Thursday, November 21, 2024

ad

Homeരാജ്യങ്ങളിലൂടെക്യൂബൻ വിപ്ലവകാരി ഡോ. ഹോർഹെ ഗോൺസാലസ്‌ പെരസ്‌ അന്തരിച്ചു

ക്യൂബൻ വിപ്ലവകാരി ഡോ. ഹോർഹെ ഗോൺസാലസ്‌ പെരസ്‌ അന്തരിച്ചു

ആര്യ ജിനദേവൻ

വിപ്ലവപ്രവർത്തനം വൈവിധ്യം നിറഞ്ഞതാണ്‌. നിലവിലുള്ള ചൂഷണാധിഷ്‌ഠിത ഭരണകൂടത്തെ പരാജയപ്പെടുത്തി തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനം സ്ഥാപിക്കുന്നതുമുതൽ അത്തരത്തിൽ നേടിയെടുത്ത വിപ്ലവപരമായ മുന്നേറ്റത്തെ സാമ്രാജ്യത്വത്തിന്റെ ബഹുവിധമായ വെല്ലുവിളികളെ അതിജീവിച്ച്‌ മുന്നോട്ടു കൊണ്ടുപോകുന്നതടക്കം അതിലുൾപ്പെടുന്നു. അത്തരത്തിൽ ക്യൂബൻ വിപ്ലവത്തിന്റെ മുന്നോട്ടുപോക്കിൽ അത്യന്താപേക്ഷിതവും ത്യാഗനിർഭരവുമായ ഒട്ടേറെ കടമകൾ നിർവഹിച്ച വ്യക്തിയായിരുന്നു ഡോ. ഹോർഹെ ഗോൺസാലസ്‌ പെരസ്‌. ലീഗൽ മെഡിസിനിൽ പ്രത്യേകമായും ക്യൂബയുടെ ആരോഗ്യരംഗത്ത്‌ പൊതുവിലും അതിലെല്ലാമുപരി വിപ്ലവ ഗവൺമെന്റ്‌ തന്നെ ഏൽപിച്ച സവിശേഷമായൊരു ചുമതല ഐതിഹാസികമായി വിജയത്തിലെത്തിച്ചും ക്യുബയുടെ മുന്നോട്ടുപോക്കിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ ഡോക്ടർ 2024 നവംബർ 12ന്‌ ലോകത്തോട്‌ വിടപറഞ്ഞു.

1952 ഏപ്രിൽ 23ന്‌ മതാൻസാസ്‌ പ്രവിശ്യയിലെ ഹോവെല്ലനോസിൽ ജനിച്ച ഹോർഹെ ഗോൺസാലസ്‌, എല്ലാവരുടെയും ‘പോപ്പി’, 1975ൽ ഹവാനയിലെ യൂണിവേഴ്‌സിറ്റിയിൽ മെഡിസിൻ പഠനത്തിന്‌ ചേർന്നു. അക്കാലത്ത്‌ ക്യൂബൻ വിപ്ലവപ്രക്രിയയുടെ മുന്നോട്ടുപോക്കിന്റെ സവിശേഷ സാഹചര്യത്തിൽ കഴിവുറ്റ ഡോക്ടർമാർ അനിവാര്യമായിരുന്നതിനാലാണ്‌ അദ്ദേഹം വൈദ്യപഠനത്തിനു ചേർന്നത്‌. പിന്നീട്‌ പിഠനം കഴിഞ്ഞ്‌ സർവകലാശാല പ്രൊഫസർ ആയി സേവനമനുഷ്‌ഠിക്കവെ ഇതേ ആവശ്യകതകൊണ്ടുതന്നെ അദ്ദേഹം ലീഗൽ മെഡിസിനിൽ ഉപരിപഠനം നടത്തുവാൻ തീരുമാനിച്ചു; 1970കളുടെ അവസാനത്തിൽ ബെർലിനിലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലീഗൽ മെഡിസിനിൽ ചേർന്നു. പഠനം പൂർത്തിയാക്കിയ ഹോർഹെ പിന്നീട്‌ സ്വന്തം രാജ്യത്തെ മെഡിക്കൽ രംഗത്ത്‌ ഒട്ടേറെ സുപ്രധാന പദവികൾ വഹിക്കുകയും ക്യൂബയിലെ വൈദ്യശാസ്‌ത്രരംഗത്തിന്‌ ഒട്ടനവധി സംഭാവനകൾ നൽകുകയും ചെയ്‌തു; ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ ഫോറൻസിക്‌ ടോക്‌സിക്കോളജിയുടെ തലവനും ഹവാനയിലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫോറൻസിക്‌ മെഡിസിന്റെ ഡയറക്ടറുമായി, ക്യൂബൻ ഡോക്ടർമാരുടെ മികച്ച പരിശീലകനായും സ്വന്തമായി ഇറക്കിയ ശാസ്‌ത്രീയ പ്രസിദ്ധീകരണങ്ങൾ വഴിയും അദ്ദേഹം രാജ്യത്തെ അക്കാദമിക്‌ രംഗത്തെ പ്രധാനിയായി മാറി. ഇത്‌ അദ്ദേഹത്തെ ഹവാനയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ മെഡിക്കൽ സയൻസസിന്റെ റെക്ടറാക്കി മാറ്റി.

ഇതെല്ലാമാണെങ്കിലും, ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ, വിപ്ലവ ഗവൺമെന്റ്‌ തന്നെ ഏൽപിച്ച സവിശേഷമായൊരു ചുമതല സാഹസികമായും ത്യാഗനിർഭരമായും നിറവേറ്റിയതാണ്‌ ഹോർഹെയെ ജനങ്ങളുടെ പ്രിയപ്പെട്ട ‘പോപ്പി’യാക്കി മാറ്റിയത്‌. ലോകജനതയുടെ വിപ്ലവ ഇതിഹാസമായ ധീരരക്തസാക്ഷി ചെ ഗുവേരയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുക്കുക എന്നതായിരുന്നു അത്‌. 1967 ഒക്ടോബർ 9ന്‌ ബൊളിവിയയിൽവെച്ച്‌ സാമ്രാജ്യത്വം നിഷ്‌കരുണം കൊലപ്പെടുത്തിയ ചെ ഗുവേരയുടെ ഭൗതികാവശിഷ്ടം കണ്ടെടുക്കുന്നതിനായി ഡോ. ഹോർഹെയെയും സംഘത്തെയും ചുമതലപ്പെടുത്തുന്നത്‌ 1995ലാണ്‌. അധികം വൈകാതെതന്നെ ഹോർഹെയും സംഘവും തങ്ങളുടെ ദൗത്യം പൂർത്തിയാക്കി. ചെയുടെ മാത്രമല്ല, അദ്ദേഹത്തിന്റെയൊപ്പം ബൊളീവിയൻ കാടുകളിൽ രക്തസാക്ഷികളാക്കപ്പെട്ട മറ്റ്‌ ക്യൂബൻ പോരാളികളുടെയും ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുത്തു.

‘ചെ’യ്‌ക്കുവേണ്ടിയുള്ള തിരച്ചിൽ അത്യന്തം പ്രയാസകരമായ ഒന്നായിരുന്നു. പക്ഷേ ഹോർഹെയുടെ ദൃഢനിശ്ചയവും നിർബന്ധബുദ്ധിയും അത്യന്തം വലിയൊരു ഘടകമായി. ‘ചെ’യുടെ ഭൗതികാവശിഷ്ടവും കൊണ്ടേമടങ്ങൂ എന്ന അദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും ഉറച്ച തീരുമാനത്തിന്റെ കൂടി ഫലമായിരുന്നു 30 വർഷത്തിലേറെയായി ക്യൂബ ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യം സാധ്യമാക്കാനായത്‌. ഇന്ന്‌ ഹവാനയുടെ കേന്ദ്രഭാഗത്ത്‌ ‘ചെ’ അന്തിയുറങ്ങുന്ന ആ സ്‌മാരകം ക്യൂബൻ ജനതയുടെയും ക്യൂബ സന്ദർശിക്കുന്നവരുടെയും ആവേശമാണ്‌.

പിന്നീട്‌, 1998 മുതൽ 2018 വരെ ക്യൂബൻ നാഷണൽ അസംബ്ലിയിൽ ഡെപ്യൂട്ടിയായി. പിന്നീട്‌ തിരഞ്ഞെടുകകപ്പെട്ട ‘പോപ്പി’ ക്യൂബൻ വിപ്ലവത്തിന്റെ അതിജീവനപോരാളിയായാണ്‌ ആ രാജ്യത്തെ ജനങ്ങൾ കണ്ടത്‌. ലെജിസ്ലേറ്റീവിന്റെ ഹെൽത്ത്‌ ആന്റ്‌ സ്‌പോർട്ട്‌സ്‌ കമീഷൻ പ്രസിഡന്റായും ബൊളീവിയയുമായുള്ള പാർലമെന്ററി ഫ്രണ്ട്‌ഷിപ്പ്‌ ഗ്രൂപ്പ്‌ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. ഇതെല്ലാംകൊണ്ടുതന്നെയാണ്‌ ഹോർഹെയുടെ മരണാനന്തരം ക്യൂബൻ പ്രസിഡന്റ്‌ മിഗ്വൽ ഡയസ്‌കാനൽ പ്രവർത്തനത്തിന്റെ നായകനായി വിശേഷിപ്പിച്ചത്‌; അദ്ദേഹത്തിന്റെ വേർപാടിനെ അത്യന്തം വേദനാജനകമായതെന്ന്‌ അടയാളപ്പെടുത്തിയത്‌. പ്രിയപ്പെട്ട പോപ്പി… വിട… l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + 8 =

Most Popular