Friday, December 13, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്കാർഷിക മേഖലയുടെ കോർപ്പറേറ്റുവൽക്കരണം - 2

കാർഷിക മേഖലയുടെ കോർപ്പറേറ്റുവൽക്കരണം – 2

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 64

അന്താരാഷ്ട്ര മൂലധനവും ഇന്ത്യൻ കർഷകരും

ബംഗാളി ഭാഷയിൽ നീൽ ബിദ്രോഹ എന്ന് പറഞ്ഞാൽ നീല വിപ്ലവം എന്നാണ് അർഥം. നീലം തോട്ട ഉടമകൾക്കെതിരെ 1859 ൽ ബംഗാളി കർഷകർ നടത്തിയ പ്രക്ഷോഭത്തെയാണ് ഇത് പരാമർശിക്കുന്നത്. ഈ കർഷകപ്രക്ഷോഭം ഏതാണ്ട് ഒരു വർഷക്കാലം നീണ്ടു നിന്നു. സാധാരണക്കാരായ കർഷകർ അണിനിരന്ന നിരവധി ഗ്രൂപ്പുകൾ പങ്കാളികളായ ഈ പ്രക്ഷോഭത്തിൽ ഗ്രാമ മുഖ്യന്മാരടക്കം പങ്കെടുത്തു. കർഷകരെ ഈ സമരമുഖത്തിലേക്കെത്തിക്കുവാൻ തോട്ടങ്ങളിലെ പഴയ തൊഴിലാളികളടക്കം യത്നിച്ചു. എല്ലാ അർത്ഥത്തിലും കർഷകതൊഴിലാളി കൂട്ടായ്മ. യൂറോപ്യൻ തോട്ടമുടകളുടെ താല്പര്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആയിരക്കണക്കിന് കർഷകർ അങ്ങിനെ ഈ പ്രസ്ഥാനത്തിൽ ഭാഗഭാക്കായി. ഇന്ത്യയിലെ കർഷക മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട ഒന്നായിമാറി നീൽ ബിദ്രോഹ.

യൂറോപ്യൻ തോട്ടമുടമകളുടെ കൃഷിയിടങ്ങളിൽ നീലം കൃഷി ചെയ്യില്ല എന്ന ഉറച്ച തീരുമാനം കർഷകരെടുത്തു. 1859ൽ നാദിയ ജില്ലയിലാരംഭിച്ച പ്രക്ഷോഭം ബംഗാളിലെ മറ്റു ജില്ലകളിലേക്കും 1860കളോടെ വ്യാപിച്ചു. കർഷകർക്കെതിരെ കടുത്ത ആക്രമണങ്ങൾ പലയിടത്തുമുണ്ടായി. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ എന്ന പേരിൽ 1860ൽ ഇൻഡിഗോ കമ്മീഷൻ സ്ഥാപിതമായതോടെയാണ് സമരം അവസാനിക്കുന്നത്. കൊളോണിയലിസം എല്ലാ അർത്ഥത്തിലും അതിന്റെ വേരുകൾ ആഴ്ത്തിപ്പടർന്നു തുടങ്ങിയ ആ നാളുകളിൽ പക്ഷേ കടുത്ത ചൂഷണത്തിന് കർഷകരെ ഇരയാക്കുന്ന നയസമീപനങ്ങളാണ് കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായത്. ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരമായി കരുതപ്പെടുന്ന ശിപായി ലഹളയ്ക്കും മുൻപേ സാമൂഹിക മാനങ്ങൾ വെച്ചു നോക്കുകയാണെങ്കിൽ അതിനേക്കാളും ആഴത്തിലും പരപ്പിലും പടർന്ന ഒന്നായിരുന്നു നീലം കർഷകരുടെ ഈ പ്രക്ഷോഭം. പിൽക്കാലത്ത് ചമ്പാരനിൽ നീലം കർഷകരുടെ സമരത്തിന് ഗാന്ധിജിക്ക് പ്രചോദനമായതും ബംഗാളിലെ കർഷകർ നടത്തിയ ഈ സമരമായിരുന്നു.

ബ്രിട്ടീഷ് മൂലധനതാല്പര്യങ്ങൾക്ക് കർഷകരെ ഇരയാക്കുക എന്ന ഒരേയൊരു ലക്ഷ്യമായിരുന്നു നിർബന്ധിത നീലം കൃഷിക്ക് പിന്നിൽ. കൊളോണിയൽ കാലഘട്ടത്തിൽ അധിനിവേശ പ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ട തോട്ടങ്ങൾക്കെല്ലാം തന്നെ സമാന സ്വഭാവമുണ്ടായിരുന്നുവെന്ന് കാണാം. കർഷകരുടെ ദീർഘകാല താല്പര്യങ്ങളോ അതാത് രാജ്യങ്ങളുടെ സാമൂഹികമോ സാമ്പത്തികമോ ആയ ആവശ്യങ്ങളോ ഒന്നുമായിരുന്നില്ല ഈ തോട്ടങ്ങളുടെ സ്ഥാപനത്തിന് വഴിതെളിച്ചത്. ഉഷ്ണമേഖലാപ്രദേശങ്ങളിലെ കൃഷിക്കനുയോജ്യമായ മണ്ണിനെയും അവിടത്തെ മനുഷ്യനെയും സാമ്രാജ്യത്വ മൂലധനത്തിന്റെ ചൂഷണത്തിന് ഇരയാക്കുക എന്നത് മാത്രമായിരുന്നു ഈ തോട്ടം കൃഷിക്ക് പിന്നിൽ. ആ സ്വഭാവം വെച്ചുനോക്കുകയാണെങ്കിൽ ഇന്ന് നടപ്പിലായിവരുന്ന കരാർകൃഷിക്ക് തീർത്തും സമാനമായ ഒന്നായിരുന്നു ഈ നിർബന്ധിത തോട്ടം കൃഷികൾ എന്ന് കാണാൻ ബുദ്ധിമുട്ടില്ല. അധികാര പ്രയോഗത്തിന്റെ പ്രകടസ്വഭാവം ഒന്ന് മാത്രമായിരിക്കും ഇത് രണ്ടിനെയും വേർതിരിച്ചു നിർത്തുക.

ഈ കൊളോണിയൽ അനുഭവങ്ങളെയൊക്കെ മുൻനിർത്തിയാവണം സ്വാതന്ത്ര്യാനന്തര ഇന്ത്യ കാർഷികമേഖലയെ പൊതുവെ സംരക്ഷിക്കാനും കർഷകർക്ക് അനുകൂലമായ നയസമീപനങ്ങൾ പൊതുവെ കൈക്കൊള്ളാനും ആദ്യ ദശകങ്ങളിലെങ്കിലും തയാറായത്. കുറഞ്ഞ നിരക്കിൽ വളവും വിത്തും നൽകുക, കാർഷികോത്പന്നങ്ങളുടെ സംഭരണത്തിൽ സർക്കാർ നേരിട്ട് ഇടപെടുക തുടങ്ങിയ സമീപനങ്ങൾ ഇങ്ങിനെ ആവിഷ്കൃതമായതാണ്. എന്നാൽ 1990കൾക്കുശേഷം നിയോ ലിബറൽ നയങ്ങളുടെ കടന്നുവരവോടെ കാര്യങ്ങൾ പാടേ മാറി. ആഗോളവൽക്കരണത്തെ ആശ്ലേഷിച്ച സർക്കാരുകൾ ഇന്ത്യൻ കർഷകന്റെ താല്പര്യങ്ങളെക്കാൾ അന്താരാഷ്ട്ര മൂലധനത്തിന്റെ താല്പര്യങ്ങൾക്ക് വ്യക്തമായ മുൻതൂക്കം നൽകി. പഴയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇടപെടലുകൾക്കു ശേഷം ഇന്ത്യൻ കാർഷികരംഗം വീണ്ടും കോർപറേറ്റുകളുടെ നിയന്ത്രണത്തിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായി. ഈ കാലഘട്ടത്തിൽ നടപ്പിലായ കരാർകൃഷിയെ (Contract farming) ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. എന്നു മാത്രമല്ല ഇന്ത്യൻ കാർഷികമേഖലയുടെ പുതിയ പ്രതീക്ഷയായി, ആധുനികവൽക്കരണത്തിലേക്കും യന്ത്രവൽക്കരണത്തിലേക്കുമുള്ള പാതകളായി ഈ പുതിയ സമീപനങ്ങളെ മുഖ്യധാരാ മാധ്യമങ്ങളടക്കം വാഴ്ത്തുവാനും തുടങ്ങി. കേന്ദ്ര ഗവൺമെന്റിന്റെ പുതിയ കാർഷിക നയത്തിൽ ഇതിനെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്. ‘‘കരാർ കൃഷിയിലൂടെയും ഭൂമി പാട്ടത്തിനു നൽകുന്ന രീതികളിലൂടെയും സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇന്ത്യൻ കാർഷികമേഖലയിൽ ഉറപ്പുവരുത്തണം. അതുവഴി സാങ്കേതികവിദ്യകളുടെ കടന്നുവരവും, മൂലധനത്തിന്റെ ഒഴുക്കും, പുതിയ കമ്പോളങ്ങളും ഉറപ്പുവരുത്താനാകും. പ്രത്യേകിച്ച് എണ്ണക്കുരു, പരുത്തി, ഹോർട്ടികോർപ്പ് തുടങ്ങിയവയുടെ കാര്യത്തിൽ ഇത് പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.” ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ കാർഷികനയങ്ങൾ നടപ്പിലാക്കാൻ മോദി ഗവൺമെന്റ്‌ സമീപകാലത്ത് തയ്യാറായത്. ഇതിനെ പിൻപറ്റി നിരവധി സംസ്ഥാന സർക്കാരുകളും കരാർകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ ആവിഷ്കരിച്ചു. കരാർകൃഷിക്ക് തയ്യാറാകുന്ന കമ്പനികൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുകയും അവരുടെ താല്പര്യാർത്ഥമുള്ള നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുക, ഭൂപരിധി നിയമങ്ങൾ എടുത്തുകളയുക, സബ്‌സിഡികളും ടാക്സ് ഇളവുകളും ഇല്ലാതാക്കുക തുടങ്ങിയ സമീപനങ്ങളിലേക്ക് സർക്കാരുകൾ എത്തിപ്പെട്ടു.

ഇത്തരത്തിൽ നടപ്പിലാക്കപ്പെടുന്ന കരാർകൃഷിയുടെ ഇതഃപര്യന്തമുള്ള അനുഭവങ്ങളെന്താണ്? സാർവദേശീയ തലത്തിൽ നടപ്പിലാക്കപ്പെട്ട കരാർകൃഷി സമ്പ്രദായങ്ങൾ കർഷകർക്ക് നൽകിയ അനുഭവങ്ങളെന്താണ്? കരാർകൃഷിയുടെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് ഈ വിശകലനത്തിലേക്ക് വരാം. ഉല്പാദകരും, ഇവിടെ കർഷകർ, ഉല്പന്നങ്ങൾ വാങ്ങി വിൽക്കാൻ തയ്യാറായി നിൽക്കുന്നവരും തമ്മിലുണ്ടാകുന്ന കരാറാണ് ഇതിന്റെ അടിസ്ഥാനം. തന്റെ കൃഷിയിടത്തിൽ കാർഷികോല്പന്നങ്ങൾ വില്പന നടത്തുന്ന കമ്പനി പറയുന്ന വിള കൃഷി ചെയ്യുക. വിള പാകമാകുന്ന സമയത്ത് മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക് അത് കമ്പനിക്ക് കൈമാറുക. കൃഷിക്കാവശ്യമായ ചില സാങ്കേതികവിവരങ്ങളും നിർദേശങ്ങളും കമ്പനി കർഷകർക്ക് നൽകുക. ഇതാണ് കരാർ കൃഷിയുടെ പൊതു സ്വഭാവം. എന്നാൽ ഇതെല്ലം ഒരേ സ്വഭാവമുള്ളവയാകണമെന്നില്ല. ഇന്ത്യയിൽ പൊതുവിൽ നടന്നുവരുന്നത് കർഷകർ തന്റെ ഭൂമിയും അധ്വാനശക്തിയും കമ്പനിക്ക് നൽകുകയും ബാക്കിയെല്ലാം കമ്പനി നേരിട്ട് നടത്തുകയുമാണ്.

വിളയുടെ സ്വഭാവം, കാർഷികമായ ഇടപെടലിന്റെ ആവശ്യകത എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങളെ കരാർകൃഷിയുടെ നിബന്ധനകൾ ബാധിക്കും. കമ്പോളത്തെക്കുറിച്ചും അതിലുണ്ടാകുന്ന വ്യതിചലനങ്ങളെക്കുറിച്ചും നല്ല ധാരണയുള്ള വൻകിട കാർഷിക കമ്പനികൾ തങ്ങൾക്കനുകൂലമായി ഇതിലെ നിബന്ധനകൾ ആവിഷ്‌കരിക്കുക സ്വാഭാവികമാണ്‌. l
(തുടരും)

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − ten =

Most Popular