കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നാലര ലക്ഷത്തോളം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറി എന്ന കാര്യം കേരളത്തിനാകെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനു വിശേഷിച്ചും സന്തോഷം നൽകുന്നതാണ്.
കുറച്ചുദിവസം മുമ്പാണ് ലൈഫ് മിഷൻ മുഖേന അഞ്ചു ലക്ഷം കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കിയതിന്റെ പ്രഖ്യാപനം നടന്നത്. അതായത്, 5 ലക്ഷം കുടുംബങ്ങൾക്ക് വീട്, നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം, ഓരോ കുടുംബത്തിലും നാലു പേർ എന്ന കണക്കെടുത്താൽ ഏതാണ്ട് 40 ലക്ഷത്തോളം ആളുകൾക്കാണ് ഈ പദ്ധതികളുടെ ഗുണഫലം ലഭിക്കുന്നത്.
ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത കേരളം എന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് 2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നത്. പ്രകടന പത്രികയിലെ ഓരോ വാഗ്ദാനവും നടപ്പാക്കാൻ സവിശേഷ ശ്രദ്ധ കൊടുത്തുകൊണ്ടാണ് ആ സർക്കാർ പ്രവർത്തിച്ചത്. 600 വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചതിൽ 580 വാഗ്ദാനങ്ങളും പൂർത്തീകരിച്ചുകൊണ്ടാണ് ആ സർക്കാർ കാലാവധി പൂർത്തിയാക്കിയത്. അത് കേരളസമൂഹത്തിനാകെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. വാഗ്ദാനങ്ങൾ നിറവേറ്റപ്പെടും എന്ന വിശ്വാസം ജനങ്ങളിലാകെ ഉണ്ടായി. അതുകൊണ്ടുതന്നെ അവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം നൽകി.
ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ് ഈ സർക്കാരും ചെയ്തത്. അതിന്റെ ഒരു ദൃഷ്ടാന്തമാണ് പട്ടയവിതരണവും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,77,011 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഈ സർക്കാർ അധികാരത്തിൽ വന്ന ആദ്യ ഘട്ടത്തിൽ 54,535 പട്ടയങ്ങൾ വിതരണം ചെയ്തു. തുടർന്ന് 67,069 പട്ടയങ്ങളും അതിന്റെ തുടർച്ചയായി 31,499 പട്ടയങ്ങളും അതേ തുടർന്ന് 27,784 പട്ടയങ്ങളും വിതരണം ചെയ്തു. ആദ്യത്തെ മൂന്നു വർഷംകൊണ്ടാണ് ഇത് നടത്തിയത്. ആദ്യ മൂന്നു വർഷം കൊണ്ടുതന്നെ കഴിഞ്ഞ സർക്കാരിന്റെ നേട്ടത്തെ മറികടക്കാൻ ഈ സർക്കാരിനു കഴിഞ്ഞുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
അതിനെ തുടർന്ന് 43,058 പട്ടയങ്ങളും വിതരണം ചെയ്തു. പിന്നീട് ഒരു ഘട്ടം വിതരണം കൂടി നടന്നു. അതിൽ 10,000 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇവയ്‌ക്കെല്ലാം പുറമെ ഈ ഫെബ്രുവരിയിൽ 45,731 പട്ടയങ്ങൾ കൂടി വിതരണം ചെയ്തതോടെ നാലര ലക്ഷം പട്ടയങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ എത്തിച്ചേർന്നു.
എന്തുകൊണ്ടാണ് ഭൂമിക്കും വീടിനും സർക്കാർ ഇത്ര വലിയ പ്രാധാന്യം നൽകുന്നത്? ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടാവുക, സ്വന്തമായ വീടുണ്ടാവുക എന്നതൊക്കെ പാവപ്പെട്ടവരുടെ ജീവിതത്തിന് അടിത്തറയുണ്ടാക്കുന്നവയാണ്; അവർക്ക് സുരക്ഷിതത്വബോധം നൽകുന്നതാണ്. എന്നാൽ, ആ നിലയിലേക്ക് സഞ്ചരിച്ചെത്താൻ പലർക്കും പലവിധ പരിമിതികൾ ഉണ്ടാകും. ഒരു കൈ സഹായത്തിന് ആരെങ്കിലും എത്തിയാൽ സുരക്ഷിതത്വബോധത്തിന്റെ ആ തുരുത്തിലേക്ക് തങ്ങൾക്ക് എത്തിച്ചേരാമായിരുന്നുവെന്ന് അവർ കരുതും. ആ പിന്തുണയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൽകുന്നത്.
വികസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇതൊക്കെ കൂടിയാണ്. ഈ വിധത്തിലുള്ള വികസനം ഉറപ്പുവരുത്താനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശ്രമിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളെ കരുതിയുള്ള ഇത്തരം വികസന -– ക്ഷേമ ഇടപെടലുകൾ 1957 ലെ ഇ എം എസ് സർക്കാരിന്റെ കാലം മുതൽക്ക് ആരംഭിച്ചതാണ്. അടിച്ചമർത്തപ്പെട്ടിരുന്ന ചൂഷിതരായ വലിയ ഒരു ജനവിഭാഗത്തിന് മണ്ണു സ്വന്തമാവുന്ന പ്രക്രിയ കേരളത്തിൽ അന്നാണ് ആരംഭിച്ചത്. കുടിയൊഴിപ്പിക്കൽ നിരോധന നിയമവും ഭൂപരിഷ്‌കരണ ബില്ലുമെല്ലാം ആ നിലയ്ക്കുള്ള ഇടപെടലുകളായിരുന്നു.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന വിധത്തിൽ അവകാശങ്ങൾ നേടിക്കൊടുക്കുന്നതും സംരക്ഷിക്കുന്നതുമായ പ്രവർത്തനങ്ങളാണ് ഇടതുപക്ഷവും ഇടതുപക്ഷം നയിച്ച സർക്കാരുകളും ഇന്നാട്ടിൽ നടത്തിയിട്ടുള്ളത്. അതിന്റെ തുടർച്ച ഉറപ്പുവരുത്താനാണ് 2016 ൽ അധികാരത്തിൽ എത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശ്രമിച്ചത്. ആ ഉദ്യമം പ്രതീക്ഷിച്ചതിനേക്കാൾ മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞുവെന്നതിൽ ചാരിതാർത്ഥ്യമുണ്ട്.
ഭൂമിയും വീടും ലഭ്യമാക്കുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. എന്നാൽ അത് എല്ലാ സർക്കാരുകൾ ഭരിക്കുമ്പോഴും അങ്ങനെയല്ല. മുത്തങ്ങയിൽ ഭൂമിക്കു വേണ്ടി സമരം ചെയ്ത ആദിവാസികളെ കേരളത്തിലെ യു ഡി എഫ് സർക്കാർ വെടിവെച്ചു കൊന്ന ചരിത്രമുണ്ട്. പുരോഗമന സമൂഹമെന്നു നാം കരുതുന്ന ഒരിടത്താണ് അത് നടന്നത്.
യു ഡി എഫ് ഭരണകാലത്ത് ആദിവാസികൾക്കു നേരെയാണല്ലോ വെടിവെയ്പ് ഉണ്ടായത്. ഇനി എൽ ഡി എഫ് ഭരിച്ച കഴിഞ്ഞ പത്തു വർഷത്തെ കാര്യം നമുക്ക് ഒന്നു പരിശോധിച്ചു നോക്കാം . മുത്തങ്ങയിലെ ഭൂസമരത്തെ തുടർന്ന് കുടിയിറക്കപ്പെട്ട 283 ആദിവാസികുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി വീതം ലഭ്യമാക്കി. അവശേഷിക്കുന്ന ഭൂരഹിതർക്ക് മരിയനാട് എസ്റ്റേറ്റിലെ 171 ഏക്കർ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചലിൽ നടന്നുവന്ന ഭൂസമരം അവസാനിപ്പിച്ചു. 137 കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കി.
2016 മുതൽ 2025 വരെ വനാവകാശ നിയമപ്രകാരം 4,690 ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമി ലഭ്യമാക്കിയത്. അങ്ങനെ 6,288 ഏക്കർ ഭൂമിയാണ് പതിച്ചു നൽകിയത്. 213 കുടുംബങ്ങൾക്ക് റവന്യൂ ഭൂമിയുടെ പട്ടയവും ലഭ്യമാക്കി. 3,426 കുടുംബങ്ങൾക്ക് 2,106 ഏക്കർ നിക്ഷിപ്ത വനഭൂമിക്കുള്ള അവകാശ രേഖയും നൽകി. കൂടാതെ, ലാൻഡ് പർച്ചേസ് മുഖേന 274 കുടുംബങ്ങൾക്കായി 149 ഏക്കർ ഭൂമി ലഭ്യമാക്കി.
ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 422 കുടുംബങ്ങൾക്കാണ് ഭൂമി വാങ്ങി നൽകിയത്. 171 കുടുംബങ്ങൾക്ക് പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ഭൂമി ലഭ്യമാക്കി. ഇത്തരത്തിൽ 9,196 കുടുംബങ്ങൾക്കായി 8,690 ഏക്കർ ഭൂമിയാണ് ലഭ്യമാക്കിയത്. ഇതിൽനിന്നെല്ലാം മനസ്സിലാക്കാൻ കഴിയുന്നത് എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള വ്യത്യാസമാണ്.
ഭൂമിക്കു വേണ്ടി സമരം ചെയ്യുന്നവരെ വെടിവെച്ചു കൊല്ലുകയല്ല, എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കി മാറ്റുകയാണ് എൽഡിഎഫ് സർക്കാർ. ഇതൊന്നും പല മാധ്യമങ്ങളും ചർച്ച ചെയ്യുകയില്ല; ജനങ്ങളുടെ മുന്നിൽ എത്തിക്കുകയില്ല. ഇത്തരത്തിൽ ഭൂവിതരണവും പട്ടയവിതരണവും കാര്യക്ഷമമായി നടപ്പാക്കിയത് ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ്. പട്ടയ വിതരണത്തിനായി പ്രത്യേക ഡാഷ്‌ബോർഡ് സജ്ജമാക്കി. ലാൻഡ് ട്രിബ്യൂണലിൽ പട്ടയ അദാലത്തുകൾ നടത്തി. ഇ–-പട്ടയങ്ങൾ ലഭ്യമാക്കി.
അതിനു പുറമെ പട്ടയമിഷൻ രൂപീകരിച്ച് നമ്മൾ മുന്നോട്ടു പോയി. അതിന്റെ ഭാഗമായി ഭരണത്തിന്റെ എല്ലാ തലങ്ങളിലും പ്രത്യേക ഇടപെടലുകളുണ്ടായി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലികൾ നടത്തി. ജില്ലാതല പട്ടയ അദാലത്തുകൾ സംഘടിപ്പിച്ചു. വില്ലേജുതല വിവരശേഖരണ സമിതി മുതൽ സംസ്ഥാനതല നിരീക്ഷണ സമിതി വരെയുള്ള ബൃഹത്തായ ശൃംഖല തന്നെ പട്ടയമിഷനു വേണ്ടി രൂപീകരിച്ചു.
വനഭൂമിയിൽ നിന്നും ഹിൽമെൻ സെറ്റിൽമെന്റുകൾക്കായി കൈമാറിയ ഭൂമി കൈവശം വെച്ചുവരുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായി 37,000 കുടുംബങ്ങൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. 1977 നുമുമ്പ് വനഭൂമിയിൽ കുടിയേറിയ മുഴുവൻ കർഷകർക്കും പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
കൊടയ്ക്കൽ ടൈൽസ് ഫാക്ടറി ഭൂമിപ്രശ്‌നം, മൊറാഴയിലെ പട്ടയപ്രശ്‌നം, പ്രകാശ് പ്ലാന്റേഷൻ പട്ടയപ്രശ്‌നം, മക്കിമല ഭൂപ്രശ്‌നം, പെരുമ്പെട്ടി പട്ടയപ്രശ്‌നം, പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ്, തുടങ്ങി ഒട്ടേറെ ഭൂപ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ ഈയവസരത്തിൽ കഴിഞ്ഞിട്ടുണ്ട്.
ഭൂമിയുടെ കൈവശാവകാശ രേഖകൾ കൃത്യമായി ലഭ്യമാക്കുന്നതിനാണ് ഡിജിറ്റൽ റീ സർവ്വേ നടപ്പാക്കിയത്. 858 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി നടപ്പാക്കുന്നത്. റവന്യൂ സേവനങ്ങൾ ഇതിനോടകംതന്നെ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. യുണീക്ക് തണ്ടപ്പേർ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ബഹുമുഖമായ ഇടപെടലുകൾ നടത്തിക്കൊണ്ട് ഭൂമിക്കുമേലുള്ള അവകാശവും അതു സംബന്ധിച്ച കൈവശ രേഖകളും കൃത്യമായി ലഭ്യമാക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ചെയ്യുന്നത്. l



