നിറയുന്ന മൂലോകപ്പൊരുളേ എന്നു മാത്രമേ കവി സംബോധന ചെയ്യുന്നുള്ളൂ. വർണ്യത്തെ മറച്ചുവെച്ചുകൊണ്ട്‌, അവർണ്യസൂചനകളിലൂടെ, വർണ്യപ്രതീതി സൃഷ്ടിക്കുന്ന രൂപകാതിശയോക്തിയലങ്കാരം ഏറ്റവും ചമത്‌കാരജനകമായി പ്രഭാവർമ ഉപയോഗിച്ചിരിക്കുകയാണീ കൃതിയിൽ.

‘‘നീലാപ്രഭ നീ നീരാഴിയിൽ വീണായോ?
നിൻ നീലിമയാലീ കടലല നീലിച്ചായോ?
പീലിത്തിരുമുടിയാൽ നീയിങ്ങുലകിതുഴിഞ്ഞായോ?
മൂലോകപ്പൊരുളേ നീയെൻ നിനവിലിലഞ്ഞായോ?’’

അലങ്കാരസുന്ദരമായ കവിതതന്നെയാണിത്‌. പ്രകൃതിയിലെ മുഗ്ധഭാവങ്ങളിലെല്ലാം നീലക്കാർവർണനെ ഓർത്തെടുക്കുന്ന കവിഭാവനയുടെ പ്രകാശം ഈ ഗീതകത്തെ ഏറെ ആസ്വാദ്യമാക്കുന്നു. അക്ഷരനിബന്ധന, പദസംഘടന, ശബ്ദസൗകുമാര്യം, സർവോപരി പദങ്ങളിൽ ആവാഹിതമാകുന്ന പ്രകൃതിസൗന്ദര്യം എന്നിവയാൽ കാവ്യാസ്വാദനത്തിന്റെ തില്ലാനയൊരുക്കാൻ കവിതയ്‌ക്കും അതിന്റെ ഭാവാത്മകമായ സംഗീതാവിഷ്‌കാരത്തിനും ഒരുപോലെ കഴിയുന്നു.

പ്രകൃതി പ്രതിഭാസങ്ങളെ അനുഭവതീവ്രതയിൽ ആവിഷ്‌കരിക്കുന്ന ചില സംഗീതരചനകളും പ്രഭാവർമയുടേതായിട്ടുണ്ട്‌. കാച്ചിക്കുറുക്കിയ ഭാഷയിൽ, ആത്മഗതരീതിയിൽ പദങ്ങളിൽ അനുഭവം നിറയ്‌ക്കുന്ന രചനയുടെ രസതന്ത്രം ‘‘വർഷാനിശീഥമിതാ’’ എന്നാരംഭിക്കുന്ന ഗീതകത്തെ അനുപമമാക്കുന്നു.

‘‘വർഷാനിശീഥമിതാ
ധരാതലത്തിന്നുൾത്താപമകലുന്നിതാ
ഷർഷാതിരേകത്തിൽ
നീർമണിക്കിനാവെങ്ങും
രോമാഞ്ചം വിതറുന്നിതാ
മനോരഞ്‌ജകം, വർഷർത്തു മനോരജ്ഞകം’’

മഴക്കാലത്തിന്റെ ആഗമനത്തെയാണ്‌ ഗീതകത്തിൽ വർണിക്കുന്നത്‌. ഹിന്ദുസ്ഥാനി സംഗീതത്തിലാണ്‌ ഡോ. കെ ആർ ശ്യാമ ഈ ഗീതം ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. മിയാമൽഹാർ രാഗത്തിന്റെ മാസ്‌മരികപ്രവാഹം മഴ പെയ്‌തിറങ്ങുന്ന അനുഭവമായി ശ്രോതാക്കളിലേക്കെത്തുന്നു. വസന്തകാലത്തെ സംഗീതാത്മകമാക്കുന്ന ‘‘സർവഥാ രമണീയം’’ എന്ന ഗാനം വസന്തരാഗത്തിൽതന്നെയാണ്‌ ഡോ. ശ്യാമ സംവിധാനം ചെയ്‌തിട്ടുള്ളത്‌. വിരഹത്തെയും കാത്തിരിപ്പിനെയും കാൽപനികഭംഗിയിൽ ആവിഷ്‌കരിക്കുന്ന ‘‘കാമസമാനനൻ കമനീയവിഗ്രഹൻ’’ എന്ന പദം വിപ്രലംഭശൃംഗാരത്തെ അതിന്റെ ശോകഛായയിൽതന്നെ ഏറ്റുവാങ്ങിയിരിക്കുന്നു. യദുകുലകാംബോജി രാഗവും ചാപ്പ്‌ താളവുംകൊണ്ടുള്ള ചിട്ടപ്പെടുത്തലിൽ ഈ കൃതി ഇതരഭിന്നമായി നിലകൊള്ളുന്നു. കാലത്രയത്തെയും ധന്വന്തരീമൂർത്തിയെയും വർണിക്കുന്ന രചനകളും എടുത്തുപറയേണ്ടവതന്നെ. ഭൂത‐വർത്തമാന‐ഭാവികാലങ്ങളെ പ്രപഞ്ചത്തിന്റെ അഖണ്ഡതത്വമായി കാണുകയാണ്‌ ഭൂതഭവ്യഭവൽപ്രഭോ എന്ന ഗീതകരചന. മംഗളഗീതകം എന്ന നിലയിൽ പ്രഭാവർമ രചിച്ച ‘മംഗളം സന്മംഗളം’ എന്ന കൃതി കവിയുടെ സംഗീതകാവ്യസങ്കൽപത്തെയും ജീവിതദർശനത്തെയും ലോകവീക്ഷണത്തെയും കാവ്യാദർശത്തെയും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.

‘‘മംഗളം സന്മംഗളം
ആനന്ദചിന്മയമംഗളം
മണ്ണിനാകാശത്തിനും
കാറ്റിനുമഗ്നിക്കും ജലത്തിനു‐
മെന്നുമുർവിയിലിങ്ങുവാഴാൻ
മംഗളം ശുഭമംഗളം’’
എന്നു തുടങ്ങുന്ന ഗീതകം സർവ്വചരാചരങ്ങളെയും അനന്തമായ കാലത്തെയും പഞ്ചഭൂതങ്ങളെയും വന്ദിച്ചുകൊണ്ട്‌ ലോകമംഗളം ആശംസിക്കുന്നു. മിഴിയിലും അകമിഴിയിലും ഭുവനത്തിലാകെയും പ്രകാശം വഴിയട്ടെ എന്ന പ്രാർഥന വിശ്വസ്‌നേഹത്തിന്റെ ഉദ്‌ഘോഷണമായി മാറുന്നു. കവിതയിൽ സംഗീതാത്മകതയും സംഗീതത്തിൽ കാവ്യാത്മകതയും ലയിപ്പിക്കുന്ന പ്രഭാവർമയുടെ രചനാശൈലി, ശാസ്‌ത്രീയസംഗീത സാഹിത്യത്തിന്‌ പൂർവഭിന്നവും നവീനവുമായ ഒരു മാതൃക നൽകുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + 18 =

Most Popular