Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഹരിയാനയിൽ തൊഴിലാളികളുടെ വമ്പിച്ച റാലി

ഹരിയാനയിൽ തൊഴിലാളികളുടെ വമ്പിച്ച റാലി

കെ ആർ മായ

രിയാനയിലെ കർണാലിലെ ഹുഡ ഗ്രൗണ്ട് 2023 ഒക്ടോബർ 8 ന് അക്ഷരാർത്ഥത്തിൽ ചെങ്കടലായി മാറി. സിഐടിയുവിന്റെയും ഖേത്‌ മസ്ദൂർ യൂണിയന്റെയും നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത റാലി ഗവൺമെന്റിനു ശക്തമായ താക്കീതായി. സംസ്ഥാനത്തിന്റെ വികസനത്തിലും പുരോഗതിയിലും മുഖ്യ പങ്കുവഹിക്കുന്ന തൊഴിലാളികളുടെ ആവശ്യങ്ങൾ കേൾക്കുന്നതിനും അവ പരിഹരിക്കുന്നതിനും പകരം അവരെ അടിച്ചമർത്തുകയാണ് ബി ജെ പി സർക്കാർ. കാലങ്ങളായി തൊഴിലാളികൾ ഉന്നയിക്കുന്ന മിനിമം വേതനം, തൊഴിൽ ഉറപ്പാക്കൽ എന്നിവയെല്ലാം ഗവൺമെന്റ് അവഗണിക്കുകയാണ്. ഈ അവഗണനയ്ക്കെതിരെ ചണ്ഡീഗഢിൽ നവബർ 26 മുതൽ 29 വരെ മഹാപാടവ് നടത്തുമെന്ന് റാലിയിൽ പ്രഖ്യാപിച്ചു.

വിവിധ കമ്പനി തൊഴിലാളി യൂണിയനുകൾ, ആശ വർക്കേഴ്സ് യൂണിയൻ, സഫായി കർമചാരി യൂണിയൻ, ഖേത് മസ്ദൂർ യൂണിയൻ എന്നിവ കൂടാതെ നിരവധി സർക്കാർ ജീവനക്കാരും യൂണിയനുകളും സ്കീം തൊഴിലാളികളും താൽക്കാലിക തൊഴിലാളികളും റാലിയെ പിൻതുണച്ചു കൊണ്ട് പങ്കെടുത്തു. റാലിയ്ക്കു മുന്നോടിയായി തൊഴിലാളികൾ അതാത് കമ്പനികളുടെ ഗേറ്റുകളിലും ജില്ല‐ഗ്രാമതലങ്ങളിലും യോഗം നടത്തി.

തൊഴിലാളികളെ അടിമകളാക്കി മാറ്റാനാണ് ബിജെപി ഗവൺമെന്റ് മൂന്ന് ലേബർ കോഡുകൾ കൊണ്ടു വന്നത്. മൂന്ന് വർഷം മുമ്പേ മിനിമം വേതനം പരിഷ്‌കരിക്കേണ്ടതായിരുന്നു. ഇതൊന്നും ചെയ്യാതെ തൊഴിലാളികളുടെ അധ്വാനത്തെ കൊള്ളയടിക്കുകയും കുത്തക മുതലാളിമാർക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുകയുമാണ് മോദി ഗവൺമെന്റ്‌ ചെയ്യുന്നത്‌.
സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തിയ ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനു പകരം മുൻകാലങ്ങളിൽ ചെയ്തതു പോലെ അവരെ അടിച്ചമർത്തുകയാണ്. സ്ക്കീം തൊഴിലാളികളായാലും താൽക്കാലിക ഗവൺമെന്റ് ജീവനക്കാരായാലും അവരുടെയും ആവശ്യങ്ങൾ നിരന്തരം അവഗണിക്കപ്പെടുകയാണ് . തൊഴിലുറപ്പു ജോലിക്കാർക്കുള്ള ബജറ്റ് വിഹിതത്തിൽ വലിയ വെട്ടിക്കുറവ് വരുത്തിയത്. അവരുടെ തൊഴിലും വേതനവും ഇല്ലാതാക്കി. ചെയ്ത ജോലിയുടെ കൂലി പോലും നൽകുന്നില്ല. നിർമ്മാണത്തൊഴിലാളികൾക്കായി ഉണ്ടാക്കിയ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം നിലച്ചത് 17 ലക്ഷം തോഴിലാളികളെയാണ് ദുരിക്കത്തിലാഴ്ത്തിയത്. സംഘടിത, – അസംഘടിത കുടിയേറ്റതോഴിലാളികൾ കടുത്ത അവഗണനയാണ് നേരിടുന്നത്. സംസ്ഥാനത്തിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന ഇവർ പാർപ്പിടം പോലുമില്ലാത്ത ബുദ്ധിമുട്ടുന്നു. സംസ്ഥാനത്ത്‌ അവർക്കായി കൊണ്ടുവന്ന നിയമംതന്നെ നിർത്തലാക്കി. ഫാമിലി ഐഡന്റിറ്റി കാർഡിന്റെ പേരിൽ സംസ്ഥാനത്ത് 9,50000 ത്തോളം കുടുംബങ്ങൾക്കുണ്ടായിരുന്ന ബിപിഎൽ കാർഡ് നിർത്തലാക്കി. ഇതിൽ ഭൂരിപക്ഷവും തൊഴിലാളികളാണ്. ഭക്ഷ്യസുരക്ഷയ്‌ക്കുമേലുള്ള കടന്നാക്രമണമാണിത്‌.

ഇങ്ങനെ ഏതുതലത്തിൽ നോക്കിയാലും തൊഴിലാളികളും പാവപ്പെട്ടവരും ഭരിക്കുന്ന ഗവൺമെന്റിൽ നിന്നും ആക്രമണം നേരിടുകയാണ്. ഇതെല്ലാം മറച്ചുവെക്കാൻ വർഗീയ‐-ജാതി വികാരം ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അതാണ് നൂഹിലെ സംഘർഷത്തിനു പിന്നിലുണ്ടായത്. എന്നാൽ അത് വഷളാക്കാമെന്ന ബിജെപിയുടെ ആഗ്രഹം നടന്നില്ല. ജനങ്ങൾതന്നെ മനസ്സിലാക്കി വലിയ സംഘർഷമായി വളരുന്നതിനെ തടയിട്ടു.

ഈ വിഷയങ്ങളെല്ലാം റാലിയിൽ ഉയർത്തിക്കാട്ടപ്പെട്ടു. ദീർഘനാളായി പണിമുടക്കിലായിരുന്ന ആശാവർക്കർമാർ ഒക്ടോബർ 18 ന് മന്ത്രിമാരുടെ വീട്ടുപടിക്കൽ 24 മണിക്കൂർ സത്യാഗ്രഹം നടത്തും. ഒക്ടോബർ 30 ന് ഡൽഹിയിൽ രാജ്യമൊട്ടുക്കുള്ള ആശാ പ്രവർത്തകർ ഡൽഹിയിൽ പ്രകടനം നടത്തും. ഗ്രാമീണ ശുചീകരണത്തൊഴിലാളികൾ ഒക്ടോബർ 10 മുതൽ 3 ദിവസത്തെ പണിമുടക്ക് നടത്തും. ന്യൂസ് ക്ലിക്കിനും മാധ്യമ പ്രവർത്തകർക്കും നേരെ മോദി ഗവൺമെന്റ് നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ റാലി പ്രമേയം പാസാക്കി. റാലിയിൽ 16 പ്രധാനപ്പെട്ട ആവശ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഇതെല്ലാംതന്നെ നിരന്തരമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നവയുമാണ്.

ഹരിയാനയിലെ റാലിയിൽ തൊഴിലാളി ഐക്യത്തിന്റെ ശബ്ദമാണ് മുഴങ്ങിക്കേട്ടത്. വരുംനാളുകളിൽ, പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെ തീച്ചൂളയായി രാജ്യം മാറുമെന്നുള്ള മുന്നറിയിപ്പാണിത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 2 =

Most Popular