പശ്ചിമബംഗാളിലെ മാൽഡയിൽ നിന്നും മക്‌സാതിൽ മെഡിക്കൽ പഠനപരിശീനത്തിനെത്തിയ സാജിദ് ഹുസൈൻ എന്ന 19 കാരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂട്ടേകിസലാക്കി കൊലപാതകികളൊരാളുടെ വീട്ടിൽ സൂക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. നാടിനെ നടുക്കിയ ഈ കൊലപാതകവും അതിനു പിന്നിലെ കഥയും ക്രൈം ത്രില്ലർ സിനിമകളെപോലും വെല്ലും വിധമായിരുന്നു.
കൊൽക്കത്തയുടെ വടക്കേ അതിർത്തിയായ കെസ്തോപുർ എന്ന സ്ഥലത്താണ് ഈ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഒരു ഡോക്ടറാവുക എന്നത് സ്വപ്നംകണ്ട് മെഡിസിൻ പഠനപരിശീലനത്തിനെത്തിയതായിരുന്നു സാജിദ് ഹൂസൈൻ. അടുത്ത വർഷത്തെ എൻട്രൻസ് പരീക്ഷയ്ക്കായി പഠിക്കുന്നതിന് കോച്ചിങ് സെന്ററിനടുത്ത് ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തു. കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന, ഫാസ്റ്റ്ഫുഡ് കട നടത്തുന്ന ഗൗതം സിങ്ങായിരുന്നു വീടെടുത്തുകൊടുത്തത്. ആ അപ്പാർട്ട്മെന്റിൽത്തന്നെ താമസിക്കുന്ന അയാൾ പെയിങ് ഗസ്റ്റുകൾക്ക് താമസസൗകര്യം തരപ്പെടുത്തിക്കൊടുക്കുന്ന ബ്രോക്കർ ആയിരുന്നു. അയാൾക്കൊപ്പം അറസ്റ്റുചെയ്യപ്പെട്ട പെയിന്റിങ് തൊഴിലാളിയായ പപ്പുഘോഷിനും കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കപ്പെടുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽനിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
സാജിദിന് താമസസൗകര്യം ചെയ്തുകൊടുത്തവർ അവന്റെ ജീവിതരീതി സസൂക്ഷ്മം നിരീക്ഷിച്ചു. “അടിച്ചുപൊളി” ജീവിതമായിരുന്നു സാജിദിന്റേത്. അടുത്തയിടെ അവൻ ഒരു ഐഫോൺ വാങ്ങിയിരുന്നു. ഇതെല്ലാം സാജിദ് ഏതോ സമ്പന്നകുടുംബത്തിൽനിന്നാണ് വരുന്നതെന്നവർ കരുതി. സാജിദിനെ തട്ടിക്കൊണ്ടുപോയതായി വീട്ടുകാരെ ധരിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെടാൻ ഗൗതം സിങ്ങും പപ്പുഘോഷും പദ്ധതിയിട്ടു. അനുനയത്തിൽ സജിദിനെ ഗൌതം സിങ്ങിന്റെ വീട്ടിലെത്തിച്ച് മദ്യം നൽകി. വിഷം അടങ്ങിയ മദ്യം കുടുപ്പിച്ചശേഷം ബന്ധനസ്ഥനാക്കി. ആ രംഗം സാജിദിന്റെ ഫോണിലെ വാട്ട്സാപ്പിലൂടെ വീട്ടുകാരെ കാണിച്ച് 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതിനുശേഷം സന്ദേശം ഡിലീറ്റുചെയ്തു. സാജിദിന്റെ വീട്ടുകാർ ഉടൻതന്നെ പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്. കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയും ഒടിച്ചുമടക്കിയും സൂട്ട്ക്കേസിലടക്കം ചെയ്തനിലയിൽ സാജിദിന്റെ മൃതദേഹം ഗൗതംസിങ്ങിന്റെ വീട്ടിലെ കട്ടിലിനടിയിൽ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
സാജിദിന്റെ കൊലപാതകം തൃണമൂൽ വാഴ്ചയ്ക്കു കീഴിൽ എന്തുകുറ്റകൃത്യവും ചെയ്യാൻ മടിക്കാത്ത, ശിക്ഷാഭയമേതുമില്ലാതെ കുറ്റവാളികൾക്ക് യഥേഷ്ടം വിഹരിക്കാൻ കഴിയുന്ന ഒരു അവസ്ഥയാണ് പശ്ചിമബംഗാളിലാകെ സംജാതമാക്കിയിട്ടുള്ളത്. സിപിഐ എം പ്രവർത്തകരെ ചുട്ടുകരിച്ചും വെട്ടിക്കൊന്നും മമതയ്ക്കു വീണ്ടും അധികാരക്കസേരയിലിരിക്കാൻ അവസരമൊരുക്കിയ തൃണമൂൽ ഗുണ്ടാസംഘങ്ങൾ വിലസിനടക്കുന്നത് ഇത്തരം കുറ്റവാളികൾക്ക് പ്രചോദനമാണ്.
കൊല്ലപ്പെട്ട സാജിദിന്റെ പിതാവിനെ കാളിയാഗഞ്ചിലെ വീട്ടിൽ എസ് എഫ് ഐയുടെ പ്രതിനിധികൾ സന്ദർശിക്കുകയുണ്ടായി. ലളിത ജീവിതം നയിക്കുന്ന അധ്യാപകനായ ആ പിതാവിന്റെ ദുഃഖത്തിൽ പങ്കുചേർന്നു. “ഇനിയൊരു സാജിദ് ഉണ്ടാകാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല. കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഞങ്ങൾ പ്രക്ഷോഭം സംഘടിപ്പിക്കും” എന്ന് ഉറപ്പുനൽകിയാണ് എസ്എഫ്ഐ പ്രതിനിധി സംഘം സാജിദിന്റെ വീട്ടിൽനിന്നും യാത്രപറഞ്ഞിറങ്ങിയത്. ♦