സ്‌ത്രീവിരുദ്ധനും വംശീയവാദിയുമായ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലേറുന്ന പശ്ചാത്തലത്തിൽ അമേരിക്കയിലെ സ്‌ത്രീകൾ വീണ്ടും പ്രതിഷേധവുമായി മുന്നോട്ടുവരാൻ തിരുമാനിച്ചിരിക്കുന്നു. ട്രംപ് വീണ്ടും അധികാരമേൽക്കുന്നതിന് രണ്ടുദിവസം മുൻപ്, 2025 ജനുവരി 18ന്, തലസ്ഥാനമായ വാഷിങ്‌ടണിൽ വന്പിച്ച പ്രതിഷേധ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ വിമെൻസ് മാർച്ച് തീരുമാനിച്ചിരിക്കുന്നു. 2017ൽ ട്രംപ് ആദ്യമായി പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം, ജനുവരി 21നാണ് ആദ്യത്തെ വിമെൻസ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത്. ട്രംപിന്റെ രാഷ്‌ട്രീയ നിലപാടുകൾക്കും സ്‌ത്രീവിരുദ്ധതയ്‌ക്കും ആത്യന്തികമായി ഭരണത്തിനും എതിരായാണ് അന്ന് മാർച്ച് നടന്നതെങ്കിൽ 2025ലെ പ്രതിഷേധവും അതേ ആശയമാണ് മുന്നോട്ടുവെക്കുന്നത്. ഇത്തവണ ട്രംപ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം വാഷിങ്‌ടണിലും മറ്റ് പ്രവിശ്യകളിലും സ്‌ത്രീകളുടെ നേതൃത്വത്തിൽ വലിയ അണിനിരക്കലുകൾ നടന്നുകൊണ്ടിരിക്കുകയാണ്; win with black women പോലെയുള്ള ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഓൺലൈൻ പ്രവർത്തനങ്ങളും സജീവമാണ്. നവംബർ 9ലെ ചെറിയ പ്രതിഷേധപരിപാടിയും അതിന് ഒരാഴ്‌ചമുന്പ് വൈറ്റ് ഹൗസിനു മുന്നിൽ 15000ത്തോളം ആളുകൾ അണിനിരന്ന് നടന്ന മാർച്ചും ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. രണ്ടുവർഷം മുന്പ് അമേരിക്കൻ സുപ്രീം കോടതി റദ്ദുചെയ്‌ത ഗർഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിക്കാനുള്ള പോരാട്ടം രാജ്യത്തെ സ്‌ത്രീകൾ തുടരുമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. അമേരിക്കയിലെ നിയമനിർമാതാക്കൾക്കും ട്രംപിനുമുള്ള ഒരു താക്കീതുതന്നെയാണിത്.
സ്‌ത്രീവിരുദ്ധ നിലപാടുകൾ സദാ കൈക്കൊള്ളുന്ന ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹം തന്നെ നിയമിച്ച മൂന്ന് ജഡ്‌ജിമാരാണ് രണ്ടുവർഷം മുന്പ് ഗർഭഛിദ്രത്തിനുള്ള അവകാശം റദ്ദുചെയ്‌തുകൊണ്ട് സുപ്രീംകോടതി വിധി കൊണ്ടുവന്നത്. പൊതുസമൂഹത്തിൽ അതുണ്ടാക്കിയ വലിയ എതിർപ്പ് കണ്ട ട്രംപ് ഇപ്പോൾ പറയുന്നത് ‘‘ഇതുസംബന്ധിച്ച തീരുമാനം സ്‌റ്റേറ്റുകൾ എടുക്കട്ടെ’’ എന്നാണ്. എന്നാൽ വലതുപക്ഷ ഗവർണർമാർ ഭരിക്കുന്ന സ്‌റ്റേറ്റുകൾ ഈ അവകാശം പുനഃസ്ഥാപിക്കുകയല്ല, മറിച്ച് ഈ അറുപിന്തിരിപ്പൻ ഗർഭഛിദ്രനിയമം കർശനമായി നടപ്പാക്കുകയൂം ഗർഭഛിദ്രം നിർത്തലാക്കുകയും അതു ചെയ്യുന്ന സ്‌ത്രീകളെയും ഡോക്ടർമാരെയും ക്രിമിനൽ നിയമപ്രകാരം തടവിലാക്കുകയുമാണ് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിൽ ഗർഭഛിദ്രത്തിനുള്ള ഭരണഘടനാവകാശം പുനഃസ്ഥാപിക്കുകയെന്നത് അത്ര എളുപ്പമായിരിക്കില്ല. എങ്കിലും സ്‌ത്രീകൾ പോരാട്ടമുഖത്താണ്. നിലവിൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായി നടത്തിവരുന്ന പ്രതിഷേധപരിപാടികളും 2025 ജനുവരി 18നു നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രക്ഷോഭവും അതിന്റെ ഭാഗമാണ്. l