Friday, December 13, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍സിവിൽ സർവീസിന്‌ പോകാതെ വിപ്ലവപാതയിലെത്തിയ റാങ്കുകാരൻ: ചേലാട്ട് അച്യുതമേനോൻ

സിവിൽ സർവീസിന്‌ പോകാതെ വിപ്ലവപാതയിലെത്തിയ റാങ്കുകാരൻ: ചേലാട്ട് അച്യുതമേനോൻ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 57

സംസ്ഥാന ചീഫ് സെക്രട്ടറിയോ ഹൈക്കോടതിയിലെയോ സുപ്രിംകോടതിയിലെയോ ജഡ്ജിയോ ആകുമായിരുന്ന ഒരാളായിരുന്നു ചേലാട്ട് അച്യുതമേനോൻ. 1929‐ൽ കൊച്ചി രാജ്യത്ത് മെട്രിക്കുലേഷൻ പരീക്ഷ പാസായത് ഒന്നാം റാങ്കിൽ. അഞ്ചുവർഷം കഴിഞ്ഞ് ഗണിതശാസ്ത്രത്തിൽ ബി.എ. പാസായത് കൊച്ചിയിൽ ഒന്നാമതായും മദ്രാസ് സർവകലാശാലയിൽ രണ്ടാം റാങ്കോടെയും. രണ്ടുവർഷം കഴിഞ്ഞ് തിരുവനന്തപുരം ലോ കോളേജിൽനിന്ന് ബി.എൽ. പാസായത് രണ്ടാം റാങ്കോടെ. അതായത് ദക്ഷിണേന്ത്യയാകെ പ്രവർത്തനപരിധിയുള്ള മദ്രാസ് സർവകലാശാലയിൽ രണ്ടാമൻ. പക്ഷേ അച്യുതമേനോന്റെ വഴി ഉദ്യോഗത്തിന്റേതായിരുന്നില്ല. തൊഴിലാളിവർഗരാഷ്ട്രീയത്തിന്റെ ത്യാഗപൂർണമായ വഴികളായിരുന്നു.

മുളങ്കുന്നത്തുകാവിനടുത്ത് അവന്നൂർ ഗ്രാമത്തിൽ ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും രാപ്പാൾ മഠത്തിൽ വീട്ടിൽ കുട്ടൻമേനോന്റെയും മകനായി 1913 ജനുവരി 13‐നാണ് അച്യുതമേനോൻ ജനിച്ചത്. ഏഴ് മക്കളിൽ മൂന്നാമൻ. കുട്ടൻമേനോൻ കൊച്ചിയിലെ റവന്യു വകുപ്പിൽ ഇൻസ്പെക്ടറാണ്. അധ്യാപകനും പിന്നീട് പൊലീസ് ഇൻസ്പെക്ടറുമായ ചേലാട്ട് രാമൻ മേനോൻ അമ്മാവൻ. അമ്മാവന്റെ നിയന്ത്രണത്തിലാണ് സ്കൂൾവിദ്യാഭ്യാസകാലം. തൃശൂർ സി.എം.എസ്. ഹൈസ്കൂളിൽ 11 വർഷത്തെ പഠനത്തിനുശേഷം സ്കൂൾ ഫൈനൽ റാങ്കോടെ പാസായി. കോളേജ് വിദ്യാഭ്യാസം തൃശൂർ സെന്റ് തോമസ്സിൽ. അവിടെ മാത്തമാറ്റിക്സ് ബി.എ.യ്ക്കാണ് ചേർന്നത്. ഇംഗ്ലീഷ് പഠിപ്പിക്കുന്നത് എം.പി.പോൾ. മലയാളം പഠിപ്പിക്കുന്നത് ജോസഫ് മുണ്ടശ്ശേരി.  അവരുടെ ക്ലാസുകളും കോളേജിലെ വിപുലമായ ലൈബ്രറിയും  അറിവിന്റെ ചക്രവാളങ്ങളെ ദൂരോട്ടുദൂരോട്ടുകൊണ്ടുപോവുകയായിരുന്നു. ഇ.എം.എസ്സും അന്നവിടെ വിദ്യാർഥിയായിരുന്നെങ്കിലും സാധാരണയിൽ കവിഞ്ഞ പരിചയമോ ബന്ധമോ ഉണ്ടായില്ല.  പ്രശസ്തമായ നിലയിൽ ബി.എ. പാസായതോടെ സ്കൂളിൽ അധ്യാപകനായി ചേർക്കാൻ വീട്ടിൽ മാനേജർമാർ വന്ന് സമ്മർദ്ദമായി. പക്ഷേ റവന്യു ഇൻസ്പെക്ടറായ കുട്ടൻമേനോന് വാശി. ശമ്പളം അമ്പത് രൂപയെങ്കിലും കിട്ടിയാലേ താൽക്കാലികമായെങ്കിലും അധ്യാപകനാകാൻ വിടുകയുള്ളു. 35 രൂപയിലധികം വാഗ്ദാനമില്ല. മകനെ ഉയർന്ന ഉദ്യോഗസ്ഥനോ ജഡ്ജിയോയൊക്കെയായി കാണാനാഗ്രഹിക്കുന്ന കുട്ടൻമേനോൻ, സ്കൂൾ അധ്യാപനത്തിന് പോയാൽ അവിടെ കുടുങ്ങിപ്പോകുമെന്നും ഭയന്നു.

സ്കൂളിലും കോളേജിലും രാഷ്ട്രീയപ്രവർത്തനത്തിനൊന്നും അച്യുതൻ പോയിരുന്നില്ല. എന്നാൽ പൊതുപ്രവർത്തനം തീരേ വർജിച്ചുവെന്നും പറയാനാവില്ല. കോളേജിൽ ചേർന്ന വർഷം തൃശൂരിൽ ഒരു സമ്മേളനത്തിന്റെ വോളന്റിയറായി. നായർ സർവീസ് സൊസൈറ്റിയുടെ സമ്മേളനമാണ്. പ്രധാനസംഘാടക മന്നത്തിന്റെ പത്നി തോട്ടയ്ക്കാട്ട് മാധവിയമ്മയാണ്. തൃശൂർ ഗവ.സ്കൂളിലായിരുന്നു സമ്മേളനം. ആദ്യത്തെ പൊതുപ്രവർത്തനപരിചയം.

1933‐ൽ തിരുവനന്തപുരം ലോ കോളേജിൽ ചേർന്ന അച്യുതൻ താമസിച്ചത് തൈക്കാട്ടുള്ള ഒരു സ്വകാര്യ ഹോസ്റ്റലിലാണ്. അധ്യാപകരും വിദ്യാർഥികളുമായി അവിടെ മുപ്പതോളം പേർ താമസിക്കുന്നുണ്ട്. ലോ കോളേജിൽ വിദ്യാർഥിയും അതേസസമയംതന്നെ കേസരി ബാലകൃഷ്ണപിള്ളയുടെ ശിഷ്യൻ എന്നനിലയിൽ കേസരി ആഴ്ചപ്പതിപ്പിന്റെ പ്രവർത്തകനുമായിരുന്ന കെ.എ.ദാമോദരമേനോൻ മറ്റൊരു ഹോസ്റ്റലിൽ താമസിക്കുകയാണ്. ഒരുദിവസം കെ.എ.ദാമോദരമേനോനോടൊപ്പം മലബാറിൽനിന്നുളള എ.കെ.ഗോപാലൻ നമ്പ്യാർ  ഹോസ്റ്റലിലെത്തി. കോൺഗ്രസ്സിൽ അംഗങ്ങളെ ചേർക്കലാണ് ലക്ഷ്യം. അച്യുതനും മറ്റൊരാളും മാത്രമാണ് നാലണ നൽകി കോൺഗ്രസ്സിൽ ചേർന്നത്. എ.കെ.ഗോപാലൻ അന്ന് എ.കെ.ജി.യായി അറിയപ്പെടാൻ തുടങ്ങിയിട്ടില്ല. കെ.പി.സി.സി.യുടെ സെക്രട്ടറിയാണദ്ദേഹം. കോഴിക്കോട്ട് മാതൃഭൂമിയിൽ പത്രക്കടലാസ് വിരിച്ച് കിടത്തം. അവിടെനിന്ന് അച്ചടിച്ചുകൊടുത്ത അംഗത്വരശീതിയുമായി കേരളമെങ്ങും സഞ്ചാരം. ആ യാത്രക്കിടയിലാണ് ലോ കോളേജ് വിദ്യാർഥികളെ ചേർക്കാൻ പോയതും അച്യുതമേനോനെ കണ്ടെത്തി രാഷ്ട്രീയത്തിലേക്കാകർഷിച്ചതും. എന്നാൽ പഠിപ്പിൽ മാത്രമായിരുന്നു ശ്രദ്ധയെന്നതിനാൽ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾക്കൊന്നും പരസ്യമായി പങ്കാളിയാവാൻ അച്യുതമേനോൻ തയ്യാറായില്ല.

പ്രശസ്തമായ നിലയിൽ നിയമബിരുദം നേടിയെത്തിയ അച്യുതമേനോൻ തൃശൂർ കോടതിയിൽ അഭിഭാഷകനായി. കോടതിയിലും കോടതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും വക്കീലന്മാരുടെ ഓഫീസുകളിലും അന്ന് രാഷ്ട്രീയം ഏറെ ശബ്ദായമാനമായി ചർച്ചചെയ്യുന്ന കാലമാണ്. അച്യുതമേനോനും അതിൽ ആകൃഷ്ടനായി. അക്കാലത്ത് കൊച്ചീരാജ്യത്ത് വലിയൊരു വിവാദമുണ്ടായി. വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണംചെയ്യുന്നതിന് ദിവാൻ ഷൺമുഖം ഷെട്ടി കരാർ നൽകിയത് തനിക്ക് താല്പര്യമുള്ള കോയമ്പത്തൂരിലെ ഒരു കമ്പനിക്കാണ്‐തൃശൂരിലെ വഴിവിളക്കുകൾ മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്ന കാലമാണ്. അത് മാറ്റി വൈദ്യുതവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള കരാറാണ്. കരാർ തൃശൂരിലെ കമ്പനിക്ക് നൽകണമെന്ന് തൃശൂരിലെ പൗരപ്രമുഖർ ആവശ്യപ്പെട്ടു. അവർ ചേർന്ന് ദി ട്രിച്ചൂർ ഇലക്ട്രിക്കൽ കോർപ്പറേഷൻ എന്ന സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ദിവാൻ ഷൺമുഖംഷെട്ടിയുടെ സ്വജനപക്ഷപാതത്തിൽ       പ്രതിഷേധിച്ച് തൃശൂർ പൗരാവലി ഇളകി. ഇയ്യുണ്ണി വക്കീലിന്റെ നേതൃത്വത്തിൽ മണികണ്ഠനാൽത്തറയിൽ പൊതുയോഗം ചേർന്നു. ദിവാനെതിരെ ഇയ്യുണ്ണി വക്കീൽ നിശിതമായ ആക്ഷേപമുന്നയിച്ചു. വക്കീലിനെ അന്നുതന്നെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഉടൻതന്നെ ഇയ്യുണ്ണിവക്കീലിന്റെ ഭാര്യ നിയമം ലംഘിച്ച് അറസ്റ്റുവരിച്ച് ജയിലിൽ പോയി. ക്ഷുഭിതരായ ജനങ്ങൾ മണികണ്ഠനാൽത്തറയിൽ സമ്മേളിച്ച് സർക്കാരിന് അന്ത്യശാസനം നൽകി‐ 24 മണിക്കൂറിനകം വക്കീലിനെ മോചിപ്പിക്കണം. നഗരത്തിൽ കടകമ്പോളങ്ങളടച്ച് ബന്ദാചാരിച്ചു. ഗത്യന്തരമില്ലാതെ സർക്കാർ വഴങ്ങി. ഇയ്യുണ്ണിവക്കീലിനെയും ഭാര്യയെയും മോചിപ്പിച്ചുവെന്നു മാത്രമല്ല കോയമ്പത്തൂരിലെ കമ്പനിക്ക് നൽകിയ കരാർ റദ്ദാക്കുകയും ചെയ്‌തു. തൃശൂർ നഗരസഭയ്ക്ക് പ്രവൃത്തിയുടെ നിർവഹണച്ചുമതല നൽകുകയും ചെയ്തു.

ഈ സംഭവങ്ങൾ നടക്കുമ്പോഴാണ് അച്യുതമേനോൻ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. സഹോദരൻ മാസികയിൽ പത്രാധിപർ അയ്യപ്പൻ ദിവാനെ ന്യായീകരിച്ചുകൊണ്ട് ഒരു ലേഖനമെഴുതി. അതിനെ ഖണ്ഡിച്ചുകൊണ്ട് കേരളൻ എന്ന പത്രത്തിൽ  അച്യുതമേനോൻ ഒരു ലേഖനമെഴുതി. തൃശൂർ പൗരാവലിയുടെ സമരത്തെ ആ ലേഖനം ഏറെ സഹായിച്ചു. അതോടെ പൊതുരംഗത്ത് ഒരു ശ്രദ്ധേയ വ്യക്തിത്വമായി മാറുകയായിരുന്നു അച്യുതമേനോൻ. അദ്ദേഹം കോൺഗ്രസിന്റെ വേദികളിൽ സജീവമാകാൻ തുടങ്ങി. കോൺഗ്രസ്സിലെ ഇടതുപക്ഷധാരയുമായാണ് ബന്ധം. 1937‐ൽ തൃശൂർ രാമവർമ തീയേറ്ററിൽ നടന്ന രണ്ടാം തൊഴിലാളി സമ്മേളനത്തിലും അതിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തു നടന്ന പൊതുയോഗത്തിലും അനുഭാവിയെന്ന നിലയിൽ മേനോൻ സംബന്ധിച്ചു. സമ്മേളനത്തിലെ പ്രധാന പ്രസംഗകർ ബാട്ലിവാലയും കെ.കെ.വാര്യരുമാണ്. ബാട്ലിവാലയുടെ പ്രസംഗം തർജമചെയ്തത് കെ.ദാമോദരൻ. ഈ പ്രസംഗങ്ങൾ അച്യുതമേനോനിൽ വിലയ ആവേശം സൃഷ്ടിച്ചു.

ആ വർഷം നവംബർ 21‐ന് തൃശൂരിൽ കൊച്ചിയിലെ കോൺഗ്രസ് പാർട്ടിയുടെ ഒന്നാമത് സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷൻ പ്രൊഫ. ടി.എസ്. ജോർജും സെക്രട്ടറി അച്യുതമേനോനുമായിരുന്നു. ഒന്നാംദിവസത്തെ സമ്മേളനനടപടികൾ കഴിഞ്ഞപ്പോൾ വീട്ടിൽപോകാനൊരുങ്ങിയ അച്യുതമേനോനെ കെ.കെ.വാര്യർ തടഞ്ഞു. സമ്മേളനം ഉദ്ഘാടനംചെയ്ത കമലാദേവി ചതോപാധ്യയെ കാണാൻ പോകാമെന്നായി കീരൻ എന്ന കെ.കെ.വാര്യർ. കമലാദേവിയുടെ താമസസ്ഥലത്തുപോയപ്പോൾ കണ്ടത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാക്കളായ പി.ഗംഗാധരനും ജോർജ് ചടയംമുറിയുമടക്കമുള്ളവരെയും പ്രവർത്തകരെയുമാണ്. കമലാദേവി സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ  തന്ത്രങ്ങൾ സംബന്ധിച്ച് വിശദീകരിച്ചു. പിറ്റേന്ന് സമ്മേളനത്തിൽ ഇടതുപക്ഷം വിജയിക്കേണ്ടതിന്റെ  പ്രാധാന്യവും. പിറ്റേന്ന് രാഷ്ട്രീയപ്രമേയത്തിൽ നടന്ന ചർച്ചയിൽ ഇടതുപക്ഷത്തിന് മേൽക്കൈ ലഭിച്ചു. സ്വാഗതസംഘം സെക്രട്ടറിയായ അച്യുതമേനോനും അതിൽ വലിയ പങ്കുവഹിച്ചു. കൊച്ചി രാജകുടുംബത്തിന്റെ ചെലവിനായി ഖജനാവിൽനിന്ന് നൽകുന്ന പണം ബജറ്റിന്റെ രണ്ടു ശതമാനത്തിൽ കവിയരുതെന്ന ഒരു പ്രമേയം അച്യുതമേനോൻ അവതരിപ്പിച്ചത്, സമ്മേളനം പാസാക്കിയത് അന്നത്തെ നിലയിൽ വലിയൊരു സംഭവമായിരുന്നു.

നാട്ടുരാജ്യങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേരിട്ട് പ്രക്ഷോഭപ്രവർത്തനങ്ങൾ നടത്തരുതെന്ന് ഗാന്ധിജിയുടെയും കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെയും നിർദേശമുണ്ടായിരുന്നു. ഇതിൽ കോൺഗ്രസ് പ്രവർത്തകർ നിരാശരായിരുന്നു. തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ്സും കൊച്ചിയിൽ കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്സും രൂപീകരിക്കപ്പെട്ടത്  ആ സാഹചര്യത്തിലാണ്. പിന്നീട് പ്രജാമണ്ഡലമായിത്തീർന്ന കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ  ആദ്യസമ്മേളനം ഇക്കണ്ട വാര്യരുടെ വസതിയിൽ 1938 മാർച്ച് 21‐നാണ് നടന്നത്. ആ സമ്മേളനം കൊച്ചിൻ കോൺഗ്രസ്സിന്റെ പ്രസിഡണ്ടായി കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിനെയും ജനറൽ സെക്രട്ടരിയായി എം.കെ. ദേവസ്സിയെയും തിരഞ്ഞെടുത്തു. സെക്രട്ടറിയായി അച്യുതമേനോനും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ കൊച്ചിൻ കോൺഗ്രസ്സും കൊച്ചിൻ സ്‌റ്റേറ്റ്‌ കോൺഗ്രസ്സും ഇടതുപക്ഷത്തിന് സഹകരിച്ചു പോകാൻ കഴിയുന്ന ഗ്രൂപ്പുകളല്ലെന്ന് അതിവേഗം ബോധ്യപ്പെട്ടു. കൊച്ചി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ്‌ കോൺഗ്രസ്സിന് 13 സീറ്റും കൊച്ചിൻ കോൺഗ്രസ്സിന് 12 സീറ്റും ലഭിച്ചു. ഇടതുപക്ഷക്കാരനായ കെ.കെ.വാര്യരെ സ്ഥാനാർഥിയാക്കാൻ വലതുപക്ഷ നേതൃത്വം വിസമ്മതിച്ചു. ദിവാനെ വെറുപ്പിക്കാതെ മുന്നോട്ടുപോകണമെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. വൈദ്യുതി സമരത്തിന് നേതൃത്വം നൽകിയ ഇയ്യുണ്ണി വക്കീലിനെ സ്ഥാനാർഥിയാക്കാൻ അച്യുതമേനോനും കൂട്ടരും ആവശ്യപ്പെട്ടപ്പോൾ ദിവാന് ഇഷ്ടമാവില്ലെന്നു പറഞ്ഞ് നിരാകരിക്കുകയായിരുന്നു നേതൃത്വം. ഇതേ തുടർന്ന് സംഘടനയുടെ സെക്രട്ടറിസ്ഥാനം മേനോൻ രാജിവെച്ചു. പാർട്ടിതലത്തിൽ ആലോചിക്കാതെ രാജിവെച്ചത് ശരിയായില്ല, മേനോൻ രാജി പിൻവലിക്കണം     തൽക്കാലം എന്നായി കെ.കെ.വാര്യരടക്കമുള്ള സി.എസ്.പി. നേതാക്കൾ. അതേത്തുടർന്ന് മനമില്ലാമനസ്സോടെ രാജി പിൻവലിച്ചെങ്കിലും അധികകാലം അതിൽ തുടരാനാവുമായിരുന്നില്ല. അതിനകം കൊച്ചിൻ പ്രജാമണ്ഡലം പ്രവർത്തനമാരംഭിച്ചു. വി.ആർ.കൃഷ്ണനെഴുത്തച്‌ഛൻ പ്രസിഡണ്ട്. സംഘടനയുടെ രൂപീകരണത്തിന് മുൻനിന്ന് പ്രവർത്തിച്ചത് അച്യുതമേനോൻ. കൊച്ചിൻ കോൺഗ്രസ് പിരിച്ചുവിട്ട് പ്രജാമണ്ഡലത്തിൽ ലയിച്ചു. ഇക്കണ്ടവാരിയർ പ്രസിഡണ്ടായി. ആദ്യം വിട്ടുനിന്ന പനമ്പിള്ളിമേനോനടക്കമുള്ളവർ വൈകാതെ പ്രജാമണ്ഡലത്തിലെത്തി.

1941‐ൽ കൊച്ചീരാജ്യത്തുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും വലിയ നാശനഷ്ടങ്ങളുണ്ടായി. അമ്പതുപേർ മരിച്ചു. ആയിരക്കണക്കിന് വീടുകൾ തകർന്നു. ദുരിതാശ്വാസത്തിനായി സി.ജെ. വർക്കി പ്രസിഡണ്ടും വി.ആർ.കൃഷ്ണനെഴുത്തച്ഛൻ, അച്യുതമേനോൻ എന്നിവർ സെക്രട്ടറിമാരുമായി കമ്മിറ്റി രൂപീകരിച്ചു. ഈ ഘട്ടമാകുമ്പോഴേക്കും കൊച്ചീരാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയനേതാക്കളിലൊരാളായി അച്യുതമേനോൻ അംഗീകാരം നേടിക്കഴിഞ്ഞിരുന്നു. രഹസ്യമായി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും മേനോൻ അടുത്ത് ബന്ധപ്പെടാൻ തുടങ്ങിയിരുന്നു. തൃശൂരിൽ കെ.കെ.വാര്യരുടെ നേതൃത്വത്തിൽ ലേബർ ബ്രദർഹുഡ് എന്ന സംഘടന പ്രവർത്തിക്കുന്നുണ്ടായിരുന്നു. തന്റെ മാർഗദർശിയായി അച്യുതമേനോൻ മനസ്സാവരിച്ചിരുന്നത് വാര്യരെയായിരുന്നല്ലോ. സ്വാഭാവികമായും ബ്രദർഹുഡിന്റെ പ്രവർത്തനങ്ങളുമായി അച്യുതമേനോൻ ബന്ധപ്പെട്ടു. ആമ്പല്ലൂരിലെ അളഗപ്പ മില്ലിൽ ആയിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട്. അവിടത്തെ തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട ചില കേസുകൾ കൈകാര്യം ചെയ്തത് മേനോനാണ്. മില്ലിൽ സമരം തുടങ്ങിയത് പുറത്തുനിന്നുള്ള യൂണിയൻ ഇടപെടലുകളെ തുടർന്നല്ല. സഹികെട്ട് അവർ സ്വയം സമരത്തിനിറങ്ങുകയായിരുന്നു. സമരം തുടങ്ങിയശേഷമാണ് അവർ തൃശൂരിലെത്തി യൂണിയൻ നേതാക്കളുടെ സഹായമഭ്യർഥിച്ചത്. ഇതേ തുടർന്ന് കെ.കെ.വാര്യരുടെ നേതൃത്വത്തിൽ മില്ലിലെത്തി തൊഴിലാളികളെ സംഘടിപ്പിച്ചത് അച്യുതമേനോനും കൂടി ഉൾപ്പെട്ട സംഘമാണ്. സമരത്തിന്റെ  നേതൃത്വം ലേബർ ബ്രദർഹുഡ് ഏറ്റെടുത്തു. ഒരാഴ്ചകൊണ്ട് സമരം തീർന്നത് ദിവസക്കൂലിയിൽ അരയണയുടെ വർധന നേടിക്കൊണ്ടാണ്. ഈ സംഭവത്തിനുശേഷം തൃശൂരിൽ വ്യാപകമായി ട്രേഡ് യൂണിയൻ പ്രസ്ഥാനം ശക്തിപ്പെടാൻ തുടങ്ങി. അതിലെല്ലാം അച്യുതമേനോനും കെ.കെ.വാര്യർ, ജോർജ് ചടയംമുറി, പി.എസ്. നമ്പൂതിരി, പി.എ.സോളമൻ തുടങ്ങിയവരോടൊപ്പം പങ്കുവഹിച്ചു.

മലബാറിലെ കർഷകപ്രസ്ഥാനത്തിന്റെ ധീരോദാത്തമായ പ്രവർത്തനങ്ങളിൽനിന്ന് ആവേശമുൾക്കൊണ്ടാണ് കൊച്ചിയിൽ കർഷകപ്രസ്ഥാനം പിറവികൊണ്ടത്. എല്ലാ രാഷ്ട്രീയാഭിപ്രായക്കാരും ഉൾക്കൊണ്ട ഒരു കർഷകപ്രസ്ഥാനമാണ് കൊച്ചിയിൽ ആദ്യം രൂപീകൃതമായത്. കെ.കെ.വാര്യർ, വി.ആർ.കൃഷ്ണനെഴുത്തച്ഛൻ, സി.അച്യുതമേനോൻ എന്നിവരുടെ നേതൃത്വത്തിൽ കൊച്ചി കർഷകസഭ. ഗാന്ധിയൻ കോൺഗ്രസ്സുകാരനായ എഴുത്തച്ഛൻ പ്രസിഡണ്ട്, മാർക്സിസ്റ്റാവാൻ പോകുന്ന ഇടതുപക്ഷ കോൺഗ്രസ്സുകാരനായ  അച്യുതമേനോൻ സെക്രട്ടറി. കൊച്ചി കർഷകസഭയുടെ ശ്രദ്ധേയമായ പരിപാടി കൊച്ചിയിലേക്ക് നടന്ന ജാഥയാണ്. ദിവാൻ ഷൺമുഖം ഷെട്ടി തയ്യാറാക്കിയ പാട്ടക്കുടിയാൻ ബില്ലിൽ കർഷകർക്കനുകൂലമായ ഭേദഗതികൾ വേണമെന്നാവശ്യപ്പെട്ട് അച്യുതമേനോന്റെ നേതൃത്വത്തിലാണ് ജാഥ നടന്നത്. തിരുവില്വാമലയിൽനിന്നാരംഭിച്ച്  എറണാകുളംവരെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് നടത്തിയ ജാഥ. അമ്പത് സ്ഥിരാംഗങ്ങൾ. ഈ ജാഥ വൻ വിജയമായെങ്കിലും മലബാറിലേതുപോലെ കർഷകസംഘടനയെ ഇടതുപക്ഷവൽക്കരിക്കാൻ സാധിച്ചില്ല. കൊച്ചിൻ കർഷകസഭയുടെ നേതൃത്വത്തിൽ പ്രാദേശികമായി ചില സമരങ്ങൾ നടത്താൻ സാധിച്ചു. കർഷകരുടെ ഇടയിൽ വലിയ ഉണർവുണ്ടാക്കാനുമായി. എന്നാൽ നേതൃത്വത്തിലെ വലതുപക്ഷ സ്വാധീനം അവസാനിക്കാൻ ഇന്ത്യ റിപ്പബ്ലിക്കാകുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.

തിരുവിതാംകൂറിൽ അവർണർക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് വിളമ്പരം പുറപ്പെടുവിച്ച് രണ്ടുകൊല്ലം കഴിഞ്ഞിട്ടും കൊച്ചിയിൽ ക്ഷേത്രപ്രവേശനം അനുവദിക്കാത്തത് ഉല്പതിഷ്ണുക്കളിൽ വലിയ പ്രതിഷേധമുളവാക്കി. എന്നാൽ മലബാറിലെയോ തിരുവിതാംകൂറിലെയോ അത്ര ജനകീയപിന്തുണ ആ ആവശ്യത്തിന് ലഭിക്കുന്നില്ലായിരുന്നു. അവർണർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പാപമാണെന്ന് അവർണവിഭാഗത്തിൽപ്പെട്ടവർപോലും കരുതുന്ന അജ്ഞതയുടെ കെട്ടകാലം. കേരള ഹരിജനസേവാസംഘം എന്ന സംഘടന രൂപീകരിച്ച് പ്രവർത്തിക്കുകയായിരുന്ന പ്രമുഖ ഗാന്ധിയൻ ജി.രാമചന്ദ്രൻ കൊച്ചിയിൽവന്ന് ഉല്പതിഷ്ണുക്കളായ രാഷ്ട്രീയപ്രവർത്തകരെ വിളിച്ചുകൂട്ടി ചർച്ചനടത്തി. ക്ഷേത്രപ്രവേശനത്തിന് സമരം നടത്തണമെന്നാണ് രാമചന്ദ്രൻ ആഹ്വാനംചെയ്തത്. ഇക്കണ്ട വാര്യർ അധ്യക്ഷനായി കൊച്ചീരാജ്യ ക്ഷേത്രപ്രവേശന കർമസമിതി എന്ന സംഘടന രൂപീകരിച്ചു. ജാഥയിൽ അണിചേരാൻ  അധികമാളുകൾ  സന്നദ്ധമായില്ല. വലിയ ശ്രമഫലമായാണ് ജാഥാംഗങ്ങളെ തീരുമാനിച്ചത്. അംഗീകാരമുള്ള   നേതാക്കൾ‐ വിദ്യാസമ്പന്നർ‐ ജാഥ നയിക്കാൻ വേണം. അച്യുതമേനോനാണ് അതിന് തയ്യാറായത്. ചെറുതുരുത്തി മുതൽ എറണാകുളം വരെ എല്ലാ പ്രദേശത്തും ക്ഷേത്രങ്ങൾക്കടുത്തുകൂടി സഞ്ചരിച്ച് ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കാൻ ജാഥക്ക് സാധിച്ചു.  കർഷകജാഥക്ക് പുറമെ ക്ഷേത്രപ്രവേശനജാഥയും‐ ഇതോടെ അച്യുതമേനോൻ കൊച്ചിരാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയവ്യക്തിത്വമാവുകയായിരുന്നു.

രണ്ടാം ലോകയുദ്ധം തുടങ്ങിയതോടെ ഇന്ത്യ ബ്രിട്ടനൊപ്പം യുദ്ധത്തിൽ ചേർന്നതായി വൈസ്രോയി പ്രഖ്യാപിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇടതുപക്ഷം നാടെങ്ങും പ്രകടനവും റാലികളും സംഘടിപ്പിച്ചു. തൃശൂരിൽനടന്ന പ്രകടനത്തിന്റെ പ്രധാന നേതൃത്വം അച്യുതമേനോനായിരുന്നു റാലിയിലെ മുഖ്യ പ്രസംഗകനും. ഇതേ തുടർന്ന് അച്യുതമേനോനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റുചെയ്തു. 1941 സെപ്റ്റംബറിലാണ് അറസ്റ്റിലായത്. രാജ്യദ്രോഹക്കുറ്റം ചെയ്തതിന് ഒരു വർഷത്തെ തടവുശിക്ഷ. പി.നാരായണൻനായരടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ അന്ന് വിയ്യൂർ ജയിലിലുണ്ട്. അച്യുതമേനോൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിക്കഴിഞ്ഞിട്ടില്ല. എന്നാൽ കമ്മ്യൂണിസ്റ്റായിരുന്നുതാനും. വിയ്യൂർ ജയിലിൽ അച്യുതമേനോന് കാണാൻ കഴിഞ്ഞത് ഏറ്റവും മനുഷ്യത്വരഹിതമായ പെരുമാറ്റമാണ്. അന്ന് രാഷ്ട്രീയ തടവുകാർ എന്ന ഒരു ഗണമേയുണ്ടായിരുന്നില്ല. എല്ലാ ക്രിമനിൽ തടവുകാരെയുംപോലുള്ള പരിഗണനയാണ് സ്വാതന്ത്ര്യസമരസേനാനികൾക്കും ഉണ്ടായിരുന്നത്.  എന്തെങ്കിലും രോഗമോ പ്രശ്നമോ ഉണ്ടോ എന്നറിയാൻ ആഴ്ചയിലൊരിക്കൽ ഡോക്ടറും ജയിൽ ഉദ്യോഗസ്ഥനും സെല്ലുകൾക്ക് മുമ്പിലൂടെ നടക്കും. അപ്പോൾ തടവുകാർ ഉടുത്തിട്ടുള്ള കൗപീനവും അഴിച്ചിടണം. കോണോ ഫയൽ എന്ന പേരിൽ അറിയപ്പെട്ട ഈ തെമ്മാടിത്തത്തിനെതിരെ അച്യുതമേനോൻ പ്രതികരിച്ചു. തന്റെ സെല്ലിന് മുമ്പിലെത്തിയപ്പോൾ കൗപീനം അഴിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. ജയിൽ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്പോൾ സാധ്യമല്ലെന്ന്‌ അദ്ദേഹം ഗർജിച്ചു. ഡോക്ടറെയും ജയിലധികൃതരെയും അമ്പരപ്പിച്ച ഗർജനം.. അത് ഫലിച്ചു‐ കൗപീനമൂരിച്ചുള്ള പരിശോധന അന്നോടെ നിലച്ചു.

വിയ്യൂർ ജയിലിൽ അച്ചടക്കലംഘനത്തിന് മറ്റൊരു ശിക്ഷ മുക്കാലിയിൽ കെട്ടി അടിക്കലാണ്. അച്യുതമേനോന്റെ ഇടപെടലിനെ തുടർന്ന് ആ ശിക്ഷാമുറ ജയിലധികൃതർക്ക് നിരുപാധികം നിർത്തലാക്കേണ്ടിവന്നതിനെക്കുറിച്ച് പി.നാരായണൻനായർ അരനൂറ്റാണ്ടിലൂടെ എന്ന ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. അച്യുതമേനോനും ജയിൽസ്മരണകളിൽ അക്കാര്യം അനുസ്മരിക്കുന്നുണ്ട്. ‘‘മരം കൊണ്ടുള്ള മുക്കാലിയിൽ കുറ്റംചെയ്ത തടവുകാരനെ അരയ്ക്കുചുറ്റും ലോഷനിൽ മുക്കിയ ഒരു തുണിമാത്രം ചുറ്റി നഗ്നനായി കമിഴ്ത്തിക്കിടത്തി ശരീരവും കയ്യും കാലുമെല്ലാം മുക്കാലിയോടുചേർത്തു തോൽ ബെൽറ്റിട്ടു മുറുക്കിയശേഷം ഒരു വാർഡൻ ഒരു വലിയ ചൂരൽവടിയെടുത്തുവീശി സർവശക്തിയുമുപയോഗിച്ച് ചന്തിയിൽ ആഞ്ഞടിക്കുകയാണ് ഈ ശിക്ഷയുടെ സമ്പ്രദായം.ഇങ്ങനെ അടിക്കുന്നതിന് വാർഡന്മാർക്ക് പ്രത്യേകം പരിശീലനം നൽകിയിരുന്നു. അതിൽ ചിലർ വിദഗ്ധന്മാരായി അറിയപ്പെടുകകൂടി ചെയ്തിരുന്നു. ഇങ്ങനെ ശിക്ഷിച്ചത് മറ്റ് തടവുകാർക്ക് താക്കീതായിട്ടാണുപോലും. ഈ ശിക്ഷ കാണാൻ ജയിലിലെ മുഴുവൻ തടവുകാരേയും അവരുടെ ബ്ലോക്കുകളുടെ ഉമ്മറത്ത്  അണിനിരത്തിനിർത്തുമായിരുന്നു. ശിക്ഷ സാധാരണ വൈകുന്നേരത്തെ ഭക്ഷണത്തിന് ശേഷമായിരുന്നതിനാൽ എല്ലാ തടവുകാരെയും ഒരുമിച്ച് കാണിക്കുവാൻ സൗകര്യമുണ്ടായിരുന്നു. ഇത്തരം ശിക്ഷാമുറകളിൽ തടവുകാർക്കാകമാനം അമർഷമുണ്ടായിരുന്നു. അത് നിർത്തണമെന്ന്‌ അവർ ആഗ്രഹിച്ചു. ഒരിക്കൽ മാത്രമേ ഞാൻ ഈ ശിക്ഷ എന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടിട്ടുള്ളൂ. എന്റെ ബ്ലോക്കിന്റെ ഉമ്മറത്ത് മറ്റു തടവുകാരോടൊപ്പം ഞാൻ നിൽക്കുകയായിരുന്നു. ഈ ശിക്ഷ കണ്ടപ്പോൾ സഹിക്കവയ്യാതെ ഞാൻ മുക്കാലിയുടെ അടുത്തേക്ക് ഓടിച്ചെന്ന് ഉദ്യോഗസ്ഥന്മാരോട് അടി നിർത്തണമെന്നു പറഞ്ഞ് തടസ്സപ്പെടുത്താൻ ശ്രമിച്ചു. അതവർ സമ്മതിച്ചില്ലെന്ന് പറയേണ്ടതില്ലല്ലോ. വാക്കുതർക്കത്തിനിടയിൽ ശിക്ഷയും കഴിഞ്ഞു. പിന്നീട് മുക്കാലിയിൽ കെട്ടി അടിക്കുന്ന ശിക്ഷ വിയ്യൂർ ജയിലിൽ നടന്നിട്ടില്ല.’’  ഇങ്ങനെയാണ് അച്യുതമേനോൻ അനുസ്മരിച്ചിട്ടുള്ളത്.

തടവുകാരോട് മനുഷ്യത്വപരമായി പെരുമാറണമെന്നാവശ്യപ്പെട്ട് ജയിലിനകത്ത് പലവണ സമരം നടക്കുകയുണ്ടായി. പി.നാരായണൻനായർ, കെ.കെ.വാര്യർ എന്നിവർക്കൊപ്പം അതിലെല്ലാം അച്യുതമേനോനും  പങ്കളിയായി, നേതൃത്വം നൽകി. വായിക്കാൻ പത്രവും പുസ്തകങ്ങളും എഴുതാൻ കടലാസുമെല്ലാം കിട്ടിയത് സമരത്തിലൂടെ. ഒരു വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ അച്യുതമേനോൻ ഏതാനും ആഴ്ചകൾക്കകം വീണ്ടും അറസ്റ്റിലായി. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റും തടവും. വീണ്ടും ഒരുവർഷം വിയ്യൂർ ജയിലിൽ. അത്തവണത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തുവന്നശേഷമാണ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയരുന്നതും മുഴവൻസമയ പ്രവർത്തകനാകുന്നതും.  ജയിൽമോചിതനായി അച്യുതമേനോൻ എത്തുമ്പോഴേക്കും തൃശൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം ശക്തമായിക്കഴിഞ്ഞിരുന്നു. പൊന്നാനി താലൂക്കിൽ പാർട്ടി കെട്ടിപ്പടുക്കാൻ ത്യാഗപൂർവം പ്രവർത്തിച്ച കൊങ്ങശ്ശേരി കൃഷ്ണനെപ്പറ്റി വള്ളുവനാടൻ കാര്യങ്ങൾ പറയുന്ന അധ്യായങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. കൊങ്ങാശ്ശേരി കൃഷ്ണനാണ് കെ.കെ.വാര്യർ ജയിലിലായശേഷം തൃശൂരിൽ പാർട്ടി കെട്ടിപ്പടുക്കാൻ ത്യാഗപൂർവം നേതൃത്വം നൽകിയത്.

കൊച്ചീരാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാലപ്രവർത്തനത്തെക്കുറിച്ച് അച്യുതമേനോൻ പിൽക്കാലത്ത് എഴുതിയ ഒരു ലേഖനത്തിലെ ഭാഗം ചുവടെ‐ ‘‘1943‐ൽ ഈ ലേഖകൻ ജയിലിൽനിന്ന് പുറത്തുവരുമ്പോൾ തൃശർ ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സ.കൊങ്ങാശ്ശേരി കൃഷ്ണൻ സെക്രട്ടറിയായിരുന്ന ഒരു മൂന്നംഗ സെൽ ആയിരുന്നു. അതിലെ മറ്റൊരംഗം സ.എം.എ.ജോർജായിരുന്നു. ഈ ലേഖകനെ സെല്ലിലെ മൂന്നാമത്തെ അംഗമായി എടുത്തു. സ.ചടയംമുറി അന്ന മലബാറിലെവിടെയോ ആയിരുന്നു പ്രവർത്തിച്ചത്. ബാക്കിയുള്ളവരെല്ലാം ജയിലിലും. ‐ ഈ സെല്ലിന് മാർഗനിർദേശം നൽകിക്കൊണ്ടിരുന്നത് സംസ്ഥാന കമ്മിറ്റിയുടെ സംഘാടകരായി കൂടക്കൂടെ ഇവിടെ വരാറുള്ള സഖാക്കൾ ഉണ്ണിരാജയും വി.പരമേശ്വരനുമായിരുന്നു.( ഇപ്പോൾ എറണാകുളത്ത് സി.ഐ.സി.സി. ബുക്സ്റ്റാൾ നടത്തുന്ന സമാധാനം പരമേശ്വരൻ) . പരമേശ്വരൻ വിദ്യാർഥിരംഗത്തെ പ്രവർത്തനത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ആളാണ്. ഉണ്ണിരാജ രഹസ്യപാർട്ടി സാഹിത്യത്തിന്റെയും പൊതുവിൽ സംഘടനയുടെയും.’’

1943 ആദ്യം ബോംബെയിൽ നടന്ന പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായാണ് ആദ്യത്തെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടന്നത്. ആ സമ്മേളനത്തെ തുടർന്ന് മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും പ്രത്യേകമായി പാർട്ടി കമ്മിറ്റികൾ വന്നു. കൊച്ചി മേഖലാ കമ്മിറ്റിയുടെ സെക്രട്ടറി കെ.കെ.വാര്യരായിരുന്നു. എന്നാൽ ദേശാഭിമാനിയുടെ പത്രാധിപസമിതിയിൽക്കൂടി പ്രവർത്തിക്കണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സാഹചര്യത്തിൽ സെക്രട്ടറിസ്ഥാനത്തുനിന്ന് കെ.കെ.വാര്യർ മാറി. പകരം സി.അച്യുതമേനോൻ സെക്രട്ടറിയായി. 1948‐ലെ രണ്ടാം കോൺഗ്രസ്സിൽ കൊച്ചിയിൽനിന്ന് അച്യുതമേനോന്റെ നേതൃത്വത്തിൽ എട്ട് പ്രതിനിധികളാണ് പങ്കെടുത്തത്. കൽക്കത്താ തീസിസിനെ തുടർന്ന് പാർട്ടി നിരോധിക്കപ്പെട്ടതോടെ അച്യുതമേനോനും ഒളിവിൽപോയി. കുറച്ചുകാലം പന്തളം കൊട്ടാരത്തിലായിരുന്നു ഒളിവുജീവിതം. അവിടെനിന്ന് വിവരം ചോർന്നെന്ന സംശയത്താൽ രക്ഷപ്പെട്ട് കൊരമ്പാല എന്ന സ്ഥലത്തേക്ക് മാറി. ഒരു അലക്കുകാരകുടുംബത്തിന്റെ കൊച്ചു കുടിലിലായിരുന്നു താമസം. പല ദിവസങ്ങളിലും കപ്പയും കാപ്പിയും മാത്രമാണ് ഭക്ഷണം. 1948 ആഗസ്റ്റ്‌ 19‐ന് സഖാവ് കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചത് പാർട്ടിക്കാകെ ആഘാതമായി. പാർട്ടിക്ക് കൂട്ടായ നേതൃത്വത്തെ സംഘടിപ്പിക്കാൻപോലും ഒളിവുകാലത്ത് പ്രയാസപ്പെട്ടു. ഇ.എം.എസും അച്യുതമേനോനും എൻ.സി.ശേഖറും ചേർന്നാണ് പാർട്ടി സംസ്ഥാനനേതൃത്വമായി പ്രവർത്തിച്ചത്. പോലീസിനെ കബളിപ്പിച്ച്‌ ഒളിവിൽ പ്രവർത്തിക്കുന്നതിനായി ഒരു ഘട്ടത്തിൽ ഷെൽറ്റർ നാഗർകോവിലിലേക്ക് മാറ്റേണ്ടിവന്നു. അച്യുതമേനോന് പുറമെ കെ.സി.ജോർജ്, ബാലറാം, കെ.വി.പത്രോസ് എന്നിവരും നാഗർകോവിലിലെ ഷെൽറ്ററിൽ മാസങ്ങളോളം താമസിച്ചു.

സാഹിത്യകാരനാകണമെന്ന ആഗ്രഹം അച്യുതമേനോന് ചെറുപ്പംതൊട്ടേയുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അടുക്കളക്കാരിയുടെ അഭിമാനം എന്ന പേരിലുള്ള കഥയെഴുതിക്കൊണ്ടാണ് തുടക്കം. സേവനത്തിന്റെ പേരിൽ എന്ന നാടകവും മാതൃഭൂമിയിൽ പ്രസിദ്ധപ്പെടുത്തി. 1937‐ലായിരുന്നു അത്. ബാലപ്രണയം, ജൂനിയർ വക്കീൽ തുടങ്ങിയ കഥകളും പ്രസിദ്ധപ്പെടുത്തി. എന്നാൽ പൊറ്റെക്കാട്, ബഷീർ, തകഴി, കേശവദേവ് എന്നിവരടക്കമുള്ള അക്കാലത്തെ കഥാകൃത്തുക്കളോടൊപ്പമെത്താൻ കഴിയുകയില്ലെന്ന തിരിച്ചറിവിൽ കഥയുടെ വഴി ഉപേക്ഷിച്ചു. എന്നാൽ എഴുത്തിന്റെ വഴിയിൽ കൂടുതൽ മുന്നോട്ടുപോയി.

വിയ്യൂർ ജയിലിലെ രണ്ടുവർഷത്തെ ജീവിതം നിരവധി കൃതികൾ വായിക്കുന്നതിനും ചിലത് പരിഭാഷപ്പെടുത്തുന്നതിനും അവസരം നൽകി. എച്ച്.ജി.വെൽസിന്റെ ലോകചരിത്രസംഗ്രഹം, ഗോൾഡൻ ചൈൽഡിന്റെ മനുഷ്യൻ സ്വയംനിർമിക്കുന്നു തുടങ്ങിയ കൃതികളുടെ രചനത്തുടക്കം ജയിലറയിലായിരുന്നു.

ഒളിവിൽ കഴിയുന്നകാലത്ത് അച്യുതമേനോൻ രണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയുണ്ടായി. 1940 ആദ്യം തൃശൂർ മുനിസിപ്പൽ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു. എന്നാൽ ഒളിവിലായതിനാൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായില്ല. മൂന്നുമാസം യോഗത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ അദ്ദേഹത്തെ കൗൺസിലിൽനിന്ന് ഒഴിവാക്കി. കോൺഗ്രസ്സുകാരനായ ചെയർമാൻ പ്രമേയമവതരിപ്പിച്ച്‌ പുറത്താക്കുകയായിരുന്നു. പകരം നടന്ന ഉപതിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർഥിതന്നെ വിജയിച്ചു. 1945‐ൽ കൊച്ചി നിയമസഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി രണ്ട് സീറ്റിലാണ് മത്സരിച്ചത്. തൃശൂർ വടക്ക് അച്യുതമേനോനും കൊടുങ്ങല്ലൂരിൽ ഇ.ഗോപാലകൃഷ്ണമേനോനും. മറ്റ് സീറ്റുകളിൽ പ്രജാമണ്ഡലത്തിനോ എസ്.എൻ.ഡി.പി.ക്കോ പിന്തുണ നൽകുകയായിരുന്നു. മത്സരിച്ച് രണ്ട് സീറ്റിലും വലിയ പരാജയമാണുണ്ടായത്. 1948‐ൽ നിരോധനം ഏർപ്പെടുത്തുന്നതിന് തൊട്ടുമുമ്പാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തിരുവിതാംകൂറിൽ പാർട്ടി മത്സരിച്ചെങ്കിലും കൊച്ചിയിൽ വിട്ടുനിൽക്കുയായിരുന്നു. പിന്നീട് 1951‐ൽ നിരോധനം പിൻവലിക്കപ്പെട്ടപ്പോൾ ഒളിവിൽനിന്ന് പുറത്തുവന്ന അച്യുതമേനോൻ തിരു‐കൊച്ചി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു.

കൊച്ചി സംസ്ഥാന പാർട്ടി സെക്രട്ടറിയും നിരോധനകാലത്ത് പാർട്ടി സംസ്ഥാനസെന്ററിന്റെ ഭാഗവുമായ അച്യുതമേനോൻ തിരു‐കൊച്ചി സംസ്ഥാന കമ്മിറ്റിയുടെയും ആദ്യ സെക്രട്ടറിയായിരുന്നു. ഐക്യകേരളം രൂപീകൃതമാകുന്ന ഘട്ടത്തിൽ പാലക്കാട് നടന്ന പാർട്ടിയുടെ നാലാം കോൺഗ്രസ്സിനുശേഷമാണ് സംസ്ഥാനസമ്മേളനം നടന്നത്. സംസ്ഥാനസമ്മേളനത്തിൽ സെക്രട്ടറിയായി അച്യുതമേനോനെ തിരഞ്ഞെടുത്തു. l

 

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 4 =

Most Popular