എന്തായിരിക്കണം കേരളത്തിന്റെ വികസന തന്ത്രം? ബിജെപിയോടു ചോദിച്ചിട്ടു കാര്യമില്ല. ‘വികസിത കേരളം’ എന്ന മുദ്രാവാക്യത്തിനപ്പുറം ഇപ്പോൾ അവരുടെ കൈയിൽ ഒന്നുമില്ല. യുഡിഎഫ് ആകട്ടെ കഴിഞ്ഞ പത്തു വർഷക്കാലത്തെ പിണറായി വിജയൻ സർക്കാരുകളുടെ നിശിതവിമർശകരാണ്. എന്നാൽ, ബദൽ എന്ത് എന്നതിനെക്കുറിച്ച് അവർക്ക് യാതൊരു കൃത്യതയുമില്ല. എന്തു വികസന പരിപാടിയായാലും പണം ആണല്ലോ അടിസ്ഥാനം. കേരളത്തിന്റെ ധനകാര്യവും ചർച്ച ചെയ്യപ്പെടണം. പ്രതിപക്ഷ നേതാവാണ് ഇതു സംബന്ധിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് അവയെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാടുമായി താരതമ്യപ്പെടുത്തി വിമർശിക്കുന്നതിനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.
കേരളം കടക്കെണിയിലാണുപോലും
കേരളത്തിന്റെ ധനകാര്യ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം അതിരുവിട്ട കടമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ സിദ്ധാന്തം. അദ്ദേഹത്തിന്റെ സമീപകാല പോഡ്കാസ്റ്റിൽ നിന്ന് ഉദ്ധരിക്കട്ടെ:
“ഷാരിഖ് – : അപ്പോൾ എവിടെയാണ് പാളിച്ച?”
“സതീശൻ -: കടം ഭയങ്കരമായി വർധിക്കുകയാണ്”.
“ഷാരിഖ് :- കേട്ടുകൊണ്ടിരിക്കുന്നവർക്ക് ഈ വിഷയം മനസ്സിലാകാൻ വേണ്ടി ഞാൻ പറയുകയാണ്, കേരളത്തിൽ ഇന്നു നിലനിൽക്കുന്ന കടം നാലരലക്ഷം കോടി രൂപയാണ്.”
“സതീശൻ :- ഇപ്പോൾ അത് അഞ്ച് ലക്ഷം ആയി”.
“ഷാരിഖ് :- ഓക്കെ അഞ്ച് ലക്ഷം ആയി. സംസ്ഥാനത്തെ നമ്മുടെ മൊത്തം റവന്യൂ, ഒരു വർഷത്തെ റവന്യൂ നോക്കിയാൽ 1.4 ലക്ഷം കോടിയാണ്.”
ഇതു കടപ്പേടിക്കാരുടെ പതിവ് പരിപാടിയാണ്. കടവർദ്ധനയുടെ കണക്കു പറഞ്ഞു പേടിപ്പിക്കുകയാണ്. ‘‘2006 ൽ 48,000 കോടി രൂപയായിരുന്നു കടം. അതിപ്പോൾ, 10 ഇരട്ടി വർധിച്ച് അഞ്ചു ലക്ഷം കോടി രൂപയായി…’’ ഇങ്ങനെ പോകുന്നു അവതരണം. ഈ വർധനയുടെ നാൾവഴി എടുത്താൽ നമ്മൾ കാണുന്ന ഒരു കാര്യമുണ്ട്.
വിഎസ് സർക്കാരിന്റെ കാലത്ത് (2006-–2011) മൊത്തം കടബാധ്യതകൾ 75 ശതമാനമാണ് വർധിച്ചത്. തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് (2011-–2016) അത‍് 93 ശതമാനം വർധിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് (2016-–2021) കോവിഡ് കാലമായിട്ടുകൂടി കടബാധ്യതകൾ 91 ശതമാനമേ വർധിച്ചുള്ളൂ. കോവിഡ് കാലത്ത് കൂടുതൽ വായ്‌പ എടുക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയിട്ടും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ കുറവായിരുന്നു കടബാധ്യതയിലുണ്ടായ വർധനവ്. രണ്ടാം പിണറായി സർക്കാരിന്റെ (2021-–2026) കാലത്തോ? കടബാധ്യത വർധിച്ചത് 60 ശതമാനം മാത്രം. ഇതാണ് വസ്തുത.
എന്നിട്ടും പ്രതിപക്ഷ നേതാവിന്റെ വിമർശനം എൽഡിഎഫ് കടം വാങ്ങി മുടിച്ചു എന്നാണ്. പ്രതിപക്ഷ നേതാവിന് അറിയാം മൊത്തം തുകയല്ല പ്രസക്തം, കടവും ജിഡിപിയും തമ്മിലുള്ള തോതാണ് പരിശോധിക്കേണ്ടതെന്ന്.
കടഭാരത്തിന്റെ തോത്
‘‘സതീശൻ: – ജി.എസ്.ഡി.പി.യുടെയും കടത്തിന്റെയും റേഷേ-്യാ ആണ് പ്രധാന ഘടകം. ഇപ്പോൾ കേരളത്തിന്റെ ഈ റേഷേ-്യാ എന്നു പറയുന്നത് 37 ശതമാനം ആണ്”.
“ഷാരിഖ് -: കറക്റ്റ് ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളെയും വെച്ചു നോക്കിയാൽ അതിന്റെ മീഡിയം വരുന്ന ശതമാനമാണ്. അപ്പോളും നമ്മൾ 37 ശതമാനത്തിൽ നിൽക്കുകയാണ്.”
‘‘സതീശൻ: – അതുതന്നെ ഏറ്റവും മോശമായ അവസ്ഥയിൽ നിൽക്കുകയാണ് നമ്മൾ.’’
എന്താണ് വാസ്തവം? നമ്മൾ ഏറ്റവും മോശമായ അവസ്ഥയിലാണോ? കോവിഡ് കാലത്ത് നമ്മുടെ കടം – ജി.എസ്.ഡി.പി അനുപാതം 38.5 ശതമാനമായി ഉയർന്നു. കേന്ദ്രം അനുവദിച്ച മുഴുവൻ വായ്പയും കേരളം എടുത്തു. മറ്റു പല സംസ്ഥാനങ്ങളും ഇത് ചെയ്തില്ല. നമ്മളെടുത്ത വായ്പ മുഴുവനും ജനങ്ങൾക്ക് സഹായകമായി ചെലവഴിച്ചു. മറ്റു സംസ്ഥാനങ്ങൾ വായ്പ എടുത്ത പണത്തിൽ ഗണ്യമായ ഒരു സംഖ്യ ചെലവഴിക്കാതെ ട്രഷറിയിൽ തന്നെ സൂക്ഷിച്ചു. മൂന്നു ലക്ഷം കോടി രൂപ വരും ഇത്.
കടം വാങ്ങിയ പണംകൊണ്ട് റവന്യൂ ചെലവ് പാടില്ല, ആസ്തികൾ ഉണ്ടാക്കാനേ പാടുള്ളൂവെന്ന ചിന്താഗതിക്കാരാണ് അവർ. കേരളത്തിലെ പ്രതിപക്ഷ നേതാവും അതേ ചിന്താഗതിക്കാരനാണ്. എന്നാൽ എൽഡിഎഫ് സർക്കാർ അങ്ങനെയല്ല ചിന്തിച്ചത്.
ആപത്തുഘട്ടത്തിൽ ജനങ്ങൾക്കു പരമാവധി സഹായം നൽകി. ഈ നയത്തെ പ്രതിപക്ഷ നേതാവ് അംഗീകരിക്കുന്നുണ്ടോ? കോവിഡ് കാലത്തും കടം– ജി.എസ്.ഡി.പി റേഷേ-്യാ കുറയ്ക്കുന്നതാണ്- ശരിയായ നയം എന്നാണോ പ്രതിപക്ഷ നേതാവ് കരുതുന്നത്? എങ്കിൽ അത് കേരളത്തോട് തുറന്നു പറയണം.
ഏതായാലും ഇടതുപക്ഷത്തിന്റെ നയം അതല്ല. അതാതു കാലത്തെ ആവശ്യത്തിനനുസരിച്ച്- കടത്തിന്റെ തോത് കൂട്ടുകയും കുറയ്-ക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. കോവിഡിനു ശേഷമുള്ള കാലത്ത് കടം ജിഎസ്ഡിപി റേഷേ-്യാ കുറഞ്ഞു. എന്നാൽ, ഇപ്പോൾ അത് 37 ശതമാനം അല്ല, 33 ശതമാനമാണ്.
കടം– ജി.എസ്.ഡി.പി റേഷേ-്യാ ഏറ്റവും റെക്കോർഡ് നിലവാരത്തിൽ എത്തിയത് ഏതു കാലത്താണെന്ന് പ്രതിപക്ഷ നേതാവിന് അറിയാമോ? എ.കെ ആന്റണി ഭരിച്ചിരുന്ന (2004-–2005) കാലത്ത് – 41.65 ശതമാനം. തൊട്ട് തലേ വർഷം 41.53 ശതമാനം.
ഈ കടബാധ്യതയുടെ ഭാരം കുറയ്ക്കാൻ എ.കെ ആന്റണി സ്വീകരിച്ച മാർഗം ചെലവ് ചുരുക്കുക എന്നുള്ളതായിരുന്നു. അതിന്റെ ഫലം കേരളം അനുഭവിക്കുകയും ചെയ്തു. വലിയ പ്രതിഷേധം നാട്ടിൽ ഉയരുകയും ചെയ്തു. വി.എസ് സർക്കാരിന്റെ കാലത്തും കടഭാരം കുറഞ്ഞു. പക്ഷേ, അത് ചെലവ് ചുരുക്കിക്കൊണ്ട് ആയിരുന്നില്ല, മറിച്ച്, വരുമാനം വർധിപ്പിച്ചുകൊണ്ടായിരുന്നു. 20 ശതമാനം വെച്ചാണ് അക്കാലത്തു വാറ്റ് നികുതി വർധിച്ചത്. ഇതിൽ ഏതാണ് അഭികാമ്യം എന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത്?
കടം പെരുകിയതുകൊണ്ട്
വികസനത്തിന് പണം ഇല്ലാത്ത അവസ്ഥയോ?
കടം പെരുകിയതുകൊണ്ട് പലിശയും മുതലും തിരിച്ചുകൊടുത്തുകഴിഞ്ഞാൽ ബാക്കി ക്ഷേമപ്രവർത്തനങ്ങൾക്കൊന്നും പണമില്ലാത്ത അവസ്ഥയിലാണ് കേരളം ഇന്ന് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.
സതീശൻ പറയുന്നു, ‘‘ഇവിടെയുള്ള ഏറ്റവും വലിയ പ്രശ്നമെന്നു പറയുന്നത്, ഒരു ലക്ഷത്തിനാല്പതിനായിരം കോടിയാണ് നമ്മുടെ വരുമാനം എന്നിവിടെ പറഞ്ഞു. ഈ വരുമാനത്തിൽ നിന്ന് എത്ര ശതമാനം നമ്മൾ സാമൂഹിക ക്ഷേമപ്രവർത്തനത്തിനും വികസന പ്രവർത്തനത്തിനും ഉപയോഗിക്കുന്നുണ്ട്? ഈ കടം തീർക്കണ്ടേ. കടവും കടത്തിന്റെ മേലെയുള്ള വലിയ പലിശയും ഇല്ലേ. അത് തീർക്കണ്ടേ. അതുകൂടാതെ ഉള്ള കടവും അടയ്ക്കേണ്ടേ’’.
ഹോ! എന്തൊരു അവസ്ഥ. ഈ വർഷം സർക്കാർ നൽകിയ ബജറ്റ് ഇൻ ബ്രീഫ് ആദ്യ പേജ് ഒന്ന് കണ്ണോടിച്ചാൽ മതിയല്ലോ ഇത്തരം പരിഭ്രാന്തി മാറാൻ. സംസ്ഥാന സർക്കാരിന്റെ റവന്യൂ വരുമാനം 2026-–2027-ൽ 1.83 ലക്ഷം കോടി രൂപ. അതിൽ പലിശ ചെലവ് 18.09 ശതമാനം ആണ്. റവന്യൂ ചെലവിന്റെ ശതമാനം ആയി കണക്കാക്കിയാൽ അത് 15.08 ശതമാനമേ വരൂ. ബാക്കി പണം മറ്റു ചെലവുകൾക്കായുണ്ട്. പിന്നെ തിരിച്ചടവ് കഴിഞ്ഞ് 55,000 കോടി രൂപ വായ്‌പയും. അല്ലാതെ കടത്തിന്റെ തിരിച്ചടവും പലിശയുംമൂലം മറ്റ് ചെലവിനൊന്നും പണമില്ലാത്ത അവസ്ഥയൊന്നും കേരളത്തിന് ഇല്ല.
കടംവാങ്ങി ധൂർത്തടിക്കുകയാണോ?
പ്രതിപക്ഷ നേതാവിന്റെ അടുത്ത പ്രസ്താവന നോക്കാം. അദ്ദേഹം കടം വാങ്ങുന്നതിന് എതിരല്ല. പക്ഷേ, കടം വാങ്ങുന്ന പണം ഇന്നത്തേതുപോലെ ആകരുത് ചെലവഴിക്കുന്നത്. അദ്ദേഹം പറയുന്നു,
“ഞാൻ കടം വാങ്ങുന്നതിന് എതിരല്ല. ഏതു ഗവണ്മെന്റ് ആണെങ്കിലും കടം എടുക്കണം. ബിസിനസ് ചെയ്യുമ്പോൾ കടം എടുക്കുന്നില്ലേ. ഒരു പുതിയ പ്രൊജക്ട് വന്നാൽ. പക്ഷെ, നമ്മൾക്കു cost analysis വേണ്ടേ? ഒരു അഞ്ചു കോടി രൂപ ബിസിനസ്സിൽ കടമെടുത്തു കഴിഞ്ഞാൽ നിങ്ങൾ എത്ര കോടി രൂപയാണ് തിരിച്ചടയ്-ക്കേണ്ടത്. അത് നിങ്ങൾക്ക് എങ്ങനെ തിരിച്ചടയ്-ക്കാൻ പറ്റും. നിങ്ങൾക്ക് income വന്ന് തുടങ്ങുമോ എന്നുള്ളതിനെ സംബന്ധിച്ച് ഒരു പ്ലാൻ വേണ്ടേ? അതൊന്നുമില്ല.
‘‘ഇപ്പോൾ കടം എടുക്കുന്നതിന്റെ ഒരു അമ്പതു ശതമാനത്തിൽ കൂടുതൽ അസ്സറ്റ് ക്രിയേഷനും ക്യാപിറ്റൽ എക്സ്പെൻഡിച്ചറിനും ആണെങ്കിൽ, It is Good. എന്നാൽ ഇവിടെ വെറും അഞ്ചു ശതമാനമാണ് അസ്സറ്റ് ക്രിയേഷന് വേണ്ടി ചെയുന്നത്. കാരണം എന്താ? ഈ കടവും കടത്തിന്റെ ഇന്ററെസ്റ്റും വീട്ടാൻവേണ്ടി എടുത്തുകൊണ്ടിരിക്കുകയാണ് എമൗണ്ട്. അപ്പോൾ അത് വളരെ മോശമായിട്ടുള്ള ഒരു എക്സ്പെൻഡിച്ചറാണ്. അപ്പോൾ കേരളത്തിന്റെ ഇക്കോണമി എന്നുള്ളത്- കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഒരു അവസ്ഥയിലാണ്. Very dangerous.’’
പ്രതിപക്ഷ നേതാവിനോടുള്ള എന്റെ വിനീതമായ അഭ്യർഥന ഇതാണ്: ബജറ്റ് ഇൻ ബ്രീഫ് ഒന്നാം പേജ് ഒന്നുകൂടി വായിക്കുക. കേരളത്തിന്റെ ധനകമ്മി 55,410 കോടി രൂപയാണ്. മൂലധന ചെലവോ 30,961 കോടി രൂപ. 55 ശതമാനം വരും. 5 ശതമാനം പോലും ആസ്തി നിർമ്മാണത്തിന് ഉപയോഗിക്കുന്നില്ലായെന്ന് എങ്ങനെയാണു പ്രതിപക്ഷനേതാവ് തട്ടിവിടുന്നത്? അപ്പോൾ, പ്രതിപക്ഷ നേതാവിന്റെതന്നെ മാനദണ്ഡപ്രകാരം കേരളത്തിന്റെ ധനകാര്യ സ്ഥിതി ഇന്ന് എന്താണ്? IT IS GOOD.
സ്വർണ നികുതിയെന്ന ഒറ്റമൂലി
സംസ്ഥാനത്തിന്റെ ധനഞെരുക്കം പരിഹരിക്കാൻ വി ഡി സതീശന് ഒരു ഒറ്റമൂലി ഉണ്ടത്രേ. സ്വർണ്ണത്തിൽ നിന്നും 15000 കോടി രൂപ നികുതി പിരിക്കാനാണ് ഉദ്ദേശ്യം. കേരളത്തിന്റെ റവന്യു കമ്മി തന്നെ ഇതോടെ ഇല്ലാതാകും. ഇതാണ് യുഡിഎഫ് ധനകാര്യ മേഖലയിൽ കൊണ്ടുവരാൻ പോകുന്ന മാജിക്. പ്രതിപക്ഷ നേതാവിനെ തന്നെ ഉദ്ധരിക്കട്ടെ:
“ഇനി ഒറ്റ കാര്യം കൂടി പറയട്ടെ. സ്വർണത്തിന് 2001ൽ ഒരു ഗ്രാമിന് 400 രൂപയിൽ താഴെയാണ്. 8 ഗ്രാം ആണ് ഒരു പവൻ; 3200 രൂപ ഒരു പവന്. 2001ൽ നമുക്ക് 500 കോടിയോളം രൂപ ടാക്സ് ആയി കിട്ടും. ഇപ്പോൾ 25 വർഷം കഴിഞ്ഞു. ഇന്ന് സ്വർണ്ണത്തിന്റെ വില എത്രയാണ്? 88,000 രൂപയാണ്. 2001ലെ മൂവായിരത്തിനെ അപേക്ഷിച്ച് നോക്കുമ്പോൾ എത്ര ഇരട്ടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം വിൽക്കുന്ന സ്ഥലവും കേരളമാണ്. അപ്പോൾ ഇതിന്റെ ഭാഗമായി ഏകദേശം ഒരു 30 ഇരട്ടിയോളം ടാക്സ് വർദ്ധിക്കേണ്ടതാണ്. പക്ഷേ ഇപ്പോഴും കിട്ടുന്നത് 500 കോടിയാണ്. അപ്പോൾ shady business ആണ്. ടാക്സ് അടയ്ക്കാതെ ബിസിനസ് നടക്കുകയാണ് സ്വർണത്തിൽ. ഇതു പഠിക്കണ്ടേ? മനസ്സിലാക്കണ്ടേ? അത് വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തണ്ടേ? ഒന്നും ചെയ്യുന്നില്ല…
‘‘ഇപ്പോൾ ഗോൾഡ്, കേരളത്തിൽ ഇന്ന് എത്ര ഗോൾഡ് വിൽക്കുന്നുണ്ട് എന്ന് അറിയാൻ പറ്റണം. അതിൽ എത്ര ഗോൾഡ് ആണ് കടകളിൽ കൂടി വിറ്റിട്ട് നമുക്ക് ടാക്സ് അടയ്ക്കുന്നത്? കടകളിൽ അല്ലാതെ എത്ര shady business നടക്കുന്നുണ്ട്? അത് അറിഞ്ഞിട്ട് അത് പിടിക്കണ്ടേ? എല്ലാവരെയും പിടിക്കണ്ട, ഒരു അഞ്ചു പേരെ പിടിച്ചാൽ മതി. എന്നാൽ അങ്ങനെ പിടിക്കാനുള്ള ഒരു ശ്രമവും നടത്തുന്നില്ല. അപ്പോൾ സത്യത്തിൽ പതിനായിരമോ 15,000 മോ കോടി രൂപയുടെ ടാക്സ് ഗോൾഡിൽ നിന്ന് മാത്രം കിട്ടിയേനെ. 15,000 കോടി നമ്മുടെ കയ്യിൽ കിട്ടിയാൽ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം.”
ഇതുകേട്ടിട്ട് അഭിമുഖം നടത്തുന്നയാൾക്ക് വിസ്മയംകൊണ്ട് ഇരിക്കപ്പൊറുതിയില്ല. അദ്ദേഹം ആശ്ചര്യപ്പെടുന്നത് ഇങ്ങനെ: “നമ്മുടെ ഫിസ്-കൽ ഡെഫിസിറ്റ് 40,000 കോടി രൂപയാണ്. ഒരു 15,000 കോടി രൂപ ഇങ്ങനെ കയ്യിൽ വന്നാൽ ഈ ഡെഫിസിറ്റിന്റെ പകുതി അങ്ങനെതന്നെ മാറി.”
ആദ്യംതന്നെ ചെറിയൊരു തിരുത്ത്. 2006-ൽ യുഡിഎഫ് ഭരണം അവസാനിക്കുമ്പോൾ സ്വർണ നികുതി വരുമാനം 23 കോടി രൂപ ആയിരുന്നു. വാറ്റിൽ കോമ്പോസിഷൻ കൊണ്ടുവന്നതിന്റെ ഫലമായി അത് 2011 ആയപ്പോൾ 450 കോടി രൂപയായി. ജി.എസ്.ടി വന്നപ്പോൾ നികുതി എത്ര? ആർക്കും അറിഞ്ഞുകൂടായെന്നു പറഞ്ഞാൽ ഞെട്ടരുത്.
സ്വർണം: ഇ–വേബില്ല് വേണ്ടാത്ത
ഏക ചരക്ക്
ജി.എസ്.ടി നികുതി അടയ്ക്കുന്ന ഫോമിൽ ഏതെല്ലാം ഉല്പന്നങ്ങൾക്കാണ് നികുതി അടയ്ക്കുന്നതെന്നു വെളിപ്പെടുത്തേണ്ടതില്ല. അതുകൊണ്ട് സ്വർണത്തിൽനിന്ന് എത്ര നികുതി കിട്ടുന്നൂവെന്ന് ചോദിച്ചാൽ ആർക്കും ഉത്തരം പറയാനാവില്ല. ഇതു സംബന്ധിച്ച് തർക്കം വേണ്ട. ജോൺ ബ്രിട്ടാസ് എംപി പാർലമെന്റിൽ ഇനം തിരിച്ചുള്ള ജി.എസ്.ടി വരുമാനത്തെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചു. അങ്ങനെയൊരു വിവരം ലഭ്യമല്ലായെന്ന് കേന്ദ്ര ധനമന്ത്രി മറുപടിയും നൽകി.
കേരളത്തിലേക്ക് എന്തെല്ലാം ചരക്കുകൾ കൊണ്ടുവരുന്നു, എന്തെല്ലാം വിൽക്കുന്നു എന്നൊക്കെ അറിയണമെങ്കിൽ ഒറ്റമാർഗമേയുള്ളൂ; ഇ–വേ-ബില്ല് ഡാറ്റാബേസ് പരിശോധിക്കുക. 50,000 രൂപയ്ക്കു മുകളിലുള്ള ചരക്കുകൾ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെങ്കിൽ ഇ–വേ-ബില്ല് വേണം. ഒരു ചരക്കിന് മാത്രം ഇത് നിർബന്ധമായിരുന്നില്ല. അത് സ്വർണത്തിനാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ആകെ വേണ്ടത് ഇന്ന വ്യക്തിയെ അല്ലെങ്കിൽ സ്ഥാപനത്തെ കാണിക്കാൻ കൊണ്ടുപോകുന്നതാണെന്നു സ്വയം സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചാൽ മാത്രം മതി.
തുടക്കം മുതലേ ഇതിനെ എതിർത്തുവരുന്ന സംസ്ഥാനം കേരളമാണെന്ന കാര്യം പ്രതിപക്ഷനേതാവിന് അറിയാമോ? കേരളത്തിന്റെ നിലപാടിനെ നിശിതമായി ചെറുക്കുന്ന സമീപനമാണ് ഗുജറാത്ത്, യുപി സർക്കാരുകളുടെ നേതൃത്വത്തിൽ ബിജെപി സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ളത്. കാരണവും പറഞ്ഞേക്കാം. കള്ളക്കടത്ത് സ്വർണത്തിന്റെ ഗണ്യമായ ഭാഗം നേപ്പാൾ വഴി ഗുജറാത്തിലേക്കാണ് പോകുന്നത്. സ്വർണത്തിന്റെ നീക്കം പുറത്തറിഞ്ഞാൽ സുരക്ഷിതത്വ പ്രശ്നം സൃഷ്ടിക്കും എന്നതായിരുന്നു അവരുടെ വാദം. ഒടുവിൽ ഒരു ഉപസമിതിയെ വച്ചു. ഞാനായിരുന്നു അതിന്റെ അധ്യക്ഷൻ. അവസാനം മഹാരാഷ്ട്രയുടെ മധ്യസ്ഥതയിൽ ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് സ്വർണത്തിന് ഇ–വേ-ബില്ല് ഏർപ്പെടുത്താമെന്ന് കൗൺസിലിൽ ശുപാർശ ചെയ്യാൻ ധാരണയായി. എന്നാൽ ഇത് ജിഎസ്ടി കൗൺസിൽ അംഗീകരിച്ചത് കഴിഞ്ഞ വർഷം മാത്രമാണ്.
കേരള സർക്കാർ എന്ത് ചെയ്തു?
മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ കൊണ്ടുവരുന്ന സ്വർണത്തിന് ഇ–വേ-ബില്ല് നിർബന്ധമാക്കാൻ കേരളത്തെ ജിഎസ്ടി കൗൺസിൽ അനുവദിച്ചില്ല. കേരളത്തിനകത്തുള്ള വിൽപ്പനയ്ക്കു മാത്രമാണ് ഇ–വേ-ബില്ല്. അതിൽ തന്നെ ഭാഗികമായ അനുവാദം മാത്രമാണുള്ളത്; ഇ–വേ-ബില്ലിലെ ചരക്കു നീക്കം നടത്തുന്ന വാഹനത്തിന്റെ വിവരം നൽകേണ്ട ഭാഗമായ പാർട്ട് ബി സ്വർണ്ണത്തിന്റെ കാര്യത്തിൽ നടപ്പിലാക്കാൻ കൗൺസിൽ ഇന്നും അനുവദിച്ചിട്ടില്ല. ഇങ്ങനെ കേരളത്തിനകത്തു മാത്രമുള്ള നിലവിലെ പാതി ഇ–വേ-ബില്ല് സംവിധാനംകൊണ്ട് വെട്ടിപ്പ് തടയാനാവില്ല. കാരണം, സംസ്ഥാനത്തിനു പുറത്തുള്ള ജ്വല്ലറി ബ്രാഞ്ചുകളുമായി കൃത്രിമ കച്ചവടത്തിന്റെ രേഖകളുണ്ടാക്കി നികുതി വെട്ടിപ്പ് നടത്താനാകും. ഈയൊരു അവസ്ഥാവിശേഷത്തിൽ സംസ്ഥാന സർക്കാർ കൈയുംകെട്ടി ഇരുന്നിട്ടില്ല.
എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള ഒരു നടപടി പറയട്ടെ-, കണക്കിൽപ്പെടുത്താത്ത 108 കിലോ സ്വർണം കണ്ടുപിടിച്ച 2024 ഒക്ടോബറിൽ 700 നികുതി ഉദ്യോഗസ്ഥർ പങ്കെടുത്ത് നടത്തിയ തൃശൂർ റെയ്ഡ് പരമ്പരയിലേതാണ് ഇതിൽ ഏറ്റവും പ്രധാനം. 2025-ലും ഇതുപോലെ മറ്റൊരു വ്യാപക റെയ്ഡ് നടത്തി. ഇതുകൊണ്ടൊക്കെ പരിമിതമായ മാറ്റമേ ഉണ്ടാകൂ. ജി.എസ്.ടി നിയമ വ്യവസ്ഥയിൽ അടിസ്ഥാനപരമായ പൊളിച്ചെഴുത്ത് ഉണ്ടാകണം.
സ്വർണ്ണത്തിന് ഇ–വേബില്ല് എല്ലാ സംസ്ഥാനങ്ങളിലും, അന്തർസംസ്ഥാന ഇടപാടുകൾക്കും നിർബന്ധമാക്കണം. ഈ- ഇൻവോയ്സിങ് സംവിധാനത്തിലൂടെ കച്ചവട സ്ഥാപനങ്ങളിലെ വില്പന വിവരങ്ങൾ അറിയാനുള്ള സംവിധാനം ഒരുക്കണം. കേരളത്തിലേക്ക് കൊണ്ടുവരുന്ന ഇ–വേ-ബില്ലുള്ള സ്വർണം സംബന്ധിച്ച് തത്സമയം വിവരം പോർട്ടലിൽ നിന്ന് അറിയാനുള്ള അവകാശം സംസ്ഥാനത്തിനു നൽകണം. ഇതൊന്നും ഉറപ്പുവരുത്താതെ ജിഎസ്ടി കൗൺസിൽ അനുവദിക്കാതെ സ്വർണ നികുതി വരുമാനം കുത്തനെ ഉയർത്താമെന്നത് ദിവാസ്വപ്നം മാത്രമാണ്.
ജി.എസ്.ടി വരുമാനം വർദ്ധിക്കാത്തത് കെടുകാര്യസ്ഥതയോ?
ഒരു കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി യോജിപ്പാണ്. ജി.എസ്.ടിയിൽ നിന്ന് ഇപ്പോൾ കിട്ടുന്ന നികുതി വരുമാനം കേരളത്തിനു ലഭിച്ചാൽ പോരാ എന്നതു ശരിയാണ്. എന്നാൽ, ഈ അവസ്ഥയ്ക്കു കാരണം കേരളത്തിലെ നികുതി ഭരണത്തിലെ കെടുകാര്യസ്ഥതയാണെന്ന വാദത്തോടാണ് അഭിപ്രായവ്യത്യാസം.
വി.ഡി. സതീശൻ ഇപ്പോഴും പഴയ കാലത്താണ് അഭിരമിക്കുന്നത്. ‘‘നികുതി ഉദ്യോഗസ്ഥർ കർശനമായും കൃത്യമായും പ്രവർത്തിക്കാത്തതാണ് നികുതി പ്രതീക്ഷിച്ചതുപോലെ ഉയരാത്തതിനു കാരണം.’’ ജി.എസ്.ടിയും മുൻകാല വ്യവസ്ഥകളും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം ഇക്കാര്യം സംബന്ധിച്ചാണ്-. മുൻകാലങ്ങളിൽ ഉദ്യോഗസ്ഥരുടെ അസസ്മെന്റിന്റെ അടിസ്ഥാനത്തിലായിരുന്നു നികുതി പിരിവ്. എന്നാൽ ജി.എസ്.ടിയിൽ നികുതിപിരിവിന്റെ കാര്യക്ഷമത മൊത്തം നികുതി സമ്പ്രദായത്തിന്റെ കാര്യക്ഷമതയെ ആസ്പദമാക്കിയിരിക്കും. പക്ഷേ, പ്രതിപക്ഷ നേതാവിന്റെ പഴി മുഴുവൻ കേരളത്തിലെ നികുതി വകുപ്പിനാണ്.
“എല്ലാം മോശമാണ് മൊത്തത്തിൽ ടാക്സ് അഡ്മിനിസ്ട്രേഷൻ എന്ന് പറയുന്ന ഒരു സിസ്റ്റം വേണ്ടേ. അതാകെ മോശമാണ്….. അതാണ് പ്രശ്നം. Inefficiency ആണ്. Physical mismanagement ആണ്.”
ജി.എസ്.ടി വകുപ്പ്:
പുനഃസംഘടനയും മികവും
കാര്യങ്ങൾ നേരെ മറിച്ചാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ജി.എസ്.ടി വകുപ്പുകളിലൊന്ന് ഇന്ന് കേരളമാണ്. ഇപ്പോൾ റിസർവ് ബാങ്കിന്റെ ഗവർണറായിട്ടുള്ള സഞ്-ജയ് മൽഹോത്ര കേന്ദ്ര റവന്യൂ സെക്രട്ടറി ആയിരുന്ന സമയത്ത്, മൂന്ന് വർഷം മുമ്പ്, സംസ്ഥാന നികുതി വകുപ്പുകളുടെ കാര്യക്ഷമത സംബന്ധിച്ച് ഒരു റാങ്കിങ് സമ്പ്രദായം ആവിഷ്കരിച്ചു. അതിൽ കേരളത്തിലെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗത്തിനാണ് രാജ്യത്ത് ഒന്നാംസ്ഥാനം. സംസ്ഥാന ഓഡിറ്റ് വിഭാഗവും മികച്ചതുതന്നെ. രജിസ്ട്രേഷൻ നൽകുന്ന കാര്യത്തിലും കേരളം രാജ്യത്ത് ഒന്നാമതായിരുന്നു. പോരായ്മ നികുതിദായകർക്കു വേണ്ടിയുള്ള സേവന വിഭാഗത്തിലായിരുന്നു. റീഫണ്ട് നൽകുന്നതിന് വലിയ കാലതാമസം ഉണ്ടായിരുന്നു. ഇതിനു വേണ്ടി ഒരു പ്രത്യേക ഓഫീസ് തിരുവനന്തപുരത്ത് ആരംഭിച്ചതോടെ ഈ പ്രശ്നവും പരിഹരിക്കാൻ കഴിഞ്ഞു.
ഈ വളർച്ച യാദൃച്ഛികമായിരുന്നില്ല. കേന്ദ്ര സർവ്വീസിൽ നിന്ന് ഒരു സീനിയർ ഉദ്യോഗസ്ഥനായ റെൻ എബ്രഹാമിനെ ഈ സംഘടനയ്ക്കുവേണ്ടി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സർവീസിൽ ഡെപ്യൂട്ടേഷനിൽ എടുത്തിരുന്നു. ഈ വർഷമാണ് അദ്ദേഹം തിരികെ കേന്ദ്ര സർവ്വീസിലേക്കു മടങ്ങിയത്. പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ, കേരള സർക്കാർ കൈയുംകെട്ടി ഇരിക്കുകയായിരുന്നില്ല.
കേരളത്തിലെ പ്രളയവും കോവിഡുമെല്ലാം ഈ പുനസംഘടനയ്ക്ക് കാലതാമസം വരുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളുടെയും സ്ഥിതി ഏതാണ്ട് ഇതുതന്നെ. ഇതു സംബന്ധിച്ച് ചോദ്യം വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ചപ്പോൾ ക്രിയാത്മകമായിട്ടാണ് പ്രതികരിച്ചിട്ടുള്ളത്. ആ സന്ദർഭത്തിൽ കോമ്പൻസേഷൻ ലഭിക്കുന്നതുമൂലം സംസ്ഥാനത്തിന് അക്കാലത്ത് നഷ്ടമുണ്ടാകുന്നില്ലായെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിൽ ഒരു തെറ്റുമില്ല. കോമ്പൻസേഷൻ സമ്പ്രദായം കൊണ്ടുവന്നതുതന്നെ ജി.എസ്.ടി കാര്യക്ഷമമാകാൻ ഏതാനും വർഷങ്ങളെടുക്കും എന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. ഏതായാലും കഴിഞ്ഞ ഖണ്ഡികകളിൽ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിൽ പുനഃസംഘടനയൊന്നും കേരളത്തിൽ നടത്തിയിട്ടില്ല എന്ന ആക്ഷേപം പ്രതിപക്ഷ നേതാവ് ആവർത്തിക്കില്ലായെന്നു കരുതട്ടെ.
ഐ.ജി.എസ്.ടി എന്തുകൊണ്ട്
വർദ്ധിക്കുന്നില്ല?
അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. എന്തുകൊണ്ട് കേരളത്തിന്റെ ജി.എസ്.ടി വരുമാനം പ്രതീക്ഷിച്ചപോലെ കൂടുന്നില്ല? പ്രതിപക്ഷ നേതാവിന്റെ പോഡ് കാസ്റ്റിലെ വാദം ഇങ്ങനെയാണ്:
“കേരളം കൺസ്യൂമർ സ്റ്റേറ്റ് ആണല്ലോ. ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാകേണ്ട സംസ്ഥാനമായിരുന്നു. എല്ലാവർഷവും more 30% നികുതി വളർച്ച ഉണ്ടാവേണ്ട സ്റ്റേറ്റ് ആയിരുന്നു. പക്ഷേ ഇപ്പോൾ എന്താ പ്രശ്നമെന്നുവെച്ചാൽ അത് 5% -, 6% ഒക്കെയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മോശം സ്റ്റേറ്റ് ആണ്.”
ജി.എസ്.ടിയിൽ രണ്ടുതരം നികുതി വരുമാനമാണ് നമുക്ക് ലഭിക്കുന്നത്. ഒന്ന്, സംസ്ഥാനത്തിനുള്ളിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ചരക്കുകൾക്കും സേവനങ്ങൾക്കുംമേൽ ചുമത്തുന്ന സംസ്ഥാന ജി.എസ്.ടി അഥവാ എസ്.ജി.എസ്.ടി. ഈ എസ്.ജി.എസ്.ടി. ബാധ്യത തീർക്കാൻ നികുതിദായകൻ പുതുതായി ഖജനാവിലേയ്ക്ക് പണം ഒടുക്കുമ്പോൾ അത് നമുക്ക് നികുതി വരുമാനം ആകുന്നു. രണ്ട്, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വാങ്ങി കേരളത്തിൽ എത്തിക്കുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും ആ സംസ്ഥാനങ്ങളിൽ നൽകിയ അന്തർസംസ്ഥാന ജി.എസ്.ടി അഥവാ ഐ.ജി.എസ്.ടി. ഈ ചരക്കുകളും സേവനങ്ങളും പിന്നീട് കേരളത്തിൽ വിൽക്കുമ്പോൾ ഈ ഐ.ജി.എസ്.ടി.യുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്ത് എസ്.ജി.എസ്.ടി. ബാധ്യത തീർക്കാം. ഇങ്ങനെ എടുക്കുന്ന ഐ.ജി.എസ്.ടി. ക്രെഡിറ്റും കേരളത്തിന് വരുമാനമാണ്.
കൺസ്യൂമർ സ്റ്റേറ്റായ കേരളത്തിന്റെ ഉപഭോഗത്തിൽ 60-–70 ശതമാനം മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് നമുക്ക് അന്തർ സംസ്ഥാന വ്യാപാരത്തിൽ നിന്ന് കിട്ടേണ്ട നികുതി സംസ്ഥാനത്തിന് അകത്തെ വ്യാപാരത്തിൽ നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒന്നോ രണ്ടോ മടങ്ങ് വരണം. എന്നാൽ ഇപ്പോൾ ഇങ്ങനെയല്ല; വലിയ നികുതി ചോർച്ച അന്തർ സംസ്ഥാന വ്യാപാരത്തിൽ ഉണ്ടാകുന്നുണ്ട്. ഇതാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്നത്. ഇനി സ്വല്പം ചരിത്രം നോക്കാം.
ഐ.ജി.എസ്.ടി സംബന്ധിച്ച്
കുറച്ചു ചരിത്രം
ഇതു സംബന്ധിച്ച കൃത്യമായ ധാരണ കേരള സർക്കാരിനുണ്ട്. ജി.എസ്.ടിയിലേക്ക് പോകാൻ കേരളം സമ്മതംമൂളിയതു തന്നെ ഐ.ജി.എസ്.ടിയുടെ സാധ്യതകൾ മനസ്സിലാക്കിയതുകൊണ്ടാണ്. 20 ശതമാനം വീതം 2006–-2011 കാലത്ത് വർദ്ധിച്ചുകൊണ്ടിരുന്ന VAT നികുതി പിന്നീടുള്ള കാലത്ത് 8-–9 ശതമാനമായി താഴുവാൻ കാരണം ചെക്ക്പോസ്റ്റുകൾ വഴി ഈടാക്കിയിരുന്ന പ്രവേശന നികുതി (entry tax) ഭരണഘടനാവിരുദ്ധമായി സുപ്രീം കോടതി വിധിച്ചതാണ്. അന്തർ സംസ്ഥാന വ്യാപാരത്തിനുമേൽ നികുതി ഏർപ്പെടുത്താതെ സംസ്ഥാന നികുതി വരുമാനം ഉയർത്താനാകില്ലാ എന്നതു വളരെ വ്യക്തമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അന്തർ സംസ്ഥാന വ്യാപാരത്തിനു മേലും നികുതി പിരിക്കാൻ അനുവാദമുള്ള ജി.എസ്.ടിയെ കേരളം പിന്തുണച്ചത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ ബില്ലുകളിൽ കേരളത്തിലേക്കുള്ള ചരക്കുകളെന്ന് കൃത്യമായി രേഖപ്പെടുത്താത്തത് ഐ.ജി.എസ്.ടി വരുമാനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
പ്രതിപക്ഷ നേതാവിന് വളരെ ലളിതമായ ധാരണയാണ് ഇക്കാര്യത്തിലുള്ളത്:
“ബാംഗ്ലൂരിൽ നിന്ന് ഒരു സാധനം വാങ്ങിച്ചു, അവിടെ ടാക്സ് കൊടുത്ത് ഇവിടെ കൊണ്ടുവന്ന് അത് വിറ്റു. ഇവിടെ ടാക്സ് കിട്ടി. ഇതിന്റെ പ്രോപ്പർ ആയിട്ടുള്ള റിട്ടേൺ കൊടുത്താൽ അവിടെ കൊടുത്തിട്ടുള്ള ടാക്സ് സെൻട്രൽ പൂളിലേക്കാണ് പോയിട്ടുള്ളത്. അത് നിങ്ങൾക്ക് തിരിച്ചുകിട്ടും. അപ്പോൾ അഞ്ചു കൊല്ലമായിട്ട് 5000 കോടി രൂപ വെച്ച് ഈ സർക്കാർ നഷ്ടപ്പെടുത്തുകയാണ്. ഇതിന്റെ പ്രോപ്പർ റിട്ടേൺ ഇല്ല, ക്ലെയിം ചെയ്യുന്നില്ല.”
ഐ.ജി.എസ്.ടി കേന്ദ്ര സർക്കാരിന്റെ പൂളിലേക്കാണ് പോകുന്നതെന്നത് ശരിതന്നെ. എന്നാൽ, അവിടെ നിന്ന് ഓരോ സംസ്ഥാനവും നമ്മുടെ സംസ്ഥാനത്ത് വിറ്റതിന്റെ തെളിവുകൾ ഹാജരാക്കി നമ്മുടെ വിഹിതം വാങ്ങുകയല്ല ചെയ്യുന്നത്. അതിന് ഒരു ആധാരമേയുള്ളൂ– മറ്റു സംസ്ഥാനങ്ങളിലെ വില്പനക്കാരൻ ബില്ലിൽ രേഖപ്പെടുത്തിയ ഡെസ്റ്റിനേഷൻ (place of supply). ഇത് ശരിയാണോയെന്ന് ഉറപ്പുവരുത്താൻ ഇപ്പോൾ സംവിധാനങ്ങളില്ല. ഇത് ഉണ്ടാക്കണം. ഇതിനായി ജി.എസ്.ടി കൗൺസിലിൽ ശക്തമായ പോരാട്ടത്തിലാണ് കേരളം.
നികുതിപിരിവിന്റെ അഖിലേന്ത്യാ
ഘടനയിൽ വരുത്തേണ്ട മാറ്റങ്ങൾ
പ്രതിപക്ഷ നേതാവിന്റെ ധാരണ കേരളത്തിലെ നികുതി വകുപ്പിന് കാര്യക്ഷമത വർദ്ധിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ്. കഴിയില്ല. അതിന് ഇന്നത്തെ ജി.എസ്.ടിയുടെ ഘടനയിൽതന്നെ ചില തിരുത്തലുകൾ അനിവാര്യമാണ്. അതിനാണ് കേരള സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിൽ വിജയിച്ചാൽ നമ്മുടെ ജി.എസ്.ടി വരുമാനം ഗണ്യമായി ഉയരും.
സംസ്ഥാനമൊട്ടാകെയുള്ള വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഒരു ഐജിഎസ്ടി ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. പുനഃസംഘടനയിലൂടെ സൃഷ്ടിക്കപ്പെട്ട സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഡാറ്റ അനാലിറ്റിക്‌സ് വിഭാഗത്തിനു കീഴിലാണ് ഈ ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുന്നത്. അവരുടെ പ്രവർത്തനത്തിന്റെ ആദ്യവിജയമായിരുന്നു ഇ-–കൊമേഴ്സ് കമ്പനികൾ വഴി കേരളത്തിൽ വിൽക്കപ്പെടുന്ന അന്തർസംസ്ഥാന വ്യാപാരത്തിനുമേലുള്ള ഐ.ജി.എസ്.ടി നികുതി കേരളത്തിനു ലഭിക്കുന്നില്ലായെന്നു തെളിയിച്ചത്.
500 വില്പന രസീതികളെ അടിസ്ഥാനമാക്കിയാണ് തെളിവുകൾ ശേഖരിച്ചത്. ഇത്തരത്തിൽ നികുതി ചോർച്ച ഇ-–കൊമേഴ്സിൽ ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തെളിവുസഹിതം ജി.എസ്.ടി കൗൺസിലിനു സമർപ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഇ-–കൊമേഴ്സ് സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടിക്രമങ്ങളിൽ ഭേദഗതി കൗൺസിൽ അംഗീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ കൗൺസിലിൽ ഫലപ്രദമായി ഇടപെട്ട് ഐ.ജി.എസ്.ടി സംവിധാനത്തിൽ ചില അടിസ്ഥാനപരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നുകൊണ്ടേ ഈ നികുതി ചോർച്ച തടയാനാകൂ. എന്നാൽ പ്രതിപക്ഷ നേതാവ് ഇതും രാഷ്ട്രീയ ആക്ഷേപത്തിനുള്ള ഒരു അവസരമാക്കി മാറ്റുകയാണ്.
ഇ-കൊമേഴ്സിന്റെ കാര്യത്തിൽ ലക്ഷ്യം നേടി. ഇതുപോലെ മറ്റു ചരക്കുകളുടെ കാര്യത്തിലും സേവനങ്ങളുടെ കാര്യത്തിലും ജി.എസ്.ടിയിൽ പൊളിച്ചെഴുത്ത് കൊണ്ടുവരണം. ഇതിനെക്കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാൻ പ്രതിപക്ഷ നേതാവ് തയ്യാറാകുന്നില്ല. ഇതിനൊക്കെ തടസ്സം നിൽക്കുന്ന കേന്ദ്ര സർക്കാരിനെ വെള്ളപൂശുകയാണ് അദ്ദേഹം.
അതോടൊപ്പം ചെക്ക്പോസ്റ്റുകൾക്ക് എഐ അധിഷ്ഠിത ക്യാമറകളും ജി.എസ്.ടി പോർട്ടലിലെ ഇ–വേ-ബിൽ വിവരങ്ങളുമായി ബന്ധപ്പെടുത്തി തത്സമയ വിശകലനവും മുന്നറിയിപ്പുകളും നൽകുന്നതിനുള്ള സംവിധാനങ്ങളും വികസിപ്പിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ പരീക്ഷണം തത്സമയ വിവരം പോർട്ടലിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ വേണ്ടത്ര ഫലപ്രദമായില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ഈ പശ്ചാത്തലത്തിൽ ഇത്തരം പരിഷ്കാരങ്ങൾ ആവിഷ്കരിക്കും. ഇവിടെ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഇന്റലിജൻസും ഓഡിറ്റുമായി ബന്ധപ്പെടുത്തി നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാക്കാനാകും.
വിവിധ സംസ്ഥാനങ്ങളിലെ ജി.എസ്.ടി വരുമാന വർദ്ധനവിന്റെ കണക്ക് പരിശോധിക്കുമ്പോൾ ഉയർന്ന ഉപഭോഗമുള്ള സംസ്ഥാനങ്ങൾക്കു തന്നെയാണ് കൂടുതൽ വരുമാനം കിട്ടിയിട്ടുള്ളത്. എന്നാൽ അവയെല്ലാം ഉയർന്ന ഉല്പാദക സംസ്ഥാനങ്ങൾ കൂടിയാണ്. ഇതിൽനിന്നു വ്യത്യസ്തമാണ് കേരളം. കേരളത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനുതകുന്ന മാറ്റങ്ങൾ ജി.എസ്.ടിയിൽ കൊണ്ടുവരണം. അതോടൊപ്പം കേരളം ഉല്പാദക സംസ്ഥാനമായിട്ടു വളരുന്തോറും ജി.എസ്.ടിയിലെ സാധ്യതകളും വർദ്ധിക്കും.
അരൂപിയായിരിക്കുന്ന കേന്ദ്രം
പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങളിലൊന്നും കേന്ദ്ര സർക്കാർ പ്രത്യക്ഷപ്പെടുന്നേയില്ല. തിരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി ആഡംബര വസ്തുക്കൾക്കെല്ലാം കുത്തനെ നികുതി കുറച്ച് ജി.എസ്.ടി നിരക്ക് സംവിധാനത്തെ അട്ടിമറിക്കാൻ നേതൃത്വം നൽകിയത് കേന്ദ്ര സർക്കാരാണ്. ജി.എസ്.ടി കൂടുതൽ സംസ്ഥാനസൗഹൃദ നികുതിയാക്കി മാറ്റുന്നതിനുള്ള നിർദ്ദേശങ്ങളെല്ലാം കേന്ദ്രം തള്ളിക്കളയുകയാണ്. ഇതിനെക്കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാൻ പ്രതിപക്ഷ നേതാവ് തയ്യാറല്ല.
ഒരുകാര്യവുംകൂടി അദ്ദേഹം ഓർക്കണം. ജി.എസ്.ടി. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പിരിക്കുന്ന നികുതിയാണ്. വലിയ നികുതിദായകരിൽ പകുതിയുടെ മേൽനോട്ടം കേന്ദ്ര ജി.എസ്.ടി. വകുപ്പാണ് വഹിക്കുന്നത്. രണ്ടിന്റെയും നികുതി വർദ്ധനയിൽ വലിയ വ്യത്യാസമൊന്നും ഇല്ലായെന്ന വസ്തുത കേരളത്തിന്റെ ജി.എസ്.ടി നികുതി വരുമാനത്തിനു കടിഞ്ഞാണിടുന്ന ഘടനാപരമായ പരിഷ്കാരങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.
യുഡിഎഫ് ധനകാര്യ തന്ത്രത്തിന്റെ
പ്രത്യാഘാതങ്ങൾ
യുഡിഎഫിന്റെ കേരളത്തിനായുള്ള മുൻഗണന എന്താണ്? കേട്ടാൽ നാം അന്തിച്ചുപോകും. കേരളത്തെ കടക്കെണിയിൽ നിന്നു രക്ഷിക്കലാണത്-. വി.ഡി. സതീശന്റെ പോഡ്കാസ്റ്റിലേക്ക് പോകാം…
ഷാരീഖ് : അപ്പോൾ സതീശൻ പറയുന്നത് കടം കയറി തകരാറായ ഒരു കുടുംബത്തെയാണ് താങ്കൾ ഏറ്റെടുക്കാൻ പോകുന്നത്…… absolute important priority നോക്കി ruthlessly അതിനെ prioritise ചെയ്തിട്ട് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ആദ്യം ചെയ്യും. എന്നിട്ട് കുറച്ച് ആഡംബരങ്ങൾ ഒക്കെ മാറ്റി വച്ചിട്ട് ഈ കടക്കണിയിൽ നിന്ന് പുറത്തുകൊണ്ടുവരാനുള്ള പ്ലാനിങ് നടത്തും …… അല്ലേ?”
സതീശൻ: “കടംകയറി ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുന്ന ഒരു കുടുംബത്തിന്റെ സ്ഥിതിയാണ് സ്റ്റേറ്റിന്റെ സ്ഥിതി. അവിടെ നിന്ന് തിരിച്ചുകൊണ്ടുവരും.”
അപ്പോൾ എ.കെ. ആന്റണി നടപ്പാക്കിയ ലാസ്റ്റ് ബസ് പരിപാടി നടപ്പാക്കാനാണ് യുഡിഎഫ് തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ചെലവുകൾ ചുരുക്കി കേരളത്തെ കടക്കെണിയിൽ നിന്നു രക്ഷിക്കാൻ പോവുകയാണ്. ചുമ്മാതല്ല, 2000 രൂപ പെൻഷൻ നൽകുന്നതെല്ലാം വളരെ ശ്രമകരമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ഇതാണ് സമീപനമെങ്കിൽ പിന്നെ ബജറ്റിന് പുറത്ത് വായ്പയെടുത്ത് പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കാനുള്ള തന്ത്രത്തോടും യുഡിഎഫിന് വിയോജിപ്പായിരിക്കുമല്ലോ. അങ്ങനെയെങ്കിൽ കേരളത്തിൽ ഇന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരുലക്ഷം കോടി രൂപയുടെ കിഫ്ബി പദ്ധതികളും അവതാളത്തിലാക്കാനായിരിക്കും യുഡിഎഫിന്റെ പുറപ്പാട്.
കിഫ്ബിയോടുള്ള സമീപനം
യുഡിഎഫ് തുടക്കം മുതൽ കിഫ്ബിക്ക് എതിരാണ്. മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് കിഫ്ബിയെ വിശേഷിപ്പിച്ചത്. ഇന്നത്തെ പ്രതിപക്ഷ നേതാവിന്റെ ഒരു പ്രധാന അവകാശവാദം, ‘കിഫ്ബി മോഡൽ ഭരണഘടനാ വിരുദ്ധമാണെന്ന് കിഫ്ബി നിയമഭേദഗതിയുടെ ചർച്ചാവേളയിൽതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നതാണ്. അങ്ങനെ കിഫ്ബിയെ പൊളിക്കാനുള്ള ഉപായം സിഎജിക്കും കേന്ദ്ര സർക്കാരിനും ഉപദേശിച്ചു കൊടുത്തതിന്റെ ഖ്യാതിയും വേണമെങ്കിൽ ഇന്നത്തെ പ്രതിപക്ഷ നേതാവിന് അവകാശപ്പെടാം.
പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെയാണ് കിഫ്ബി വായ്പ പൂർണമായും സംസ്ഥാനത്തിന്റെ പ്രിൻസിപ്പൽ ലയബിലിറ്റി ആയി കണ്ട് സർക്കാർ വായ്പയുടെ പരിധിയിൽ വെട്ടിക്കുറവ് വരുത്തുന്ന തീരുമാനം യൂണിയൻ സർക്കാർ നടപ്പിലാക്കുന്നത്. ഇത് വലിയ വെല്ലുവിളിയാണ്. യൂണിയൻ സർക്കാർ നിയന്ത്രണത്തിലുള്ള NHAI പോലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ ഇങ്ങനെ യൂണിയൻ സർക്കാർ ലയബിലിറ്റിയായി കണക്കാക്കുന്നുമില്ല. പറയുന്ന ന്യായം NHAI പദ്ധതികൾ വരുമാനം ഉണ്ടാക്കുന്നവയാണ്. അതിൽ നിന്നാണ് വായ്പാ തിരിച്ചടവ് എന്നതാണ്. എന്നാൽ കിഫ്ബി ബജറ്റിൽ നിന്നുള്ള നികുതി വിഹിതത്തിൽ നിന്നാണ് തിരിച്ചടവ് നടത്തുന്നത്. അതിനാലാണ് കിഫ്ബി വായ്പ സംസ്ഥാന സർക്കാർ വായ്പയായി കണക്കിലാക്കുന്നത് എന്നതാണ്. യഥാർഥത്തിൽ, കിഫ്ബി പദ്ധതികളിൽ 25–-30 ശതമാനം വരുമാനം ഉണ്ടാക്കുന്നവയാണ്. എന്നാൽ അത് യൂണിയൻ സർക്കാരിന് ബോധ്യമാകുന്നില്ല. പ്രതിപക്ഷത്തിനും ബോധ്യമാകുന്നില്ല.
കേരളത്തിന്റെ മുന്നോട്ടുളള പ്രയാണത്തിന് ഈ മൂലധന നിക്ഷേപം മുടങ്ങാതെ കൊണ്ടുപോകേണ്ടതുണ്ട്. ഒരു തരത്തിലും ജനങ്ങളുടെ മേൽ ദുർവ്വഹമായ ഭാരം കൊണ്ടുവരിക എന്നത് ഇടതുപക്ഷം അംഗീകരിക്കുന്ന ബദൽ അല്ല. അപ്പോൾ ഈ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള തന്ത്രം എന്താകും? 2016-ൽ എന്ന പോലെ 2026-ലും കിഫ്ബിയുടെ ഒരു പുനരാവിഷ്കാരം വേണ്ടി വരും.
ഈ നയം കേരളത്തെ കടക്കെണിയിലാക്കുമെന്നത് ശുദ്ധഭോഷ്കാണ്. കിഫ്ബി സൃഷ്ടിക്കുന്ന വായ്പയോടൊപ്പം തത്തുല്യമായ ആസ്തികളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനമാവുകയും ബാധ്യത ജഡഭാരമാകില്ലായെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതോടൊപ്പം ഓർക്കേണ്ടുന്ന മറ്റൊരു കാര്യം, സംസ്ഥാന സർക്കാരിന്റെ വാർഷിക ബാധ്യത നിയമംമൂലം നിജപ്പെടുത്തിയിട്ടുണ്ടെന്നതാണ്. അതിനപ്പുറം ഒരു ഗ്രാന്റും സംസ്ഥാന സർക്കാർ നൽകേണ്ടതില്ല. ഈ ഭാവി വരുമാനത്തിന്റെ പരിധിക്കുള്ളിൽ നിന്ന് നടപ്പാക്കാൻ കഴിയുന്ന പ്രൊജക്ടുകളേ കിഫ്ബി ഏറ്റെടുക്കൂ. കിഫ്ബിയെ എതിർക്കുന്നവരിൽ ആർക്കും ഇന്നേവരെ ചുരുങ്ങിയ കാലയളവിൽ രാജ്യത്തെ ഒന്നാം നമ്പർ പശ്ചാത്തലസൗകര്യ വികസിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ ഒരു മാർഗം നിർദ്ദേശിക്കാൻ കഴിഞ്ഞിട്ടില്ല.
രണ്ടു മുന്നണികൾ, രണ്ടു ധനകാര്യ തന്ത്രങ്ങൾ
കേരളത്തിന്റെ വികസനതന്ത്രത്തിന്റെ കാര്യത്തിൽ കടകവിരുദ്ധമായ നിലപാടുകളാണ് യുഡിഎഫും എൽഡിഎഫും സ്വീകരിക്കുന്നത്.
എൽഡിഎഫ്: പ്രഖ്യാപിച്ച ക്ഷേമാനുകൂല്യങ്ങളെല്ലാം തുടരും. ഇനിയും ശക്തിപ്പെടുത്തും. അതോടൊപ്പം അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് അവരുടെ പ്രതീക്ഷകൾക്കനുസൃതമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നവകേരളത്തിന്റെ സൃഷ്ടിക്കുവേണ്ടി വലിയ തോതിലുള്ള പശ്ചാത്തലസൗകര്യ നിർമ്മാണം തുടരും. അതിനായി കിഫ്ബിയെ സംരക്ഷിക്കും. നിയമ പോരാട്ടത്തിൽ വിജയിക്കുന്നതിനാവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരും. ഉയർന്ന സാമൂഹ്യക്ഷേമ, റവന്യൂ ചെലവുകളും അതോടൊപ്പം ഉയർന്ന മൂലധനച്ചെലവും ഉറപ്പുവരുത്തുന്ന വികസനതന്ത്രമായിരിക്കും സ്വീകരിക്കുക.
യുഡിഎഫ്: കടക്കെണിയിൽ നിന്ന് കേരളത്തെ രക്ഷിക്കലാണ് അടിയന്തര കടമ. അതിനു ചെലവു ചുരുക്കും. കടം വാങ്ങുന്നത് കുറയ്ക്കും. കിഫ്ബിയുടെ സാധ്യതകൾ അവസാനിച്ചിരിക്കുന്നു.
യുഡിഎഫിന്റെ വികസനതന്ത്രം കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ മുന്നേറ്റത്തെ പുറകോട്ടടുപ്പിക്കും. എൽഡിഎഫിന്റെ വികസനതന്ത്രം ഈ മുന്നേറ്റത്തെ വിജ്ഞാന സമൂഹ സൃഷ്ടിയിലേക്ക് നയിക്കും. ഇതിൽ ഏത് തെരഞ്ഞെടുക്കണം എന്നുള്ളതാണ് കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള പ്രസക്തമായ ചോദ്യം. l



