Thursday, November 21, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍സർദാർ ഗോപാലകൃഷ്ണൻ: ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി

സർദാർ ഗോപാലകൃഷ്ണൻ: ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 56

ന്ത്യ റിപ്പബ്ലിക്കായ ദിവസം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ജാഥ നടത്തിയ, ജാഥ നയിച്ച സർദാർ ഗോപാലകൃഷ്ണനെ സ്വതന്ത്ര ഇന്ത്യയുടെ പൊലീസ് ലോക്കപ്പിൽ തോക്കുകൊണ്ട് തല്ലിയും ബയനറ്റുകൊണ്ട് കുത്തിയും മറ്റെന്തെല്ലാം രൂപത്തിൽ പീഡിപ്പിക്കാനാവുമോ അങ്ങനെയെല്ലാം പീഡിപ്പിച്ചാണ് കൊലചെയ്തത്. ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യത്തെ രക്തസാക്ഷി. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുകയെന്ന തത്വത്തിൽ ഉറച്ചുനിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ നൽകിയ മഹാനായ വിപ്ലവകാരി.

കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയരായി രണ്ട് സർദാർമാരാണുണ്ടായിരുന്നത്. വടക്കേ മലബാറിൽ സർദാർ ചന്ദ്രോത്ത് കുഞ്ഞിരാമൻനായരും, തെക്കേമലബാറിലും തൃശൂരിലും നിറഞ്ഞുനിന്ന സർദാർ ഗോപാലകൃഷ്ണനും. കർഷകപ്രസ്ഥാനത്തിന്റെ സമുന്നതനേതാവായിരുന്ന സർദാർ ചന്ദ്രോത്ത് കൽക്കത്താ തീസിസിനെ തുടർന്നുള്ള ഭീകരവാഴ്ചയിൽ പിടിച്ചുനിൽക്കാനാവാതെ രാഷ്ട്രീയത്തിലെ മറുകണ്ടത്തിലെത്തി. എന്നാൽ സർദാർ ഗോപാലകൃഷ്ണൻ മരണം മുൻകൂട്ടികണ്ട് അങ്ങോട്ടുതന്നെ കുതിച്ചുപായുകയായിരുന്നു.

ഏതാൾക്കൂട്ടത്തിലും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഉയരവും ഉശിരും സൗന്ദര്യവും പിന്നെ ആരെയും വശീകരിക്കുന്ന ചിരിയും. പിന്നെ ഏറ്റവും ശ്രദ്ധേയമായ മീശയും അധ്യാപകനായപ്പോഴും പട്ടാളത്തിലായപ്പോഴും, കർഷക‐തൊഴിലാളികളെ നയിച്ചുകൊണ്ടുള്ള സമരകേന്ദ്രങ്ങളിലുമെല്ലാം സർദാർ എല്ലാവരുടെയും പ്രിയങ്കരനായി ശരിയായ സർദാറായി ആവേശം പകർന്നു.

തെക്കേ മലബാറിന്റെ ഭാഗമായിരുന്ന നാട്ടിക ഫർക്കയിലെ എടത്തുരുത്തിയിൽ 1914‐ലാണ് ഗോപു എന്ന ഗോപാലകൃഷ്ണൻ ജനിച്ചത്. പൊനത്തിൽ കോതമ്മയുടെയും കുമ്പളപ്പറമ്പിൽ ചാത്തുണ്ണിയുടെയും ഒമ്പതു മക്കളിൽ എട്ടാമൻ. ജാതീയത കൊടികുത്തിവാഴുന്ന കാലമാണ്. എടത്തുരുത്തിയിലും പരിസരപ്രദേശങ്ങളിലും ശ്രീനാരായണ പ്രസ്ഥാനം ജാതീയമായ ഉച്ചനീചത്വത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ തുടങ്ങിയിരുന്നു. ഗോപു വളരെച്ചെറുപ്പത്തിൽത്തന്നെ ശ്രീനാരായണാദർശങ്ങളിൽ ആകൃഷ്ടനായി. എടത്തുരുത്തിയുടെ തൊട്ടടുത്ത സ്ഥലമാണ് കാട്ടൂർ. മലബാറിലെ എടത്തുരുത്തിയിൽനിന്ന് നടന്ന് കനോലികനാൽ കടന്ന് കാട്ടൂരിലെ സ്കൂളിലാണ് ഗോപു പഠിച്ചത്. മൂന്നാം ഫോറം അതായത് ഏഴാം ക്ലാസ് കഴിഞ്ഞശേഷം കുടുംബംവക സ്കൂളിൽ അധ്യാപകനാവുകയാണ്. അതിന് മുമ്പ് കോഴിക്കോട് ട്രെയിനിങ്ങ് സ്കൂളിൽ നിന്ന് ഹയർ ട്രെയിനിങ്ങ് പൂർത്തിയാക്കിയിരുന്നു. കൃഷിപ്പണിയും സ്കൂളിൽ അധ്യാപനവുമായി കഴിയുമ്പോഴാണ് നാട്ടിൽ നിശാപാഠശാല ആരംഭിക്കാൻ ഗോപു മുൻകയ്യെടുത്തത്. സിലോണിൽ ജോലിചെയ്തുജീവിക്കുന്ന എടത്തുരുത്തിയിലെയും ചെന്ത്രാപ്പിന്നിയിലെയും കുറേ സുഹൃത്തുക്കൾ ചേർന്നാണ് നാട്ടിൽ ശ്രീനാരായണ വായനശാല ആരംഭിച്ചത്. വായനശാലയ്‌ക്ക് സ്വന്തമായി കെട്ടിടമുണ്ടാകുന്നത് 1937 നവംബറിൽ. സഹോദരനയ്യപ്പന്റെ അധ്യക്ഷതയിൽ കെ.കേളപ്പൻ ഉദ്ഘാടനംചെയ്ത വായനശാല. ആ വായനശാല കേന്ദ്രീകരിച്ചാണ് ഗോപാലകൃഷ്ണൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഗോപു നിശാപാഠശാലയും സാംസ്കാരികപ്രവർത്തനവും നടത്തിയത്. അക്ഷരം പഠിപ്പിക്കുന്നതിനൊപ്പം സാഹിത്യം പഠിപ്പിക്കലും. നിശാപാഠശാലയിലൂടെ ഗോപു പഠിപ്പിച്ചത് രാഷ്ട്രീയവും കൂടിയാണ്. ദേശീയപ്രസ്ഥാനത്തെക്കുറിച്ചും കർഷകസംഘത്തെക്കുറിച്ചുമെല്ലാം അവിടെ ചർച്ച നടന്നു. പൊന്നാനിയിൽ കെ.ദാമോദരന്റെ പാട്ടബാക്കി നാടകം അവതരിപ്പിച്ചപ്പോൾ സുഹൃത്തുക്കളായ അധ്യാപകർക്കൊപ്പം ഗോപാലകൃഷ്ണനും കാണാൻ പോയി. ആ നാടകമാണ് അദ്ദേഹത്തെ കർഷകസംഘവുമായി അടുപ്പിച്ചത്.

പൊന്നാനി താലൂക്കിൽ മുപ്പതുകളുടെ അവസാനത്തോടെ കർഷകസംഘവും കമ്യൂണിസ്റ്റ് പാർട്ടിയും സുശക്തമായ സംഘടനാസംവിധാനം കൈവരിച്ചിരുന്നു. എടത്തുരുത്തി, ചെന്ത്രാപ്പിന്നി മേഖലയിൽ ജോർജ് ചടയംമുറിയെ സംരക്ഷിക്കാൻ ഒളിത്താവളമൊരുക്കിയത് ടി.കെ.രാമന്റെ നേതൃത്വത്തിലാണ്. പലചരക്കു വ്യാപാരിയായ രാമൻ പൊന്നാനി താലൂക്കിലെ പ്രധാന സംഘാടകനായി. ഗോപാലകൃഷ്ണനടക്കമുള്ള യുവാക്കളെ പ്രസ്ഥാനത്തിലേക്ക് റിക്രൂട്ട് ചെയ്തത് രാമനാണ്. എ.കെ.ജി.യുടെയും സർദാർ ചന്ദ്രോത്തിന്റെയും നേതൃത്വത്തിൽ കണ്ണൂരിൽനിന്ന് മദിരാശിയിലേക്ക് പുറപ്പെട്ട പട്ടിണിജാഥയ്ക്ക് നാട്ടിക ഫർക്കയിൽ നൽകിയ സ്വീകരണത്തിൽ ഗോപാലകൃഷ്ണനും പങ്കെടുത്തു. ടി.കെ.രാമന്റെ നേതൃത്വത്തിൽ പ്രത്യേകമായ ഒരു ജാഥയും സ്വീകരണത്തിന്റെ ഭാഗമായി നടന്നു. അതുമായി ബന്ധപ്പെട്ട് ടി.കെ.രാമനടക്കമുള്ളവരെ പോലീസ് അറസ്റ്റുചെയ്ത് ലോക്കപ്പിലാക്കി മർദിച്ചു. എന്നാൽ പ്രകടനം കുറ്റകരമല്ലെന്ന് ചൂണ്ടിക്കാട്ടി എല്ലാവരെയും വിട്ടയക്കുകയായിരുന്നു കോടതി.

ഈ സംഭവങ്ങളെല്ലാം ഗോപാലകൃഷ്ണനിലെ വിപ്ലവകാരിയെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. ശ്രീനാരായണാദർശങ്ങൾ പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ ധർമഭടസേനയുടെ പ്രവർത്തനത്തിൽ സജീവമായ ഗോപു ഹരിജനസംഘത്തിന്റെയും പ്രധാന പ്രവർത്തകനായി. അയിത്തത്തിനും കുടിയൊഴിപ്പിക്കലിനുമെതിരായ നിരവധി സമരങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചു. പലതും സാഹസികപ്രവർത്തനങ്ങൾ. ഇതേ ഘട്ടത്തിൽ സാഹിത്യ‐സാംസ്കാരികപ്രവർത്തനങ്ങളിലും സജീവം. ശ്രീനാരായണവായനശാലയുടെ വാർഷികത്തിന് മഹാകവി ചങ്ങമ്പുഴയെ ക്ഷണിച്ചത് ഗോപാലകൃഷ്ണന്റെ പ്രത്യേക താല്പര്യപ്രകാരം. കവിയെ സ്വീകരിച്ചതും കവിയെ പരിചയപ്പെടുത്തി സംസാരിച്ചതും ഗോപാലകൃഷ്ണൻ. വാഴക്കുലയെന്ന കവിതയെക്കുറിച്ച് ഗോപാലകൃഷ്ണൻ നടത്തിയ വിശദീകരണം സദസ്സിനെ കണ്ണീരണിയിച്ചു. കസേരയിൽനിന്നെഴുന്നേറ്റ് ചങ്ങമ്പുഴ ഗോപാലകൃഷ്ണനെ കെട്ടിപ്പിടിച്ചു.

രണ്ടാം ലോകയുദ്ധം മുറുകുകയായിരുന്നു. 1942ൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ യുദ്ധത്തിന്റെ ഗതി മാറി. ഫാസിസത്തിനെതിരായ പോരാട്ടം വിജയിപ്പിക്കുകയാണ് ലോകത്തിന്റെ നിലനില്പ്പിന് അത്യന്താപേക്ഷിതം, ബാക്കിയെല്ലാം പിന്നെ എന്ന തീരുമാനത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി എത്തി. ഫാസിസത്തിനെതിരായ പോരാട്ടം എന്ന രാഷ്ട്രീയംകൂടി ഉൾക്കൊണ്ട് ഗോപാലകൃഷ്ണൻ എയർഫോഴ്സിൽ ചേരുകയാണ്. വിമാനത്തിന്റെ ബോഡി നിർമിക്കുന്ന വിഭാഗത്തിലാണ് ജോലി. പരിശീലനത്തിനുശേഷം കൊഹിമയിലാണ് നിയമിക്കപ്പെട്ടത്. ഫാസിസ്റ്റ് ശക്തികൾ പരാജയപ്പെട്ടതോടെ യുദ്ധം അവസാനിച്ചു. പട്ടാളക്കാരിൽ കൂടുതൽപ്പേരും പിരിച്ചുവിടപ്പെട്ടു. സർദാർ എന്ന വിളിപ്പേരല്ലാതെ സമ്പാദ്യമൊന്നുമില്ല. എയർഫോഴ്സിൽ കൊഹിമയിലും ഇംഫാലിലും പരിശീലനകാലത്തെ ലാഹോറിലും പഞ്ചാബികളായിരുന്നു സഹപ്രവർത്തകരിലേറെയും. സർദാർ എന്ന പേര് ആ കൂട്ടായ്മകളുടെ സംഭാവനയാണ്.

ആജാനുബാഹുവായ, ദൃഢഗാത്രനായ, കപ്പടാ മീശക്കാരൻ കെ.സി.ഗോപാലകൃഷ്ണൻ സർദാർ ഗോപാലകൃഷ്ണനായി എടത്തുരുത്തിയിൽ തിരിച്ചെത്തിയതോടെ നാട്ടിക ഫർക്കയിൽ തൊഴിലാളിവർഗപ്രസ്ഥാനത്തിന് കരുത്തനായ ഒരു നായകനെ ലഭിക്കുകയായിരുന്നു. ടി.കെ.രാമനും കൊമ്പത്ത് പ്രഭാകരനും പൊനത്തിൽ ശേഖരനും വി.കെ.ചാത്തനുമെല്ലാം മുൻനിരയിൽ പ്രവർത്തിക്കുന്നു. കഥാകൃത്തായ ഡി.എം.പൊറ്റെക്കാട് പൈനൂരിൽനിന്ന് എടത്തുരുത്തിയിൽ ഇടക്കിടെ വരും. തൊഴിലാളികളെയും കൃഷിക്കാരെയും യുവാക്കളെയും വിളിച്ച് സംസാരിക്കും. സമത്വസുന്ദരമായ ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നം, ചൂഷണമുക്തമായ നാട്‐ എടത്തുരുത്തിയിലെ ബീഡി തൊഴിലാളികൾ ഡി.എം.പൊറ്റെക്കാടിന്റെ ബോധവൽക്കരണത്തോടെ യൂണിയൻ രൂപീകരിക്കുകയാണ്. താലൂക്കിലെ പാർട്ടിനേതാവായ ടി.കെ.രാമനോടൊപ്പം ഒരുനാൾ സി.എച്ച്. കണാരൻ എടത്തുരുത്തിയിലെത്തുന്നു. ബീഡി തൊഴിലാളി യൂണിയന്റെ നേതാക്കളും മറ്റ് പ്രവർത്തകരും പൊനത്തിൽ ശേഖരന്റെ വീട്ടിൽ രാത്രിയിൽ ഒത്തുചേരുന്നു. സി.എച്ച്.കണാരൻ മാർക്സിസത്തെക്കുറിച്ച് വിശദീകരിക്കുന്നു. എം.പി. ശങ്കരനാരായണൻ സെക്രട്ടറിയായി പാർട്ടിഘടകം രൂപീകരിക്കുന്നു. ഇങ്ങനെ ചുവക്കാൻ തുടങ്ങിയ മണ്ണിലേക്കാണ് ഗോപാലകൃഷ്ണൻ സർദാറായി തിരിച്ചെത്തുന്നത്. ചെന്ത്രാപ്പിന്നിയിലെ സ്കൂളിൽ വീണ്ടും അധ്യാപകനായി ചേർന്ന സർദാർ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായി. എടത്തുരുത്തി‐കാട്ടൂർ മേഖലയിലെ എണ്ണമിൽത്തൊഴിലാളികൾ കൂലികൂടുതൽ ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ നേതൃത്വച്ചുമതലക്കാരിലൊരാളായാണ് സജീവരാഷ്ട്രീയത്തിന്റെ തുടക്കം. സമരത്തിന്റെ ഉദ്ഘാടനയോഗത്തിൽ സർദാറും പ്രസംഗകനാണ്. സർദാറിനെ പ്രസംഗത്തിന് ക്ഷണിക്കുമ്പോഴാണ് യോഗസ്ഥലത്തേക്ക് പൊലീസ് എത്തിയത്. യോഗത്തിൽ പങ്കെടുത്ത രണ്ട് തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണ്. വേദിയിലേക്ക് പോകാതെ സർദാർ പൊലീസുകാർക്കടുത്തേക്ക് കുതിച്ചു. യോഗത്തിൽനിന്ന് ആരെയും കൊണ്ടുപോകാനനുവദിക്കില്ലെന്ന് സർദാർ പ്രഖ്യാപിച്ചു. ചെറിയൊരു കയ്യാങ്കളിയായി അത് മാറി. അറസ്റ്റിലായ തൊഴിലാളികളെ സർദാർ ബലംപ്രയോഗിച്ച് മോചിപ്പിച്ചുവെന്ന വാർത്ത നാടാകെ പരന്നു. പൊതുപ്രവർത്തകരിൽ ആവേശവും പൊലീസുകാരിൽ പകയുമാണതുണ്ടാക്കിയത്.

പി.ടി.ഭാസ്കരപണിക്കരുമായുള്ള അടുപ്പമാണ് സർദാറിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ഏറെ മുന്നോട്ടേക്ക് നയിച്ചത്. പെരിഞ്ഞനം ഹൈസ്കൂളിൽ ശാസ്ത്രാധ്യാപകനായെത്തിയ പണിക്കർ പാർട്ടിയുടെ സംസ്ഥാനനേതൃത്വത്തിന്റെ നിർദേശാനുസരണം നാട്ടിക ഫർക്കയിലെ പാർട്ടിപ്രവർത്തനത്തിനാവശ്യമായ ഉപദേശനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. സർദാറിലെ കാഡറിനെ ഭാസ്കരപണിക്കർ അതിവേഗം തിരിച്ചറിഞ്ഞു. സെക്കൻഡറി പരീക്ഷ എഴുതണമെന്നും അതിന് താൻ ക്ലാസ് നൽകാമെന്നും സർദാറിനോട് പണിക്കർ പറഞ്ഞു. ചെന്ത്രാപ്പിന്നി എൽ.പി.സ്കൂൾ വിട്ടാലുടൻ പെരിഞ്ഞനത്തേക്ക് തിരിക്കുകയായി സർദാർ. ആ ബന്ധം ഊഷ്മളമായ വിപ്ലവസാഹോദര്യമായി വളർന്നു. സർദാറിന്റെ ജ്ഞാനത്തിന്റെയും വീക്ഷണത്തിന്റെയും ചക്രവാളങ്ങൾ വികസിച്ചു.

ഒഴിപ്പിക്കലിനെതിരായ സമരങ്ങളിൽ സർദാർ ഊർജസ്വലമായ നേതൃത്വം നൽകി. അടിമയെന്ന ഒരു കുടുംബനാഥന്റെ വീട് ജന്മി ഗുണ്ടകളെ വിട്ട് പൊളിച്ചപ്പോൾ ഭീഷണി വകവെക്കാതെ ഒറ്റ രാത്രികൊണ്ട് അവരെ പുതിയ കുടിൽകെട്ടി താമസിപ്പിക്കുന്നതിന് സർദാർ നേതൃത്വം നൽകി. കർഷകതൊഴിലാളിയായ പേങ്ങന്റെ ഭാര്യ കുറുമ്പയുടെ താലി ജന്മിയുടെ ഭാര്യ പിടിച്ചുപറിച്ച് പൊട്ടിച്ചെറിഞ്ഞ സംഭവമുണ്ടായി. താലി പൊട്ടിച്ചയാളെക്കൊണ്ടുതന്നെ 24 മണിക്കൂറിനകം അത് തിരികെ കെട്ടിച്ചുകൊടുക്കാൻ സർദാറിന്റെ ചങ്കൂറ്റംകൊണ്ട് സാധിച്ചു. ഇത്തരത്തിലുള്ള ഇടപെടലുകളും നിസ്വാർഥമായ ജീവിതവും സർദാറിനെ എടത്തുരുത്തിയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ കണ്ണിലുണ്ണിയാക്കുകയായിരുന്നു. അതേസമയം പിന്തിരിപ്പന്മാരുടെ കണ്ണിലെ കരടും. ഒരുദിവസം സ്കൂൾ വിട്ട് കനാലിനരികിലൂടെ നടന്നുപോകുമ്പോൾ പെട്ടെന്ന് പിന്നിൽനിന്നൊരു തള്ളൽ. കൈതക്കൂട്ടത്തിൽ പതിയിരുന്നാക്രമിക്കുയായിരുന്നു ജന്മിയുടെ ഗുണ്ട. പ്രതിരോധിച്ചുവെങ്കിലും വീഴ്ചയിലെ പരിക്ക് മാറാൻ രണ്ടുമാസത്തെ ചികിത്സ വേണ്ടിവന്നു.

സമരങ്ങൾ ശക്തിപ്പെട്ടുവരുന്നതിനിടയിൽ ഒരു ദിവസം രാത്രി സർദാറിന്റെ ഒളിവുകേന്ദ്രം പൊലീസ് വളഞ്ഞു. വീട്ടുകാരെ പൊലീസ് ഉപദ്രവിക്കുന്നത് തടയാൻ കീഴടങ്ങലല്ലാതെ പോംവഴിയില്ല. സർക്കാർവിരുദ്ധ പ്രചരണം നടത്തുന്നുവെന്നതാണ് കുറ്റം. വലപ്പാട് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പിറ്റേന്ന് കോടതി വിധിച്ചത് 250 രൂപ പിഴയോ മൂന്നുമാസം തടവോ ആണ്. സഹോദരങ്ങളെത്തി പിഴയടച്ചതിനാൽ ജയിലിലേക്ക് മാറ്റിയില്ല. ഇ.എം.എസ്സിനും എ.കെ.ജി.ക്കും കെ.പി.ആറിനും തളിക്കുളത്തും എടത്തുരുത്തിയിലും നാട്ടികയിലുമെല്ലാം സ്വീകരണം നൽകാനും അവർ പങ്കെടുക്കുന്ന യോഗങ്ങൾ രഹസ്യമായി സംഘടിപ്പിക്കാനും സർദാർ നേതൃത്വംനൽകി. പി.ടി.ഭാസ്കരപണിക്കർക്ക് ഒളിവിൽ കഴിഞ്ഞ് പ്രവർത്തിക്കാനുള്ള സൗകര്യങ്ങളൊരുക്കി. പണിക്കരടക്കമുള്ള നേതാക്കളുടെ ടെക്മാനായി പ്രവർത്തിച്ചു.

ഇന്ത്യ റിപ്പബ്ലിക്കാകാൻപോകുന്ന ദിവസങ്ങളിലാണ് കോൺഗ്രസ് സർക്കാർ അക്രമവാഴ്ച രൂക്ഷമാക്കിയത്. എടത്തുരുത്തിയിലും നാട്ടിക ഫർക്കയുടെ വിവിധ ഭാഗങ്ങളിലും പൊലീസിന്റെ അഴിഞ്ഞാട്ടമായിരുന്നു. പുരുഷന്മാർക്ക് വീട്ടിൽ കയറാനാവാത്ത അവസ്ഥ. പുരുഷന്മാരില്ലാത്ത വീടുകളിൽ കയറി വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, ബലാൽസംഗം തുടങ്ങി എല്ലാ ക്രൂരതകളും പൊലീസ്‌ നടത്തി. സർദാറിന് ജോലി നഷ്ടപ്പെട്ടു. അധ്യാപകസർട്ടിഫിക്കറ്റ് അസാധുവാക്കി. കടം വീട്ടാൻ സ്വത്തുക്കൾ ഒന്നൊന്നായി വിൽക്കുന്നതിലേക്കെത്തി. നാടാകെ അസ്വസ്ഥം; വീട്ടിലെ പുരുഷന്മാർ രാഷ്ട്രീയപ്രവർത്തകരായതിന്റെ പേരിൽ ആ വീടുകളിലെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടത് സർദാറിന് സഹിക്കാനാവുന്ന കാര്യമായിരുന്നില്ല. പീഡിപ്പിച്ച പൊലീസുകാരെ തുറന്നുകാട്ടുന്ന പ്രചാരണത്തിന് സർദാർ നേതൃത്വം നൽകി. ആ പൊലീസുകാർക്ക് സർദാറിനോട് പ്രത്യേകം പകയായി.

പി.ടി.ഭാസ്കരപണിക്കരെ പൊലീസ് അറസ്റ്റുചെയ്ത് വലിച്ചിഴച്ചുകൊണ്ടുപോവുകയും ജനമധ്യത്തിൽവെച്ച് വസ്‌ത്രാക്ഷേപം ചെയ്യുകയും ലോക്കപ്പിലാക്കി തല്ലിച്ചതയ്‌ക്കുകയുംചെയ്തു. എവിടെയും ഒളിച്ചിരിക്കാൻ പറ്റാത്ത സാഹചര്യം. സർദാർ ഒളിച്ചിട്ടുണ്ടെന്ന് കരുതി പൊലീസ് ഒരു വീടുവളഞ്ഞു. അല്പം മുമ്പ് ഷെൽട്ടർ മാറിയതിനാൽ സർദാറിനെ കിട്ടിയില്ല. കുപിതരായ പൊലീസുകാർ ആ വീട്ടിലെ കൊച്ചുകുട്ടികളെയടക്കം ക്രൂരമായി വലിച്ചിഴച്ച് പീഡിപ്പിച്ചു.

ഈ സാഹചര്യത്തിലാണ് റിപ്പബ്ലിക് ദിനത്തിൽ പൗരാവകാശജാഥ നടത്താൻ നാട്ടിക ഫർക്കയിലെ പാർട്ടി തീരുമാനിക്കുന്നത്. പി.ടി.ഭാസ്കരപണിക്കരെ ക്രൂരമായി മർദിച്ച സംഭവം ആ തീരുമാനത്തെ ഒന്നുകൂടി ഉറപ്പിച്ചു. ടി.കെ.രാമനടക്കമുള്ള നേതാക്കളും അറസ്റ്റിലായി. പൗരാവകാശജാഥ നടത്തിയാൽ എന്തും സംഭവിക്കാമെന്ന് മനസ്സിലാക്കിത്തന്നെയാണ് സർദാർ പാർട്ടി തീരുമാനം നടപ്പാക്കാൻ മുന്നോട്ടുപോയത്. സഹോദരങ്ങളോടും മറ്റ് പ്രിയപ്പെട്ടവരോടുമെല്ലാം യാത്ര ചോദിച്ച് സമരഭൂമിയിലേക്ക്; സഹോദരങ്ങളുടെ വീടുകളിൽപോയി അവരുമായി സംസാരിച്ച്, അവരിൽനിന്ന് വെള്ളം വാങ്ങിക്കുടിച്ച്… യാത്രപറയലെന്നോണം.

പൗരാവകാശജാഥയുടെ ഉദ്ഘാടനയോഗത്തിൽ അധ്യക്ഷൻ പാർട്ടിയുടെ ഫർക്കാ കമ്മിറ്റി അംഗം വി.കെ.ചാത്തൻ. ഉദ്ഘാടനം പി.കെ.ഗോപാലകൃഷ്ണൻ. ജാഥാനായകനായ സർദാറിന്റെ ആമുഖപ്രസംഗം. പി.കെ.ഗോപാലകൃഷ്ണൻ എടുത്തുനൽകിയ ചെങ്കൊടിയുമായി സർദാർ ജാഥ നയിച്ചു. മതിലകം പള്ളിയുടെ മുമ്പിലെത്തിയപ്പോഴേക്കും പൊലീസ് വലയം സൃഷ്ടിച്ച് തടഞ്ഞു. പിരിഞ്ഞുപോകണമെന്ന ആക്രോശം ജാഥാംഗങ്ങൾ വകവെച്ചില്ല. എന്തിനാണ് പിരിയുന്നത്, റിപ്പബ്ലിക്കായതല്ലേ, എന്ന് സർദാർ ചോദിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് ജാഥ അനുവദിക്കില്ലെന്ന് ഇൻസ്‌പെക്ടർ. സർദാറിന്റെ കയ്യിൽനിന്ന് കൊടി പിടിച്ചുവാങ്ങാൻ പൊലീസ് ഇൻസ്‌പെക്ടർ ശ്രമിച്ചപ്പോൾ സംഘർഷമായി. പരസ്പരം അടിയായി. സഖാക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ സർദാറിന്റെ കാലിൽ തോക്കുകൊണ്ടുള്ള അടി. നിലത്തുവീണ സർദാറിനെ പൊലീസുകാർ കൂട്ടംചേർന്ന് മർദിക്കാൻ തുടങ്ങി. അപ്പോഴും സർദാർ ഇങ്ക്വിലാബ് വിളിച്ചുകൊണ്ടിരുന്നു. പി.യു.ഗംഗാധരൻ, പയ്യാക്കൽ വിശ്വം, കെ.കെ.വേലായുധൻ എന്നിവരെയും സർദാറിനെയും പൊലീസ് വലപ്പാട് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പൊലീസ് മർദനത്തിന്റെ എല്ലാ മുറകളുടെയും പ്രയോഗം; ഒടുവിൽ തലയ്ക്കു പിറകിൽ ബയനറ്റുകൊണ്ടുള്ള കുത്തൽ. അതോടെ ചുണ്ടിൽനിന്നുള്ള ഇങ്ക്വിലാബ് നിലച്ച് സർദാർ നിലംപതിച്ചു. പിറ്റേന്ന് അതിരാവിലെ വീട്ടുകാരെയോ നാട്ടുകാരെയോ അറിയിക്കാതെ കടപ്പുറത്ത് കുഴിയെടുത്ത് സർദാറിന്റെ മൃതദേഹം മൂടുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ, ആദ്യത്തെ റിപ്പബ്ലിക്ദിനത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കിയെന്ന കുറ്റത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ട്‌ തല്ലിക്കൊല്ലുകയായിരുന്നു സർദാറിനെ. കേസെടുക്കാതെ, അറസ്റ്റ് രേഖപ്പെടുത്താതെ, പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൊലപാതകം. മൃതദേഹംപോലും കുടുംബത്തിന് വിട്ടുകൊടുത്തില്ല. സർദാറിന്റെ ജീവിതകഥ അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ കെ.സി.രാമൻമാഷുടെ മകൻ കെ.ആർ.കിഷോർ തയ്യാറാക്കിയത് ഒരുവർഷം മുമ്പാണ്. ചിന്ത പബ്ലിഷേഴ്സാണ്‌ അത്‌ പ്രസിദ്ധീകരിച്ചത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 + 2 =

Most Popular