Saturday, March 28, 2026

ad

Homeകവര്‍സ്റ്റോറിലാഭക്കൊതി മൂത്ത് 
ചോരവീഴ്ത്തുന്ന സാമ്രാജ്യത്വം

ലാഭക്കൊതി മൂത്ത് 
ചോരവീഴ്ത്തുന്ന സാമ്രാജ്യത്വം

ജി വിജയകുമാർ

2026 ഫെബ്രുവരി 28ന് ടെഹ്റാനിലും തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലും ബോംബ് വർഷിച്ചുകൊണ്ടാണ് ഇസ്രയേലും അമേരിക്കയും ഇറാനുനേരെ ഇപ്പോഴത്തെ കടന്നാക്രമണത്തിനു തുടക്കംകുറിച്ചത്. മിനാബിലെ 180 ലധികം പെൺകുട്ടികൾ പഠിക്കുന്ന പ്രൈമറി സ്കൂളിൽ ബോംബ് വീണത് യാദൃച്ഛികമായോ ലക്ഷ്യം തെറ്റിയോ ആയിരുന്നില്ല. ഇസ്രയേലിലെ വംശീയ ഭരണാധികാരികൾ കൃത്യമായ ലക്ഷ്യത്തോടെ നടത്തിയ ശിശുഹത്യ തന്നെയാണതെന്ന് ഇസ്രയേൽ സയണിസ്റ്റുകൾ പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണംതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗാസയിൽ മാത്രം ഒരു വർഷത്തിനുള്ളിൽ ഇരുപതിനായിരത്തിലേറെ പിഞ്ചുകുഞ്ഞുങ്ങളെയാണ് വിദ്യാലയങ്ങളിലും ആശുപത്രികളിലും ബോംബുവർഷിച്ച് ഇസ്രയേൽ ഭീകരഭരണം കൊന്നൊടുക്കിയത്. പലസ്തീനിലെ അറബ് വംശജരുടെ തലമുറയെത്തന്നെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ സയണിസ്റ്റ് ഭരണാധികാരികൾ ആക്രമണം നടത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിൽ ഹിറ്റ്ലറുടെ നാസി ഭീകരഭരണം നടത്തിയ ജൂത വിരുദ്ധ വംശഹത്യയുടെ പാത തന്നെയാണ് ഇന്ന് ഇസ്രയേൽ സയണിസ്റ്റ് ഭീകരരും പിന്തുടരുന്നത്.

ടെഹ്റാനിലെ ആദ്യ ആക്രമണലക്ഷ്യം ഇറാൻ ഭരണത്തിന്റെ ചുക്കാൻപിടിക്കുന്ന ആയത്തൊള്ള അലി ഖമനേയിയുടെ ആസ്ഥാനമായിരുന്നു. ഇറാന്റെ പരമോന്നത മതനേതാവിനെയും അമേരിക്കൻ–ഇസ്രയേൽ കടന്നാക്രമണത്തെക്കുറിച്ച് ആശയവിനിമയം നടത്താൻ അവിടെയെത്തിയ ഇറാന്റെ ഉന്നത സെെനിക നേതൃത്വത്തെയും ഒന്നടങ്കം ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നിലുണ്ടായിരുന്നത്. തങ്ങളുടെ മൂലധനതാൽപ്പര്യത്തിനനുസരിച്ച് ഭരണം നടത്താൻ തയ്യാറാകാത്ത ഭരണാധികാരികളെ അട്ടിമറിക്കുകയെന്ന സാമ്രാജ്യത്വത്തിന്റെ പതിവ് നടപടിയാണ് ടെഹ്റാനിലും ആവർത്തിച്ചത്.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഇറാൻ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ജനാധിപത്യപാരമ്പര്യമുള്ള രാജ്യമായി മാറിയിരുന്നു; മതനിരപേക്ഷവും ജനാധിപത്യപരവുമായ ഒരു ധെെഷണിക സമൂഹവും ഇറാനിലുണ്ടായിരുന്നു. 1935ലാണ് പേർഷ്യ പേരുമാറ്റി ഇറാൻ എന്ന പേര് സ്വീകരിച്ചത്. രണ്ടാം ലോക യുദ്ധാനന്തരം ഇറാന്റെ രാജ്യാതിർത്തിക്കുള്ളിൽ രണ്ട് പ്രവിശ്യകൾ ജനകീയ ജനാധിപത്യറിപ്പബ്ലിക്കുകളായി മാറിയിരുന്നു. ഈയൊരു പശ്ചാത്തലമുള്ള ഇറാനിലാണ് 1951ൽ പാർലമെന്റിൽ (മജ്ലിസ്) ഭൂരിപക്ഷം നേടി മൊസാദേക്ക് രാജ്യത്തിന്റെ പ്രസിഡന്റായത്. പാർലമെന്റിന്റെ പൂർണ പിന്തുണയോടെ അദ്ദേഹം ഇറാന്റെ എണ്ണ വ്യവസായം ദേശസാൽക്കരിച്ചു. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ആംഗ്ലോ ഇറാനിയൻ ഓയിൽ കമ്പനിയാണ് അതേവരെ ഇറാന്റെ ഖനനത്തിലും വിതരണത്തിലും കുത്തക പുലർത്തിയിരുന്നത്. ഇറാൻ ഗവൺമെന്റിന് ചെറിയൊരു വിഹിതം റോയൽറ്റി നൽകിയശേഷം രാജ്യത്തെ അമൂല്യമായ ആ വിഭവമാകെ ഇക്കൂട്ടർ കൊള്ളയടിക്കുകയായിരുന്നു. വർഷങ്ങളായി നടന്നുകൊണ്ടിരുന്ന ഈ കൊള്ളയടിക്കെതിരായി ഉയർന്നുവന്ന ജനവികാരമാണ് മൊസാദേക്കിനെ അധികാരത്തിലെത്തിച്ചത്.

ദേശസാൽക്കരണത്തിനു മുൻപായി മൊസാദേക്ക് സർക്കാർ ബ്രിട്ടീഷ് എണ്ണക്കമ്പനിയുമായി പലവട്ടം അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നു. റോയൽറ്റിയായി എല്ലാ ചെലവും കഴിച്ചുള്ള ലാഭത്തിന്റെ 50 ശതമാനം ഇറാന് നൽകണമെന്ന ആവശ്യംപോലും അംഗീകരിക്കാൻ ബ്രിട്ടീഷ് എണ്ണക്കമ്പനി തയ്യാറാകാതെ വന്നപ്പോഴാണ് മൊസാദേക്ക് ദേശസാൽക്കരണത്തിലേക്ക് തിരിഞ്ഞത്. കമ്പനിയുടെ തൊഴിലാളികൾക്ക് തൊഴിലും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ലാഭത്തിന്റെ 25 ശതമാനം വരെ നഷ്ടപരിഹാരം നൽകിയുമാണ് ഇറാൻ ഗവൺമെന്റ് ഒടുവിൽ കമ്പനി ദേശസാൽക്കരിച്ചത്. ബ്രിട്ടനിലെ ഒരു സ്വകാര്യകമ്പനി തങ്ങളുടെ രാജ്യത്ത് നടത്തിയിരുന്ന കൊള്ളയിൽ നിയന്ത്രണം കൊണ്ടുവന്ന മൊസാദേക്ക് ഗവൺമെന്റിന്റെ നടപടിയോടുള്ള പ്രതികാരമെന്ന നിലയിൽ ബ്രിട്ടീഷ് നാവികസേന ഇറാനെതിരെ ഉപരോധമേർപ്പെടുത്തി. ഇതിന് തിരിച്ചടിയായി മൊസാദേക്ക് സർക്കാർ ഇറാനിലുണ്ടായിരുന്ന ബ്രിട്ടീഷുകാരെയാകെ രാജ്യത്തുനിന്നു പുറത്താക്കി.

ഇതോടെ രോഷംപൂണ്ട ബ്രിട്ടൻ ഇറാനിലെ എണ്ണപ്പാടങ്ങൾ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള നീക്കമാരംഭിച്ചു. ഇൗ ഘട്ടമായപ്പോൾ മാത്രമാണ് മൊസാദേക്ക് സർക്കാർ അയൽരാജ്യമായ സോവിയറ്റ് യൂണിയന്റെ പിന്തുണ തേടിയത്. ബ്രിട്ടനിൽനിന്നും സെെനികാക്രമണമുണ്ടായാൽമാത്രം സഹായം എന്ന വാഗ്ദാനത്തിനപ്പുറം സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് ഗവൺമെന്റ് നേരിട്ടുള്ള ഒരിടപെടലിനും ആ ഘട്ടത്തിൽ തയ്യാറായിരുന്നില്ല. ബ്രിട്ടനാകട്ടെ, ഒറ്റയ്ക്ക് നേരിട്ടുള്ള സെെനിക നടപടി തുടരാൻ തയ്യാറാകാതെ 1952 നവംബറിൽ അമേരിക്കയുടെ സഹായംതേടി. കൊറിയൻ യുദ്ധത്തിൽ കുടുങ്ങിക്കിടന്നിരുന്ന അമേരിക്കയ്ക്ക് ആ ഘട്ടത്തിൽ മറ്റൊരു സെെനിക നീക്കം കൂടി നടത്താൻ താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ കൊറിയൻ യുദ്ധത്തിൽ ബ്രിട്ടന്റെ പിന്തുണ അമേരിക്കയ്ക്ക് ലഭിച്ചിരുന്നതുകൊണ്ട് അമേരിക്കയിലെ ഗവൺമെന്റ് ബ്രിട്ടന്റെ അഭ്യർഥന പൂർണമായും തള്ളിക്കളഞ്ഞതുമില്ല. മൊസാദേക്ക് സോവിയറ്റ് പിന്തുണ തേടിയതും ഇറാനിൽ ശക്തിപ്പെട്ടുവന്നിരുന്ന കമ്യൂണിസ്റ്റു സ്വാധീനവും ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടൻ മൊസാദേക്ക് സർക്കാരിനെതിരായ നടപടിക്ക് അമേരിക്കയുടെ പിന്തുണ നേടിയത്. അങ്ങനെയാണ് ഇറാന്റെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ബ്രിട്ടീഷ് ചാരസംഘടനയായ എം 16 നൊപ്പം അമേരിക്കൻ ചാരസംഘടനയായ സിഐഎയും രംഗത്തെത്തിയത്. സിഐഎയുടെ തലവനായിരുന്ന അലൻ ഡള്ളസ് വർഷങ്ങളോളം ആംഗ്ലോ ഇറാനിയൻ ഓയിൽ കമ്പനിയുടെ അഭിഭാഷകനും കൂടിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അങ്ങനെ മൊസാദേക്ക് സർക്കാരിനെ ജനാധിപത്യവിരുദ്ധമായി അട്ടിമറിക്കാൻ ഡള്ളസിന്റെ സിഐഎ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയായിരുന്നു.

‘ഓപ്പറേഷൻ അജാക്സ്’ എന്ന പേര് നൽകി ആരംഭിച്ച അട്ടിമറിക്ക് കളമൊരുക്കാൻ സിഐഎയുടെ നിരവധി ഏജന്റുമാർ പല പേരിൽ ഇറാനിലെത്തി പ്രവർത്തനനിരതരായി. ഇറാനിൽ ഷായുടെ രാജവാഴ്ചയ്ക്കു കീഴിലായിരുന്നു മൊസാദേക്കിന്റെ ഗവൺമെന്റ് ഭരണം നടത്തിയിരുന്നത്. ഭരണഘടന പ്രകാരം ഭരണത്തലവൻ ഷാ ആയിരുന്നെങ്കിലും യഥാർഥ അധികാരം പാർലമെന്റിനും തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിക്കുമായിരുന്നു. ആ അധികാരം ഉപയോഗിച്ചായിരുന്നു മൊസാദേക്ക് ഗവൺമെന്റ് പാർലമെന്റിന്റെ പൂർണ പിന്തുണയോടെ എണ്ണ ദേശസാൽക്കരണം നടപ്പാക്കിയത്. ജനവികാരം കണക്കിലെടുത്ത് ഷായും അതിനു പിന്തുണ നൽകിയെങ്കിലും ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമ്മർദം ശക്തിപ്പെട്ടപ്പോൾ അയാൾ ദേശസാൽക്കരണത്തിനെതിരായ സമീപനം കെെക്കൊണ്ടു. പാർലമെന്റിൽ മൊസാദേക്കിന് പിന്തുണ നൽകിയിരുന്ന നാഷണൽ ഫ്രണ്ടിൽ മതനിരപേക്ഷ ജനാധിപത്യവാദികൾക്കൊപ്പം ഷിയ ഇസ്ലാമിസ്റ്റുകളും ഉണ്ടായിരുന്നു. ഇറാൻ പാർലമെന്റിന്റെ (മജ്ലിസ്) സ്പീക്കർ ആയത്തൊള്ള കഷാനി ഷിയ മതപുരോഹിതനായിരുന്നു. എന്നാൽ, ഈ വിഭാഗത്തിന്റെ ലക്ഷ്യം ഇറാനെ മതരാഷ്ട്രമാക്കി മാറ്റുകയെന്നതായിരുന്നു. മൊസാദേക്ക് അതിന് കൂട്ടുനിൽക്കുന്നില്ലയെന്നു വന്നതോടെ അവർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.

ഈ ഘട്ടത്തിൽ സർക്കാരിന് ശക്തമായ പിന്തുണ നൽകാൻ ടൂഡെ പാർട്ടി (കമ്യൂണിസ്റ്റ്) തീരുമാനിച്ചു. അതേവരെ കമ്യൂണിസ്റ്റുകാർ മൊസാദേക്ക് സർക്കാരിന് നയങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പിന്തുണ നൽകുകയായിരുന്നു. ഇസ്ലാമിസ്റ്റുകൾ പിന്തുണ പിൻവലിച്ചപ്പോൾ പാർലമെന്റിലെ കമ്യൂണിസ്റ്റുകാർ നിരുപാധികം പിന്തുണ നൽകിയത് മൊസാദേക്ക് സർക്കാരിന് ശക്തി നൽകി. കമ്യൂണിസ്റ്റുകാരുടെ പിന്തുണയുള്ള സർക്കാരെന്ന നിലയിൽ മൊസാദേക്കിനെയും കമ്യൂണിസ്റ്റെന്ന് മുദ്രകുത്തി. ഇതോടെ സിഐഎയുടെ പ്രചാരണ യുദ്ധം കടുത്തു. ബ്രിട്ടന്റെയും അമേരിക്കയുടെയും പിന്തുണയോടെ സെെനിക നടപടിയിലൂടെ മൊസാദേക്കിനെ പുറത്താക്കാൻ ഷാ ശ്രമിച്ചെങ്കിലും ആ അട്ടിമറിനീക്കത്തെ മൊസാദേക്ക് പരാജയപ്പെടുത്തുകയും ഷായെ പൂർണമായും അധികാരത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു. അയാൾ നാടുവിട്ട് യൂറോപ്പിൽ അഭയംതേടി.

ഇതോടെ സിഐഎ നീക്കം രൂക്ഷമാക്കി. തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കുവേണ്ടിയെന്ന പേരിൽ നിരന്തരം അക്രമി സംഘങ്ങൾ മൊസാദേക്ക് സർക്കാരിനെതിരെ അഴിഞ്ഞാടി. യഥാർഥത്തിൽ തൊഴിലാളികളുടെ പേരിൽ തെരുവിലിറങ്ങി അക്രമങ്ങൾ അഴിച്ചുവിട്ടതിനു പിന്നിൽ സിഐഎ റിക്രൂട്ട് ചെയ്ത സാമൂഹ്യവിരുദ്ധ സംഘങ്ങളായിരുന്നു. അതേസമയം തൊഴിലാളികളുൾപ്പെടെ ജനങ്ങളാകെ കടുത്ത സാമ്പത്തിക ദുരിതത്തിലായിരുന്നുവെന്നതും യാഥാർഥ്യമാണ്. ആ ദുരിതത്തിനു കാരണമായതാകട്ടെ, ഇറാനുനേരെ ബ്രിട്ടൻ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധവുമായിരുന്നു.

ആദ്യ അട്ടിമറി നീക്കം പരാജയപ്പെട്ടതോടെ ബ്രിട്ടൻ ഉപരോധം കൂടുതൽ ശക്തമാക്കി. 1953ൽ ഐസനോവർ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതോടെ ഉപരോധം ഉൾപ്പെടെയുള്ള അട്ടിമറി പദ്ധതിയിൽ പൂർണമായും അമേരിക്കൻ ഗവൺമെന്റും സജീവമായി. ബ്രിട്ടൻ സോവിയറ്റ് ഭീതി പരത്തിയാണ് അമേരിക്കയെ ഇറാനെതിരായ നീക്കത്തിൽ അന്ന് കക്ഷിയാക്കിയത്. ഇതിനു പശ്ചാത്തലമായ ചില കാര്യങ്ങൾ കൂടി നാം ഓർക്കണം. 1950 കളുടെ തുടക്കത്തിൽ അമേരിക്കയ്ക്കുള്ളിൽ ചുവപ്പ് ഭീതി (Red Scar) യെന്ന പേരിൽ കമ്യൂണിസ്റ്റുകാർക്കെതിരായ ആക്രമണം അഴിച്ചുവിട്ടിരുന്നു. 1949ൽ സോവിയറ്റ് യൂണിയൻ അണുബോംബ് പരീക്ഷണം വിജയകരമായി നടത്തിയതോടെ അമേരിക്കൻ ഭരണാധികാരികൾക്ക് ഹാലിളകി. ആ ഘട്ടത്തിൽ സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റുകാർക്കുമെതിരെ അമേരിക്കൻ ഭരണാധികാരികൾ എന്തു നടപടിക്കും തയ്യാറാകുമായിരുന്നു. പോരാത്തതിന് മൊസാദേക്ക് സർക്കാരിന് ഇറാനിലെ കമ്യൂണിസ്റ്റു പാർട്ടി പിന്തുണ നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടനൊപ്പം അമേരിക്കയും അട്ടിമറി നീക്കത്തിൽ ഒത്തുചേർന്നത്. അപ്പോൾപോലും ബ്രിട്ടീഷ് ഓയിൽ കമ്പനിയുടെ ലാഭവിഹിതത്തിൽ പകുതി അമേരിക്ക സൂത്രത്തിൽ നേടിയെടുക്കുകയും ചെയ്തുവെന്നതും ചരിത്രം.

ഉപരോധത്തെതുടർന്ന് ജനങ്ങൾ നേരിട്ട കടുത്ത സാമ്പത്തികപ്രതിസന്ധി മുതലെടുത്ത് പണിമുടക്കുകളും കലാപങ്ങളും സ്വാഭാവികമായി ഉണ്ടാകുന്ന അവസ്ഥ സൃഷ്ടിക്കുകയും അത്തരം പ്രക്ഷോഭങ്ങൾക്കിടയിൽ കടന്നുകൂടിയ സിഐഎ ഏജന്റുമാർ അവയെ അക്രമാസക്തമാക്കുകയും ചെയ്തു. പണിമുടക്കുകളും അക്രമങ്ങളും വ്യാപകമാവുകയും രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ സിഐഎ പിന്തുണയുള്ള സെെനികമേധാവികൾ മൊസാദേക്കിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. മൊസാദേക്കിനെ ജയിലിലടയ്-ക്കുകയും ചെയ്തു. മൂന്നുവർഷത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ മൊസാദേക്കിനെ ജീവിതകാലം മുഴുവൻ വീട്ടുതടങ്കലിലുമാക്കി.

യൂറോപ്പിലേക്ക് ഒളിച്ചോടിയിരുന്ന ഷായെ അമേരിക്ക മുൻകെെയെടുത്ത് ഇറാനിലെത്തിച്ച് പട്ടാള മേധാവികളിൽനിന്നും ഭരണമേറ്റെടുക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു. അങ്ങനെ രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനായി ബ്രിട്ടീഷ് എണ്ണക്കമ്പനി ദേശസാൽക്കരിച്ചതിന്റെ പേരിൽ മൊസാദേക്കിനെ അമേരിക്ക അധികാരത്തിൽനിന്ന് പുറത്താക്കിയതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഇസ്രയേൽ– അമേരിക്ക ആക്രമണത്തെയും കാണേണ്ടത്. സിഐഎ പിൽക്കാലത്ത് നടത്തിയ ഭരണമാറ്റ അട്ടിമറികളുടെ തുടക്കവുമായിരുന്നു അത്.

പിൽക്കാലത്ത് ഏഷ്യയിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഭരണമാറ്റത്തിനായി സിഐഎ നടത്തിയത് നിരവധി അട്ടിമറികളാണ്. പനാമയിലെ മാന്വൽ നൊറീഗയെ തട്ടിക്കൊണ്ടുപോയി മിയാമിയിലെ ജയിലിലടച്ചതുപോലെ ഇപ്പോൾ വെന
സേ-്വലയിലെ മദുറൊയെയും തട്ടിക്കൊണ്ടുപോയി അമേരിക്ക ജയിലിലടച്ചിരിക്കുകയാണ്. ഗ്രനഡയിലെ പ്രസിഡന്റ് മോറിസ ബിഷപ്പിനെ ഔദ്യോഗിക വസതി കയ്യേറി അമേരിക്കൻ സെെന്യം കൊലപ്പെടുത്തിയതുപോലെ ഇറാനിലെ ആയത്തൊള്ള അലി ഖമനേയിയെയും കുടുംബത്തെയും ഉന്നത സെെനിക മേധാവികളെയും വധിച്ചു. ചിലിയിൽ, ഇൻഡൊനേഷ്യയിൽ, കോംഗോയിൽ, ഇറാഖിൽ. അങ്ങനെ എത്രയെത്ര അരുംകൊലകൾ… കയ്യേറ്റങ്ങൾ ഈ സാമ്രാജ്യത്വ ഭീകരർ നടത്തിയിരിക്കുന്നു. എല്ലാം ആഗോള കുത്തകകളുടെ കൊള്ളലാഭക്കൊതിയെ തൃപ്തിപ്പെടുത്താൻവേണ്ടി മാത്രം. ഇറാനെതിരായി ഇപ്പോൾ നടക്കുന്ന യുദ്ധത്തെയും ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × three =

Most Popular