Saturday, March 28, 2026

ad

Homeകവര്‍സ്റ്റോറിപ്രൊഫ. കെ എൻ പണിക്കരെ 
ഓർക്കുമ്പോൾ

പ്രൊഫ. കെ എൻ പണിക്കരെ 
ഓർക്കുമ്പോൾ

ഡോ. കെ എൻ ഗണേശ്

പ്രൊഫസർ കെ.എൻ പണിക്കരെ ഞങ്ങൾ ആദ്യം അറിയുന്നത് വിദ്യാർത്ഥി പ്രിയനായ ഒരു അധ്യാപകൻ എന്ന നിലയിലായിരുന്നു. ചരിത്ര സംബന്ധിയായ ഏതു വിഷയത്തെക്കുറിച്ചും ചർച്ചചെയ്യാനും സംശയങ്ങൾക്ക് ആലോചനകളെ ഉദ്ദീപിപ്പിക്കുന്ന വിധത്തിലുള്ള മറുപടി നൽകാനുമുള്ള അദ്ദേഹത്തിന്റെ സന്നദ്ധത നിരവധി വിദ്യാർത്ഥികളെ ആകർഷിച്ചു. അടിയന്തരാവസ്ഥക്കു ശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം എന്ന പ്രോജക്ടിൽ പ്രൊഫസർ ബിപിൻ ചന്ദ്രയോടൊപ്പം അദ്ദേഹം പങ്കാളിയായി. തുടർന്ന് മലബാർ കലാപത്തെക്കുറിച്ച് പ്രത്യേക പഠനവും അദ്ദേഹം നടത്തി. ‘ജന്മിക്കും ഭരണകൂടത്തിനുമെതിരെ’ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചത് ഈ പഠനമാണ്.

ഇക്കാലത്ത് വ്യാപകമായിക്കൊണ്ടിരുന്ന വർഗീയ ചരിത്രരചനയ്ക്കെതിരെ അതിശക്തമായ നിലപാട് ആദ്യം മുതൽതന്നെ അദ്ദേഹം സ്വീകരിച്ചു. 1978 -–79 ൽ എൻ സി ഇ ആർ ടി സ്കൂൾ തലത്തിൽ തയ്യാറാക്കിയ ചരിത്രപാഠപുസ്തകങ്ങൾ പിൻവലിക്കാനുള്ള ആർ എസ് എസ് നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച ചരിത്രകാരരിൽ ഒരാളായിരുന്നു അദ്ദേഹം. ശാസ്ത്രീയമായ ചരിത്ര രചനാ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ബിപിൻ ചന്ദ്രയെയും ആർ എസ് ശർമ്മയെയും പോലുള്ള പ്രഗൽഭ ചരിത്രകാരർ എഴുതിയ പാഠപുസ്തകങ്ങളാണ് പിൻവലിക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഗവൺമെന്റിന് തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു.

1980കളിൽ ഹിന്ദുത്വ വർഗീയത ശക്തിപ്പെടുകയും ഇന്ത്യൻ ജനതയെ മതപരമായി ധ്രുവീകരിക്കാനുള്ള നീക്കങ്ങൾ മുന്നോട്ടു നീങ്ങുകയുമായിരുന്നു. ഉത്തരേന്ത്യയിലെ പല പള്ളികളും ക്ഷേത്രധ്വംസനംവഴി ലഭിച്ച വസ്തുക്കൾ കൊണ്ടു നിർമ്മിച്ചവയാണെന്ന ഹിന്ദുത്വവാദം തെളിയിക്കാനുള്ള പുരാവസ്തുഗവേഷണപരവും മറ്റുമായ തെളിവുകൾ നിരത്തി ഒരു സംഘം പണ്ഡിതരും രംഗത്തുവന്നു. ഇതിനെതിരെ ശക്തമായി രംഗത്തുവന്നത് കെ എൻ പണിക്കർ അടക്കമുള്ള ചരിത്രകാരരായിരുന്നു. ഇവരെ വ്യാജ മത നിരപേക്ഷവാദികളും ദേശീയ വിരുദ്ധരുമായി മുദ്രയടിക്കുകയും ആധുനിക ചരിത്രരചനാരീതിക്കു തന്നെ അതിശക്തമായ വിമർശനം ആർ എസ് എസ് ഉയർത്തുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിരോധമാണ് റോമിലാ ഥാപ്പറും ഇർഫാൻ ഹബീബും പണിക്കരും മറ്റും ഉയർത്തിയത്. ബാബറി മസ്ജിദിനെ ആർ എസ് എസ് കർസേവകർ തകർത്തു. ഇന്ത്യ തുടർച്ചയായ വർഗീയകലാപങ്ങളിൽ അമർന്നു. ഹിന്ദു – മുസ്ലീം ധ്രുവീകരണം ശക്തിയായി വളർന്നുവരികയും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്ന നിലയുണ്ടാവുകയും ചെയ്തു. ഇതിനെ ഉപയോഗിച്ച് ബിജെപി നയിച്ച എൻഡിഎ 1999 ൽ അധികാരത്തിൽ വന്നു. ഇതിനെതിരായ പ്രതിരോധം എന്താകണം എന്ന കാര്യത്തിൽ കെ എൻ പണിക്കർക്ക് നല്ല ധാരണയുണ്ടായിരുന്നു. നാം കാണുന്നത് കേവലമായ വർഗീയ രാഷ്ട്രീയത്തെ മാത്രമല്ല എന്നു തിരിച്ചറിയാനുള്ള ക്രാന്തദർശിത്വം പണിക്കരെപ്പോലുള്ള ബുദ്ധിജീവികൾക്കുണ്ടായിരുന്നു. ഇന്ത്യ എന്ന രാഷ്ട്രത്തെയും സെക്കുലർ ജനാധിപത്യത്തെയും ഛിന്നഭിന്നമാക്കാൻ കഴിയുന്ന പ്രതിഭാസമാണ് വളർന്നുവരുന്നത്. സാംസ്കാരിക ദേശീയത എന്ന ഓമനപ്പേരിൽ സ്വയം വിളിക്കുന്ന ഇത് സംസ്കാരത്തെ ഒരു മർദ്ദനോപകരണമാക്കി മാറ്റുകയാണ്. സംസ്കാരത്തെ വിമർശനാത്മകമായി പരിശോധിക്കാതെ ഇതിനെതിരായി പ്രതിരോധം തീർക്കാൻ കഴിയുകയില്ല എന്നദ്ദേഹം കണ്ടു. സംസ്കാരം ബോധ മണ്ഡലത്തിലെ പ്രവർത്തനമാണ് ഹിന്ദുത്വ വർഗീയത നടത്തുന്നത്. ഹിന്ദുത്വ സാംസ്കാരിക അവബോധ നിർമ്മിതി വഴി ‘‘ഫാസിസ്റ്റ് സ്വഭാവമുള്ള അധീശത്വ മർദ്ദനരൂപം വളർത്തിക്കൊണ്ടുവരികയാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ മാത്രമല്ല, ദളിതർക്കും സ്ത്രീകൾക്കും സമൂഹത്തിലെ എല്ലാ ദുർബല വിഭാഗങ്ങൾക്കും എതിരെ അവർ വളർത്തിക്കൊണ്ടുവരികയാണ്. അതിനെതിരെ പ്രതിരോധ ബോധനിർമ്മിതിയാണ് ആവശ്യം. ഹിന്ദുത്വത്തിന്റെ അധീശസംസ്കൃതിക്കെതിരെ ദേശീയ തലത്തിൽ ജനസംസ്കൃതിയുടെ പ്രതിരോധ മണ്ഡലം എല്ലാ മേഖലകളിലും രൂപപ്പെടുത്തണം. ഹിന്ദുത്വത്തിനെതിരെ ഒന്നിച്ചുനിൽക്കാൻ തയ്യാറുള്ള എല്ലാ ജനവിഭാഗങ്ങളെയും അതിൽ ഉൾപ്പെടുത്തണം. സാഹിത്യവും കലയും ആവിഷ്കാര രൂപങ്ങളും മാധ്യമങ്ങളും സിനിമയും അടക്കുള്ള എല്ലാ മേഖലകളിലേക്കും ഇതു വ്യാപിക്കണം’’. ഫാസിസ്റ്റ് വിരുദ്ധ സാംസ്കാരിക പ്രവർത്തനത്തിന്റെ ഏറ്റവും ശക്തമായ രൂപമാണ് പണിക്കർ അവതിരിപ്പിച്ചത്.

വിദ്യാഭ്യാസമായിരുന്നു പണിക്കർ ഏറ്റെടുത്ത മറ്റൊരു സുപ്രധാന പ്രവർത്തനം. അഖിലേന്ത്യാ തലത്തിൽ നടപ്പിലാക്കുന്ന യാന്ത്രികബോധന രീതിയും മൂല്യനിർണയവും അടക്കുള്ള വിദ്യാഭ്യാസത്തെ ഉപകരണാത്മക വിദ്യാഭ്യാസം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഉപകരണാത്മക വിദ്യാഭ്യാസം ഭരണ വർഗത്തിന്റെ മർദ്ദനോപകരണമാണ്.

ജനാധിപത്യവൽക്കരണത്തിലും വിമർശാനാത്മകമായ അനേ-്വഷണത്തിലധിഷ്ഠിതമായ പരിവർത്തനാത്മകമായ വിദ്യാഭ്യാസ പദ്ധതിക്കുമാത്രമേ ഇത്തരത്തിലുള്ള മർദ്ദനത്തെ നേരിടാനുള്ള പ്രതിരോധ ശക്തി സൃഷ്ടിക്കാൻ കഴിയൂ. ഇതിനായി ലോകത്തിലെ പ്രമുഖ സർവകലാശാലകളിൽ പരീക്ഷിച്ച് വിജയിച്ച ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റം ആദ്യം കാലടി സർവകലാശാലയിലും പിന്നീട് കേരളമാകെയും നടപ്പിലാക്കി. വിദ്യാഭ്യാസ രംഗത്ത് പരിവർത്തനാത്മക വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള നിരവധി വൈതരണികളെ ഇപ്പോഴും നേരിടുകയാണ്. പക്ഷേ, സർഗാത്മക സാധ്യതകളുള്ള വിദ്യാഭ്യാസപദ്ധതിക്ക് കേരളത്തിൽ തുടക്കമിടാൻ പ്രൊഫ പണിക്കർക്ക് സാധിച്ചു എന്നത് വസ്തുതയാണ്.

ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്ന അദ്ദേഹം ഒരു ക്രിട്ടിക്കൽ ഇൻസൈഡർ ആയിരുന്നു പ്രസ്ഥാനത്തോടുള്ള വിമർശനങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ സാധ്യമായ എല്ലാ മേഖലകളിലും സഹകരിച്ചു പ്രവർത്തിക്കാനും വിമർശനങ്ങൾ കൃത്യമായിത്തന്നെ അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതേസമയം ചില ‘ഇടതുപക്ഷ’സഹയാത്രികരെ ബാധിക്കുന്ന പാർലമെന്ററി അവസരവാദ വിഭാഗീയ ചിന്താഗതികൾ അദ്ദേഹത്തെ ഒരുരീതിയിലും സ്വാധീനിച്ചിരുന്നില്ല. ഇന്ത്യയിൽ ഇനിയും വളർന്നുവരേണ്ട ഫാസിസ്റ്റു-വിരുദ്ധ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് ശക്തനായ വഴികാട്ടിയായി അദ്ദേഹം എല്ലാ കാലത്തും ഉണ്ടാകും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × five =

Most Popular