ആയിരക്കണക്കിന് കർഷകരാണ് പഞ്ചാബിലെ ജാങ്ങിൽ ഒക്ടോബർ 6നു നടന്ന കിസാൻ കോൺഫറൻസിൽ പങ്കെടുത്തത്. പാകിസ്ഥാൻ കിസാൻ റബ്‌ത കമ്മിറ്റിയും ഹഖൂഖ്‐ഇ‐ഘൽഖ് പാർട്ടിയും (HKP) ചേർന്നാണ് ഈ ജാങ്ങ് കിസാൻ കോൺഫറൻസ് സംഘടിപ്പിച്ചത്. പ്രദേശത്തെ കർഷകപ്രസ്ഥാനം ഉയർത്തുന്ന ഡിമാന്റുകളെ വിലയിരുത്തുകയും, രാജ്യത്തെ കർഷകർ നേരിടുന്ന പരിതാപകരമായ സാന്പത്തിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ആവശ്യമായ നടപടികളെടുക്കുവാൻ ഗവൺമെന്റിനോട് ആഹ്വാനം ചെയ്യുകയുമായിരുന്നു കോൺഫറൻസിന്റെ ഉദ്ദേശ്യം. ഐഎംഎഫിന്റെ തീട്ടൂരത്തിനു വഴങ്ങിക്കൊണ്ട് കോർപറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും സേവചെയ്യുന്ന ഗവൺമെന്റിനെതിരെ കർഷകരും അവരുടെ കുടുംബങ്ങളും ശബ്ദമുയർത്തി.
ഗവൺമെന്റിന്റെ മുതലാളിത്ത നയങ്ങൾമൂലം കാർഷികോപാധികൾ ഉയർന്ന വില കൊടുത്ത് വാങ്ങേണ്ടിവരുന്ന കർഷകർക്ക് കാർഷികവിളകൾക്ക് ന്യായമായ വിലപോലും തിരിച്ചു ലഭിക്കാത്ത സാഹചര്യം പഞ്ചാബിലെയും പാകിസ്താനിലാകെയും കാർഷികമേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കർഷകർ ഉയർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഡിമാന്റ്, കാർഷികോത്‌പന്നങ്ങൾക്ക് മിനിമം താങ്ങുവില നിശ്ചയിക്കുകയും ഈ ഉത്‌പന്നങ്ങളുടെ ഗവൺമെന്റ് സംഭരണം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ്. നിലവിൽ കൃഷിക്കാവശ്യമായ കാർഷികോപാധികളുടെ വില നിയന്ത്രിക്കാൻ മടികാണിക്കുന്ന സർക്കാർ കാർഷികോത്‌പന്നങ്ങൾക്ക് ശരിയായ വിലകൊടുത്ത് കർഷകരിൽനിന്ന് വാങ്ങുവാനും തയ്യാറാകുന്നില്ല. സ്വകാര്യ കുത്തകകൾക്ക് കമ്പോളത്തിൽ വിഹരിക്കാനുള്ള അവസരമൊരുക്കുന്നതിനുവേണ്ടിയാണ് സർക്കാർ ഇങ്ങനെ ചെയ്യുന്നത്. മിനിമം താങ്ങുവില നിശ്ചയിക്കാൻ സർക്കാർ തയ്യാറാകാത്തതും അതേസമയം വൈദ്യുതിയുടെയും മറ്റ് അവശ്യോപാധികളുടെയും വില വർധിപ്പിച്ചതും ഐഎംഎഫിന്റെ നിർദേശപ്രകാരമാണെന്നാണ് കർഷകരും പികെആർസിയും പറയുന്നത്.
മാത്രമല്ല, പാകിസ്താനിലെ ഗവൺമെന്റ് കർഷകർക്ക് നൽകിവന്നിരുന്ന വിവിധ സബ്‌സിഡികൾ വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. ഇത് ഭീമമായ വിലകൊടുത്ത്, അതായത് കാർഷികോത്‌പന്നങ്ങൾക്ക് തങ്ങൾക്കു ലഭിക്കുന്ന വിലയേക്കാൾ ഭീമമായ തുകകൊടുത്ത്, വൈദ്യുതിയും വളവുമടക്കമുള്ള കാർഷികോപാധികൾ വാങ്ങാൻ ഭൂരിപക്ഷം കർഷകരെയും നിർബന്ധിതരാക്കുന്നു. അടുത്ത കൊയ്‌ത്തുകാലത്തേക്ക് നിക്ഷേപിക്കാനാവശ്യമായ ഒന്നുംതന്നെ കർഷകർക്ക് തങ്ങളുടെ കൃഷിയിൽനിന്നു ലഭിക്കാതാവുന്നു. കൃഷിക്കുവേണ്ടിയെടുത്ത വായ്‌പപോലും തിരിച്ചടയ്‌ക്കാനാവാതെ വരുന്നതോടെ കർഷകർ ഭീമമായ കടക്കെണിയിലകപ്പെടുന്നു. ചെറുകിട‐ഇടത്തരം കർഷകർക്ക് ഗവൺമെന്റിൽനിന്നും ലഭിക്കുന്ന സഹായംകൂടി ഇല്ലാതായതോടെ അവർ ശരിക്കും ദുരിതത്തിലാവുകയും ചെയ്യുന്നു. ഗവൺമെന്റ് സബ്‌സിഡികൾ വെട്ടിച്ചുരുക്കുകയും കാർഷികോപാധികളുടെ വില വർധിപ്പിക്കുകയും അതിനൊപ്പം ഉത്‌പന്നങ്ങൾക്ക് മിനിമം താങ്ങുവില ഏർപ്പെടുത്താതിരിക്കുകയും കൂടി ചെയ്‌തതോടെ രാജ്യത്തെ കാർഷിക ജനതയുടെ 90 ശതമാനത്തിനും തുച്ഛമായ വിലയ്‌ക്ക് തങ്ങളുടെ ഉത്‌പന്നങ്ങൾ വിറ്റഴിക്കേണ്ടതായി വരുന്നു. സർക്കാർ ന്യായമായ വിലയ്‌ക്ക് ഗോതന്പ് അടക്കമുള്ള ഈ ഉത്‌പന്നങ്ങൾ വാങ്ങുവാൻ തയ്യാറാകാതെ വരുമ്പോൾ ഇവ കാലങ്ങളോളം സൂക്ഷിക്കുവാൻ കർഷകർക്ക് ഗോഡൗണുകളോ ശീതീകരണ സംഭരണികളോ ഒന്നുംതന്നെയില്ല. അതുകൊണ്ടുതന്നെ അവർക്ക് ഈ ഉത്‌പന്നങ്ങൾ കിട്ടുന്ന വിലയ്‌ക്ക് വിൽക്കേണ്ടിവരുന്നു. ഗവൺമെന്റിന്റെ നയങ്ങൾ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന വ്യക്തമായ ധാരണ ഗവൺമെന്റിനുണ്ടെന്നും കമ്പോളശക്തികളുടെ സമ്മർദത്തിനു വഴങ്ങിയാണ് മൊത്തത്തിലുള്ള ഉത്‌പാദന ചെലവും കാർഷികോപാധികളുടെ വിലയും ഭീമമായ തോതിൽ ഉയർന്നുനിന്നിട്ടും ഉത്‌പന്നങ്ങളുടെ വില ഗവൺമെന്റ് അതിനേക്കാൾ താഴ്‌ത്തിനിർത്തുന്നത് എന്ന് കർഷകർ ഒന്നടങ്കം പറയുന്നു.
കാർഷികമേഖലയാണ് പാകിസ്താനിലെ പ്രധാന ഉത്‌പാദനമേഖല. ഫുഡ് ആന്റ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷന്റെ കണക്കുപ്രകാരം പാകിസ്താനിലെ ജനസംഖ്യയിലെ 37 ശതമാനവും പണിയെടുക്കുന്നത് കാർഷികരംഗത്താണ്. ജിഡിപിയുടെ 23 ശതമാനവും കൃഷിയിൽനിന്നാണ്. രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 70 ശതമാനവും പ്രത്യക്ഷമായോ പരോക്ഷമായോ കാർഷികമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇത്തരമൊരു മേഖലയിൽ അവശ്യം നടപ്പാക്കേണ്ട യാതൊരുവിധ പരിഷ്‌കരണങ്ങളും നടപ്പാക്കാൻ പാകിസ്താനിലെ ഭരണവർഗം തയ്യാറല്ല. ഭൂമിയുടെ ഉടമസ്ഥതയുടെ കാര്യത്തിൽപോലും വലിയതോതിലുള്ള അസമത്വമാണ് ഈ രാജ്യത്തു നിലനിൽക്കുന്നത്. രാജ്യത്തെ മൊത്തം കൃഷിഭൂമിയുടെ ഏതാണ്ട് 45 ശതമാനവും പാകിസ്താനിലെ കേവലം രണ്ടുശതമാനം വരുന്ന മനുഷ്യരുടെ ഉടമസ്ഥതയിലാണ്. അതായത്, രാജ്യത്തെ കർഷകരിൽ ഏതാണ്ട് 98 ശതമാനത്തിന്റെ കൈവശമുള്ളത് മൊത്തം കൃഷിഭൂമിയുടെ 55 ശതമാനത്തിൽ താഴെ മാത്രമാണ്. രാജ്യത്തെ ഭൂരിപക്ഷം കർഷകരുടെ കൈവശമുള്ളത് 12 ഏക്കറോ അതിൽ താഴെയോ ഭൂമി മാത്രമാണ്. ഇവർക്ക് ഭൂമിയിലെ ഉത്‌പാദനക്ഷമത വർധിപ്പിക്കാനാവശ്യമായ ആധുനികോപകരണങ്ങൾക്ക് മുടക്കാനുള്ള വരുമാനംപോലും കൃഷിയിൽനിന്ന് ലഭിക്കുന്നില്ല. പാകിസ്താനിൽ തുടർച്ചയായി നിലനിൽക്കുന്ന കടുത്ത ദാരിദ്ര്യത്തിന്റെ കാരണമിതാണ്. ഇപ്പോഴും 40 ശതമാനത്തിലധികം ജനങ്ങൾ ഇവിടെ ദാരിദ്ര്യരേഖയ്‌ക്കു താഴെയാണ് ജീവിക്കുന്നത്.
2022 ആഗസ്‌തിൽ പാകിസ്താനിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന്, പഞ്ചാബിലെയും സിന്ധ് പ്രവിശ്യയിലെയും വൻ നദികളും കൃഷിഭൂമിയുമടക്കം വ്യാപകമായി നശിപ്പിക്കപ്പെട്ടു. 33 ദശലക്ഷം മനുഷ്യരെയാണ് ഈ പ്രളയം നേരിട്ട് ബാധിച്ചത്. ഇങ്ങനെ കൃഷിഭൂമി നശിച്ചതിനെത്തുടർന്ന് 2023ൽ രാജ്യത്താകെ ഗോതന്പിന്റെ ക്ഷാമമുണ്ടായി. ഈ അവസരം മുതലെടുത്ത് ഗവൺമെന്റ് സ്വകാര്യ കന്പനികൾക്ക് പുറത്തുനിന്ന് ഗോതന്പ് ഇറക്കുമതി ചെയ്യുവാൻ അനുമതി കൊടുത്തു. തുടർന്ന് ഗോതന്പ് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുകയും തന്മൂലം ഗോതന്പിന്റെ വില തുടർച്ചയായി ഇടിയുകയും ചെയ്‌തു. എന്നാൽ 2024ൽ രാജ്യത്ത് വീണ്ടും ഗോതന്പ് വ്യാപകമായി ഉത്‌പാദിപ്പിക്കപ്പെട്ടിട്ടും ഇറക്കുമതി ചെയ്യാനുള്ള അനുമതി പിൻവലിക്കാനോ, ന്യായമായ വിലകൊടുത്ത് കർഷകരിൽനിന്ന് മുന്പ് ഗവൺമെന്റ് വാങ്ങിക്കൊണ്ടിരുന്നതുപോലെ ഗോതന്പ് വാങ്ങുവാനോ ഗവൺമെന്റ് തയ്യാറായില്ല. ഇത് ഗോതന്പ് കർഷകരെ കടുത്ത പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുകയാണ്.
ഇത്തരത്തിൽ ഐഎംഎഫിന്റെ തീട്ടൂരത്തിനു വഴങ്ങി കടുത്ത നവലിബറൽ‐കർഷകവിരുദ്ധ‐തൊഴിലാളിവിരുദ്ധ നയങ്ങൾ കൈക്കൊള്ളുന്ന പാകിസ്താനിലെ ഗവൺമെന്റിന്റെ സമീപനവും അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവുമെല്ലാം പാകിസ്താനിലെ കർഷകരുടെ ജീവിതം പ്രതിസന്ധിയിലാഴ്‌ത്തി. ഇത്തരമൊരു ഘട്ടത്തിലാണ് പികെആർസി അടക്കമുള്ള കമ്മിറ്റികളുടെ നേതൃത്വത്തിൽ കർഷകർ മുന്നോട്ടുവരുന്നത്. l