Saturday, March 28, 2026

ad

Homeകവര്‍സ്റ്റോറിയാങ്കി ബൂട്ടുകൾക്കടിയിൽ ലോകം

യാങ്കി ബൂട്ടുകൾക്കടിയിൽ ലോകം

എ ശ്യാം

സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം എന്ന്‌ പഴയ ബ്രിട്ടനെ സാമ്രാജ്യത്വ ചരിത്രകാരർ വാഴ്‌ത്തുമായിരുന്നു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ പലതും രണ്ടാം ലോകയുദ്ധത്തിന്റെ അവസാനംവരെ ബ്രിട്ടീഷ്‌ കോളനികൾ ആയിരുന്നല്ലോ. ആ യുദ്ധാവസാനത്തോടെ സാമ്രാജ്യത്വ നായക പദവി ബ്രിട്ടന്‌ നഷ്‌ടപ്പെടുകയും അമേരിക്ക തൽസ്ഥാനത്തേക്ക്‌ ഉയരുകയും ചെയ്‌തു. പ്രത്യക്ഷ കോളനിവാഴ്‌ചയുടെ യുഗം അതോടെ അവസാനിച്ചെങ്കിലും പഴയ കോളനി രാജ്യങ്ങളിൽ തുടർന്നും പല നിലയിൽ പാശ്ചാത്യ സാമ്രാജ്യത്വ രാഷ്‌ട്രങ്ങൾ തങ്ങളുടെ സ്വാധീനവും ആധിപത്യവും നിലനിർത്തുന്നതാണ്‌ ലോകം കണ്ടത്‌. കോമൺവെൽത്ത്‌ പോലുള്ള സംവിധാനങ്ങളിലൂടെ ബ്രിട്ടനും അത്തരം ഔപചാരിക സംഘടന ഇല്ലെങ്കിലും ഫോങ്കാഫ്രിക്‌(francafrique) എന്ന കൂടുതൽ കർക്കശമായ അനൗപചാരിക സംവിധാനത്തിലൂടെ ഫ്രാൻസും മുൻ കോളനികളെ കൂടെനിർത്താൻ ഇടപെട്ടിരുന്നു. വടക്കനമേരിക്കൻ വൻകരയിൽ ബ്രിട്ടന്റെ മുൻ കോളനികളുടെ ഫെഡറേഷനായി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ രൂപംകൊണ്ട അമേരിക്കയാകട്ടെ സ്വന്തമായി കോളനികൾ ഇല്ലായിരുന്നെങ്കിലും(ഫിലിപ്പീൻസ്‌, പോർട്ടോറിക്കോ തുടങ്ങിയവ അധീന പ്രദേശങ്ങളായിരുന്നു) രണ്ടാം ലോകയുദ്ധാനന്തരം, പാശ്ചാത്യ സഖ്യരാഷ്‌ട്രങ്ങളുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളെല്ലാം തങ്ങളുടെ സ്വാധീനവലയത്തിലാക്കി. നാറ്റോ, സിയാറ്റോ, സെന്റോ തുടങ്ങിയ മേഖലാ സൈനിക സഖ്യങ്ങളിലൂടെയാണ്‌ അമേരിക്ക വിവിധ ഭൂമേഖലകളിലെ രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിച്ചത്‌.

മാർക്‌സിസ്‌റ്റ്‌ ആശയങ്ങളുടെയും റഷ്യൻ വിപ്ലവത്തിനു ശേഷം ചെറിയ കാലംകൊണ്ട്‌ ലോകശക്തിയായി മാറിയ സോവിയറ്റ്‌ യൂണിയന്റെയും സ്വാധീനത്തിൽ കൂടുതൽ രാജ്യങ്ങൾ കമ്യൂണിസ്‌റ്റ്‌ ഭരണത്തിലാവുന്നത്‌ തടയാനാണ്‌ അമേരിക്ക ഇത്തരത്തിൽ മേഖലാ സൈനിക സഖ്യങ്ങൾ രൂപീകരിച്ചത്‌. അവയുടെ മറവിൽ ഇടതുപക്ഷ മുന്നേറ്റങ്ങൾ തടയാൻ ലോകത്തിന്റെ വിവിധ കോണുകളിൽ സൈനികത്താവളങ്ങളും തുറന്നു. ഇതെല്ലാം തുടങ്ങിവച്ചത്‌ ‘സാമ്രാജ്യത്വ വിരുദ്ധ’ നിലപാട്‌ പ്രഖ്യാപിത നയമായിരുന്ന ഡെമോക്രാറ്റിക്‌ പാർടി അമേരിക്ക ഭരിക്കുമ്പോഴായിരുന്നു എന്നതാണ്‌ വിരോധാഭാസം. 1900ത്തിലെ അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ ഡെമോക്രാറ്റിക്‌ പാർടിയുടെ ദേശീയ കൺവെൻഷൻ ‘ഒരു രാഷ്‌ട്രത്തിനും പകുതി റിപ്പബ്ലിക്കും പകുതി സാമ്രാജ്യവുമായി അധികകാലം നിലനിൽക്കാനാവില്ല’ എന്ന്‌ അമേരിക്കൻ ജനതയ്‌ക്ക്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. മാത്രമല്ല, രാജ്യത്തിന്‌ പുറത്ത്‌ നടത്തുന്ന സാമ്രാജ്യത്വപരമായ ഇടപെടൽ അധികം വൈകാതെ അനിവാര്യമായും രാജ്യത്തിനകത്ത്‌ സ്വേച്ഛാധിപത്യമായി മാറും എന്നും ആ പ്രഖ്യാപനത്തിൽ തുടർന്ന്‌ പറഞ്ഞിരുന്നു. അത്‌ അക്ഷരാർത്ഥത്തിൽ ശരിയാണെന്ന്‌ മുമ്പ്‌ ‘ഡെമോക്രാറ്റിക്‌ പാർടിക്കാരൻ’ ആയിരുന്ന നിലവിലെ റിപ്പബ്ലിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിന്റെ ഭ്രാന്തൻ നടപടികളിലൂടെ ഒന്നേകാൽ നൂറ്റാണ്ടിനു ശേഷം അമേരിക്കൻ ജനത മനസിലാക്കുകയാണ്‌.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യവർഷത്തിൽ യുഎന്നിലെ അന്നത്തെ 190 അംഗരാജ്യങ്ങളിൽ 132ലും ഏതെങ്കിലും തരത്തിൽ അമേരിക്കൻ സൈനിക സാന്നിധ്യം ഉണ്ടായിരുന്നതായി പെന്റഗൺ രേഖകൾ തെളിയിക്കുന്നുണ്ട്. തീർച്ചയായും അവയെല്ലാം സാങ്കേതികമായി പൂർണ അമേരിക്കൻ സൈനിക താവളങ്ങളല്ല. എന്നാൽ 80ൽപരം രാജ്യങ്ങളിലായി എണ്ണൂറോളം സൈനികത്താവളങ്ങൾ നിലവിൽ അമേരിക്കയ്‌ക്കുണ്ട്‌ എന്നത്‌ വസ്‌തുതയാണ്‌. മൂന്നര പതിറ്റാണ്ട്‌ മുമ്പ്‌ സോവിയറ്റ്‌ യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്‌റ്റ്‌ ഭരണവ്യവസ്ഥയുടെയും തകർച്ചയോടെ ശീതയുദ്ധം അവസാനിച്ചപ്പോൾ അമേരിക്ക ചോദ്യംചെയ്യപ്പെടാനാവാത്ത ഏക വൻശക്തിയായി മാറിയതാണ്‌. ഈ സാഹചര്യത്തിൽ ലോകം സമാധാനത്തിലേക്ക്‌ നീങ്ങും, സൈനിക ശക്തി വികസിപ്പിക്കാനും യുദ്ധാവശ്യങ്ങൾക്കും മുടക്കുന്ന ഭീമമായ പണം രാജ്യങ്ങൾ ജനക്ഷേമത്തിനും വികസനാവശ്യങ്ങൾക്കും വിനിയോഗിക്കും തുടങ്ങിയ വ്യാമോഹങ്ങളാണ്‌ പാശ്ചാത്യ ബുദ്ധികേന്ദ്രങ്ങൾ സൃഷ്‌ടിക്കാൻ ശ്രമിച്ചത്‌. എന്നാൽ സംഭവിച്ചത്‌ നേർവിപരീതമാണ്‌. സോവിയറ്റ്‌ യൂണിയന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന വാഴ്‌സാ സൈനിക സഖ്യം ഇല്ലാതായെങ്കിലും കമ്യൂണിസ്‌റ്റ്‌ വ്യാപനം തടയാൻ അമേരിക്കൻ നേതൃത്വത്തിൽ ഉണ്ടാക്കിയ നാറ്റോ പുതിയ ഇടങ്ങളിലേക്ക്‌ വ്യാപിപ്പിക്കുകയാണ്‌ ചെയ്‌തത്‌(അമേരിക്ക തട്ടിക്കൂട്ടിയ സിയാറ്റോ, സെന്റോ എന്നീ മേഖലാ സൈനിക സഖ്യങ്ങൾ ശീതയുദ്ധം അവസാനിക്കുന്നതിനും ഏറെ മുമ്പേ ഇല്ലാതായിരുന്നു. വിയത്‌നാമിൽ നിന്ന്‌ അമേരിക്കയ്‌ക്ക്‌ തോറ്റോടേണ്ടതായി വന്നതും ബംഗ്ലാദേശ്‌ വിമോചനയുദ്ധകാലത്ത്‌ ഇന്ത്യൻ സൈന്യത്തെ നേരിടാൻ സഹായം ലഭിക്കാഞ്ഞതിനാൽ പാകിസ്ഥാൻ, സഖ്യത്തിൽനിന്ന്‌ പിൻവാങ്ങിയതുമാണ്‌ 1977ൽ സിയാറ്റോയെ ഇല്ലാതാക്കിയത്‌. സെന്റോയിൽ അമേരിക്കയുടെ പ്രധാന കൂട്ടാളി ആയിരുന്ന ഇറാൻ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന്‌ പിൻവാങ്ങിയതാണ്‌ 1979ൽ ആ സൈനിക സഖ്യത്തിന്‌ ചരമക്കുറിപ്പ്‌ എഴുതിയത്‌).

ആധുനിക സാമ്രാജ്യ ശക്തികളുടെ വളർച്ച
വ്യാപാര മുതലാളിത്തത്തിന്റെ ആവിർഭാവത്തോടെയാണ്‌ അതുവരെ അപരിചിതമായിരുന്ന കമ്പോളങ്ങൾ തേടി യൂറോപ്യൻ ശക്തികൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക്‌ കപ്പലുകളയച്ചത്‌. 17–-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്‌പെയിനായിരുന്നു പ്രധാന സാമ്രാജ്യശക്തി. തെക്കനമേരിക്കൻ ഭൂഖണ്ഡത്തിന്റെ വലിയൊരു ഭാഗത്തും വടക്കനമേരിക്കൻ ഭൂഖണ്ഡത്തിലും സ്‌പെയിൻ ആധിപത്യമുറപ്പിച്ചു. പോർച്ചുഗലും ബ്രിട്ടനും ഫ്രാൻസുമെല്ലാം മത്സരത്തിനുണ്ടായിരുന്നു. 18–-ാം നൂറ്റാണ്ടിൽ വ്യവസായ വിപ്ലവം മുതലാളിത്ത ശക്തികളുടെ ബലാബലത്തിലും മാറ്റം വരുത്തിയതോടെയാണ്‌ ബ്രിട്ടൻ പ്രധാനശക്തിയായി മാറിയത്‌. ഇരുപതാം നൂറ്റാണ്ട്‌ ആരംഭിക്കുമ്പോഴേക്ക്‌ ബ്രിട്ടൻ ‘സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം’ എന്ന വിശേഷണം നേടി. കോളനികൾക്കും വിഭവങ്ങൾക്കും കമ്പോളങ്ങൾക്കും വേണ്ടി സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിലുണ്ടായ കിടമത്സരമാണ്‌ 1914ൽ ഒന്നാം ലോകയുദ്ധത്തിലേക്ക്‌ നയിച്ചത്‌. യുദ്ധം ആരംഭിക്കുമ്പോൾ ഏറ്റവും വലിയ സൈന്യം ജനസംഖ്യയിൽ ഏറെ മുന്നിലുള്ള റഷ്യയ്‌ക്കായിരുന്നു. 13.52 ലക്ഷം സൈനികരുള്ള റഷ്യയ്‌ക്ക്‌ പിന്നിലായിരുന്നു ഫ്രാൻസ്‌(9.10 ലക്ഷം), ജർമനി(8.91ലക്ഷം), ബ്രിട്ടൻ (5.32 ലക്ഷം) എന്നീ രാജ്യങ്ങൾ. ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങൾക്കും പുറകിൽ എട്ടാം സ്ഥാനത്തായിരുന്നു അന്ന് അമേരിക്ക (1.64 ലക്ഷം സൈനികർ). ലോകയുദ്ധം അവസാനിക്കുന്നതിനുമുമ്പ്‌ സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തെ തുടർന്ന്‌ റഷ്യ യുദ്ധത്തിൽനിന്ന്‌ പിൻവാങ്ങി. രണ്ടുവർഷം മാത്രം പ്രായമുള്ള വിപ്ലവരാഷ്‌ട്രശിശുവിനെ ഇല്ലാതാക്കാൻ അമേരിക്ക 1919ൽ റഷ്യക്കെതിരെ ആക്രമണം നടത്തുന്നുണ്ട്‌. പക്ഷേ പരാജയപ്പെട്ടു. പിന്നീട്‌ 1935 വരെ അമേരിക്കയ്‌ക്ക്‌ റഷ്യയുമായി നയതന്ത്രബന്ധം ഉണ്ടായിരുന്നില്ല.

ഇത്തരത്തിൽ തുടക്കത്തിലെ മുതലാളിത്ത രാഷ്‌ട്രങ്ങളുടെ ആക്രമണങ്ങളും ഒറ്റപ്പെടുത്തലും നേരിട്ട വിപ്ലവറഷ്യ തുടർന്ന്‌ വ്യവസായ, കാർഷിക രംഗങ്ങളിലെ വളർച്ചയ്‌ക്കൊപ്പം സൈനികരംഗത്തും കൂടുതൽ ശ്രദ്ധപതിപ്പിച്ചു. രണ്ടാം ലോകയുദ്ധത്തോടടുക്കുമ്പോൾ ജപ്പാൻ കഴിഞ്ഞാൽ സോവിയറ്റ്‌ യൂണിയനായിരുന്നു ദേശീയവരുമാനത്തിൽ നിന്ന്‌ കൂടുതൽ വിഹിതം പ്രതിരോധച്ചെലവിന്‌ നീക്കിവെച്ചിരുന്നത്‌. 1937ൽ ജപ്പാൻ 28.2 ശതമാനം പ്രതിരോധത്തിന്‌ നീക്കിവച്ചപ്പോൾ സോവിയറ്റ്‌ യൂണിയൻ 26.4 ശതമാനവും ജർമനി 23.5 ശതമാനവും ആണ്‌ മുടക്കിയത്‌. അമേരിക്ക ഒന്നര ശതമാനമാണ്‌ നീക്കിവച്ചിരുന്നതെങ്കിലും സോവിയറ്റ്‌ യൂണിയന്റെ മൂന്നിരട്ടി വരുമാനമുണ്ടായിരുന്നതിനാൽ അത്‌ അത്ര ചെറിയ തുകയായിരുന്നില്ല. സ്‌റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ്‌ യൂണിയൻ നടത്തിയ തയ്യാറെടുപ്പാണ്‌ ഹിറ്റ്‌ലറുടെ നാസി ജർമനിയുടെ ആക്രമണത്തെയും പാശ്ചാത്യ രാഷ്‌ട്രങ്ങളുടെ മുതലെടുപ്പ്‌ ശ്രമങ്ങളെയും പരാജയപ്പെടുത്താൻ ലോകത്തെ ആദ്യ സോഷ്യലിസ്‌റ്റ്‌ രാഷ്‌ട്രത്തെ സഹായിച്ചത്‌. ലോകയുദ്ധത്തിൽ സോവിയറ്റ്‌ യൂണിയൻ നാസികളിൽനിന്ന്‌ വിമോചിപ്പിച്ച പ്രദേശങ്ങൾ സ്വാഭാവികമായും സോഷ്യലിസ്‌റ്റ്‌ ഭരണത്തിലായി. ഈ സോഷ്യലിസ്‌റ്റ്‌ സർക്കാരുകളെ അട്ടിമറിക്കാനും ആ ചേരി വളരുന്നത്‌ തടയാനും അമേരിക്കൻ നേതൃത്വത്തിൽ മുതലാളിത്ത ചേരി നടത്തിയ നീക്കങ്ങളാണ്‌ പിന്നീട്‌ നാല്‌ പതിറ്റാണ്ടുകാലം ലോകത്തെ ശീതയുദ്ധത്തിലാഴ്‌ത്തിയത്‌. കൊറിയൻ യുദ്ധവും വിയ്‌തനാമിലും ക്യൂബയിലും മറ്റും അമേരിക്ക നാണംകെട്ടതും ഇക്കാലത്താണ്‌.

ശീതയുദ്ധാനന്തരം ഏകധ്രുവലോകം
സോവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെയാണ്‌ ശീതയുദ്ധത്തിന്‌ അവസാനമായത്‌. എന്നാൽ അതുകൊണ്ട്‌ അമേരിക്കയുടെ ആക്രമണോത്സുകമായ സാമ്രാജ്യത്വ വിദേശനയത്തിൽ അൽപംപോലും മാറ്റമുണ്ടായില്ല. ഏകധ്രുവ ലോക മോഹത്തിൽ അധിഷ്ഠിതമായ അമേരിക്ക പിന്നീട് ലോകമെങ്ങും അശാന്തി പടർത്തി. പഴയ വാഴ്‌സാ സഖ്യ രാഷ്‌ട്രങ്ങളിലുണ്ടായിരുന്ന സൈനിക താവളങ്ങൾ റഷ്യ ഉപേക്ഷിച്ചെങ്കിലും ആ രാജ്യങ്ങളെ നാറ്റോയിൽ ചേർത്ത്‌ പടിഞ്ഞാറൻ സാമ്രാജ്യത്വ ശക്തികൾ തങ്ങളുടെ സൈനിക സന്നാഹങ്ങൾ അവിടേക്ക്‌ വ്യാപിപ്പിക്കുകയാണ്‌ ചെയ്‌തത്‌. പതിറ്റാണ്ടുകളായി അമേരിക്കൻ ഭീഷണിയും അട്ടിമറി ശ്രമങ്ങളും നേരിടുന്ന ക്യൂബയുടെ രക്ഷയ്‌ക്ക്‌ അവിടെ സ്ഥാപിച്ചിരുന്ന റേഡിയോ ഇന്റലിജൻസ്‌ സ്‌റ്റേഷനടക്കം റഷ്യ അടച്ചുപൂട്ടി. ഇരുപതോളം സൈനിക താവളങ്ങൾ മാത്രമാണ്‌ സ്വന്തം അതിർത്തിക്ക്‌ പുറത്ത്‌ റഷ്യയ്‌ക്കുള്ളത്‌. സുരക്ഷാ കാരണത്താൽ മധ്യേഷ്യയിലെ മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കുകളിലും തന്ത്രപ്രധാനമായ സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്കിലും മറ്റുമാണത്‌. എന്നാൽ മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കുകളിൽ പോലും റഷ്യയ്‌ക്കെതിരെ സൈനിക–-ചാര സംവിധാനങ്ങൾ സ്ഥാപിച്ച്‌ വെല്ലുവിളി തുടരുകയാണ്‌ അമേരിക്ക ചെയ്‌തത്‌. ആ വിനാശനീക്കത്തിൽ ഏറ്റവും ഒടുവിലത്തേതാണ്‌ നാല്‌ വർഷമായി തുടരുന്ന ഉക്രെയ്‌ൻ യുദ്ധത്തിന്‌ റഷ്യയെ നിർബന്ധിതമാക്കിയത്‌. ലോകത്തെ മുഴുവൻ തങ്ങളുടെ വിധേയരായി നിർത്തുക എന്നതു തന്നെയാണ്‌ അമേരിക്ക ഇത്തരത്തിൽ സൈനികത്താവളങ്ങളും ആയുധപ്പുരകളും വ്യാപിപ്പിക്കുന്നതിന്റെ ലക്ഷ്യം.

പശ്ചിമേഷ്യൻ മേഖലയിലെ സൈനികത്താവളങ്ങൾ ഉപയോഗിച്ച്‌ വംശീയ ഭീകരരാഷ്‌ട്രമായ ഇസ്രയേലിനൊപ്പം ഇറാനെതിരെ അമേരിക്ക ആരംഭിച്ച ആക്രമണമാണ്‌ ഇപ്പോൾ ലോകത്തെയാകെ ആശങ്കയിലാക്കുന്നത്‌. മേഖലയിൽ അമേരിക്കയ്‌ക്ക്‌ സൈനിക താവളം നൽകിയിട്ടുള്ള രാജ്യങ്ങളിലേക്ക്‌ ഇറാൻ നടത്തുന്ന പ്രത്യാക്രമണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഊർജപ്രതിസന്ധിക്കും ഇടയാക്കിയിട്ടുണ്ട്‌. മുമ്പ്‌ ഇന്ത്യയെ വിരട്ടാൻ ഉപയോഗിച്ച ദീഗോ ഗാർഷ്യയിലെ യുഎസ്‌–-ബ്രിട്ടീഷ്‌ സേനാതാവളവും ഇന്ത്യയിൽനിന്ന്‌ ബഹുരാഷ്‌ട്ര പരിശീലനം കഴിഞ്ഞ്‌ മടങ്ങിയ ഇറാനിയൻ കപ്പൽ കഴിഞ്ഞദിവസം ഇന്ത്യൻ സമുദ്രത്തിൽവച്ച്‌ അമേരിക്ക തകർത്തതും യുദ്ധം പശ്ചിമേഷ്യയ്‌ക്ക്‌ പുറത്തേക്കും വ്യാപിപ്പിക്കാനുള്ള അമേരിക്കൻ കുതന്ത്രത്തെ സൂചിപ്പിക്കുന്നുണ്ട്‌.

പ്രധാന ലക്ഷ്യം ചൈന
ശീതയുദ്ധം അവസാനിച്ചപ്പോൾ അനാവശ്യമായ കുറേ സൈനികത്താവളങ്ങൾ അമേരിക്ക ഉപേക്ഷിച്ചെങ്കിലും തങ്ങൾക്ക്‌ വെല്ലുവിളിയായ രാജ്യങ്ങൾക്കെതിരെയുള്ള നീക്കങ്ങൾക്ക്‌ പുതിയ കുറേ താവളങ്ങൾ തുടങ്ങി എന്നത്‌ ശ്രദ്ധേയമാണ്‌. ഏറ്റവുമധികം അമേരിക്കൻ സൈനികത്താവളങ്ങൾ ഇന്നുള്ളത്‌ ഏഷ്യ–-പസഫിക്‌ മേഖലയിലാണ്‌ എന്നുള്ളത്‌ ലക്ഷ്യം വ്യക്തമാക്കുന്നു. അത്‌ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയാണ്‌. ആ രാജ്യത്തിനാകട്ടെ കമ്പോഡിയ, ജിബൂട്ടി (പ്രധാന സമുദ്രപാതയിലെ തന്ത്രപ്രധാനമായ സ്ഥാനത്താൽ അമേരിക്കയും ഫ്രാൻസും സൗദി അറേബ്യയുമടക്കം പല മുൻനിര രാജ്യങ്ങൾക്കും ഇവിടെ താവളമുണ്ട്‌), താജിക്കിസ്ഥാൻ എന്നിവിടങ്ങളിൽ മാത്രമാണ്‌ സൈനികത്താവളങ്ങളുള്ളത്‌. ആക്രമണത്തിനോ വിരട്ടലിനോ അല്ല ഇവയെന്ന്‌ വ്യക്തമാണ്‌. എന്നാൽ ചൈനയെ ലക്ഷ്യമിട്ടാണ്‌ അമേരിക്ക ഏറ്റവുമധികം സൈനികരെ വിദേശത്ത്‌ വിന്യസിച്ചിട്ടുള്ളത്‌. അരലക്ഷത്തിലധികം അമേരിക്കൻ സൈനികരാണ്‌ ജപ്പാനിലുള്ളത്‌. ചൈനയുടെ ഭാഗമായി അമേരിക്കൻ സർക്കാരും അംഗീകരിച്ചിട്ടുള്ള വിഘടിത പ്രദേശമായ തായ്‌വാന്‌ സമീപം ഒക്കിനാവ ദ്വീപിലാണ്‌ ജപ്പാനിലെ യുഎസ്‌ സൈനികരിൽ 60 ശതമാനത്തോളം. ഒക്കിനാവ താവളത്തിലെ അമേരിക്കൻ പട്ടാളക്കാരുടെ അതിക്രമങ്ങൾമൂലം ജനരോഷം ശക്തമാണെങ്കിലും ജപ്പാൻ സർക്കാരുകൾ അമേരിക്കയ്‌ക്ക്‌ വിധേയമായ നിലപാടാണ്‌ തുടരുന്നത്‌. ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ കഴിഞ്ഞയാഴ്‌ചയാണ്‌ ജപ്പാനിലെ ഒരു ഹൈക്കോടതി അമേരിക്കൻ പട്ടാളക്കാരന്‌ 7 വർഷം തടവുശിക്ഷ വിധിച്ചത്‌. ബാല്യം കടന്നിട്ടില്ലാത്ത പെൺകുട്ടികളെപോലും അമേരിക്കൻ പട്ടാളക്കാർ ബലാത്സംഗം ചെയ്‌തുകൊന്ന സംഭവങ്ങളും ഒക്കിനാവയിൽ ഉണ്ടായിട്ടുണ്ട്‌. മലയാള സാഹിത്യത്തിൽ പോലും ഒക്കിനാവയിലെ പെൺകുട്ടികളുടെ ദുരവസ്ഥ കടന്നുവന്നിട്ടുണ്ട്‌. ഈ മേഖലയിൽ അമേരിക്കയുടെ ഏറ്റവും വലിയ സൈനികത്താവളം ദക്ഷിണ കൊറിയയിലെ ക്യാമ്പ്‌ ഹംഫ്രീസ്‌ ആണ്‌. ഫിലിപ്പീൻസ്‌, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ചെെനയെ ലക്ഷ്യമിട്ട്‌ അമേരിക്ക താവളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌.

എണ്ണ-പ്രകൃതിവാതക സമ്പന്നമായ മധ്യപൗരസ്‌ത്യ മേഖലയിലെ സൈനികത്താവളങ്ങൾക്കാണ്‌ അമേരിക്ക രണ്ടാമത് പ്രാധാന്യം നൽകുന്നത്‌. അവിടെ ഖത്തറിലുള്ള അൽ ഉദൈദ്‌ ക്യാമ്പാണ്‌ യുഎസ്‌ സെൻട്രൽ കമാൻഡിന്റെ ആസ്ഥാനം. മുമ്പ്‌ ഇറാഖിനെതിരെയും ഇപ്പോൾ ഇറാനെതിരെയും നടന്ന അമേരിക്കൻ ആക്രമണങ്ങൾ പ്രധാനമായും ഇവിടെനിന്നാണ്‌. സൗദി അറേബ്യ, കുവൈത്ത്‌, ഇറാഖ്‌, സിറിയ തുടങ്ങിയ രാജ്യങ്ങളിലും അമേരിക്കൻ പടയും സന്നാഹങ്ങളുമുണ്ട്‌. യൂറോപ്പിൽ ജർമനിയിലാണ്‌ ഏറ്റവുമധികം അമേരിക്കൻ സൈനികരെ വിന്യസിച്ചിട്ടുള്ളത്‌. ഇറ്റലി, പോളണ്ട്‌, ലാത്വിയ തുടങ്ങിയ രാജ്യങ്ങളിലും സംവിധാനങ്ങളുണ്ട്‌. അമേരിക്ക തങ്ങളുടെ ‘അടുക്കളത്തോട്ട’മായി കണ്ടുവരുന്ന തെക്കനമേരിക്കൻ ഭൂഖണ്ഡത്തിൽ ക്യൂബയെ ലക്ഷ്യമിട്ടാണ്‌ പ്രധാന സൈനിക സന്നാഹങ്ങൾ. 2026 ജനുവരി മൂന്നിന്‌ പുലർച്ചെ അമേരിക്കൻ പട്ടാളക്കാർ വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ്‌ നിക്കോളസ്‌ മദുറോയേയും പത്നിയേയും തട്ടിക്കൊണ്ടുപോയത്‌ ആ രാജ്യത്തെ എണ്ണ സമ്പത്ത്‌ തട്ടിയെടുക്കാൻ മാത്രമല്ല; ക്യൂബയ്‌ക്കെതിരായ മുന്നൊരുക്കം എന്ന നിലയിലുമാണ്‌. ഇറാനിലെ ആക്രമണം കഴിഞ്ഞാൽ ക്യൂബ എന്ന ഭീഷണി ട്രംപ്‌ ഉയർത്തിയിട്ടുണ്ട്‌. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്ന്‌ ക്യൂബൻ തീരത്തേയ്‌ക്ക്‌ 45 മൈൽ മാത്രമാണ്‌ ദൂരമെന്നതിനാൽ വേറെ സൈനികത്താവളം അമേരിക്കയ്‌ക്ക്‌ ആവശ്യമില്ല. മാത്രമല്ല, ക്യൂബൻ ദ്വീപായ ഗ്വാണ്ടനാമോ 123 വർഷമായി അമേരിക്ക കയ്യടക്കിവച്ച്‌ സൈനികത്താവളമായി ഉപയോഗിക്കുകയാണ്‌. ഇറാഖിൽനിന്നും അഫ്‌ഗാനിസ്ഥാനിൽനിന്നും മറ്റും പിടികൂടിയവരെ ഇവിടെ കൊണ്ടുവന്ന്‌ പീഡിപ്പിച്ചത്‌ അന്താരാഷ്‌ട്ര സമൂഹത്തിന്റെ കടുത്ത വിമർശനത്തിന്‌ ഇടയാക്കിയിരുന്നു. മേഖലയിൽ ഹോണ്ടുറാസിലും അമേരിക്കയ്‌ക്ക്‌ താവളമുണ്ട്‌. മാത്രമല്ല, പല രാജ്യങ്ങളിലെയും ഭരണാധികാരികൾ തങ്ങൾക്കൊപ്പം നിൽക്കുമെന്നും അമേരിക്കയ്‌ക്ക്‌ ഉറപ്പുണ്ട്‌. ആഫ്രിക്കയിലും ‘ലിലിപാഡ്‌’ എന്നറിയപ്പെടുന്ന പത്തിലധികം ചെറുതാവളങ്ങൾ അമേരിക്കയ്‌ക്കുണ്ട്‌.

അമേരിക്കൻ സൈനികത്താവളങ്ങളുമായി ബന്ധപ്പെട്ട്‌ തദ്ദേശവാസികൾ ലൈംഗിക പീഡനങ്ങൾക്കിടയാകുന്നത്‌ മാത്രമല്ല, പരിസ്ഥിതി നാശം പോലുള്ള പ്രശ്‌നങ്ങളും ഉയർന്നുവന്നിട്ടുണ്ട്‌. 2001 സെപ്‌തംബർ 11ന്‌(9/11) അമേരിക്കയെ നടുക്കിയ ഭീകരാക്രമണത്തിന്‌ പ്രധാന കാരണങ്ങളിലൊന്നായി ഉസാമ ബിൻ ലാദൻ പറഞ്ഞത്‌ സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യമാണ്‌. അതിനൊപ്പം ജെറുസലേമിലെ സയണിസ്‌റ്റ്‌ അതിക്രമങ്ങളും ലോകമെങ്ങും ഇസ്ലാം വിശ്വാസികളിൽ പ്രതിഷേധത്തിന്‌ ഇടയാക്കുന്നുണ്ട്‌. തീവ്രവാദവും ഭീകരവാദവും വളരുന്നതിനും പ്രധാനകാരണം അമേരിക്കയുടെയും ഇസ്രയേലിന്റെയും നയങ്ങളാണ്‌. എങ്കിലും പാഠംപഠിക്കാതെ ബഹിരാകാശത്തെപ്പോലും യുദ്ധക്കളം ആക്കാനാണ്‌ അമേരിക്ക ആഗ്രഹിക്കുന്നത്‌. ബഹിരാകാശത്ത്‌ നിന്നുകൊണ്ടും ഒരിക്കൽ തങ്ങൾ യുദ്ധം നടത്തുമെന്ന്‌ മൂന്ന്‌ പതിറ്റാണ്ട്‌ മുമ്പ്‌ അന്നത്തെ അമേരിക്കൻ ബഹിരാകാശ കമാൻഡിന്റെ ജനറൽ ജോസഫ്‌ ആഷി പറഞ്ഞത്‌ തമാശയായിട്ടല്ല. ലോകത്തെ മുഴുവൻ യാങ്കി സൈനിക ബൂട്ടുകൾക്കടിയിലാക്കി സൂര്യനസ്‌തമിക്കാത്ത സൈനിക സാമ്രാജ്യം സ്ഥാപിക്കുകയാണ്‌ അമേരിക്കയുടെ മോഹം. എന്നാൽ ഒരു സാമ്രാജ്യവും ശാശ്വതമല്ല എന്നാണ്‌ ചരിത്രം നൽകുന്ന പാഠം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 1 =

Most Popular