കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ഒരു രേഖ “വിദഗ്ധരെ ഉപയോഗിച്ച്’ തയ്യാറാക്കുന്നുവെന്ന് കോൺഗ്രസ് അവകാശപ്പെട്ടിരുന്നു . അത്തരത്തിലുള്ള ചില രേഖകൾ പദയാത്രക്കിടയിൽ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവും അവകാശപ്പെട്ടിരുന്നു. എന്നാൽ അത്തരത്തിലുള്ള രേഖകളൊന്നും പുറത്തുവന്നതായി അറിയില്ല. ഇപ്പോൾ നമ്മുടെ കൈവശമുള്ളത് ചില അഭിമുഖങ്ങളിലെ പ്രതികരണങ്ങൾ മാത്രമാണ്.
ഏതാണ്ട് കാൽനൂറ്റാണ്ടായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം ചർച്ചാവിഷയമാണ്. വ്യവസായികളായ കുമാരമംഗലം ബിർളയും മുകേഷ് അംബാനിയും വാജ്പേയ് ഗവൺമെന്റിനു സമർപ്പിച്ച റിപ്പോർട്ട്, കോൺഗ്രസിനു പ്രിയങ്കരനായ സാം പിത്രോദ നയിച്ച ‘എൻ കെ സി റിപ്പോർട്ട്, രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുള്ള യശ്പാൽകമ്മിറ്റിറിപ്പോർട്ട്, മോദി സർക്കാറിന്റെ കാലത്തുണ്ടായ നിരവധി റിപോർട്ടുകൾ എന്നിവയ്ക്ക് ശേഷമാണ് എൻ ഇപി 2020 പ്രഖ്യാപിച്ചത്. എൻഇപി 2020 ൽ പ്രകടമായ ഹിന്ദുത്വ അജൻഡയെ മാറ്റി നിർത്തിയാൽ ശേഷിച്ച ഭാഗങ്ങൾക്കെല്ലാം കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ സർക്കാരും ഉത്തരവാദിയാണ്. അതു കൊണ്ട് ഇപ്പോൾ നടക്കുന്ന ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ച് കോൺഗ്രസിന്റെ പ്രതികരണങ്ങൾ എന്താണെന്നറിയാൻ കൗതുകമുണ്ടാകും.
കേരളത്തിലെ കോൺഗ്രസുകാർ സംസ്ഥാനത്തെ പ്രവർത്തനം കേന്ദ്രത്തിലെ പ്രവർത്തനത്തെക്കാൾ കൂടുതൽ ഗൗരവത്തിൽ എടുക്കുന്ന ആളുകളാണ്. അതുകൊണ്ട് കേന്ദ്രനയങ്ങളോട് പ്രതികരിക്കുന്നതിൽ അവർ ശ്രദ്ധിക്കാറില്ല. അത് കേരള ഗവണ്മന്റിനെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നു എന്നു കണ്ടാൽ പ്രതികരിക്കും. സ്വന്തം രാഷ്ട്രീയ ശത്രുക്കളാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിൽ കേന്ദ്രവും സംസ്ഥാനവും ഒന്നുതന്നെയാണ് ചെയ്യുന്നതെന്ന് അവർ വാദിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. എൻ ഇ പി 2020- അഖിലേന്ത്യാ തലത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട വിദ്യാഭ്യാസനയമാണ്. ചർച്ചകൾ നടക്കുമ്പോൾ ഒരു തരത്തിലുള്ള നിയമനിർമ്മാണത്തിന്റെയും അകമ്പടി ഇല്ലാതെ നിർവഹണ ഉത്തരവുകളിലുടെയാണ് ഈ നയം നടപ്പിലാക്കപ്പെടുന്നത്. 1956 ൽ പാർലമെന്റ് അംഗീകരിച്ച യുജിസി നിയമത്തിനുള്ള അനുബന്ധ നടപടിക്രമങ്ങൾ എന്ന നിലയിലാണ് എൻഇപി 2020 തുമായി ബന്ധപ്പെട്ട ഓരോ യുജിസി ഉത്തരവും നടപ്പിലാക്കുന്നത്. ഇവയ്ക്ക് പ്രതികൂലവും ജാതി സംരക്ഷണത്തെക്കുറിച്ചുള്ള ഉത്തരവിന് അനുകൂലവുമായി നിരവധി പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഇതിനകം ഉണ്ടായിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് കോൺഗ്രസിന്റെ പ്രതികരണം എന്താണെന്നറിയില്ല. എന്തായാലും എൻ ഇ പി 2020 നെ സംബന്ധിച്ച് കോൺഗ്രസ് എന്തെങ്കിലും വിമർശനം ഉന്നയിച്ചതായി കാണുന്നില്ല.
എൻ ഇ പി 2020 ൽ ഏറ്റവും ശക്തമായി വിമർശിക്കപ്പെട്ടത് അതിൽ പ്രകടമായ ഹിന്ദുത്വ വർഗീയ അജൻഡയാണ്. അത് മുന്നോട്ടു കൊണ്ടു പോകുമെന്ന് മോദി സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് കേന്ദ്രവിദ്യാാഭ്യാസ വകുപ്പ് വിതരണം ചെയ്ത സിലബസിൽ എല്ലായിടത്തും ഹിന്ദുത്വവിഷയങ്ങൾ കടന്നുവന്നതു കൂടാതെ ഇന്ത്യൻ വൈജ്ഞാനിക വ്യവസ്ഥ എന്ന വിഷയം എല്ലാ ബിരുദ കോഴ്സുകളിലും നിർബന്ധമായി പഠിപ്പിക്കണമെന്ന് നിർദ്ദേശിിക്കുകയും ചെയ്തു . അത് കോൺഗ്രസ് അറിഞ്ഞതായി കാണുന്നില്ല. അതിനു ബദലായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ‘കേരള വിജ്ഞാന വ്യവസ്ഥയെ കുറിച്ച് ഒരു പുസ്തകം’– തയ്യാറാക്കി. കേരളം മാത്രമാണ് ഇത്തരത്തിൽ ഒരു ശ്രമം നടത്തിയത്. ഇതിനോടും കോൺഗ്രസുകാർ പ്രതികരിച്ചിട്ടില്ല. ഹിന്ദുത്വ മതരാഷ്ട്രീയം എന്നത് അവരെ എങ്ങനെയെങ്കിലും ബാധിക്കുന്ന വിഷയമാണെന്ന് കോൺഗ്രസിന് ഇതുവരെ തോന്നിയിട്ടുമില്ല.
‘ചതുർവത്സര ബിരുദ കോഴ്സുകൾ എൻഇപിയുടെ ഭാഗമായ പ്രധാനപ്പെട്ട നീക്കമാണ്. ആദ്യം ഡൽഹി സർവകലാശാലയിൽ പരീക്ഷിക്കപ്പെട്ട ഈ കോഴ്സുകൾ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിക്കപ്പെട്ടു. 2020 നു ശേഷമാണ് അത് വീണ്ടും നടപ്പിലാക്കപെട്ടത്. അതിനോട് കോൺഗ്രസ് പ്രതികരിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല . കോഴ്സ് നടപ്പിലാക്കുന്നതിൽ പ്രശ്നങ്ങളുണ്ടായപ്പോൾ കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ ഒരു കമ്മീഷനെ വെച്ചിട്ടുണ്ട്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിലും അവരുടെ അഭിപ്രായം ത്രിവത്സര കോഴ്സിലേക്ക് തിരിച്ചു പോവുകയാണ് എന്നാണ് അറിയുന്നത്. ഇവിടത്തെ കോൺഗ്രസിന് വല്ല അഭിപ്രായവുമുണ്ടോ എന്നറിയില്ല കേരളം ചതുർവത്സര കോഴ്സിലേക്ക് പോകാൻ തീരുമാനിച്ചത് ദേശീയ അന്താരാഷ്ട്രതലങ്ങളിൽ വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതയ‍്ക്കും തുടർപഠനത്തിനും ഒരു തടസ്സവും ഉണ്ടാകരുത് എന്ന കാരണത്താലായിരുന്നു. ഈ പ്രക്രിയ കൃത്യമാക്കാനായി കേരള ഗവണ്മെന്റ് മൂന്നു കമ്മീഷനുകളെ നിശ്ചയിച്ചു. അവരുടെ റിപ്പോർട്ടുകളനുസരിച്ച് കോഴ്സ് നിർവഹണം നിജപ്പെടുത്താനായി ഒരു കരിക്കുലം കമ്മിറ്റിയെയും നിശ്ചയിച്ചു. കമ്മിറ്റി നിലവിലുള്ള യുജിസി അടക്കമുള്ള നിബന്ധനകളെയാകെ കണക്കിലെടുത്ത് ഒരു പൊതു മാർഗരേഖ തയ്യാറാക്കി സർവകലാശാലകൾക്കു നൽകി. അതനുസരിച്ച് സർവകലാശാലകളാണ് കോഴ്സ് ഘടന തീരുമാനിക്കുന്നത്. ഈ പ്രക്രിയ മുഴുവനും കോൺഗ്രസിനും പ്രതിപക്ഷ നേതാവിനും അറിയുന്നതാണ്. ഇതിനോടൊന്നും പ്രതികരിക്കാതെ ഉന്നതവിദ്യാഭ്യാസംമുഴുവൻ താളം തെറ്റിക്കിടക്കുകയാണ് എന്ന് ഒറ്റയടിക്കു പറഞ്ഞു വെക്കലാണ് നല്ലത് എന്ന് അദ്ദേഹത്തിനറിയാം.
ഉന്നത വിദ്യാഭ്യാസത്തിന്റെ താളം തെറ്റിയത് എന്തുകൊണ്ടാണ്?ഭരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയമാണ് കാരണമെന്ന് കണ്ണിമയ്ക്കാതെ അദ്ദേഹം പറയും. നിയമപരമായി സർവകലാശാലകൾക്കു നേതൃത്വം കൊടുക്കുന്ന വിസിമാരുടെ നിയമനത്തിൽ കൈകടത്തി അവിടെ ഭരണ സംവിധാനം പോലും ഇല്ലാതാക്കിയ ചാൻസലർ പദവിയുള്ള ഗവർണർമാരുടെ പങ്ക് അദ്ദേഹം പറയില്ല . സാധ്യമായ ഇടത്തൊക്കെ ആർ എസ് എസുകാരെ തിരുകിക്കയറ്റി പല സർവകലാശാലകളെയും സംഘർഷ ഭൂമികളാക്കിയത് സതീശൻ പറയില്ല. ഈ അനിശ്ചിതാവസ്ഥ സുപ്രധാനമായ പുതിയ പാഠ്യപദ്ധതി പ്രവർത്തനത്തെ സാരമായി ബാധിച്ചു എന്ന് അദ്ദേഹം അംഗീകരിക്കുക പോലും ചെയ്യില്ല.
ചതുർ വത്സര കോഴ്സുകളുടെ രൂപീകരണ പ്രവർത്തനം അക്കാദമിക് സമൂഹം മുഴുവൻ ഏറ്റെടുത്തു നടത്തേണ്ട ജനാധിപത്യ പ്രവർത്തനമാണ്. കോൺഗ്രസിനു സ്വാധീനമുള്ള നിരവധി കോളേജുകളും മാനേജ്മെന്റുകളും ഈ കോഴ്സുകളുടെ നടത്തിപ്പിനെപ്പറ്റി വ്യാകുലതകളുള്ളവരാണ്. അതേസമയം അവരാരും പുതിയ സാധ്യതകളെ എതിർക്കുന്നതായും അറിയില്ല. ഇതിനെപ്പറ്റി കോൺഗ്രസിന് വല്ല അഭിപ്രായവുമുണ്ടോ? ഉണ്ടെങ്കിൽ സ്വന്തം അനുകൂലികളെയെങ്കിലും ഈ നിർദ്ദേശങ്ങൾ പഠിപ്പിക്കാൻ തയ്യാറുണ്ടോ?ചുരുങ്ങിയത് ക്യാമ്പസ് ജനാധിപത്യമെങ്കിലും അതുകൊണ്ട് ശക്തിപ്പെടും. ക്യാമ്പസ് തിരഞ്ഞടുപ്പിൽ പോളിങ് ഓഫീസർമാരെ ആക്രമിച്ച് ബാലറ്റ് പേപ്പർ കത്തിക്കുന്നതല്ല ക്യാമ്പസ് ജനാധിപത്യം എന്ന് ചിലർക്കെങ്കിലും മനസ്സിലാകും.
പ്രതിപക്ഷ നേതാവിന്റെ ഉൽക്കണ്ഠ ഇതിലൊന്നിലുമല്ല. നിരവധി വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി നാടുവിട്ടുപോകുന്നതാണ്. അവർ അങ്ങനെ പോകുന്നത് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചകൊണ്ടാണ് എന്നാണ് അദ്ദേഹം കരുതുന്നത്. നിലവാരത്തകർച്ചയെ കുറിച്ചുള്ള ഈ വാദം ഉന്നയിക്കുന്നത് കേരളത്തിലെ സർവകലാശാലകളും കോളേജുുകളും ഇന്ത്യയിലെ വ്യത്യസ്ത ഗുണനിലവാര നിർണയ സൂചികകളിൽ ഉയർന്ന സ്ഥാനം നേടുമ്പോഴാണ് എന്നത് ദൗർഭാഗ്യകരമാണ്. ഒന്നുകിൽ അദ്ദേഹം ഈ സ്ഥാനലബ്ധിയെ ഗൗരവത്തിൽ എടുത്തിട്ടില്ല; അല്ലെങ്കിൽ അദ്ദേഹം കരുതുന്നത് കേരളത്തിലെ ശരാശരി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിലവാരത്തെക്കുറിച്ചുള്ള ധാരണ ഈ റേറ്റിങ്ങുകളേക്കാൾ എത്രയോ ഉയർന്നതാണ് എന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ വിരലിലെണ്ണാവുന്ന സർവകലാശാലകളും കോളേജുകളുമൊഴിച്ചാൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗം പൊതുവിൽ മോശമാണ് . അക്കൂട്ടത്തിൽ പെടുന്നതാണ് കേരളവും. അതുകൊണ്ട് കുട്ടികൾ മെച്ചപ്പെട്ട വിദ്യാഭ്യാസ സാധ്യതകൾ തേടി മറുനാടുകളിലെത്തുന്നു.
പ്രതിപക്ഷ നേതാവ് അങ്ങനെ ഉദ്ദേശിച്ചിരിക്കാൻ സാധ്യതയില്ല. ഇന്ത്യൻ അവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള വിമർശനാത്മകമായ പ്രതികരണം അദ്ദേഹത്തിന്റെ വായിൽ നിന്നു വരാൻ സാധ്യതയില്ല. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസം തകർന്നുവെന്ന് സ്ഥാപിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. പഴയ നിലയിലേക്ക് കേരളത്തെ വീണ്ടെടുക്കണമല്ലോ. പക്ഷേ പത്തുവർഷത്തിനു മുമ്പു മുതൽ മറുനാടുകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. വിവര വിനിമയ സാങ്കേതികവിദ്യകളുടെയും വാണിജ്യ വിദ്യാഭ്യാസത്തിന്റെയും വളർച്ചയോടെ സ്റ്റഡി – എബ്രോഡ് തലക്കെട്ടോടെ നിരവധി ഏജൻസികൾ പ്രവർത്തനമാരംഭിച്ചിരുന്നു. അവർ ഗ്രാമങ്ങളിൽ വരെ എജ്യൂക്കേഷണൽ ഫെയർ നടത്തിവന്നു. ഇവരുടെ പ്രലോഭനത്തിനു വഴങ്ങിയാണ് നിരവധി രക്ഷിതാക്കൾ സ്വന്തം കിടപ്പാടം വിറ്റും പണയം വെച്ചും സ്വന്തം കുട്ടികളെ പുറം നാടുുകളിിലേക്കയക്കാൻ തയ്യാറായത്. ഇവർ എത്തിപ്പെട്ടത് ഏറ്റവും ഗുണനിലവാരമുള്ള സർവകലാശാലകളിലായിരുന്നില്ല. ഹാർവാർഡ് പോലുള്ള സർവകലാശാലകളിൽ പ്രവേശന പരീക്ഷയെഴുതുന്ന അമേരിക്കക്കാരിൽ 10 ശതമാനത്തിനു പോലും പ്രവേശനം ലഭിക്കാറില്ല. മലയാളി വിദ്യാർത്ഥികൾ എത്തിപ്പെട്ടത് പണം വാങ്ങി പഠിപ്പിക്കുന്ന ഫീസ് അടയ്ക്കാൻ പോലും വിദ്യാർത്ഥികൾക്ക് നൈറ്റ് ഷിഫ്റ്റിലും ഈവനിങ്ങ് ഷിഫ്റ്റിലും ജോലി ചെയ്യേണ്ടി വരുന്ന അറവുശാലകളിലാണ്. അവർ അവിടെ എത്തിയത് ഒരു ബിരുദമെടുത്താൽ എന്തെങ്കിലും വരുമാനദായകമായ തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അവരിൽ തന്നെ ഒരു ചെറു ന്യൂനപക്ഷത്തിനു മാത്രമേ കേരളത്തിന്റെ വികസനത്തിൽ ക്രിയാത്മകമായ എന്തെങ്കിലും പങ്കു വഹിക്കാനുള്ള ശേഷിയുള്ളു. മറ്റുള്ളവർ തിരിച്ചുവരുമോ എന്നതു പോലും തീർച്ചയില്ല.
പുറത്തുപോയവർ തിരിച്ചുവന്നു പഠിക്കുന്ന വിധത്തിൽ ഉന്നതവിദ്യാഭ്യാസമേഖലയെ മെച്ചപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ട്. ഉന്നത നിലവാരത്തിൽ പഠനം പൂർത്തിയാക്കുന്നവർ തിരിച്ചുവന്നാൽ അവർക്ക് തൊഴിൽ സാധ്യത ഒരുക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ‘എന്തു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്? ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതസാമുദായികശക്തികളുടെ നിയന്ത്രണത്തിലാണ്. അവയിൽ പൂർണമായും അക്കാദമിക് യോഗ്യത അനുസരിച്ച് നിയമനം നടത്തുന്ന സ്ഥാപനങ്ങൾ ഇല്ലെന്നു തന്നെ പറയാം. നിയമനത്തിനുള്ള യുജിസി നിബന്ധനകൾ പാലിക്കുകയാന്നെങ്കിൽ സർവകലാശാലകളിൽ പോലും നിയമന സാധ്യതകൾ കുറവാണ്. അതുകൊണ്ടു തന്നെ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം അതിഭീമമാണ്. ഇതിന് എന്തു പരിഹാരമാണ് നിർദ്ദേശിക്കാനുള്ളത്? നിലവിൽ വന്ന വിബി എസ് എയുടെ നിബന്ധനകൾ പിന്തുടരുകയാണെങ്കിൽ കരിക്കുലത്തിലോ നിയമനങ്ങളിലോ പ്രത്യേകസ്വാതന്ത്ര്യമൊന്നും കേരളത്തിന് പ്രതീക്ഷിക്കേണ്ടതില്ല. വി ബി എസ് എ യോടുള്ള നിലപാട് എന്താണെന്ന് ഇതുവരെ കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ല. ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രതിഭാകേന്ദ്രങ്ങൾ എന്നപേരിൽ സ്ഥാപനങ്ങൾ ആരംഭിക്കാൻ നീക്കം. ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ലക്ഷ്യം അന്താരാഷ്ട്രനിലവാരമുള്ള പ്രതിഭകളെ കേരളത്തിലേക്ക് ആകർഷിക്കുക എന്നതുതന്നെയാണ്. വിദേശവിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള സംവിധാനങ്ങളും കേരളത്തിലെ സർവകലാശാലകളിൽ ഇപ്പോൾ തന്നെ നടക്കുന്നുണ്ട്. ഇതിനോടുള്ള കോൺഗ്രസിന്റെ പ്രതികരണവും പുറത്തുവന്നിട്ടില്ല.
ആരോഗ്യ സേവനത്തെ ഇതുപോലെ ഒരു ഹബ്ബ് ആക്കണമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നുണ്ട്. ഇപ്പോൾ ആരോഗ്യ സ്ഥാപനങ്ങൾ വളരെ വിപുലമായി കോർപ്പറേറ്റ് ഏജൻസികൾ ഏറ്റെടുത്ത മട്ടാണ്. ഇതു തുടരുകയാണെങ്കിൽ കേരളത്തിലെ സ്വകാര്യ ആരോഗ്യ സേവന മേഖല കോർപ്പറേറ്റുകളുടെ കയ്യിലാകും. കോർപ്പറേറ്റ് ആരോഗ്യ ശൃംഖലയുടെ ദൗർബല്യങ്ങൾ കോവിഡ് കാലഘട്ടത്തിൽ വികസിത രാഷ്ട്രങ്ങളിൽ തന്നെ പ്രകടമായിരുന്നു. കേരളം പിടിച്ചു നിന്നത് ശക്തമായ പൊതുജനാരോഗ്യസംവിധാനത്തിന്റെ മേന്മ കൊണ്ടാണ്. ഇതു നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പ്രതിപക്ഷനേതാവിന് തോന്നാത്തത് എന്തു കൊണ്ടാണ്? അതിവിപുലമായ ഒരു മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സംഭവിക്കുന്ന പിഴവുകളെ പർവതീകരിച്ച് ആരോഗ്യ സംവിധാനത്തിനെതിരായ കാമ്പയ്നാക്കി മാറ്റുന്നത് കോൺഗ്രസ് തന്നെയാണ്. താൽക്കാലിക തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കു പുറമേ ആരുടെ താല്പര്യങ്ങൾക്കു വേണ്ടിയാണ് ഈ കാമ്പയ്ൻ നടത്തുന്നത്? പ്രതിപക്ഷ നേതാവിന്റെ ഹെൽത്ത് ഹബ്ബ് ഒരു കോർപ്പറേറ്റ് ഹബ്ബ് ആകുമെന്നു കരുതുന്നതിൽ തെറ്റുണ്ടോ?
ഉന്നത വിദ്യാഭ്യാസം പൊതുവിൽ കോർപ്പറേറ്റ് താല്പര്യങ്ങൾക്കും അവരുടെ തൊഴിൽപരമായ ആവശ്യങ്ങൾക്കും വിധേയമാകണമെന്ന കാര്യത്തിൽ പ്രതിപക്ഷനേതാവിന് ഒരു തർക്കവുമില്ല. അത്തരമൊരു തൊഴിൽസേന കേരളത്തിൽ തന്നെ നിൽക്കണമെങ്കിൽ കേരളത്തിലേക്ക് കോർപറേറ്റ് നിക്ഷേപം വരണം. തൊഴിൽ സമരങ്ങളെ സംബന്ധിച്ച് കേരളത്തിന് ചീത്ത പ്പേരുണ്ടായെന്നും താൻ അടക്കമുള്ള ട്രേഡ് യൂണിയൻ നേതാക്കൾ ( അദ്ദേഹം ഏതു യൂണിയന്റെ നേതാവായിരുന്നു എന്നറിയില്ല) തൊഴിലാളികളോട് സമരം ചെയ്യരുതെന്ന് നിർദ്ദേശിച്ചു എന്നും അദ്ദേഹം പറയുന്നു. ഉല്ലാദനം വർദ്ധിപ്പിക്കാനായി തൊഴിലാളികൾ ‘ഹാർഡ് വർക്ക്’ചെയ്യണം. അതിനുള്ള വൈദഗ്ധ്യവും ഉണ്ടാകണം, അപ്പോൾ വ്യവസായ നിക്ഷേപം കൂടുതൽ കേരളത്തിലേക്കു വരും എന്നാണ് സതീശന്റെ വാദം.
തൊഴിലാളികൾ പണിയെടുക്കാത്തതുകൊണ്ടാണോ വ്യവസായ നിക്ഷേപം കേരളത്തിലേക്കുവരാതിരുന്നത്? അതോ മറ്റു പ്രദേശങ്ങളിലെ പോലെ കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ മലയാളികൾ സന്നദ്ധരാകാതിരുന്നതു കൊണ്ടാണോ? തൊഴിൽ സമരങ്ങൾ ശക്തമായിരുന്ന അൻപതുകൾ മുതൽ എഴുപതുകൾ വരെ കേരളത്തിൽ വ്യാവസായിക അഭിവൃദ്ധിയല്ലേ ഉണ്ടായത്? അതിനു ശേഷമല്ലേ വ്യവസായങ്ങളുടെ വളർച്ച മുരടിച്ചത്? എൺപതുകൾ മുതൽ യഥാർത്ഥത്തിൽ നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ കുറയുകയായിരുന്നില്ലേ? കേരളത്തിലെ വർദ്ധിച്ച കൂലിയല്ലേ നിരവധി അതിഥി തൊഴിലാളികളെ കേരളത്തിലേക്കാകർഷിക്കുന്നത്. അപ്പോൾ പ്രശ്നം തൊഴിൽ സമരങ്ങളല്ല. നിക്ഷേപകർ എന്തിൽ നിക്ഷേപിക്കുമെന്നതുതന്നെയാണ്. ഇപ്പോൾ ഐ ടി, ടൂറിസം, അടുത്ത കാലത്തായി ആരോഗ്യം എന്നിവയിലാണ് നിക്ഷേപങ്ങളുള്ളത്. വ്യത്യസ്തമായ നിർദേശങ്ങൾ പ്രതിപക്ഷ നേതാവിനും കേന്ദ്രഗവണ്മെന്റിനുമുണ്ടെന്നു തോന്നുന്നു. റെയർ എർത്ത്സ്, സമുദ്രവിഭവങ്ങൾ (കടലാമ) എന്നിവയെപ്പറ്റി കോൺഗ്രസ് അഭിപ്രായമൊന്നും പറയുന്നതും കേട്ടില്ല. ബി ജെ പി യെ വെറുതെ വിട്ടാൽ മാമാങ്കം മുതൽ പൊങ്കാല വരെ എല്ലാം ഭക്തിയാക്കി വിറ്റുകാശാക്കിത്തരും. ഇതൊക്കെ തന്നെയാണോ കോൺഗ്രസിന്റെ വികസന കാഴ്ചപ്പാട് എന്നതും വ്യക്തമല്ല.
ഒന്ന് വ്യക്തമാണ്: പ്രതിപക്ഷ നേതാവിന്റെയും കോൺഗ്രസിന്റെയും ഉന്നതവിദ്യാഭ്യാസത്തെയും വികസനത്തെയും സംബസിച്ച കാഴ്ചപ്പാടുുകളിൽ അഖിലേന്ത്യാ തലത്തിൽ പിൻതുടരപ്പെടുന്ന നയങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ഒരു വിഷയമല്ല. കേരളത്തിൽ പത്തു വർഷം സംഭവിച്ച വികസനമല്ലാതെ മറ്റൊന്നും ഈ ചർച്ചയ്ക്ക് ബാധകമല്ല. അവിടെ പോലും കോർപ്പറേറ്റുകൾക്കും സ്വകാര്യ മൂലധനത്തിനും അനുകൂലമായി എൽഡിഎഫ് പ്രവർത്തിച്ചിട്ടില്ല എന്ന പരാതി മാത്രമേ അദ്ദേഹത്തിനുള്ളു. അതുകൊണ്ട് കേന്ദ്രവുമായി ആവശ്യമില്ലാതെ കലഹിക്കുകയും പിന്നീട് പണം കിട്ടാനായി ഒത്തുതീർപ്പുകളുണ്ടാക്കുകയും ചെയ്തു. അതായത് കോർപ്പറേറ്റ് അനുരഞ്ജനം കോൺഗ്രസ് ആഗ്രഹിക്കുന്നതുപോലെ നടന്നിരുന്നുവെങ്കിൽ ഈ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവില്ലായിരുന്നുവത്രേ. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ അനുരഞ്ജന സമീപനം മാതൃകയാകുന്നത്, ആ സുവർണ കാലഘട്ടം വീണ്ടെടുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസും എൽ ഡി എഫും തമ്മിലുള്ള കലഹവും അവിടെ തന്നെയാണ്. l



