Wednesday, October 23, 2024

ad

Homeയാത്രഒരു കാശ്മീർ യാത്രാനുഭവം

ഒരു കാശ്മീർ യാത്രാനുഭവം

എൻ ഗണപതി കൃഷ്ണൻ

‘‘സ്വർഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നിർത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയിൽ അഴകെഴുന്നതൊക്കെയും ഇവിടെയൊന്നു ചേർന്നലിഞ്ഞതോ’’‐ വനദേവതയെന്ന ചിത്രത്തിൽ യൂസഫലി കേച്ചേരിയെഴുതിയ ഒരു ഗാനശകലം പെട്ടെന്ന് മനസ്സിന്റെ അറകളിൽ നിന്നു പുനർജനിച്ചു. ഇക്കഴിഞ്ഞ മാസം അവസാനത്തെ ആഴ്ച കാശ്മീർ കണ്ടപ്പോൾ ഉള്ളിലെ സൗന്ദര്യബോധം ഒരു ഗാനമായി ഒഴുകി വന്നു. പിന്നെയൊരു അഞ്ചു ദിവസം അവിടെ സൃഷ്ടിക്കപ്പെട്ട പല ഹിന്ദി ഗാനരംഗങ്ങളും ഓർത്തുപോയി. അപ്രതീക്ഷിതമായാണ് ഒരു ടൂർ പരിപാടിയുടെ ഭാഗമായി കാശ്മീർ സന്ദർശിക്കാൻ അവസരം ലഭിച്ചത്. ആഗസ്റ്റ് 23ന്‌ അതിരാവിലെ തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂർ വഴി തിരിച്ച് വൈകിട്ട് അഞ്ചുമണിയോടെ ശ്രീനഗർ എയർപോർട്ടിൽ എത്തി. നല്ല വെയിലുള്ള ദിവസമായതുകൊണ്ട് കാശ്മീരിലെ ഒരു ചെറുകുളിര് അനുഭവിക്കാൻ ഇനി ഭാഗ്യമുണ്ടാകില്ലയെന്ന തോന്നൽ മനസ്സിലുണ്ടായി. അപ്പോഴേയ്ക്ക് ഹോട്ടലിൽ ഞങ്ങൾക്കു പോകേണ്ട വണ്ടിവന്നു. വണ്ടിയുടെ ഡ്രൈവറോട് ഞാനിക്കാര്യം ചോദിച്ചു. കാശ്മീരിലെ കാലാവസ്ഥയ്ക്ക് പെട്ടെന്നു മാറ്റങ്ങൾ സംഭവിക്കാമെന്നു ഡ്രൈവർ ഹിന്ദിയിൽ പറഞ്ഞു. ചിലപ്പോൾ മഴ പെയ്തേക്കാം. കുട കരുതണം. ഞങ്ങൾക്കു നേരത്തെയൊരു നിർദ്ദേശം ലഭിച്ചിരുന്ന കാര്യം ഓർത്തു അരമണിക്കൂറിനകം ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തി. അപ്പോഴും ഇരുട്ടു വീണിട്ടില്ല. ചുറ്റും നോക്കി. ഒരു വശത്തു ഹിമാലയൻ പർവതനിരകൾ തലയുയർത്തിനിൽക്കുന്നതു കണ്ടു. മനസ്സിൽ സന്തോഷം കിളിർത്തു. ഇനിയുള്ള ദിവസങ്ങൾ നയനാനന്ദകരമാകുമെന്ന പ്രതീക്ഷയുണർന്നു. ഹോട്ടൽ മുറിയുടെ പാതിതുറന്ന ജനൽ വഴി നോക്കിയപ്പോൾ ആപ്പിൾ മരങ്ങളിൽ ആപ്പിൾ കൊച്ചുഗോളമായി നിൽക്കുന്നതുകൊണ്ടു അപ്പോൾ ഞാനുറപ്പിച്ചു ഞാൻ കാശ്മീരിൽ എത്തിക്കഴിഞ്ഞു എന്ന യാഥാർഥ്യം. അടുത്ത ദിവസം രാവിലെ 7 മണിയോടെ ഞങ്ങൾ യാത്രയാരംഭിച്ചു. ശ്രീനഗറിലെവിടെയും സി. ആർ.പി.എഫിന്റെ പട്ടാള വണ്ടികൾ ദൃശ്യമായിരുന്നു. ഈ മനോഹര തീരത്തു ഇങ്ങനെയൊരു ദൃശ്യം മനസ്സിൽ അസ്വസ്ഥതയുളവാക്കി. അവിടെയുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഇതു ബാധിക്കില്ലേയെന്നു തോന്നിപ്പോയി. ഇപ്പോൾ കാശ്മീർ ഒരു കേന്ദ്രഭരണപ്രദേശമാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ സമസ്താധികാരങ്ങളും അവിടെ പ്രയോഗിക്കപ്പെടുന്നു. കാശ്മീരി ജനതയ്ക്കുണ്ടായിരുന്ന സംരക്ഷണകവചം ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ ഏകപക്ഷീയമായി റദ്ദുചെയ്യുകയും പ്രാദേശിക രാഷ്ട്രീയനേതൃത്വത്തെയാകെ ജയിലിടയ്‌ക്കുകയും ചെയ്‌തു. കാശ്മീരിന്റെ ജനാധിപത്യത്തെ കശാപ്പുചെയ്ത കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം മനസ്സിൽ പാഞ്ഞുവന്നു. ശ്രീനഗർ ടൗണിൽ നിന്നു പുറത്തുകടന്നപ്പോൾ കാശ്മീരിന്റെ യഥാർഥ മുഖം കാണുവാൻ തുടങ്ങി. അപ്പോഴേക്കും നാൽപതു കിലോമീറ്റർ പിന്നിട്ട് കംഗൻ എന്ന ചെറുഗ്രാമത്തിലെത്തി. അവിടെ വാഹനത്തിനു ഇന്ധനം നിറയ്ക്കുന്ന സമയത്തു പുറത്തേക്കു നോക്കിയപ്പോൾ ഒരു പട്ടാളക്കാരനെ കണ്ടു. നാട്ടുകാരുമായി നല്ല സൗഹൃദത്തിലായിരുന്നു അയാൾ നിന്നിരുന്നത്. സന്തോഷം തോന്നി. പിന്നീടങ്ങോട്ട് ഹർ മുഖ് പർവതനിരകളിലൂടെ സോനാമാർഗ് എന്ന മനോഹരമായ സ്ഥലത്തെത്തി. ചുറ്റുംനോക്കി പ്രകൃതി ഭംഗി ആസ്വദിച്ചു. ശ്രീനഗറിൽ നിന്ന് 94 കിലോമീറ്റർ അകലെയാണ് സോനാമാർഗ്. മഞ്ഞു സമയത്ത് സൂര്യരശ്മികളാൽ സ്വർണനിറമായി മാറുന്ന സോനാമാർഗ് കാണേണ്ടതു തന്നെയാണ്. ചുറ്റും ഹിമാലയ നിരകൾ. ഞങ്ങൾ താഴ്‌വാരത്തു നിൽക്കുന്നു. ക്ഷീണം മാറ്റാൻ ഒരു ചായ കുടിച്ചു. അങ്ങകലെ ഒരു ക്ഷേത്രം കണ്ടു. ശിവക്ഷേത്രമായിരുന്നു. അവിടെല്ലാം പട്ടാള ക്യാമ്പുകൾ മാത്രമുള്ളതുകൊണ്ട് പട്ടാളക്കാരുടെ സൃഷ്ടിയാകാം ഈ ചെറിയ കെട്ടിയടച്ച ക്ഷേത്രം. പിറകിൽ യുദ്ധസ്മാരകമെന്ന നിലയ്ക്ക് ഒരു ടാങ്ക് കണ്ടു. അതിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ചെയ്യുന്നതുപോലെ ഒരു ഫോട്ടോയുമെടുത്തു നീലാകാശം മേൽപ്പുരയാക്കിയ ഭൂമി എന്നൊരു പഴയ കവിത ഞാൻ തന്നെ സംഗീതം നൽകി ഞങ്ങളുടെ ഓഫീസിന്റെ വാർഷിക പരിപാടിയിൽ സുഹൃത്തുക്കളോടൊരുമിച്ച് പാടിയതോർത്തു. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 8000 അടി ഉയരത്തു നിൽക്കുമ്പോൾ ഭൂമിയെ ആകാശം മുത്തമിടുന്നതുപോലെ തോന്നി.

അവിടെ നിന്നു മടങ്ങുന്ന കാര്യം ആലോചിക്കാനേ കഴിയില്ല. തിരിച്ചു വരുമ്പോൾ വ്യത്യസ്തമായ മറ്റു കാഴ്ചകൾ കണ്ടു. അവ മലയിടുക്കുകളിൽ നിന്നും കുഞ്ഞരുവികൾ ഒഴുകിവരുന്നതു കണ്ടു. താഴേക്കു പതിച്ചു വലിയ ഒരു നദിയായ് ഒഴുകുന്നു. ചിലയിടങ്ങളിൽ അരുവി വരുന്ന പാത സ്വർണനിറമായി കണ്ടു. മഞ്ഞുസമയത്ത് വെള്ളമെല്ലാം മഞ്ഞുപോലെയാകും. സൂര്യകിരണങ്ങൾ അവിടെ പതിക്കുമ്പോൾ അതു കാണാൻ എന്തു സൗന്ദര്യമായിരിക്കും. അതുകൊണ്ടാണല്ലൊ ഈ സ്ഥലത്തേ സോനാമാർഗ് എന്നു വിളിക്കുന്നത്.

സോനാമാർഗിൽ ഗൗരി കഫേയിൽ ചായ കുടിച്ചു പുറത്തുവന്നപ്പോൾ ഒരു അതിർത്തി ബോർഡ് കണ്ടു. അമർനാഥ് ഗുഹയിലേക്ക് ഒൻപതു കിലോമീറ്റർ പാക്കിസ്ഥാൻ അതിർത്തിയിലേക്കുള്ള എൽ.ഓ.സിയിലേക്ക് 35 കിലോമീറ്റർ. 1972 ലെ സിംലാ കരാർ പ്രകാരമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി നിർണയിച്ച് ലൈൻ ഓഫ് കൺട്രോൾ നിലവിൽ വന്നത്‌. ധാരാളം പട്ടാള വണ്ടികൾ ആ വഴിയ്ക്ക് പോകുന്നതുകാണാം.

അടുത്ത ദിവസം ആട്ടിടയരുടെ താഴ്‌വരയെന്നറിയപ്പെടുന്ന പഹൽഗാം സന്ദർശിച്ചു. വിവിധവും വ്യത്യസ്തവുമായ താഴ്വരകളാൽ സമ്പന്നമാണ് പഹൽഗാം. ഒരുകാലത്ത് ഇടയ ഗ്രാമമായിരുന്ന ഈ സ്ഥലം ഇപ്പോൾ വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. പഹൽഗാമിലേക്കു പോകുന്ന വഴിയിൽ അനന്തനാഗ് ജില്ലയിലെ ആപ്പിൾ തോട്ടം കാണാനിറങ്ങി. ആപ്പിൾ വാലിയെന്നറിയപ്പെടുന്ന ഈ പ്രദേശം മുഴുവനും ആപ്പിൾ തോട്ടങ്ങളാണ്. ഒരു ആപ്പിൾ തോട്ടത്തിൽ കയറി നോക്കി. ചൂടുസമയത്തും തണുപ്പുള്ള അന്തരീക്ഷം. ആപ്പിളുകൾ പാകമായി വരുന്നതേയുള്ളൂ. സെപ്തംബറിലാണ് സാധാരണ ആപ്പിളുകൾ പറിക്കുന്നത്. ഏതായാലും കിലോക്ക് 50 രൂപയ്ക്ക് കുറേ ആപ്പിൾ വാങ്ങി.

പഹൽഗാം പോകുന്ന വഴിയിലെല്ലാം ഒരു വശത്ത് ലിസ്റ്റ്ലർ നദി ഒഴുകിക്കൊണ്ടിരിക്കുന്നു. മറുവശത്ത് പർവതനിരകളുടെ താഴ്‌വാരത്തുകൂടെ നമ്മൾ യാത്ര ചെയ്യുന്നു. ഇടയ്ക്കിടയ്ക്ക് ചെമ്മരിയാടിൻ കൂട്ടങ്ങൾ റോഡിൽ കൂടി പോകുന്നതു കാണാം. അരുവാലി, ബേത്താബ് വാലി, ചന്ദൻ വാരി എന്നീ താഴ്വരപ്രദേശങ്ങൾ കാണാൻ വമ്പിച്ച ജനക്കൂട്ടമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വളരെ പതുക്കെയാണ് വണ്ടികളൊക്കെ പോകുന്നത്. അതിനിടയിൽ നിരനിരയായി പട്ടാള വണ്ടികൾ പോകുന്നതു കണ്ടു. അനന്ത് നാഗിൽ നിന്നും 45 കിലോമീറ്റർ അകലെയായി ലിഡെർ നദിയുടെ തീരത്താണ് സമുദ്രനിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിൽ പഹൽഗാം സ്ഥിതിചെയ്യുന്നത്. പഹൽഗാമിൽ നിന്ന് മറ്റൊരു ചെറിയ വണ്ടിയിൽ കയറി പതിനാറു കിലോമീറ്റർ അകലെയുള്ള ചന്ദൻ വാരി എന്ന പേരുള്ള ഒരു മനോഹര സ്ഥലത്തെത്തി. സമുദ്രനിരപ്പിൽ നിന്നും 9500 അടി ഉയരത്തിലുള്ള ഈ സ്ഥലത്തെ മനോഹാരിത എത്ര വർണിച്ചാലും മതിയാകില്ല. അമർനാഥ് യാത്രയിലേക്കുള്ള ഒരു സുരക്ഷാ ചെക്ക്പോസ്റ്റ് ഇവിടെ കാണാൻ കഴിഞ്ഞു. ചന്ദൻ വാരിയിൽ നിന്നും രണ്ടു ദിവസം യാത്ര ചെയ്താൽ അമർനാഥിലെത്താം.

ഭൂട്ടാ മാലിക് എന്ന മുസ്ലീം ആട്ടിടയന് ഒരു സന്ന്യാസി ഒരു ചാക്ക് കൽക്കരി നൽകി. വീട്ടിൽ ചെന്ന് തുറന്നുനോക്കിയപ്പോൾ കണ്ടത് അതു സ്വർണമായിരുന്നു. സന്തോഷം കൊണ്ട് മതിമറന്ന മാലിക് തിരിച്ചു സന്ന്യാസിയെക്കണ്ട് നന്ദി പറഞ്ഞു. അവർ കണ്ട സ്ഥലത്ത് അവർ ഒരു ഗഹ കണ്ടുപിടിച്ചു അതാണ് അമർനാഥ് ഗുഹ. അവിടെ സന്ദർശിക്കുന്ന തീർഥാടകർ നൽകുന്ന സംഭാവനയുടെ ഒരു വിഹിതം മാലിക്കിന്റെ അനന്തരാവകാശികൾക്കു നൽകുന്നുണ്ട്. ഇങ്ങനെയൊരു കഥ യാത്രയിൽ കേൾക്കുവാൻ കഴിഞ്ഞു. ഗോത്ര സ്മൃതിയെ അവഗണിച്ചു കൊണ്ട് ഒരു ചരിത്ര നിർമതിയും സാധ്യമല്ല.

മൂന്നാം ദിവസം വളരെ വൈകിയാണ് യാത്രയ്‌ക്കൊരുങ്ങിയത്. കഴിഞ്ഞ രണ്ടുദിവസത്തെ യാത്രാക്ഷീണം നല്ല രീതിയിൽ ബാധിച്ചിരുന്നു. രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ ഗുൽമാർഗിലെത്തി പൂക്കൾ കൊണ്ട് സമ്പന്നമായ ഒരു ഹിൽ സ്റ്റേഷനാണ് ഗുൽമാർഗ് പതിനാറാം നൂറ്റാണ്ടിൽ യൂസഫ് ഷാ ചായ്ക്ക് എന്ന പേരുള്ള രാജാവാണ് ഗുൽമാർഗ് കണ്ടുപിടിച്ചതായി പറയുന്നത്. പിന്നീട് ബ്രിട്ടീഷുകാർ അവരുടെ ഒരു സുഖവാസകേന്ദ്രമാക്കി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗൊണ്ടോല കേബിൾ കാർ ഗുൽമാർഗിലാണുള്ളത്. ഞങ്ങളെല്ലാവരും എണ്ണായിരം അടി ഉയരത്തിലുള്ള കേബിൾ കാറിൽ കയറി വളരെ ഉയരത്തിലെത്തി കൊങ്ങ് ഡോരി ഹിൽസ്റ്റേഷനിലെ സൗന്ദര്യം നുകർന്ന് സമയം ചെലവഴിച്ചു. മേഘങ്ങളെ കൈയെത്തി പിടിക്കാവുന്ന അകലത്തിലാണ് ഞങ്ങൾ ഇരുന്നത്. വാനവും ഭൂമിയും ഒരുപോലെയായി.

നാലാം ദിവസം ശ്രീനഗർ പഴയ ടൗണിലൂടെ യാത്ര ചെയ്ത് നഗരം കാണാനിറങ്ങി. ലാൽ ചൗക്കിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ശങ്കരാചാര്യർ സ്ഥാപിച്ചതെന്ന് പറയപ്പെടുന്ന ആയിരം അടി ഉയരത്തിലുള്ള ക്ഷേത്രം സന്ദർശിച്ചു. പിന്നീട്‌ ജഹാംഗീർ ചക്രവർത്തിയുടെ പ്രിയപ്പെട്ട മുഗൾ ഗാർഡൻസും ബുദ്ധമത കേന്ദ്രമായിരുന്ന പാരിമഹലും കണ്ടു വൈകിട്ടോടെ ദാൽ തടാകത്തിലൂടെ കൊച്ചു വള്ളത്തിൽ യാത്രചെയ്ത് ഒരു ഹൗസ് ബോട്ടിൽ താമസമാക്കി. പൊന്നിൽ കുളിച്ച രാത്രി എന്ന പഴയ ഗാനം പാടിക്കൊണ്ട്‌ ഒരു രാത്രി മുഴുവൻ ദാൽ തടാകത്തിലെ ഹൗസ് ബോട്ടിൽ കാശ്മീരിലെ ധന്യമായ നിമിഷങ്ങൾ ഓർത്തുകൊണ്ട്‌ സമയതീരത്ത് ബന്ധനമില്ലാതെ ഇരുന്നു.

ഞാനും കുടുംബവും പരിചയമുള്ള മുതിർന്ന പൗരൻമാരായ ഉദ്യോഗസ്ഥരുമടങ്ങിയ ഒരു ചെറു സംഘമാണ് കാശ്മീർ യാത്ര നടത്തിയത്. അഞ്ചു ദിവസം കഴിഞ്ഞ് ഡൽഹി വഴി തിരുവനന്തപുരത്ത്‌ എത്തി.

കാശ്യപമഹർഷി ജലത്തിൽ നിന്നും വീണ്ടെടുത്ത കാശ്യപമാർ കാശ്‌മീരായി മാറിയെന്നതാണെന്നാണ്‌ ഐതിഹ്യം. മുഗളൻമാർ ഭൂമിയിലെ സ്വർഗം എന്നു വിളിച്ചു. ഹിന്ദു, മുസ്ലീം, സിഖ് രാജാക്കൻമാർ മാറി മാറി കാശ്മീരിൽ അധികാരത്തിൽ വന്നു. പാരിമഹൽ ഒരു ബുദ്ധമതകേന്ദ്രമായിരുന്നു. അതിർത്തികളില്ലാതെ സിന്ധു നദി ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു അതിർത്തി തർക്കങ്ങൾ കാശ്മീരിനെ അസുന്ദരമാക്കി. കാശ്മീരി ജനതയുടെ അഭിലാഷങ്ങൾക്കെതിരെ ജനാധിപത്യം തകർക്കപ്പെട്ടു. കാശ്മീരിനുമേൽ രാഷ്ട്രീയവും സാംസ്കാരികവുമായ അധിനിവേശം ഇപ്പോഴും തുടരുന്നു. എന്നാലും ഹിമവാന്റെ മടിയിൽ വീണ്ടും പോകാൻ ആഗ്രഹം നിലനിൽക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × one =

Most Popular