കേരളത്തില്‍ നിന്നു മൂവായിരത്തിലധികം കിലോമീറ്ററുകള്‍ അകലെ, സമുദ്രനിരപ്പില്‍നിന്ന് അയ്യായിരത്തില്‍പ്പരം അടി ഉയരെ, ഹിമാലയത്തിന്റെ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന താത്കാലിക വാസസ്ഥലത്ത് മുനിഞ്ഞുകത്തുന്ന വൈദ്യുതിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ തദ്ദേശീയനായ ഒരു ലപ്ച്ചഗോത്ര യുവാവ് സംഭാഷണത്തിനിടെ ‘സൈലന്റ് വാലി’ എന്നുച്ചരിച്ചപ്പോള്‍ എന്റെ ശിരസ്സുണരുകയുണ്ടായി.
ഹിമാലയത്തിന്റെ മലമടക്കുകളില്‍നിന്ന് ഇറങ്ങിയൊഴുകുന്ന ടീസ്തയുടെ കൈവഴി റോങ്യങ് ച്യു എന്ന കാനനസുന്ദരിയുടെ ജലസഞ്ചലനത്തിന്റെ ഉല്ലാസധ്വനി അയാളുടെ വാക്കുകള്‍ക്കു ശ്രുതിചേര്‍ക്കുന്നതായി തോന്നി. കാരണം, അയാള്‍ പറഞ്ഞുകൊണ്ടിരുന്നത് തങ്ങളുടെ നദികള്‍ മരിക്കാതിരിക്കാനുള്ള ചെറുത്തുനില്പുസമരത്തെക്കുറിച്ചായിരുന്നുവല്ലോ?
ഹിമാലയത്തിന്റെ ദക്ഷിണപൂര്‍വ്വ ദേശത്തെ ഉയര്‍ന്ന പ്രദേശങ്ങളാണ് ജനവാസയോഗ്യമായപ്പോള്‍ സിക്കിം സംസ്ഥാനമായത്. സംസ്ഥാനത്തിന്റെ വടക്കേ അരികിലാണ് മങ്കണ്‍ ജില്ല. മങ്കണ്‍ ജില്ലയിലെ ആദിവാസിമേഖലയായ ജോങ്കുവിലെ മായാലാങ് എന്ന വാസസ്ഥലത്താണ് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്.
വിദേശീയരോ ഇതരസംസ്ഥാനക്കാരോ സിക്കിം പൗരന്മാരോ ആകട്ടെ അവിടേക്കു പ്രവേശിക്കാന്‍ മങ്കണ്‍ ജില്ലാ കളക്ടറില്‍നിന്നു പ്രത്യേക അനുമതി വേണം. ഗോത്രഭവനങ്ങള്‍, മലമടക്കുകള്‍, ജലപാതങ്ങള്‍, നദികള്‍, വന്‍കൃഷിക്കൂട്ടങ്ങള്‍, നാനാജാതി പക്ഷിമൃഗാദികള്‍, ഗന്ധക ജലാശയങ്ങള്‍, അവരുടെ വിശ്വാസത്തിന്റെ താവളമായ ബുദ്ധമത വിഹാരങ്ങള്‍…. അതീവ ഹൃദ്യമാണാപ്രദേശം. ദൈവം ഒളിപ്പിച്ചുവെച്ച സ്വര്‍ഗീയഭൂമിയാണതെന്നവര്‍ വിശ്വസിക്കുന്നു!
പശ്ചിമബംഗാളിലെ ബഡ്‌ദോഗ്ര വിമാനത്താവളത്തില്‍നിന്നു മൂന്നു മണിക്കൂര്‍ കാര്‍യാത്ര ചെയ്താല്‍ സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിലെത്താം. അവിടെനിന്നു ജോങ്കുവിലേക്കു ചെറുവാഹനങ്ങള്‍ തന്നെ ശരണം. കുന്നിന്‍ചെരിവില്‍ വെട്ടിയെടുത്ത് കോണ്‍ക്രീറ്റുചെയ്ത എഴുപതു കിലോമീറ്റര്‍ വഴിയിലൂടെ രണ്ടരമണിക്കൂര്‍കൊണ്ട് മങ്കണ്‍ കളക്ടറേറ്റിലേക്ക്. അവിടെനിന്ന് കല്ലുവെട്ടുവഴിയിലൂടെ അരമണിക്കൂര്‍ യാത്ര. മായാലാങിലെത്താം, (ഞങ്ങള്‍ക്ക് ഒന്നര മണിക്കൂര്‍ വേണ്ടിവന്നു. വളരെ ഉയരത്തില്‍നിന്ന് ഒരു കുന്നിടിഞ്ഞു വീണു വഴി തടസപ്പെട്ടിരുന്നു. ഞങ്ങളെത്തുന്നതിനും ഏകദേശം ഒരു മണിക്കൂർ മുൻപാണതു സംഭവിച്ചത്).
ലപ്ച്ചകളാണ് സിക്കിമിലെ അമ്മ ജനത. നേപ്പാളികളടക്കമുള്ളവരുടെ കുടിയേറ്റത്തോടെ ലപ്ച്ചകളുടെ ജനസംഖ്യ സിക്കിമില്‍ ഒമ്പതുശതമാനമായി ഒതുങ്ങി. പ്രകൃതിയുടെ കനിവ് അവരെ നിലനിര്‍ത്തുന്നു. അവരുടെ മുഖത്തേക്കു നോക്കിയാലോ ഒരു നിഷ്‌കളങ്കമന്ദഹാസവും. ഈ സമാധാനപ്രിയര്‍ പ്രക്ഷുബ്ധരായത്, അവരുടെ സമ്പത്ത് കവര്‍ന്നെടുക്കാന്‍ ഒരുകൂട്ടം ദുരാഗ്രഹികള്‍ അവിടെ എത്തിയപ്പോഴാണ്. ഗ്രാമത്തെ പല വഴിക്കും ആലിംഗനം ചെയ്തുപോകുന്ന നദികളാണ് ജോങ്കുവിനെ മനോഹരമാക്കുന്നത്. ഹിമാലയത്തില്‍നിന്നു ജോങ്കുവിലൂടെ, മങ്കണ്‍ ജില്ലയില്‍നിന്ന് സിക്കിമിനെ പകുത്തൊഴുകി ബംഗാള്‍ പ്രവിശ്യകളിലൂടെ കടന്നുപോകുന്ന തീസ്ത നദിയുടെ ജലസമൃദ്ധിയും അഴകും ഒന്നു വേറെയാണ്.
ഉയരങ്ങളില്‍നിന്നു പാഞ്ഞുവരുന്ന തീസ്തയെ തടഞ്ഞുവെച്ച് ഒരുകൂട്ടം ജലവൈദ്യുതി പദ്ധതികള്‍ പണിയാന്‍ സിക്കിം ഗവണ്‍മെന്റ് തീരുമാനിച്ചു. അതില്‍ ആറെണ്ണം ജോങ്കു മേഖലയില്‍. അണക്കെട്ടുകള്‍ക്കിടയില്‍ കിലോമീറ്ററുകളോളം നദികളെ കാണാതാകും. കാരണം മനുഷ്യനിര്‍മ്മിത തുരങ്കങ്ങളിലൂടെയായിരിക്കും അവയുടെ ഒഴുക്ക്. കോണ്‍ട്രാക്ടര്‍മാരും ജോലിക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വന്നിറങ്ങിയതോടെയാണ് കേട്ട വാര്‍ത്ത സത്യമെന്നവര്‍ അറിഞ്ഞത്. ലപ്ച്ച എന്ന വാക്കിന്റെ അര്‍ത്ഥം പ്രദേശത്തിന്റെ ഉടമകളെന്നാണ്. സര്‍ക്കാരിന്റെ നടപടിക്കെതിരെ അവര്‍ ഒന്നിച്ചിറങ്ങി.
ഇന്നല്ലെങ്കില്‍ ഇനിയില്ല എന്നവരറിഞ്ഞു. അഞ്ചുവര്‍ഷംകൊണ്ട് തങ്ങളുടെ പ്രദേശം ചവിട്ടി മെതിക്കപ്പെടുമെന്നും ഒരു ആദിവാസിസമൂഹം കൂടി അപ്രത്യക്ഷമാകുമെന്നുമുള്ള തിരിച്ചറിവ് അവരെ സമരമുഖത്തെത്തിച്ചു. അവരുടെ സംഘടനാ നേതാക്കള്‍ മാറിമാറി നടത്തിയ അനിശ്ചിതകാല നിരാഹാരം തൊണ്ണൂറു ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങിയത്.
അറസ്റ്റും ഭീഷണിയും ശകാരവും മാനസിക പീഡനവും അവരെ ഒട്ടും തളര്‍ത്തിയില്ല. ഇപ്പോഴും സര്‍ക്കാരില്‍നിന്നു പലവിധ തടസ്സങ്ങള്‍ അവര്‍ക്കുണ്ടാകുന്നു. ‘ലപ്ച്ചകള്‍ക്കു ജോലി നിഷേധിക്കുക എന്നതാണ് പ്രധാനം’ – ഗ്യാസ്ത ലപ്ച്ച എന്ന യുവാവ് പറയുന്നു. അഫക്ടഡ് പീപ്പിള്‍ ഓഫ് തീസ്തയെന്ന സന്നദ്ധ സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് ഗ്യാസ്ത ലപ്ച്ച വിനോദയാത്രികരുടെ താമസകേന്ദ്രത്തില്‍ നിന്ന് അന്യമായൊന്ന് അവിടെയുണ്ട്. ഇടനാഴികളില്‍ ശ്രദ്ധയോടെ സജ്ജീകരിച്ച ഗ്രന്ഥശാല. കൂടുതലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍. വായനയുടെയും അറിവിന്റെയും ഒരു സംസ്‌കൃതി അവിടെ വളരുന്നുണ്ട്. ഇന്ത്യയിലെ പല ദേശങ്ങളില്‍ നടന്ന പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളുണ്ട്.
കൂട്ടത്തില്‍ അവരുടെ സംസ്‌കൃതിയെ പരിചയപ്പെടുത്തുന്നവയും. അവയില്‍നിന്ന് ദി ലെജന്‍ഡ്‌സ് ഓഫ് ലപ്ച്ച ഫോക്‌ടെയില്‍സ് (The legends folk tales) എടുത്തു. മരം, പക്ഷികള്‍, നദി, പൂക്കള്‍ ഇവയെല്ലാം ബന്ധപ്പെടുത്തിയുള്ള ലളിതസുന്ദരങ്ങളായ ഐതിഹ്യങ്ങള്‍ പുസ്തകത്തില്‍ കാണാം. ലപ്ച്ചകളുടെ നേരും നെറിയുമുള്ള ശുദ്ധജീവിതം തന്നെ അത് മുന്‍പിലെത്തിക്കുന്നു. രണ്ടോ മൂന്നോ ഐതിഹ്യങ്ങള്‍ വായിക്കാനേ കഴിഞ്ഞുള്ളൂ. അതിരാവിലെ കാഴ്ചകള്‍ പഠിക്കാനിറങ്ങണമല്ലോ?
ഹിമാലയത്തില്‍ ഒരേസ്ഥലത്തുനിന്നുത്ഭവിക്കുന്ന രണ്ടു നദികള്‍ (ഒന്ന് നേരെ ഒഴുകുന്നതും മറ്റേത് വക്രഗതിയിലൊഴുകുന്നതും) പരസ്പരം പ്രണയിച്ചതും മറ്റുള്ളവരറിഞ്ഞപ്പോള്‍ രണ്ടുവഴിയായി ഒഴുകി പിന്നീടൊരിടത്ത് ഒന്നിക്കാന്‍നിശ്ചയിച്ചതുമായ ഐതിഹ്യം വായിച്ചത് ഇപ്പോഴും ഓര്‍മയിലുണ്ട്.
നദികള്‍ സ്വതന്ത്രമായി ഒഴുകണം. നദികള്‍ നശിച്ചാല്‍ ഭൂമിയും സംസ്‌കാരവും നശിക്കും – അതാണു ലപ്ച്ചകളുടെ വിശ്വാസം സമാധാനപ്രിയരായ ആ ഗോത്രജനത അവരുടെ നദിയെ, സംസ്‌കാരത്തെ രക്ഷിക്കുന്നത് ജീവിതം കൈമാറിയാണ്. അവരുടെ ന്യായങ്ങൾ പലതും ശരിയെന്നാണ് ടീസ്ത നദിയിലെ വെള്ളപ്പൊക്കവും തുടർ ദുരിതങ്ങളും തെളിയിക്കുന്നത്. ♦