പെരുമാക്കന്മാരുടെ അധഃപതനം ചരിത്രത്തിലെ നിര്‍ഭാഗ്യകരമായ ഒരു യാദൃച്ഛികസംഭവമാണെന്നാണ് ബൂര്‍ഷ്വാ ഐക്യകേരളവാദികള്‍ പൊതുവെ പറയുന്നത്. ആ സാമ്രാജ്യത്തിന്റെ അധഃപതനത്തെ സംബന്ധിച്ച്, പുരാണത്തില്‍ പറയുന്നതുപോലെ, സാമ്രാജ്യത്തെ തന്റെ മക്കള്‍ക്കും മരുമക്കള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമായി ഭാഗിച്ചുകൊടുത്ത അവസാനത്തെ പെരുമാളുടെ സ്വേച്ഛാനടപടികൊണ്ട്, ആരംഭം മുതല്‍ക്കേ ഏകീകൃതമായിരുന്ന ഒരു രാഷ്ട്രം അന്ന് ഛിന്നഭിന്നമായെന്നവര്‍ വാദിക്കുന്നു.
ഇത് നാം കണ്ടുകഴിഞ്ഞപോലെ, ചരിത്രവിരുദ്ധമാണ്: പെരുമാക്കന്മാരുടെ സാമ്രാജ്യം തകര്‍ന്നുവീണത് അവസാനത്തെ ചക്രവര്‍ത്തിയുടെ കമ്പം കൊണ്ടല്ല; പിന്നെയോ, അത്തരമൊരു സാമ്രാജ്യത്തിന്റെ നിലനില്‍പ്പിനാവശ്യമായ ഭൗതികാടിസ്ഥാനം അക്കാലത്തെ കേരളത്തിലുണ്ടായിരുന്നില്ലെന്നുള്ളതുകൊണ്ടാണ്. വാസ്തവത്തില്‍ ഏതെങ്കിലും യാദൃച്ഛികസ്വഭാവമാരോപിക്കപ്പെടണമെങ്കില്‍, അത് ആ സാമ്രാജ്യത്തിന്റെ രൂപീകരണത്തിനാണു വേണ്ടത്, അല്ലാതെ അതിന്റെ തകര്‍ച്ചയ്ക്കല്ല. കാരണം, നാം കണ്ടുകഴിഞ്ഞതുപോലെ, അത് രൂപീകരിക്കപ്പെട്ടത് കേന്ദ്രീകൃതമായ ഏതുതരം സാമ്രാജ്യങ്ങള്‍ക്കും ഒട്ടുംതന്നെ പറ്റാത്തതായ ഒരു മണ്ണിലാണ്. അതിന്റെ നിലനില്‍പ്പ് യാദൃച്ഛികമായിരുന്നതുകൊണ്ടുതന്നെയാണ് (ഏതെങ്കിലും ചരിത്രസംഭവത്തെ യാദൃച്ഛികമെന്നു പറയാവുന്നിടത്തോളം) ആ സാമ്രാജ്യം ഒരു മണല്‍ക്കോട്ടപോലെ തകര്‍ന്നുവീണത്.
എന്നാല്‍ ഇതുകൊണ്ടുമായില്ല. പെരുമാക്കന്മാരുടെ അധഃപതനം കൊണ്ട് ഏകീകൃതമായ ഒരു രാഷ്ട്രം ഛിന്നഭിന്നമായെന്നു പറയുന്നത് ചരിത്രത്തിന്റെ ഒരു ദുര്‍വ്യാഖ്യാനമാണ്. ആ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷമുള്ള നൂറ്റാണ്ടുകളിലാണ് ചരിത്രത്തിലാദ്യമായി കേരളരാഷ്ട്രം രൂപംകൊള്ളാന്‍ തുടങ്ങിയതെന്നതാണ് വാസ്തവം. കേരളത്തിലെ ചെറുകിട രാജ്യങ്ങളിലെ (രണ്ടു ഡസനോളം വരും) ഭരണാധിപന്മാര്‍ പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അന്നു കേരളത്തില്‍ താമസിച്ചിരുന്ന വിവിധഗോത്രങ്ങളും ജാതികളും- അതായത് ഇന്നത്തെ കേരളം- തമിഴരും തുളുനാട്ടുകാരുമായ തങ്ങളുടെ അയല്‍ക്കാരില്‍നിന്നും സ്വയം വേര്‍തിരിയുകയും മലയാളികളെന്ന നിലയില്‍ സ്വയം ഒന്നിക്കുകയും ചെയ്യാന്‍ തുടങ്ങിയത്. മാത്രമല്ല, ഇന്നത്തെ ഐക്യകേരളവാദികള്‍ അത്ര ഉച്ചത്തിലും നിരന്തരവും വിലപിക്കുന്നതെന്തിന്റെ പേരിലാണോ, ഭരണാധികാരികളുടെ ആ ആഭ്യന്തരകലഹങ്ങള്‍തന്നെയാണ്- അഥവാ, ഈ കലഹങ്ങള്‍ക്കു കാരണമായ ഭൗതികപരിതഃസ്ഥിതികള്‍ തന്നെയാണ് കേരള രാഷ്ട്രത്തിന്റെ ജനനത്തിനു സഹായിച്ച ഏറ്റവും വലിയതും പ്രധാനവുമായ ഘടകമായിത്തീര്‍ന്നത്.
ഓരോന്നും സ്വന്തം പ്രത്യേക ഗോത്രജീവിതം നയിക്കുന്നതും ഓരോന്നിനും സ്വന്തം പ്രത്യേക ഗോത്രസ്വഭാവമുളളതും, എന്നാല്‍ പ്രാചീന കമ്യൂണിസമെന്നു ചരിത്രശാസ്ത്രത്തിലറിയപ്പെടുന്ന ഉല്‍പ്പാദനബന്ധങ്ങളുടെ പൊതുസ്വഭാവമുള്ളതുമായ പല ഗോത്രങ്ങളുടെയും ഒരു സങ്കരം; ഓരോന്നും സ്വന്തമായ ജാതിജീവിതം നയിക്കുന്നതും ഓരോന്നിനും സ്വന്തമായ ജാതിസ്വഭാവമുള്ളതും, എല്ലാംതന്നെ ഹിന്ദുസമുദായത്തിന്റെ പൊതുനിയമങ്ങളാല്‍ ഏകീകരിക്കപ്പെട്ടതുമായ ജാതികളുടെ ഒരു സങ്കരം; ഒരു പ്രത്യേകപ്രദേശത്തു താമസിക്കുന്ന എല്ലാ ഗോത്രങ്ങളെയും ജാതികളെയും, ഒരു ഭരണാധികാരിയുടെയും അയാളുടെ കീഴിലുള്ള ഭരണയന്ത്രത്തിന്റെയും രാഷ്ട്രീയവും ഭരണപരവുമായ അധികാരത്തിന്‍കീഴില്‍ സംഘടിപ്പിക്കല്‍- കേരളം ഇന്ത്യയുടെ മറ്റു ഭാഗങ്ങളെന്നപോലെതന്നെ ചരിത്രാതീതകാലത്തും, ചരിത്രത്തിന്റെ ആദിമഘട്ടമെന്നു പറയപ്പെടുന്ന അക്കാലത്തും, അതായത് പെരുമാക്കന്മാരുടെ അധഃപതനംവരെയുള്ള കാലഘട്ടത്തിലും, കടന്നുപോന്നിട്ടുള്ള മൂന്നു ദശകള്‍ ഇവയാണ്.
മേല്‍പ്പറഞ്ഞ മൂന്നു ദശകളില്‍ അവസാനദശയില്‍ നിര്‍മിക്കപ്പെട്ട ഭരണയന്ത്രത്തിന്റെ സ്വഭാവത്തെ സംബന്ധിച്ചു മാത്രമാണ് കേരളം ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നത്. മറ്റുഭാഗങ്ങളില്‍ കൃഷിയുടെ അഭിവൃദ്ധിക്കുവേണ്ടിയുള്ള ഒരു കേന്ദ്രീകൃതസാമ്രാജ്യഭരണകൂടത്തെ സൃഷ്ടിച്ചപ്പോള്‍, ഇങ്ങനെ ഒരു കേന്ദ്രസംഘടന കേരളത്തിന് ആവശ്യമില്ലെന്നിരുന്നതിനാല്‍ വിസ്തൃതി കുറഞ്ഞ പ്രദേശത്തിലൊതുങ്ങിനിന്ന ഒരു ഭരണകൂടമാണ് കേരളത്തില്‍ നിലവില്‍ വന്നത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ഭരണകൂടത്തിന്റെ അധികാരപരിധിയില്‍വന്ന പ്രദേശത്തിന്റെ വലുപ്പക്കൂടുതലും ഭൂമിയുടെ സാമൂഹ്യമായ ഉടമസ്ഥതയും ചക്രവര്‍ത്തിമാരെ തത്വത്തിലും പ്രയോഗത്തിലും എല്ലാ അധികാരത്തിന്റേയും പ്രഭവസ്ഥാനമാക്കി. എന്നാല്‍ രാജ്യത്തിന്റെ വലുപ്പക്കുറവും ഭൂമിയിലുള്ള സ്വകാര്യസ്വത്തും ഫ്യൂഡല്‍പ്രമാണികളും- നാടുവാഴി, ദേശവാഴി മുതലായവര്‍- രാജാവുമായി അധികാരം പങ്കിടുന്ന ഒരു വ്യവസ്ഥയിലേക്കാണ് കേരളത്തെ നയിച്ചത്.
കേരളത്തിലെയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയും ഭരണയന്ത്രങ്ങളുടെ സ്വഭാവത്തിലുള്ള ഈ വ്യത്യാസവും അഖിലേന്ത്യാരീതിയിലുള്ള ഒരു ഭരണകൂടം കേരളത്തിന്റെ മണ്ണില്‍ പറിച്ചുനടുവാനുള്ള പരിശ്രമത്തിന്റെ പരാജയവുംമൂലം അഖിലേന്ത്യാരീതിയിലുള്ള ഭരണകൂടം ഇവിടെ ഛിന്നഭിന്നമായി. എന്നാല്‍ കേരളത്തില്‍ ഭരണകൂടം ഇല്ലാതായി എന്ന് ഇതിനര്‍ഥമില്ല. രാജാവ് ഭരിക്കുന്ന പ്രദേശത്തിന്റെ വലുപ്പം കുറഞ്ഞതോടെ- പെരുമാക്കന്മാരുടെ സാമ്രാജ്യത്തില്‍നിന്ന് രണ്ടു ഡസനോളം വരുന്ന ചെറുസംസ്ഥാനങ്ങളിലേക്ക്- ഗോത്രം, ജാതി എന്നിവയില്‍നിന്ന് പ്രദേശത്തെ അടിസ്ഥാനമാക്കിയ സംഘടനയിലേക്കുള്ള സമുദായത്തിന്റെ വളര്‍ച്ച പിറകോട്ടടിച്ചുവെന്നും ഇതിനര്‍ഥമില്ല. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, പെരുമാക്കന്മാരുടെ പതനം, ഒരു പ്രത്യേകതരം പ്രദേശാടിസ്ഥാന രാഷ്ട്രസംഘടനയുടെ പരാജയത്തിന്റെയും തല്‍സ്ഥാനത്ത് മറ്റൊന്നിന്റെ പ്രതിഷ്ഠയുടെയും ഔപചാരികപ്രഖ്യാപനമായിരുന്നു; അല്ലാതെ, പഴയ കാലഘട്ടങ്ങളിലെ ഗോത്രം, ജാതി സംഘടനകളിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നില്ല.
പെരുമാക്കന്മാരുടെ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം കേരളത്തില്‍ സ്ഥാപിക്കപ്പെട്ട സാമൂഹ്യവും ഭരണപരവുമായ വ്യവസ്ഥ, മൂലധനം എന്ന തന്റെ കൃതിയില്‍ മാര്‍ക്‌സ് വളരെ വ്യക്തമായി വിവരിച്ചിട്ടുള്ളതുപോലെ, ഗ്രാമീണസമുദായത്തെ ഭൂമിയിലുള്ള സ്വകാര്യസ്വത്തിന്റെ പരിതഃസ്ഥിതിയോടിണക്കുന്നതായിരുന്നു. ഭൂമി ‘പൊതുവായി ഉഴുന്നി’ല്ല; അതുകൊണ്ട് വിളവ് ‘അംഗങ്ങള്‍ക്കിടയില്‍ വീതിക്കു’ന്നുമില്ല; നേരേമറിച്ച്, ഓരോ കൃഷിക്കാരനും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് കൃഷി ചെയ്യുന്നത്. എന്നിരുന്നാലും അവര്‍ക്ക് വിളവ് ജന്മിയുമായി പങ്കിടേണ്ടതുണ്ട്. ഇന്ത്യന്‍ ഗ്രാമസമൂഹത്തിന്റെ ഭാഗമായി മാര്‍ക്‌സ് വിവരിക്കുന്ന ഡസനോളം വ്യക്തികള്‍, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്നപോലെ ‘സമൂഹത്തിന്റെ മുഴുവന്‍ ചെലവിന്മേല്‍ നിലനിര്‍ത്തപ്പെടുന്നി’ല്ല; ഈ ഡസന്‍ വ്യക്തികളും മറ്റു പലരും ഓരോരുത്തര്‍ക്കും ഭൂമിയിലോ വിളവിന്മേലോ ഏതെങ്കിലും തരത്തിലുളള അവകാശമുള്ളവരാണ്. ഇങ്ങനെയാണ്, പരേതനായ ലോഗന്‍ വിവരിക്കുന്ന രീതിയിലുള്ള സമ്പ്രദായം സൃഷ്ടിക്കപ്പെട്ടത്:
ഹിന്ദുവ്യവസ്ഥയുടെ ഏകകം കുടുംബമായിരുന്നു; വ്യക്തിയല്ല. കുടുംബങ്ങളുടെ ഒരു സമുച്ചയം ഒരു സംഘമോ ഗില്‍ഡോ ആയി രൂപം പൂണ്ടു. ഈ സംഘങ്ങളില്‍ ഓരോന്നിനും രാഷ്ട്രശരീരത്തില്‍ വ്യക്തമായ ധര്‍മങ്ങളുണ്ടായിരുന്നു. ഈ പ്രവൃത്തികള്‍ പഴയ കാലത്ത് വ്യക്തമായും പരമ്പരാഗതമായിരുന്നു… നായന്മാര്‍ ‘കണ്ണി’ന്റെയും ‘കൈ’യുടെയും ‘കല്‍പ്പന’യുടെയും പ്രവൃത്തി നിര്‍വഹിച്ചു. ‘അവകാശങ്ങളിന്‍മേല്‍ കൈവയ്ക്കുകയോ അവയെ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്നതിനെ തടയേണ്ടത്’ അവരുടെ കടമയായിരുന്നു. കാണം (കാണുകയോ കാണപ്പെടുകയോ) ‘കാണുക’ എന്ന ദ്രാവിഡപദത്തില്‍ നിന്നാണ് ഉല്‍ഭവിക്കുന്നത്. ആ ക്രിയയുടെ ധാതു കണ്‍(കണ്ണ്) ആണ്… അതുകൊണ്ട് ‘കാണം’ അതിന്റെ മൂലാര്‍ഥത്തില്‍ രാഷ്ട്രശരീരത്തിലുള്ള അവരുടെ ഈ പ്രവൃത്തിയെ സൂചിപ്പിച്ചതായി തോന്നുന്നു… എന്നാല്‍ ഈ മേല്‍നോട്ടാവകാശം (കാണം) എന്തായിരുന്നു? കോന്‍ (ഇടയന്‍, രാജാവ്), പതി (പ്രഭു, യജമാനന്‍) ഇവര്‍ക്ക് ഭൂമിയില്‍ അധികാരമുള്ളവരെന്ന നിലയ്ക്ക് വിളവില്‍ ഓഹരിയുണ്ടായിരുന്നു. ഈ ഓഹരികളെ കുറിക്കുന്നതിനുള്ള പ്രത്യേക വാക്ക് പടുവിന്റെ (അധികാരിയുടെ) വാരം (പങ്ക്) എന്ന അര്‍ഥത്തിലുള്ള പാട്ടമായിരുന്നു… നായന്മാര്‍ എല്ലാ അവകാശങ്ങളെയും സംരക്ഷിച്ചുകൊണ്ടും യാതൊന്നും ദുരുപയോഗപ്പെടുത്താതെ നോക്കിയും അതേസമയത്തുതന്നെ കൃഷിയുടെ മേല്‍നോട്ടം വഹിച്ചുകൊണ്ടും വിളവില്‍ കോന് അല്ലെങ്കില്‍ രാജാവിനുള്ള ഓഹരി- വാസ്തവത്തില്‍ പൊതുഭൂനികുതി- പിരിച്ചുകൊണ്ടു രാജ്യമൊട്ടുക്കും വ്യാപിച്ചുകിടന്നിരുന്നുവെന്നതിനു സംശയമില്ല…
സ്റ്റേറ്റിന്റെ എല്ലാ പ്രവൃത്തിക്കാര്‍ക്കും വിളവില്‍ സുനിശ്ചിതമായ ഓഹരികള്‍ നീക്കിവച്ചിരുന്നു. കോന് അല്ലെങ്കില്‍ രാജാവിന് അദ്ദേഹത്തിന്റെ ഓഹരിയുണ്ടായിരുന്നു. അതുപോലെതന്നെ പതിക്ക് അല്ലെങ്കില്‍ മേല്‍ക്കോയ്മയ്ക്ക് (പ്രത്യക്ഷത്തില്‍ പാരമ്പര്യമായുള്ള ദായകന്‍- അങ്ങനെ ഒരാളുണ്ടായിരുന്നെങ്കില്‍) ഒരോഹരിയുണ്ടായിരുന്നു. അങ്ങനെയൊരു പതിയോ പാരമ്പര്യമായുള്ള ദായകനോ ഉണ്ടായിരുന്നില്ലെങ്കില്‍ അയാളുടെ ഓഹരി സംരക്ഷകരുടെയും മേല്‍നോട്ടക്കാരുടെയും സംഘത്തിന്- ‘അറനൂറു’കാര്‍ക്ക്, നായര്‍ കൂട്ടത്തിന്, കാണക്കാര്‍ക്ക്- ലഭിച്ചിരുന്നെന്നു തോന്നുന്നു.
എന്നാല്‍ പെരുമാളുടെ അവകാശം പെട്ടെന്നവസാനിച്ചപ്പോള്‍ അവരുടെ (കോന്റെ) വിളവിലുള്ള ഓഹരി, ചുരുങ്ങിയത് മലബാറിലെങ്കിലും, ഏതെങ്കിലും നിലയില്‍ പെരുമാളുടെ സ്ഥാനം വഹിച്ച പ്രമാണികളിലേക്കു തീര്‍ച്ചയായും പകര്‍ന്നില്ല. പ്രമാണികള്‍ക്ക് സ്വന്തം ഭൂമിയില്‍നിന്നുള്ള വരവുണ്ടായിരുന്നു; അവരുടെ കീഴിലുള്ളവരില്‍ ഭൂരിഭാഗത്തിന്റെ ഭൂമിയില്‍നിന്നും അവര്‍ ഒന്നും പിരിച്ചിരുന്നില്ല. പ്രമാണികള്‍ പാരമ്പര്യമായുള്ള ഭൂമിയുടമസ്ഥ (ജന്മികള്‍)രായിരുന്നു. വിളവിന്റെ ഒരോഹരി അവര്‍ക്കു ലഭിച്ചു. നേരേമറിച്ച്, അവരുടെ കീഴിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗം- നായര്‍ സംരക്ഷകകൂട്ടത്തിന്റെ തലവന്മാര്‍- കോന്റെ വിളഭോഗം അപഹരിച്ച്, അതുപോലെ പാരമ്പര്യ ഭൂമിയുടമസ്ഥ(ജന്മികള്‍)രായിത്തീര്‍ന്നു.
കേരളത്തിലെ കുടിയായ്മകളുടെ മൗലികാശയം ഓര്‍മിക്കുന്നപക്ഷം- അതായത് ഭൂമി തുണ്ടുകളാക്കി ചില വര്‍ഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ കൊടുത്തുവെന്നത്- മുകളില്‍ പറഞ്ഞ സംഗതി ഹിന്ദുവ്യവസ്ഥയുടെ ഏറ്റവും സ്വാഭാവികഫലമാണെന്നു കാണാന്‍ കഴിയും.
ഇങ്ങനെയാണ് ഫ്യൂഡല്‍ ജന്മിത്വവ്യവസ്ഥ- ജന്മി, കാണംദാര്‍, കൃഷി ചെയ്യാത്ത മറ്റുതരം ഉടമസ്ഥന്മാര്‍, അതുപോലെതന്നെ യഥാര്‍ഥത്തില്‍ കൃഷി ചെയ്യുന്ന കുടിയാന്മാര്‍ ഇവരിലോരോരുത്തര്‍ക്കും വിളവില്‍ നിശ്ചയിച്ചിട്ടുളള ഓഹരി ലഭിക്കുന്ന ആ വ്യവസ്ഥ സൃഷ്ടിക്കപ്പെട്ടത്. ഈ മുറതന്നെയാണ് പിന്നീട് ബ്രിട്ടീഷുകാര്‍ പരിഷ്‌കരിക്കുകയും കുറ്റമറ്റതാക്കുകയും ചെയ്തതും ഇന്നേവരെ തുടര്‍ന്നുവരുന്നതും. അതുകൊണ്ടത് ഇന്നു ജനാധിപത്യവാദികളുടെയെല്ലാം തികച്ചും ശരിയായ അധിക്ഷേപത്തിനു ശരവ്യമായിട്ടുണ്ട്. എന്നാല്‍ എംഗല്‍സ് അടിമത്തത്തെ സംബന്ധിച്ചു പറഞ്ഞതുപോലെ, അതെത്രതന്നെ പരസ്പരവിരുദ്ധവും തെറ്റുമായിട്ടു നമുക്കു തോന്നാമെങ്കിലും അക്കാലത്തെ പരിതഃസ്ഥിതികളില്‍ അതിന്റെ ആവിര്‍ഭാവം മുന്നോട്ടുള്ള ഒരു വലിയ കാല്‍വയ്പായിരുന്നുവെന്നു പറയാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു… ജീവിക്കാനാവശ്യമായതില്‍ കൂടുതലായി വളരെ കുറച്ചുമാത്രം മിച്ചമുണ്ടാക്കാനുള്ള കഴിവേ മനുഷ്യാധ്വാനത്തിനുള്ളൂ എന്ന നിലയില്‍, ഉല്‍പ്പാദനശക്തികള്‍ക്ക് എന്തെങ്കിലും ഒരു വികാസമുണ്ടാകണമെങ്കില്‍, വ്യാപാരം വിപുലപ്പെടണമെങ്കില്‍, രാഷ്ട്രത്തിന്റെയും നിയമത്തിന്റെയും വളര്‍ച്ചവേണമെങ്കില്‍, കലയും ശാസ്ത്രവും വളരാന്‍ തുടങ്ങണമെങ്കില്‍, കൂടുതലായ പ്രവൃത്തിവിഭജനംകൊണ്ടുമാത്രമേ സാധ്യമായിരുന്നുള്ളൂവെന്നു വ്യക്തമാണ്. ലളിതമായ കായികാധ്വാനം നിര്‍വഹിക്കുന്ന ബഹുജനങ്ങളും, അധ്വാനത്തെ നിയന്ത്രിക്കുകയും വ്യാപാരവും പൊതുക്കാര്യങ്ങളും നടത്തുകയും പിന്നീട് കലയിലും ശാസ്ത്രത്തിലും വ്യാപൃതരാവുകയും ചെയ്യുന്ന ചുരുക്കം മെച്ചപ്പെട്ടവരും തമ്മിലുള്ള ആ വലിയ പ്രവൃത്തിവിഭജനമാണ് ഇതിനാവശ്യമായ അടിസ്ഥാനം.
അതുകൊണ്ട് ഇന്നത്തെ ഫ്യൂഡല്‍- ജന്മിത്വ വ്യവസ്ഥയെ തകര്‍ക്കാന്‍ നാം അങ്ങേയറ്റം സമരം ചെയ്യുമ്പോള്‍ തന്നെ എംഗല്‍സിനെപ്പോലെ നാമും മനസ്സിലാക്കണം:
അതിനെ പൊതുവില്‍ എതിര്‍ക്കുകയും അത്തരം നെറികേടുകളുടെ നേരേ കടുത്ത ധാര്‍മികരോഷം പ്രകടിപ്പിക്കുകയും ചെയ്യാനെളുപ്പമാണ്. നിര്‍ഭാഗ്യവശാല്‍, ഇതിന്റെയെല്ലാം അര്‍ഥം എല്ലാവര്‍ക്കും അറിയാം, അതായത് ഈ സ്ഥാപനങ്ങള്‍ നമ്മുടെ ഇന്നത്തെ പരിതഃസ്ഥിതികള്‍ക്കും ഈ പരിതഃസ്ഥിതികള്‍ നിര്‍ണയിക്കുന്ന നമ്മുടെ വികാരങ്ങള്‍ക്കുമനുയോജ്യമല്ല.
ഫ്യൂഡല്‍- ജന്മിത്വവ്യവസ്ഥ നിലവിലുള്ള മണ്ണിലാണ് ഇന്നത്തെ കേരളത്തിലെ വിവിധ ഗോത്രങ്ങളും ജാതികളും വ്യക്തമായ ജനസമുദായമായി വളരാന്‍ തുടങ്ങിയത്. എന്തുകൊണ്ടെന്നാല്‍, കായികാധ്വാനം ചെയ്യുന്നവരും ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നവരും തമ്മിലുള്ള പ്രവൃത്തിവിഭജനവും, ഉല്‍പ്പാദനപ്രക്രിയയില്‍ നേരിട്ടേര്‍പ്പെടാത്ത വര്‍ഗങ്ങള്‍ക്കും ജാതികള്‍ക്കും ഉല്‍പ്പന്നത്തിന്റെ ഒരു നിശ്ചിത ഓഹരി നീക്കിവച്ചതുകൊണ്ട് സാധ്യമായിത്തീര്‍ന്ന, ബുദ്ധിജീവികളുടെ തലമുറയില്‍നിന്നു തലമുറയിലേക്കുള്ള വളര്‍ച്ചയും കൂടിയാണ് പല നാട്ടുഭാഷകളുടെയും ഏകീകരണം വഴി ഒരു ദേശീയഭാഷ-, ഒരു രാഷ്ട്രത്തിന്റെ പ്രഥമലക്ഷണമതാണല്ലോ, ആവിര്‍ഭവിക്കാന്‍ സഹായിച്ചത്.
മലയാളം വ്യക്തമായ ഒരു സാഹിത്യഭാഷയായി വളര്‍ന്നത് നമ്മുടെ ചരിത്രത്തില്‍ വളരെ വൈകിയ ഒരു ഘട്ടത്തിലാണെന്നും അത് ആദ്യം തമിഴിനും പിന്നീട് സംസ്‌കൃതത്തിനും വളരെയധികം കീഴ്‌പ്പെട്ടിരുന്നുവെന്നും നാം കണ്ടുകഴിഞ്ഞു. എന്നാല്‍ പെരുമാക്കന്മാരുടെ പതനത്തിനുശേഷമുള്ള നൂറ്റാണ്ടുകളില്‍ മലയാളത്തിലെ സാഹിത്യകൃതികള്‍ ഈ രണ്ടു ഭാഷകളുടെയും പിടിയില്‍നിന്നു കൂടുതല്‍ കൂടുതല്‍ വിമുക്തമാവാന്‍ തുടങ്ങുകയും യഥാര്‍ഥത്തില്‍ പുതിയൊരു ദേശീയഭാഷയ്ക്കു ജന്മം കൊടുക്കുകയും ചെയ്യുന്നതായി നാം കാണുന്നു. കവിതകളിലും മറ്റു കലാസൃഷ്ടികളിലും അതുപോലെതന്നെ വിവിധ നാടുവാഴി ഭരണാധികാരികളുടെ റിക്കാര്‍ഡുകളിലും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ജനസമുദായത്തിന്റേതായ ഭാഷയുടെ സ്വഭാവ വിശേഷങ്ങളോടുകൂടിയ ഒരു ശൈലിയുടെ അനുക്രമമായ വളര്‍ച്ച നാം കാണുന്നു. ഈ പരിണാമഗതി പതിനാറും പതിനേഴും നൂറ്റാണ്ടുകളായപ്പോഴേക്കും ഗണ്യമായി പുരോഗമിച്ചു-. ഒരു യഥാര്‍ഥ ദേശീയ സാഹിത്യം രൂപം കൊള്ളാന്‍ തുടങ്ങിയ കാലമായി ആ നൂറ്റാണ്ടുകളെ കണക്കാക്കാവുന്നതാണ്. ഈ കാലഘട്ടത്തിലെ സാഹിത്യകൃതികള്‍ ഏതെങ്കിലും സംസ്‌കൃതകൃതികളുടെ വെറും തര്‍ജുമകളോ ദുര്‍ബലമായ പരാവര്‍ത്തനങ്ങളോ അനുകരണങ്ങളോ അല്ലെന്നും നേരേമറിച്ച്, സ്വതന്ത്ര കൃതികളാണെന്നും (സ്വീകരിച്ച ഇതിവൃത്തങ്ങളില്‍ അവ സ്വതന്ത്രങ്ങളല്ലെങ്കിലും ശൈലി, ഭാവന തുടങ്ങിയവയില്‍ തീര്‍ച്ചയായും സ്വതന്ത്രങ്ങളായിരുന്നു.) നാം കാണുന്നു; പോരാ, ഈ കൃതികള്‍ ഓരോ വീട്ടിലും പാരായണം ചെയ്യപ്പെട്ട, ഇന്നും പാരായണം ചെയ്തുപോരുന്ന, പുരാണങ്ങളായിത്തീരുമാറ് എഴുതുന്നതിന്റെ ശൈലിയും സാങ്കേതികരീതിയും അത്ര പ്രചാരമുള്ളതായിത്തീര്‍ന്നു.
എന്നാല്‍ പെരുമാക്കന്മാരുടെ പതനത്തിനുശേഷമുള്ള നൂറ്റാണ്ടുകള്‍ ഒരു ദേശീയഭാഷയുടെ ആവിര്‍ഭാവംകൊണ്ടു മാത്രമല്ല മുന്തിനില്‍ക്കുന്നത്. അതുപോലെതന്നെ ഗണനീയമായ തരത്തില്‍ പൊതുവില്‍ കലകളും ഈ കാലഘട്ടത്തില്‍ പൂത്തുവിരിഞ്ഞു. ഹിന്ദുക്ഷേത്രങ്ങളും ക്രിസ്ത്യന്‍പള്ളികളും മുസ്ലിംപള്ളികളും മതപരവും സാംസ്‌കാരികവുമായ പ്രവര്‍ത്തനത്തിന്റെ വിവിധരൂപങ്ങളിലൂടെ വിനോദവും വിജ്ഞാനവും നല്‍കിക്കൊണ്ട് സാധാരണക്കാരായ ജനലക്ഷങ്ങള്‍ക്ക് ആകര്‍ഷണകേന്ദ്രങ്ങളായിത്തീര്‍ന്നു; ഇവയിലൂടെയാണ് കഥകളി, ഓട്ടന്‍തുള്ളല്‍, കൂത്ത് തുടങ്ങിയവ വളരുകയും ദേശീയകലകളുടെ സ്ഥാനം നേടുകയും ചെയ്തത്. ഈ കലാരൂപങ്ങളെ വളര്‍ത്തിയ കലാകാരന്മാരും അവയില്‍ ആകൃഷ്ടരായ സദസ്യരും കൂടിച്ചേര്‍ന്ന് തലമുറകളിലൂടെ മലയാളിയുടെ പ്രത്യേക മാനസികഘടനയുടെ ഭാഗമായിത്തീര്‍ന്ന സാംസ്‌കാരികബോധം ഒട്ടുമൊത്തത്തില്‍ സൃഷ്ടിച്ചു.
ഈ സാഹിത്യകൃതികളില്‍ മിക്കവയും, ഈ കലാരൂപങ്ങളിലധികവും, ഒരു ജാതിയുടെയോ ജാതികളുടെ ഒരു ഗ്രൂപ്പിന്റെയോ സങ്കുചിതപരിധിക്കുള്ളിലാണുയര്‍ന്നുവന്നതെന്നത് വാസ്തവമാണ്. മലയാളത്തിലെ മഹത്തായ പുരാണകൃതികള്‍ മിക്കവയും ഹിന്ദു ഗ്രന്ഥകാരന്മാരെഴുതിയവയും ഹിന്ദുമതകഥകളെ പരാമര്‍ശിക്കുന്നവയുമാണ്; അതുപോലെ കഥകളിയും മറ്റു കലകളും മുഖ്യമായ ഹൈന്ദവസ്വഭാവത്തോടുകൂടിയവയാണ്. ഈ ദേശീയകലകളിലും സാഹിത്യകൃതികളിലും അധികവും ഉപരിവര്‍ഗങ്ങളില്‍ ഒതുങ്ങിനിന്നിരുന്നുവെന്നതും വാസ്തവമാണ്. എന്നിരുന്നാലും ഈ സാഹിത്യകൃതികളും കലാരൂപങ്ങളും, ജാതികളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്കുപോകുന്നതും യഥാര്‍ഥത്തില്‍ ദേശീയവുമായ ഒരു ശൈലിയുടെയും സാങ്കേതികരീതിയുടെയും സൃഷ്ടിക്കടിസ്ഥാനമിട്ടു.
അതിനുംപുറമേ, എല്ലാ ജാതികളുടെയും ഉപരിവര്‍ഗങ്ങളില്‍നിന്നു വന്നവരായ സംസ്‌കൃതാശയര്‍ ഈ ശൈലിയും സാങ്കേതികരീതിയും ആസ്വദിക്കുവാനും സ്വന്തം പ്രത്യേകജാതിയിലും മതത്തിലും അവയെ അംഗീകരിക്കാന്‍പോലും തുടങ്ങി (ഉദാഹരണം, ക്രിസ്ത്യാനിയുടെ ചവിട്ടുനാടകം ഹിന്ദുവിന്റെ കഥകളിയുടെ ഒരനുവര്‍ത്തനമാണ്).
ഇങ്ങനെ സാഹിത്യവും കലകളും പൂത്തുവിരിയാന്‍ തുടങ്ങിയത്, സ്റ്റാലിന്റെ അഭിപ്രായപ്രകാരം, ഒരു രാഷ്ട്രത്തിന്റെ സ്വഭാവവിശേഷങ്ങളിലൊന്നായ ആ ‘‘സാമ്പത്തികജീവിതൈക്യത്തിന്റെ സാമ്പത്തികച്ചേര്‍ച്ചയുടെ” വികാസത്തിന്റെ പ്രകടനമല്ലാതെ മറ്റൊന്നുമായിരുന്നില്ല. നാം കണ്ടുകഴിഞ്ഞതുപോലെ, ഈ സാമ്പത്തികജീവിതൈക്യത്തിന്റെ അഭാവമായിരുന്നു ചേരസാമ്രാജ്യത്തിന്റെയും പെരുമാള്‍ സാമ്രാജ്യത്തിന്റെയും പതനത്തിനു കാരണം. എന്നാല്‍ പെരുമാക്കന്മാരുടെ പതനത്തിനുശേഷമുണ്ടായ ഉല്‍പ്പാദനത്തിന്റെയും വിനിമയത്തിന്റെയും വളര്‍ച്ച- തേങ്ങ മുതലായ ധാന്യേതര വിളകളുടെ ഉല്‍പ്പാദനം; പ്രാഥമികോല്‍പ്പന്നങ്ങളെ സംസ്‌കരിച്ച് കൂടുതലായ ഉല്‍പ്പാദനത്തിനുപയോഗിക്കുന്ന ചില സമ്പ്രദായങ്ങളുടെ അംഗീകാരം; ചില കൈവേലകളുടെ വളര്‍ച്ചയും പരിഷ്‌കരണവും; അനേകം ഉല്‍പ്പന്നങ്ങളുടെ പ്രാദേശികവും വിദേശങ്ങളില്‍പ്പോലുമുള്ള വിനിമയം മുതലായവ; ആഭ്യന്തരവും വൈദേശികവുമായ വ്യാപാരത്തിന്റെ വളര്‍ച്ച, പണം അധികമധികം ഉപയോഗിക്കാന്‍ തുടങ്ങിയത്- ഇവയെല്ലാം ഭൂമി പണയപ്പെടുത്തുകയും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനു വഴിതെളിച്ചു. ഇങ്ങനെ സാവധാനത്തിലും തലമുറകളിലൂടെയും എന്നാല്‍ അസന്ദിഗ്ധമായും ഒരു രാഷ്ട്രത്തിന്റെ രൂപീകരണത്തിനുള്ള ആ പൂര്‍വോപാധി- ദേശീയവിപണി- ആവിര്‍ഭവിച്ചുകൊണ്ടിരുന്നു. ഇതായിരുന്നു, എല്ലാവര്‍ക്കുമറിയുന്നപോലെ, ആദ്യം അറബികളെയും പിന്നീട് പോര്‍ച്ചുഗീസുകാരെയും അനന്തരം ഡച്ചുകാരെയും അവസാനം ബ്രിട്ടീഷുകാരെയും അവര്‍ ഫാക്ടറികള്‍ സ്ഥാപിക്കുകയും കച്ചവടം തുടങ്ങുകയും ചെയ്ത, കോഴിക്കോട്, കൊച്ചി, കൊല്ലം തുടങ്ങിയ കടലോരപട്ടണങ്ങളിലേക്കാകര്‍ഷിച്ചത്.
ഒരു ജനസമുദായമെന്ന നിലയ്ക്കുള്ള മലയാളികളുടെ ഐക്യത്തിന്റെ ഒരു സിദ്ധാന്തത്തെപ്പറ്റി- പെരുമാള്‍ സാമ്രാജ്യം അനേകം ചെറുരാജ്യങ്ങളായി ഛിന്നഭിന്നമായത് നിര്‍ഭാഗ്യകരമായ ഒരു യാദൃച്ഛികസംഭവമായിരുന്നുവെന്ന ധാരണയെപ്പറ്റി- ഈ അധ്യായത്തിന്റെ ആരംഭത്തില്‍ സൂചിപ്പിക്കുകയുണ്ടായല്ലോ. ആ ധാരണതന്നെ വാസ്തവത്തില്‍ ഈ സാമ്പത്തികയാഥാര്‍ഥ്യത്തിന്റെ, വളര്‍ന്നുവരുന്ന ദേശീയവിപണിയെന്ന യാഥാര്‍ഥ്യത്തിന്റെ സാമൂഹ്യബോധത്തിലുള്ള പ്രതിഫലനമാണ്. കാരണം, കേന്ദ്രീകൃത സാമ്രാജ്യരാഷ്ട്രം, പ്രാചീനകാലത്തും മധ്യയുഗത്തിന്റെ ആദ്യഘട്ടത്തിലും കേരളത്തിന്റെ മണ്ണിനനുയോജ്യമല്ലാത്ത ഒരു സ്ഥാപനമായിരുന്നുവെങ്കിലും, അതുകൊണ്ട് ചേരപ്പെരുമാള്‍ സാമ്രാജ്യങ്ങള്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ച കാലത്ത് അവ തകര്‍ന്നുവീഴാതിരിക്കാന്‍ സാധ്യത ഉണ്ടായിരുന്നില്ലെങ്കിലും, പെരുമാക്കന്മാരുടെ പതനത്തിനുശേഷമുള്ള നൂറ്റാണ്ടുകളില്‍, പെരുമാള്‍ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളിന്മേല്‍ പ്രതിഷ്ഠിതമായ ചെറുരാജ്യങ്ങള്‍ അധികമധികം കാലാനുസൃതമല്ലാതായിത്തീരത്തക്കവിധം ഉല്‍പ്പാദനത്തിലും വിപണിയുടെ വികസനത്തിലും അത്രമാത്രം അഭിവൃദ്ധിയുണ്ടായി. ശക്തരായ ഭരണാധികാരികള്‍ അയല്‍രാജ്യങ്ങള്‍ പിടിച്ചടക്കുകയും ഈ അയല്‍രാജ്യങ്ങളിലെ ഭരണാധികാരികളെ സാധാരണ ജന്മികളാക്കിമാറ്റുകയും ചെയ്യുന്ന നടപടിക്രമം അധികമധികം ഉണ്ടാകാന്‍ തുടങ്ങി. ഇതായിരുന്നു, പെരുമാക്കന്മാരുടെ പതനത്തിനുശേഷം സ്ഥാപിതമായ ചെറുകിട രാജ്യങ്ങളുടെ വ്യവസ്ഥയില്‍ അനിവാര്യമായിരുന്ന, അയല്‍രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം നടക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിനിടയാക്കിയത്.
കോഴിക്കോട്ടെ സാമൂതിരിയും കൊച്ചിയിലെയും തിരുവിതാംകൂറിലെയും രാജാക്കന്മാരുമായിരുന്നു ഇങ്ങനെ ചെറുകിട രാജ്യങ്ങളുടെ ചെലവിന്മേല്‍ സ്വയം ശക്തി പ്രാപിച്ചത്. ഇവരിലോരോരുത്തരും കേരള ചക്രവര്‍ത്തിപദത്തിനുള്ള അവകാശമുന്നയിച്ചു-. പെരുമാളുടെ നേരിട്ടുള്ള പിന്തുടര്‍ച്ചാവകാശിയാണെന്നതായിരുന്നു സാമൂതിരിയുടെ ന്യായം. എന്തുകൊണ്ടെന്നാല്‍, അവസാനത്തെ പെരുമാളുടെ മകനായിരുന്നു സാമൂതിരിവംശത്തിന്റെ സ്ഥാപകന്‍; കൊച്ചിരാജാവിന്റെ ന്യായം അവസാനത്തെ പെരുമാളുടെ സഹോദരീപുത്രനാണ് തന്റെ വംശത്തിന്റെ സ്ഥാപകനെന്നതായിരുന്നു; തിരുവിതാംകൂര്‍ രാജാവിന്റെ ന്യായമാകട്ടെ, ചേരചക്രവര്‍ത്തിമാരുടെ നേരിട്ടുള്ള പിന്തുടര്‍ച്ചാവകാശി താനാണെന്നതായിരുന്നു. ഏറ്റവും ശക്തരായ ഈ മൂന്നു കേരളരാജാക്കന്മാരിലാരാണ് ചക്രവര്‍ത്തിയായിത്തീരേണ്ടത്-: ഇതുമാത്രമായിരുന്നു തീരുമാനിക്കപ്പെടേണ്ട പ്രശ്‌നം.
എന്നാല്‍ ഈ രാജാക്കന്മാര്‍ തങ്ങളുടെ രാജ്യങ്ങളുടെ വിസ്തൃതി വര്‍ധിപ്പിച്ചതുകൊണ്ടുമാത്രം തൃപ്തരായിരുന്നില്ല. അവര്‍ക്ക് തങ്ങളുടെ രാഷ്ട്രീയാധികാരം വര്‍ധിപ്പിക്കുകയും നാടുവാഴി പ്രമാണികളുടെയും ക്ഷേത്രസമിതികളുടെയും മറ്റും അധികാരങ്ങളെ നിയന്ത്രിക്കുകയുംകൂടി ചെയ്യണമായിരുന്നു. സൈനികമായും ഭരണപരമായും തങ്ങളുടെ കീഴിലുള്ള നാടുവാഴികള്‍ തങ്ങളെ ആശ്രയിക്കേണ്ടിവരണമെന്നവര്‍ ആഗ്രഹിച്ചു. ചുരുക്കത്തില്‍, രാജാവ് പരമാധികാരിയും, നാടുവാഴികളും ദേശവാഴികളും ജന്മികളും പരിപൂര്‍ണമായും അദ്ദേഹത്തിന്റെ വരുതിക്ക് കീഴിലുമായിരിക്കുന്ന ഒരുതരം ഭരണം സ്ഥാപിക്കാനാണവര്‍ പരിശ്രമിച്ചത്. അത്തരമൊരു ഭരണവ്യവസ്ഥ സ്ഥാപിക്കാന്‍വേണ്ടി അവര്‍ തങ്ങളുടെ നാടുവാഴിപ്രതിയോഗികള്‍ക്കെതിരായി കണ്ണില്‍ച്ചോരയില്ലാത്ത ഭീകരനടപടികളെടുത്തു. രാജാവും അദ്ദേഹത്തിന്റെ ഫ്യൂഡല്‍ സില്‍ബന്തികളും തമ്മിലുള്ള സംഘട്ടനത്തിന്റെ കഥകള്‍ അനേകമുണ്ട്. അവര്‍ താന്താങ്ങളുടെ അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനുവേണ്ടി പരസ്പരം ഒരേവിധത്തിലുള്ള അടവുകള്‍ പ്രയോഗിച്ചു. ഈ രാജാക്കന്മാരിലൊരാളുടെ ജീവചരിത്രകാരന്‍ പറയുന്നതുപോലെ, ഈ രാജാക്കന്മാര്‍ സന്ധിക്കേണ്ടവരുമായി സന്ധി ചെയ്തു; എതിര്‍ക്കേണ്ടവരെ എതിര്‍ത്തു; ഞെരുക്കേണ്ടവരെ ഞെരുക്കി; സഹായിക്കേണ്ടവരെ സഹായിച്ചു; നശിപ്പിക്കേണ്ടവരെ നശിപ്പിച്ചു-, എല്ലാം ഒരു രാഷ്ട്രം, ഒരു രാജാവ് എന്ന തത്വം സ്ഥാപിക്കാന്‍വേണ്ടി.
ഇങ്ങനെ, അതേ കാലഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടിരുന്നതുപോലെ ദേശീയൈക്യം, ദേശീയ രാഷ്ട്രത്തിന്റെ സ്ഥാപനം തുടങ്ങിയ ഗതിക്രമത്തിലൂടെ കേരളവും കടന്നുപോവുകയായിരുന്നു. ഐക്യകേരളവാദികള്‍ അത്രയേറെ പരിതപിക്കുന്ന, കേരളത്തിന്റെ രാജാക്കന്മാര്‍ തമ്മില്‍ മേധാവിത്വത്തിനുവേണ്ടി നടത്തിയ ആഭ്യന്തരകലഹംതന്നെ, കേരളത്തിന്റെ വര്‍ധിച്ചുകൊണ്ടിരുന്ന ഐക്യത്തിന്റെ ദേശീയമായ ഏകീകരണത്തിനുള്ള തടസ്സങ്ങള്‍, ചരിത്രത്തിനറിയുന്ന ഒരേയൊരു രീതിയില്‍- ബലപ്രയോഗംവഴി- നീക്കം ചെയ്യപ്പെടുകയായിരുന്നുവെന്ന വസ്തുതയുടെ ഒരു പ്രകടനമായിരുന്നു. സാമൂതിരിയും കൊച്ചിയിലെയും തിരുവിതാംകൂറിലെയും രാജാക്കന്മാരും തമ്മില്‍ കേരളചക്രവര്‍ത്തിസ്ഥാനത്തിനുവേണ്ടിയും അവരുടെ കീഴിലുണ്ടായിരുന്ന നാടുവാഴി പ്രമാണികള്‍ക്കെതിരായും നടത്തിയ യുദ്ധങ്ങളിലൂടെയായിരുന്നു കേരളത്തിന്റെ രാഷ്ട്രീയൈക്യം വാര്‍ത്തെടുത്തത്. അതുകൊണ്ടാണ് ആ യുദ്ധങ്ങള്‍ നടത്തിയ രാജാക്കന്മാര്‍, അതേസമയംതന്നെ ദേശീയകലയുടെയും സാഹിത്യത്തിന്റെയും വലിയ രക്ഷാധികാരികളുമായിരുന്നത്; അവരുടെ കൊട്ടാരങ്ങള്‍ മഹാപണ്ഡിതന്മാരുടെയും കവികളുടെയും കലാകാരന്മാരുടെയും ആകര്‍ഷണകേന്ദ്രങ്ങളായിരുന്നത്. ഇങ്ങനെ ദേശീയവിപണിയുടെ മണ്ണില്‍ ദേശീയരാഷ്ട്രവും ദേശീയസംസ്‌കാരവും ഉയര്‍ന്നുവരികയായിരുന്നു. കേരളത്തിന് ഇങ്ങനെ ഒരു രാഷ്ട്രത്തിന്റെ എല്ലാ പ്രധാന സ്വഭാവവിശേഷങ്ങളും സിദ്ധിച്ചു. l