ഇറാനെതിരെ നെതന്യാഹുവിന്റെ ക്രിമിനൽ ഗവൺമെന്റും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഫെബ്രുവരി 28ന് പുലർച്ചെ മുതൽ ആരംഭിച്ച ആക്രമണയുദ്ധം ഒരു സമ്പൂർണയുദ്ധത്തിന് തിരികൊളുത്തിയിരിക്കുന്നു. അത് ആ മേഖലയെയും അവിടുത്തെ ജനതയെയും കൂടുതൽ ദുരിതത്തിലേക്കും സാധാരണക്കാർ കൊല്ലപ്പെടുന്ന അവസ്ഥയിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു. ഇതെല്ലാം സാമ്രാജ്യത്വ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതും ജനങ്ങളുടെ താൽപര്യത്തിന് എതിരായതുമാണ്; ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും സ്വയം നിർണയാവകാശത്തെയും നിഷേധിക്കുന്നതുമാണ്. ഈ മേഖലയെയും ലോകത്തെയും നിയന്ത്രിക്കുന്നതിനും എല്ലാത്തിനുംമേൽ ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള സാമ്രാജ്യത്വത്തിന്റെ ശ്രമമാണത്.
മേഖലയിലെ ഒരു പരമാധികാര രാഷ്ട്രത്തിലും ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിലെ മറ്റിടങ്ങളിലും ‘ഭരണമാറ്റം’ ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം ജനങ്ങളുടെ അന്തസ്സിനെയും പരമാധികാരത്തെയും ചവിട്ടിമെതിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെയും മുൻപ് സ്ഥാപിക്കപ്പെട്ട എല്ലാ ചട്ടങ്ങളുടെയും – അവ പലപ്പോഴും ജനങ്ങൾക്ക് ഗുണം ചെയ്യുന്നില്ലെങ്കിൽപോലും – നിലനിൽപ്പിന്റെ സാരാംശത്തെത്തന്നെ പൊളിച്ചടുക്കുന്നതുമാണ്. അമേരിക്കയും ഇസ്രയേലും നടത്തുന്ന ഓരോ യുദ്ധത്തിനും ആക്രമണത്തിനുമൊപ്പം വളർന്നുകൊണ്ടിരിക്കുന്ന അപകടവുമാണിത്.
പലസ്തീൻ, ഇറാഖ്, ലിബിയ, സിറിയ, സുഡാൻ, ലെബനൻ എന്നീ രാജ്യങ്ങളിലെയും ദക്ഷിണാർദ്ധ ഗോളത്തിലെ ഓരോ രാജ്യത്തിലെയും ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊളോണിയലിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അനുഭവങ്ങളെ നമുക്ക് അവഗണിക്കാനാകില്ല. സേ-്വച്ഛാധിപത്യ, പിന്തിരിപ്പൻ ഭരണകൂടങ്ങളിൽനിന്നുള്ള യഥാർഥ വിമോചനവും രക്ഷയും അത്തരം ഭരണകൂടങ്ങളെ അധികാരത്തിൽനിന്നു തുടച്ചു നീക്കുകയെന്നതും ജനങ്ങളുടെയും ദേശസ്നേഹികളായ നേതൃത്വത്തിന്റെയും പ്രവർത്തനത്തിലൂടെ മാത്രമേ സാധ്യമാകൂ. അല്ലാതെ വാഷിങ്ടണിൽ നിന്നോ ടെൽ അവീവിൽ നിന്നോ അത് സാധ്യമാകില്ല.
ഞങ്ങൾ ആവർത്തിച്ചുപറയുന്നു, ഇറാനും ഇറാൻ ജനതയ്ക്കുംമേലുള്ള ഈ ആക്രമണം മേഖലയിലെ ശേഷിക്കുന്ന മറ്റു രാജ്യങ്ങൾക്കുമേലുള്ള സമ്പൂർണ ആധിപത്യത്തിന്റെ നാന്ദിക്കുറിക്കലാണ്; ഇസ്രയേൽ ഗവൺമെന്റിനും അമേരിക്കൻ ഗവൺമെന്റിനും തുറന്നുപറയാൻ യാതൊരു മടിയുമില്ലാത്ത ഒരു പദ്ധതിയാണത്; ഈ അമേരിക്കൻ സാമ്രാജ്യത്വ സെെനിക ആക്രമണം നിലവിലെ ഏകാധിപത്യ, ദുഷ്ഭരണത്തിന്റെ നുകത്തിൽനിന്നുള്ള ഇറാന്റെ മോചനത്തിന്റെ സൂചനയല്ലെന്നു മാത്രമല്ല, ഒരു പ്രാദേശിക രാഷ്ട്രമെന്ന നിലയിൽ ഇറാനെ നശിപ്പിക്കാനുള്ള ഒരു ശ്രമവുമാണത്; നിലവിലെ സർക്കാരിനെ മാറ്റി തങ്ങൾക്ക് കീഴ്പ്പെട്ട ഒരു സേ-്വച്ഛാധിപത്യ ഭരണം കൊണ്ടുവരുന്നതിനുവേണ്ടി തങ്ങളുടെ എതിരാളികളെ രക്തച്ചൊരിച്ചിലിലൂടെ അടിച്ചമർത്തുന്നതിനുവേണ്ടി മുൻകൂട്ടി പ്രഖ്യാപിച്ചിട്ടുള്ള പരിപാടിയാണിതെന്നും ഞങ്ങൾ ഉറപ്പിച്ചുപറയുന്നു.
സാർവദേശീയത ഉയർത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളെന്ന നിലയിൽ, ഓരോ രാജ്യത്തും നിലനിൽക്കുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും വാഴ്ചയിൽനിന്നും യഥാർഥ മോചനം ആഗ്രഹിക്കുന്ന എല്ലാ ശക്തികളോടും, അതുപോലെതന്നെ ലോകത്തിലെ സമാധാന സ്നേഹികളും പുരോഗമനേച്ഛുക്കളുമായ ശക്തികളോടും യുദ്ധവും ആക്രമണങ്ങളും അഴിച്ചുവിടുന്ന ഗവൺമെന്റുകൾക്കെതിരെയുള്ള പോരാട്ടത്തിനായി, ആപൽക്കരവും നിർണായകവുമായ ഈ നിമിഷത്തിൽ, സർവശക്തിയോടുംകൂടി തങ്ങളുടെ ശ്രമങ്ങളെയാകെ കൂട്ടിയോജിപ്പിക്കണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. l



