Saturday, March 28, 2026

ad

Homeകവര്‍സ്റ്റോറിഇറാനെതിരെ നഗ്നമായ സാമ്രാജ്യത്വ ആക്രമണം

ഇറാനെതിരെ നഗ്നമായ സാമ്രാജ്യത്വ ആക്രമണം

സുബിൻ ഡെന്നിസ്

മേരിക്കയും ഇസ്രയേലും ഇറാനെതിരെ കനത്ത സൈനിക ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്.

ഇറാന്റെ ഭാഗത്തുനിന്നും ഒരു പ്രകോപനവും ഇല്ലാതിരിക്കെയാണ് ഈ ആക്രമണം എന്നത് ഊന്നിപ്പറയേണ്ടതുണ്ട്. ഇറാൻ അമേരിക്കയെയോ ഇസ്രയേലിനെയോ ആക്രമിച്ചിട്ടില്ല. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിക്കുകയാണുണ്ടായത്. “മുൻ‌കൂട്ടിയുള്ള ആക്രമണം” (pre-emptive strike) എന്നാണ് ഇസ്രയേൽ ഇതിനെ വിശേഷിപ്പിച്ചത്.

ഇറാനിൽ ഭരണമാറ്റത്തിന് (regime change) അമേരിക്ക ആഹ്വാനം ചെയ്‌തു. ആക്രമണം ആരംഭിച്ച ഫെബ്രുവരി 28-നു തന്നെ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ ഇറാനിലുടനീളമുള്ള നിരവധി നഗരങ്ങളിൽ സ്‌ഫോടനങ്ങൾ ഉണ്ടായി. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ ഓഫിസ് തുടക്കത്തിൽത്തന്നെ ആക്രമിക്കപ്പെട്ടു. ഖമനേയി വധിക്കപ്പെട്ടു എന്ന് മാർച്ച് ഒന്നിന് ഇറാൻ സ്ഥിരീകരിച്ചു.

തങ്ങൾ നേരിട്ട ആക്രമണത്തിന് മറുപടിയായി പ്രത്യാക്രമണം നടത്താനുള്ള അവകാശം ഇറാനുണ്ട് എന്നത് വ്യക്തമാണ്. ഇസ്രയേലിനെതിരെയും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്കെതിരെയും ഇറാൻ ആക്രമണം നടത്തുന്നുണ്ട്. അമേരിക്കയുടെ സെൻ‌ട്രൽ കമാൻഡിന്റെ ആസ്ഥാനമായ ഖത്തറിലെ അൽ- ഉദൈദ് താവളം ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചു.

എന്നാൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർറ്റ്‌സ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെൻ തുടങ്ങിയ യൂറോപ്യൻ നേതാക്കൾ അമ
േരിക്കയെ പിന്തുണയ്‌ക്കുകയാണ് ചെയ്‌തത്. അമേരിക്കയും ഇസ്രയേലും ചേർന്ന് ആരംഭിച്ച ആക്രമണത്തിന് ഇറാനെ കുറ്റപ്പെടുത്താനാണ് അവർ തുനിഞ്ഞത്.

അടിസ്ഥാനരഹിതമായ 
യുദ്ധാനുകൂലവാദങ്ങൾ
ഇറാനെ ആക്രമിക്കുന്നതിന് ന്യായീകരണമായി അമേരിക്ക – ഇസ്രയേൽ നേതൃത്വത്തിലുള്ള അച്ചുതണ്ട് മുന്നോട്ടുവെച്ച വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്.

ഇറാനിൽ ജനാധിപത്യം സ്ഥാപിക്കാനാണ് ഈ ആക്രമണം എന്നതാണ് ഒരു വാദം. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റീൻ എന്നീ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളെല്ലാം സ്വേച്ഛാധിപത്യ രാജഭരണത്തിനു കീഴിലുള്ള നാടുകളാണ്. പക്ഷേ, ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നില്ല. നേരെമറിച്ച് ഈ ഭരണകൂടങ്ങൾ അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളായി തുടരുന്നു. പോരെങ്കിൽ ഈ രാജ്യങ്ങളെല്ലാം തങ്ങളുടെ മണ്ണിൽ അമേരിക്കൻ സൈനികത്താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നുമുണ്ട്.

സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഇറാനെതിരെയുള്ള യുദ്ധം എന്നതാണ് മറ്റൊരു വാദം. സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ലോകത്തെ മിക്ക രാജ്യങ്ങളെയുംകാൾ പിന്നിൽ നിൽക്കുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നുാൽ അമേരിക്ക സൗദി ഭരണകൂടത്തെ അട്ടിമറിക്കാൻ ഒരു ശ്രമവും നടത്തുന്നില്ല. ഗാസയിൽ പതിനായിരക്കണക്കിന് സ്ത്രീകളെയാണ് ഇസ്രയേൽ കൊന്നത്. എന്നിട്ട് അമേരിക്ക ഇസ്രയേലിനെതിരെ മിസൈലാക്രമണം നടത്തുന്നില്ല. ഇത്തരം ഇരട്ടത്താപ്പുകൾകൊണ്ട് മതിയാകാത്തതുകൊണ്ടാകണം, ഇറാനിലെ ഹോർമോസ്‌ഗാൻ പ്രവിശ്യയിലെ മിനാബിൽ സ്ഥിതി ചെയ്‌തിരുന്ന ഒരു ഗേ‌ൾസ് സ്കൂളിനെതിരെ പോലും അമേരിക്ക മിസൈലാക്രമണം നടത്തി, 175 പേരെ കൂട്ടക്കൊല ചെയ്‌തു.

ഇറാൻ അണുബോംബുണ്ടാക്കാൻ പോകുന്നു എന്നതാണ് മറ്റൊരു വാദം. ഇറാന്റെ പക്കൽ ആണവായുധങ്ങളില്ല. ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ ആയത്തൊള്ള ഖമനേയി തന്നെ ഫത്‌വ (മതപരമായ വിധി) പുറപ്പെടുവിച്ചിട്ടുള്ളതാണ്. കൂടാതെ പശ്ചിമേഷ്യൻ മേഖലയെ ആണവായുധരഹിത മേഖലയാക്കണമെന്ന് പതിറ്റാണ്ടുകളായി വാദിച്ചുപോരുന്ന രാജ്യമാണ് ഇറാൻ. പക്ഷേ ഇസ്രയേലിന്റെ കയ്യിലുള്ള ആ‍ണവായുധങ്ങൾ അവരുടെ കയ്യിൽത്തന്നെയുണ്ടാകണം എന്ന ഉദ്ദേശ്യം മുൻ‌നിർത്തി അമേരിക്കയും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും ഈ നിർദ്ദേശം നിരസിക്കുകയാണുണ്ടായത്. ലോകചരിത്രത്തിലാദ്യമായി, ലൈവായി ദൃശ്യപ്രക്ഷേപണം നടത്തപ്പെട്ട വംശഹത്യ നടത്തി ഗാസയിൽ 75,000-ത്തിലധികം ആളുകളെ കൊന്നൊടുക്കിയ ഇസ്രയേലിന്റെ പക്കൽ അണുവായുധം ഉണ്ടാകുന്നതിൽ പാശ്ചാത്യ സാമ്രാജ്യത്വം ഒരു പ്രശ്നവും കാണുന്നില്ലെന്ന് ചുരുക്കം. ലോകത്തെ പലവട്ടം നശിപ്പിക്കാൻ പര്യാപ്തമായത്ര അളവിലുള്ള ആണവായുധ ശേഖരത്തിന്റെമേൽ അടയിരിക്കുന്ന അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഇസ്രയേലുമൊക്കെ ആണവ വ്യാപനത്തെപ്പറ്റി ആകുലപ്പെടുന്നതിന്റെ പരിഹാസ്യത വ്യക്തമാണല്ലോ.

ഇറാൻ തങ്ങളുടെ ആണവോർജ്ജ പദ്ധതിയെപ്പറ്റി ചർച്ച നടത്താൻ വിസമ്മതിക്കുന്നു എന്നതായിരുന്നു മറ്റൊരു വാദം. ഇറാനും അമേരിക്കയും തമ്മിൽ ഈയിടെ ജനീവയിൽ വെച്ചുനടന്ന സന്ധിസംഭാഷണങ്ങൾക്ക് മധ്യസ്ഥത വഹിച്ച ഒമാന്റെ വിദേശകാര്യമന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദി ഫെബ്രുവരി 27-ന് സി.ബി.എസ്. ടിവി ചാനലിനു കൊടുത്ത അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഈ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നവയാണ്. “ഒരു സമാധാനക്കരാർ നമ്മുടെ കയ്യെത്തുംദൂരത്താണ്” എന്നും ഇറാൻ തങ്ങളുടെ പക്കലുള്ള ആണവ പദാർത്ഥങ്ങൾ ഏറ്റവും ശക്തി കുറഞ്ഞ നിലയിലാക്കാൻ പാകത്തിൽ മിശ്രണം ചെയ്യാമെന്നും പഴയതുപോലെ ആക്കാനാകാത്ത വിധത്തിലുള്ള ഇന്ധനമായി അവയെ മാറ്റാമെന്നും സമ്മതിച്ചു എന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ഇതൊന്നും ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കയെയും ഇസ്രയേലിനെയും പിന്തിരിപ്പിച്ചില്ല. കാരണം ഇറാൻ അണുവായുധം വികസിപ്പിക്കുന്നുവെന്നത് യുദ്ധത്തിലേയ്‌ക്ക് നീങ്ങാൻ അവരുയർത്തിയ ഒരു വ്യാജവാദം മാത്രമായിരുന്നു.

ഇറാനോടുള്ള 
യുഎസ്- ഇസ്രയേൽ ശത്രുത
ഇറാനിലെ ഷാ (രാജാവ്) ആയിരുന്ന മുഹമ്മദ് റേസാ പഹ‍-്ലാവിയുടെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ച 1979-ലെ ഇറാനിയൻ വിപ്ലവത്തിനു ശേഷമാണ് ഇറാനോടുള്ള അമേരിക്കയുടെ ഇപ്പോഴത്തെ ശത്രുത ആരംഭിക്കുന്നത്. ഷാ ഭരണത്തിനു മുമ്പ്, ഇറാന്റെ പ്രധാന പ്രകൃതിവിഭവമായ പെട്രോളിയം എണ്ണ ഇറാനിയൻ ജനതയുടെ പുരോഗതിക്കായി ഉപയോഗിക്കാൻ തീരുമാനിച്ച ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു — മുഹമ്മദ് മൊസാദേക്ക്. ആംഗ്ലോ-–ഇറാനിയൻ എണ്ണ കമ്പനിയെ ദേശസാൽക്കരിച്ചുകൊണ്ട് മേൽപ്പറഞ്ഞ ലക്ഷ്യം കൈവരിക്കാൻ അദ്ദേഹം നടപടിയെടുത്തു. അതിൽ രോഷം പൂണ്ട അമേരിക്കയും ബ്രിട്ടനും അദ്ദേഹത്തെ പുറത്താക്കണമെന്ന് തീരുമാനിച്ചു. അമേരിക്കയുടെ ചാര ഏജൻസിയായ സി.ഐ.എ.യും ബ്രിട്ടന്റെ ചാര ഏജൻസിയായ എം.16-ഉം ചേർന്ന് ഒരു അട്ടിമറി ആസൂത്രണം ചെയ്‌തു, മൊസ്സാദേക്കിനെ സ്ഥാനഭ്രഷ്ടനാക്കി. അതിനെത്തുടർന്നാണ് അമേരിക്കയുടെ പിന്തുണയോടെ ഷാ അധികാരത്തിൽ വന്നത്. എന്നാൽ, 1979-ൽ ഷായ്‌ക്ക് അധികാരം നഷ്‌ടപ്പെട്ടത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. ഇറാനിയൻ ഭരണസംവിധാനത്തെ അട്ടിമറിച്ച് ഒരു അമേരിക്കൻ -അനുകൂല ഭരണകൂടത്തെ പ്രതിഷ്ഠിക്കണം എന്ന സ്വപ്നം അക്കാലം മുതൽ അമേരിക്ക കൊണ്ടുനടക്കുകയാണ്.

ഇറാനോട് കടുത്ത വിരോധമാണ് ഇസ്രയേലിനുള്ളത്. പലസ്തീനിയൻ ദേശീയ വിമോചന പ്രസ്ഥാനത്തിന് ഉറച്ച പിന്തുണയാണ് ഇറാൻ നൽകിപ്പോരുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പശ്ചിമേഷ്യയിലെ ഔട്ട്പോസ്റ്റും വേട്ടപ്പട്ടിയുമായ ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഇത് സഹിക്കാൻ പറ്റുന്നതിനും അപ്പുറമാണ്. ഇക്കാരണത്താൽ ഇറാനിൽ പതിറ്റാണ്ടുകളായി ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട് ഇസ്രയേൽ. എന്നാൽ ഇസ്രയേലിന് ഇപ്പോൾ അതും പോരാ എന്നതാണ് സ്ഥിതി. ഒരു ഇസ്രയേലി ഉദ്യോഗസ്ഥൻ പറഞ്ഞത്, “ഞങ്ങൾ [കൊല്ലാനായി] ലക്ഷ്യമിടുന്നത് ഇറാന്റെ മുഴുവൻ നേതൃനിരയെയുമാണ് . ഇതിൽ മുമ്പത്തെയും ഇപ്പോഴത്തെയും ഭാവിയിലെയും രാഷ്‌ട്രീയ നേതാക്കളും സൈനിക നേതാക്കളും ഉണ്ട്” എന്നാണ്. ഇറാനിലെ “പേർഷ്യൻ വംശജരും കുർദുകളും അസെരികളും ബലൂച്ചുകളും അഹ്വാസികളും” ആ രാജ്യത്തെ ഭരണകൂടത്തെ തകിടംമറിക്കാൻ മുന്നിട്ടിറങ്ങണം എന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആഹ്വാനം ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്. ശക്തമായ ഒരു ദേശരാഷ്‌ട്രം എന്ന നിലയിലുള്ള ഇറാന്റെ നിലനില്പുതന്നെ അസാധ്യമാക്കുന്ന രീതിയിൽ അതിന്റെ ഭരണ സംവിധാനങ്ങളെയാകെ നശിപ്പിക്കണം; ഇറാനിൽ വിഘടനവാദം പ്രോത്സാഹിപ്പിച്ച് സാധിക്കുമെങ്കിൽ ആ രാജ്യത്തെ തുണ്ടംതുണ്ടമായി മുറിക്കണം എന്ന ലക്ഷ്യമാണ് ഇസ്രായേലിനുള്ളത്. ഈ ലക്ഷ്യം മുൻ‌നിർത്തി കുർദിഷ് വിഘടനവാദികൾക്ക് ആയുധം കൊടുത്ത് അവരെ ഇറാനെതിരെ അണിനിരത്താൻ സി.ഐ.എ. ശ്രമിക്കുന്നു എന്ന് പ്രമുഖ യു.എസ്. കോർപ്പറേറ്റ് മാധ്യമമായ സി.എൻ.എൻ. തന്നെ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ തൊട്ട് അയൽ‌രാജ്യമായ സിറിയയിൽ മുമ്പുണ്ടായിരുന്ന അറബ് ദേശീയവാദ ഭരണകൂടത്തെ അട്ടിമറിച്ച് അൽ- ഖ്വയ്ദയുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനം കൊണ്ടുവരുന്നതിൽ ഇസ്രയേൽ സുപ്രധാനമായ പങ്കാണ് വഹിച്ചത്. കൂടുതൽ സിറിയൻ പ്രദേശങ്ങൾ പിടിച്ചെടുത്തുകൊണ്ടും സിറിയൻ പ്രദേശങ്ങളിൽ കടന്നുകയറി ആക്രമിച്ചുകൊണ്ടും ഇസ്രയേൽ നടത്തുന്ന അധിനിവേശ നടപടികളെ ചെറുക്കാൻ ശേഷിയില്ലാത്ത സ്ഥിതിയിലാണ് സിറിയ ഇപ്പോൾ. ഇറാനെയും അത്തരത്തിൽ ദുർബലപ്പെടുത്തണം, സൈനികമായി സ്വയം പ്രതിരോധിക്കാൻ ശേഷിയില്ലാത്ത ഒരു രാജ്യമാക്കി ഇറാനെ മാറ്റണം എന്നാണ് ഇസ്രയേൽ ആഗ്രഹിക്കുന്നത്.

ഇസ്രയേലിന്റെ അയൽ‌പ്രദേശങ്ങളിൽ അതിന് വെല്ലുവിളി ഉയർത്താൻ ശേഷിയുള്ള ഒരു രാജ്യവും ഉണ്ടാകാൻ പാടില്ല എന്നത് ദീർഘകാലമായുള്ള ഇസ്രയേലിന്റെ ആഗ്രഹമാണ്. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായിട്ടാണ് ഈ യുദ്ധത്തെ അവർ കാണുന്നത്. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ നേതാക്കളും ഇതേ ലക്ഷ്യം പങ്കുവയ്‌ക്കുന്നവരാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞത്, ഇറാൻ അതിന്റെ ആയുധ പദ്ധതികൾ തന്നെ ഉപേക്ഷിക്കണമെന്നാണ്.

ഇറാനെതിരായ യുദ്ധത്തിന് അമേരിക്ക
യിൽപ്പോലും ജനപിന്തുണ കുറവാണ്. ഫെബ്രുവരി ആദ്യം മേരിലാൻഡ് സർവകലാശാല നടത്തിയ സർവേ പറയുന്നത്, ഇറാനെ ആക്രമിക്കുന്നതിനെ 21 ശതമാനം അമേരിക്കക്കാർ മാത്രമേ അനുകൂലിക്കുന്നുള്ളൂ എന്നാണ്. 49 ശതമാനം പേർ അത്തരമൊരു നടപടിയെ എതിർക്കുന്നുവെന്നും 20 ശതമാനം പേർ അറിയില്ല / ഉറപ്പില്ല എന്നും പറഞ്ഞു. എന്നാൽ ഇത്തരം വിഷയങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് വലിയ വിലയൊന്നും സാമ്രാജ്യത്വ ശക്തികൾ മിക്കവാറും കല്പിക്കുന്നില്ല എന്നതാണ് വാസ്തവം. ഗാസ വംശഹത്യയ്‌ക്കെതിരായി പാശ്ചാത്യ രാജ്യങ്ങളിൽ വമ്പൻ പ്രതിഷേധങ്ങൾ നടന്നു; ആ രാജ്യങ്ങളിൽ ഭൂരിഭാഗം ജനങ്ങളും വംശഹത്യയ്‌ക്കെതിരാണ് എന്ന് സർവേ ഫലങ്ങൾ കാണിക്കുന്നു. പക്ഷേ ഇതൊന്നും ഇസ്രയേലിന് പണവും ആയുധങ്ങളും നൽകി സഹായിക്കുന്നതിൽനിന്ന് പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളെ പിന്തിരിപ്പിച്ചില്ല. പശ്ചിമേഷ്യൻ സാഹചര്യത്തെ സംബന്ധിച്ച് അമേരിക്കയിൽ ഇപ്പോൾ കൂടുതൽ പേർ ഇസ്രയേലിനേക്കാൾ പലസ്തീനെയാണ് പിന്തുണയ്‌ക്കുന്നത്. പക്ഷേ ട്രംപ് ഭരണകൂടം ഇതൊന്നും ഗൗനിക്കുന്നില്ല.

അപകടകരമായ കാലം
ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതാണ് പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധം. ആ മേഖല കൂടുതൽ അസ്ഥിരമാകാനുള്ള സാധ്യത വർധിപ്പിക്കുകയാണ് ഇതു ചെയ്യുന്നത്. ഭീകരവാദത്തെ ചെറുക്കാൻ എന്ന വ്യാജേനയാണ് ഇസ്രയേലും അമേരിക്കയും ഈ യുദ്ധം നടത്തുന്നത്. എന്നാൽ, ഇതിന്റെ ഫലമായി ഭീകരവാദം ശക്തിപ്പെടാനാണ് സാധ്യത. ഇറാഖിനെതിരെ അമേരിക്ക നടത്തിയ യുദ്ധം, ലിബിയയെ നാറ്റോയുടെ നേതൃത്വത്തിൽ ആക്രമിച്ചു നശിപ്പിച്ച യുദ്ധം, സിറിയയ്‌ക്കെതിരെ നാറ്റോയും ഗൾഫ് രാജഭരണകൂടങ്ങളും ചേർന്ന് നടത്തിയ യുദ്ധം, ഇവയെല്ലാം ഭീകരവാദത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്‌തത്. ഇറാഖിനും സിറിയയ്‌ക്കും എതിരായ യുദ്ധങ്ങളുടെ ഫലമായിട്ടാണ് ഐസിസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഉണ്ടായതുതന്നെ. ഐസിസ് ഉൾപ്പെടെയുള്ള ഭീകരവാദശക്തികൾക്കെതിരായ പോരാട്ടത്തിൽ സുപ്രധാനമായ പങ്കാണ് ഇറാൻ വഹിച്ചിട്ടുള്ളത്. ഇറാൻ ദുർബലപ്പെടുമ്പോൾ സ്വാഭാവികമായും ഈ പോരാട്ടം തന്നെയും ദുർബലപ്പെടുകയാണ് ചെയ്യുക. യുദ്ധം നീളുന്തോറും ലോക സമ്പദ്‌വ്യവസ്ഥയിലുണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ വേറെ. എണ്ണവില ഉയരുകയാണ്. ഇന്ത്യയിൽ ഇപ്പോൾത്തന്നെ പാചകവാതകത്തിന്റെ വില മോദി സർക്കാർ വർദ്ധിപ്പിച്ചുകഴിഞ്ഞു.

റിപ്പബ്ലിക്കൻ ഭരണസംവിധാനം നിലനിൽക്കുന്ന ഇറാൻ ദുർബലപ്പെട്ടു കാണണം എന്ന് മോഹിക്കുന്ന ഗൾഫ് രാജഭരണകൂടങ്ങൾ അമേരിക്കയോടുള്ള തങ്ങളുടെ കൂറ് നിലനിർത്തിപ്പോരുകയാണ് ഇതുവരെ ചെയ്‌തിട്ടുള്ളത്. പക്ഷേ ഇസ്രയേലിനോട് സൈനികമായി കിടപിടിക്കാനാകുന്ന ഒരു ശക്തിയും പശ്ചിമേഷ്യയിൽ ഇല്ലാതെ വരുന്നത് ഈ ഗൾഫ് രാജ്യങ്ങളുടെതന്നെ അഖണ്ഡതയ്‌ക്ക് ഭീഷണിയാണ്. ഇസ്രയേലിൽ ഒരു വലിയ വിഭാഗം കുറെക്കാലമായി വച്ചുപുലർത്തുന്ന മോഹമാണ് “വിശാല ഇസ്രയേൽ” (Greater Israel) എന്ന പദ്ധതി. ഈജിപ്ത്, ജോർദാൻ, ലെബനൻ, സിറിയ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ ഭാഗികമായോ മുഴുവനായോ ഇസ്രയേൽ രാജ്യത്തിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നത് വിഭാവനം ചെയ്യുന്നതാണ് ഈ പദ്ധതി. വിശാല ഇസ്രയേൽ പദ്ധതിയോട് തനിക്ക് മാനസികമായ വലിയ അടുപ്പമാണുള്ളതെന്ന് നെതന്യാഹുതന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്. ഇപ്പറഞ്ഞ പ്രദേശങ്ങളൊക്കെ ഇസ്രയേൽ കയ്യടക്കിയാൽ നന്നായിരിക്കും എന്ന് അമേരിക്കൻ അംബാസിഡർ മൈക്ക് ഹക്കബി ഫെബ്രുവരിയിൽ പറയുകയുണ്ടായി.

വെനസ്വേലയ്‌ക്കെതിരെ അമേരിക്ക നടത്തിയ നഗ്നമായ ആക്രമണം, പെട്രോളിയവും എണ്ണയും ക്യൂബയിലെത്തുന്നത് തടഞ്ഞുകൊണ്ട് ആ രാജ്യത്തെ ശ്വാസംമുട്ടിക്കാനുള്ള അമേരിക്കയുടെ നടപടികൾ, തീർത്തും വ്യാജമായ ഒരു “വെടിനിർത്ത”ലിന്റെ പശ്ചാത്തലത്തിൽ ഗാസയിൽ ഇപ്പോഴും തുടരുന്ന വംശഹത്യ — ഇവയ്‌ക്കെല്ലാം പുറമെയാണ് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇപ്പോൾ തുടങ്ങിയിരിക്കുന്ന യുദ്ധം. സിറിയയിലെ അറബ് ദേശീയവാദി സർക്കാരിനെ 2024 ഡിസംബറിൽ അധികാരഭ്രഷ്‌ടമാക്കി ഒരു അൽ-ഖ്വയ്ദ നേതാവിനെ പ്രസിഡന്റായി അവരോധിക്കുന്നതിൽ നാറ്റോ പിന്തുണയുള്ള ശക്തികൾ വിജയിച്ചത് വെനസ്വേലയ്‌ക്കും ക്യൂബയ്‌ക്കും ഇറാനുമെതിരെ ഇപ്പോൾക്കാണുന്ന പുതിയ റൗണ്ട് ആക്രമണം അഴിച്ചുവിടാൻ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും കൂടുതൽ ധൈര്യം പകർന്നിട്ടുണ്ട്. റഷ്യ, ഉക്രെയ്നിൽ തളയ്‌ക്കപ്പെട്ടു കിടക്കുന്നതു മൂലം ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ സൈനികമായി ഇടപെടാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കുന്നതും അമേരിക്കയ്ക്ക് കൂടുതൽ മേൽക്കൈ നൽകുന്നു.

വികസനത്തിന് സ്വന്തമായ ഒരു പാത രൂപപ്പെടുത്തി മുന്നേറാൻ ശ്രമിക്കുകയും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ലോകാധിപത്യത്തിനെതിരെ നിലകൊള്ളാൻ ശ്രമിക്കുകയും ചെയ്യുന്ന ഏതൊരു രാജ്യവും സാമ്രാജ്യത്വ ശക്തികളുടെ സൈനിക ആക്രമണത്തിന് ഇരയാകാം എന്നതിന്റെ മറ്റൊരു സൂചനയാണ് ഇറാനെതിരായ യുദ്ധം.

കൊളോണിയൽ 
കാലഘട്ടത്തിലേക്കുള്ള മടക്കം?
അമേരിക്ക പുതുതായി അഴിച്ചുവിട്ടിരിക്കുന്ന സാമ്രാജ്യത്വ ആക്രമണങ്ങളെ ലോകചരിത്രത്തിന്റെ ഗതിയെ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി കാണാവുന്നതാണ് — മൂന്നാം ലോക രാജ്യങ്ങളുടെ ഉയർച്ച തടുത്തുനിർത്താനുള്ള നഗ്നമായ ശ്രമം.

ലോകത്തിനു മേലുള്ള അമേരിക്കയുടെ ആധിപത്യം ദുർബലപ്പെടുമ്പോൾ ഭീമമായ തോതിൽ അക്രമം അഴിച്ചുവിട്ട് തങ്ങളുടെ മേധാവിത്വം നിലനിർത്താൻ അമേരിക്ക ശ്രമിക്കും എന്ന് പലരും വാദിക്കാറുണ്ട്. അതേസമയം, ഈ അക്രമംകൊണ്ടൊന്നും അമേരിക്കയ്ക്ക് തങ്ങളുടെ ആധിപത്യം ദുർബലപ്പെടുന്ന പ്രവണതയെ തടുത്തുനിർത്താനാകില്ല എന്നും വാദിക്കപ്പെടുന്നു. എന്നാൽ ഈ ശക്തിക്ഷയം, യുദ്ധം ഉൾപ്പെടെ വിവിധതരത്തിലുള്ള ബലപ്രയോഗങ്ങൾ വഴി തടയാനാണ് ഇപ്പോൾ പാശ്ചാത്യലോകത്തെ ഭരണവർഗങ്ങൾ ശ്രമിക്കുന്നത്. മൂന്നാം ലോകരാജ്യങ്ങൾ ഒത്തൊരുമിച്ച് തിരിച്ചടിക്കില്ല എന്നും അഥവാ ഏതെങ്കിലുമൊക്കെ രാജ്യങ്ങൾ തിരിച്ചടിച്ചാലും വേണ്ടത്ര ശക്തിയിൽ തിരിച്ചടിക്കില്ല എന്നും പാശ്ചാത്യലോകത്തെ ഭരണവർഗങ്ങൾ കണക്കുകൂട്ടുന്നു.

കൊളോണിയൽ കാലഘട്ടത്തിനു മുമ്പ് യൂറോപ്പ് ലോകത്തേറ്റവും വലിയ സാമ്പത്തികശക്തിയായിരുന്നില്ല. ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും യൂറോപ്പ് അക്രമം ഉപയോഗിച്ചതോടെയാണ് അതിന് സാമ്പത്തിക മേൽക്കോയ്‌മ നേടാൻ കഴിഞ്ഞത്. യൂറോപ്പിലും യൂറോപ്യൻ കയ്യേറ്റക്കോളനികളായ (settler colonies) യു.എസ്., കാനഡ മുതലായ രാജ്യങ്ങളിലും സമ്പൽ‌സമൃദ്ധി സാധ്യമാക്കിയതിൽ കൊളോണിയൽ കൊള്ളയ്‌ക്ക് വലിയ പങ്കുണ്ട്. പിൽക്കാലത്ത് ലോകജനസംഖ്യയുടെ വലിയൊരു പങ്ക് സോഷ്യലിസം സ്വീകരിക്കുകയും ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങൾ കോളനിഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടുകയും ചെയ്‌തതോടെ പാശ്ചാത്യ മേൽക്കോയ്‌മയ്‌ക്ക് വെല്ലുവിളിയുണ്ടായി. എങ്കിലും പടിഞ്ഞാറൻ യൂറോപ്പിന്റെയും അമേരിക്കയുടെയും അതിന്റെ കിഴക്കനേഷ്യൻ സാമന്തരാജ്യങ്ങളുടെയും പക്കൽ തന്നെയായിരുന്നു സാമ്പത്തിക മേൽക്കോയ്‌മ. സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്കുശേഷം ഇവരുടെ മേൽ‌ക്കോയ്‌മ പിന്നെയും ശക്തിപ്പെട്ടു.

എന്നാൽ പിന്നീട് ചൈന ഉയർന്നുവന്നു. അമേരിക്കയുടെയും പടിഞ്ഞാറൻ യൂറോപ്പിന്റെയും സാമ്പത്തിക മേൽ‌ക്കോയ്‌മയ്‌ക്ക് ഇളക്കംതട്ടുന്ന സാഹചര്യം വന്നതോടെ അമേരിക്ക ഇപ്പോൾ കൂടുതൽ നഗ്നവും കൂടെക്കൂടെയുള്ളതുമായ സാമ്രാജ്യത്വ ആക്രമണങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മൂന്നാം ലോകരാജ്യങ്ങളെ വീണ്ടും കോളനിഭരണത്തിനു കീഴിലാക്കുന്ന കാര്യം പോലും അവർ ആലോചിക്കുകയാണ്. 2026 ഫെബ്രുവരി 13 മുതൽ 16 വരെ നടന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. “മഹത്തായ പാശ്ചാത്യ സാമ്രാജ്യങ്ങളുടെ” “തിരിച്ചുവരാനാവാത്ത വിധമുള്ള ശക്തിക്ഷയത്തെ”പ്പറ്റി അദ്ദേഹം വിലപിച്ചു. ഈ ശക്തിക്ഷയത്തിന് ആക്കം കൂട്ടിയത് “ദൈവത്തെ നിരസിക്കുന്ന കമ്യൂണിസ്റ്റുകാർ നയിച്ച വിപ്ലവങ്ങളും കോളനിഭരണവിരുദ്ധ പ്രക്ഷോഭങ്ങളും” ആണെന്ന് റൂബിയോ കൂട്ടിച്ചേർത്തു. സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത പാരമ്പര്യത്തെപ്പറ്റി പാശ്ചാത്യലോകം അഭിമാനിക്കുകയാണ് വേണ്ടതെന്നും പാശ്ചാത്യലോകം യുദ്ധത്തെ ഭയക്കാൻ പാടില്ലെന്നും റൂബിയോ പറഞ്ഞു. യുദ്ധം ചെയ്‌തിട്ടാണെങ്കിലും ലോകത്തിനു മേലുള്ള പാശ്ചാത്യ മേൽ‌ക്കോയ്‌മ നിലനിർത്തണം എന്നാണ് റൂബിയോ ഒരു മറയുമില്ലാതെ പറഞ്ഞത്.

അമേരിക്ക വെനസ്വേലയ്‌ക്കും ക്യൂബയ്‌ക്കും ഇറാനുമെതിരെ നടത്തുന്ന ആക്രമണങ്ങളും, മൂന്നാം ലോക രാജ്യങ്ങളെ “ഇറക്കുമതിച്ചുങ്ക യുദ്ധം” (tariff war) ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കൊളോണിയൽ കാലത്തേതിനു സമാനമായ അന്താരാഷ്‌ട്രവ്യാപാര നിബന്ധനകൾ അംഗീകരിപ്പിക്കുന്നതും മേൽപ്പറഞ്ഞ പ്രവണതയുടെ വ്യക്തമായ സൂചനകളാണ്. ഇതേസമയത്തുതന്നെ യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും തങ്ങളുടെ സൈനികച്ചെലവ് വർദ്ധിപ്പിക്കുകയുമാണ്. യുദ്ധം നടത്താനും നാവിക ഉപരോധങ്ങൾ നടപ്പാക്കാനും ഇതവർക്ക് സഹായകരമാകും എന്നത് വ്യക്തം.

പഴയകാലത്തെ കൊളോണിയലിസം മൂന്നാം ലോക രാജ്യങ്ങളുടെ സമ്പത്ത് ഊറ്റിയെടുക്കുകവഴി യൂറോപ്പിനെയും അതിന്റെ കയ്യേറ്റ കോളനികളെയും സമ്പന്നമാകാൻ സഹായിച്ചു. മൂന്നാം ലോക രാജ്യങ്ങളെ ഒരിക്കൽക്കൂടി ബലാൽക്കാരമായി മുട്ടുകുത്തിക്കുക വഴി, ക്ഷയിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ സാമ്പത്തികമേൽക്കോയ്‌മ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യാം എന്നാണ് പാശ്ചാത്യലോകത്തെ ഭരണവർഗങ്ങൾ കണക്കുകൂട്ടുന്നത്. എത്ര കാലം ഇത് തുടർന്നുകൊണ്ടുപോകാൻ അവരെക്കൊണ്ട് സാധിക്കും എന്നത് വ്യക്തമല്ല.

ഈ പ്രവണതയുടെ യുക്തി സ്വാഭാവികമായും യുദ്ധത്തിലേക്കാണ് നയിക്കുക. അത് നടക്കാതിരിക്കണമെങ്കിൽ, ഒന്നുകിൽ മൂന്നാം ലോകരാജ്യങ്ങൾ ചെറുത്തുനിൽക്കാതെ കീഴടങ്ങണം. അല്ലെങ്കിൽ യുദ്ധത്തിനും ഉപരോധങ്ങൾക്കുമെതിരെ ശക്തമായ ഒരു പ്രസ്ഥാനം പാശ്ചാത്യലോകത്ത് ഉണ്ടാവുകയും മേൽപ്പറഞ്ഞ പ്രവണതയെ തടുത്തുനിർത്തുകയും ചെയ്യണം. അതോടൊപ്പം തന്നെ ഈ അധിനിവേശത്തെ ചെറുക്കാനുള്ള വമ്പിച്ച ഇച്ഛാശക്തി മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളിലും ഉണ്ടാകണം.

കീഴടങ്ങാൻ വിസമ്മതിച്ചതിനാലാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ കിരാതമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. എന്നാൽ ഇറാൻ ധീരമായ ചെറുത്തുനില്പ് തുടരുകയാണ്. l

സാമ്പത്തികശാസ്ത്രജ്ഞനും Tricontinental Research-ൽ 
ഗവേഷകനുമാണ് ലേഖകൻ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + fifteen =

Most Popular