സെപ്റ്റംബർ അവസാനം ലാൻസെറ്റ് കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് കാൻസർ രോഗബാധയുടെ കാര്യത്തിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന സ്ത്രീ-‐പുരുഷ അസമത്വങ്ങൾക്കെതിരായ താക്കീത് നൽകുന്ന ഒന്നാണ്. ലോകത്താകെ നടക്കുന്ന സ്ത്രീകളിലെ കാൻസർ മരണങ്ങളിൽ 15 ലക്ഷത്തോളം മരണമെങ്കിലും കൃത്യമായ രോഗപ്രതിരോധം വഴിയും നേരത്തെയുള്ള രോഗ സ്ഥിരീകരണം വഴിയും തടയാവുന്നതാണ് എന്ന് റിപ്പോർട്ട് കണ്ടെത്തി. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും കാൻസർ മരണത്തിന്റെ എണ്ണം കുറഞ്ഞുനിൽക്കുന്നതായും റിപ്പോർട്ട് കാണിക്കുന്നു. എന്തുതന്നെയായാലും സ്ത്രീയും പുരുഷനും തമ്മിലുള്ള കാൻസർ സംബന്ധമായ മരണനിരക്കിൽ അപ്പോഴും വ്യത്യസ്തതകൾ നിലനിൽക്കുന്നു. 2020ൽ ലോകത്താകമാനം 92 ലക്ഷം പുതിയ കാൻസർ കേസുകൾ സ്ത്രീകൾക്കിടയിൽ ഉണ്ടായി. അവയിൽ 44 ലക്ഷം സ്ത്രീകൾ മരണപ്പെടുകയും ചെയ്തു.
സ്തനാർബുദം, മലാശയ അർബുദം (Colorectal), സെർവിക്കൽ കാൻസർ, ശ്വാസകോശ അർബുദം, തൈറോയിഡ് കാൻസർ തുടങ്ങിയവയാണ് സ്ത്രീകൾക്കിടയിൽ കാണപ്പെടുന്ന പ്രധാന കാൻസറുകൾ. കൃത്യമായ രോഗപ്രതിരോധ നടപടികൾ, രോഗനിർണയം, കൃത്യമായ ചികിത്സ, തുടർചികിത്സ എന്നിവയെ ആശ്രയിച്ച് വിവിധതരം കാൻസറുകളിലെ അതിജീവന നിരക്കുകളിലും വ്യത്യാസം വരുന്നതായി നമുക്ക് കാണാനാവും. ഉദാഹരണത്തിന് അഞ്ചുവർഷം നീണ്ട സ്തനാർബുദ അതിജീവന നിരക്ക് ഓരോ രാജ്യങ്ങൾക്കും വ്യത്യസ്തമായി നിലനിൽക്കുന്നത് കാണാം. അമേരിക്കയിൽ സ്തനാർബുദ അതിജീവന നിരക്ക് 91% ആണെങ്കിൽ സൗത്ത് ആഫ്രിക്കയിൽ അത് 38 ശതമാനം മാത്രമാണ്. ഈ വ്യത്യാസം രോഗപ്രതിരോധ നടപടിക്രമങ്ങളിലും പരിപാടികളിലും രോഗനിർണയത്തിലും ചികിത്സയിലുമെല്ലാം ലോകത്താകമാനം ലഭ്യമായിട്ടുള്ള സൗകര്യങ്ങളെ ആശ്രയിച്ചുള്ളതാണ്.
കുഞ്ഞുങ്ങളിലെ കാൻസർ അതിജീവന നിരക്കും വ്യത്യസ്തമാണ്. ലാൻസെറ്റ കമ്മീഷൻ പുറത്തുവിട്ട ചില റിപ്പോർട്ടുകൾപ്രകാരം ചില പ്രദേശങ്ങളിൽ 2.4 ആൺകുട്ടികൾക്ക് കാൻസർ ചികിത്സ ലഭിക്കുമ്പോൾ പെൺകുട്ടികളിൽ ഒരാൾക്കു മാത്രമേ അത് ലഭിക്കുന്നു. ഈ സാമൂഹിക വിവേചനത്തിന്റെ കാരണം ദാരിദ്ര്യത്തിൽ ജീവിക്കുന്ന കുടുംബങ്ങൾ ചില കാര്യങ്ങളിൽ ആൺകുട്ടികളാണ് കൂടുതൽ വിലപ്പെട്ടത് എന്ന പരിഗണനയുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളെക്കാൾ കൂടുതൽ ആരോഗ്യരക്ഷാ സംവിധാനങ്ങൾ ആൺകുട്ടികൾക്ക് ലഭ്യമാക്കുന്നു എന്നതുകൊണ്ടാണ്. അതുപോലെതന്നെ കാൻസർ മൂലം മറ്റു രീതികളിലും കുഞ്ഞുങ്ങളുടെ ജീവിതം ദുരിതത്തിലാകുന്നുണ്ട്. 2020ൽ കാൻസർമൂലം 10 ലക്ഷം കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മമാരെ നഷ്ടപ്പെട്ടു. ഏഷ്യയിലും ആഫ്രിക്കയിലും ആണ് ഇത് കൂടുതലായി കാണുന്നത്. ഇത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. – അതായത് കുഞ്ഞുങ്ങളുടെ മരണം, വിദ്യാഭ്യാസം ലഭിക്കാത്ത സ്ഥിതി തുടങ്ങി അനേകം പ്രത്യാഘാതങ്ങൾ അമ്മമാരുടെ മരണത്തോടുകൂടി ബാല്യജീവിതങ്ങളിൽ ഉടലെടുക്കുന്നു. ഈ സാഹചര്യത്തെ അഭിമുഖീകരിക്കുന്നതിന് കാൻസർ രോഗരക്ഷാ സംവിധാനത്തിലും ഗവേഷണത്തിലും നയരൂപീകരണത്തിലും നിലനിൽക്കുന്ന പുരുഷാധിപത്യ പ്രവണതകൾ ഒഴിവാക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. സ്ത്രീകൾക്കിടയിലെ കാൻസർ രോഗമരണത്തിലും വലിയതോതിൽ സ്ത്രീപുരുഷ അസമത്വം നിലനിൽക്കുന്നു എന്നത് ഈ രംഗത്ത് നിലവിൽ ആധിപത്യം പുലർത്തുന്ന പുരുഷാധിപത്യ പ്രവണതയുടെ നേർക്കാഴ്ചയാണ്. ♦