Friday, December 13, 2024

ad

Homeമുഖപ്രസംഗംമതനിരപേക്ഷതയ്ക്കു 
നേരെയുള്ള കടന്നാക്രമണം

മതനിരപേക്ഷതയ്ക്കു 
നേരെയുള്ള കടന്നാക്രമണം

പുള്ളിപ്പുലിയുടെ പുള്ളി കഴുകിക്കളയാൻ പറ്റുമെന്ന് ഒരാൾക്കും കരുതാനാവില്ല. എത്ര കഴുകിയാലും അത് തെളിഞ്ഞു തന്നെ കാണും. അതുപോലെയാണ് സംഘപരിവാറിന്റെ കാര്യവും. കൊടും വർഗീയതയാണ് സംഘപരിവാറിന്റെ പ്രചരണായുധം. സമൂഹത്തെ മതാടിസ്ഥാനത്തിൽ ചേരിതിരിക്കുകയാണ് അതിന്റെ ലക്ഷ്യം. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന വർഗീയ ധ്രുവീകരണത്തിലൂടെ ഭൂരിപക്ഷ വർഗീയതയുടെ ആൾരൂപമായ സംഘപരിവാറിന് അധികാരം പിടിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്യാമെന്നതുപോലെ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വർഗപരമായ ഐക്യത്തെ തകർക്കാമെന്നും കോർപ്പറേറ്റ് ദാസന്മാരായ അവർ കരുതുന്നു. അതുകൊണ്ടുതന്നെ അവർ അത്തരം നടപടികളിൽ നിന്ന് പിന്മാറില്ലെന്നുറപ്പാണ്.

മൂന്നാം മോദി സർക്കാരിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതായതോടെ ഇനിയും വർഗീയ ധ്രുവീകരണ നീക്കങ്ങളുമായി സംഘപരിവാർ ശക്തികൾ അഴിഞ്ഞാടില്ലെന്നും കരുതിയവർക്ക് തെറ്റിയെന്ന് ഇതിനകംതന്നെ തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഗോവധത്തിന്റെ പേരിൽ സംഘപരിവാർ സംഘടനകൾ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും ഇപ്പോഴും നിർബാധം നടക്കുന്നതായാണ് നിത്യവും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല, ബുൾഡോസർ ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളുടെ പാർപ്പിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നതിനൊത്താശ ചെയ്തു യുപിയിലെ ആദിത്യനാഥ് സർക്കാരിന് ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിനു തന്നെ കർക്കശമായ ഭാഷയിൽ താക്കീതു നൽകേണ്ടതായി വന്നു.

സംഘപരിവാർ സംഘങ്ങളുടെയും അവയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാരുകളുടെയും കടന്നാക്രമണങ്ങൾ മാത്രമല്ല, വർഗീയത വ്യാപിപ്പിക്കാനും ധ്രുവീകരണമുണ്ടാക്കാനുമുള്ള ശ്രമമാണ് ആർഎസ്എസ്-/ബിജെപി വാഴ്ചയിൽ നടക്കുന്നത്. കേന്ദ്രത്തിലുള്ള അധികാരത്തിന്റെ പിൻബലത്തിൽ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിയമനിർമാണങ്ങളുടെ പരമ്പര തന്നെ അവർ നടത്തിക്കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമവും ഏകസിവിൽ കോഡും കൊണ്ടുവന്ന് തങ്ങളുടെ അജൻഡ നടപ്പാക്കുകയാണ് സംഘപരിവാർ നിയന്ത്രണത്തിലുള്ള മോദി സർക്കാർ ചെയ്തത്.

തങ്ങളുടെ കെെവശം വന്നു ചേർന്ന അധികാരമുപയോഗിച്ച് ഭരണഘടനാ സ്ഥാപനങ്ങളുടെ നിയന്ത്രണം കെെക്കലാക്കാനോ അല്ലാത്തപ്പോൾ നുഴഞ്ഞു കയറാനോ നിരന്തരം കരുനീക്കം നടത്തുന്ന സംഘപരിവാർ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ വർഗീയതയുടെ വിഷവിത്തുകൾ മുളപ്പിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ തീട്ടൂരം.

മദ്രസൾക്കും മദ്രസ ബോർഡുകൾക്കുമുള്ള സർക്കാർ ധനസഹായം നിർത്തലാക്കുകയും മദ്രസ ബോർഡുകൾ തന്നെ അടച്ചുപൂട്ടുകയും ചെയ്യണമെന്നതാണ് ‘‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങൾ അടിച്ചമർത്തുന്നവരോ? കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസയും’’ എന്ന 11 അധ്യായങ്ങളും നൂറിലേറെ പേജുകളുമുള്ള റിപ്പോർട്ടിലെ നിർദ്ദേശം. ബാലാവകാശ കമ്മീഷൻ നിർദ്ദേശങ്ങൾക്ക് കേവലം ഉപദേശമെന്നതിനപ്പുറം നിയമപരമായ മറ്റൊരു സാധുതയുമില്ല. എന്നാൽ ഇതുപയോഗിച്ച് സംഘപരിവാറുകാർ നാടാകെ വർഗീയ പ്രചാരണം അഴിച്ചുവിടുമെന്നു മാത്രമല്ല, ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ അത് കൃത്യമായി നടപ്പാക്കപ്പെടുകയും ചെയ്യും.

മദ്രസകളിൽ മതപഠനവും ഭീകര പ്രവർത്തനത്തിനുള്ള റിക്രൂട്ടുമെന്റുമാണ് നടക്കുന്നതെന്നതാണ് ബാലാവകാശ കമ്മീഷന്റെ ‘കണ്ടെത്തൽ’. വിദ്യാഭ്യാസാവകാശ നിയമം ഉറപ്പുനൽകുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം മദ്രസകളിൽനിന്ന് ലഭിക്കുന്നില്ലെന്നും പാഠ്യപദ്ധതി, യൂണിഫോം, ഉച്ചഭക്ഷണം, മെച്ചപ്പെട്ട പഠനാന്തരീക്ഷം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയൊന്നും അവയിൽനിന്നും ലഭിക്കുന്നില്ലെന്നുമാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കണ്ടെത്തലുകൾ. 1.2 കോടി മുസ്ലീം കുട്ടികൾക്ക് ഔദ്യോഗിക വിദ്യാഭ്യാസം നിഷേധിക്കുകയാണെന്ന് പറയുന്ന റിപ്പോർട്ട് മദ്രസകളിൽ കുട്ടികൾക്കുനേരെ അതിക്രമങ്ങൾ നടക്കുകയാണെന്നും കൂടി പറയുന്നുണ്ട്. ആർഎസ്എസ് നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്ലീം വിരുദ്ധ വിദേ-്വഷ പ്രചാരണത്തിന് ഔദേ-്യാഗിക പരിവേഷം നൽകിയിരിക്കുകയാണ് സംസ്ഥാനങ്ങൾക്കയച്ച ബാലാവകാശ കമ്മീഷന്റെ കത്തിലൂടെ.

വിവിധ മുസ്ലീം സംഘടനകളുടെ ആഭിമുഖ്യത്തിൽ മതപഠനത്തിനു പുറമെ ഭാഷ, ചരിത്രം, സാഹിത്യം തുടങ്ങിയവയും ഈ മതപാഠശാലകളിൽ പഠിപ്പിക്കുന്നുണ്ട്. മതപാഠശാലകൾ നടത്താനും മതപഠനവും മതപ്രചാരണവും നടത്താനും എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടനാപരമായി തന്നെ അവകാശങ്ങൾ നൽകുന്നുണ്ട്. അത്തരത്തിൽ പല രൂപങ്ങളിൽ എല്ലാ മതസംഘടനകളും തങ്ങളുടേതായ വിശ്വാസ പ്രചാരണത്തിന് നടപടികൾ കെെക്കൊള്ളുന്നുമുണ്ട്. സംഘപരിവാർ തന്നെ പല രൂപങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നുണ്ട് എന്നതിനുപുറമെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നുഴഞ്ഞു കയറി തങ്ങളുടെ ആശയപ്രചാരണത്തിനു മടിക്കുന്നില്ലെന്നതും വസ്തുതയാണ്.

കേരളത്തിലാണ് ഒരു പക്ഷേ ഏറ്റവുമധികം മദ്രസകൾ പ്രവർത്തിക്കുന്നത് – പതിനായിരത്തോളം മദ്രസകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ സംവിധാനത്തിലൂടെയുള്ള വിദ്യാഭ്യാസത്തിന് തടസ്സമില്ലാതെയാണ് പൊതുവിൽ കേരളത്തിൽ മദ്രസകൾ പ്രവർത്തിക്കുന്നത്. സ്വന്തമായ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരീക്ഷയും ഉൾപ്പെടെ അവയിൽ നടക്കുന്നുമുണ്ട്.

എന്നാൽ കേരളത്തിലേതിൽനിന്ന് തികച്ചും വ്യത്യസ്തമാണ് മറ്റു സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ചും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അവസ്ഥ. ആ സംസ്ഥാനങ്ങളിൽ മദ്രസകൾ മതപഠനത്തിനുള്ള സ്ഥാപനങ്ങളെന്നതിനപ്പുറം കുട്ടികൾക്ക്, പ്രത്യേകിച്ച് മുസ്ലീം കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനുള്ള സ്ഥാപനങ്ങൾ കൂടിയാണ്. കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണക്കാരുടെ കുട്ടികൾക്ക് പഠിക്കാൻ കഴിയുന്ന പൊതുവിദ്യാലയങ്ങൾ ഗ്രാമപ്രദേശങ്ങളിൽ അപൂർവമായേ കാണുന്നുള്ളൂ. അവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഒരേയൊരാശ്രയം മദ്രസകളാണ്. മുസ്ലീം കുട്ടികൾ മാത്രമല്ല, അപൂർവമായെങ്കിലും മറ്റു മതവിഭാഗങ്ങളിലുള്ള ദരിദ്രരായ കുട്ടികളും ഇവിടങ്ങളിൽ പഠിക്കുന്നുണ്ട്. മതന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് മദ്രസകൾ വലിയ പങ്കാണ് വഹിക്കുന്നത്. സച്ചാർ കമ്മീഷൻ റിപ്പോർട്ടിൽ മദ്രസകൾ വഹിക്കുന്ന ഈ ദൗത്യത്തെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് യുപിഎ സർക്കാരിന്റെ കാലത്ത് മദ്രസകൾക്ക് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്; ബജറ്റിൽ അതനുസരിച്ച് തുക വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ മോദി 2014ൽ അധികാരത്തിൽ വന്നതോടെ ഇത് നിർത്തലാക്കുകയും ചെയ്തു.

യഥാർഥത്തിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം മതന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണമാണ്. വിദ്യാഭ്യാസാവകാശ നിയമത്തെക്കുറിച്ചും വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ചും മുതലക്കണ്ണീരൊഴുക്കുന്ന ബാലാവകാശ കമ്മീഷൻ 2009ൽ വിദ്യാഭ്യാസാവകാശ നിയമം പാസാക്കി 15 വർഷം കഴിഞ്ഞിട്ടും അത് എത്രത്തോളം നടപ്പാക്കപ്പെട്ടിട്ടുണ്ടെന്നും അതിനുള്ള ബജറ്റ് വകയിരുത്തൽ എത്രമാത്രം അപര്യാപ്തമാണെന്നും പരിശോധിക്കുന്നില്ല. ആറിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്കാകെ സൗജന്യവും സാർവത്രികവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ നിയമം കൊണ്ടുവന്ന് 15 വർഷം പിന്നിടുമ്പോഴും ഈ പ്രായത്തിലുള്ള 3.22 കോടി കുട്ടികൾ വിദ്യാലയത്തിനു പുറത്താണെന്ന കാര്യം ബാലാവകാശ കമ്മീഷന് അറിയാമോ ആവോ! വിദ്യാഭ്യാസാവകാശ നിയമവും ബാലവേല നിരോധന നിയമവും നിലവിലുള്ള നമ്മുടെ നാട്ടിൽ കുട്ടികൾ സ്കൂളിൽ പോകേണ്ട പ്രായത്തിൽ നിത്യവൃത്തിക്കായി കഠിനാധ്വാനം നടത്തുന്നുണ്ട് എന്നതും ഈ കമ്മീഷന് അറിയാത്തതാവില്ല.

സംഘപരിവാർ അജൻഡ നടപ്പാക്കുന്നതിനപ്പുറം ബാലാവകാശ കമ്മീഷന് മറ്റൊന്നും ആലോചിക്കേണ്ടതില്ലല്ലോ. മദ്രസകൾ അടച്ചുപൂട്ടിയാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ദരിദ്രരായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാൻ മറ്റെന്ത് സൗകര്യമാണുള്ളത് എന്നുകൂടി ഈ കമ്മീഷൻ വ്യക്തമാക്കണമായിരുന്നു. ഫലത്തിൽ ന്യൂനപക്ഷക്കാരായ, പ്രതേ-്യകിച്ചും ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരായ, കുട്ടികൾക്ക് വിദ്യാഭ്യാസാവകാശനിയമം നിഷേധിക്കുന്നതാണ് ബാലാവകാശ കമ്മീഷന്റെ തീട്ടൂരം. അത് ഭരണഘടനാവിരുദ്ധവും സാമാന്യ നീതിക്ക് നിരക്കാത്തതുമാണ്.

അതുകൊണ്ടുതന്നെയാണ് കേരളത്തിൽ ഈ നിയമം നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ ഈ കത്തു വന്ന ഉടൻ തന്നെ വ്യക്തമാക്കിയത്. മാത്രമല്ല, മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഈ നിർദ്ദേശത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. സിഎഎക്കും ഏക സിവിൽ കോഡിനും മറ്റുമെതിരെയെന്നപോലെ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ വികലമായ ഈ നിർദ്ദേശത്തിനെതിരെയും മതനിരപേക്ഷവാദികളാകെ ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 4 =

Most Popular